ഇന്നലെ വരെ

  ജിസ്  ജോയിയുടെ നന്മ യൂണിവേഴ്സിലെ നന്മ നിറഞ്ഞു തുളുമ്പുന്നൊരു ഫീൽഗുഡ് ത്രില്ലർ

നന്മ വിട്ടകന്ന നായകനെ നന്മയുടെ പാതയിലേക്ക് തിരിച്ചു കൊണ്ട് വരുന്നതാണ് ഇന്നലെ വരേയുടെ പ്രധാന കഥാ തന്തു.

ആദ്യാവസാനം ഫ്ലാറ്റ് ആയി പോകുന്ന കഥയുടെ ഇടയ്ക്ക് നിഗൂഢത നിറയ്ക്കാനെന്നോണം കയറ്റി വെച്ച പശ്ചാത്തല സംഗീതത്തെയാണെന്ന് തോന്നുന്നു ഇതൊരു ഫീൽഗുഡ് സിനിമയല്ല ഒരു ത്രില്ലർ ആണെന്ന ബോധം പ്രേക്ഷകരിൽ ഉടലെടുപ്പിക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗം.

പടവലം പോലെ താഴോട്ട് വളരുന്ന ബോബി സഞ്ജയ്‌മാരുടെ മോശം രചന തന്നെയാണ് ഇന്നലെ വരേയുടെ ഏറ്റവും വലിയ പ്രത്യേകത. ലോജിക്കില്ലായ്മയും ധാരാളം പഴുതുകളും നിറഞ്ഞ് എരിതീയിൽ നിന്ന ആ രചനയെ തന്റെ നന്മ നിറഞ്ഞ മേക്കിങ് കൊണ്ട് ജിസ് ജോയ് വറ ചട്ടിയിലേക്ക് തള്ളിയിട്ടതാണ് ചിത്രത്തിന്റെ രണ്ടാമത്തെ പ്രത്യേകത. അമിത നാടകീയത നിറഞ്ഞ സംഭാഷണങ്ങളെ അഭിനേതാക്കൾ അതിനേക്കാൾ വലിയ നാടകീയമായി അവതരിപ്പിച്ചതാണ് മൂന്നാമത്തെ പ്രത്യേകത. അങ്ങനെ ഇത്തരത്തിലുള്ള ഒരുപാട് പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് ഇന്നലെ വരെ.

ത്രില്ലർ, ആക്ഷൻ, ഹൊറർ സിനിമകളൊന്നും കാണാൻ ഇഷ്ടമല്ലാത്ത ആളാണ് താനെന്നും എന്നാൽ എല്ലാ തരം സിനിമകളും അണിയിച്ചൊരുക്കാൻ അറിയുമെന്നും ഈയിടെ സംവിധായകൻ ഒരു ഇന്റർവ്യൂവിൽ പറയുന്നത് കേട്ടിരുന്നു. അപ്പൊ അദ്ദേഹത്തോട് പറയാനുള്ളത് അത്തരം സിനിമകൾ നിങ്ങൾ കാണുന്നില്ലേൽ വേണ്ട ഏറ്റവും കുറഞ്ഞത് എന്താണ് ഇത്തരം ജോണറുകൾ എന്നെങ്കിലും മനസ്സിലാക്കി സിനിമയെടുത്താൽ അത് പ്രേക്ഷകരോട് ചെയ്യുന്ന ഒരു നന്മയാകും.

നന്മ വിട്ടകന്ന നായകനെ മാത്രമല്ല കൊള്ള പലിശയും വാങ്ങി ജപ്തി ചെയ്യാൻ വരുന്ന ബാങ്ക് ഉദ്യോഗസ്ഥനെപ്പോലും അദ്ദേഹം നന്മയുടെ നിറകുടമാക്കിയിട്ടുണ്ട്. ജപ്തിയുടെ ഡേറ്റ് അനൗൺസ് ചെയ്ത് തിരിഞ്ഞു നടക്കുന്ന ബാങ്ക് മാനേജർ മാസ്സ് ആയി തിരിച്ചു വന്ന് യഥാർത്ഥ ബാങ്കുകാർക്ക് ജപ്തി ഇഷ്ടമല്ല എന്നൊക്കെ വെച്ച് കാച്ചുന്നുണ്ട്. എന്നാലും എന്റെ പൊന്നണ്ണാ നിങ്ങൾക്ക് മാത്രം എവിടന്ന് കിട്ടുന്നു ഇത്രേം നന്മ..?

ത്രില്ലർ എന്ന അവകാശ വാദവുമായി എത്തിയ ചിത്രത്തെ തന്റെ നന്മ യൂണിവേഴ്സിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു കൊണ്ട് അതിനെ ഫീൽഗുഡ്  ത്രില്ലറാക്കി മാറ്റി കൊണ്ട് ജിസ് ജോയ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

നല്ലൊരു ത്രില്ലർ സിനിമ ആസ്വദിക്കാനിരുന്ന എന്നെ സംബന്ധിച്ച് ഇന്നലെ വരെ വളരെ മോശം അനുഭവമാണ്. അത്രയേറെ മോശമായി തോന്നിയ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളെ മാത്രമാണ് ഇത്തരത്തിൽ വിമർശിച്ചിട്ടുള്ളത് ഈ ചിത്രവും ആ ഗണത്തിൽ ആയത് കൊണ്ട് കുറച്ച് അധികം പറയേണ്ടി വന്നു.

അണിയറയിൽ ഒരു മേഖലകളും മികവ് പുലർത്തിയതായി തോന്നിയില്ല. അരങ്ങിലേക്ക് വന്നാൽ ഇമോഷണൽ രംഗങ്ങളിൽ മികവ് പുലർത്തുന്ന ആസിഫ് അലി അത്തരം രംഗങ്ങളിൽപ്പോലും മികവ് പുലർത്താതിരുന്നതും, ആന്റണി വർഗ്ഗീസിൽ നിന്ന് വിട്ടുമാറാത്ത കലിപ്പും, അങ്കമാലി സ്ലാങ്ങും, നിമിഷ സജയന്റെ കണ്ടുമടുത്ത സേഫ് സോൺ വേഷമായ അല്പം ഗൗരവും അതിലേറെ വിഷാദവും തുളുമ്പുന്ന ഭാവങ്ങളും ഒപ്പം അല്പം മുംബൈ മലയാളവും, ഒരു സീനിൽ വന്നുപോയ നന്ദുവിന്റെ അസഹനീയമായി തോന്നിയ അതിനാടകീയ സംഭാഷണങ്ങളുമെല്ലാം അരങ്ങിലെ പോരായ്മകളാണ്. അവിടെ മികവ് പുലർത്തിയത് ജോമി എന്ന കഥാപാത്രമായെത്തിയ റോണി ഡേവിഡ് രാജ് മാത്രമായിരുന്നു.

രാത്രിയുടെ പശ്ചാത്തലവും അല്പം ഡാർക്ക് ഷേഡും നിഗൂഢത നിറഞ്ഞ പശ്ചാത്തല സംഗീതവും കൂട്ടി ചേർത്ത് വെച്ചാൽ ത്രില്ലർ ആവില്ല എന്നത് ജിസ് ജോയ് മനസ്സിലാക്കേണ്ട ഒരു കാര്യമാണ്.

ഇന്നലെ വരെ എന്നെ സംബന്ധിച്ച് ഒരു മോശം സിനിമാനുഭവമാണ്. ഒട്ടും ആസ്വദിക്കാൻ പറ്റാതെ പോയ ഒരു മോശം സിനിമാനുഭവം.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ഇന്നലെ വരെ ഇന്നലെ വരെ Reviewed by on 07:22 Rating: 5

No comments:

Powered by Blogger.