ത്രിമൂർത്തികളുടെ പുനഃസമാഗമം

  ഇന്ന് സോഷ്യൽ മീഡിയ തുറന്നപ്പോൾ ആദ്യം കണ്ടത് ദേ താഴെയുള്ള ആ അതിമനോഹര ചിത്രമാണ്. ഒപ്പം അതിന്റെ വീഡിയോയും. ഒരു സിനിമാ പ്രേമിയായ എന്നെ സംബന്ധിച്ച് ഇന്നത്തെ ദിവസം മനോഹരമാകാൻ അത്തരമൊരു കാഴ്ച ധാരാളമായിരുന്നു. എത്ര തവണ ആ വീഡിയോ ആവർത്തിച്ച് ആവർത്തിച്ച് കണ്ടെന്ന് അറിയില്ല. പെട്ടന്ന് ഒരുപാട് ഓർമ്മകളിലേക്ക് ആണ് ഈ ചിത്രം കൂട്ടി കൊണ്ട് പോയത്. ബാലഗോപാലനും - രാമകൃഷ്ണനും ,ഗോപാലകൃഷ്ണ പണിക്കരും - രാജേന്ദ്രനും , സേതുവും - മാധവനും, മുരളിയും - വെഹിക്കിൾ ഇൻസ്‌പെക്ടറും, ദാസനും - വിജയനും തുടങ്ങി ഈ മൂവർ സംഘം മലയാളികൾക്ക് സമ്മാനിച്ച ആ എവർഗ്രീൻ ക്ലാസ്സിക്കുകൾ മിക്കതും മനസ്സിലൂടെ ഓടി മറഞ്ഞു.

മോഹൻലാൽ മലയാളികൾക്ക് ഒരു വികാരമായി അല്ലേൽ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് ഒരിക്കലും നരസിംഹവും, ആറാംതമ്പുരാനും, സ്ഫടികവും, ദേവാസുരവും കൊണ്ടൊന്നുമല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. മോഹൻലാലെന്ന വടവൃക്ഷത്തിന്റെ ശക്തി അതിന്റെ വേരുകളാണ് അതിലെ ചില്ലകൾ മാത്രമാണ് മേല്പറഞ്ഞ സിനിമകളിലൂടെ അദ്ദേഹത്തിന് ലഭിച്ച ആരാധകർ എന്ന് പറയുന്നത്. മണ്ണിലേക്ക് ആഴ്ന്ന് ഇറങ്ങിയ ആ അടിവേരുകളാണ് അദ്ദേഹത്തെ ഇന്നും ഒന്നാമനായി ഇവിടെ നില നിർത്തുന്നതും. ആ അടിവേരുകൾ എന്ന് പറയുന്നത് കുടുംബപ്രേക്ഷകരാണ്. മോഹൻലാൽ അവർക്ക് പ്രിയപ്പെട്ടവനാകുന്നത് ഒരിക്കലും മുണ്ട് മടക്കി കുത്തിയിട്ടോ മീശ പിരിച്ചിട്ടോ അമാനുഷിക ഹീറോ ആയിട്ടോ ഒന്നുമല്ല അതിനൊക്കെ എത്രയോ മുൻപ് ഈ സൂപ്പർസ്റ്റാർ പട്ടമൊക്കെ കൈവരുന്നതിന് മുൻപ് ആണ് മോഹൻലാൽ അവർക്ക് ഏറ്റവും പ്രിയപ്പെട്ടവനും ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്തവനുമായി മാറുന്നത്. അത്തരത്തിൽ മോഹൻലാലിനെ അവര് ഏറ്റെടുത്തിട്ടുണ്ടേൽ അതിന് കാരണക്കാർ പ്രിയദർശനും, സിബി മലയിലും, ലോഹിതാദാസും, ശ്രീനിവാസനും, സത്യൻ അന്തിക്കാടും ഒക്കെയാണ്. മോഹൻലാലിന് മലയാളികൾക്കിടയിൽ സ്വന്തം വീട്ടിലെ പയ്യൻ ഇമേജ് ഉണ്ടാക്കി കൊടുത്തതിൽ ഇവർക്ക് അത്രത്തോളം വലിയ പങ്കുണ്ട്.

ഈ പറഞ്ഞവരിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവരാണ്. സാധാരണക്കാരനായ ഒരു മലയാളിയുടെ ജീവിതം ഏറ്റവും മനോഹരമായി ശ്രീനിവാസൻ പലപ്പോഴായി വെള്ളക്കടലാസിലേക്ക് പകർത്തിയപ്പോൾ സത്യൻ അന്തിക്കാട് അതിനെ അതിമനോഹരമായി തന്നെ അണിയിച്ചൊരുക്കിക്കൊണ്ടിരുന്നു. അവര് സൃഷ്ടിച്ച അത്തരം നായക കഥാപാത്രങ്ങൾക്ക് ഏറ്റവും കൂടുതൽ തവണ ജീവൻ കൊടുത്തത് മോഹൻലാൽ ആയിരുന്നു. അങ്ങനെ അന്നത്തെ പ്രേക്ഷകർ അവരിലെ കാമുകനേയും, ഏട്ടനേയും, അനിയനേയും, മകനേയും, കൂട്ടുകാരനേയും, അയൽക്കാരനേയുമെല്ലാം ഒരു പ്രതിബിംബത്തിലെന്നോണം മോഹൻലാലിലൂടെ കണ്ടു. അത്തരം പച്ചയായ ജീവിതങ്ങളെ യാതൊരു ഗിമ്മിക്കുകളും ചേർക്കാതെ ശ്രീനിയും സത്യനും സൃഷ്ടിച്ചു കൊണ്ട് വന്നപ്പോൾ അത്തരം കഥാപാത്രങ്ങൾക്ക് മോഹൻലാൽ അടക്കമുള്ള കലാകാരന്മാരും കലാകാരികളും ഒട്ടും നാടകീയമല്ലാതെ സ്വാഭാവികമായി തന്നെ പകർന്നാടിയപ്പോൾ അല്ലേൽ ജീവിച്ചു കാണിച്ചപ്പോൾ മലയാളികൾ അത്തരം കലാസൃഷ്ടികളെ വെറുമൊരു സിനിമയായി കാണാതെ തങ്ങളുടെ ജീവിതമായി തന്നെ കണ്ടു. തങ്ങളുടെ കഥയിൽ തങ്ങളിൽ ഒരാളായി അഭിനയിച്ച ആ നായകനെ അവര് ഹൃദയത്തോട് ചേർത്തു. തങ്ങളിൽ ഒരുവനായി കൂടെ കൂട്ടി.

അതുകൊണ്ട് ഒക്കെ തന്നെയാണ് ദാസനും, വിജയനുമടക്കമുള്ള കഥാപാത്രങ്ങൾ മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ടവരാകാൻ കാരണവും. നാടോടിക്കാറ്റും, വരവേൽപ്പും, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റും, ടി. പി. ബാലഗോപാലനും, സന്മനസ്സുള്ളവർക്ക് സമാധാനവുമെല്ലാം എക്കാലവും ഒരു മടുപ്പും ഇല്ലാതെ തലമുറകൾ മാറി മാറി ആസ്വദിക്കാനുള്ള കാരണവും ഇതൊക്കെ തന്നെയാണ്. അന്നായാലും ഇന്നായാലും സാധാരണക്കാരൻ നേരിടുന്ന പ്രശ്നങ്ങൾക്ക് വലിയ മാറ്റമൊന്നും ഇല്ല അതുകൊണ്ട് ഒക്കെ തന്നെ അത്തരം സിനിമകൾക്ക് ഒരിക്കലും പുതുമ നഷ്ടപ്പെടില്ല. നരസിംഹവും, ആറാം തമ്പുരാനുമൊക്കെ കണ്ടതിൽ കൂടുതൽ തവണ മേല്പറഞ്ഞ സിനിമകളാവും ഒട്ടുമിക്ക പ്രേക്ഷകരും കണ്ടിട്ടുള്ളത്. ലവലേശം ബോറടിക്കാതെ ഇപ്പോഴും ആദ്യാവസാനം മലയാളികൾ നാടോടിക്കാറ്റ് അടക്കമുള്ള സിനിമകൾ എടുത്ത് കാണുന്നുണ്ട്.

