അനിൽ ജോൺസൺ & വിഷ്ണു വിജയ്

  അനേകം സംഗീത സംവിധായകരാൽ സമ്പന്നമാണ് മലയാള സിനിമ. ചിലരൊക്കെ കൊണ്ടാടപ്പെടുമ്പോൾ മികച്ച വർക്കുകൾ സമ്മാനിച്ചിട്ടും അർഹിച്ച പരിഗണനകൾ ലഭിക്കാതെ ആഘോഷിക്കപ്പെടാതെ പോകുന്ന അണ്ടർ റേറ്റഡ് ആയിട്ടുള്ള ഒരുപാട് പേരുണ്ട്. ആഘോഷമാക്കപ്പെടേണ്ട ചിലർ. അത്തരത്തിലുള്ള രണ്ട് പേരാണ് അനിൽ ജോൺസണും വിഷ്‌ണു വിജയിയും. അവരിലേക്ക് ഒന്ന് കണ്ണോടിക്കാം.

Anil Johnson 

തന്റെ നാലാമത്തെ വയസ്സിൽ കർണ്ണാടിക് ശാസ്ത്രീയ സംഗീതത്തിലും പതിമൂന്നാമത്തെ വയസ്സിൽ പിയാനോയിലും പാഠങ്ങൾ സായത്വമാക്കിക്കൊണ്ട് സംഗീതം ജീവിതം ആരംഭിച്ച അനിൽ തന്റെ കരിയർ സ്റ്റാർട്ട്‌ ചെയ്യുന്നത് ഗായകനായും കീ ബോർഡ് വായിച്ചുമൊക്കെയാണ്. പിന്നീട് നാടകങ്ങൾക്കും,സംഗീത ആൽബങ്ങൾക്കും, ഷോർട് ഫിലിമുകൾക്കും, ഡോക്യുമെന്ററികൾക്കുമൊക്കെ വേണ്ടി സംഗീതം നിർവ്വഹിച്ചു കൊണ്ട് സംഗീത സംവിധാന മേഖലയിലേക്ക് കടന്നു.

2013 - ൽ ത്രീ ഡോട്ട്സ് എന്ന സിനിമയ്ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കി കൊണ്ടാണ് അനിൽ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഓർഡിനറിയെന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം സുഗീത് സംവിധാനം ചെയ്ത ത്രീ ഡോട്ട്സിൽ കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, പ്രതാപ് പോത്തൻ, നരേൻ തുടങ്ങിയവരൊക്കെയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയത് വിദ്യാസാഗർ ആയിരുന്നു. ചിത്രം ശ്രദ്ധിക്കപ്പെടാതെ പോയി. പക്ഷേ ചിത്രത്തിൽ അനിൽ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചു നിന്ന ഒന്നായിരുന്നു.

പിന്നീട് അനിലിനെ തേടി എത്തുന്നത് ജീത്തു ജോസഫ് ആയിരുന്നു. ജീത്തു പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഒരുക്കിയ മെമ്മറീസ് എന്ന ചിത്രത്തിലേക്ക് ആയിരുന്നു ആ ക്ഷണം. സെജോ ജോൺ ഗാനങ്ങൾ ഒരുക്കിയ മെമ്മറീസിൽ പശ്ചാത്തല സംഗീതം ഒരുക്കലായിരുന്നു അനിലിന്റെ ദൗത്യം. ക്രൈം ത്രില്ലർ ജോണറിൽപ്പെട്ട ചിത്രത്തിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതം ഒരുക്കുക എന്നത് വലിയ ബുദ്ധിമുട്ട് ഏറിയ കാര്യമാണ്. രംഗം എത്രയൊക്കെ നന്നായാലും പശ്ചാത്തല സംഗീതം മോശമായാൽ അത് വലിയ കല്ല് കടിയായി മാറും. മലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ മുൻപന്തിയിൽ സ്ഥാനമുള്ള മെമ്മറീസിൽ ഓരോ സീനുകളിലും നമ്മളൊക്കെ ത്രില്ലടിച്ചു കൊണ്ട് ഞെട്ടലോടെ ഇരുന്നതിൽ അനിൽ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് വലിയ പങ്കുണ്ട്. അത്രയ്ക്ക് ഗംഭീരമായിരുന്നു ആ വർക്ക്. മെമ്മറീസ് എന്ന ചിത്രവും ജീത്തു ജോസഫും തന്നെയാണ് അനിൽ ജോൺസൺന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.

മെമ്മറീസിന് ശേഷം ജീത്തു ജോസഫ് ഒരുക്കിയ ചിത്രത്തിലേക്കും ജീത്തു അനിലിനെ ക്ഷണിച്ചു. അത് മലയാള സിനിമയെ സംബന്ധിച്ച് വെറുമൊരു സിനിമയല്ല മലയാള സിനിമയുടെ തലവര മാറ്റിയെഴുതിയ ഒരു നാഴികക്കല്ല് എന്ന് വേണം ആ സിനിമയെ വിശേഷിപ്പിക്കാൻ. മോഹൻലാൽ നായകനായ ആ ചിത്രത്തിന്റെ പേര് ദൃശ്യം. പ്രേക്ഷക ലക്ഷങ്ങൾ ഒന്നടങ്കം തിയ്യേറ്ററുകളിലേക്ക് ഒഴുകിയെത്തി ഒരു ചരിത്രമാക്കി മാറ്റിയ അവരുടെ ജീവിതത്തിന്റെ ഭാഗമായി തീർന്ന ദൃശ്യത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയതും അനിൽ ജോൺസൺ ആയിരുന്നു. ഒപ്പം ചിത്രത്തിലെ നിഴലേ എന്ന ഗാനത്തിന് സംഗീതം പകർന്നതും അനിൽ ആയിരുന്നു. ദൃശ്യത്തിൽ ഓരോ രംഗത്തിലും ഉദ്യോഗം ജനിപ്പിക്കുന്നതിൽ പശ്ചാത്തല സംഗീതം വലിയ പങ്കു വഹിച്ചിരുന്നു.

ദൃശ്യത്തിന് ശേഷം അനിൽ സംഗീതം നിർവ്വഹിച്ച ചിത്രം സുഗീത് സംവിധാനം ചെയ്ത ഒന്നും മിണ്ടാതെ ആയിരുന്നു. ആലോലം എന്ന പഴയ മലയാള സിനിമയോട് ഏറെ സാമ്യമുണ്ടായിരുന്ന ഒന്നും മിണ്ടാതെ തിയ്യേറ്ററിൽ വലിയ പരാജയമായി മാറി. പക്ഷേ ചിത്രത്തിൽ അനിൽ ഒരുക്കിയ ഗാനങ്ങൾ ഇമ്പമുള്ളവയായിരുന്നു.

അതിന് ശേഷം അനിൽ വീണ്ടും ജീത്തുവിന് ഒപ്പം ചേർന്ന് ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിക്ക് സംഗീതം പകർന്നു. ചിത്രം പരാജയമായെങ്കിലും നിരൂപകർക്കിടയിൽ മികച്ച അഭിപ്രായം നേടിയിരുന്നു. ചിത്രത്തിലെ സ്കോറും ഗാനങ്ങളും മികച്ചു നിന്നവയായിരുന്നു. മേലേ മേലേ, കാലമേ,കേട്ടൂ ഞാൻ തുടങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ മികച്ചു നിന്നവയാണ്.

ജോസൂട്ടിക്ക് ശേഷം ജീത്തു സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനായ ഊഴം എന്ന ചിത്രത്തിന് സംഗീതം നിർവ്വഹിച്ചതും അനിൽ ആയിരുന്നു. ആക്ഷൻ ത്രില്ലർ ആയ ഊഴം വലിയ രീതിയിൽ പ്രേക്ഷക പ്രീതി നേടിയ ഒരു സിനിമയായിരുന്നില്ല പക്ഷേ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിലവാരം പുലർത്തിയവയായിരുന്നു. പ്രത്യേകിച്ച് ബി. ജി. എം.

പിന്നീട് ഓലപീപ്പിയെന്ന ചിത്രത്തിന് വേണ്ടി ഒരു ഗാനവും എബി എന്ന ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതവും നിർവ്വഹിച്ച അനിൽ ജീത്തു ജോസഫ് രചന നിർവ്വഹിച്ച ലക്ഷ്യം എന്ന ചിത്രത്തിലും പ്രവർത്തിച്ചു.

ജീത്തു ജോസഫ് സംവിധാനം നിർവ്വഹിച്ച പ്രണവ് മോഹൻലാൽ നായകനായ ആദി എന്ന ചിത്രത്തിലും സംഗീത സംവിധാനം നിർവ്വഹിച്ചത് അനിൽ ആയിരുന്നു. വലിയ വിജയമായ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.

പിന്നീട് എം. പത്മകുമാർ സംവിധാനം ചെയ്ത ജോസഫ് എന്ന ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കി കൊണ്ടാണ് അനിൽ ഞെട്ടിച്ചത്. വലിയ വിജയമായ ജോസഫ് ഒരു ക്രൈം ത്രില്ലർ ആയിരുന്നു. ചിത്രത്തിലെ ഏറ്റവും വലിയ ക്വാളിറ്റികളിൽ ഒന്നായിരുന്നു ബി. ജി. എം.

ജീത്തു ജോസഫിന്റെ പരാജയ ചിത്രം മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡിയിൽ ആകെ കൊള്ളാം എന്ന് പറയാവുന്നത് അതിലെ പശ്ചാത്തല സംഗീതമായിരുന്നു അത് അനിലിന്റെ വകയായിരുന്നു. പിന്നീട് തമിഴ് ചിത്രം Mei ക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കി.

ദൃശ്യം പോലെ തന്നെ വലിയ ചർച്ചാ വിഷയമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം2 വിന് വേണ്ടി സംഗീതം നിർവ്വഹിച്ചതും അനിൽ ആയിരുന്നു. ചിത്രത്തിലെ ഒരേ പകൽ എന്ന ഗാനവും പശ്ചാത്തല സംഗീതവും മികച്ചു നിന്നവയാണ്.

ജോസഫിന്റെ തമിഴ് റീമേക്ക് വിസിത്തിരന് പശ്ചാത്തല സംഗീതം നിർവ്വഹിച്ചതും അനിൽ ആണ്.

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 12th മാൻ എന്ന സിനിമയ്ക്ക് സംഗീതം പകർന്നതും അനിൽ ആയിരുന്നു.

ഈയിടെ റിലീസ് ആയ മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയ ഇല വീഴാ പൂഞ്ചിറയും അനിലിന്റെ വർക്ക് ആണ്.

ഒരു ഇന്റർനാഷണൽ ലെവൽ ക്വാളിറ്റിയുള്ള വർക്കുകളായിട്ടാണ് അനിൽ ജോൺസൺന്റെ വർക്കുകൾ മിക്കതും തോന്നിയിട്ടുള്ളത്. പ്രത്യേകിച്ച് പശ്ചാത്തല സംഗീതമൊക്കെ അത്രയേറെ മികവ് പുലർത്തുന്നവയാണ്. ത്രില്ലറുകളുടെ തല തൊട്ടപ്പനായ ജീത്തു ജോസഫ് തന്റെ സിനിമകളിൽ അനിലിനെ തന്നെ ഉപയോഗിക്കാനുള്ള പ്രധാന കാരണവും അത് തന്നെയാവണം. അദ്ദേഹത്തോളം ത്രില്ലർ സിനിമകൾക്ക് മികവോടെ പശ്ചാത്തല സംഗീതം ഒരുക്കാൻ മറ്റൊരാൾ മലയാളത്തിൽ ഇല്ല. അത്രയേറെ ഗംഭീരമാണ് പുള്ളിയുടെ വർക്കുകൾ. ശരിക്കും അണ്ടർ റേറ്റഡ് ആയിട്ടുള്ളൊരു മ്യൂസിക് ഡയറക്ടർ ആണ് അനിൽ ജോൺസൺ.

Vishnu Vijay 

തിരുവനന്തപുരം സ്വാതി തിരുനാൾ കോളേജ് ഓഫ് മ്യൂസിക്കിൽ നിന്ന് വോക്കൽ മ്യൂസിക്കിൽ ബിരുദം നേടിയ വിഷ്ണു കുടമാളൂർ ജനാർദ്ദനനിൽ നിന്നും സംഗീത്തിൽ പരിശീലനമൊക്കെ നേടിയാണ് സംഗീത മേഖലയിലേക്ക് കടന്നു വരുന്നത്. ഔസേപ്പച്ചൻ,വിദ്യാസാഗർ,ദീപക് ദേവ്, ഗോപി സുന്ദർ,ദേവി ശ്രീ പ്രസാദ്,ജീ. വി പ്രകാശ്,വിജയ് ആന്റണി തുടങ്ങി പല പ്രഗത്ഭരോടൊപ്പവും പ്രവർത്തിച്ച വിജയ് സ്വതന്ത്രമായി ഒരു സിനിമ ചെയ്യുന്നത് 2016-ലാണ്.

തന്റെ സുഹൃത്തും സഹപാഠിയുമായ ജോൺ പോൾ ജോർജ്ജ് ആദ്യമായ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു വിഷ്ണു വിജയ് ഒരു സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. 2016-ലായിരുന്നു ആ ചിത്രം പുറത്തിറങ്ങിയത്. ടോവിനോ തോമസ്, ശ്രീനിവാസൻ,ചേതൻ ജയലാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ആ സിനിമയുടെ പേരാണ് ഗപ്പി. ഗപ്പി പ്രമോഷന്റെ കുറവ് കൊണ്ട് തിയ്യേറ്ററിൽ വിജയമാകാതെ പോകുകയും പിന്നീട് വലിയ ചർച്ചയായി മാറുകയും പ്രേക്ഷക പ്രിയമാവുകയും ചെയ്ത സിനിമയാണ്. ചിത്രത്തിലെ ഗാനങ്ങളും തരംഗമായിരുന്നു. Vinayak Sasikumar  രചിച്ച് Sooraj Santhosh ആലപിച്ച തനിയേ എന്ന് തുടങ്ങുന്ന ഗാനം ഇന്നും പലർക്കും പ്രിയപ്പെട്ട ഒന്നാണ്. ഗബ്രിയേലിന്റെ,അതിരലിയും,തിര തിര,വിരിഞ്ഞ പൂങ്കുരുന്നേ തുടങ്ങിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ആദ്യ സിനിമയിൽ തന്നെ മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സ്റ്റേറ്റ് അവാർഡും വിഷ്ണു സ്വന്തമാക്കി.

പക്ഷേ ഇത്രയും ചർച്ചാ വിഷയമായ ഒരു സിനിമയ്ക്ക് ശേഷം വിഷ്ണു മറ്റൊരു സിനിമ ചെയ്യുന്നത് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ്. അതും തന്റെ സുഹൃത്തിന്റെ രണ്ടാമത്തെ സിനിമയിൽ.

ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്ത അമ്പിളി ആയിരുന്നു ആ സിനിമ. 

വിഷ്ണു വിജയ് - വിനായക് ശശികുമാർ - സൂരജ് സന്തോഷ്‌ കൂട്ടുകെട്ട് വീണ്ടും ഒരുമിച്ച സിനിമ കൂടെയായിരുന്നു അത്. ആ കൂട്ടുകെട്ടിൽ പുറത്തു വന്ന അമ്പിളിയിലെ ഗാനമായിരുന്നു ആരാധികേ. ആരാധികേ കേരളത്തിൽ വലിയ തരംഗമായി മാറി. പ്രത്യേകിച്ച് യുവത്വം ആ ഗാനത്തെ നെഞ്ചിലേറ്റി. ചിത്രത്തിലെ തന്നെ ആന്റണി ദാസൻ ആലപിച്ച ഞാൻ ജാക്ക്സൺ അല്ലെടാ എന്ന ഗാനവും വലിയ തരംഗമായിരുന്നു. ശങ്കർ മഹാദേവൻ ആലപിച്ച നെഞ്ചകമേ എന്ന പാട്ടിനും ആരാധകർ ഏറെയാണ്. ഗപ്പിയെ പോലെ തന്നെ അമ്പിളിയിലെ ആൽബവും സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രം പക്ഷേ വലിയ അഭിപ്രായം നേടിയിരുന്നില്ല.

അമ്പിളിയിലെ സൂപ്പർ ഹിറ്റ് ആൽബത്തിന് ശേഷം വീണ്ടും രണ്ട് വർഷത്തെ ഗ്യാപ്പ് എടുത്താണ് വിഷ്ണു അടുത്ത സിനിമ ചെയ്യുന്നത്. ഇത്തവണ ജോൺ പോൾ ആയിരുന്നില്ല സംവിധായകൻ. മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു വിഷ്ണു ഇത്തവണ സംഗീതം നിർവ്വഹിച്ചത്. വലിയ നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു നായാട്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമ തിയ്യേറ്ററിൽ വിജയമായില്ല. ചിത്രത്തിലെ വിഷ്ണു വിജയിയുടെ വർക്കും പ്രശംസ പിടിച്ചു പറ്റിയതാണ്.

ഇത്തവണ ഗ്യാപ്പ് എടുക്കാതെ ഉടനെ തന്നെ വിഷ്ണു മറ്റൊരു സിനിമ ചെയ്തു. അഷറഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി ആയിരുന്നത്. ചിത്രം വലിയ വിജയമായില്ലെങ്കിലും ചിത്രവും നിരൂപക പ്രശംസ പിടിച്ചു പറ്റിയ സിനിമയായിരുന്നു. ചിത്രത്തിലും വിഷ്ണുവിന്റെ മികച്ച വർക്ക് ആയിരുന്നു.

വീണ്ടും വിഷ്ണു ഒരു മികച്ച ചിത്രത്തിന്റെ ഭാഗമായി മൂന്നാം തവണ കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഒന്നിച്ച ചിത്രം കൂടെയായിരുന്നത്. കമൽ. കെ. എം സംവിധാനം ചെയ്ത പട എന്ന സിനിമയായിരുന്നത്. ജോജു ജോർജ്ജ്,വിനായകൻ, ദിലീഷ് പോത്തൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു പട പക്ഷേ ചിത്രവും തിയ്യേറ്ററിൽ വലിയ വിജയമായില്ല. ചിത്രത്തിലും വിഷ്ണു തന്റെ പാർട്ട് ഗംഭീരമാക്കി.

സത്യൻ അന്തിക്കാട് - ജയറാം കൂട്ടുകെട്ടിലെ മകൾ എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയതും വിഷ്ണുവാണ്.

മലയാള സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തല്ലുമാലയാണ് വിഷ്ണുവിന്റെ സംഗീത സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ചിത്രത്തിലേതായി പുറത്ത് വന്ന ഗാനങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയകളിൽ ട്രെൻഡ് ആണ്. തല്ലുമാല പാട്ട്, ണ്ടാക്കി പാട്ട്,കണ്ണിൽ പെട്ടോളെ തുടങ്ങി പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ യുവത്വം ഏറ്റെടുത്ത് ആഘോഷമാക്കിയതാണ്.

സ്വതന്ത്ര സംഗീത സംവിധായകനായിട്ട് ഏഴ് വർഷത്തോളം ആയെങ്കിലും വിഷ്ണു ആകെ ചെയ്തത് വെറും ഏഴ് സിനിമകളാണ്. ഗ്യാപ്പ് എടുക്കുന്നതിന്റെ കാരണം എന്താണെന്നറിയില്ല. കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാളികൾ ഏറ്റവും കൂടുതൽ മൂളി നടന്ന ഇത്രയും മികച്ച ഗാനങ്ങൾ ഒരുക്കിയ വിഷ്ണു കൂടുതൽ സിനിമകളുടെ ഭാഗമാകാണം എന്നാണ് ആഗ്രഹം. ഏഴ് സിനിമകൾ മാത്രേ ചെയ്തിട്ടുള്ളൂ എങ്കിലും ആ ഏഴെണ്ണവും വ്യത്യസ്തമാണ്. അയാൾക്ക് വഴങ്ങാത്ത ഒന്നും തന്നെയില്ല എന്ന് അതിൽ നിന്ന് വ്യക്തമാണ്.  എല്ലാ തരത്തിലുള്ള ഗാനങ്ങളും ആ കൈകളിൽ ഭദ്രമാണ്. പുതിയ സംഗീത സംവിധായകരെപ്പറ്റിയുള്ള ചർച്ചകളിൽ അധിക സ്ഥലങ്ങളിലും വിഷ്ണുവിനെ പരാമർശിച്ചു കാണാറില്ല. ഇത്രയും മികച്ച വർക്കുകൾ സ്വന്തം പേരിലുള്ള വിഷ്ണു ആഘോഷമാക്കപ്പെടേണ്ട ഒരു സംഗീത സംവിധായകൻ തന്നെയാണ്. ഒരു കാര്യം കൂടെയുണ്ട്.... തനിയേ, ആരാധികേ തുടങ്ങിയ ഗാനങ്ങൾ ആലപിച്ച Madhuvanthi Narayan  വിഷ്ണുവിന്റെ സഹധർമ്മിണിയാണ്.

അനിൽ ജോൺസൺ & വിഷ്ണു വിജയ് മികച്ച ഒരുപിടി ഗാനങ്ങളും നമ്മൾ ഏറെ ഫീലോടെ കണ്ടു തീർത്ത പല സിനിമകളിലേയും പല രംഗങ്ങളും ഏറെ ഗംഭീരമാക്കിയതിൽ പ്രധാന പങ്കു വഹിച്ച പശ്ചാത്തല സംഗീതങ്ങളും ഒരുക്കി തന്ന അണ്ടർ റേറ്റഡ് ആയ മികച്ച രണ്ട് സംഗീത സംവിധായകർ..... ഏറെ പ്രിയപ്പെട്ടവർ. അവരുടെ ഗാനങ്ങളും പശ്ചാത്തല സംഗീതങ്ങളും ആഘോഷമാക്കപ്പെടുന്നത് പോലെ തന്നെ ഇവരും ആഘോഷമാക്കപ്പെടേണ്ടവരാണ്.

ഇരുവരുടേയും വരാനിരിക്കുന്ന സിനിമകൾക്ക് വേണ്ടി കാത്തിരിക്കുന്നു.

- വൈശാഖ്.കെ.എം
അനിൽ ജോൺസൺ & വിഷ്ണു വിജയ് അനിൽ ജോൺസൺ & വിഷ്ണു വിജയ് Reviewed by on 07:10 Rating: 5

No comments:

Powered by Blogger.