സിനിമയെന്ന വിസ്മയം

  താഴെ കാണുന്ന സ്ക്രീൻ ഷോട്ട് വാട്സ്ആപ്പ് വഴി ലഭിച്ച ഒന്നാണ് അതിലെ കുറിപ്പ് ആരെഴുതിയതാണെന്ന് അറിയില്ല പക്ഷേ വായിച്ചപ്പോൾ മുതൽ ഒരുപാട് ഒരുപാട് അടുപ്പം തോന്നിയൊരു കുറിപ്പാണ് ഇത്. ജീവിതത്തോട് അത്രയേറെ ചേർന്ന് നിൽക്കുന്ന ഒന്ന്.

സിനിമ..... കാലങ്ങളായി ഊണിലും ഉറക്കത്തിലും ഭാഗമായ ഒരു വിസ്മയം. ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് സിനിമ കാണാനാണ് ഏറ്റവും കൂടുതൽ സംസാരിക്കുന്നത് സിനിമയെ പറ്റിയാണ്,ആരോട് ആണെങ്കിലും എന്തേലും ഒരു കാര്യം പറഞ്ഞു തുടങ്ങിയാൽ പോലും അവസാനം അത് എത്തി നിൽക്കുക സിനിമയിലാണ്. എന്തിനേറെ പറയുന്നു പലപ്പോഴും ജീവിതത്തിൽ പല സന്ദർഭങ്ങളിലും ഉദാഹരണങ്ങളായി എടുത്തിടുന്ന കാര്യങ്ങൾ പോലും സിനിമാ സംഭാഷണങ്ങളാണ്. അത്രയേറെ ജീവിതത്തെ സ്വാധീനിച്ച ഒന്നാണ് സിനിമ.

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരെ, ഒന്നൂടെ വ്യക്തമാക്കിയാൽ ആത്മാർത്ഥ സുഹൃത്തുക്കളെപ്പോലും കൊണ്ട് തന്നത് സിനിമയാണ്. വീട്ടിൽ ആയാലും പുറത്ത് ആയാലും കണ്ടുമുട്ടുന്ന ആരോടായാലും കൂടുതലും സംസാരിക്കാറുള്ളത് സിനിമയെ പറ്റിയാണ്. ഈ കാലത്ത് ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ച അനേകം കൂട്ടുകാരുണ്ട് അതിൽ ഇന്നേവരെ നേരിൽ കാണാത്തവർ പോലുമുണ്ട് അവരെയൊക്കെ കൊണ്ട് തന്നതും സിനിമയാണ്. ഫേസ്ബുക്ക്‌, ഇൻസ്റ്റഗ്രാം, ട്വിറ്റർ, ടെലിഗ്രാം, വാട്സ്ആപ്പ് തുടങ്ങി എല്ലാത്തിലും സിനിമാമയമാണ്. ഈ കുറിപ്പിൽ പറഞ്ഞത് പോലെ അത്തരത്തിലുള്ള ഒരു സൗഹൃദങ്ങളും കൈ വിടാൻ എനിക്കിഷ്ടമല്ല കാരണം ആ സൗഹൃദങ്ങളും സിനിമാ ചർച്ചകളും ഞാൻ അത്രമേൽ ഇഷ്ടപ്പെടുന്നു.

ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിൽപ്പോലും മനസ്സിനെയടക്കം കൈവിടാതെ പിടിച്ചു നിർത്തിയിട്ടുള്ളത് പലപ്പോഴും സിനിമ തന്നെയാണ്. അപകടം പറ്റി എഴുന്നേൽക്കാൻ പറ്റാതെ കിടപ്പിലായ സമയത്ത് പോലും കൂട്ടുകാരുടെ സഹായത്താൽ ആകെ പുറത്തിറങ്ങിയിട്ടുള്ളത് സിനിമ കാണാനാണ്. ബൈക്കിൽ നിന്നും വീണ് കൈ കാലുകളൊക്കെ ചോരയിൽ കുളിച്ച് നിൽക്കുമ്പോഴും മരുന്ന് പോലും വെച്ചുകെട്ടാതെ വേദന സഹിച്ച് പോയിട്ടുള്ളതും സിനിമയ്ക്ക് ആയിരുന്നു. പരീക്ഷകളും, ക്ലാസ്സുകളും പലപ്പോഴും കട്ട് ചെയ്തതും സിനിമ കാണാനായിരുന്നു. അത്രയ്ക്കും ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത വിധം അതിനോട് ഞാൻ അടുത്ത് പോയിട്ടുണ്ട്. സിനിമയാണ് സ്വപ്നമെന്ന് പറയുമ്പോഴും, പുലർച്ചെയൊക്കെ എഴുന്നേറ്റ് സിനിമയ്ക്ക് പോകുകയാണ് എന്ന് പറയുമ്പോഴും, ജില്ലയും സംസ്ഥാനവുമൊക്കെ വിട്ട് സിനിമയ്ക്ക് പോകുന്നത് കേൾക്കുമ്പോഴുമെല്ലാം പലർക്കും പുച്ഛവും പരിഹാസവുമൊക്കെയാണ് സിനിമയുടെ പിന്നാലെ നടക്കാൻ ഭ്രാന്ത് ആണോ എന്ന് സ്കൂളിൽ പഠിക്കുന്ന കാലത്ത് മുതൽ കേൾക്കാൻ തുടങ്ങിയതാണ്. മറ്റൊരാളുടെ സന്തോഷം പലർക്കും എങ്ങനെയാണ് ഭ്രാന്ത് ആയി തോന്നുന്നത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

ഈ കുറിപ്പിലെ അവസാന വരികൾ പോലെ മേല്പറഞ്ഞ സോഷ്യൽ മീഡിയ സൗഹൃദവലയത്തിലെ പലരേം പറ്റി കൂടുതൽ ഒന്നും അറിയില്ലെങ്കിലും അവരിലെ സിനിമാ സ്നേഹിയെ അറിയാം അവരുടെ സിനിമാ സംബന്ധമായ ഇഷ്ടങ്ങൾ അറിയാം.

സിനിമയോട് എന്നും എപ്പോഴും അടങ്ങാത്ത പ്രണയമാണ് അതിനി ആരൊക്കെ എന്തൊക്കെ പേരിട്ട് വിളിച്ചാലും കളിയാക്കിയാലും കുറ്റപ്പെടുത്തിയാലും മാറാൻ പോകുന്നില്ല. സിനിമയോടുള്ള ഇഷ്ടം കൊണ്ട് ജീവിതത്തിൽ നല്ലത് മാത്രേ സംഭവിച്ചിട്ടുള്ളൂ അതിൽ ഏറ്റവും മൂല്യമേറിയത് സിനിമ കൊണ്ട് വന്നു തന്ന സൗഹൃദങ്ങൾ തന്നെയാണ്.

സിനിമ അത് എന്നെ സംബന്ധിച്ച് ഒരു വിസ്മയമാണ്. അതിനോട് അടങ്ങാത്ത ആവേശമാണ് ആരാധനയാണ് പ്രണയമാണ്.

-വൈശാഖ്.കെ.എം
സിനിമയെന്ന വിസ്മയം സിനിമയെന്ന വിസ്മയം Reviewed by on 07:54 Rating: 5

No comments:

Powered by Blogger.