സൂര്യ ശിവകുമാർ

  2001-ൽ പുറത്തിറങ്ങിയ നന്ദക്ക് ശേഷമായിരിക്കും ശരവണൻ ശിവകുമാർ എന്ന സൂര്യയെ ഒട്ടുമിക്ക സിനിമാ പ്രേക്ഷകരും കാര്യമായി ശ്രദ്ധിച്ചു തുടങ്ങുന്നത്. ബാല സംവിധാനം ചെയ്ത നന്ദയിൽ ടൈറ്റിൽ റോളിൽ എത്തിയ സൂര്യ നന്ദയിലെ പ്രകടനത്തിന് നേടിയെടുത്തത് മികച്ച നടനുള്ള ആ വർഷത്തെ തമിഴ്നാട് സ്റ്റേറ്റ് അവാർഡ് ആയിരുന്നു.

അതിന് ശേഷം നായകനായി വന്ന ഉന്നൈ നിനൈത്ത്, മൗനം പേസിയത് തുടങ്ങിയ സിനിമകൾക്ക് ആരാധകർ ഏറെയുണ്ടെങ്കിലും നന്ദക്ക് ശേഷം സൂര്യയ്ക്ക് ഒരു ബ്രേക്ക് നൽകുന്നത് 2002-ൽ റിലീസ് ചെയ്ത ഗൗതം മേനോൻ ചിത്രം കാക്ക കാക്കയായിരുന്നു. എ. സി. പി അൻബുശെൽവൻ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു സൂര്യയുടേത്.

വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട കാക്ക കാക്കക്ക് ശേഷം സൂര്യ വീണ്ടും നന്ദയുടെ സംവിധായകൻ ബാലയുമായി ഒന്നിച്ചു. ചിത്രം പിതാമകൻ. വിക്രം നായകനായെത്തിയ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്നായ ശക്തിയെ സൂര്യ ഗംഭീരമാക്കിയിരുന്നു. വിക്രത്തിന് ദേശീയ അവാർഡ് ലഭിച്ച ചിത്രത്തിൽ സൂര്യയുടെ പ്രകടനം ഏവരും എടുത്ത് പറയുന്ന ഒന്നാണ്. ലൈലയുമായുള്ള കോമഡി സീനുകൾ എല്ലാം തന്നെ ചിത്രത്തിലെ ഏറ്റവും വലിയ ഹൈലൈറ്റുകളാണ്. അതുവരെ കാണാത്തൊരു സൂര്യയെ കണ്ട ചിത്രം കൂടെയാണ് പിതാമകൻ.

ശേഷം 2004-ൽ പുറത്തിറങ്ങിയ മണിരത്നം ചിത്രം ആയുധ എഴുത്തിൽ മൈക്കിൾ വസന്ത് എന്ന നായക വേഷത്തിൽ മികച്ച പ്രകടനമായിരുന്നു സൂര്യ കാഴ്ചവെച്ചത്. വലിയ താരനിര അണിനിരന്ന ചിത്രമായിരുന്നു ആയുധ എഴുത്ത്. മണിരത്നത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആയുധ എഴുത്ത് അഭിനേതാക്കളുടെ പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും എല്ലാ അർത്ഥത്തിലും വലിയ ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയായിരുന്നു.

2005 സെപ്റ്റംബർ 29 സൂര്യയുടെ കരിയർ മാറ്റി മറിച്ച ദിവസം. ആ ദിവസമാണ് മുരുകദോസ് സംവിധാനം ചെയ്ത ഗജിനി എന്ന ചിത്രം പുറത്തിറങ്ങിയത്. ഷോർട്ട് ടൈം മെമ്മറി ലോസ് ഉള്ള സഞ്ജയ്‌ രാമസ്വാമി എന്ന കഥാപാത്രമായി സൂര്യ നിറഞ്ഞാടിയ ചിത്രം ഒരു ട്രെൻഡ് സെറ്റർ ആയി മാറി. ഹാരിസ് ജയരാജിന്റെ ഗാനങ്ങൾ വലിയ തരംഗം സൃഷ്ടിച്ചവയായിരുന്നു. (ഇന്നും പലർക്കും പ്രിയപ്പെട്ട ഗാനങ്ങൾ ആണവ) എന്തിന് സൂര്യയുടെ ഹെയർ സ്റ്റൈൽ പോലും യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു. വലിയ വിജയമായിമാറിയ ഗജിനിക്ക് ശേഷമാണ് സൂര്യ യുവത്വത്തിനിടയിൽ ഒരു ക്രേസ് ആയി തുടങ്ങിയത്. ഗജിനി സൂര്യയെന്ന അഭിനേതാവിന്റേയും താരത്തിന്റേയും സിനിമാ ജീവിതത്തിലെ ഒരു നാഴികക്കല്ലാണ്.

അതിന് ശേഷം പുറത്തിറങ്ങിയ സൂര്യയുടെ ആറു, സില്ല്ന് ഒരു കാതൽ, വേൽ തുടങ്ങിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു.

2008 നവംബർ 14 സൂര്യയുടെ കരിയറിലെ മറ്റൊരു വിസ്മയ ദിവസം. "വാരണം ആയിരം". കാക്ക കാക്കയ്ക്ക് ശേഷം ഗൗതം മേനോന് ഒപ്പം സൂര്യ വീണ്ടും ഒരുമിച്ച ചിത്രം. ഇറങ്ങുന്നതിന് മുൻപ് തന്നെ പ്രേക്ഷകരിൽ പ്രതീക്ഷകൾ വാനോളമുയർന്ന ഒരു സിനിമയായിരുന്നു വാരണം ആയിരം. കാരണം മറ്റൊന്നുമല്ല റിലീസിന് മുൻപ് പുറത്തിറങ്ങിയ ഗാനങ്ങൾ ആയിരുന്നു ഈ പറഞ്ഞ പ്രതീക്ഷകൾക്ക് കാരണം. വെറും ഗാനങ്ങൾ കൊണ്ട് ഒരു സിനിമയ്ക്ക് പ്രതീക്ഷകൾ വാനോളമുയർന്നു എന്ന് പറയുമ്പോൾ ഊഹിക്കാമല്ലോ അവയുടെ റേഞ്ച്. ഹാരിസ് ജയരാജ്‌ ഈണം പകർന്ന എട്ടോളം ഗാനങ്ങളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഒരു സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ട്രെൻസ് സെറ്റർ ആവുക എന്നത് വിരളമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമായിരുന്നു. അത്തരം ഒരു അത്ഭുതമായിരുന്നു വാരണം ആയിരം. ഒരിക്കലും മടുക്കാത്ത വാരണം ആയിരത്തിലെ ഗാനങ്ങൾ ഇന്നും പലരുടേയും മ്യൂസിക് പ്ലെയറുകൾ ഭരിക്കുന്നവയാണ്. ഗാനങ്ങൾ കൊണ്ട് റിലീസിന് മുൻപ് തരംഗമായ വാരണം ആയിരം റിലീസിന് ശേഷം പ്രേക്ഷക പ്രിയമായത് സൂര്യയുടെ പ്രകടനമികവ് കൊണ്ട് ആയിരുന്നു.  കൃഷ്ണൻ, സൂര്യ എന്ന രണ്ട് കഥാപാത്രങ്ങളെയാണ് സൂര്യ വാരണം ആയിരത്തിൽ അവതരിപ്പിച്ചത്. പ്രായമുള്ള കഥാപാത്രമായും കൗമാരക്കാരനായും യുവാവായുമെല്ലാം പല കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന രണ്ട് കഥാപാത്രങ്ങൾക്ക് വേണ്ടി സൂര്യ ശരീരത്തിൽ വരുത്തിയ മാറ്റങ്ങൾ ഏവർക്കും അത്ഭുതമായിരുന്നു. പാട്ടുകൾക്കൊപ്പം ട്രെൻഡ് ആയ മറ്റൊന്ന് ആയിരുന്നു സിക്സ് പാക്ക് ശരീരം. സൗത്ത് ഇന്ത്യയിലെ വലിയൊരു വിഭാഗം യുവത്വവും സൂര്യയുടെ സിക്ക്സ് പാക്കിൽ അഡിക്ട് ആയവർ ആയിരുന്നു. പ്രണയിതാക്കളുടെ പ്രിയപ്പെട്ട സിനിമകൂടെയായി മാറി വാരണം ആയിരം. എല്ലാ അർത്ഥത്തിലും ട്രെൻഡ് സെറ്റർ ആയി മാറിയ വാരണം ആയിരത്തിലെ സൂര്യയുടെ പ്രകടനം അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റുകളിൽ ഒന്നാണ്.  ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ ചിത്രമായിരുന്നു വാരണം ആയിരം. സൂര്യയുടെ പ്രകടനത്തിന് മികച്ച നടനുള്ള സ്പെഷ്യൽ അവാർഡ് നൽകിയാണ് തമിഴ്നാട് ഗവണ്മെന്റ് അദ്ദേഹത്തെ ആദരിച്ചത്. ചിത്രത്തിന് ശേഷം സൂര്യയെന്ന നടന്റെ സ്റ്റാർഡം മറ്റൊരു തലത്തിലേക്ക് ആയിരുന്നു പോയത്. സൂര്യയുടെ ആരാധക സംഘടനകളിലേക്ക് വലിയൊരു വിഭാഗം യുവത്വം ഒഴുകിയെത്തിയ സമയമായിരുന്നത്. ഇവിടെ കേരളത്തിൽ അടക്കം സൂര്യ ഒരു തരംഗമായി മാറി. അഭിനേതാവ് എന്ന നിലയ്ക്കും താരം എന്ന നിലയ്ക്കും സൂര്യയുടെ കരിയറിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയ സിനിമയാണ് വാരണം ആയിരം.

വാരണം ആയിരത്തിന് ശേഷം പുറത്തിറങ്ങിയ സൂര്യയുടെ ചിത്രം അയൻ ആയിരുന്നു. കെ. വി. ആനന്ദ് സംവിധാനം ചെയ്ത അയനിൽ ദേവരാജ് വേലുസ്വാമി അഥവാ ദേവ എന്ന കഥാപാത്രമായിട്ടാണ് സൂര്യ എത്തിയത്. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമായ അയൻ വലിയ വിജയമായിരുന്നു. ഇത്തവണയും ഹാരിസ് ജയരാജ്‌ ഒരുക്കിയ ഗാനങ്ങൾ ട്രെൻഡ് സെറ്റർ ആയി മാറി. അയൻ സൂര്യയെന്ന താരത്തിന് നൽകിയ മൈലേജ് വളരെ വലുതാണ്. അയനും കൂടെ വലിയ വിജയമായപ്പോൾ സൂര്യ ഒരു സൂപ്പർതാര പരിവേഷത്തിലേക്ക് ഉയർന്നു.

അതിന് ശേഷം ഹരി ഒരുക്കിയ സിംഗം ആയിരുന്നു സൂര്യയുടെ വലിയ ഹിറ്റ്. 2010-ൽ ആയിരുന്നു സിംഗം പുറത്തിറങ്ങിയത്. മാസ് മസാല ചിത്രമായ സിംഗത്തിലെ ധുരൈ സിംഗം എന്ന പോലീസ് ഓഫീസർ കഥാപാത്രത്തേയും യൂത്ത് ഏറ്റെടുത്തു. സൂര്യയുടെ സൂപ്പർതാരപ്പട്ടം ഉറപ്പിക്കാൻ സഹായിച്ച സിനിമകൂടെയായിരുന്നു സിംഗം. 

ഏവരിലും അത്ഭുതവും അസൂയയും ഒരുപോലെ ഉളവാക്കിയ വളർച്ചയായിരുന്നു സൂര്യയെന്ന നടനും താരത്തിനും കരിയറിൽ അഞ്ച് വർഷങ്ങൾ കൊണ്ട് സംഭവിച്ചത്. മികച്ച നടൻ എന്നതിനൊപ്പം അയാളുടെ സ്റ്റാർഡവും കുത്തനെ ഉയർന്നു. യുവത്വത്തിന്റെ ഒരു ഹരമായി സൂര്യ മാറി എന്ന് തന്നെ പറയാം.

സിംഗത്തിന് ശേഷം സൂര്യയുടെ പ്രധാനപ്പെട്ട ഒരു റിലീസ് വരുന്നത് 2011-ൽ ആയിരുന്നു. ഗജിനിയെന്ന ട്രെൻഡ് സെറ്ററിന് ശേഷം സൂര്യയും മുരുകദോസ്സും ഒന്നിച്ച ഏഴാം അറിവ് എന്ന ചിത്രമായിരുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയും ഏറ്റവും ഹൈപ്പ് ഉള്ള സിനിമയുമായിരുന്നു ഏഴാം അറിവ്. പ്രേക്ഷകരിൽ പ്രതീക്ഷകൾ വാനോളമായിരുന്നു. 2011- ഒക്ടോബർ 25ന് ഏഴാം അറിവ് പുറത്തിറങ്ങി. പ്രതീക്ഷികളെ ശരിവെക്കും വിധമായിരുന്നു ചിത്രത്തിന്റെ തുടക്കം. ബോധിധർമ്മൻ എന്ന കഥാപാത്രമായി സൂര്യ നിറഞ്ഞാടിയപ്പോൾ അയാളുടെ കരിയറിലെ എന്നല്ല തമിഴ് സിനിമയിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആയി മാറും എന്ന് ആളുകൾ പ്രവചിച്ച സമയം ആയിരുന്നത്. പക്ഷേ ബോധിധർമ്മൻ എന്ന കഥാപാത്രത്തിന്റെ പാർട്ട് കഴിഞ്ഞതോടെ ഏഴാം അറിവ് എന്ന ചിത്രം വീണു. അരവിന്ദ് എന്ന മറ്റൊരു കഥാപാത്രമായിട്ടായിരുന്നു സൂര്യ പിന്നീട് ചിത്രത്തിൽ. ബോധിധർമ്മന്റെ കഥ തന്ന ഫീൽ പക്ഷേ ബാക്കി ഭാഗങ്ങൾക്ക് തരാൻ സാധിച്ചില്ല. പ്രേക്ഷക പ്രതീക്ഷകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് ഏഴാം അറിവ് ശരാശരിയിലേക്ക് ഒതുങ്ങി. 

അവിടെയായിരുന്നു സൂര്യ എന്ന താരത്തിന്റേയും നടന്റേയും പതനം ആരംഭിക്കുന്നത്. ഏഴാം അറിവിന്‌ ശേഷം വന്ന സിനിമയായിരുന്നു മാട്രാൻ. അയന് ശേഷം കെ.വി. ആനന്ദുമായി സൂര്യ ഒരുമിക്കുന്നത് കൊണ്ട് തന്നെ മാട്രാനും വലിയ പ്രതീക്ഷകളായിരുന്നു. പക്ഷേ ഏഴാം അറിവ് പോലെ തന്നെ പ്രേക്ഷകനെ കൊതിപ്പിച്ചു കൊണ്ട് മാട്രാനും വീണു.

പിന്നീട് പുറത്തിറങ്ങിയ സിംഗത്തിനെ രണ്ടാം ഭാഗം വിജയമായെങ്കിലും സൂര്യയുടെ കരിയറിൽ അതുകൊണ്ട് ഒരു ചലനവും ഉണ്ടായില്ല. അതിന് ശേഷം വലിയ പ്രതീക്ഷയിൽ വന്ന സിനിമയായിരുന്നു ലിങ്കു സ്വാമിയുടെ അഞ്ചാൻ. സൂര്യയെ ഏറ്റവും സ്റ്റൈലിഷ് ആയി കാണാൻ പറ്റി എന്നത് മാത്രമായിരുന്നു അഞ്ചാൻ കൊണ്ട് ഉണ്ടായ ഏക ഗുണം. അഞ്ചാനും പരാജയമായി. പിന്നീട് വന്ന വെങ്കട്ട് പ്രഭു ചിത്രം മാസ് എങ്കിറ മാസിലാമണിയും വലിയ പരാജയമായി മാറി.

2016-ൽ പുറത്തിറങ്ങിയ വിക്രം കുമാർ ചിത്രം 24 - ൽ സേതുരാമൻ, ആത്രേയ,മണികണ്ഠൻ എന്നീ ട്രിപ്പിൾ റോളുകളിൽ ആയിരുന്നു സൂര്യ എത്തിയത്. ടൈം ട്രാവൽ കൺസെപ്പ്റ്റിൽ കഥ പറഞ്ഞ സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ ആയ 24 - ലെ ആത്രേയ എന്ന വില്ലൻ കഥാപാത്രം സൂര്യയുടെ അഭിനയ ജീവിതത്തിലെ ഒരു പൊൻതൂവൽ ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയ്ക്ക് സൂര്യ അത്ഭുതപ്പെടുത്തിയ പ്രകടനമായിരുന്നു അത്. പക്ഷേ ആ സിനിമയും സാമ്പത്തികമായി വലിയ വിജയമായില്ല. വലിയ മുടക്ക് മുതലിൽ ഒരുങ്ങിയ പരീക്ഷണ ചിത്രം തമിഴ്നാട്ടിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല. സൂര്യ തന്നെയായിരുന്നു ചിത്രത്തിന്റെ നിർമ്മാണവും. 24 മികച്ചൊരു സിനിമയായിരുന്നു. 

അതിന് ശേഷം വന്ന സിംഗം 3, താനാ സേർന്ത കൂട്ടം, എൻ. ജി. കെ, കാപ്പാൻ തുടങ്ങി ചിത്രങ്ങൾ എല്ലാം തന്നെ വലിയ പരാജയങ്ങൾ ആയി മാറി. സൂര്യ എന്ന നടനും താരവും തീർന്നു എന്ന് ഏവരും വിധിയെഴുതി. ഒരു സമയത്ത് താരസിംഹാസനത്തിലേക്ക് യാത്ര നടത്തിയിരുന്ന അയാൾ ഒരു പിടിവള്ളിയില്ലാതെ ഇടറുന്ന കാഴ്ച സിനിമാ സ്നേഹികൾക്ക് എല്ലാം തന്നെ സങ്കടമുളവാക്കിയതായിരുന്നു. അയാൾക്ക് ശേഷം വന്ന താരങ്ങളുടെ സിനിമകൾ പോലും അയാളുടെ സിനിമകളേക്കാൾ കൂടുതൽ ഇനീഷ്യൽ കളക്ഷൻ ഒക്കെ എടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സിനിമകളുടെ തിരഞ്ഞെടുപ്പുകളും പരീക്ഷണ ചിത്രങ്ങളും സിംഗം സീരീസുമെല്ലാം സൂര്യയ്ക്ക് വിനയായി എന്ന് പല നിരൂപകരും പറഞ്ഞു കൊണ്ടിരുന്നു. സൂര്യ എന്ന നടന് ഒരു തിരിച്ചു വരവ് ഇല്ല എന്ന് അദ്ദേഹത്തിന്റെ ചില ആരാധകർ പോലും വിശ്വസിച്ചിരുന്നു എന്നതാണ് സത്യം.

2020 നവംബർ 12. കോവിഡ് ലോകത്തെ പിടിമുറുക്കിയ സമയം..... ആ സമയത്ത് തിയ്യേറ്ററുകാരേയും ആരാധകരേയുമെല്ലാം ചൊടിപ്പിച്ചു കൊണ്ട് സൂര്യ താൻ നിർമ്മിച്ച തന്റെ പുതിയ സിനിമ ആമസോൺ പ്രൈം വഴി ഒ. ടി. ടി റിലീസ് ആയി പുറത്തിറക്കി. ഇരുധി സുട്രൂ എന്ന മികച്ച സിനിമയൊരുക്കിയ സുധ കൊങ്കരയെന്ന വനിതയായിരുന്നു ആ സിനിമയുടെ സംവിധായിക. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ആ ചിത്രത്തിന്റെ പേര് സൂരറയ് പൊട്രൂ. അർദ്ധരാത്രിയോടടുപ്പിച്ച് ആമസോൺ പ്രൈമിൽ പുറത്തിറങ്ങിയ സിനിമയ്ക്ക് രണ്ടര മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ വഴി ലോകമെമ്പാടും അത്ഭുതപൂർണ്ണമായ വരവേൽപ് ആയിരുന്നു ലഭിച്ചത്. സൂര്യ ആരാധകർക്ക് സങ്കടവും സന്തോഷവും ദേഷ്യവും തുടങ്ങിയ വികാരങ്ങൾ എല്ലാം ഒന്നിച്ചു വന്ന ഒരു മുഹൂർത്തമായിരിക്കും ഒരു പക്ഷേ അത്. കാരണം സൂര്യയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു ചിത്രത്തിലേത്. സിനിമയ്ക്ക് ആരും നെഗറ്റീവ് പറയുന്നതായി അവര് ആ സമയത്ത് കണ്ടുകാണില്ല. ലോകമെമ്പാടും തങ്ങളുടെ ആരാധനാ മൂർത്തിയെ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയുന്ന കാഴ്ച ഇതൊക്കെ അവരെ സംബന്ധിച്ച് സങ്കടവും സന്തോഷവും ഒരുമിച്ച് വന്ന മുഹൂർത്തം ആയിരിക്കും. ഒപ്പം ഇത്തരമൊരു ഗംഭീര ദൃശ്യാനുഭവം തിയ്യേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ആയതിനുള്ള ദേഷ്യവും കൂടെ കലർന്നു കാണണം.

അങ്ങനെ ഒരുപാട് കാലങ്ങൾക്ക് ശേഷം ഒരു സൂര്യ സിനിമ ആളുകൾ ആഘോഷമാക്കി. കൊറോണപ്പേടിയിൽ ആയിരുന്നത് കൊണ്ട് സൂര്യ ആരാധകർക്ക് സോഷ്യൽ മീഡിയ കൊണ്ട് ഉണ്ടായ ഒരു ഉപകാരം അവർക്ക് അവരുടെ സന്തോഷവും ആഹ്ലാദവും പ്രകടിപ്പിക്കാൻ ഒരു വേദി ലഭിച്ചു എന്നത് ആയിരിക്കും. പോസ്റ്റുകൾ ആയും, സ്റ്റോറികൾ ആയും, സ്റ്റാറ്റസ്സുകൾ ആയും ആ സിനിമ സോഷ്യൽ മീഡിയ ഭരിച്ചു.

ഇന്നേവരെ കാണാത്ത ഒരു സൂര്യയെ ആയിരുന്നു സൂരറയ് പൊട്രൂ എന്ന ചിത്രത്തിലൂടെ സുധ പ്രേക്ഷകർക്ക് തന്നത്. നോട്ടത്തിലും, ഭാവത്തിലും, നടപ്പിലും, ഇരിപ്പിലുമെല്ലാം ഇന്നേവരെ കാണാത്ത ഒരു സൂര്യയെ പ്രേക്ഷകർ കണ്ടു. നെടുമാരൻ രാജാങ്കമെന്ന കഥാപാത്രമായി അയാൾ ജീവിച്ചു തകർത്തപ്പോൾ വിരോധികൾ പോലും കൈയ്യടിച്ചു. സൂര്യയുടെ ഒരു അറിയിപ്പ് ആയിരുന്നത്. അയാളുടെ തിരിച്ചു വരവ് ആണ് ഇനി കാണാൻ പോകുന്നത് എന്ന അറിയിപ്പ്. ആ ചിത്രം തിയ്യേറ്റർ റിലീസ് ആയിരുന്നേൽ ആ കോവിഡ് പീക്ക് ടൈമിൽ ഒരു പക്ഷേ ഇത്ര ശ്രദ്ധിക്കപ്പെടില്ലായിരുന്നു. ഒ. ടി. ടി എന്നത് അവരുടെ മികച്ചൊരു തീരുമാനം ആയിരുന്നു.

2021 നവംബർ 2-ന് മറ്റൊരു സൂര്യ ചിത്രവും ഒ. ടി. ടി റിലീസ് ആയി പുറത്തിറങ്ങി.സൂരറയ് പൊട്രൂവിന് ശേഷം സൂര്യ അടുത്ത സിനിമയും ഒ. ടി. ടി ക്ക് നൽകിയത് സൂര്യ ആരാധകരെ മാത്രമല്ല ഏവരേയും ചൊടിപ്പിച്ച ഒരു കാര്യമായിരുന്നു. (പക്ഷേ അവിടേയും അയാൾ തന്നെ ആയിരുന്നു ശരി.) ആ സിനിമയുടെ പേരാണ് ജയ് ഭീം. ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീമിൽ അഡ്വക്കറ്റ് ചന്ദ്രു എന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ഒരു ലീഗൽ ഡ്രാമയായിരുന്നു ചിത്രം. സംസാരിച്ച വിഷയം കൊണ്ടും അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൊണ്ടും ജയ് ഭീം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളിയായ ലിജോ മോൾ ജോസിന്റെ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. ശക്തമായൊരു വിഷയം സംസാരിച്ച അത്തരമൊരു സിനിമയൊരുക്കിയതിന് സൂര്യക്ക് വലിയ അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. നിർമ്മാതാവ് എന്ന നിലക്കും ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ കാണിച്ച മനസ്സിനും സൂര്യയ്ക്ക് വലിയ അഭിനന്ദനങ്ങൾ ആയിരുന്നു ലഭിച്ചത്. ഈ ചിത്രവും ഇങ്ങനൊരു സമയത്ത് തിയ്യേറ്റർ റിലീസ് ആയിരുന്നേൽ ഇത്രയേറെ ശ്രദ്ധിക്കപ്പെടില്ലായിരുന്നു. അവിടേയും ഒ. ടി. ടി റിലീസ് എന്ന സൂര്യയുടെ തീരുമാനം ശരിയായിരുന്നു.

തുടരെ രണ്ട് ഗംഭീര സിനിമകൾ ഒരുക്കി കൊണ്ട് സൂര്യ അങ്ങനെ പഴയ ട്രാക്കിലേക്ക് തിരിച്ചു വന്നപ്പോഴും ബിഗ്സ്‌ക്രീനിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം ആസ്വദിക്കുക എന്ന പ്രേക്ഷകന്റെ ആഗ്രഹം നീണ്ടു പോയി. അങ്ങനെയിരിക്കെയാണ്. രണ്ട് വർഷത്തിന് മുകളിലുള്ള ഗ്യാപ്പിന് ശേഷം ഒരു സൂര്യ സിനിമ തിയ്യേറ്റർ റിലീസ് ആയി വരുന്നത്. പാണ്ടിരാജ് ഒരുക്കിയ എതർക്കും തുനിന്തവൻ എന്ന സിനിമയായിരുന്നത്. 2022 മാർച്ച്‌ മാസത്തിൽ പുറത്തിറങ്ങിയ ചിത്രം പറയാൻ ശ്രമിച്ച കാര്യം മികച്ചത് ആയിരുന്നേൽക്കൂടെ അതിൽ ഒരുക്കിയ ചേരുവകൾ പ്രേക്ഷകർക്ക് ദഹിച്ചില്ല.

എതർക്കും തുനിന്തവൻ പ്രേക്ഷക ശ്രദ്ധയാകർഷിക്കാതെ തിയ്യേറ്റർ വിട്ടു.

ഒരു സൂര്യ സിനിമയുടെ വിജയം തിയ്യേറ്ററിൽ ആഘോഷമാക്കുക എന്ന ആരാധകരുടെ സ്വപ്നം വീണ്ടും അങ്ങനെ നീണ്ടു.

അങ്ങനെയിരിക്കെയാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന കമൽ ഹാസൻ ചിത്രത്തിൽ സൂര്യ ഗസ്റ്റ് റോളിൽ എത്തുന്നു എന്ന വാർത്തയും ലൊക്കേഷനിൽ നിന്ന് ലീക്ക് ആയ ചിത്രങ്ങളും പുറത്ത് വരുന്നത്. അങ്ങനെ ആരാധകരുടെ കാത്തിരിപ്പ് വിക്രത്തിന് വേണ്ടിയായി. 2022 ജൂൺ 3-ന് റിലീസ് ആയ വിക്രത്തിന്റെ ക്ലൈമാക്സ്‌ രംഗങ്ങളിൽ തിയ്യേറ്ററുകളിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് ചിത്രത്തിലെ പ്രാധാന വില്ലൻ അവതരിച്ചു. റോളക്സ്. ഇന്നേവരെ കാണാത്ത ആറ്റിട്യൂടും മാനറിസങ്ങളുമായി റോളക്സ് എന്ന കൊടും വില്ലനായി സൂര്യ ഏവരേയും ഞെട്ടിച്ചു. കാലങ്ങളായി ചങ്ങലക്കിട്ട് നിർത്തിയ തങ്ങളിലെ ആവേശം മുഴുവൻ സൂര്യ ആരാധകർ പുറത്തെടുക്കുന്ന കാഴ്ചകൾക്കാണ് വിക്രം റിലീസ് ചെയ്ത തിയ്യേറ്ററുകൾ സാക്ഷിയായത്. കൈതിയുടേയും, വിക്രത്തിന്റേയും തുടർച്ചകൾക്ക് കാർത്തി, കമൽഹാസൻ ആരാധകർക്ക് ഒപ്പം സൂര്യ ആരാധകരും അക്ഷമരായാവും കാത്തിരിക്കുന്നത്.

വരാനിരിക്കുന്ന സൂര്യ സിനിമകൾക്കും സൂര്യ ആരാധകർക്ക് ഒപ്പം തന്നെ സിനിമാ സ്നേഹികൾക്കും പ്രതീക്ഷികൾ ഏറെയാണ്. സൂര്യയെന്ന അഭിനേതാവിന്റെ മികവുകൾ പുറത്ത് കൊണ്ട് വന്ന ബാലയുടെ വണങ്കാൻ, സാക്ഷാൽ വെട്രിമാരന്റെ വാടി വാസൽ തുടങ്ങിയ ഏറെ പ്രതീക്ഷകളുള്ള സിനിമകളാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂര്യയിലെ താരത്തിന് അതുകൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകാൻ സാധ്യത ഇല്ലെങ്കിലും സൂര്യയെന്ന നടന്റെ വിസ്മയ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാം എന്ന വിശ്വാസവും പ്രതീക്ഷയും ഈ പ്രൊജക്റ്റുകളിൽ ഉണ്ട്.

ഏവരും എഴുതി തള്ളിയ അയാളിലെ അഭിനേതാവിനെ ഇരട്ടി മികവോടെ അയാൾ തിരികെ കൊണ്ട് വന്നത് പോലെ തന്നെ തന്നിലെ താരത്തേയും അയാൾ വൈകാതെ തിരികെ കൊണ്ട് വരുമെന്നും നടനും താരത്തിനും ഒരുപോലെ ഗുണമാകുന്ന സിനിമകളുടെ ഭാഗമാകുമെന്നും പ്രതീക്ഷിക്കാം. അത്തരം സിനിമകൾ തിരഞ്ഞെടുത്ത് ഒരിക്കൽ അയാളുടെ യാത്രയിൽ നിന്നും അയാൾക്ക് കാലിടറിയ ആ സിംഹാസനത്തിലേക്കുള്ള യാത്ര അയാൾ പുനരാരംഭിക്കുമെന്ന് കരുതാം.

ഇന്ന് സൂര്യയുടെ ജന്മദിനമാണ്. അയാൾക്ക് ഒരുപക്ഷേ ഏറ്റവും പ്രിയപ്പെട്ട പിറന്നാൾ കൂടെയായിരിക്കും ഇത്. കാരണം പിറന്നാൾ സമ്മാനമായി അയാൾക്ക് കിട്ടിയത് രാജ്യത്തെ മികച്ച നടനുള്ള പുരസ്‌കാരമാണ്. നടിപ്പിൻ നായകൻ എന്ന് ആരാധകർ വിളിക്കുന്ന അയാളുടെ അഭിനയ മികവിന് വൈകി വന്നു ചേർന്ന അംഗീകാരം. ഒടുവിൽ അർഹിക്കുന്ന ആ കൈകളിൽ തന്നെ അത് എത്തി. ഈയൊരു പുരസ്‌കാരം അദ്ദേഹത്തിന്റെ കരിയറിലെ മറ്റൊരു നാഴികകല്ലായി മാറട്ടെ. പിറന്നാൾ ദിനത്തിൽ വന്നു ചേർന്ന ഇരട്ടി മധുരമുള്ള ഈ സൗഭാഗ്യം സിനിമാ ജീവിതത്തിലെ പുതിയ മാറ്റങ്ങൾക്കും വിജയങ്ങൾക്കുമുള്ള തുടക്കമാകട്ടെ.

തമിഴകത്തെ പ്രിയപ്പെട്ട അഭിനേതാക്കളിൽ ഒരാളായ വ്യക്തിത്വം കൊണ്ടും അഭിനയം കൊണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട നടിപ്പിൻ നായകൻ സൂര്യയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ❤️❤️

Happy Birthday Suriya Sivakumar ❤️❤️

-വൈശാഖ്.കെ.എം
സൂര്യ ശിവകുമാർ സൂര്യ ശിവകുമാർ Reviewed by on 04:17 Rating: 5

No comments:

Powered by Blogger.