മലയാള സിനിമയുടെ അഭിമാനം
മലയാളികൾ പുകഴ്ത്തിയും ഇകഴ്ത്തിയും നെഞ്ചിലേറ്റിയും താഴെയിട്ടുമെല്ലാം പന്തു കളിച്ച ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. ഒരു ഇന്റർവ്യൂവിന്റെ പേരിൽ അതിനെ വളച്ചൊടിച്ചും മറ്റുമെല്ലാം അയാളെ ദ്രോഹിക്കാവുന്നതിന്റെ അങ്ങറ്റം വലിയൊരു വിഭാഗം ദ്രോഹിച്ചിട്ടുണ്ട്. ഏറ്റവും ഭീകരമായ സോഷ്യൽ മീഡിയ ആക്രമണം നേരിട്ടതും അയാളാണ്. സോഷ്യൽ മീഡിയയിൽ മാത്രമല്ല അതിന് പുറത്തേക്കും അയാളോടുള്ള വിരോധം പലരിലും പടർന്നു പന്തലിച്ചു. അഹങ്കാരിയെന്ന മുദ്ര ചാർത്തി നൽകിയ അയാൾക്ക് മലയാളി ഒരു വിളിപ്പേരുമിട്ടു രാജപ്പൻ. അയാളുടെ മുഖം എവിടെ കണ്ടാലും രാജപ്പാ എന്നുള്ള വിളികൾ മുഴങ്ങി. കൊച്ചിയിലെ കലൂരിലെ സ്റ്റേഡിയത്തിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കാണാൻ അവിടേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ അവിടെയെത്തിയ പൃഥ്വിരാജിനെ രാജപ്പാ എന്നുള്ള വിളികളാലും കൂവലുകളാലുമാണ് വരവേറ്റത്. അത്രയേറെ അയാളെ ആക്രമിച്ച ഒരു സമയമുണ്ടായിരുന്നു. നിർഭാഗ്യ വശാൽ ആ സമയത്ത് അയാളുടേതായി പുറത്തിറങ്ങിയ സിനിമകൾക്ക് പലതിനും ജനങ്ങളെ ആസ്വദിപ്പിക്കാനും സാധിച്ചിരുന്നില്ല.
അയാളുടെ ആരാധകരിൽ പലര് പോലും അയാൾക്കിനിയൊരു തിരിച്ചു വരവില്ല എന്ന് വിശ്വസിച്ചു നടന്ന ഒരു സമയമുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് ഇന്ത്യൻ റുപ്പി,സെല്ലുല്ലോയ്ഡ്,അയാളും ഞാനും തമ്മിൽ,മെമ്മറീസ്,മുംബൈ പോലീസ് തുടങ്ങിയ സിനിമകളൊക്കെ പുറത്തിറങ്ങുന്നത് ആ സിനിമകളെല്ലാം വലിയ വിജയങ്ങളായി എന്ന് മാത്രമല്ല അവയിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും ഏറെ പ്രശംസിക്കപ്പെട്ടു. ഡോക്ടർ രവി തരകനും സാം അലക്ക്സ്സുമെല്ലാം മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായി മാറി. മുംബൈ പോലീസിലെ ആന്റണി മോസസ് എന്ന കഥാപാത്രത്തെ ഏറ്റെടുക്കാൻ കാണിച്ച ധൈര്യത്തിന് നാനാഭാഗത്ത് നിന്നും അയാൾക്ക് പ്രശംസകൾ ലഭിച്ചു കൊണ്ടിരുന്നു. (ഒരു വിഭാഗം കളിയാക്കലുകളുമായി ഉണ്ടായിരുന്നു എന്നത് വേറെ കാര്യം ) അങ്ങനെ പതിയെ രാജപ്പൻ അവർക്ക് രാജുവേട്ടനായി മാറി.
പിന്നീട് സൈബർ ആക്രമണങ്ങളും മറ്റും നന്നേ കുറഞ്ഞെങ്കിലും പൃഥ്വിരാജ് എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല എന്നുറപ്പിച്ചു നടന്ന കുറച്ച് IHP (ഐ ഹേറ്റ് പൃഥ്വിരാജ്) വിഭാഗക്കാർ അയാളെ വീണ്ടും വേട്ടയാടിക്കൊണ്ടിരുന്നു. അയാളുടെ നല്ല സമയത്ത് മാളത്തിൽ ഒളിച്ചിരുന്ന് കൊണ്ട് സിനിമകൾക്ക് മോശം റിപ്പോർട്ട് വന്നാൽ മാത്രം പുറത്ത് വന്ന് ആക്രമിക്കുന്ന ഒരു രീതി ആയിരുന്നു പിന്നീട് ആ കൂട്ടർക്ക്. പക്ഷേ അതൊന്നും പൃഥ്വിരാജ് എന്ന നടനെ ഒരു തരത്തിലും ബാധിച്ചിരുന്നില്ല. വലിയൊരു വിഭാഗം മലയാളികളും അയാളെ എതിർത്തിരുന്ന സമയത്ത് പോലും അയാൾ തളർന്നിരുന്നില്ല അയാളുടെ ഒരു വിഭാഗം ആരാധകർ പോലും അയാൾക്ക് ഇനിയൊരു തിരിച്ചു വരവില്ല എന്ന് വിചാരിച്ചിരിക്കുമ്പോൾ ആണ് അയാൾ ഏവരേയും ഞെട്ടിച്ചു കൊണ്ട് വീണ്ടും ഉയർന്നു വന്നത്. കുറച്ചൂടെ ആലങ്കാരികമായി പറഞ്ഞാൽ ചാരത്തിൽ നിന്നും ഉയർന്ന് വന്ന ഒരു ഫീനിക്സ് പറവയെപ്പോലെ.
അന്നുമതെ ഇന്നുമതെ അയാളുടെ നേരെ വരുന്ന വിമർശനങ്ങൾക്ക് അയാൾ മറുപടി പറഞ്ഞത് അയാളുടെ ആയുധമായ സിനിമകൾ കൊണ്ടായിരുന്നു.
അയാളുടെ സ്വപ്നങ്ങളെപ്പറ്റിയും ആഗ്രഹങ്ങളെപ്പറ്റിയും ഇന്റർവ്യൂസിലും മറ്റും അദ്ദേഹം മനസ്സ് തുറന്നപ്പോൾ അതിനെ പലരും പുച്ഛിച്ചും കളിയാക്കിയുമാണ് എതിരേറ്റത്. തനിക്ക് ഒരു സംവിധായകനാകണമെന്നും ഭാവിയിൽ സിനിമകൾ സംവിധാനം ചെയ്യുമെന്നും പറഞ്ഞപ്പോൾ പലരും അതിനെ അങ്ങറ്റം കളിയാക്കി. അറിയുന്ന പണി ചെയ്‌താൽ മതിയെന്നും മറ്റും പറഞ്ഞ് അയാളെ ട്രോളിക്കൊണ്ടിരുന്നു. അതിനുള്ള മറുപടി അയാൾ കൊടുത്തത് മലയാളത്തിലെ ഏറ്റവും വലിയ താരത്തിനെ വെച്ചുകൊണ്ട് ഒരു വലിയ സിനിമ ചെയ്തു കൊണ്ടാണ്. റിലീസിന് മുൻപ് യാതൊരു വീരവാദവും അയാൾ മുഴക്കിയില്ല അയാളുടെ മറുപടി എന്നും സിനിമകൾ കൊണ്ട് മാത്രമായിരുന്നു. റിലീസിന് ശേഷം ആ സിനിമ മലയാളത്തിലെ ഏറ്റവും വലിയ വിജയമായി മാറി. തന്റെ പ്രിയപ്പെട്ട നടനെ അയാൾ കാണാനാഗ്രഹിച്ച രീതിയിൽ അയാൾ കൊണ്ട് വന്നപ്പോൾ ഏവരും അതിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. അയാളിലെ സംവിധാന മോഹത്തെ കളിയാക്കിയവർ ഇന്ന് അയാളുടെ അടുത്ത സംവിധാന സംരഭത്തിന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്. മോഹൻലാൽ ആരാധകർ പോലും ഇന്ന് ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാൻ.
മലയാള സിനിമയുടെ ഒരു അംബാസിഡർ ആയി മാറണമെന്നും മലയാള സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തണമെന്നുമുള്ളത് തന്റെ വലിയ ആഗ്രഹമാണെന്ന് പറഞ്ഞപ്പോഴും അയാളെ ഏവരും പുച്ഛിച്ചു. അഹങ്കാരമാണെന്ന് പറഞ്ഞു എഴുതി തള്ളി. അപ്പോഴും അയാൾ മൗനം പാലിച്ചു. ആ സമയത്ത് സ്വന്തം പ്രൊഡക്ഷൻ ഹൗസ് വളർത്താനുള്ള തയ്യാറെടുപ്പുകളിലായിരുന്നു അദ്ദേഹം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നിർമ്മാതാക്കളുമായൊക്കെ അയാൾ ബന്ധം സ്ഥാപിച്ചു.. കെ.ജി.എഫ് രണ്ടാം ഭാഗവും,777 ചാർളിയും,83യും തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി പൃഥ്വിരാജ് പ്രൊഡക്ഷൻസ് മാറി.
ഇന്നലെ അയാൾ ഒരു സിനിമ അനൗൺസ് ചെയ്തു. സിനിമയുടെ പേര് ടൈസൺ, സിനിമക്ക് രചന നിർവ്വഹിക്കുന്നത് മുരളി ഗോപി, നായകനും സംവിധായകനും ഒരാൾ തന്നെ പൃഥ്വിരാജ് സുകുമാരൻ. ചിത്രം നിർമ്മിക്കുന്നത് KGF ഉം സലാറുമെല്ലാം നിർമ്മിച്ച സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായി മാറിയ ഹോമ്പാലെ ഫിലിംസ്. അഞ്ച് ഭാഷകളിലാണ് ടൈസൺ പുറത്തിറക്കാൻ പോകുന്നത്. അങ്ങനെ ആദ്യമായ് മലയാളത്തിൽ നിന്നും ഒരു പാൻ ഇന്ത്യൻ സിനിമ പിറവിയെടുക്കുകയാണ്. അതിന് ചുക്കാൻ പിടിക്കുന്നതും പൃഥ്വിരാജ് തന്നെ. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കണമെന്ന അയാളുടെ ആഗ്രത്തിന്റെ അല്ലേൽ സ്വപ്നത്തിലേക്കുള്ള മറ്റൊരു ചവിട്ടുപടി. എന്തുകൊണ്ട് വലിയ സിനിമകൾ മലയാളത്തിൽ വരുന്നില്ല എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് അയാൾ കൊടുത്ത മറുപടി വിശ്വസിക്കൂ സർ നമ്മുടെ ബാഹുബലിയും KGF ഉം എല്ലാം വരും എന്നാണ്. അതെ അതിനുള്ള വഴി വെട്ടുന്ന തിരക്കിലാണ് ഇന്ന് അദ്ദേഹം.
നാല്പത് വയസ്സിന് ശേഷമായിരിക്കും തന്റെ കരിയറിലെ സുപ്രധാന ഘട്ടം ആരംഭിക്കുക എന്നാണ് അയാൾ പറഞ്ഞിട്ടുള്ളത്. ശരിയാണ് ഇനിയങ്ങോട്ടുള്ള അയാളുടെ ലൈനപ്പുകൾ അതിനെ ശരിവെക്കും വിധമാണ്. എല്ലാം വലിയ പ്രൊജക്റ്റുകൾ.... പ്രതീക്ഷയുള്ള പ്രൊജക്റ്റുകൾ. നടനായും, സംവിധായകനായും, നിർമ്മാതാവായും അയാളിൽ നിന്നും പുറത്ത് വരാനുള്ള സിനിമകൾ എല്ലാം തന്നെ വലിയ പ്രതീക്ഷയുള്ളവയാണ്. ഡാർക്ക് സിനിമകൾ മാത്രം ചെയ്യുന്നവൻ എന്നായിരുന്നു അയാളെ പലരും വിളിച്ചോണ്ടിരുന്നത് പക്ഷേ അയാളുടെ വരാനുള്ള സിനിമകളുടെ ലിസ്റ്റ് നോക്കിയാൽ വ്യത്യസ്തമായ ഇത്രേം ജോണറുകളിൽ ആരുടേയും സിനിമകൾ വരാനില്ല എന്ന് മനസ്സിലാവും. മാസ്സ് മസാല സിനിമയായി ഷാജി കൈലാസിനൊപ്പം കടുവ, അൽഫോൺസ് പുത്രനൊപ്പം ഗോൾഡ്, അയാളിലെ അഭിനേതാവിന് ഒരു പൊൻതൂവൽ ആവാൻ ശേഷിയുള്ള ബ്ലെസ്സിയുടെ ആടുജീവിതം, കാപ്പ, തീർപ്പ്, വിലായത്ത് ബുദ്ധ, അയാളുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ കാളിയൻ, ജന ഗണ മനയുടെ രണ്ടാം ഭാഗം. സംവിധായകനായി എമ്പുരാനും അതിന്റെ മൂന്നാം ഭാഗവും. സംവിധായകനും നായകനുമായി ടൈസൺ, ഹിന്ദിയിൽ നിർമ്മാതാവിന്റെ കുപ്പായം അണിയുന്ന സെൽഫി തുടങ്ങി വലിയ പ്രതീക്ഷകളുള്ള അനേകം സിനിമകളാണ് അയാൾ ഒരുക്കി കൊണ്ടിരിക്കുന്നത്.
തന്നിലെ താരത്തേയും അഭിനേതാവിനേയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന നിരവധി സിനിമകളുമായി വരുന്ന അയാളോളം അപ്ഡേറ്റഡ് ആയിട്ടുള്ള ആരും തന്നെ ഇന്ന് മലയാള സിനിമയിലില്ല. അയാൾ പറഞ്ഞത് പലതും വളച്ചൊടിച്ചും മറ്റും പലരും അയാൾക്ക് നേരെ വാളോങ്ങുമ്പോൾ അതിനെയൊന്നും വക വെക്കാതെ അയാൾ അയാളുടെ സ്വപ്നങ്ങൾ ഓരോന്നായി സാക്ഷാത്കരിച്ചു കൊണ്ടിരിക്കുകയാണ്.
അയാളിലെ നടനെ എടുത്താൽ അയാൾക്ക് വലുത് സിനിമയാണ്.... കിട്ടുന്ന കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ ഇമേജ് നോക്കാതെ എത്രയെത്ര റോളുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. കൂടെയുള്ളവർക്ക് തന്നേക്കാൾ കൂടുതൽ സ്കോർ ചെയ്യാൻ അവസരം ഉണ്ടേൽപ്പോലും അതൊന്നും അയാളെ ബാധിക്കുന്ന കേസ് അല്ല. തനിക്ക് എല്ലാത്തിനും മുകളിൽ പോകാൻ വേണ്ടി അയാൾ സ്ക്രിപ്പ്റ്റിൽ കൈ കടത്തിയിരുന്നെങ്കിൽ ഇന്ന് ഒരു ഡ്രൈവിംഗ് ലൈസൻസോ, അയ്യപ്പനും കോശിയോ, ജന ഗണ മനയോ ഒന്നും തന്നെ ഉണ്ടാവില്ലായിരുന്നു. അയാൾ മുൻഗണന കൊടുക്കുന്നത് സിനിമക്ക് തന്നെയാണ് അയാൾക്കല്ല. സിനിമ നന്നാവണം എന്നതാണ് പുള്ളിയുടെ പോളിസി.
അയാളെന്ന സംവിധായകനെ എടുത്താൽ കാണുന്ന പ്രേക്ഷകൻ കൊടുക്കുന്ന കാശ് മുതലാവുന്ന തരത്തിലുള്ള ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടമാകുന്ന സിനിമകൾ ചെയ്യാനാണ് അയാൾക്ക് താല്പര്യം. ഒരു ഉദാഹരണമെടുത്താൽ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യുമ്പോൾ അദ്ദേഹത്തിൽ നിന്നും എന്താണ് പ്രേക്ഷകർ ആഗ്രഹിക്കുന്നത് എന്ന് അയാൾക്ക് വ്യക്തമായി അറിയാം അവിടെ തന്റെ താല്പര്യങ്ങളേക്കാൾ അയാൾ പ്രേക്ഷകരുടെ ഇഷ്ടങ്ങൾക്കാണ് വില നൽകുന്നത്. ഒപ്പം തന്റെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് എത്ര വലിയ ആളാണെങ്കിലും തനിക്ക് തൃപ്തിയാകുന്നത് വരെ അയാൾ പണിയെടുപ്പിച്ചു കൊണ്ടിരിക്കും. അതാണല്ലോ ഒരു സംവിധായകന്റെ ക്വാളിറ്റി. അതേപോലെ തന്നെ തന്റെ മുന്നിൽ നിൽക്കുന്ന അഭിനേതാക്കളുടെ പോസിറ്റീവ്, നെഗറ്റീവ് വശങ്ങൾ അയാൾക്ക് നല്ലത് പോലെ അറിയാം അതിനാൽ തന്നെ അവരുടെ നെഗറ്റീവ് സൈഡ് പുറത്ത് കൊണ്ട് വരുന്ന തരത്തിൽ ഒന്നും തന്നെ അയാൾ ചെയ്യില്ല. വല്ലാത്തൊരു വിഷൻ ഉള്ള ഫിലിം മേക്കർ ആണ് പൃഥ്വിരാജ്.
ഇനി പരീക്ഷണ ചിത്രങ്ങളിലേക്ക് വന്നാൽ അതിൽ പലതും സ്വന്തം കൈയ്യിൽ നിന്നും കാശ് മുടക്കിയാണ് അയാൾ നിർമ്മിച്ചിട്ടുള്ളത്. നഷ്ടം വരുമെന്ന് ഉറപ്പുണ്ടായിട്ടും അതൊക്കെ ചെയ്തതിന് അയാളെ അഭിനന്ദിക്കാതെ വയ്യ. തന്റെ ഒരു സിനിമയെ പറ്റിയും അയാൾ തെറ്റിദ്ധാരണ പരത്താറില്ല പ്രേക്ഷകരെ കബളിപ്പിക്കാറില്ല എന്നതും അയാളുടെ പ്രത്യേകതയാണ്.
അദ്ദേഹം ഇത്തരം ഓരോ ആഗ്രഹങ്ങളെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയും പറയുമ്പോൾ പലരും പലതും പറഞ്ഞ് കളിയാക്കാറുണ്ട്.... പുച്ഛിക്കാറുണ്ട് പക്ഷേ അതൊന്നും ഒരു തരത്തിലും പുള്ളിയെ ബാധിക്കാറില്ല, അയാൾ പറഞ്ഞത് പലതും അയാൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഒക്കെ തന്നെ അയാളോട് കുറച്ച് ഇഷ്ടക്കൂടുതലും ഉണ്ട്.
അയാളിലൂടെ മലയാള സിനിമയെ ലോക സിനിമ അറിയുന്ന കാലം വിദൂരമല്ല. അയാളുടെ ചുമലിലേറി തന്നെയാവും മലയാള സിനിമ വളരാൻ പോകുന്നത്. അതിനുള്ള കഴിവും ധൈര്യവും അയാൾക്ക് വേണ്ടുവോളം ഉണ്ട്. പൃഥ്വിരാജ് സുകുമാരനിലൂടെ ഇവിടേയും സംഭവിക്കും ബാഹുബലിയും കെ.ജി.എഫും എല്ലാം. ഒപ്പം ആടുജീവിതം പോലുള്ള സിനിമകളും.
അയാളുടെ അവസാന സിനിമയിലെ സംഭാഷണം കടമെടുത്താൽ ഇതാണ് അയാളുടെ ആരംഭം. കാത്തിരിക്കുന്നു അയാൾ ഒരുക്കുന്ന വിസ്മയങ്ങൾക്കായി.
പ്രിയപ്പെട്ട പൃഥ്വിരാജ് നിങ്ങളെന്ന സിനിമാക്കാരനെ വലിയ വിശ്വാസമാണ്, പ്രതീക്ഷയാണ് ബഹുമാനമാണ്. അതിലെല്ലാമുപരി വല്ലാത്തൊരു ഇഷ്ടവുമാണ്. അതുകൊണ്ട് ഒക്കെ തന്നെയാണ് മറ്റൊരു താരത്തോട് അന്ധമായ ആരാധന ഉണ്ടായിരുന്ന ആ കാലത്ത് പോലും നിങ്ങളെ ഒരുതരി പോലും വെറുക്കാൻ സാധിക്കാതിരുന്നത്. അതുകൊണ്ട് ഒക്കെ തന്നെയാണ് നിങ്ങളുടെ പക്ഷത്തെ ന്യായങ്ങളിൽ അന്നും ഇന്നും പലരോടും നിങ്ങൾക്ക് വേണ്ടി വാദിച്ചത് അല്ലേൽ വാദിച്ചു കൊണ്ടിരിക്കുന്നത്. അന്നും ഇന്നും എന്നും നിങ്ങള് പ്രിയപ്പെട്ടവൻ തന്നെയാണ്. ❤️❤️
Prithviraj Sukumaran ❤️🙏🏻
വൈശാഖ്.കെ.എം
മലയാള സിനിമയുടെ അഭിമാനം
Reviewed by
on
04:20
Rating:

No comments: