ന്നാ താൻ കേസ് കൊട്
എക്കാലത്തും വളരെ സാമൂഹിക പ്രസക്തമായൊരു വിഷയത്തെ ആക്ഷേപഹാസ്യ രൂപേണയും ഗൗരവപരമായും വൃത്തിയോടും വെടിപ്പോടും കൂടെ എല്ലാ അർത്ഥത്തിലും ശക്തമായി അവതരിപ്പിച്ച ഒരു സിനിമ.
ന്നാ താൻ കേസ് കൊട് ഓരോ സാധാരണക്കാരന്റേയും സിനിമയാണ് രാജീവൻ അവരുടെ പ്രതിനിധിയും.
സാധാരണക്കാരന് തീണ്ടാപ്പാട് അകലെയും അല്ലാത്തവർക്ക് കൈക്കുമ്പിളിലുമാണ് പലപ്പോഴും നമ്മുടെ നാട്ടിലെ പല നിയമങ്ങളും. അത്തരത്തിലുള്ള വേർതിരിവുകളെ ശക്തമായി ചോദ്യം ചെയ്യുന്ന ചിത്രമാണ് രതീഷ് ബാലകൃഷ്ണന്റെ ന്നാ താൻ കേസ് കൊട്. ഒപ്പം കൊടിയുടെ നിറം നോക്കാതെ ഇന്നാട്ടിലെ ജനങ്ങളെ ദ്രോഹിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന അത്തരത്തിലുള്ള സകല രാഷ്ട്രീയക്കാരേയും ചിത്രത്തിലൂടെ നന്നായി പ്രഹരിക്കുന്നുണ്ട്. ഓരോ സാധാരണക്കാരനും ചോദിക്കാനും ഉറക്കെ വിളിച്ചു പറയാനും ആഗ്രഹിച്ച കാര്യങ്ങൾ രാജീവനിലൂടെ കേൾക്കുമ്പോൾ തിയ്യേറ്ററുകളിൽ പ്രായവ്യത്യാസമില്ലാതെ ഉയർന്നു കേട്ട കൈയ്യടികൾ ആണ് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഭംഗി.
ഇത്തരത്തിൽ ഒരു വിഷയത്തെ ആക്ഷേപഹാസ്യത്തിലൂടെ എന്നാൽ അതിന്റെ ഗൗരവം ഒട്ടും കുറയാതെ തന്നെ ശക്തമായി പറയാൻ കാണിച്ച ചങ്കൂറ്റത്തിന് ആണ് ആദ്യത്തെ കൈയ്യടി. മറ്റൊന്ന് ഇത്തരം ഒരു വിഷയത്തെ ഒരു ഓഫ്ബീറ്റ് സിനിമയാക്കി മാറ്റാതെ ഏതൊരു തരം പ്രേക്ഷകനും ആസ്വാദിക്കാൻ പറ്റുന്ന തരത്തിൽ ഒരുക്കി എന്നതാണ് രതീഷ് ചെയ്ത മറ്റൊരു നല്ല കാര്യം. ഇത്തരം വിഷയങ്ങൾ ഒക്കെ ആ തീവ്രതയോടെ പ്രേക്ഷകനിൽ എത്തണേൽ ചിത്രം എന്റർടൈനിങ് ആയിരിക്കണം.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന് രതീഷിന്റെ രചന തന്നെയാണ് അതിഗംഭീരമായി രതീഷ് ന്നാ താൻ കേസ് കൊട് രചിച്ചിട്ടുണ്ട്. ആ രചനയെ അതിന്റെ ക്വാളിറ്റി ചോരാതെ തന്നെ അണിയിച്ചൊരുക്കിയിട്ടുമുണ്ട്. രാകേഷ് ഹരിദാസന്റെ ഛായാഗ്രഹണവും മനോജ് കണ്ണോത്തിന്റെ എഡിറ്റിങ്ങും ടൗൻ വിൻസെന്റിന്റെ സംഗീതവും ന്നാ താൻ കേസ് കൊടുവിൽ മികവ് പുലർത്തിയ മേഖലകളാണ്.
ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിലെ അഭിനയിക്കാൻ അറിയാത്ത അഭിനേതാക്കൾ തന്നെ ആയിരുന്നു.
കൊഴുമ്മൽ രാജീവൻ കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്. തന്നിലെ അഭിനേതാവിലെ കഴിവുകളെ പുറത്ത് കൊണ്ട് വരാൻ മാറ്റത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ചാക്കോച്ചന് തെറ്റിയില്ല. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം എന്ന് തന്നെ പറയാം. കാസർഗോഡ് സ്ലാങ് അടക്കം പലതിലും മിത്വത്വം പാലിച്ചു കൊണ്ട് വളരെ തന്മയത്വത്തോടെ അദ്ദേഹം ആ കഥാപാത്രമായി പകർന്നാട്ടം നടത്തിയിട്ടുണ്ട്. തന്നിൽ നിന്ന് ഇനിയുമേറെ പ്രതീക്ഷിക്കാം എന്നൊരു സിഗ്നൽ അദ്ദേഹം തന്നിട്ടുണ്ട്. എവിടേയും ചിത്രത്തിന്റെ ഒരു സ്ഥലത്ത് പോലും കുഞ്ചാക്കോ ബോബനേയോ അദ്ദേഹത്തിന്റെ മുൻകാല സിനിമകളിൽ കണ്ട് പോന്നിട്ടുള്ള ഭാവങ്ങളോ ഒന്നും തന്നെ കാണാൻ സാധിച്ചിട്ടില്ല. കൊഴുമ്മൽ രാജീവനായി അത്രത്തോളം ആഴത്തിൽ ആഴ്ന്നിറങ്ങിക്കൊണ്ട് ആ കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവ് ഗംഭീരമാക്കിയിട്ടുണ്ട്.
ചിത്രത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതും മജിസ്ട്രേറ്റ് കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ഞിക്കണ്ണൻ എന്ന കലാകാരനെയാണ്. അദ്ദേഹത്തിന്റെ ഒരു പൂന്തുവിളയാട്ടം തന്നെയായിരുന്നു ചിത്രത്തിലുടനീളം. ഒരു നോട്ടം കൊണ്ട് പോലും ചിരിപ്പിക്കാൻ കഴിഞ്ഞു എന്ന് തന്നെ പറയാം.
അത്തരത്തിൽ ഒരുപാട് പുതിയ കലാകാരന്മാരുണ്ട് ചിത്രത്തിൽ എടുത്ത് പറയേണ്ടത് പോലീസ് കഥാപാത്രങ്ങൾ, എം എൽ എ, മിനിസ്റ്റർ, ടീച്ചർ, ബൈക്ക് റൈഡർ , ഡ്രൈവർ, നേഴ്സ്,വക്കീലന്മാർ തുടങ്ങിയ കഥാപാത്രങ്ങൾ അവതരിപ്പിച്ചവരെയാണ്. ഒരൊറ്റ ഒരാൾക്കും അഭിനയിക്കാൻ അറിയില്ല ക്ലീഷേ ഡയലോഗ് ആണ് എന്നാലും പറയുന്നു കഥാപാത്രങ്ങളായി ജീവിച്ചു കാണിക്കുകയായിരുന്നു എല്ലാവരും. അസാധ്യ അഭിനയ പ്രതിഭകൾ.
സംവിധായകൻ രതീഷിന് ഒപ്പം തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്ന ഒരാളാണ് രാജേഷ് മാധവനെന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ. എവിടെയോ മറഞ്ഞിരുന്നിരുന്ന ഒരുപാട് അത്ഭുത പ്രതിഭകളെയാണ് രാജേഷ് സിനിമയെന്ന വിസ്മയ ലോകത്തേക്ക് കൈ പിടിച്ചു കൂട്ടി കൊണ്ട് വന്നത്. അതോടൊപ്പം തന്നെ ചിത്രത്തിൽ രാജേഷ് സുരേശൻ എന്നൊരു കഥാപാത്രത്തേയും അവതരിപ്പിച്ചിട്ടുണ്ട്. അതിമനോഹരമായി തന്നെ അദ്ദേഹം ആ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. രാജേഷ് വന്നുപോയ മിക്ക രംഗങ്ങളും ഏറെ ചിരി പടർത്തിയവയാണ്.
ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗായത്രി ശങ്കറും തന്റെ ഭാഗം മനോഹരമാക്കിയിട്ടുണ്ട്. വളരെ തന്മയത്വത്തോട് തന്നെ അവര് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
എല്ലാ മേഖലകളും മികച്ചു നിന്ന ഒരു സിനിമയാണ് ന്നാ താൻ കേസ് കൊട്. ജനങ്ങൾ അവർക്ക് വേണ്ടി തിരഞ്ഞെടുത്ത് ഭരിക്കാൻ പറഞ്ഞു വിട്ടിട്ട് അവരുടെ കാര്യങ്ങൾ നോക്കാതെ അവരെ ദ്രോഹിച്ച് കട്ടുമുടിക്കുന്ന ഓരോ രാഷ്ട്രീയക്കാരനോടും ജനങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ചോദിക്കുകയും നൽകാൻ ആഗ്രഹിക്കുന്ന പ്രഹരങ്ങൾ നല്ല വെടിപ്പായി നൽകുകയും ചെയ്യുന്ന സിനിമയാണ് ന്നാ താൻ കേസ് കൊട്. അതോടൊപ്പം തന്നെ മേല്പറഞ്ഞത് പോലെ സാധാരണക്കാരന് തീണ്ടാപ്പാടകലെയായ ഇവിടത്തെ നിയമവ്യവസ്ഥകളേയും ചിത്രം ശക്തമായ ഭാഷയിൽ ചോദ്യം ചെയ്യുന്നുണ്ട്. വിമർശിക്കുന്നുണ്ട്. അത്തരം സാമൂഹിക പ്രശ്നങ്ങളെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞും ഗൗരവപൂർവ്വവും പറഞ്ഞു പോകുന്ന ഒരു മികച്ച സിനിമയാണ് ന്നാ താൻ കേസ് കൊട്.
എന്നെ സംബന്ധിച്ച് ഞാൻ പരിസരം മറന്ന് ചിരിച്ച.... മനസ്സറിഞ്ഞു കൈയ്യടിച്ച.... ഏറെ ആസ്വദിച്ചു കണ്ട ഒരു അതിഗംഭീര ദൃശ്യാനുഭവമാണ് ന്നാ താൻ കേസ് കൊട്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ന്നാ താൻ കേസ് കൊട്
Reviewed by
on
01:01
Rating:

No comments: