സർക്കാരു വാരി പാട്ട

  ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷം വരുന്ന മഹേഷ്‌ ബാബു സിനിമയായത് കൊണ്ട് തന്നെ ഒരു മഹേഷ്‌ ബാബു ഫാൻ എന്ന നിലയ്ക്ക് വലിയ കാത്തിരിപ്പായിരുന്നു SVP ക്ക്. പ്രതീക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ ഗീതാ ഗോവിന്ദമെന്ന ഒരു കൊച്ചു റൊമാന്റിക് കോമഡി സിനിമ ചെയ്ത പരശുറാം മഹേഷിനെപ്പോലെ ഒരു സൂപ്പർ സ്റ്റാറിനൊപ്പം വരുമ്പോൾ അത് എത്രത്തോളം ആരാധകരെ തൃപ്തിപ്പെടുത്തും എന്നുള്ളൊരു പേടിയുണ്ടായിരുന്നു. അമിത പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് സാരം. വിദേശത്തെ പ്രീമിയറുകൾക്ക് ശേഷം അർദ്ധരാത്രി മുതൽ പുറത്ത് വന്നുകൊണ്ടിരുന്ന നെഗറ്റീവ് റിവ്യൂകൾ മേല്പറഞ്ഞ വ്യാകുലതകളെ ശരിവെക്കും വിധമുള്ളതായിരുന്നു.

ചിത്രത്തിലേക്ക് വന്നാൽ.... SVP ഒരു കുഞ്ഞു സിനിമയാണ് ഒരിക്കലും മഹേഷിനെപ്പോലൊരു സൂപ്പർസ്റ്റാർ ചെയ്യേണ്ട സിനിമയല്ല SVP. വിജയ് ദേവരക്കൊണ്ട, നാഗ ചൈതന്യ പോലുള്ള യുവതാരങ്ങൾക്ക് അല്ലേൽ ചെറിയ താരങ്ങൾക്ക് ചെയ്യാനുള്ള ഒരു സിനിമയാണ് SVP. ഒരു സൂപ്പർസ്റ്റാറിന് ചെയ്യാൻ മാത്രമുള്ള ഒന്നും തന്നെ ചിത്രത്തിൽ ഇല്ല.

തെലുങ്കിലെ സ്ഥിരം പരിപ്പുവട മാസ്സ് മസാല സിനിമാ ചേരുവകൾ നിറഞ്ഞ SVP സമീപകാല മഹേഷ്‌ സിനിമകളിലേത് പോലെ അവസാനം എത്തി നിൽക്കുന്നത് നാടിന്റെ നന്മയും ഉപദേശവും വില്ലനെയടക്കം നന്മയുള്ളവനാക്കി മാറ്റുന്നതും തന്നെയാണ്.

മഹേഷിൽ നിന്നും വർഷങ്ങളായി ആരാധകർ ആഗ്രഹിക്കുന്ന പക്കാ മാസ്സ് ആയിട്ടുള്ളൊരു സിനിമയ്ക്ക് ഇനിയും കാത്തിരിക്കണം. ആകെയുള്ള ആശ്വാസം പരിപ്പ് വടകൾ ഇവിടെ കഴിഞ്ഞു എന്നതാണ്. വരാനുള്ള ത്രിവിക്രം, രാജമൗലി സിനിമകളിൽ പ്രതീക്ഷകൾ ഏറെയാണ്.

സിനിമയിലെ പോസിറ്റീവ് വശങ്ങളിലേക്ക് വന്നാൽ മഹേഷ്‌ ബാബു ആരാധകർക്ക് ഉള്ള വിരുന്ന് എന്ന് പറയുന്നത് അദ്ദേഹത്തിന്റെ പ്രകടനത്തിലെ എനർജി തന്നെയാണ്. പഴയ മഹേഷ്‌ സിനിമകളെ ഓർമ്മിപ്പിക്കും വിധം തമാശ രംഗങ്ങളിലും മറ്റും അദ്ദേഹം നന്നായി സ്കോർ ചെയ്തു. ഭയങ്കര ഫ്രീയായി നല്ല ടൈമിങ്ങോടെ മസ്സില് പിടുത്തം ഇല്ലാതെ അത്തരം രംഗങ്ങളിൽ പുള്ളി നിറഞ്ഞു നിൽക്കുന്നുണ്ട്. വെണ്ണല കിഷോർ ആയിട്ടുള്ള കോമ്പിനേഷൻ സീനുകൾ എല്ലാം തന്നെ മികച്ചു നിന്നിട്ടുണ്ട്. അതോടൊപ്പം തന്നെ കീർത്തി സുരേഷ് ആയിട്ടുള്ള കെമിസ്ട്രിയും വർക്ക് ഔട്ട്‌ ആയിട്ടുണ്ട്. മഹേഷ്‌ - കീർത്തി കോമ്പിനേഷൻ സീനുകളും മഹേഷ്‌ - സുബ്ബരാജു കോമ്പിനേഷൻ സീനുകളും ചിത്രത്തിൽ ഏറെ ആസ്വദിച്ചവയാണ്. മഹേശാ സോങ്ങും മികച്ച രീതിയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. ചിത്രത്തിൽ ഏറെ ആസ്വദിച്ചു കണ്ടതും ആ ഗാനമാണ്.

മഹേശാ, കലാവതി, പെന്നി ഗാനങ്ങൾ എല്ലാം തന്നെ മിക്കച്ച രീതിയിൽ ഒരുക്കിയ തമൻ പക്ഷേ പശ്ചാത്തല സംഗീതത്തിലേക്ക് വരുമ്പോൾ നിരാശ മാത്രമാണ് സമ്മാനിച്ചത്. ചിത്രത്തിൽ ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഒരു വിഭാഗമായിരുന്നു ബിജിഎം. അത് നല്ല അസ്സലായി തമൻ മോശമാക്കി വെച്ചിട്ടുണ്ട്.

തമാശ രംഗങ്ങളും ഗാനങ്ങളും മാറ്റി നിർത്തിയാൽ മാസ്സ് സീനുകൾക്ക് ഒന്നും തന്നെ വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. SLN വെച്ച് നോക്കുമ്പോൾ അനാവശ്യ സീനുകൾ ഒന്നും തന്നെ സിനിമയിൽ ഇല്ല എന്ന് പറയാം. മഹേഷും, കീർത്തിയും, വെണ്ണല കിഷോറും, സുബ്ബരാജുവുമടക്കമുള്ളവർ തങ്ങളുടെ കഥാപാത്രങ്ങൾ മികവുറ്റതാക്കിയിട്ടുണ്ട്.

പരശുറാമിന് സൂപ്പർസ്റ്റാർസിനെ വെച്ച് ഒരു മാസ്സ് മസാല സിനിമയെടുക്കാനുള്ള ത്രാണിയൊന്നും എന്തായാലും ഇപ്പൊ ഇല്ല. ചെറിയ താരങ്ങളെ വെച്ചാണ് SVP ഒരുക്കിയിരുന്നത് എങ്കിൽ ഒരുപക്ഷേ ബെറ്റർ റിസൾട്ട്‌ കിട്ടിയേനെ. ഇത്രേം വലിയ ഒരു താരത്തിനെ കൈയ്യിൽ കിട്ടിയിട്ട് ഒരു മികച്ച ഇൻട്രോ സീൻ പോലും ഒരുക്കാനോ ഒരു ഗൂസ്ബമ്പ് മൊമെന്റ് പോലും ക്രിയേറ്റ് ചെയ്യാനോ പുള്ളിക്ക് സാധിച്ചിട്ടില്ല.

SVP ഒരു ചെറിയ സിനിമയാണ് ഒരിക്കലും ഒരു സൂപ്പർസ്റ്റാർ ചെയ്യേണ്ട സിനിമയല്ലായിരുന്നു ഇത്. നാട് നന്നാക്കലും നന്മ വാരി വിതറലും വിട്ട് മഹേഷിൽ നിന്നും ഒരു പക്കാ മാസ്സ് മസാല സിനിമയ്ക്ക് ഇനിയും കാത്തിരിക്കണം. കടുത്ത മഹേഷ്‌ ആരാധകർക്ക് എവിടെയൊക്കെയോ പലരും പറയുന്നത് പോലെ കോമഡി സീനുകളിൽ വിന്റേജ് മഹേഷ്‌ ബാബുവിനെ കാണണമെങ്കിൽ ടിക്കറ്റ് എടുക്കാം അല്ലാത്തവർക്ക് അവോയ്ഡ് ചെയ്യാം. ഒരു കൊച്ചു സിനിമയെ മഹേഷിന്റെ വൺ മാൻ ഷോ കൊണ്ട് വലുതാക്കാം എന്ന പരശുറാമിന്റെ ഓവർ കോൺഫിഡൻസ് ആണ് SVP. സൂപ്പർ സ്റ്റാറുകളെ വെച്ച് പ്രത്യേകിച്ച് തെലുങ്കിൽ ഒക്കെ ഒരു മസാല സിനിമയെടുക്കുമ്പോൾ ചുരുങ്ങിയത് ആരാധകർക്ക് എങ്കിലും ആഘോഷമാക്കാനുള്ള കുറച്ച് മാസ്സ് എലമന്റ്സ് എങ്കിലും ആഡ് ചെയ്യണം എന്ന് പരശുറാം അടക്കമുള്ളവർ പഠിക്കേണ്ടിയിരിക്കുന്നു.

ഒരു മാസ്സ് സിനിമയ്ക്ക് കയറി അതിലെ കോമഡികൾ മാത്രമേ ആസ്വദിക്കാൻ പറ്റിയുള്ളൂ എന്ന് പറയുന്നതിൽ പരം സങ്കടം വേറെയില്ലല്ലോ..... മഹേഷ്‌ ബാബു ആരാധകൻ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രകടനം എവിടെയൊക്കയോ കുറച്ച് ആസ്വദിച്ചു എന്നല്ലാതെ മൊത്തത്തിൽ SVP ശരാശരിക്കും താഴെ നിൽക്കുന്ന ഒരു അനുഭവമാണ്.

(അഭിപ്രായം തികച്ചും വ്യക്തിപരം)

- വൈശാഖ്. കെ.എം
സർക്കാരു വാരി പാട്ട സർക്കാരു വാരി പാട്ട Reviewed by on 00:19 Rating: 5

No comments:

Powered by Blogger.