പുഴു
മമ്മൂക്കയുടെ പ്രകടനം മാറ്റി നിർത്തിയാൽ ഒട്ടും സംതൃപ്തി തരാതെ പോയൊരു സിനിമാനുഭവമാണ് പുഴു. സിനിമയുടെ മെല്ലെപ്പോക്കും കഥപറച്ചിലും പല കഥാപാത്രങ്ങളുടേയും അമിത നാടകീയ പ്രകടനങ്ങളുമെല്ലാം പുഴുവിൽ കല്ലു കടികളാണ്. സിനിമ പറയാനുദ്ദേശിച്ച രാഷ്ട്രീയം പോലും പ്രേക്ഷകരിലേക്ക് മര്യാദയ്ക്ക് എത്തിക്കാൻ അവർക്ക് പറ്റാതെ പോയി എന്നാണ് തോന്നിയത്. വ്യക്തതയോടെ പറയേണ്ടിടത്ത് ഒട്ടും വ്യക്തമല്ലാതേയും സ്പൂൺ ഫീഡിങ് വേണ്ടാത്തിടത്ത് അത് ആവശ്യത്തിലധികം ഉപയോഗിച്ചും പ്രേക്ഷകന്റെ ക്ഷമ പരീക്ഷിച്ചുമാണ് പുഴു കഥ പറഞ്ഞു ഇഴഞ്ഞു നീങ്ങുന്നത്. പലരും പറയുന്ന ബ്രില്ല്യൻസുകളൊക്കെ എവിടേലും ഒളിപ്പിച്ചു വെച്ച് താഴിട്ട് പൂട്ടിയാൽ ഇന്നാട്ടിലെ സാധാരണക്കാരൻ അതിന്റെ താക്കോൽ തിരഞ്ഞൊന്നും പോകാൻ പോകുന്നില്ല. അവര് സിനിമയെ നോക്കി കാണുന്നത് വിനോദോപാദി മാത്രമായിട്ടാണ്. ഇത്തരം രാഷ്ട്രീയമൊക്കെ സിനിമയിലൂടെ ആളുകളിലേക്ക് എത്തിക്കാൻ വേണ്ടി തന്നെയാണല്ലോ നിങ്ങൾ പറയുന്നത് അപ്പൊ അത് ആളുകൾക്ക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അല്പം ഇൻട്രെസ്റ്റിങ് ആയി പറഞ്ഞാലേ പറയാനുദ്ദേശിച്ചത് നിങ്ങളുടെ ലക്ഷ്യസ്ഥാനമായ പ്രേക്ഷകരിലേക്ക് എത്തൂ. അല്ലാത്ത പക്ഷം സോഷ്യൽ മീഡിയയിൽ നാലും മൂന്നും ഏഴ് പേരുള്ള കപട പുരോഗമന ഗ്രൂപ്പുകളിലെ ചർച്ചകൾ മാത്രമായി അവ ഒതുങ്ങും. മുൻപ് പലപ്പോഴും പറഞ്ഞൊരു കാര്യം തന്നെയാണ് ഇത്, ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ കൂടുതൽ ആളുകളിലേക്ക് എത്തും വിധം എടുത്താൽ അത് വലിയൊരു കാര്യമായിരിക്കും എന്തേലുമൊക്കെ മാറ്റത്തിന് ഒരാളെങ്കിൽ ഒരാൾ ശ്രമിക്കണമെങ്കിൽ അല്ലേൽ അയാൾക്ക് അതിനുള്ള ഒരു തോന്നൽ ഉളവാകണമെങ്കിൽ അത്തരം രീതിയിൽ സിനിമ അയാളിലേക്ക് എത്തണം അല്ലാത്ത പക്ഷം അവര് തഴഞ്ഞ് ഒഴിവാക്കുന്ന കൂട്ടത്തിലേക്ക് തന്നെയാവും അത്തരം സിനിമകളുടെ സ്ഥാനം. പുഴു മാത്രമല്ല അടുത്തിടെ ഇറങ്ങിയ ഇത്തരം മിക്ക ചിത്രങ്ങളുടേയും അവസ്ഥ ഇത് തന്നെയാണ്. പലപ്പോഴും ഇത്തരം സിനിമകൾ കണ്ട് സോഷ്യൽ മീഡിയകളിലെ ചില ഗ്രൂപ്പുകളിൽ കയറി നോക്കുമ്പോഴാണ് ഇത്രയും ബ്രില്ല്യൻസ് ഒക്കെ ഉണ്ടായിരുന്ന സിനിമകൾ ആയിരുന്നോ ഇതൊക്കെ അപ്പൊ ഞാൻ കണ്ടത് മാറിപ്പോയതാവും അല്ലേൽ എന്റെ വിവരം അത്രയേ ഉള്ളോ എന്നുള്ള ചിന്തകളൊക്കെ ഉണ്ടാവുന്നത്. പലപ്പോഴും അത്തരം കാര്യങ്ങളൊക്കെ കാണുമ്പോൾ മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിൽ മുകേഷ് ചിത്രം വരച്ച് മുദ്ര കാണിക്കുന്ന രംഗമാണ് ഓർമ്മ വരാറ്.
മമ്മൂക്കയുടെ പ്രകടനത്തിലേക്ക് വന്നാൽ പലരും പറയുന്നത് പോലെ വലിയൊരു സംഭവം ഒന്നുമായി തോന്നിയില്ല. അദ്ദേഹത്തിന്റെ കഴിവിനെ പറ്റി നന്നായി ബോധമുള്ളത് കൊണ്ടാവണം ഇത് എക്സ്ട്രാ ഓർഡിനറി പ്രകടനമായൊന്നും തോന്നിയില്ല. അങ്ങനെ എക്സ്ട്രാ ഓർഡിനറി എന്നൊക്കെ പറഞ്ഞാൽ അത് പുള്ളിയെ വില കുറച്ച് കാണുന്നതിന് തുല്ല്യമാണ്. ലാലേട്ടൻ വില്ലനിൽ ചിരിച്ചു കൊണ്ട് കരഞ്ഞപ്പോൾ അതും ഇതുപോലെ വിസ്മയമെന്ന് പലരും പറഞ്ഞപ്പോൾ അങ്ങനെ തോന്നിയിരുന്നില്ല കാരണം ഇവരുടെയൊക്കെ കഴിവ് എത്രത്തോളമാണെന്ന് നമുക്ക് അറിയാം ഇതൊന്നും ഒരിക്കലും അവരിലെ അഭിനേതാക്കൾക്ക് ചലഞ്ചിങ് ആയിട്ടുള്ള റോളുകൾ ഒന്നുമല്ല. പൂ പറിക്കുന്ന ലാഘവത്തോടെ അവര് ചെയ്തു ഫലിപ്പിച്ച അനേകം റോളുകളിൽ ഒന്ന് മാത്രമാണ് ഇവയും.
സിനിമയിൽ മമ്മൂട്ടി ആയിരുന്നു ബെസ്റ്റ് അദ്ദേഹം ഉള്ളത് കൊണ്ട് മാത്രം കണ്ട് പൂർത്തിയാക്കാൻ പറ്റിയൊരു സിനിമയാണ് പുഴു. സിനിമക്കും മുകളിൽ മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് നിൽക്കുന്നതും.
പിന്നെ ഈ പ്രായത്തിലും തന്നിലെ താരത്തിന് ഒപ്പം തന്നെ അഭിനേതാവിനേയും പരിഗണിക്കുന്ന മമ്മൂക്കയുടെ ആ പാഷന് മുൻപിൽ ശിരസ് നമിക്കുകയേ നിർവ്വാഹമുള്ളൂ. തന്നിലെ അഭിനേതാവിന് ചെറുതായി എന്തേലും ചെയ്യാനുണ്ടേൽ പോലും അതിനെ വിടാതെ പിടിച്ച് ചെയ്യുന്നത് ഒക്കെ അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള പാഷൻ പലർക്കും മാതൃകയുമാണ്.
പുഴു എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്താത്ത ഒരു സിനിമയാണ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
പുഴു
Reviewed by
on
00:24
Rating:
Reviewed by
on
00:24
Rating:
No comments: