പാപ്പൻ

  പരിചയ സമ്പത്തിന്റെ മികവ്

പരിചയ സമ്പത്തിന്റെ മികവ് അതാണ് പാപ്പൻ എന്ന ചിത്രത്തെ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാനാണ് ഇഷ്ടം. അതിനുള്ള കാരണം സാക്ഷാൽ ജോഷി തന്നെയാണ്.

പേനകൊണ്ട് പാപ്പനെ സൃഷ്ടിച്ച ആർ. ജെ ഷാനിന് പക്ഷേ എഴുത്തിന് അധികം ബലം കൊടുക്കാൻ സാധിച്ചിരുന്നില്ല. കഥാപാത്ര നിർമ്മിതികളിലടക്കം എഴുത്തിന്റെ പോരായ്മ പലപ്പോഴും നിഴലിച്ചിരുന്നു. മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള പാപ്പന്റെ ഒന്നര മണിക്കൂറിന് മുകളിലുള്ള ആദ്യപകുതിയിലെ രചന വളരെ ഫ്ലാറ്റ് ആയിരുന്നു. യാതൊരു ഉയർച്ചകളുമില്ലാതെ എഴുതിയ സ്ക്രിപ്റ്റ് ആയിരുന്നു എന്ന് തന്നെ പറയാം. അവിടെയാണ് മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷിയുടെ സംവിധാന പാടവം തെളിഞ്ഞു നിൽക്കുന്നത്. അത്തരത്തിൽ ശരാശരിക്കും താഴെ നിന്നിരുന്ന സ്ക്രിപ്റ്റിനെ സംവിധാനം മികവ് കൊണ്ട് അദ്ദേഹം ശരാശരിക്കും മുകളിൽ ഉള്ളൊരു ആദ്യപകുതിയാക്കി മാറ്റി. നീത പിള്ള നിറഞ്ഞു നിന്ന ആദ്യപകുതിയിൽ സാക്ഷാൽ സുരേഷ് ഗോപിക്ക് പോലും വിരളമായ രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നിട്ട് പോലും പ്രേക്ഷകനെ മുഷിപ്പിക്കാത്ത തരത്തിൽ ജോഷി ആദ്യപകുതി പറഞ്ഞു നിർത്തി. വലിയ രോമാഞ്ചമൊന്നും ഉണർത്താത്ത ഒരു സീൻ ആയിരുന്നു ഇന്റർവൽ പഞ്ച് എന്ന് പറയുന്നത്. എന്നിട്ടും ആ ഒരു രംഗം കൈയ്യടിൽ അവസാനിക്കുന്നു എങ്കിൽ അത് ജോഷിയുടെ ഷോട്ടിന്റെ മികവ് തന്നെയായിരുന്നു.

ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോഴും ആദ്യത്തെ അരമണിക്കൂർ വലിയ ചലനമൊന്നും ഷാൻ ഒരുക്കിയ സ്ക്രിപ്റ്റ് ഉണ്ടാക്കുന്നില്ല അവിടേയും രക്ഷകൻ ആകുന്നത് ജോഷി തന്നെയാണ്. പിന്നീടുള്ള ഏകദേശം നാല്പത്തിയഞ്ച് മിനുട്ടിലാണ് ഷാനിന്റെ സ്ക്രിപ്റ്റിന്റെ ഗിയർ മാറ്റം സംഭവിക്കുന്നത്. സംവിധാന മികവിനോട് മത്സരിക്കാൻ എന്നോണം ആ അവസാന നാല്പത്തിയഞ്ച് മിനുട്ട് സ്ക്രിപ്റ്റ് ഉയരുന്നുണ്ട്. ആ നാല്പത്തിയഞ്ച് മിനുട്ട് ആണ് സിനിമയുടെ ലൈഫ്. ഷാനിന്റെ തിരക്കഥയ്ക്ക് ശോഭ വെക്കുന്ന സമയം വരെ ഇടയ്ക്ക് ശരാശരി നിലവാരവും ചിലപ്പോൾ അതിന് താഴെയും പോയിരുന്ന രചനയെ വെച്ച് സിനിമ തോളിലേറ്റിയത് ജോഷിയെന്ന അതികായനാണ്. അദ്ദേഹത്തിന്റെ പരിചയ സമ്പത്ത് ആയിരുന്നു അതുവരെ ആ സിനിമയുടെ മുതൽകൂട്ട്. സ്ക്രിപ്റ്റിന് ജീവൻ വെച്ചപ്പോഴും ജോഷിയുടെ സംവിധാന മികവ് അതിലും ഉയർന്ന് തന്നെ നിന്നു. അതാണ് പരിചയ സമ്പത്തിന്റെ മികവെന്ന് പാപ്പനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കാരണം.

ഒന്നൂടെ പാപ്പനുള്ളിലേക്ക് ഇറങ്ങി ചെന്നാൽ.....

ഒരു ക്രൈം ത്രില്ലറിന് സ്ക്രിപ്റ്റ് ഒരുക്കിയപ്പോൾ RJ Shaan ന് സംഭവിച്ച ആദ്യ പിഴവ് അതിന്റെ നീട്ടക്കൂടുതൽ ആയിരുന്നു. ശരവേഗത്തിൽ പലപ്പോഴും കഥ പറഞ്ഞിട്ട് പോലും സിനിമ മൂന്ന് മണിക്കൂറോളം വരുന്നുണ്ട് എന്നത് ഒരു പോരായ്മയായിരുന്നു. മറ്റൊന്ന് എഴുത്തിന്റെ ബലക്കുറവ് ആയിരുന്നു. ഒരു ക്രൈം ത്രില്ലറിൽ പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ എഴുത്തിന് കഴിയാതെ പോയാൽ അത് വലിയ ഒരു നെഗറ്റീവ് തന്നെയാണ്. ആദ്യപകുതിയിൽ മേല്പറഞ്ഞത് പോലെ രചന അത്രത്തോളം ഫ്ലാറ്റ് ആണ്. ത്രില്ലർ സിനിമകളിലെ ചില ക്ലീഷേ രംഗങ്ങളെ തമാശ രൂപേണ പല സ്ഥലത്തും ട്രോളിക്കൊണ്ട് ഷാൻ ഒരുക്കിയ സംഭാഷണങ്ങൾ  കേട്ട് കൈയ്യടിച്ച് ഇരിക്കുമ്പോൾ ആവും അതിലും വലിയ ക്ലീഷേ സീനുകളുടെ കടന്നു വരവ്. അത്തരത്തിൽ കുറച്ച് രംഗങ്ങൾ ഉണ്ട് ചിത്രത്തിൽ. ചില സ്ഥലങ്ങളിൽ സംഭാഷണങ്ങളിലെ നാടകീയതയും ഒരു കല്ലുകടിയായിരുന്നു.

പക്ഷേ ഈ പറഞ്ഞ പോരായ്മകളെയൊക്കെ അവസാന നാല്പത്തിയഞ്ച് മിനുട്ട് കൊണ്ട് ഷാൻ മറി കടക്കുന്നുണ്ട്. പടത്തിന്റെ ലൈഫ് ആയ ആ മുക്കാൽ മണിക്കൂർ അതുവരെ ഒതുങ്ങി നിന്ന ഷാനിന്റെ സ്ക്രിപ്റ്റ് ഹീറോ ആയി മാറുന്നുണ്ട്. ആ നിലവാരം സിനിമയിലുടനീളം കാത്ത് സൂക്ഷിക്കാൻ സാധിച്ചിരുന്നുവെങ്കിൽ പാപ്പൻ മലയാളം കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലറുകളിൽ ഒന്നായി മാറിയേനെ. തുടക്കക്കാരനിലെ പതർച്ചകൾ ഷാൻ വരും സിനിമകളിൽ മാറ്റും എന്ന് കരുതാം. എന്തായാലും അയാളുടെ കൈയ്യിൽ മരുന്നുണ്ട്.

പടത്തിന്റെ പോസിറ്റീവ് വശങ്ങൾ എടുക്കാം.....

Ajay David Kachappilly സിനിമയുടെ പ്രധാന ഫില്ലറുകളിൽ ഒന്നാണ് അജയ്. അജയ് ഒരുക്കിയ ഫ്രേമുകൾ ചിത്രത്തെ ആദ്യാവസാനം മനോഹരമാക്കി നിർത്തുന്നുണ്ട്. ഛായാഗ്രഹണമികവ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് സൈഡുകളിൽ ഒന്നാണ്.

Jakes Bejoy അജയ് ഒരുക്കിയ മനോഹര ഫ്രേമുകൾക്കും ജോഷി സാറിന്റെ ഗംഭീര ഷോട്ടുകൾക്കും ശ്യാം ശശിദരന്റെ എഡിറ്റിങ്ങിനും പൂർണത വരുന്നത് അതിലേക്ക് Jakes Bejoy യുടെ പശ്ചാത്തല സംഗീതം കൂടെ ചേരുമ്പോഴാണ്. ക്ലൈമാക്സ്‌ രംഗങ്ങളിലൊക്കെ ജേക്ക്സ്സ് മാജിക്ക് തന്നെയാണ് പ്രേക്ഷകനിൽ ഭയവും, രോമാഞ്ചവുമൊക്കെയുളവാക്കുന്നത്. ഒപ്പം ജേക്ക്സ്സ് സംഗീതം പകർന്ന രണ്ട് ഗാനങ്ങളിൽ ഒരെണ്ണം മനോഹരമായിരുന്നു.

മൂന്ന് മണിക്കൂറിനടുത്തുള്ള ചിത്രത്തിൽ Shyam Sasidharan ന്റെ എഡിറ്റിങ് മികവും എടുത്ത് പറയേണ്ടതാണ്. അദ്ദേഹത്തിന്റെ കത്രികയുടെ മികവ് ആണ് ചിത്രത്തെ പലപ്പോഴും ചടുലമാക്കിയത്.

അരങ്ങിലേക്ക് വന്നാൽ.....

Suresh Gopi ..... എബ്രഹാം മാത്യു മാത്തൻ അഥവാ പാപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് ഗോപിക്ക് ആദ്യപകുതിയിൽ നിറഞ്ഞാടാനുള്ള വലിയ സ്‌പേസ് ഉണ്ടായിരുന്നില്ല. പക്ഷേ ആ വിടവ് അദ്ദേഹം രണ്ടാം പകുതിയിൽ നികത്തിയിട്ടുണ്ട്. അഭിനേതാക്കളിൽ അദ്ദേഹത്തിന്റെ ചുമലിലേറി തന്നെയായിരുന്നു രണ്ടാം പകുതി മുൻപോട്ട് പോയതും. വേദനയും, സ്നേഹവും, പകയും, നിരാശയുമെല്ലാം ഒരുപോലെ പ്രകടമാക്കേണ്ട എബ്രഹാം മാത്യു മാത്തനെ സുരേഷ് ഗോപി വളരെ തന്മയത്വത്തോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആ കഥാപാത്രം അദ്ദേഹത്തിന്റെ കൈയ്യിൽ ഭദ്രമായിരുന്നു.

പ്രകടനം കണ്ടിട്ട് സുരേഷ് ഗോപിക്ക് പുറമേ കൈയ്യടിച്ചത് ഒരേയൊരു കഥാപാത്രത്തിനാണ് അത് Shammy Thilakan അവതരിപ്പിച്ച ചാക്കോ എന്ന കഥാപാത്രത്തിന്റെ പ്രകടന മികവിനായിരുന്നു. രണ്ടോ മൂന്നോ രംഗങ്ങളിൽ വരുന്ന Shammy Thilakan ന്റെ പ്രകടനം വല്ലാതെ ഇഷ്ടമായി പ്രത്യേകിച്ച് അദ്ദേഹത്തിന് നീളക്കൂടുതൽ ഉള്ള രംഗത്തിൽ. ആ ഡയലോഗ് ഡെലിവറിയും, മാനറിസങ്ങളുമെല്ലാം അത്രമേൽ മനോഹരമായിരുന്നു.

നെഗറ്റീവ് വശങ്ങളിലേക്ക്.....

ചിത്രത്തിന്റെ പ്രധാന നെഗറ്റീവ് എന്ന് പറയുന്നത് കാസ്റ്റിങ് തന്നെയായിരുന്നു എടുത്ത് പറയാനാണേൽ ഭൂരിഭാഗം അഭിനേതാക്കളുടെ പേരും പറയേണ്ടി വരും എന്നതാണ് സങ്കടകരം.

നിത പിള്ള എന്ന അഭിനേത്രിക്കായിരിക്കും ചിത്രത്തിൽ ഏറ്റവും കൂടുതൽ സ്ക്രീൻ സ്‌പേസ് ഉള്ളത്. ആദ്യാവസാനം ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന നിത തന്റെ കഴിവിന്റെ പരമാവധി വിൻസി എബ്രഹാം എന്ന പോലീസ് ഉദ്യോഗസ്ഥയെ മികച്ചതാക്കാൻ ശ്രമിച്ചുവെങ്കിലും തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന ഒരു പ്രതീതി ആയിരുന്നു. നിത ഒരു മിസ്സ്‌ കാസ്റ്റ് ആയി തോന്നി. അതുപോലെ തന്നെയായിരുന്നു ടിനി ടോം,ആശ ശരത്, സാധിക തുടങ്ങിയവരും.

Nyla Usha , Kaniha , Gokul Suresh തുടങ്ങിയവർക്ക് വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല എന്നിരുന്നാലും കിട്ടിയ സ്‌പേസിൽ അവര് നിലവാരമുള്ള പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.

രചനയിലെ പോരായ്മകളും കാസ്റ്റിങ് പ്രശ്നവും തന്നെയായിരുന്നു പ്രധാന പോരായ്മകൾ ആയി തോന്നിയത്.

ഇനി പടത്തിന്റെ കാതൽ ആയ മനുഷ്യനിലേക്ക്.

ശരാശരിയിലും അതിൽ താഴേയും ഒതുങ്ങിയ രചനയായിട്ടും മികച്ച ഷോട്ടുകൾ കൊണ്ടും മറ്റും ആദ്യപകുതിയെ ഉയർത്തി നിർത്തിയും, ചില ലോജിക് ഇല്ലായ്മകളേയും, ആവർത്തന വിരസമായ ചില രംഗങ്ങളേയും, നാടകീയത നിറഞ്ഞ സംഭാഷണ രംഗങ്ങളേയും അമിതമായ കല്ലുകടിയാവാത്ത തരത്തിൽ കൊണ്ട് പോയും, മൂന്ന് മണിക്കൂറിനടുത്തുള്ള കഥയെ മുഷിപ്പില്ലാതെ ശരവേഗത്തിൽ ആശയക്കുഴപ്പം വരുത്താതെ ചടുലമായി തന്നെ പറഞ്ഞു പോയും, സ്ക്രിപ്റ്റ് മികച്ചു നിന്ന സിനിമയുടെ ലൈഫ് ആയ ക്ലൈമാക്സ്‌ രംഗങ്ങളെ എഴുത്തിന് മുകളിൽ അണിയിച്ചൊരുക്കിയും പാപ്പനെ മികച്ചൊരു തിയ്യേറ്റർ എക്സ്പീരിയൻസ് ആക്കി മാറ്റിയ സംവിധായകൻ. മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ജോഷി. ആദ്യാവസാനം സംവിധായകന്റെ കൈയ്യൊപ്പ് വ്യക്തമായി പതിഞ്ഞ സിനിമയാണ് പാപ്പൻ. മറ്റാരെങ്കിലും ആയിരുന്നേൽ ശരാശരിക്കും താഴെപ്പോകുമായിരുന്ന ചിത്രത്തെ തന്റെ സംവിധാന പാടവം കൊണ്ടും പരിചയ സമ്പത്ത് കൊണ്ടും നല്ലൊരു അനുഭവമാക്കി മാറ്റാൻ ജോഷി സാറിന് കഴിഞ്ഞു. അയാളിൽ ഇനിയും ഏറെ അങ്കത്തിനുള്ള ബാല്യമുണ്ട് എന്ന് തെളിയിക്കുകയാണ് പൊറിഞ്ചു മറിയം ജോസിലൂടേയും, പാപ്പനിലൂടെയുമെല്ലാം. പ്രേക്ഷകന്റെ ആസ്വാദന രീതികൾ മാറുന്നതിന് അനുസരിച്ച് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുന്ന പഴയ കാലത്തെ ചുരുക്കം ചില സംവിധായകരിൽ ഒരാളാണ് ജോഷി. എബ്രഹാം മാത്യു മാത്തനെന്ന പാപ്പന്റെ ആത്മാവ് അത് ജോഷിയാണ്. പാപ്പൻ താരത്തിന്റെ സിനിമയോ എഴുത്തുകാരന്റെ സിനിമയോ അല്ല അത് സംവിധായകന്റെ സിനിമയാണ് ഒരു ജോഷി ചിത്രം.

രചനയിലെ ഏറ്റക്കുറച്ചിലുകൾ അവസാന നാല്പത്തിയഞ്ചു മിനുട്ടിൽ പരിഹരിച്ചപ്പോൾ, കാസ്റ്റിങ്ങിലെ പോരായ്മകളും മറ്റും ഒരുപരിധി വരെ അതിഗംഭീര സംവിധാന മികവ് കൊണ്ടും ഒപ്പം മികച്ച ഛായാഗ്രഹണ, ചിത്രസംയോജന, പശ്ചാത്തല സംഗീത മികവ് കൊണ്ടും ഒപ്പം സുരേഷ് ഗോപിയുടെ പ്രകടന മികവ് കൊണ്ടും മറച്ചപ്പോൾ ലഭിച്ചത് നല്ലൊരു തിയ്യേറ്റർ എക്സ്പീരിയൻസ് തന്നെയായിരുന്നു. എല്ലാം തികഞ്ഞ ക്രൈം ത്രില്ലർ എന്നൊന്നും പറയുന്നില്ല എന്നാലും മേല്പറഞ്ഞ മികവുകൾക്ക് സാക്ഷിയാകാൻ താല്പര്യമുണ്ടേൽ പാപ്പൻ നിരാശ സമ്മാനിക്കില്ല.

മേല്പറഞ്ഞ പോരായ്മകളെ മറച്ച് മറ്റുള്ള മികവുകൾ തെളിഞ്ഞു നിന്നപ്പോൾ ലഭിച്ചത് നല്ലൊരു ദൃശ്യാനുഭവം ആയിരുന്നു. അത്തരത്തിൽ എന്നെ സംബന്ധിച്ച് പാപ്പൻ നല്ലൊരു തിയ്യേറ്റർ എക്സ്പീരിയൻസ് ആയിരുന്നു.

(അഭിപ്രായം തികച്ചും വ്യക്തിപരം)

വൈശാഖ്.കെ.എം
പാപ്പൻ പാപ്പൻ Reviewed by on 01:22 Rating: 5

No comments:

Powered by Blogger.