അലക്സ് പോൾ

  ഏറ്റവും കൂടുതൽ ഗൃഹാതുരത്വം ഉണർത്തുന്ന ഗാനങ്ങൾ ഉണ്ടായിട്ടുള്ളത് എന്നെ സംബന്ധിച്ച് രണ്ടായിരം മുതൽ 2008 വരെയുള്ള കാലഘട്ടങ്ങളിലാണ്. അതിൽ തന്നെ 2005 മുതൽ 2008 വരെയുള്ള ഗാനങ്ങളോടാണ് കൂടുതൽ പ്രിയം. കാരണം മറ്റൊന്നുമല്ല  ടെൻഷനോ മറ്റു പ്രശ്നങ്ങളോ ഒന്നുമില്ലാതെ ജീവിതം ഏറ്റവും നന്നായി ആഘോഷമാക്കിയ പീക്ക് ടൈം ആയിരുന്നു അത്. അതുകൊണ്ട് തന്നെ ആ സമയത്തെ സിനിമകളോടും ഗാനങ്ങളോടുമൊക്കെ ഭയങ്കര ഇഷ്ടമാണ്.

ആ കാലത്ത് ഏറ്റവും കൂടുതൽ ആഘോഷമാക്കിയിട്ടുള്ളത് അലക്സ് പോൾ ഒരുക്കിയ പാട്ടുകളാണ്. അലക്സ് പോൾ സംഗീത സംവിധായകനായി സിനിമാ മേഖലയിലേക്ക് കാലെടുത്ത് വെക്കുന്നത് 2004-ലാണ്. ആ വർഷം വിഷു റിലീസ് ആയി തിയ്യേറ്ററിൽ എത്തിയ ചിത്രമായിരുന്നു ചതിക്കാത്ത ചന്തു. റാഫി -മെക്കാർട്ടിന്മാർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ ജയസൂര്യ, നവ്യ നായർ, ഭാവന, വിനീത് തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു. പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ചിത്രം സൂപ്പർഹിറ്റ് ആയിരുന്നു. ആ ചിത്രത്തിലെ ഗാനങ്ങളും മലയാളികൾ ഏറ്റെടുത്ത് ആഘോഷമാക്കിയവയാണ്. അഫ്സലും സുജാതയും ചേർന്ന് ആലപിച്ച ഹോസൈന, എം ജി. ശ്രീകുമാറും, വിധു പ്രതാപും ചേർന്ന് ആലപിച്ച കാക്കോത്തിക്കാവിലെ,ജ്യോത്സനയും ബാലുവും ആലപിച്ച ലവ് ലെറ്റർ വേർഷനുകൾ, ഇരുവരും ചേർന്ന് ആലപിച്ച മഴമീട്ടും എന്ന ഗാനം ഒപ്പം റിമി ടോമിയുടേയും, ഡോക്ടർ ഫഹദിന്റേയും മിന്നാമിനുങ്ങേ വേർഷനുകൾ ഇത്രയും ഗാനങ്ങൾ ആയിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. എല്ലാ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. ഇന്നും അതിന്റെ റീമിക്ക്സ്സ് വേർഷനുകൾ അടക്കം പല ആഘോഷങ്ങളുടേയും മാറ്റ് കൂട്ടുന്നവയാണ്.

ഒരു സൂപ്പർഹിറ്റ് സിനിമയിൽ സൂപ്പർ ഹിറ്റ് ആൽബവുമായിട്ടായിരുന്നു അലക്സ് പോളിന്റെ സിനിമയിലെ സംഗീത സംവിധാന ജീവിതം ആരംഭിക്കുന്നത്. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ചിത്രം നിർമ്മിച്ചത് അലക്സ് പോളിന്റെ സഹോദരനും നടനും സംവിധായകനും കൂടെയായ ലാൽ ആയിരുന്നു.

അതേ വർഷം തന്നെ അലക്സ് പോൾ സംഗീതം പകർന്ന രണ്ടാമത്തെ സിനിമയും പുറത്ത് വന്നു. രഞ്ജിത്ത് രചനയും സംവിധാനം നിർവ്വഹിച്ച് മമ്മൂട്ടി നായകനായ ബ്ലാക്ക് ആയിരുന്നു അത്. കാരക്കാമുറി ഷണ്മുഖൻ എന്ന വേഷത്തിൽ മമ്മൂട്ടി നിറഞ്ഞാടിയ ബ്ലാക്കിലെ എം. ജി. ശ്രീകുമാർ ആലപിച്ച് റഹ്മാൻ ചുവടു വെച്ച അമ്പലക്കര തെച്ചിക്കാവിലെ പൂരം എന്ന ഗാനം അന്നത്തെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച ഒന്നായിരുന്നു. ബ്ലാക്ക് നിർമ്മിച്ചതും ലാൽ തന്നെയായിരുന്നു.

വീണ്ടും ഒരു മമ്മൂട്ടി ചിത്രത്തിന് വേണ്ടിയാണ് അലക്സ് പോൾ പാട്ടുകൾ ഒരുക്കിയത്. ആ ചിത്രം നിർമ്മിച്ചതും അദ്ദേഹത്തിന്റെ സഹോദരൻ ലാൽ തന്നെയായിരുന്നു. ലാലും പ്രധാന വേഷത്തിൽ എത്തിയ ആ ചിത്രത്തിന്റെ സംവിധായകൻ ഷാഫി ആയിരുന്നു. ബെന്നി. പി. നായരമ്പലം രചന നിർവ്വഹിച്ച ആ സിനിമയുടെ പേരാണ് തൊമ്മനും മക്കളും. മമ്മൂട്ടി, ലാൽ, രാജൻ. പി. ദേവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിൽ അലക്സ് പോൾ ഒരുക്കിയ പി. ജയചന്ദ്രനും, മനോയും ചേർന്ന് ആലപിച്ച നേരിനഴക്,പ്രദീപ് പള്ളുരുത്തി ആലപിച്ച പുണ്ണ്യവാൻ ഇസഹാക്കിനുണ്ടായി രണ്ടു മക്കൾ,യേശുദാസും ചിത്രയും ഒരുമിച്ച വട്ടോലക്കുട തുടങ്ങിയ ഗാനങ്ങൾ അന്നത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു. 

അതേ വർഷം തന്നെ മറ്റൊരു മമ്മൂട്ടി ചിത്രത്തിന് കൂടെ അലക്സ് പോൾ സംഗീതമൊരുക്കി. 2005 നവംബർ മാസത്തിലാണ് ആ ചിത്രം പുറത്തിറങ്ങുന്നത്. മലയാള സിനിമയെ സംബന്ധിച്ച് അത് വെറുമൊരു സിനിമയായിരുന്നില്ല.... ഒരു ട്രെൻഡ് സെറ്റർ ആയിരുന്നു..... ഒരു ഇൻട്രസ്ട്രി ഹിറ്റ് ആയിരുന്നു. അൻവർ റഷീദ് എന്ന സംവിധായകനെ മലയാളികൾക്ക് ലഭിച്ച സിനിമയായിരുന്നു. ആ ചിത്രത്തിന്റെ പേര് രാജമാണിക്യം എന്നാണ്. കേരളക്കരയിൽ ട്രെൻഡ് ആയ രാജമാണിക്യത്തിൽ ഒരു അടിച്ചു പൊളി പാട്ടുണ്ടായിരുന്നു. റഹ്മാൻ ചുവടുവെച്ച പ്രദീപ്‌ പള്ളുരുത്തി ആലപിച്ച പാണ്ടിമേളം പാട്ടും കൂത്തുമെന്ന ആ ഗാനത്തിൽ വളരെ വിരളമായി സംഭവിക്കുന്ന ഒരു കാഴ്ച കൂടെ ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ ഡാൻസ് സ്റ്റെപ്പ്.

രാജമാണിക്യത്തിന് ശേഷം തൊട്ടടുത്ത വർഷം ജനുവരി മാസത്തിൽ തുടരെ തുടരെ രണ്ട് സിനിമകളാണ് അലക്സ് പോളിന്റേതായി പുറത്തിറങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളിൽ റിലീസ് ആയ ആ രണ്ട് ചിത്രങ്ങളിൽ ആദ്യത്തേത് ബാബു ജനാർദ്ദനൻ രചന നിർവഹിച്ച് ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് ആണ്. സലിം കുമാർ,മുക്ത, സംവൃത് സുനിൽ, സുജ കാർത്തിക,ഇന്ദ്രജിത് തുടങ്ങിയവരും അഥിതി വേഷത്തിൽ പൃഥ്വിരാജും എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. തമാശ റോളുകളിൽ മാത്രം കണ്ടിരുന്ന സലിം കുമാറിന്റെ വേറിട്ടൊരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ചിത്രത്തിലെ അലക്സ് പോൾ ഒരുക്കിയ ഗാനങ്ങളിൽ ലിജി, സെബാസ്റ്റ്യൻ, ബിന്ദു തുടങ്ങിയവർ ചേർന്ന് ആലപിച്ച സിയോൺ മണവാളൻ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഈ സിനിമയിലൂടെ ഒരു കൂട്ടുകെട്ടിനും തുടക്കമായി. അലക്സ് പോൾ - വയലാർ ശരത് ചന്ദ്ര വർമ്മ കൂട്ടുകെട്ട്.

അച്ഛനുറങ്ങാത്ത വീട് റിലീസ് ചെയ്ത് അടുത്ത ദിവസം തന്നെ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമ ജോണി ആന്റണി സംവിധാനം ചെയ്ത് ദിലീപ് നായകനായ ഇൻസ്പെക്ടർ ഗരുഡ് ആയിരുന്നു. സി. ഐ. ഡി മൂസ, കൊച്ചിരാജാവ് എന്നീ വലിയ വിജയങ്ങൾക്ക് ശേഷം ശേഷം ദിലീപ് - ജോണി ആന്റണി - ഉദയ കൃഷ്ണ - സിബി. കെ. തോമസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇൻസ്പെക്ടർ ഗരുഡ്. വലിയ പ്രതീക്ഷയിൽ എത്തിയ ചിത്രം 
പക്ഷേ പരാജയമായിരുന്നു ഗാനങ്ങൾ വലിയ തരംഗമൊന്നും സൃഷ്ടിച്ചിരുന്നില്ലെങ്കിലും അഫ്സൽ ആലപിച്ച കാന്താരിപ്പെണ്ണേ, വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ പുറത്ത് വന്ന കണ്ണും ചിമ്മി ചിമ്മി തുടങ്ങിയ ഗാനങ്ങൾ കുറച്ച് കാലമെങ്കിലും മലയാളികൾ മൂളി നടന്നവയാണ്.

വീണ്ടും അലക്സ് പോൾ ഭാഗമായത് ഒരു ജോണി ആന്റണി - ഉദയ കൃഷ്ണ - സിബി. കെ. തോമസ് കൂട്ടുകെട്ട് ഒരുമിച്ച സിനിമയിൽ തന്നെയായിരുന്നു. ഇത്തവണ ദിലീപിന് പകരം മമ്മൂട്ടി ആയിരുന്നു നായക വേഷത്തിൽ. ചിത്രത്തിന്റെ പേര് തുറുപ്പുഗുലാൻ. സൂപ്പർ ഹിറ്റ് ആയ ചിത്രത്തിൽ അലക്സ് പോൾ ഒരുക്കിയ സൂപ്പർ ഹിറ്റ്‌ ഗാനങ്ങളും ഉണ്ടായിരുന്നു. വിനീത് ശ്രീനിവാസൻ ആലപിച്ച മദയാനാ,മഹാദേവൻ ആലപിച്ച അലകടലിൽ പിട പിടക്കണ ഞണ്ട്, അഫ്സൽ ആലപിച്ച തുറുപ്പുഗുലാൻ തുടങ്ങിയ ചിത്രത്തിലെ മൂന്ന് ഗാനങ്ങളും സൂപ്പർ ഹിറ്റ് ആയിരുന്നു.

പിന്നീട് പരാജയമായ കെ. ജെ. ബോസ്സ് സംവിധാനം ചെയ്ത് ശ്വേത മേനോൻ, അരവിന്ദ് തുടങ്ങിയവരൊക്കെ അഭിനയിച്ച തന്ത്ര എന്നൊരു പരാജയ ചിത്രത്തിലാണ് അലക്സ് പോൾ വർക്ക് ചെയ്തത്.

അതിന് ശേഷം വിനോദ് വിജയന്റെ കലാഭവൻ മണി ചിത്രം റെഡ് സല്യൂട്ടിന് വേണ്ടിയാണ് അലക്സ് പോൾ ഗാനങ്ങൾ ഒരുക്കിയത്. പരാജയമായ ചിത്രത്തിലെ പൈനാപ്പിൾ സുന്ദരനല്ല എന്ന കലാഭവൻ മണി ആലപിച്ച ഗാനം ഹിറ്റ്‌ ആയിരുന്നു.

പിന്നീട് ജോമോന്റെ മമ്മൂട്ടി ചിത്രം ഭാർഗവ ചരിതം മൂന്നാം മൂന്നാം ഖണ്ഡം എന്ന പരാജയ ചിത്രത്തിലാണ് അലക്സ് പോൾ വർക്ക് ചെയ്തത്.

2006 ഓഗസ്റ്റ് 31 അലക്സ് പോളിന്റെ സംഗീത ജീവിതത്തിലെ പൊൻതൂവൽ എന്ന് പറയാവുന്ന ചിത്രം പുറത്തിറങ്ങിയ ദിവസം. ഒരുപാട് പ്രത്യേകതകളുണ്ട് അലക്സ് പോളിനെ സംബന്ധിച്ച് ഈ സിനിമയ്ക്ക്. രാജമാണിക്യത്തിന് ശേഷം മറ്റൊരു ഇൻട്രസ്ട്രി ഹിറ്റിന്റെ ഭാഗമായി എന്നതാണ് ഒരു പ്രത്യേകത. മറ്റൊന്ന് ട്രെൻഡ് സെറ്റർ ആയ അല്ലേൽ മലയാളികൾ ട്രെൻഡ് സെറ്റർ ആക്കിയ.... ആഘോഷമാക്കിയ എക്കാലത്തേയും സൂപ്പർഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റ് എടുത്താൽ ആദ്യ പത്തിൽ വരുന്ന ഒരു ഗാനം ഈ ചിത്രത്തിലൂടെ അലക്സ് പോൾ സമ്മാനിച്ചു എന്നതാണ്. മറ്റൊന്ന് സിനിമയ്ക്ക് ഒപ്പം തന്നെ ട്രെൻഡ് സെറ്റർ ആയ ഒരു ആൽബം അദ്ദേഹം ഒരുക്കി എന്നതാണ്. ജെയിംസ് ആൽബർട്ട് രചിച്ച് ലാൽ ജോസ് സംവിധാനം നിർവ്വഹിച്ച പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ, നരേൻ, കാവ്യാമാധവൻ, രാധിക തുടങ്ങി വലിയ താരനിര അണിനിരന്ന ആ സിനിമയുടെ പേര് ക്ലാസ്സ്‌മേറ്റ്സ്. രാജമാണിക്യത്തിന്റെ കൈയ്യിൽ നിന്നും മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് എന്ന കിരീടം സ്വന്തമാക്കിയ സിനിമ. കേരളത്തിൽ വലിയ തരംഗം സൃഷ്ടിച്ച സിനിമ.... ഇന്ന് വലിയ രീതിയിൽ ആഘോഷമാക്കുന്ന ഗെറ്റ്ടുഗെതറുകൾക്ക് കാരണമായ സിനിമ.... അത്തരത്തിൽ ഒരുപാട് വിശേഷണങ്ങൾ ഉണ്ട് ക്ലാസ്സ്‌മേറ്റ്സ്സിന്. സംഗീത വിഭാഗത്തിലേക്ക് വന്നാൽ ചിത്രത്തിൽ അലക്സ് പോൾ സംഗീതം പകർന്ന ആറ് ഗാനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ആറ് സൂപ്പർ ഹിറ്റ് ഗാനങ്ങൾ. അതിൽ ആദ്യം പറയേണ്ടത് വിനീത് ശ്രീനിവാസൻ ആലപിച്ച് മലയാളികൾ ആഘോഷമാക്കിയ ഏറ്റവും വലിയ ഹിറ്റ്‌ ഗാനങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച എന്റെ ഖൽബിലെ എന്ന ഗാനമാണ്. വിധു പ്രതാപ്,റെജു ജോസഫ്,രമേഷ് ബാബു, സിസിലി എന്നിവർ ചേർന്ന് ആലപിച്ച കാറ്റാടി തണലും, ദേവാനന്ദ്, ജ്യോത്സ്ന എന്നിവർ മനോഹരമാക്കിയ കാത്തിരുന്ന പെണ്ണല്ലേ, എം.ജി.ശ്രീകുമാർ, പ്രദീപ് എന്നിവർ ചേർന്ന് ആലപിച്ച വോട്ട്, സുജാത ആലപിച്ച എന്റെ ഖൽബിലെ ഫീമെയിൽ വേർഷൻ, മഞ്ജരി മനോഹരമാക്കിയ ചില്ലുജാലക തുടങ്ങിയ എണ്ണം പറഞ്ഞ അതിമനോഹരമായ എവർഗ്രീൻ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആറ് ഗാനങ്ങൾ ആണ് അലക്സ് പോൾ ഒരുക്കിയത്. അതിമനോഹര വരികളുമായി വയലാർ ശരത് ചന്ദ്ര വർമ്മയും അലക്സ് പോളിന് കരുത്തായി കൂടെ ഉണ്ടായിരുന്നു.

ക്ലാസ്സ്‌മേറ്റ്സ്സിന് ശേഷം പുറത്തിറങ്ങിയ അലക്സ് പോൾ ചിത്രം ജോഷി - മമ്മൂട്ടി ടീമിന്റെ പോത്തൻ വാവയായിരുന്നു. ചിത്രം വലിയ വിജയമായിരുന്നില്ല. വയലാർ ശരത് ചന്ദ്ര വർമ്മ രചിച്ച് ഉഷ ഉതുപ്പ്,മധു ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ആലപിച്ച വാവേ എൻ മകനേ,മധു ബാലകൃഷ്ണൻ, റെജു ജോസഫ്, മഞ്ജരി എന്നിവർ ചേർന്ന് ആലപിച്ച നേരാണേ എല്ലാം നേരാണേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

പോത്തൻ വാവയ്ക്ക് ശേഷം അലക്സ് പോൾ സംഗീതം നിർവ്വഹിച്ചത് ഒരു ഷാജി കൈലാസ് ചിത്രത്തിന് ആയിരുന്നു. ആദ്യമായി മോഹൻലാലിനൊപ്പം അലക്സ് പോൾ വർക്ക് ചെയ്യുന്ന സിനിമ എന്നൊരു പ്രത്യേകത കൂടെ ആ സിനിമയ്ക്ക് ഉണ്ടായിരുന്നു. ചിത്രത്തിന്റെ പേര് ബാബകല്ല്യാണി. വലിയ ഇനീഷ്യൽ ഒക്കെ നേടിയ ചിത്രത്തിൽ ഒരു സൂപ്പർഹിറ്റ് ഗാനമുണ്ടായിരുന്നു. ജി. വേണുഗോപാൽ ആലപിച്ച കൈ നിറയെ വെണ്ണ തരാം എന്ന ഗാനമായിരുന്നത്.

ബാബകല്ല്യാണിക്ക് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ വാസ്തവം ആയിരുന്നു അലക്സ് പോൾ ഭാഗമായ സിനിമ. മികച്ച നടനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് പൃഥ്വിരാജ് കരസ്ഥമാക്കിയ വാസ്തവം ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു. ചിത്രത്തിൽ അലക്സ് പോൾ ഒരുക്കിയ മനോഹരമായ ഗാനങ്ങളും ഉണ്ട്. വിധു പ്രതാപും, റിമി ടോമിയും ചേർന്ന് ആലപിച്ച അരപവൻ പൊന്നുകൊണ്ട് അരയിലൊരേലസ്സ്, കെ. എസ് ചിത്ര മനോഹരമാക്കിയ നാഥാ നീ വരുമ്പോൾ തുടങ്ങിയ ഗാനങ്ങൾ ആയിരുന്നത്.

2007 ന്റെ തുടക്കത്തിൽ അലക്സ് പോൾ ഒരു ഷാഫി ചിത്രത്തിന്റെ ഭാഗമായി. മഹി എന്ന കള്ളനായി മമ്മൂട്ടി എത്തിയ മായാവി എന്ന സൂപ്പർ ഹിറ്റ്‌ ചിത്രമായിരുന്നത്. എം. ജി. ശ്രീകുമാർ - ജി. വേണുഗോപാൽ എന്നിവർ ചേർന്ന് ആലപിച്ച സ്നേഹം തേനല്ല, യേശുദാസ് - മഞ്ജരി എന്നിവർ ആലപിച്ച മുറ്റത്തെ മുല്ലേ ചൊല്ല് എന്നീ ഗാനങ്ങളും ചിത്രം പോലെ തന്നെ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയാണ്.

അതേ വർഷം വിഷു റിലീസ് ആയി എത്തിയ ചിത്രം പന്തയക്കോഴിയായിരുന്നു അലക്സ് പോൾ സംഗീതം നിർവ്വഹിച്ച അടുത്ത സിനിമ. നരേൻ നായകനായ ചിത്രം സംവിധാനം ചെയ്തത് എം. എ വേണു ആയിരുന്നു. ലാൽ ആയിരുന്നു ചിത്രം നിർമ്മിച്ചത്. ചിത്രം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഗാനങ്ങൾ ഹിറ്റ്‌ ചാർട്ടിൽ സ്ഥാനം പിടിച്ചവയായിരുന്നു. ബിജു നാരായണനും - സുജാതയും ചേർന്ന് ആലപിച്ച ഇല കൊഴിയും,വിനീത് ശ്രീനിവാസനും -  രമേഷ് ബാബുവും ഒരുമിച്ച സങ്കടത്തിന് മറുമരുന്നുണ്ടോ, ശ്വേതയും - വിധു പ്രതാപും ചേർന്ന് മനോഹരമാക്കിയ സുന്ദരിയേ തുടങ്ങിയവയായിരുന്നു ആ പാട്ടുകൾ.

2007  ജൂലൈയിൽ അലക്സ് പോൾ ബാബ കല്ല്യാണിക്ക് ശേഷം വീണ്ടും മോഹൻലാലുമായി ഒരുമിച്ചു. റാഫി - മെക്കാർട്ടിൻ രചനയും സംവിധാനവും നിർവ്വഹിച്ച സിനിമയായിരുന്നു അത്. മോഹൻലാൽ അഡ്വക്കറ്റ് ശിവരാമനായി പൂന്തുവിളയാടിയ ആ സിനിമയുടെ പേര് ഹലോ. ചിത്രത്തിൽ ആറ് ഗാനങ്ങൾ ആയിരുന്നു അലക്സ് പോൾ ഒരുക്കിയത്. ക്ലാസ്സ്‌മേറ്റ്സ്സിന് ശേഷം അലക്സ് പോളിന്റെ മറ്റൊരു ഗംഭീര ആൽബമായിരുന്നു ഹലോ. അലക്സ് പോളും വയലാർ ശരത് ചന്ദ്ര വർമ്മയും തങ്ങളുടെ ഏറ്റവും മികച്ച വർക്കുകളിൽ ഒന്ന് പുറത്തെടുത്ത സിനിമ കൂടെയാണ് ഹലോ. കെ. എസ് ചിത്ര മനോഹരമാക്കിയ ചെല്ലത്താമരേ (വെള്ളത്താമരേ എന്ന വരി ചിത്ര ചെല്ലത്താമരേ എന്ന് തെറ്റിപ്പാടിയപ്പോൾ അതാണ് ഭംഗി എന്ന് തോന്നിയത് കൊണ്ട് ആ വരി ഉപയോഗിച്ചു എന്ന് എവിടെയോ വായിച്ചിട്ടുണ്ട്), എം. ജി. ശ്രീകുമാറും, സംഗീത പ്രഭുവും ചേർന്ന് ആഘോഷമാക്കിയ കടുകിട്ട് വറുത്തൊരു,അഫ്സൽ, സംഗീത, മഞ്ജരി എന്നിവർ ചേർന്ന് മനോഹരമാക്കിയ മഴവില്ലിൻ,വിധു പ്രതാപും, ശ്വേതയും ആലപിച്ച ഹലോ എന്ന ടൈറ്റിൽ ട്രാക്ക്, മഞ്ജരിയും അഖിലയും ഒരുമിച്ച് പാടിയ ഭാജൻ തുടങ്ങിയ ഗാനമടക്കം ചിത്രത്തിലെ എല്ലാ ഗാനങ്ങളും ആ സമയത്ത് ട്രെൻഡ് ആയിരുന്നു. ആ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ ചിത്രം പോലെ തന്നെ ഗാനങ്ങളും മലയാളികൾ ആഘോഷമാക്കി.

ഹലോയുടെ വിജയത്തിന് ശേഷം വീണ്ടും മറ്റൊരു സൂപ്പർഹിറ്റ്‌ സിനിമയ്ക്ക് ആയിരുന്നു അലക്സ് പോൾ സംഗീതം പകർന്നത്. ഷാഫി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ചോക്ലേറ്റ് ആയിരുന്നു അത്. ജയസൂര്യ, റോമ, സംവൃത സുനിൽ, രമ്യ നമ്പീശൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ ചോക്ലേറ്റിൽ എല്ലാം ഹിറ്റ്‌ ആയ ഗാനങ്ങൾ ആയിരുന്നു. റിമി ടോമി,ലിജി ഫ്രാൻസിസ്, അഖില ആനന്ദ് എന്നിവർ ആലപിച്ച കൽക്കണ്ട മലയയേ, എം.ജി.ശ്രീകുമാറും റിമി ടോമിയും ആലപിച്ച ചോക്ലേറ്റ് പോലെയുള്ള,യേശുദാസ്, ജ്യോത്സ്ന എന്നിവർ ആലപിച്ച താമരയും സൂര്യനും,ഷഹബാസ് അമൻ മനോഹരമാക്കിയ ഇഷ്ടമല്ലേ തുടങ്ങിയ ഗാനങ്ങൾ ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ചവയായിരുന്നു. പ്രത്യേകിച്ച് ഇഷ്ടമല്ലേ എന്ന ഗാനം. ഇത്തവണയും അലക്സ് പോളിനൊപ്പം വയലാർ ശരത് ചന്ദ്ര വർമ്മയുണ്ടായിരുന്നു.

ചോക്ലേറ്റിന് ശേഷം അലക്സ് പോൾ ഒരു മോഹൻലാൽ സിനിമയ്ക്ക് ആണ് സംഗീതം പകർന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത അലിഭായ് ആയിരുന്നു ആ സിനിമ. വലിയ പ്രതീക്ഷയിൽ പുറത്തിറങ്ങി ഗംഭീര ഇനീഷ്യൽ ഒക്കെ നേടി വീണു പോയ അലിഭായ് എന്ന ചിത്രത്തിലെ ആടിമേഘ ചൂടുപറ്റി, പുഞ്ചിരിക്കണ പഞ്ചമി തുടങ്ങിയ ഗാനങ്ങൾ സിനിമ ഇറങ്ങുന്നതിന് മുൻപ് അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

അലിഭായ്ക്ക് ശേഷം അലക്സ് പോൾ സംഗീതം നിർവ്വഹിച്ച ചിത്രം സുരേഷ് ഗോപി നായകനായ കിച്ചാമണി എം. ബി എ ആയിരുന്നു. സമദ് സംവിധാനം ചെയ്ത കിച്ചാമണി വലിയ പരാജയാമായിരുന്നു. ചിത്രത്തിന്റെ അവസ്ഥ തന്നെ ആയിരുന്നു ഗാനങ്ങൾക്കും.

പിന്നീട് ദിലീപ് നായകനായ രാജസേനൻ സംവിധാനം ചെയ്ത റോമിയോ ആയിരുന്നു അലക്സ് പോൾ സംഗീതം പകർന്ന സിനിമ. ചിത്രം പരാജയമായിരുന്നു. ചിത്രത്തിൽ അഫ്സൽ,ശ്വേത മോഹൻ എന്നിവർ ചേർന്ന് ആലപിച്ച കിളിച്ചുണ്ടൻ മാവിൽ എന്ന ഗാനം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

വീണ്ടും അലക്സ് പോൾ ഭാഗമായത് ഒരു പരാജയ സിനിമയിലായിരുന്നു. രാജ് ബാബു സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം കങ്കാരു ആയിരുന്നത്. ചിത്രത്തിൽ യേശുദാസ് ആലപിച്ച ആരാരിആരിരാരോ, റിമി ടോമിയും വിധു പ്രതാപും ചേർന്ന് പാടിയ മഴമണി മുകിലേ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

പിന്നീട് അലക്സ് പോൾ ഭാഗമായത് ജയസൂര്യ നായകനായ വി.കെ.പ്രകാശ് ചിത്രം പോസിറ്റീവ് ആയിരുന്നു. ചിത്രവും പാട്ടുകളും മലയാളികൾ കൈവിട്ടവയായിരുന്നു.അതിന് ശേഷം വന്ന അക്ബർ ജോസിന്റെ ആണ്ടവൻ,എം. പത്മകുമാറിന്റെ പരുന്ത് തുടങ്ങിയ ചിത്രങ്ങളും ഗാനങ്ങളുമെല്ലാം പരാജയമായി. പിന്നീട് വന്ന മധുപാൽ ചിത്രം തലപ്പാവ് ശ്രദ്ധിക്കപ്പെട്ടെങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വന്ന നിസാറിന്റെ ബുള്ളറ്റും പരാജയം നുണഞ്ഞു. ഏറ്റെടുത്ത സിനിമകൾക്കൊപ്പം തന്നെ ഗാനങ്ങളും പരാജയമായപ്പോൾ അലക്സ് പോളിന് ആശ്വാസം പകർന്നത് ഷാഫി ചിത്രം ലോലിപോപ്പ് ആയിരുന്നു. ചിത്രം പരാജയമായെങ്കിലും ചിത്രത്തിൽ വിധു പ്രതാപ് - അഫ്സൽ കൂട്ടുകെട്ടിലെ ജെറുസലേമിലെ, വിധു പ്രതാപ് - റിമി ടോമി കൂട്ടുകെട്ടിലെ കണ്ണും ചിമ്മി,പ്രദീപ്‌ ബാബു, ലിജി ഫ്രാൻസിസ്,വിപിൻ സേവ്യർ തുടങ്ങിയവർ ആലപിച്ച അസ്സലായി തുടങ്ങിയ ഗാനങ്ങൾ യൂത്തിന് ഇടയ്ക്ക് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

പിന്നീട് വന്ന ചിത്രം വേണു നാഗവള്ളി സംവിധാനം ചെയ്ത ഭാര്യ സ്വന്തം സുഹൃത്ത് ആയിരുന്നു ചിത്രവും ഗാനങ്ങളും എല്ലാം പരാജയമായി.

അതിന് ശേഷം അലക്സ് പോൾ ഭാഗമായത് സഹോദരൻ ലാൽ സംവിധാനം ചെയ്ത ടു ഹരിഹർ നഗർ എന്ന ചിത്രത്തിൽ ആയിരുന്നു. വലിയ വിജയമായ ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. ഉന്നം മറന്നു, ഏകാന്ത ചന്ദ്രികേ റീമിക്ക്സ്സുകളും, എം.ജി.ശ്രീകുമാറും റിമി ടോമിയും ചേർന്ന് ആലപിച്ച അടവുകൾ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തു.

അതിന് ശേഷം അലക്സ് പോൾ ഷൈജു അന്തിക്കാടിന്റെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് കുടുംബം എന്ന ചിത്രത്തിന്റെ ഭാഗമായി എങ്കിലും ചിത്രവും ഗാനങ്ങളും ഒരു ചലനവും സൃഷ്ടിച്ചില്ല. അതേ വർഷം സുരാജ് വെഞ്ഞാറമൂട് നായകനായ ഷിബു പ്രഭാകർ ചിത്രം ഡ്യൂപ്ലിക്കേറ്റിന് വേണ്ടിയാണ് അലക്സ് പോൾ പിന്നീട് സംഗീതം നിർവ്വഹിച്ചത്. ചിത്രവും അതിലെ ജാസി ഗിഫ്റ്റ് ആലപിച്ച കാക്കനോട്ടം,എം.ജി.ശ്രീകുമാർ ആലപിച്ച കഴിക്കാൻ രസമുള്ള കല്ല്യാണം തുടങ്ങിയ രണ്ട് ഗാനങ്ങളും പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.

ഡ്യൂപ്ലിക്കേറ്റിന് ശേഷം ജയറാം നായകനായ മഹേഷ്‌. പി ശ്രീനിവാസന്റെ മൈ ബിഗ് ഫാദർ ആയിരുന്നു അലക്സ് പോളിന്റെ അടുത്ത സിനിമ. ചിത്രത്തിലെ നിറ തിങ്കളെ എന്ന ഗാനം മാത്രം പ്രേക്ഷക പ്രിയമായി.

അതേ വർഷം അലക്സ് പോളിന്റെ മറ്റൊരു ചിത്രം കൂടെ പുറത്തിറങ്ങി. ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ചട്ടമ്പിനാട് ആയിരുന്നു അത്. ചിത്രം വിജയമായിരുന്നു. ദശമൂലം ദാമുവൊക്കെ പിറന്ന ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടവയാണ്. റിമി ടോമി ആലപിച്ച ചെങ്കദളി കുമ്പിളിലെ, സി. ജെ കുട്ടപ്പൻ ആലപിച്ച ഒരു കഥ പറയാം തുടങ്ങിയ ഗാനങ്ങൾ ഒക്കെ പ്രേക്ഷക പ്രിയമായിരുന്നു.

2010-ൽ സഹോദരൻ ലാൽ സംവിധാനം ചെയ്ത ഇൻ ഗോസ്റ്റ് ഹൗസ് ഇൻ ആയിരുന്നു അലക്സ് പോൾ സംഗീതം പകർന്ന ആദ്യ ചിത്രം. വിജയമായ ചിത്രത്തിലെ ഓല ഓല എന്ന ഗാനം മാത്രം ഹിറ്റ്‌ ചാർട്ടിൽ ഇടം നേടി.

അതിന് ശേഷം പരാജയ സിനിമകളായ അറ്റ്ലസ് രാമചന്ദ്രന്റെ ഹോളിഡേയ്‌സ്,ടി. എസ് ജസ് പാലിന്റെ ചാവേർപ്പട തുടങ്ങിയ സിനിമകൾ ആണ് അലക്സ് പോൾ ചെയ്തത്. സിനിമകൾ പോലെ തന്നെയായിരുന്നു അവയിലെ ഗാനങ്ങളും.

അതിന് ശേഷം സഹോദരൻ ലാൽ സംവിധാനം ചെയ്ത ടൂർണമെന്റ് എന്ന ചിത്രത്തിന്റെ ഭാഗമായ അലക്സ് പോൾ ചിത്രത്തിൽ പശ്ചാത്തല സംഗീതം മാത്രമാണ് നിർവ്വഹിച്ചത്. ചിത്രവും പരാജയമായിരുന്നു. 

അതിന് ശേഷം കന്നഡ ചിത്രം കല്ല മല്ല സുല്ലക്ക് സംഗീതം പകർന്നു എങ്കിലും പരാജയമായിരുന്നു ഫലം.

വൈശാഖ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ്‌ ചിത്രം സീനിയേഴ്സിൽ നാല് സംഗീത സംവിധായകർ ആയിരുന്നു ഉണ്ടായിരുന്നത്. ഗോപി സുന്ദർ പശ്ചാത്തല സംഗീതം നിർവ്വഹിച്ചപ്പോൾ ഗാനങ്ങൾ ഒരുക്കിയത് അൽഫോൺസ്, ജാസി ഗിഫ്റ്റ്, അലക്സ് പോൾ എന്നിവർ ആയിരുന്നു. പക്ഷേ അലക്സ് പോൾ ഒരുക്കിയ ഗാനം ശ്രദ്ധിക്കപ്പെട്ടില്ല.

ഒരു ഗ്യാപ്പിന് ശേഷം 2012-ൽ സഹോദരൻ ലാൽ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കോബ്രയിൽ സംഗീതം ഒരുക്കിയെങ്കിലും സിനിമയും ഗാനങ്ങളുമെല്ലാം പരാജയമായി. അതിന് ശേഷം വന്ന ബാബു ജനാർദ്ദനന്റെ ലിസമ്മയുടെ വീട് എന്ന ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും മേല്പറഞ്ഞ അവസ്ഥ തന്നെയായിരുന്നു.

പിന്നീട് രേവതി. എസ്. വർമ്മ സംവിധാനം ചെയ്ത മാഡ് ഡാഡ് എന്ന സിനിമയ്ക്ക് ആണ് അലക്സ് പോൾ സംഗീതം നിർവ്വഹിച്ചത്. ചിത്രവും, ഗാനങ്ങളും പരാജയമായി മാറി. അതിന് ശേഷം തമിഴ് സിനിമ കാന്തർവ്വന് സംഗീതം പകർന്നു എങ്കിലും പരാജയം തന്നെയായിരുന്നു ഫലം. പിന്നീട് വന്ന ടി.എ തൗഫീഖ് സംവിധാനം ചെയ്ത മലയാള സിനിമ ജോൺ ഹോനായിയും വലിയ പരാജയമായി.

പിന്നീട് 2015-ലാണ് അലക്സ് പോൾ ഒരു സിനിമയ്ക്ക് സംഗീതം നിർവ്വഹിക്കുന്നത്. സഹോദരൻ ലാൽ സംവിധാനം ചെയ്ത ദിലീപ് നായകനായ കിങ് ലയർ ആയിരുന്നു ആ ചിത്രം. ചിത്രം വിജയമായിരുന്നു എങ്കിലും ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നിരുന്നാലും പെരും നുണപ്പുഴ താണ്ടി ഞാൻ എന്നൊരു മനോഹരം ഗാനം ഉണ്ടായിരുന്നു ചിത്രത്തിൽ. അതിന് രചന നിർവ്വഹിച്ചത് വയലാർ ശരത് ചന്ദ്ര വർമ്മയായിരുന്നു.

ശേഷം 2018-ലാണ് അവസാനമായി അലക്സ് പോൾ ഒരു സിനിമയ്ക്ക് സംഗീതം പകരുന്നത്. ചിത്രം യുവേഴ്സ് ലവിങ്ലി. ചിത്രവും ഗാനങ്ങളും വലിയ പരാജയമായി മാറി. ഈ ചിത്രത്തിന് ശേഷം അലക്സ് പോൾ ഒരു സിനിമയ്ക്കും സംഗീതം നിർവ്വഹിച്ചിട്ടില്ല. ഇടയ്ക്ക് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നൊക്കെ അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂവിൽ കണ്ടിരുന്നു പിന്നെ അതേപറ്റി അറിവൊന്നും ഇല്ല. ഇടയ്ക്ക് സ്വന്തമായി ഒരു മ്യൂസിക്ക് തെറാപ്പി ഇൻസ്ട്രമെന്റ് ഒക്കെ കണ്ടു പിടിച്ചതിനെ പറ്റിയുള്ള വാർത്തയൊക്കെ വന്നിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സ്വന്തമായി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടും റെക്കോർഡിങ് സ്റ്റുഡിയോയുമൊക്കെ തുടങ്ങിയ അലക്സ് പോൾ കരിയറിന്റെ ഇടയ്ക്ക് വെച്ച് മ്യൂസിക് ടെക്ക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ വാർത്തയും ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാള ഗാനമേള ചരിത്രത്തിലെ ആദ്യത്തെ മ്യൂസിക് ഓർക്കസ്ട്രയിൽ അംഗമായിരുന്ന എ.എം പോളിന്റെ മക്കളിൽ ഒരാളാണ് അലക്സ് പോൾ. വളരെ ചെറിയ പ്രായത്തിൽ തന്നെ സംഗീത മേഖലയിലേക്ക് കാലെടുത്തു വെച്ച ആളായിരുന്നു അദ്ദേഹം. കൊച്ചിൻ കലാഭവനിൽ നിന്നും സംഗീതോപകരണങ്ങളുടെ പ്രവർത്തനങ്ങളിൽ ഗ്രാഹ്യം നേടിയ അലക്സ് പോൾ ആൽബങ്ങൾക്കും ടീവി സീരിയലുകൾക്കുമൊക്കെ സംഗീതം പകർന്നാണ് സിനിമയിലേക്ക് എത്തുന്നത്.
അലക്സ് പോളിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം ഏതൊരാളും സ്വപ്നം കാണും വിധമായിരുന്നു. തുടർച്ചയായി സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി കൊണ്ട് ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അലക്സ് പോളിന്റെ വളർച്ച. ഒരു കാലത്ത് അലക്സ് പോൾ ആണ് സംഗീതം എന്ന് കേട്ടാൽ ആ സിനിമ ഹിറ്റ്‌ എന്ന് ഉറപ്പിച്ച സമയമുണ്ടായിരുന്നു. ഏകദേശം അഞ്ച് വർഷത്തോളം തുടർച്ചയായി അതിമനോഹര ഗാനങ്ങൾ തന്നുകൊണ്ട് അലക്സ് പോൾ മലയാള സംഗീത രംഗത്തെ സിംഹാസനം കൈയ്യടക്കി വെച്ചു. ക്ലാസ്സ്‌മേറ്റ്സ് എന്നൊരു ഒറ്റ സിനിമ മതി എക്കാലവും അദ്ദേഹത്തെ ഓർക്കാൻ. പെട്ടന്ന് ആളി കത്തി അണഞ്ഞു പോയ ഒരു തീയായിരുന്നു അലക്സ് പോൾ. സിനിമയിൽ സ്വപ്നതുല്ല്യമായ തുടക്കം ലഭിക്കുകയും ഏവരിലും അത്ഭുതവും അസൂയയും ജനിപ്പിക്കുകയും ചെയ്ത.... ഭാഗ്യ സംഗീത സംവിധായകൻ എന്ന പേരെടുത്ത ചെയ്ത അലക്സ് പോളിന് ആ പേര് പക്ഷേ അഞ്ച് വർഷം മാത്രേ നില നിർത്താൻ കഴിഞ്ഞുള്ളൂ എന്നതാണ് സങ്കടം.

ഒരു സമയത്ത് ഏറെ ആഘോഷമാക്കിയ അനേകം ഗാനങ്ങളുടെ അമരക്കാരൻ ആയിരുന്നു അലക്സ് പോൾ. ചതിക്കാത്ത ചന്തു,രാജമാണിക്യം,ബാബ കല്ല്യാണി,തൊമ്മനും മക്കളും, തുറുപ്പുഗുലാൻ,ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്,വാസ്തവം,മായാവി, ഹലോ തുടങ്ങി എത്രയെത്ര സിനിമകൾ എത്രയെത്ര ഗാനങ്ങൾ. ഇന്നും മുഷിപ്പ് ഇല്ലാതെ കേട്ടിരിക്കുന്ന പാട്ടുകളാണ് ഈ പറഞ്ഞ മിക്ക സിനിമകളിലേതും.

ഒരു ലവ് ലെറ്ററുമായി മലയാള സിനിമയിലേക്ക് കടന്നു വന്നുകൊണ്ട് അമ്പലക്കര തെച്ചിക്കാവിൽ പാണ്ടിമേളവും പാട്ടും കൂത്തും നടത്തിക്കൊണ്ട് അരപ്പവൻ പൊന്നു കൊണ്ട് ഒരു ഏലസ്സും ഒപ്പം കൈ നിറയെ വെണ്ണയും നൽകി മഴമീട്ടുന്ന ശ്രുതിയും കേൾപ്പിച്ച് കാറ്റാടി തണലിൽ ചെറു ചിരി ചുണ്ടിൽ തൂകിക്കൊണ്ട് സ്നേഹം തേനല്ലെന്ന് മുറ്റത്തെ മുല്ലയെ പറഞ്ഞു പഠിപ്പിച്ചു കൊണ്ട് ഖൽബിലെ നല്ല പാട്ടുകാരനായ തന്നെ ഇഷ്ടമല്ലേ എന്ന് ചോദിച്ചു കൊണ്ട് മഴവില്ലിൻ നീലിമ നിറഞ്ഞ പകൽ ആടിമേഘ ചൂടുവറ്റി ഇലകൊഴിയുന്ന കിളിച്ചുണ്ടൻ മാവിന്റെ തണുപ്പുള്ള തണലിൽ ചില്ലു ജാലകം തുറന്നു കൊണ്ട് മഴമണി മുകിലിനെ എതിരേറ്റുകൊണ്ട് പുഞ്ചിരിക്കണ പഞ്ചമിയെ വരവേറ്റ് കൽക്കണ്ട മലയും താണ്ടി കണ്ണും ചിമ്മി ചിമ്മി ചെങ്കദളി കുമ്പിളിലെ തേൻ നുകർന്നു കൊണ്ട് കടുകിട്ടു വറുത്ത കടക്കക്കണ്ണുമടിച്ച് പെരുംനുണപ്പുഴ താണ്ടി അയാൾ നടന്നകന്നു.

കൗമാരം അതിമനോഹരമാക്കിയ അനേകം ഗാനങ്ങൾ ഒരുക്കി തന്ന..... ഗൃഹാതുരത്വമുണർത്തുന്ന എവർഗ്രീൻ ഗാനങ്ങൾ ഒരുക്കി തന്ന.... ഏറെ സന്തോഷം പകർന്നു തന്ന പാട്ടുകൾ ഒരുക്കി തന്ന..... പ്രിയപ്പെട്ട അലക്സ് പോൾ നിങ്ങൾ ഒഴിച്ചിട്ടു പോയ ആ കസേരയിൽ ഇപ്പോഴും ആർക്കും ഇരിപ്പുറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളേക്കാൾ പ്രഗത്ഭർ ആയ അനേകം ആളുകൾ നിറഞ്ഞു നിൽക്കുന്നതാണ് മലയാള സംഗീത സംവിധാന മേഖല. എന്നിരുന്നാലും നിങ്ങൾ ഒരു അണ്ടർറേറ്റഡ് മ്യൂസിക് ഡയറക്ടർ ആണ് പലരും വാഴ്ത്താൻ മറന്നു പോകുന്ന അണ്ടർറേറ്റഡ് മ്യൂസിക് ഡയറക്ടർ. ചുരുങ്ങിയ കാലം കൊണ്ട് നിങ്ങൾ ഉണ്ടാക്കിയ ആ ഓളം മറ്റൊരാൾക്കും അത്തരത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ പാട്ടുകൾ മൂളി നടന്ന് കൗമാരം ആഘോഷമാക്കിയ അനേകം കുട്ടികളിൽ ഒരാളാണ് ഞാനും. ജീവിതത്തിലെ ഏറ്റവും മനോഹര കാലഘട്ടത്തെ അതിമനോഹരമാക്കാൻ സഹായിച്ച ആളുകളിൽ ഒരാളാണ് നിങ്ങൾ അതുകൊണ്ട് ഒക്കെ തന്നെ നിങ്ങളോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. കാത്തിരിക്കുന്നു ഒരിക്കൽ കൂടെ അത്തരം ആഘോഷ ഗാനങ്ങളുമായി പൂർവാധികം ശക്തിയോടെയുള്ള നിങ്ങളുടെ തിരിച്ചു വരവിനായി.

- വൈശാഖ്.കെ.എം
അലക്സ് പോൾ അലക്സ് പോൾ Reviewed by on 03:28 Rating: 5

No comments:

Powered by Blogger.