അമാനുഷികനായ മോഹൻലാലിനേക്കാളും മലയാളിക്ക് ഇഷ്ടം ഇത്തരം കഥാപാത്രങ്ങളിലൂടെ വിസ്മയം തീർത്ത മോഹൻലാലിനെയാണ്. പത്തോളം സിനിമകൾ ഒരുമിച്ച് പരാജയപ്പെട്ടാലും അയാളുടെ പതിനൊന്നാമത്തെ സിനിമയ്ക്ക് വേണ്ടിയും വലിയൊരു വിഭാഗം ആളുകൾ കാത്തിരിക്കുന്നതും അതൊരു ആഘോഷമാക്കുന്നതും അയാളുടെ സൂപ്പർസ്റ്റാർ പരിവേഷം കൊണ്ടല്ല അതിന്റെ കാരണം മേല്പറഞ്ഞ അയാളുടെ ആ സ്വന്തം വീട്ടിലെ അംഗം എന്ന ഇമേജ് ആണ്. മുന്നേ വന്നവരും ഒപ്പം നടന്നവരും ശേഷം വന്നവരുമെല്ലാം പല ഘട്ടങ്ങളിലും അടി പതറിയപ്പോൾ തുടർച്ചയായി പരാജയത്തിന്റെ കയ്പ്പ് നുണഞ്ഞിട്ടും അയാൾ വീണു പോകാത്തതിന്റെ കാരണം ഈ കുടുംബ പ്രേക്ഷകരുടെ പിന്തുണ കൊണ്ടാണ്. മറ്റുള്ളവർക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത തരത്തിലാണ് കുടുംബങ്ങൾക്കിടയിൽ അയാൾക്കുള്ള സ്ഥാനം. അതാണ് ഈ പ്രേക്ഷക പിന്തുണയിൽ അയാളും മറ്റുള്ളവരും തമ്മിലുള്ള അജഗജാന്തര വ്യത്യാസവും.

അതൊരു ഒറ്റ രാത്രി കൊണ്ട് അയാൾ ഉണ്ടാക്കി എടുത്തതല്ല. ഈ അമാനുഷിക മുണ്ട് മടക്കിക്കുത്ത് മീശ പിരി കഥാപാത്രങ്ങൾക്ക് ഒക്കെ മുൻപ് മണ്ണിൽ നിന്നു കൊണ്ട് നമ്മളിൽ ഓരോരുത്തർ ആയും അയാൾ പകർന്നാടി വിസ്മയിപ്പിച്ചു കൊണ്ട് നേടിയെടുത്തതാണ്.

ഒരു ഉദാഹരണം പറയാം മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ഒരു നാഴികക്കല്ല് ആയി മാറിയ ദൃശ്യം എന്നൊരു കൊച്ചു സിനിമ ഇന്ന് ഈ കാണുന്ന തരത്തിൽ ജനപിന്തുണ നേടിയെടുത്തത് എന്തുകൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ..? കണ്ടന്റിന്റെ ശക്തി കൊണ്ട് ആണ് എന്നൊക്കെ പറയാമെങ്കിലും പലരും നിഷേധിക്കാത്ത ഒരു കാര്യമുണ്ട് ആ ചിത്രത്തിൽ മറ്റാരെങ്കിലും ആയിരുന്നു പ്രധാന കഥാപാത്രമായി എത്തിയിരുന്നത് എങ്കിൽ സിനിമ വലിയ വിജയമാകുമായിരുന്നെങ്കിലും ഇന്ന് ഈ കാണുന്ന സ്വീകാര്യതയും കോടികളുടെ കണക്കിലെ വലിയ കിലുക്കവും ഒന്നും ലഭിക്കില്ലായിരുന്നു എന്ന്. അതിനുള്ള കാരണം മോഹൻലാൽ എന്ന ബ്രാൻഡ് ആണ് എന്ന്. അതെ അയാൾ മണ്ണിൽ നിന്നു കൊണ്ട് ചെയ്യുന്ന അത്തരം വേഷങ്ങളോട് കുടുംബ പ്രേക്ഷകർക്ക് എന്നും പ്രിയമാണ്. ഒരു പുലിയെ വേലെറിഞ്ഞു വീഴ്ത്തിക്കൊണ്ട് അമാനുഷികനായി അയാൾ കൈയ്യടി നേടുന്നത് അയാൾ പ്രേക്ഷകരിൽ ഉണ്ടാക്കി എടുത്ത ആ ഇമ്പാക്ട് കൊണ്ടാണ്. നാല് വയസ്സുള്ള കുട്ടി മുതൽ തൊണ്ണൂറ് കഴിഞ്ഞ വയോജനങ്ങൾ അടക്കം രാത്രി വൈകിയും സിനിമാ തിയ്യേറ്ററിൽ ഉറക്കം കളഞ്ഞ് നോട്ട് നിരോധന കാലത്ത് പോലും വന്ന് വരി നിന്നിട്ടുണ്ടേൽ അയാൾ അവർക്ക് അത്രത്തോളം പ്രിയപ്പെട്ടവൻ ആയതുകൊണ്ടാണ്.

തുടക്കകാലത്തിൽ ഇന്ദുചൂഡനും, നീലകണ്ഠനും, ആടുതോമയും, ജഗന്നാഥനുമൊക്കെ ആയിട്ടാണ് അയാൾ നിന്നിരുന്നത് എങ്കിൽ ഒരിക്കലും ഈ പറഞ്ഞ പ്രേക്ഷക പിന്തുണ ഇത്രയും കാലങ്ങളോളം അയാൾക്ക് ലഭിക്കില്ലായിരുന്നു എന്ന് നിസ്സംശയം പറയാം. അയാളെന്ന വൃക്ഷത്തിന് ഇത്രയും ശക്തിയുള്ള അടിവേര് ഉണ്ടാക്കിയെടുത്തത് ദേ ഈ കാണുന്ന ഫോട്ടോയിൽ അയാൾ ഉമ്മ വെക്കുന്ന ആ മനുഷ്യനും കൗതുകത്തോടെ അത് നോക്കി നിൽക്കുന്ന മറ്റേ കക്ഷിയും അടക്കമുള്ളവർ ചേർന്നാണ്.

മോഹൻലാൽ മലയാളിയുടെ ദിനചര്യയുടെ ഭാഗമായി തീർന്നതിൽ പ്രധാനികൾ എന്ന് തന്നെ അവരെ പറയാം. ദാസനേയും, മുരളിയേയും,സേതുവിനേയും, ഗോപാലകൃഷ്ണനേയും, ബാലഗോപാലനെയുമൊക്കെ ശ്രീനിയും സത്യനും ചേർന്ന് സൃഷ്ടിച്ചില്ലായിരുന്നേൽ മോഹൻലാൽ വെറുമൊരു അഭിനേതാവ് മാത്രമായിപ്പോയേനെ മലയാളിക്ക്. ഇന്ന് അവര് ലാലേട്ടാ എന്ന് ഹൃദയം നിറഞ്ഞ് അയാളെ വിളിക്കുന്നുവെങ്കിൽ കൊണ്ടാടുന്നുവെങ്കിൽ അതിന് പ്രധാന കാരണക്കാരാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും അടങ്ങുന്നവർ.

സ്റ്റാർഡം അതിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് മോഹൻലാലിനെ എത്തിച്ചപ്പോൾ നഷ്ടപ്പെടുന്നതും അത്തരത്തിലുള്ള ലാലിനെയാണ്. ഉയർച്ചകളിൽ ഭാഗമായ ആ രണ്ട് സുഹൃത്തുക്കളും പല കാരണങ്ങൾ കൊണ്ടും രണ്ട് ധ്രുവത്തിലേക്ക് മാറിയപ്പോൾ ഏതൊരു സിനിമാ പ്രേക്ഷകനേയും പോലെ ഞാനും സങ്കടപ്പെട്ടിട്ടുണ്ട്. ഇന്ന് ദേ അവര് ഒരുമിച്ച് ഒരു വേദിയിൽ ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ വാരിപ്പുണർന്ന് നിൽക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.

സിനിമകളുടെ തിരഞ്ഞെടുപ്പിന്റെ കാര്യത്തിലും നിലപാടുകളുടെ കാര്യത്തിലുമൊക്കെ മോഹൻലാലിനെ വിമർശിക്കുമെങ്കിലും അദ്ദേഹത്തോട് ഏറ്റവും ബഹുമാനം തോന്നുന്ന ചില കാര്യങ്ങളുണ്ട് അതിൽ ചിലതാണ് ദേ ഇതൊക്കെ. ജീവിതത്തിൽ എത്രയൊക്കെ സങ്കടങ്ങൾ ഉണ്ടാക്കിയ ആളുകൾ ആണേലും അവരോട് ഒന്നും പകയും വിദ്വേഷവും വെച്ചു പുലർത്താതെ ഒരു ചിരിയിൽ അതൊക്കെ അലിയിച്ചു കളയുന്ന അയാളെ അത്ഭുതത്തോടെ മാത്രേ നോക്കി നിൽക്കാനാകൂ. അതുമാത്രമല്ല രണ്ട് സിനിമകളിൽ മുഖം കാണിച്ചവർ പോലും തലക്കനം കൊണ്ട് നടക്കുമ്പോഴും, ചെറിയ കലാകാരന്മാരോട് വരെ അകൽച്ച കാണിക്കുന്ന വലിയ താരങ്ങൾ ഉള്ളപ്പോഴും ഒരു ഇൻട്രസ്ട്രിയുടെ തലപ്പത്ത് നിൽക്കുന്ന ഒരാൾ യാതൊരു പരിചയം ഇല്ലാത്തവരോടൊപ്പവും ആരാധകരോടൊപ്പവും മണിക്കൂറുകൾ ഒരേ നിൽപ്പ് നിന്ന് ഫോട്ടോയ്ക്ക് പോസ്സ് ചെയ്യുന്നതും അവരെ ചേർത്തു പിടിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുന്നതും. ഇന്നത്തെ സോഷ്യൽ മീഡിയ യുഗത്തിൽ യാതൊരു മടിയും ഇല്ലാതെ അവർക്കൊപ്പം റീൽസ് അടക്കമുള്ള വീഡിയോകൾ ചെയ്തുമെല്ലാം അയാൾ അത്ഭുതപ്പെടുത്തുകയാണ്. അതൊക്കെ അയാൾക്ക് മാത്രം കഴിയുന്ന കാര്യങ്ങളാണ്.

എന്തൊക്കെ വിവാദങ്ങൾ അയാളെ ചുറ്റി പറ്റി വന്നാലും മോഹൻലാൽ ഒരു അഹങ്കാരിയാണെന്നോ, ആരോടെങ്കിലും മോശമായി പെരുമാറിയെന്നോ മറ്റോ ആരും പറഞ്ഞു കേട്ടിട്ടില്ല. എന്തിന് ഏറെ വിമർശനങ്ങൾ നേരിടുന്ന താരസംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന അയാളെ ആ സംഘടനയിലെ പലരെപ്പറ്റിയും പലരും ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും മോഹൻലാൽ എന്ന വ്യക്തിയെപ്പറ്റി അത്തരം മോശം കാര്യങ്ങൾ ഉന്നയിക്കുന്നത് കേട്ടിട്ടില്ല. ആ സംഘടനയിലെ നേതൃത്വത്തോട് അകലം പാലിക്കുന്ന അതിജീവതയായ അഭിനേത്രി പോലും ഇദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ മറക്കാതെ ആശംസകൾ അറിയിക്കുന്നതും പലപ്പോഴും അദ്ദേഹത്തെ പറ്റിയുള്ള മനോഹരമായ ആർട്ടിക്കിളുകളും മറ്റും ഷെയർ ചെയ്യുന്നതുമെല്ലാം നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നതാണ്. അപ്പൊ ഈ കാര്യം ഇപ്പൊ പറഞ്ഞു കൊണ്ട് ഉദ്ദേശിച്ചത് ഇത്തരം കാര്യങ്ങളിൽ അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നാണ്.

തിരിച്ച് നമ്മുടെ പ്രധാന വിഷയത്തിലേക്ക് വരാം.

വെറുമൊരു അഭിനേതാവായ മോഹൻലാലിനെ മലയാളികളുടെ ലാലേട്ടൻ ആക്കി മാറ്റിയതിൽ,അവരുടെ നിത്യജീവിതത്തിലെ ഒരു ഭാഗമാക്കി മാറ്റിയതിൽ, അവരിൽ ഒരാളാക്കി മാറ്റിയതിൽ പ്രധാന പങ്കു വഹിച്ച രണ്ടുപേരാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. തന്റെ പ്രിയ കൂട്ടുകാരനുമായി കുറച്ച് കാലമായി അകന്നു നിന്നിരുന്ന (അങ്ങനെ നമ്മള് ധരിച്ചു വെച്ചതാണ് എത്രത്തോളം സത്യം ഉള്ളതാണ് എന്ന് അറിയില്ല ) സുഹൃത്ത് ഒരുപാട് നാളുകൾക്ക് ശേഷം കൂട്ടുകാരനെ കണ്ടുമുട്ടുന്ന കാഴ്ച.... രണ്ട് പേരേയും ഒരുമിച്ച് ഒരു ഫ്രേമിൽ സന്തോഷത്തോടെ ഇങ്ങനെ കാണുന്ന കാഴ്ച ആ കൂട്ടുകാരുടെ പുനഃസമാഗമത്തിന് സാക്ഷിയായി അവരുടെ ഏറ്റവും അടുത്ത മറ്റൊരു സുഹൃത്ത് ഏറെ സന്തോഷത്തോടെ മനം നിറഞ്ഞു ചിരിച്ചു നിൽക്കുന്ന ആ കാഴ്ച ഇതൊക്കെ എന്നെ സംബന്ധിച്ച് വല്ലാത്ത സന്തോഷം തന്ന ഒന്നാണ്.

ഇന്ന് ഈ കാണുന്ന മോഹൻലാലിന്റെ ഏറ്റവും വലിയ ശക്തിയായ കുടുംബപ്രേക്ഷകരെ അയാൾക്ക് സമ്മാനിച്ചതിൽ പ്രധാനികൾ ആയ രണ്ടുപേർ..... മലയാളികൾക്ക് അവരുടെ വീട്ടിലെ അംഗമായ അവരുടെ സ്വന്തം ലാലേട്ടനെ അവർക്ക് സമ്മാനിച്ചവരിൽ പ്രാധാനികളായ രണ്ടുപേർ..... ഒരു കാലത്ത് മലയാള സിനിമയുടെ നെടുംതൂണുകൾ ആയിരുന്ന കൂട്ടുകാർ...... അവരുടെ ഈ റീയൂണിയൻ അതിമനോഹരമായ ഒരു കാഴ്ചയാണ് മോഹൻലാലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ഒരു വിസ്മയക്കാഴ്ച്ച.

മോഹൻലാലിന്റെ സിനിമകളുടെ തിരഞ്ഞെടുപ്പിനെ പറ്റിയും ചില നിലപാടുകളെ പറ്റിയുമെല്ലാം തെറ്റെന്ന് തോന്നിയാൽ ഇനിയും വിമർശിക്കും ലാലേട്ടാ എന്ന് ഹൃദയത്തിൽ തട്ടി അയാൾക്ക് വേണ്ടി ആർപ്പ് വിളിച്ചിരുന്ന കടുത്ത ആരാധകനായിരുന്ന എനിക്ക് അതിനുള്ള അവകാശം ഉണ്ട് എന്ന് തന്നെയാണ് എന്റെ വിശ്വാസം. മേല്പറഞ്ഞത് പോലെ എപ്പോഴോ ജീവിതത്തിന്റെ ഒരു ഭാഗമായിപ്പോയ സ്വന്തം കുടുംബത്തിലെ ഒരു അംഗമായിപ്പോയ ഒരാളുടെ ഭാഗത്ത് നിന്നും ഒരു തെറ്റു കണ്ടാൽ അതിനെ ചോദ്യം ചെയ്യുന്നതായേ ഞാൻ അതിനെ കണ്ടിട്ടുള്ളൂ. അത്തരം ആരോഗ്യപരമായ വിമർശനങ്ങൾ ഇനിയുമുണ്ടാകും. നല്ല പ്രകടനങ്ങളും നല്ല സിനിമകളുമായി അദ്ദേഹം തിരിച്ചു വരണം എന്ന് തന്നെയാണ് ആഗ്രഹം. ഒപ്പം ശക്തമായ നിലപാടുകളും.

അപ്പൊ പറയാനുദ്ദേശിച്ച കാര്യം ഒരിക്കൽ കൂടെ പറയുന്നു..... ഈയൊരു ചിത്രം വല്ലാത്ത സന്തോഷം പകർന്നു നൽകിയ ഒന്നാണ്. ഒരു സിനിമാ സ്‌നേഹിയെന്ന നിലയ്ക്ക് ഒരുപാട് സന്തോഷം പകർന്നു തന്ന ചിത്രം. മലയാളികളുടെ ദാസനും വിജയനും സിനിമയിലെന്നത് പോലെ ജീവിതത്തിലും ഇങ്ങനെ ചേർത്തു പിടിച്ച് ചുംബിച്ചു നിൽക്കുന്നത് ദാസന്റേയും വിജയന്റേയും അമരക്കാരൻ സന്തോഷത്തോടെ നോക്കി നിൽക്കുന്ന കാഴ്ച അത്രയേറെ മനോഹരമാണ്. അതിന് ഇംഗ്ലീഷിൽ എന്തോ പറയുമല്ലോ..... ആ.... Made My Day..... അതെ എന്റെ ദിവസം ധന്യമാക്കി.

ഈ ത്രിമൂർത്തികൾ ഒരുമിച്ച് ഇനിയൊരു സിനിമ സംഭവിക്കുമോ എന്നൊന്നും അറിയില്ല അവരുടെ ഇന്നത്തെ ഫോം വെച്ച് അത് ഉണ്ടായില്ലേൽ നല്ലത് എന്നേ പറയാനാവൂ. മറിച്ച് അതിമനോഹരമായ കഥകളുമായി മികച്ച സിനിമയുമായി വന്നാൽ സന്തോഷം മാത്രം. അതൊന്നും ഇല്ലേലും ഇത്തരം കാഴ്ചകൾ ഇടയ്ക്ക് ഇടയ്ക്ക് കാണുന്നത് തന്നെ ഒരു സുഖമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന ഇത്തരം അതിമനോഹരമായ കാഴ്ചകൾ.

-വൈശാഖ്.കെ.എം
ത്രിമൂർത്തികളുടെ പുനഃസമാഗമം ത്രിമൂർത്തികളുടെ പുനഃസമാഗമം Reviewed by on 10:57 Rating: 5

No comments:

Powered by Blogger.