ജോ & ജോ

  ശരാശരിക്കും മുകളിൽ നിന്ന ഒരു സിനിമാനുഭവം

നിഖില വിമൽ, നസ്ലിൻ എന്നിവരുടെ മികച്ച പ്രകടനങ്ങളും അങ്ങിങായി വന്നുപോയ ചില മനോഹര രംഗങ്ങളും മാറ്റി നിർത്തിയാൽ വലിയ രീതിയിൽ ആസ്വദിക്കാൻ പറ്റാതെ പോയ എന്നാൽ ബോറടിപ്പിക്കുകയും ചെയ്യാത്ത ഒരു സിനിമയാണ് എന്നെ സംബന്ധിച്ച് ജോ & ജോ. ഒരു എബോവ് ആവറേജ് അനുഭവം.

ഒരു ലോക്ക് ഡൗൺ സമയത്ത് നടക്കുന്ന ഒരു കഥയാണ് ചിത്രത്തിന്റേത്. മിക്ക വീടുകളിലും ഉണ്ടാവുന്നത് പോലുള്ള സഹോദരീ സഹോദരന്മാർക്കിടയിലെ വഴക്കിടലുകളും, കൂട്ടുകാർക്കൊപ്പമുള്ള കറക്കങ്ങളും വീട്ടുകാരുടെ ശാസനങ്ങളും, പ്രണയവുമൊക്കെയായി പോകുന്ന ഒരു ചെറിയ കഥ. ആ ഒരു നാടൻ ഫീൽ തരുന്നതിൽ ഒരു പരിധിവരെ അവര് വിജയിച്ചിട്ടുമുണ്ട് എന്നിരുന്നാലും പലതിനും ഒരു പൂർണത തരാൻ സാധിച്ചിട്ടില്ല.

ചിത്രത്തിൽ ആത്മാവ് ഉള്ള ഒരേയൊരു കഥാപാത്രം നിഖില വിമൽ അവതരിപ്പിച്ച ജോമോൾ ആണ്. പിന്നെ അടുപ്പം തോന്നുന്നത് നസ്ലിൻ അവതരിപ്പിച്ച മനോജ്‌ സുന്ദരനോടും.

ജോമോൾ എന്ന കഥാപാത്രത്തിന് ഒരു ഭംഗിയുണ്ട്. പെണ്ണായതിന്റെ പേരിൽ വീട്ടിൽ തളച്ചിടപ്പെടുന്ന അനേകം ജോമോളുമാരുടെ പ്രതിനിധിയാണ് ആ കഥാപാത്രം. വീട്ടിൽ നിന്ന് തുടങ്ങുന്ന വിവേചനങ്ങൾക്ക് എതിരെ വേണം ആദ്യം ശബ്ദമുയർത്താൻ എന്ന് പറഞ്ഞു തരുന്ന ഒരു കഥാപാത്രമാണ് ജോമോളുടേത്. പെണ്ണായാൽ അടുക്കും ചിട്ടയും വേണം, ശബ്ദത്തിൽ സംസാരിക്കാൻ പാടില്ല, പഠിക്കുകയാണേലും അല്ലേലും ഇന്ന പ്രായമായാൽ അതൊക്കെ നിർത്തി വീട്ടുകാർ പറയുന്നവർക്ക് മുന്നിൽ താലി കെട്ടാൻ തല കുനിച്ചു കൊടുക്കണം, വീട്ടിലെ പണികൾ മുഴുവൻ പെൺകുട്ടികൾ തന്നെ ചെയ്യണം തുടങ്ങി കാലങ്ങളായി അവർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന അത്തരം കാര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു കഥാപാത്രമാണ് ജോമോളുടേത്. ഇന്നിന്റെ യുവത്വത്തിന്റെ ഒരു പ്രതീകം അല്ലേൽ അവർക്ക് വേണ്ടി സംസാരിക്കുന്ന ഒരു കഥാപാത്രം. ജോമോൾ എന്ന കഥാപാത്രം അത്രമേൽ പ്രിയപ്പെട്ടതാകാനുള്ള കാരണം നിഖില വിമലിന്റെ പ്രകടന മികവ് കൊണ്ടാണ്. അഭിനയിക്കുകയാണെന്ന തോന്നൽ ഒരു സ്ഥലത്ത് പോലും ഉളവാക്കാതെ ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ നിഖിലക്ക് കഴിഞ്ഞിട്ടുണ്ട്. നമുക്ക് ഒക്കെ ഇടയിൽ ജീവിക്കുന്ന ഒരാളായി തന്നെ ആ കഥാപാത്രത്തെ കാണാൻ പറ്റിയത് അവരുടെ പ്രകടന മികവ് ഒന്ന് കൊണ്ട് തന്നെയാണ്.

നസ്ലിൻ അവതരിപ്പിച്ച മനോജ്‌ സുന്ദരനും കാമ്പുള്ള കഥാപാത്രമാണ്. അത്തരം ഒരുപാട് സുന്ദരന്മാർ നമുക്കിടയിലുണ്ട്. കൗമാര പ്രായത്തിൽ ഒളിപ്പിച്ചു വെച്ചൊരു പ്രണയവുമായി (പ്രണയം എന്ന് വിളിക്കാൻ പറ്റില്ല ടീനേജിലെ ഒരു അട്രാക്ഷൻ ) നടക്കുന്ന, കൂട്ടുകാർക്ക് വേണ്ടി മുന്നും പിന്നും നോക്കാതെ മുന്നിട്ടിറങ്ങുന്ന ഒരു കഥാപാത്രം. എന്തേലും ഉടായിപ്പുകളൊക്കെ വീട്ടിൽ പിടിച്ചാൽ പഴി ചാരാനുള്ള ഒരു ചെണ്ട എല്ലാവർക്കും ഉണ്ടാവും അത്തരത്തിൽ ഒരാള് കൂടെയാണ് സുന്ദരൻ. മനോഹരമായി നസ്ലിൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അയാളുടെ മുഖത്ത് നിമിഷ നേരങ്ങൾ കൊണ്ട് മിന്നി മറയുന്ന ഭാവങ്ങൾക്ക് ഒക്കെ വല്ലാത്തൊരു സൗന്ദര്യമുണ്ട്.

ജോമോൻ എന്ന കഥാപാത്രമായെത്തിയ മാത്യൂസ് ചില സ്ഥലങ്ങളിൽ മാത്രം രസിപ്പിച്ച അതിലേറെ സ്ഥലങ്ങളിൽ നിരാശപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ചൊരു അഭിനേതാവാണ്. പ്രത്യേകിച്ച് ഇമോഷണൽ രംഗങ്ങളിലും മറ്റുമൊക്കെ അയാളിൽ നിന്നും വരുന്ന ഭാവങ്ങൾക്ക് ഒക്കെ ഒരു കൃത്രിമത്വം ഫീൽ ചെയ്തു.

മെൽവിൻ അവതരിപ്പിച്ച എബി എന്ന കഥാപാത്രവും വലുതായി രസിപ്പിച്ച പ്രകടനമൊന്നും അല്ലായിരുന്നു.

നിഖിലക്കും നസ്ലിനും ശേഷം മികച്ചതായി തോന്നിയത് ജോണി ആന്റണിയുടെ പ്രകടനമായിരുന്നു. ബേബി എന്ന കഥാപാത്രത്തെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്.

സ്മിനു സിജോ അവതരിപ്പിച്ച ലില്ലിക്കുട്ടി എന്ന കഥാപാത്രത്തിനാണ് ചിത്രത്തിൽ ഒട്ടും ലൈഫ് ഇല്ലാത്തത്. ജോമോൾക്ക് പറയാനുള്ളത് ആളുകളിലേക്ക് എത്തിക്കാനുള്ള വെറുമൊരു ടൂൾ മാത്രമാക്കി ആ കഥാപാത്രത്തെ ഒതുക്കിയത് പോലെ തോന്നി. ആ കഥാപാത്രത്തിന്റെ ശക്തിയില്ലായ്മ അവരുടെ പ്രകടനത്തിലും നിഴലിച്ചു നിന്നിരുന്നു. അമ്മൂമ്മ കഥാപാത്രത്തിന് അതിനേക്കാൾ കാമ്പ് ഉള്ളതായി തോന്നി.

ലോക്ക് ഡൗൺ പശ്ചാത്തലമായത് കൊണ്ട് പോലീസുകാരന്റെ ഉപദേശം മസ്റ്റ് ആണ് എന്നുള്ള തരത്തിൽ വന്ന ശ്രീജിത്ത്‌ രവിയുടെ കഥാപാത്രം ഒരു കല്ലുകടി ആയിരുന്നു. അതുപോലെ അനാവശ്യമെന്ന് തോന്നിയ കുറച്ച് രംഗങ്ങളും ഉണ്ട്.

ബാക്കിയുള്ള അഭിനേതാക്കൾക്കൊന്നും വലുതായി ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു ഒന്നോ രണ്ടോ സീനുകളിൽ വന്ന് പോകുന്നവരാണ് പലരും.

അരുൺ. ഡി. ജോസ് ശരാശരിയിൽ ഒതുങ്ങിയ രചനയെ ഡീസന്റ് ആയി അണിയിച്ചൊരുക്കിയിട്ടുണ്ട്. അൻസാർ ഷായുടെ ഛായാഗ്രഹണവും, ഗോവിന്ദ് വസന്തയുടെ സംഗീതവും, ചമൻ ചാക്കോയുടെ എഡിറ്റിങ്ങുമെല്ലാം നിലവാരം പുലർത്തിയവയാണ്.

നിഖില വിമൽ, നസ്ലിൻ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും നന്നായി റിലേറ്റ് ചെയ്യാൻ പറ്റിയ കുറച്ച് രംഗങ്ങളും മാറ്റി നിർത്തിയാൽ ജോ & ജോ വലിയ രീതിയിൽ രസിപ്പിക്കാത്ത ഒരു സിനിമയാണ്. എന്നാൽ ബോറടിപ്പിച്ചിട്ടുമില്ല. ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു അനുഭവം.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ജോ & ജോ ജോ & ജോ Reviewed by on 11:20 Rating: 5

No comments:

Powered by Blogger.