ഉടൽ

  തീവ്രമായ വയലൻസ് രംഗങ്ങളാൽ സമ്പന്നമായ മികച്ചൊരു ത്രില്ലർ

ഹൈറേഞ്ചിലെ ഒരു വീട്ടിൽ ഒരു രാത്രി നടക്കുന്ന ചോരക്കളിയാണ് ഉടലിന്റെ ഇതിവൃത്തം. ആ രാത്രിയിലേക്ക് എത്തും മുൻപ് പ്രധാന കഥാപാത്രങ്ങളുടെ ചുറ്റുപാടുകളും,വികാരങ്ങളും പെട്ടന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിഞ്ഞു എന്നതാണ് ചിത്രത്തിന്റെ ആദ്യത്തെ പ്ലസ് പോയിന്റ്. ഷൈനി എന്ന യുവതിയും അവരുടെ കുഞ്ഞും ഭർത്താവിന്റെ അച്ഛനും അസുഖ ബാധിതയായ അമ്മയും അടങ്ങുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഉടൽ. വിവാഹേതര ബന്ധം തുടരുന്ന ഷൈനിക്കരിലേക്ക് ഒരു രാത്രി കാമുകൻ കിരൺ എത്തിപ്പെടുന്നതും ആ രാത്രി ആ കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങളുമാണ് ഉടൽ എന്ന ചിത്രം പറയുന്ന കഥ.

അല്പം പതിഞ്ഞ താളത്തിലാണ് ഉടൽ തുടങ്ങുന്നത് പതിയെ തുടങ്ങി സിരകളെ ചൂടു പിടിപ്പിച്ച് മുന്നേറുന്ന രീതിയിൽ കഥ പറഞ്ഞ ഉടൽ പ്രണയവും കാമവും പകയും പ്രതികാരവും ഇഴകലർത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രണയവും കാമവും ആദ്യ പകുതിയിൽ പറഞ്ഞു തീരുമ്പോൾ രണ്ടാം പകുതി മുഴുവൻ ചോരക്കളിയാണ്. വയലൻസ് രംഗങ്ങൾ അതി തീവ്രതയോടെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

വലിയ പുതുമയൊന്നുമില്ലാത്ത ശരാശരിയിൽ ഒതുങ്ങിയ ഒരു രചനയെ സംവിധായകൻ Ratheesh Reghunandan ഗംഭീരമായി തന്നെ അണിയിച്ചൊരുക്കിയിട്ടുണ്ട്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥയിൽ കഥാപാത്രങ്ങളിൽ ഉളവാകുന്ന ഭയത്തെ പ്രേക്ഷകരിലേക്കും എത്തിക്കാൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്. രതീഷിന്റെ സംവിധാന മികവിനൊപ്പം തന്നെ എടുത്ത് പറയേണ്ട പേരാണ് സംഗീത സംവിധായകൻ വില്ല്യം ഫ്രാൻസിസിന്റേത്. പ്രേക്ഷകരിൽ ആകാംഷയും ഭീതിയും ജനിപ്പിക്കാനും ത്രില്ലടിപ്പിക്കാനും അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒപ്പം മനോജ്‌ പിള്ളയുടെ മനോഹര ഛായാഗ്രഹണവും നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ചിത്രത്തെ നല്ലൊരു അനുഭവമാക്കി മാറ്റിയതിൽ മുന്നിൽ നിൽക്കുന്ന വിഭാഗങ്ങളാണ്. പിന്നീട് എടുത്ത് പറയേണ്ടത് ചിത്രത്തിലെ മേക്കപ്പ് ഡിപ്പാർട്ട്മെന്റിനെ പറ്റിയാണ് അതിഗംഭീരമായാണ് അവര് ചിത്രത്തിൽ വർക്ക് ചെയ്തിട്ടുള്ളത് കൈയ്യടി അർഹിക്കുന്ന രീതിയിലാണ് മേക്കപ്പ് ഡിപ്പാർട്ട്മെന്റിന്റെ വർക്ക്.

ഇനി പറയാനുള്ളത് ചിത്രത്തിലെ ഏറ്റവും ഗംഭീരമായതും നെടും തൂണുകൾ എന്ന് നിസ്സംശയം പറയാവുന്നതുമായ രണ്ട് പേരെ കുറിച്ചാണ്.

Indrans  - ഒരു കണ്ണിൽ മാത്രം കാഴ്ചയുള്ള ഭാര്യയെ അളവറ്റ് സ്നേഹിക്കുന്ന അവർക്ക് വേണ്ടി ഏതറ്റം വരേയും പോകുന്ന കുട്ടിച്ചായൻ എന്ന കഥാപാത്രമായി സിനിമയിലുടനീളം അഴിഞ്ഞാട്ടം നടത്തിയ ഇന്ദ്രൻസ് ചേട്ടൻ ഒരിക്കൽ കൂടെ ഞെട്ടിക്കുകയാണ്. ആദ്യ പകുതിയിൽ ശാന്തമായും രണ്ടാം പകുതിയിൽ രൗദ്ര ഭാവം പൂണ്ടും നിറഞ്ഞു നിൽക്കുന്ന കുട്ടിച്ചായൻ എന്ന കഥാപാത്രം ഇന്ദ്രൻസ് ചേട്ടൻ അതിഗംഭീരമാക്കി എന്ന് തന്നെ പറയാം. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കുട്ടിച്ചായൻ.

രണ്ടാമത്തെയാൾ Durga Krishna യാണ്. ദുർഗയുടെ കരിയറിലെ വലിയൊരു ബ്രേക്ക് ആയിരിക്കും ഉടലിലെ ഷൈനി എന്ന കഥാപാത്രം. ഒരുപാട് വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ഷൈനിയെ ദുർഗ അവിസ്മരണീയമാക്കിയിട്ടുണ്ട്. ഷൈനി എന്ന കഥാപാത്രം ദുർഗയുടെ കരിയർ ബെസ്റ്റ് ആണെന്ന് നിസ്സംശയം പറയാം. ഇന്ദ്രൻസ് ചേട്ടനൊപ്പം അല്ലേൽ അദ്ദേഹത്തിന് മുകളിൽ പോയൊരു പെർഫോമൻസ് ആയിരുന്നു ദുർഗയുടേത്. പ്രണയവും,കാമവും,വിഷാദവും,പകയും തുടങ്ങി ഏറെ തലങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കഥാപാത്രത്തെ ഒട്ടും മോശമാവാത്ത തരത്തിൽ വളരെ തന്മയത്വത്തോടെ തന്നെ ദുർഗ  അവതരിപ്പിച്ചിട്ടുണ്ട്.

മറ്റൊരു പ്രധാന കഥാപാത്രം Dhyan Sreenivasan അവതരിപ്പിച്ച കിരൺ ആണ്. ധ്യാൻ മോശമാക്കാതെ നിലവാരമുള്ള പ്രകടനമാണ് ചിത്രത്തിൽ കാഴ്ച വെച്ചിട്ടുള്ളത്. പിന്നീടുള്ളവർക്കൊന്നും വലുതായി ഒന്നും ചെയ്യാനില്ലാത്തവരാണ് ഓരോ രംഗങ്ങളിൽ വന്ന് പോകുന്നവർ.

ചിത്രം ലക്ഷ്യത്തിലേക്ക് എത്തുന്നതിന് മുൻപ് സംവിധായകൻ ചെറിയ രീതിയിൽ തന്റെ രാഷ്ട്രീയവും പറഞ്ഞു പോകുന്നുണ്ട്. ആർത്തവത്തെ അശുദ്ധിയായി കാണുന്ന വിഭാഗത്തേയും മറ്റുമൊക്കെ കിട്ടിയ ചെറിയ ഗ്യാപ്പിൽ അദ്ദേഹം കൊട്ടുന്നുണ്ട്. ഒപ്പം പ്രായമായവരോടുള്ള വലിയൊരു വിഭാഗത്തിന്റെ അവഗണനയും അതോടൊപ്പം വിവാഹ ശേഷം അടുക്കളയിലേക്ക് മാത്രം ഒതുക്കി കളയുന്ന സ്ത്രീകളുടെ സ്വപ്നങ്ങളെപ്പറ്റിയും വികാരങ്ങളെപ്പറ്റിയുമെല്ലാം സിനിമ സംസാരിക്കുന്നുണ്ട്. ഒപ്പം പ്രധാന മൂന്ന് കഥാപാത്രങ്ങൾക്കും വ്യക്തമായ ഒരു ഐഡന്റിറ്റിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.

രണ്ടാം പകുതിയിലെ യുക്തിയെ ചോദ്യം ചെയ്യുന്ന കല്ലുകടിയായ ചില രംഗങ്ങൾ മാറ്റി നിർത്തിയാൽ ഉടൽ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തിയ ഒരു ചിത്രമാണ്. നന്നായി ആസ്വദിച്ചു കണ്ട ഒരു ചിത്രം. തിയ്യേറ്ററുകളിൽ നിന്ന് തന്നെ കണ്ടാസ്വദിക്കേണ്ട ഒരു സിനിമയാണ് ഉടൽ. നൂതനസാങ്കേതിക വിദ്യകളാൽ സമ്പന്നമായ തിയ്യേറ്ററുകളിൽ നിന്ന് തന്നെ കണ്ടാസ്വദിക്കേണ്ട ഒരു ചിത്രം.

ഒരു ചെറിയ സംഭവത്തെ മികച്ച രീതിയിൽ അണിയിച്ചൊരുക്കിയ ഉടൽ ഭീതിയോടെ, ത്രില്ലടിച്ച് കണ്ടിരുന്ന ഒരു ദൃശ്യാനുഭവമാണ് പ്രകടനം കൊണ്ട് ഇന്ദ്രൻസ് ചേട്ടനും ദുർഗയും ഞെട്ടിച്ച ഒരു ദൃശ്യാനുഭവം.

ചോരക്കളികളും വയലൻസ് സീനുകളും ഇഷ്ടപ്പെടാത്തവർ അകലം പാലിക്കുക അത്തരം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർ സമീപിക്കുക. വയലൻസ് രംഗങ്ങളും,ഫൗൾ ലാംഗ്വേജുകളും, ലസ്റ്റ് സീൻസുമെല്ലാം അത്യാവശ്യം നല്ല രീതിയിൽ വന്നു പോകുന്ന ഒരു സിനിമയായത് കൊണ്ട് കുട്ടികളേയും കൊണ്ട് പോകാതിരിക്കുക.

എന്നെ സംബന്ധിച്ച് ഉടൽ മികച്ചൊരു ദൃശ്യാനുഭവമാണ്. ഭയത്തോടും ആകാംഷയോടേയും ത്രില്ലടിച്ചു കണ്ട ഒരു ദൃശ്യാനുഭവം.

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
ഉടൽ ഉടൽ Reviewed by on 00:25 Rating: 5

No comments:

Powered by Blogger.