കടുവ
ശരാശരി തിരക്കഥയെ ഷാജി കൈലാസ് തന്റെ ഗംഭീര മേക്കിങ്ങിലൂടെയും പൃഥ്വിരാജ് സുകുമാരൻ തന്റെ മികച്ച പ്രകടനത്തോടും കൂടെ ഉയർത്തി കൊണ്ട് വന്നപ്പോൾ ലഭിച്ച കൊള്ളാവുന്ന ഒരു മാസ്സ് മസാല അനുഭവമാണ് കടുവ.
ഏറെ നാളുകൾക്ക് ശേഷമാണ് തിയ്യേറ്ററിൽ ഇത്തരം ഒരു മലയാളം നാടൻ അടി പടത്തിന് സാക്ഷിയാകുന്നത്. അതിന്റെ അമരത്ത് ഏറെ ആരാധിക്കുന്ന സംവിധായകനും നായകനും കൂടെയാകുമ്പോൾ സന്തോഷം ഇരട്ടിയാണ്. കടുവയുടേത് വലിയ പുതുമയൊന്നുമുള്ള കഥാപശ്ചാത്തലമൊന്നുമല്ല പലപ്പോഴും കണ്ടു കൈയ്യടിച്ചിട്ടുള്ള മസാല പടങ്ങളുടെ സ്ഥിരം ശൈലി തന്നെയാണ് കടുവയും പിന്തുടരുന്നത്. അല്ലെങ്കിലും മാസ്സ് മസാല പടത്തിൽ ആ ജോണർ ഇഷ്ടപ്പെടുന്ന ആരും വലിയ പുതുമയും ലോജിക്കും ഒന്നും നോക്കാറില്ലല്ലോ.... ഇത്തരം സിനിമകളുടെ ആത്മാവ് അതിന്റെ മേക്കിങ് തന്നെയാണ്. അവിടെയാണ് കടുവയും ശോഭിക്കുന്നത്.
മാസ്സ് സിനിമകളുടെ തമ്പുരാൻ എന്ന് വിശേഷിപ്പിക്കാവുന്ന സാക്ഷാൽ ഷാജി കൈലാസ് തന്റെ പ്രിയപ്പെട്ട ജോണറിലേക്ക് ഒരിക്കൽ കൂടെ തിരിച്ചു വന്നപ്പോൾ കാണാൻ സാധിച്ചത് പ്രതാപ കാലത്തെ ഷാജി കൈലാസിനെ തന്നെയാണ്. ഒരു ആവറേജ് സ്ക്രിപ്റ്റ് പോലും തന്റെ മേക്കിങ് കൊണ്ട് ഗംഭീരമാക്കിയിരുന്ന ഷാജി കൈലാസ് മികവ് തന്നെയാണ് കടുവയുടേയും കാതൽ. കടുവ ഷാജി കൈലാസ് സിഗ്നേച്ചർ വ്യക്തമായി പതിഞ്ഞൊരു സിനിമയാണ്. തന്നെ എഴുതി തള്ളിയവർക്ക് മുൻപിലേക്ക് തന്റെ കഴിവുകൾ ഒന്നും എവിടേം പൊയ്പോയിട്ടില്ല എന്ന് അടിവരയിട്ട് പറയുന്ന ഷാജി കൈലാസിന്റെ തിരിച്ചു വരവാണ് കടുവ.
കടുവാക്കുന്നേൽ കുര്യാച്ചൻ എന്ന പാലായിലെ ഒരു പ്ലാന്ററുടേയും ജോസഫ് ചാണ്ടി എന്ന ഐ പി എസ്സുകാരന്റേയും ഈഗോയുടേയും അതിൽ നിന്ന് അവരിൽ ഉടലെടുക്കുന്ന വാശിയുടേയും അതുമൂലം ഉണ്ടാവുന്ന പ്രശ്നങ്ങളുമാണ് കടുവ പറയുന്ന കഥ.
കടുവ ഒരു എക്സ്ട്രാ ഓർഡിനറി മാസ്സ് മസാല സിനിമയായി മാറാത്തത് ജിനു എബ്രഹാമിന്റെ തിരക്കഥയുടെ ബലക്കുറവ് ഒന്ന് കൊണ്ട് മാത്രമാണ്. സംവിധാനവും അഭിനേതാക്കളുടെ പ്രകടനവുമൊക്കെ മികച്ചു നിന്നപ്പോഴും കടുവയിൽ ഗർജ്ജിക്കാതെ പോയ ഒരു വിഭാഗം സ്ക്രിപ്റ്റ് ആയിരുന്നു. ഇത്തരം മാസ്സ് സിനിമകളിൽ പ്രത്യേകിച്ച് ഷാജി കൈലാസ് സിനിമകളിൽ കണ്ടു വന്നിട്ടുള്ള ഏറ്റവും കൂടുതൽ ആസ്വദിച്ചിട്ടുള്ള മാസ്സ് ഡയലോഗുകൾ ഒന്നും തന്നെ ഈ സിനിമയിൽ ഇല്ലായിരുന്നു. കടുവയുടെ ബലം ആക്ഷൻ സീൻസ് ആയിരുന്നു. തിരക്കഥ പലപ്പോഴും വില്ലൻ ആയപ്പോൾ അതിനെ മറച്ചു വെച്ചത് ഷാജി കൈലാസിന്റെ മേക്കിങ് മികവ് ആയിരുന്നു. ഒരു മോശം ഷാജി കൈലാസ് സിനിമയിൽ പോലും ഓർത്തിരിക്കാനും രോമാഞ്ചം കൊള്ളാനും പാകത്തിലുള്ള സംഭാഷണങ്ങൾ ഉണ്ടാവാറുണ്ടായിരുന്നു രഞ്ജിത്തും രഞ്ജി പണിക്കരുമെല്ലാം അതിന് ഒരു പഞ്ഞവും വരുത്താറില്ലായിരുന്നു. ജിനു പക്ഷേ ആ കാര്യത്തിൽ വല്ലാണ്ട് പുറകോട്ട് ആണ്.
മാസ്സ് സിനിമകളിൽ പശ്ചാത്തല സംഗീതം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കടുവയിൽ എത്തുമ്പോൾ ജേക്ക്സ് ബിജോയ് ഒരു പരിധിവരെ മാത്രമാണ് അതിൽ വിജയിച്ചത്. മാസ്സ് സിനിമകളിൽ നായകന്റെ ഒരു ചെറു നടത്തതിന് പോലും രോമാഞ്ചം സമ്മാനിക്കുന്നത് പലപ്പോഴും പശ്ചാത്തല സംഗീതമാണ്. കടുവയിൽ എത്തുമ്പോൾ ചില സ്ഥലങ്ങളിൽ ജേക്ക്സ് അതിൽ വിജയിച്ചെങ്കിലും പല സ്ഥലത്തും അദ്ദേഹം വല്ലാണ്ട് താഴെ പോയിട്ടുണ്ട്. ഗാനങ്ങളിലേക്ക് വന്നാൽ പാൽവർണ്ണ കുതിരമേൽ, പാലാപള്ളി തുടങ്ങിയ രണ്ട് ഗാനങ്ങൾ അതിഗംഭീരമായിരുന്നു.
കടുവയെ കളർഫുൾ ആക്കി മാറ്റിയതിൽ അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം വഹിച്ച പങ്ക് വളരെ വലുതാണ്. ഓരോ ഫ്രേമുകളും മനോഹരമായിരുന്നു. ഒപ്പം ഷാജി കൈലാസിന്റെ സിഗ്നേച്ചർ ഷോട്ടുകൾ കൂടെ ചേർന്നപ്പോൾ കടുവ കളർഫുൾ ആയി.
അഭിനേതാക്കളിലേക്ക് വന്നാൽ ഒന്ന് മുതൽ പത്തുവരെ പൃഥ്വിരാജ് മാത്രമാണ്. അദ്ദേഹത്തിന്റെ ഷോൾഡറിൽ ആയിരുന്നു സിനിമ. തന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ടും ആറ്റിറ്റ്യൂഡ് കൊണ്ടും ആക്ഷൻ രംഗങ്ങളിലെ മികവ് കൊണ്ടും പൃഥ്വി കടുവാക്കുന്നേൽ കുര്യച്ചൻ എന്ന മാസ്സ് നായകനെ ഗംഭീരമാക്കി. വല്ലാത്ത സ്ക്രീൻ പ്രെസൻസ് ആണ് പൃഥ്വിക്ക്. മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമെല്ലാം വന്ന് നിൽക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ തരാൻ പൃഥ്വിക്കും സാധിക്കുന്നുണ്ട് ഒരു പക്കാ സൂപ്പർസ്റ്റാർ മെറ്റീരിയൽ തന്നെയാണ് അദ്ദേഹം. താന്തോന്നിയിൽ നിന്നും കടുവയിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഒരുപാട് മാറ്റങ്ങൾ പ്രകടനത്തിൽ വരുത്തിയിട്ടുണ്ട്. പൃഥ്വി ഒരുപാട് മാറിയിട്ടുണ്ട്. ഇനിയും മികച്ച മാസ്സ് സിനിമകൾ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്നു.
വിവേക് ഒബ്രോയ്, സംയുക്ത മേനോൻ, ബൈജു, അലൻസിയർ, രാഹുൽ മാധവ്, അർജുൻ അശോകൻ, Etc തുടങ്ങിയ അഭിനേതാക്കൾ എല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട് എന്നിരുന്നാലും വിവേക് ഒബ്രോയിയുടെ റോളിൽ ഏതെങ്കിലും മലയാള നടൻ ആയിരുന്നേൽ കുറേക്കൂടെ ഗംഭീരമാകുമായിരുന്നു എന്ന് തോന്നി. സീമ അവതരിപ്പിച്ച കഥാപാത്രത്തിന് മല്ലികാ സുകുമാരന്റെ ശബ്ദം അത്യാവശ്യം നല്ല രീതിയിൽ കല്ലുകടിയായിരുന്നു.
അതേപോലെ തന്നെ നായക കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നപ്പോൾ ഉണ്ടായ പ്രശ്നവും ഒരു കല്ലുകടി ആയിരുന്നു. അഭിനേതാക്കളുടെ ലിപ്പ് മറ്റൊരു പേരും ശബ്ദം കുര്യാച്ചൻ എന്നും പറയുമ്പോൾ ഉണ്ടായ പ്രശ്നം.
കനൽ കണ്ണനും മാഫിയ ശശിയും ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് കടുവയുടെ മറ്റൊരു പ്ലസ് പോയിന്റ്. മികച്ച രീതിയിൽ തന്നെ അവര് ആക്ഷൻ രംഗങ്ങൾ അണിയിച്ചൊരുക്കിയിട്ടുണ്ട്.
തിരക്കഥയിലെ പോരായ്മയും പശ്ചാത്തല സംഗീതത്തിലെ പോരായ്മകളും കൂടെ പരിഹരിച്ചിരുന്നേൽ കടുവ ഒരു അതിഗംഭീര മാസ്സ് മസാല അനുഭവം ആയി മാറിയേനെ. നായകന്റെ എലവേഷൻ സീൻസ് എല്ലാം മേക്കിങ്ങിന്റെ മികവ് കൊണ്ടും അഭിനേതാവിന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ടും മാത്രം ഇത്രയ്ക്ക് ഉയർന്നു നിന്നെങ്കിൽ ഈ പറഞ്ഞ പോരായ്മകൾ കൂടെ ഇല്ലായിരുന്നേൽ ഒരു എക്സ്ട്രാ ഓർഡിനറി മാസ്സ് സിനിമ ആയേനെ കടുവ.
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഒരു പക്കാ മാസ്സ് മസാല സിനിമ ആസ്വദിക്കാൻ പറ്റിയതും ഷാജി കൈലാസിന്റെ തിരിച്ചു വരവും വല്ലാത്ത സന്തോഷം നൽകുന്ന കാര്യമാണ്. മലയാളത്തിൽ അന്ന്യം നിന്ന് പോയിരുന്ന ഇത്തരം ജോണർ സിനിമകളെ അതിന്റെ അതികായൻ തന്നെ തിരിച്ചു കൊണ്ട് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. അതിൽ നായകനായത് ഏറ്റവും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായതും ഏറെ സന്തോഷം നൽകിയ കാര്യമാണ്.
ഷാജി കൈലാസ് സിനിമകളിലെ പഞ്ച് ഡയലോഗുകളും അത്തരം വൗ മൊമന്റ്സും ഇല്ലാത്തതിന്റെ വിഷമം മാറ്റി നിർത്തിയാൽ കടുവ ആസ്വദിച്ചു കണ്ട ഒരു സിനിമയാണ്. ഒരിക്കൽ കൂടെ പറയുന്നു ഷാജി കൈലാസിന്റെ മേക്കിങ്ങിന്റേയും പൃഥ്വിരാജിന്റെ പ്രകടന മികവിന്റേയും ലെവലിൽ തിരക്കഥയും പശ്ചാത്തല സംഗീതവും കൂടെ ഉയർന്നിരുന്നേൽ കടുവ ഒരു അതിഗംഭീര മാസ്സ് സിനിമയായേനെ.
മറ്റൊന്നും പ്രതീക്ഷിക്കാതെ പൃഥ്വി പറഞ്ഞത് പോലെ അടിക്കെടാ എന്ന് പ്രേക്ഷകൻ പറയുമ്പോൾ അടി വീഴുന്ന ഒരു ഒരു നാടൻ അടി പടം മാത്രം പ്രതീക്ഷിച്ചു പോയത് കൊണ്ടും പ്രിയപ്പെട്ട രണ്ട് പേരും മികച്ചു നിന്നത് കൊണ്ടും കടുവയിൽ ഞാൻ ഹാപ്പിയാണ്. ഷാജി കൈലാസിന്റെ തിരിച്ചു വരവും പൃഥ്വിയുടെ മാസ്സ് പരിവേഷവും എന്നിലെ പ്രേക്ഷകന്റെ മനസ്സ് നിറച്ചു എന്ന് തന്നെ പറയാം. ഒപ്പം ഏറെ നാളുകൾക്ക് ശേഷം ഒരു മാസ്സ് മസാല സിനിമ കണ്ടതിന്റെ ആവേശവും.
കടുവ ശരാശരി തിരക്കഥയെ മേക്കിങ് മികവും നായകന്റെ പ്രകടന മികവും ചേർന്ന് ഉയർത്തിയ കൊള്ളാവുന്നൊരു മാസ്സ് മസാല സിനിമാനുഭവം.
ഇത്തരം മാസ്സ് മസാല സിനിമകൾ പ്രേക്ഷകർ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ് കോരിച്ചൊരിയുന്ന മഴയത്തും ഈ സിനിമയ്ക്ക് കാണുന്ന തിരക്ക്. രാത്രി പോലും ഫാമിലി ഓഡിയൻസ് മഴയൊന്നും വക വെക്കാതെ തിയ്യേറ്ററുകളിലേക്ക് എത്തുന്ന കാഴ്ച ഒരുപാട് സന്തോഷം നൽകുന്നതാണ്. ഒരു മൾട്ടിപ്ലക്ക്സ്സ് തിയ്യേറ്ററിൽ നിന്ന് കണ്ടിട്ട് പോലും ഫാമിലി ഓഡിയൻസ് അടക്കം പരിസരം മറന്ന് ഓരോ സീനുകളും ആഘോഷമാക്കുന്നത് ഇത്തരം എന്റർടൈനറുകളോടുള്ള അവരുടെ താല്പര്യം വ്യക്തമാക്കുന്ന കാഴ്ചകൾ ആയിരുന്നു. എല്ലാം തികഞ്ഞ ഒരു മാസ്സ് മസാല സിനിമ അല്ലാഞ്ഞിട്ട് പോലും അവര് അത് ആഘോഷമാക്കുന്നുവെങ്കിൽ അത്രത്തോളം ഇത്തരം സിനിമകളെ അവർ ആഗ്രഹിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. എല്ലാം തികഞ്ഞ മാസ്സ് മസാല സിനിമകൾ മലയാളത്തിൽ ഇനിയും വരട്ടെ.
(അഭിപ്രായം തികച്ചും വ്യക്തിപരം)
വൈശാഖ്.കെ.എം
കടുവ
Reviewed by
on
10:20
Rating:

No comments: