A. M. M. A എന്ന താരസംഘടനയുടെ വിരോധാഭാസങ്ങൾ
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്മയായ A. M.M. A യെന്ന സംഘടനയുടെ നേതൃത്വത്തിന്റെ ഇരട്ടത്താപ്പുകളും മറ്റും കാലങ്ങളായി ജനങ്ങൾ കണ്ടുകൊണ്ടും കേട്ടുകൊണ്ടുമിരിക്കുന്ന കാര്യങ്ങളാണ്. തിലകനെ പുറത്താക്കിയതും ദിലീപിനെ പുറത്താക്കാൻ വൈകിയതും മുതൽ പലരുടേം ജോലി നിഷേധിക്കുന്നത് വരെ പല കാര്യങ്ങളും പലപ്പോഴായി പുറത്ത് വന്നവയാണ് ഇപ്പൊ ദാ അവസാനം അത് വിജയ് ബാബുവിൽ എത്തി നിൽക്കുന്നു.
പഴയ കാര്യങ്ങളെ ചികയാതെ പുതിയതിലേക്ക് തന്നെ വരാം ഈയിടെയാണ് ഒരു യുവ അഭിനേത്രി വിജയ് ബാബുവെന്ന നടനും നിർമ്മാതാവിനുമെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുന്നത് കുറ്റാരോപതിനായ വിജയ് ബാബു വിദേശത്ത് ആണെന്നും ഒളിവിൽ ആണെന്നുമൊക്കെ വാർത്തകൾ ദിനംപ്രതി വരുന്നുണ്ട്. ഈ വിജയ് ബാബു A. M. M. A എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഒരു അംഗമാണ് സംഘടനയുടെ തലപ്പത്തുള്ള ഒരാൾക്കെതിരെ ഇത്തരം ആരോപണം വരുമ്പോൾ അതിപ്പോ ഏത് സംഘടനയായാലും അയാളെ കേസ് തെളിയുന്നത് വരെ സംഘടനയിൽ നിന്നും മാറ്റി നിർത്തും ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കും. പക്ഷേ താരസംഘടനയുടെ കാര്യത്തിൽ അങ്ങനൊരു നിയമം ഒന്നും ഇല്ലെന്ന് തോന്നുന്നു അവര് ഇരയാക്കപ്പെട്ടവർക്ക് നേരെ മുഖം തിരിച്ച് കുറ്റാരോപിതരെ ചേർത്ത് നിർത്താറാണ് പലപ്പോഴും ചെയ്യാറ്. ഇത്തവണയും അത് തന്നെ ആവർത്തിച്ചു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മറ്റി മീറ്റിങ്ങിന് ശേഷം ജനറൽ സെക്രട്ടറി ഇടവേള ബാബു മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കിയാൽ വിജയ് ബാബുവിനെ പുറത്താക്കിയതല്ല അയാൾ സ്വമേധയാ പിന്മാറിയതാണ് എന്നാണ്. അതായത് ഇത്തരം വലിയൊരു കുറ്റം ആരോപിക്കപ്പെട്ട ആള് ഒളിച്ച് താമസിക്കുന്ന സ്ഥലത്ത് നിന്നും ഇവർക്ക് കത്ത് അയക്കുന്നത് വരെ അവര് കാത്തു നിന്നു എന്ന് സാരം. ഇതൊക്കെ എല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങണം അതാണ് ബാബു ബ ബ ബ ബ അടിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുൻപിൽ നിന്നും തടിയൂരാൻ കാരണം.
വിജയ് ബാബുവിനെ പുറത്താക്കാൻ സംഘടനയിലെ ആഭ്യന്തര പരിഹാര സമിതി ശുപാർശ ചെയ്തിരുന്നു എന്നും യോഗത്തിൽ അത് തള്ളിയതിൽ പ്രതിഷേധിച്ച് സമിതി അംഗം മാല പാർവ്വതി രാജി വെച്ചുവെന്നുമൊക്കെ വാർത്തകൾ വന്നിരുന്നു അതിന് ഒപ്പം തന്നെ സമിതി അംഗങ്ങളായ കുക്കു പരമേശ്വരനും, ശ്വേത മേനോനും സമിതിയിൽ നിന്നും രാജി വെച്ചിരുന്നു. ഇതേ പറ്റി സംഘടനാ വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജു പറഞ്ഞത് മാല പാർവ്വതി സംഘടനയിൽ സജീവമല്ലെന്നും സമിതി നിർദ്ദേശം പരിഗണിച്ചില്ല എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും, സ്വമേതയാ പുറത്ത് പോയ ഒരാളെ ചവിട്ടി പുറത്താക്കേണ്ട, സംഘടനയിൽ എല്ലാവരും ഒറ്റക്കെട്ടാണ് എന്നുമൊക്കെയാണ്.
അതെ..... സമിതിയുടെ നിർദ്ദേശം പരിഗണിച്ചത് കൊണ്ടാണല്ലോ സമിതിയിൽ ഉള്ള മുക്കാൽ ഭാഗം അംഗങ്ങളും രാജി വെച്ചു പോയത്, സംഘടന ഒറ്റക്കെട്ടായത് കൊണ്ടാണല്ലോ ബാബുരാജും,ഷമ്മി തിലകനും, ഹരീഷ് പാരടിയുമൊക്കെ ഇതിനെ എതിർത്ത് സംസാരിച്ചത്. എന്തൊക്കെ തോന്ന്യാസം ചെയ്താലും ചെയ്തവനെ ഞങ്ങൾ പുറത്താക്കില്ല അവൻ സ്വമേധയാ ഞാൻ ഇവിടന്ന് ഇറങ്ങുകയാണ് എന്ന് പറയുന്നത് വരെ ഞങ്ങൾ കാത്തു നിൽക്കും പക്ഷേ ഞങ്ങളോട് കളിച്ചാൽ പലരുടേം ജോലി ചെയ്യാനുള്ള അവകാശം ഞങ്ങൾ ഇല്ലാതാക്കും ഇതാണല്ലോ ആ സംഘടനയുടെ ഒരു ലൈൻ.
വാ തുറന്നാൽ മണ്ടത്തരങ്ങളും മറ്റും മാത്രം പറയുന്ന ഒരു ജനറൽ സെക്രട്ടറി, സ്ത്രീവിരുദ്ധതയും മണ്ടത്തരങ്ങളും പറയുന്ന ഒരു വൈസ് പ്രസിഡന്റ് തുടങ്ങിയവരൊക്കെയാണല്ലോ സംഘടനാ നേതൃത്വം എന്ന് പറയുന്നത്. പിന്നെ ഒരു പ്രസിഡന്റ് ഉണ്ട് അദ്ദേഹം പിന്നെ വാ തുറക്കില്ലല്ലോ.... അദ്ദേഹത്തെ പറ്റി കൂടുതൽ എന്തേലും പറഞ്ഞാൽ ഫാൻസ് വീട്ടിൽ ഇരിക്കുന്ന അമ്മയേയും അച്ഛനേയുമൊക്കെ പലതരം വാക്കുകൾ കൊണ്ട് വർണ്ണിക്കുകയും വീട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങൾ അടക്കം പല തരത്തിലും ദുരുപയോഗം ചെയ്യും എന്നതിനാലും അതിന് മുതിരുന്നില്ല പക്ഷേ എല്ലാർക്കും അറിയാല്ലോ അല്ലേ.....
സംഘടനയുടെ ഇലക്ഷൻ കഴിഞ്ഞ സമയത്ത് മണിയൻ പിള്ള രാജു പറഞ്ഞത് ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടനയാണ് അതുകൊണ്ട് ആണ് അമ്മ എന്ന പേരിട്ടത് അല്ലേൽ അച്ഛൻ എന്ന് ഇടുമായിരുന്നില്ലേ ഞങ്ങൾ എന്നാണ്. ഇത്തരം പുച്ഛം നിറഞ്ഞ വാക്കുകൾ കൊണ്ടും കളിയാക്കലുകളുമൊക്കെയായി നടക്കുന്നവരാണ് ഈ സംഘടനയുടെ തലപ്പത്ത് ഉള്ളത്.
നാട്ടുകാരുടേയും കോടതിയുടേയുമൊക്കെ തെറിയും വിമർശനങ്ങളുമൊക്കെ കേട്ടപ്പോൾ സംഘടന തലപ്പത്തേക്ക് കുറച്ച് സ്ത്രീകളെ കൊണ്ട് വന്ന് ഡമ്മിയാക്കി ഇരുത്തി, ഒപ്പം ഒരു സമിതിയും രൂപീകരിച്ചു എന്നിട്ട് അവരുടെ വാക്കിന് വില കൽപ്പിക്കാതെ രാജി വെച്ചപ്പോൾ തെറ്റ് അംഗീകരിക്കാതെ ഒരാൾ പോയാൽ നൂറ് പേര് വരും എന്നൊക്കെ ഗീർവാണം മുഴക്കുന്ന ഇത്തരക്കാരൊക്കെയുള്ള ഈ സംഘടനയൊക്കെ പിരിച്ചു വിടുന്നതാണ് നല്ലത്. അങ്ങനെ പറയുമ്പോൾ ഒരുപാട് അവശ കലാകാരർക്ക് അന്നം കൊടുക്കുന്ന സംഘടനയാണ് എന്ന മറുവാദമാണ് പലപ്പോഴും വരാറുള്ളത്. ആദ്യമൊക്കെ അത് ശരിയാണല്ലോ അത്തരം ആളുകളുടെ അന്നം മുട്ടുമല്ലോ എന്നൊരു ചിന്തയൊക്കെ ഉണ്ടായിരുന്നു എന്നാൽ ഇപ്പൊ അങ്ങനല്ല ഇങ്ങനെ മറ്റുള്ളവരെ ദ്രോഹിച്ച് ഒരു വിഭാഗത്തെ അടിമകളാക്കി കാണുന്ന ആൾക്കാരുടെ കൈയ്യിൽ നിന്നും ഈ പറഞ്ഞ അന്നം കിട്ടിയാൽ ആ കഴിക്കുന്നവർക്ക് അത് ദഹിക്കുമോ..? ഒപ്പം മറ്റൊരു കലാകാരൻ പറഞ്ഞത് കേട്ടു കൂട്ടത്തിൽ ഒരാൾ അവശത അനുഭവിച്ചപ്പോൾ പലരോടും പറഞ്ഞിട്ട് ആരും കേട്ടില്ല സഹായിച്ചത് സംഘടനയ്ക്ക് പുറത്ത് ഉള്ള ആളായിരുന്നു എന്ന്. അപ്പൊ പിന്നെ മേല്പറഞ്ഞതിൽ ഒക്കെ എന്താണ് അർത്ഥം..? സഹായിക്കുന്നതിലും ആളും തരവും ഒക്കെയുണ്ടോ..?
എന്തായാലും അങ്ങനെ സഹായിക്കുന്നതിനെയൊന്നും ആരും കുറ്റം പറയുന്നില്ല നല്ല കാര്യം തന്നെ. സംഘടനയുടെ പേരിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ഒക്കെ നിങ്ങൾ ചെയ്യുന്നുണ്ടായിരിക്കാം പക്ഷേ അതിനേക്കാളേറെ മുഖ്യമാണ് കൂടെയുള്ളവരുടെ സുരക്ഷ എന്ന് പറയുന്നത്. കൂട്ടത്തിൽ ഉള്ളവർ തന്നെ അവരെ പിച്ചി ചീന്താൻ ഇറങ്ങുമ്പോൾ ഇരയെ പിന്തുണക്കാതെ വേട്ടക്കാരനൊപ്പം നിൽക്കുന്നത് ഒക്കെ ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത കാര്യമാണ്.
സംഘടനക്കകത്ത് എല്ലാവരും ഒരുപോലെയാണ് എന്നