വാശി
മാനസികമായി ഏറെ സമ്മർദ്ദങ്ങൾ അല്ലേൽ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു സമയമായത് കൊണ്ടും അതിനൊപ്പം പിടിപെട്ട ഇപ്പോഴത്തെ വില്ലൻ വൈറൽ ഫീവറും കൂടെ എല്ലാ അർത്ഥത്തിലും തളർത്തി ഇട്ടിരിക്കുന്ന ഈ ഘട്ടത്തിൽ സിനിമ എന്നല്ല പലതിനോടും ഒരു അകൽച്ച ഉണ്ടായിരുന്നു. എത്രയൊക്കെ ആസ്വദിച്ച സിനിമകൾ ആണേലും ഇതുവരെ കാണാത്ത നല്ല അഭിപ്രായം വന്ന എന്റർടൈനറുകൾ ആണേൽപ്പോലും കാണാൻ മനസ്സ് അനുവദിക്കാറുണ്ടായിരുന്നില്ല പലപ്പോഴും ഒന്നും മുഴുവനാക്കാൻ കഴിഞ്ഞിരുന്നില്ല.
വാശി തിയ്യേറ്ററിൽ നിന്നും കാണാൻ ആഗ്രഹിച്ചിരുന്ന പക്ഷേ പല കാരണങ്ങൾ കൊണ്ടും കാണാൻ പറ്റാതെ പോയൊരു സിനിമയായിരുന്നു. മേല്പറഞ്ഞത് പോലെ OTT വന്നപ്പോഴും സ്‌കിപ്പ് ചെയ്തിട്ട അനേകം സിനിമകളുടെ കൂട്ടത്തിൽ ആയിരുന്നു വാശിയും. ഇന്നലെ സമയം തള്ളി നീക്കാൻ പാടുപെട്ടിരുന്ന സമയത്താണ് കുറച്ച് സമയം ഏതേലും സിനിമ കാണാം എന്നൊരു ചിന്ത ഉടലെടുക്കുന്നത് അങ്ങനെയാണ് ആ തീരുമാനം വാശിയിലേക്ക് എത്തുന്നത്. വലിയ അഭിപ്രായം ഒന്നും ഇല്ലാതിരുന്ന ഒരു ചിത്രം..... മസാല ചേരുവകൾ ചേർന്ന ഒരു എന്റർടൈനർ കൂടെയല്ലാത്ത ഒരു ചിത്രം അത് ഈ അവസ്ഥയിൽ എങ്ങനെ കണ്ടു തീർക്കും എന്ന ധാരണയൊന്നും ഇല്ലായിരുന്നു. കുറച്ച് സമയം കണ്ട് നിർത്തിവെക്കാം എന്ന് വിചാരിച്ചാണ് വാശി കണ്ട് തുടങ്ങിയത്. പക്ഷേ കുറച്ച് സമയം എന്നല്ല സിനിമ ആരംഭിച്ചത് മുതൽ അവസാനം വരെ ഇരുന്ന ഇരിപ്പിൽ നിന്ന് അനങ്ങാൻ സാധിച്ചില്ല എന്നതാണ് വാസ്തവം.
ഏറെ ആസ്വദിച്ചു കണ്ടിരുന്ന തമാശ സിനിമകളെപ്പോലും അവഗണിച്ചു നടന്നിരുന്ന മൈൻഡ് ഉള്ളപ്പോൾ ആണ് ഇത്തരമൊരു കോർട്ട്റൂം ഡ്രാമ മറ്റെല്ലാം മറന്ന് ആസ്വദിക്കാൻ പറ്റിയത് എന്നത് എന്നെ സംബന്ധിച്ച് ഒരു അത്ഭുതം തന്നെയായിരുന്നു.
വലിയ വേഗത്തിൽ കഥ പറഞ്ഞു പോകുന്ന ഒരു രീതിയൊന്നും ആയിരുന്നില്ല വാശിയുടേത് പതിയെ ഒരു താളത്തിൽ നീങ്ങിയ ചിത്രത്തിന് പക്ഷേ പെട്ടന്ന് തന്നെ കഥാപാത്രങ്ങളുടെ വികാരങ്ങൾ എന്നിലെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ കഴിഞ്ഞു. എബിന്റേയും മാധവിയുടേയും കരിയറിന്റെ തുടക്കവും പ്രണയവുമെല്ലാം ബോറടിപ്പിക്കാതെ പറഞ്ഞു കൊണ്ട് സംവിധായകനും എഴുത്തുകാരനും കൂടെയായ Vishnu G Raghav കഥയുടെ പ്രധാന തലത്തിലേക്ക് കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. എബിൻ - മാധവി ദമ്പതിമാരുടെ കരിയറിലെ ബ്രേക്ക് ആയി എത്തുന്ന കേസിലേക്ക് അവരെപ്പോലെ തന്നെ കാണുന്ന പ്രേക്ഷകരിലേക്കും ആ ഉദ്യോഗം ജനിപ്പിക്കാൻ വിഷ്ണുവിന്റെ കഥ പറച്ചിലിന് സാധിച്ചിട്ടുണ്ട്. ഇരു കഥാപാത്രങ്ങളോടും ഒരു ഇഷ്ടക്കൂടുതലോ ഇഷ്ടക്കുറവോ തോന്നിക്കാൻ ഒരവസരത്തിലും സാധിക്കാത്ത തരത്തിലാണ് വിഷ്ണു ആ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. എബിനും - മാധവിയും ഒരുപോലെ പ്രിയപ്പെട്ടവരായി ആദ്യാവസാനം വരെ നിൽക്കുന്നുണ്ട്.
കോടതി രംഗങ്ങൾ എല്ലാം മികച്ച രീതിയിൽ ആണ് ഒരുക്കിയിട്ടുള്ളത് ആദ്യമായാണ് കോടതി രംഗങ്ങൾ കുറേയെങ്കിലും യാഥാർഥ്യവുമായി പൊരുത്തപ്പെട്ട് തോന്നിയത് എന്ന് സിനിമ കണ്ട ഒരു വക്കീൽ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. ഇന്നേവരെ അത്തരമൊരു സ്ഥലത്ത് പോകേണ്ടി വന്നിട്ടില്ലാത്തത് കൊണ്ട് തന്നെ എനിക്കതിനെ പറ്റി വലിയ ധാരണയില്ല. എന്നാൽപ്പോലും സ്ഥിരം സിനിമാറ്റിക്ക് കോടതി രംഗങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമായിരുന്നു വാശിയിലെ കോടതി രംഗങ്ങൾ എന്ന് പറയാനാവും. റിയലസ്റ്റിക്ക് ആയിട്ട് ആ രംഗങ്ങൾ ആവശ്യപ്പെടുന്ന ഒരു കഥാ സന്ദർഭം ആയത് കൊണ്ട് തന്നെ വിഷ്ണു കൈയ്യടക്കത്തോടെ ആ രംഗങ്ങൾ എടുത്ത് വെച്ചിട്ടുണ്ട്.
ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ശക്തമായ ഒരുപാട് സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്. പ്രത്യേകിച്ച് ഫെമിനിസത്തിനെ പറ്റിയും റേപ്പ് വിക്ടിമിനെപ്പറ്റിയുമൊക്കെ സംസാരിക്കുന്നത്.
എബിൻ - മാധവി ദമ്പതികളുടെ വ്യക്തി ജീവിതവും പ്രൊഫഷണൽ ജീവിതവും ഇഴകലർത്തി കഥ പറയുമ്പോൾ അത് ഒട്ടും ബോറടിക്കാത്ത തരത്തിൽ വിഷ്ണുവിന് പറയാൻ സാധിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ വികാരങ്ങൾ കാണുന്ന പ്രേക്ഷകനിലേക്ക് അതേ ഫീലോടെ എത്തിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിന്റെ ക്ലൈമാക്സ്സിൽ എന്ത് കൊണ്ട് ജഡ്ജി അത്തരമൊരു വിധി പ്രസ്ഥാവിച്ചു എന്ന ചിന്ത പ്രേക്ഷകരിൽ അവശേഷിപ്പിക്കാതെ വിഷ്ണു അതിനൊരു പൂർണ്ണത നൽകി എന്നത് നന്നായി തോന്നിയൊരു കാര്യമാണ്.
വാശി ഒരു പക്കാ റിയലസ്റ്റിക്ക് കോർട്ട് റൂം ഡ്രാമയൊന്നുമല്ല കാണുന്ന സാധാരണക്കാരിൽ വിരസത ഉടലെടുപ്പിക്കാതിരിക്കാൻ മെമ്പൊടിക്ക് അല്പമൊക്കെ സിനിമാറ്റിക്ക് കൂടെയാവുന്നുണ്ട് ചിത്രം. അത് തന്നെയായിരുന്നു അതിന്റെ ഭംഗിയും.
വാശി ഒരു മികച്ച സിനിമയാകുന്നത് സംവിധായകനും എഴുത്തുകാരനുമായ വിഷ്ണുവിന്റെ മാത്രം ആധിപത്യം കൊണ്ടല്ല എന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. എഴുത്തും, സംവിധാനവും കൈയ്യടക്കത്തോടെ വിഷ്ണു നിർവ്വഹിച്ചപ്പോൾ ഛായാഗ്രഹണത്തിൽ Neil Dcunha യും എഡിറ്റിങ്ങിൽ Arju Benn ഉം മികവ് പുലർത്തി. മികച്ച ഗാനങ്ങൾ ഒരുക്കി കൊണ്ട് Kailas Menon ഉം ചിത്രത്തോട് ചേർന്നു നിന്ന പശ്ചാത്തല സംഗീതം ഒരുക്കി കൊണ്ട് യാക്ക്സണും, നേഹയും വാശിയുടെ മാറ്റ് കൂട്ടി. എടുത്ത് പറയേണ്ട മറ്റൊരു കാര്യം യാതൊന്നും പറയാതെ രാവേ എന്നുള്ള ഗാനം അതിമനോഹരമായിരുന്നു. Vinayak Sasikumar ന്റെ മികച്ച വരികൾക്ക് അതിമനോഹരമായാണ് കൈലാസ് ഈണം പകർന്നിരിക്കുന്നത്.
അഭിനേതാക്കളിലേക്ക് വന്നാൽ Tovino Thomas ന്റേയും Keerthy Suresh ന്റേയും പ്രകടനത്തിലെ പക്വത തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്ന്. എബിൻ, മാധവി എന്നീ പ്രധാന കഥാപാത്രങ്ങളെ അത്രയ്ക്ക് മികവോടും കൈയ്യടക്കത്തോടും കൂടെയാണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും, വാശിയും, നിസ്സഹായതയും തുടങ്ങി എല്ലാ ഇമോഷനുകളും ഇരുവരും അതിമനോഹരമായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്.
Baiju Santhosh Kumar , Rony David Raj , കോട്ടയം രമേഷ്, അനഘ നാരായണൻ, Anu Mohan തുടങ്ങിയവരും പ്രകടനം കൊണ്ട് മികച്ചു നിന്നവരാണ്. മറ്റുള്ള അഭിനേതാക്കളും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയ പ്രകടനം കാഴ്ച വെച്ചവരാണ്.
വാശി ഒരു വലിയ സംഭവം ആണെന്ന് ഒന്നും പറയുന്നില്ല. പക്ഷേ പറയാനുദ്ദേശിച്ച വിഷയത്തെ മനോഹരമായി തന്നെ പറഞ്ഞു പോയ ഒരു ലളിതമായ സിനിമ.
എന്നെ സംബന്ധിച്ച് ഏറെ ആസ്വദിച്ചു കണ്ട ഒരു ദൃശ്യാനുഭവമാണ് വാശി. അഭിനേതാക്കളുടെ പ്രകടനം മുതൽ എല്ലാ വിഭാഗങ്ങളോടും ഇഷ്ടം തോന്നിയ ഒരു കൊച്ചു സിനിമ. പ്രത്യേകിച്ച് ഇത്തരം ഒരു അവസ്ഥയിലും രണ്ട് മണിക്കൂർ എല്ലാം മറന്നിരിക്കാൻ പറ്റി എന്നതും വാശിയെ എനിക്ക് പ്രിയപ്പെട്ട സിനിമാനുഭവമാക്കി മാറ്റുന്നു.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
വാശി
Reviewed by
on
02:24
Rating:

No comments: