കടുവ

  ഏറ്റവും കൂടുതൽ ആസ്വദിച്ചു കാണുന്ന സിനിമകളാണ് മാസ്സ് മസാല സിനിമകൾ. തിയ്യേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ ഹർഷാരവങ്ങൾക്ക് നടുവിൽ നിന്നും ആവേശത്തോടെ, അതിരുവിട്ട ആഹ്ലാദ പ്രകടനങ്ങളോടെ, രോമാഞ്ചത്തോടെ മാസ്സ് മസാല സിനിമകൾ ആസ്വദിക്കുന്നതിന്റെ ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല.

മലയാളത്തിൽ ഇന്ന് അന്ന്യം നിന്നുകൊണ്ടിരിക്കുന്ന ഒരു ജോണർ ആയി മാറിയിട്ടുണ്ട് മാസ്സ് മസാല സിനിമകൾ. ഇത്തരം സിനിമകൾ കൂടെയുണ്ടേൽ മാത്രേ തിയ്യേറ്ററുകളിലേക്ക് ആളുകൾ എത്തുകയുള്ളൂ.

പ്രത്യേകിച്ച് ഫെസ്റ്റിവൽ സീസണുകളിലൊക്കെ ഇത്തരം എന്റർടൈനറുകളുടെ സ്ഥാനം വളരെ വലുതാണ്. വലിയൊരു വിഭാഗം ആളുകൾക്കും സിനിമയൊരു വിനോദോപാദി മാത്രമാണ് അവർ തിയ്യേറ്ററുകളിലേക്ക് എത്തുന്നത് മനം മറന്ന് ആസ്വദിക്കാൻ വേണ്ടി മാത്രമാണ് അവരുടെ ഭാരങ്ങൾ പലപ്പോഴും ഇറക്കി വെക്കാൻ ഉപയോഗിക്കുന്ന ഒരു ചെയർ ആണ് പലർക്കും ആ രണ്ടര മണിക്കൂർ. അതുകൊണ്ട് തന്നെ അവിടെ തല പുകച്ചു കാണേണ്ട ത്രില്ലറുകളേക്കാളും, ബ്രില്ല്യൻസുകളും പൊകയും നിറഞ്ഞ റിയലസ്റ്റിക്ക് ചിത്രങ്ങളേക്കാളും അവരെ ആകർഷിക്കുന്നത് മാസ്സ് മസാല സിനിമകളും, തമാശ സിനിമകളുമൊക്കെയാണ്. അതിഗംഭീര റിപ്പോർട്ട്‌ വന്ന ത്രില്ലർ, റിയലസ്റ്റിക്ക്, ഫീൽഗുഡ് ജോണർ സിനിമകൾ നേടുന്നതിന്റെ ഇരട്ടി സാമ്പത്തിക ലാഭം ഒരു ശരാശരി റിപ്പോർട്ട്‌ വരുന്ന മസാല സിനിമ നേടുന്നതും ഈ കാരണങ്ങൾക്കൊണ്ടാണ്.

അത്തരത്തിലുള്ള ജോണറുകളിൽ വരുന്ന സിനിമകളുടെ ഗണ്യമായ കുറവ് സാധാരണക്കാരായ പ്രേക്ഷകർ തിയ്യേറ്ററുകളിലേക്ക് എത്താൻ മടിക്കുന്നതിൽ ഒരു കാരണമാണ്. അതുമാത്രമാണ് കാരണം എന്നല്ല.... ഒരു സിനിമയിറങ്ങി രണ്ട് ആഴ്ചകൾക്കുള്ളിൽ ഒ ടി ടി റിലീസ് ചെയ്യുന്ന പ്രവണതയും, സിനിമയെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലെ പാളിച്ചകളും അതിലെല്ലാമുപരി നല്ല സിനിമകളുടെ കുറവും എല്ലാം ആളുകൾ തിയ്യേറ്ററുകളിലേക്ക് എത്തിപ്പെടാൻ മടിക്കുന്നതിലെ കാരണമാണ്. പൃഥ്വിരാജ് പറഞ്ഞത് പോലെ സിനിമ കാണണം എന്ന ത്വര പ്രേക്ഷകരിൽ ഉടലെടുപ്പിക്കേണ്ടത് മേക്കേഴ്സ് ആണ്. അല്ലാതെ തങ്ങളുടെ സിനിമ മൗത്ത് പബ്ലിസിറ്റി കൊണ്ട് കേറി വരും എന്നൊക്കെ വിചാരിച്ചിരിക്കുന്നത് ഈ കാലത്ത് വലിയ മണ്ടത്തരമാണ്. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ വീട്ടിൽ ഇരുന്ന് കാണാൻ കാത്തിരിക്കുന്ന കൂട്ടത്തിലേക്ക് ആളുകൾ മാറിയിട്ടുണ്ട്. അപ്പൊ ആ രണ്ടാഴ്ചക്കുള്ളിൽ മാക്സിമം ആളുകളെ തിയ്യേറ്ററുകളിലേക്ക് ആകർഷിപ്പിക്കാൻ മുൻകൈ എടുക്കേണ്ടത് മേക്കേഴ്സ് തന്നെയാണ്.

ഇവിടെ പക്ഷേ പലപ്പോഴും സിനിമ റിലീസ് ആകുന്നത് തിയ്യേറ്ററുകാർ പോലും അറിയാത്ത സ്ഥിതിയാണുള്ളത് അത്രയ്ക്ക് ദയനീയമാണ് ഇവിടത്തെ പ്രമോഷൻ ഐഡിയകളൊക്കെ. അവിടെയാണ് അന്യഭാഷാ സിനിമകൾ വ്യത്യസ്തമാകുന്നതും ഇവിടെ വന്ന് കോടികൾ വാരി പോകുന്നതും. ആർ ആർ ആർ, കെ ജി എഫ് ടു, വിക്രം തുടങ്ങിയ സിനിമകൾ അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്. അവിടെ കണ്ടു പഠിക്കേണ്ട രണ്ട് കാര്യങ്ങളുണ്ട് ഒന്ന് ഏതൊരാളേയും തിയ്യേറ്ററുകളിലേക്ക് ആകർഷിക്കുന്ന അവരുടെ പ്രമോഷൻ തന്ത്രങ്ങൾ ആണ്. ഈ സിനിമ തിയ്യേറ്ററിൽ തന്നെ പോയി കാണണം എന്നൊരു ആഗ്രഹം പ്രേക്ഷകരിൽ ഉടലെടുപ്പിക്കുന്നതാണ് അവരുടെ ആദ്യ വിജയം.

രണ്ടാമത്തേത് അവരുടെ ഇൻട്രസ്ട്രികളിൽ വരുന്ന മേല്പറഞ്ഞ രീതിയിലുള്ള മസാല സിനിമകളാണ്. ത്രില്ലറുകൾക്കും, ഫീൽഗുഡുകൾക്കും, റിയലസ്റ്റിക്ക് സിനിമകൾക്കുമൊപ്പം ആളുകൾക്ക് ആഘോഷമാക്കാൻ അവിടെ നിന്ന് ഇത്തരം മസാല സിനിമകളും തുടരെ തുടരെ സംഭവിക്കുന്നുണ്ട്. ആളുകൾ തിയ്യേറ്ററുകളിൽ നിന്ന് അകലാതിരിക്കാനുള്ള വ്യക്തമായ പ്ലാനിങ് അവർക്കുണ്ട്.

ഇവിടെ ഇപ്പൊ കാണുന്ന പ്രവണത ക്രിഞ്ച് എന്നും ലോജിക്ക് ഇല്ലാത്തത് എന്നും പറഞ്ഞ് കുത്തിക്കീറി സിനിമകളെ കൊല്ലുന്ന മൂന്നാല് സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ (വിമർശനം വേണം വേണ്ട എന്നല്ല അനാവശ്യ കീറിമുറിക്കലുകളെക്കുറിച്ചാണ് പറഞ്ഞത് ) പേടിച്ച് മസാല സിനിമകളിൽ നിന്നും അകലം പാലിക്കുന്ന ഒരു വിഭാഗത്തേയും....

 വലിയ താരങ്ങളുടെ പഴയ സിനിമകളിലെ റഫറൻസുകൾ അനാവശ്യമായി ആദ്യാവസാനം കുത്തി കയറ്റിയും അവരിൽ നിന്നും കൈയ്യടിച്ചും പിന്നീട് അതിന്റെ അതിപ്രസരം മൂലം കൂകി വിളിച്ചും മാറ്റി നിർത്തിയ മുണ്ട് മടക്കി കുത്തലും മീശ പിരിക്കലുമടക്കമുള്ള കാര്യങ്ങളേയും വികലമായി ചിത്രീകരിച്ചും മസാല സിനിമകളൊരുക്കി പ്രേക്ഷകരെ വില കുറച്ചു കാണുന്ന മറ്റൊരു വിഭാഗത്തേയും....

 റിയലസ്റ്റിക്ക് സിനിമകളെന്ന പേരിൽ വീട്ടിൽ നിന്നും ഇറങ്ങി രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഓഫീസിലേക്ക് നായകൻ നടന്ന് ജോലിക്ക് പോകുന്ന രംഗം പശ്ചാത്തല സംഗീതം പോലുമില്ലാതെ നായകനൊപ്പം കാക്കയേയും,പൂച്ചയേയും,പൂമ്പാറ്റയേയും, പുല്ലിനേയുമെല്ലാം കാണിച്ച് ആ രണ്ട് കിലോമീറ്റർ നടത്തമടക്കം പ്രകൃതിവത്കരിച്ച് റിയലസ്റ്റിക്ക് എന്ന പേരിൽ വരുന്ന സിനിമകൾ ഒരുക്കുന്ന വേറൊരു വിഭാഗത്തേയും....

നാലഞ്ച് റേപ്പ് കേസുകളിൽപ്പെട്ട വില്ലൻ കഥാപാത്രത്തെയടക്കം ഒന്ന് അടുത്തറിഞ്ഞാൽ റേപ്പിസ്റ്റുകൾ പോലും പാവങ്ങളാണ് എന്ന ഡയലോഗും കയറ്റി നന്മയുടെ നിറകുടമാക്കി കാണിക്കുന്ന ഫീൽഗുഡ് വിഭാഗക്കാരേയുമൊക്കെയാണ്.

ആഴ്ചയിൽ തിയ്യേറ്ററുകളിലും, ഒ ടി ടി പ്ലാറ്റ്ഫോമുകളിലും ഉഗ്രശേഷിയുള്ളതും അല്ലാത്തതുമായ വെടിക്കെട്ടുകൾ നടത്തി ഇവര് പരസ്പരം മത്സരിച്ച് ശിവകാശിയിലെ പടക്കക്കടകൾക്ക് ഭീഷണിയായി വളരുമ്പോൾ പ്രേക്ഷകർ അന്യഭാഷാ സിനിമകളിലേക്ക് മാറി നടന്ന് അവ ആഘോഷമാക്കുന്നു. അവര് ആഗ്രഹിക്കുന്നത് മറ്റുള്ള ഭാഷകളിൽ നിന്നും ലഭിക്കുമ്പോൾ അവര് അതിലൂടെ ആത്മസംതൃപ്തി കണ്ടെത്തുന്നു. നമുക്ക് പറ്റാത്തത് മറ്റുള്ളവർ ഇവിടെ വന്ന് ചെയ്തു കാണിക്കുന്നു.

അപ്പോഴും സോഷ്യൽ മീഡിയയിൽ പുലിയുടെ കൂട്ടിൽ മാനിനെ ഇട്ടെന്നും, പാർലിമെന്റിൽ കയറി മന്ത്രിയെ വെടി വെച്ചെന്നും, പോലീസ് സ്റ്റേഷൻ നശിപ്പിച്ചു എന്നും അതിൽ ഒക്കെ എന്ത് ലോജിക്ക് എന്ന് എന്നും ചോദിച്ച് മേല്പറഞ്ഞ ഗ്രൂപ്പിൽ ഉള്ളവർ ഘോര ഘോര പ്രസംഗങ്ങൾ നടത്തുന്നുണ്ടായിരുന്നു ഇവിടെ മാത്രമല്ല അതാത് ഭാഷകളിലെ ഇത്തരം ഗ്രൂപ്പുകളിൽ എല്ലാം ഈ പറഞ്ഞ പ്രസംഗങ്ങൾ നടന്നിരുന്നു പക്ഷേ അതൊന്നും ഒരു തരത്തിലും ആ സിനിമകളെ ബാധിച്ചിട്ടില്ല. അപ്പൊ പറഞ്ഞു വന്നത് തിയ്യേറ്റർ എക്സ്പീരിയൻസ് മസ്റ്റ് ആയ....  പ്രേക്ഷകർ ആഗ്രഹിക്കുന്ന അത്തരം സിനിമകൾ വരുമ്പോൾ ഈ പറഞ്ഞ ലോജിക്ക് ഒന്നും നോക്കാതെ തന്നെയാണ് അവര് പോയി അതൊരു ഉത്സവമാക്കി മാറ്റുന്നത്.

അവരെ ആകർഷിക്കുന്ന രീതിയിൽ അവര് മുടക്കുന്ന കാശ് മുതലാവുന്ന തരത്തിലുള്ള അത്തരം സിനിമകൾ കൂടെ സംഭവിച്ചാൽ മാത്രേ പ്രേക്ഷകർ തിയ്യേറ്ററുകളിലേക്ക് കുടുംബസമേതം എത്തൂ.  അല്ലേൽ ഇന്നത്തെ കാലത്ത് രണ്ടാഴ്ച കഴിഞ്ഞാൽ വീട്ടിൽ ഇരുന്ന് സിനിമ കാണാൻ സൗകര്യമുള്ളപ്പോൾ ഇത്രേം കാശും ചിലവാക്കി റിസ്ക്ക് എടുത്ത് പോകാൻ ആരും തയ്യാറാവില്ല. ഇതൊക്കെ ഇവിടുള്ള സിനിമാക്കാരും കൂടെ ചിന്തിച്ചാൽ ഒരു മാറ്റം വരും.

സോഷ്യൽ മീഡിയയിൽ ഇപ്പൊ മലയാള സിനിമ കാണാൻ ആളില്ലാത്തതിനെപ്പറ്റിയുള്ള ചൂടുള്ള ചർച്ചകൾ പുരോഗമിക്കുന്ന സമയമാണല്ലോ ഇതൊക്കെ അതുകൊണ്ട് പറഞ്ഞതാണ്. പ്രധാനമായും പറയാൻ ഉദ്ദേശിച്ചത് മറ്റൊരു കാര്യമാണ്.

കടുവ..... പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്ത് നാളെ റിലീസ് ആവുകയാണ്.

കടുവയിലുള്ള പ്രതീക്ഷ ഒരുപാട് ആണ്. ഒന്നാമത്തെ കാര്യം ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു ആക്ഷൻ മാസ്സ് മസാല സിനിമ മലയാളത്തിൽ വരുന്നത് എന്നതാണ്.

മറ്റൊന്ന് ഷാജി കൈലാസ് എന്ന പ്രിയ സംവിധായകന്റെ തിരിച്ചു വരവാണ്. മാസ്സ് സിനിമകൾക്ക് ഒരു പുതിയ മാനം പകർന്നു നൽകിയ സംവിധായകനാണ് ഷാജി കൈലാസ്. മാസ്സ് സിനിമകൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്ന മിക്ക ചിത്രങ്ങളുടേയും അമരക്കാരൻ അദ്ദേഹമാണ്. നരസിംഹം,ആറാംതമ്പുരാൻ,ദി,കിങ്,കമ്മീഷണർ തുടങ്ങി നിരവധി ബ്ലോക്ക്‌ബസ്റ്റർ മാസ്സ് സിനിമകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. കുട്ടിക്കാലത്ത് രോമാഞ്ചത്തോടെ കണ്ട് അനുകരിച്ചു നടന്ന പല കഥാപാത്രങ്ങളും ഷാജി കൈലാസ് സിനിമകളിലേതായിരുന്നു. ഇന്ദുചൂഡനും,ജഗന്നാഥനും,ജോസഫ് അലക്ക്സ്സും, ഭരത് ചന്ദ്രനുമെല്ലാം ഇന്നും പ്രിയപ്പെട്ട മാസ്സ് ഹീറോസ് ആണ്. അങ്ങനെയുള്ള അദ്ദേഹത്തിൽ നിന്നും കുറേ കാലമായി ഒരു മികച്ച മാസ്സ് സിനിമ പിറന്നിട്ട് അതുകൊണ്ട് തന്നെ കടുവയിൽ പ്രതീക്ഷയേറെയാണ്.

അടുത്തയാൾ പൃഥ്വിരാജ് സുകുമാരനാണ്..... മലയാളത്തിൽ മികച്ച രീതിയിൽ ആക്ഷൻ കൈകാര്യം ചെയ്യുന്ന നായകന്മാരിൽ മുൻപന്തിയിൽ സ്ഥാനമുള്ളയാളാണ് പൃഥ്വിരാജ്. വല്ലാത്തൊരു ചന്തമാണ് ആക്ഷൻ സീനുകളിലെ അദ്ദേഹത്തിന്റെ ആറ്റിട്യൂടുകൾക്ക് അടക്കം. അതിനാൽ തന്നെ ഒരുപാട് കാലങ്ങൾക്ക് ശേഷം വരുന്ന പൃഥ്വിരാജിന്റെ ഒരു മാസ്സ് സിനിമ എന്ന നിലക്കും കടുവയിൽ പ്രതീക്ഷയേറെയാണ്.

ലാലേട്ടന്റെ മുണ്ട് മടക്കിക്കുത്തും മീശ പിരിയുമെല്ലാം മലയാളികൾക്ക് ഒരു അത്ഭുതമായി തോന്നിയത് ഷാജി കൈലാസ് സിനിമകളിലൂടെയാണ്. പിന്നീട് പല സംവിധായകരും അത്തരം രംഗങ്ങൾ തുടർച്ചയായി മോഹൻലാൽ സിനിമകളിൽ അടക്കം കൊണ്ട് വന്ന് വികലമാക്കിയപ്പോഴാണ് അതിനോട് മടുപ്പ് തോന്നി തുടങ്ങിയത്. പക്ഷേ അപ്പോഴും ഷാജി കൈലാസിന്റെ പരാജയ സിനിമകളിൽപ്പോലും മേല്പറഞ്ഞ രംഗങ്ങൾക്ക് ഒരു ഭംഗിയുണ്ടായിരുന്നു എന്നതാണ് വാസ്തവം. അടുത്ത കാലത്ത് അത്തരം രംഗങ്ങൾ കണ്ട് മലയാളികൾ വീണ്ടും കൈയ്യടിച്ചത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ ആയിരുന്നു.

അപ്പൊ പറഞ്ഞു വന്നത് മാസ്സ് സിനിമകളുടെ തലതൊട്ടപ്പനായ സാക്ഷാൽ ഷാജി കൈലാസ് തന്റെ തട്ടകത്തിലേക്ക് തിരിച്ചു വരുമ്പോൾ ഒപ്പം ആക്ഷൻ സീനുകൾ എല്ലാം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് കൂടെ ചേരുമ്പോൾ കടുവയിൽ പ്രതീക്ഷകൾ ഏറെയാണ്. ഇത്തരം സിനിമകളിൽ താരങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. വിവാദങ്ങളെയൊക്കെ കാറ്റിൽ പറത്തി പ്രതിസന്ധികളെയൊക്കെ തരണം ചെയ്തു വന്ന കടുവയ്ക്ക് പ്രേക്ഷകരെ തിയ്യേറ്ററുകളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ. റിയലസ്റ്റിക്കും,ഫീൽഗുഡും,ത്രില്ലറുകളും മാത്രം പോരല്ലോ ഇത്തരം മസാല സിനിമകളും കൂടെ ഉണ്ടേൽ മാത്രേ ജനങ്ങൾ തിയ്യേറ്ററുകളിൽ എത്തൂ. അതുകൊണ്ട് തന്നെ കടുവ ഒരു വലിയ വിജയമാകാൻ നന്നായി ആഗ്രഹിക്കുന്നു.

പ്രിയപ്പെട്ട സംവിധായകനും ഈ തലമുറയിലെ പ്രിയപ്പെട്ട നായകനും ഒന്നിക്കുമ്പോൾ ബ്ലോക്ക്‌ബസ്റ്ററിൽ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ല. ഷാജി കൈലാസിന്റെ..... പൃഥ്വിരാജിന്റെ..... നാടൻ അടി പടം വലിയ വിജയമായി തീരട്ടെ എല്ലാവിധ ആശംസകളും. Prithviraj Sukumaran, Shaji Kailas ❤️❤️

-വൈശാഖ്.കെ.എം
കടുവ കടുവ Reviewed by on 09:18 Rating: 5

No comments:

Powered by Blogger.