പിന്നെയും പിന്നെയും

  ആന്ധ്രാപ്രദേശിലെ കൃഷ്ണഗുഡിയെന്ന ഒരു കൊച്ചു ഗ്രാമത്തിലിരുന്ന് അവിടത്തെ കൊച്ചു റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്റർ ഗിരി തന്റെ സഹപ്രവർത്തകനും സുഹൃത്തുമായ ജോസ് എബ്രഹാമിനോട്‌ വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കുകയാണ്. അയാൾക്ക് വേണ്ടി നാട്ടിൽ അയാളുടെ അമ്മ തകൃതിയായി വിവാഹാലോചനകൾ നടത്തുമ്പോൾ അയാൾ ദൂരെ ഒരു സ്ഥലത്തിരുന്ന് അയാളുടെ സങ്കല്പങ്ങൾ പറയുകയാണ്.

ഗിരിയുടെ വാക്കുകളിലേക്ക്.

ഗിരി : ഓർക്കാൻ നല്ല രസമുണ്ടല്ലേ.... ഏതോ ഒരു നാട്ടിൽ, ഏതോ ഒരു വീട്ടിൽ നമ്മൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ഏതോ ഒരു പെൺകുട്ടി. അവൾ അറിയുന്നുണ്ടാവോ ഇങ്ങനെ ഒരാൾ ഈ കൃഷ്ണഗുഡിയിൽ ഇപ്പൊ അവളെ കുറിച്ചാ പറഞ്ഞോണ്ടിരിക്കുന്നതെന്ന്..? അവളെ കുറിച്ചാണ് ഓർത്തോണ്ട് ഇരിക്കുന്നതെന്ന്..?

പിന്നീട് അയാൾ അയാളുടെ മനസ്സിൽ മൊട്ടിട്ട പ്രണയത്തിന്റെ താളുകൾ തുറക്കുകയാണ്. ഇന്നേവരെ താൻ കണ്ടിട്ടില്ലാത്ത തന്റെ പ്രിയതമയാകാൻ പോകുന്നയാൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെ അയാൾ വർണ്ണിക്കുകയാണ്.

"പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം 
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം 

പുലര്‍ നിലാച്ചില്ലയില്‍ കുളിരിടും മഞ്ഞിന്റെ
പൂവിതള്‍ തുള്ളികള്‍ പെയ്തതാവാം
അലയുമീ തെന്നലെന്‍ കരളിലെ തന്ത്രിയില്‍
അലസമായ് കൈവിരല്‍ ചേര്‍ത്തതാവാം
മിഴികളില്‍ കുറുകുന്ന പ്രണയമാം പ്രാവിന്റെ
ചിറകുകള്‍ മെല്ലെ പിടഞ്ഞതാവാം 
താനെ തുറക്കുന്ന ജാലകച്ചില്ലില്‍ നിൻ
തെളിനിഴല്‍ ചിത്രം തെളിഞ്ഞതാവാം

തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍
നെറുകയില്‍ ചന്ദനം തൊട്ടതാവാം
കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍
കുസൃതിയാല്‍ മൂളി പറന്നതാവാം
അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം
അഴകോടെ മിന്നി തുടിച്ചതാവാം 
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം"

അയാളുടെ ആ കാത്തിരിപ്പിനെ ഇതിനേക്കാൾ നന്നായി വർണ്ണിക്കാൻ കഴിയുമോ..? അങ്ങനെ കഴിഞ്ഞാൽ ലോകേഷ് കനകരാജ് സിനിമകളിലെ ഡയലോഗ് കടമെടുത്ത് അയാൾക്ക് ലൈഫ് ടൈം സെറ്റിൽമെന്റ് എന്ന് പറയേണ്ടി വരും.

ഗിരീഷ് പുത്തഞ്ചേരിയെന്ന ഇതിഹാസത്തിന്റെ തൂലികയിൽ വിരിഞ്ഞ ഏറ്റവും മനോഹരമായ അത്ഭുത വരികളിൽ ഒന്നാണ് കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ പിന്നെയും പിന്നെയും എന്ന ഗാനം. അങ്ങനൊരു സന്ദർഭത്തെ ഇതിലും മനോഹരമായും, ഇതിലും ലളിതമായും, ഇതിലും ശക്തമായും വർണ്ണിക്കാൻ മറ്റാർക്കും കഴിഞ്ഞെന്ന് വരില്ല. എന്തൊരു രചയിതാവായിരുന്നു ആ മനുഷ്യൻ.

ഗിരീഷ് പുത്തഞ്ചേരിയുടെ മധുര മനോഹര വരികൾക്ക് അതിനോട് ചേർന്നു നിൽക്കുന്ന തരത്തിൽ ഈണം പകരാൻ വിദ്യാസാഗറിനോളം കഴിവ് മറ്റാർക്കുമില്ല. അവർക്കിടയിലെ ആ ഒത്തൊരുമ അനിർവചനീയമാണ്. ആ ബോണ്ട്‌ ഈ ഗാനത്തിന്റെ കാര്യത്തിൽ അതിന്റെ അങ്ങേയറ്റമാണ്. മധുര സംഗീതത്തിന്റെ രാജാവ് എന്ന് വിദ്യാസാഗറിനെ വിളിക്കുന്നത് ഇതുകൊണ്ട് ഒക്കെ തന്നെയാണ്. കേവലം വെറുമൊരു ഗാനം കൊണ്ട് പ്രണയമില്ലാത്തവരിൽപ്പോലും പ്രണയത്തിന്റെ വിത്തു പാകാൻ കഴിവുള്ള ഒരു മാന്ത്രിക സംഗീതജ്ഞനാണ് അദ്ദേഹം.

ഈ കൂട്ടുകെട്ടിന് പല കാര്യങ്ങളിലും വല്ലാത്തൊരു ചേർച്ചയാണ്, ഒരുമയാണ്.... വളരെ ലളിതമെന്ന് തോന്നിക്കുന്ന എന്നാൽ ശക്തമായ അർത്ഥങ്ങൾ വരുന്ന തരത്തിൽ വരികൾ രചിക്കുന്നയാളാണ് ഗിരീഷ് പുത്തഞ്ചേരി. വിദ്യാസാഗറും അതുപോലെ തന്നെയാണ്.... ലളിതമെന്ന് തോന്നിപ്പിക്കും വിധത്തിൽ ഈണങ്ങളൊരുക്കുന്ന അദ്ദേഹത്തിന്റെ ഗാനങ്ങൾ പക്ഷേ വല്ലാത്തൊരു സ്ലോ പോയ്‌സനാണ്. ഓരോ തവണ കേൾക്കുന്തോറും വല്ലാത്തൊരു തരം ആസക്തി തോന്നുന്ന അല്ലേൽ അടിമപ്പെടും തരത്തിലാണ് അദ്ദേഹം മിക്ക ഗാനങ്ങളും ഒരുക്കി വെച്ചിട്ടുള്ളത്. പിന്നെയും പിന്നെയും അതിന്റെ എക്സ്ട്രീം ലെവൽ ആണ്.

പിന്നെയും പിന്നെയും എന്ന ഗാനത്തിലേക്ക് വന്നാൽ ഈ കൂട്ടുകെട്ടിനൊപ്പം തന്നെ ചേർത്തു പറയേണ്ട പേരുകളാണ് ഗാനഗന്ധർവ്വൻ കെ. ജെ. യേശുദാസിന്റേതും, മലയാളത്തിന്റെ വാനമ്പാടി കെ. എസ്. ചിത്രയുടേതും. രണ്ട് വേർഷനും ഇരുവരും അതിമനോഹരമായി ആലപിച്ചിട്ടുണ്ട്.

ഈ ഗാനത്തോട് ഉള്ള ബന്ധം എന്താണെന്ന് വെച്ചാൽ ജീവിതത്തിന്റെ ഭാഗമായി തീർന്നൊരു ഗാനം എന്നേ വിശേഷിപ്പിക്കാനാകൂ. ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ കേട്ടിട്ടുള്ള / കേട്ടുകൊണ്ടിരിക്കുന്ന ഗാനം, ജീവിതത്തിൽ ഏറ്റവും കൂടുതൽ തവണ റിപ്പീറ്റ് ആയി കേട്ടിട്ടുള്ള / കേട്ടുകൊണ്ടിരിക്കുന്ന ഗാനം, ദിവസേന ചുരുങ്ങിയത് രണ്ട് തവണയെങ്കിലും കേൾക്കുന്ന ഗാനം, ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗാനം തുടങ്ങി ജീവിതത്തിൽ വലിയ സ്ഥാനമുണ്ട് ഈ പാട്ടിന്.

ഏതൊരു മോശം അവസ്ഥയേയും ഞൊടിയിടയിൽ അകറ്റാൻ ഒരു പ്രത്യേക കഴിവുണ്ട് ഈ ഗാനത്തിന്. വളരെ പെട്ടന്ന് തന്നെ കലങ്ങി മറിയുന്ന മനസ്സിനെ ശാന്തമാക്കാനുള്ള എന്തോ ഒരു അത്ഭുത സിദ്ധിയുള്ള ഒരു പാട്ടാണിത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഉറക്കമില്ലാത്ത പല രാത്രികളിലും ഉറക്ക് ഗുളികയുടെയൊന്നും സഹായമില്ലാതെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴാൻ ഈ ഗാനം എത്രയോ വട്ടം സഹായിച്ചിട്ടുണ്ട്.

പ്രണയിക്കുന്നവർക്കും, പ്രണയിക്കാൻ പോകുന്നവർക്കും, പ്രണയിച്ചിട്ടുള്ളവർക്കും തുടങ്ങി പ്രണയമെന്ന വികാരത്തോട് അകൽച്ചയുള്ളവർക്ക് പോലും പ്രിയമായിരിക്കും ഈ പാട്ടിനോട്. അത്തരത്തിൽ ഒരു അത്ഭുതമാണ് ഈ പാട്ട്.

കൃഷ്ണഗുഡിയിൽ തന്റെ ഭാവി സ്വപ്നം കണ്ടു കൊണ്ട് പ്രതീക്ഷയോടെ തന്റെ പ്രിയതമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ഗിരിയുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിക്കാൻ മീനാക്ഷി എത്തുന്നതാണ് ഈ ഗാനത്തിന്റെ പശ്ചാത്തലമായി കാണിക്കുന്നത്. കമൽ മനോഹരമായി അണിയിച്ചൊരുക്കിയ ഒരു ഗാനമാണിത്. മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനും, മൈസൂരും, ഊട്ടിയുമെല്ലാം സാങ്കല്പിക ഗ്രാമമായ കൃഷ്ണഗുഡിയാക്കി മാറ്റി കൊണ്ട് അവതരിപ്പിച്ചപ്പോൾ പി. സുകുമാർ എന്ന ഛായാഗ്രാഹകൻ അവയുടെയൊക്കെ സൗന്ദര്യം തന്റെ ക്യാമറയിൽ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. ജയറാമും,മഞ്ജു വാര്യരും ഗിരിയും, മീനാക്ഷിയുമായി അരങ്ങിൽ എത്തി. ഇരുവരുടേയും പ്രകടന മികവും പിന്നെയും പിന്നെയും എന്ന ഗാനത്തിന്റെ മാറ്റ് കൂട്ടുന്നു.

ഏറെ വിഷമങ്ങൾ ഉള്ളിലൊതുക്കിക്കൊണ്ട് എല്ലാം മറന്ന് അല്പനാൾ വിശ്രമ ജീവിതം നയിക്കാൻ എത്തുന്ന മീനാക്ഷിയുടെ ജീവിതത്തിൽ ജീവിതത്തെ പറ്റി ഏറെ സ്വപ്നങ്ങൾ കണ്ടു കൊണ്ട് ജീവിതം ആസ്വദിച്ചു നടക്കുന്ന ഗിരി വരുത്തുന്ന മാറ്റങ്ങളുടെ കഥ പറയുന്ന കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് മനോരഹരമായൊരു സിനിമയാണ്. ഒരുപിടി മനോഹര മുഹൂർത്തങ്ങളും അതിമനോഹരമായ കുറച്ച് ഗാനങ്ങളുമൊക്കെയുള്ള ഒരു ലളിത മനോഹര ചിത്രം.

പക്ഷേ ആ സിനിമയേക്കാൾ ആത്മാവുണ്ട് അതിലെ ഗാനങ്ങൾക്ക് പ്രത്യേകിച്ച് പിന്നെയും പിന്നെയും എന്ന ഗാനത്തിന്. ഗിരിയുടെ പ്രതീക്ഷകൾ പോലെ തന്നെ ആ ഗാനവും ഒരു പ്രതീക്ഷയാണ് ഒപ്പം തലോടലും,ആശ്വാസവും തുടങ്ങി വാക്കുകൾക്കതീതമായ എന്തൊക്കെയോ ആണ്.

"ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ
സ്വകാര്യം പറഞ്ഞതാവാം

പിന്നെയും പിന്നെയും ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന പദനിസ്വനം 
പിന്നെയും പിന്നെയും ആരോ നിലാവത്ത്
പൊന്‍‌വേണുവൂതുന്ന മൃദു മന്ത്രണം"

അത്രമേൽ ഹൃദ്യമീ മധുരമനോഹര ഗാനം അത്രമേൽ പ്രണയമീ ലളിത മനോഹര വരികളോടും മാന്ത്രിക സംഗീതത്തോടും.

ഇത്തരമൊരു അത്ഭുതം സമ്മാനിച്ചതിന് ഗിരീഷ് പുത്തഞ്ചേരിക്കും,വിദ്യാസാഗറിനും ഹൃദയം നിറഞ്ഞ നന്ദി. 🙏🏻❤️

വൈശാഖ്.കെ.എം
പിന്നെയും പിന്നെയും പിന്നെയും പിന്നെയും Reviewed by on 02:28 Rating: 5

No comments:

Powered by Blogger.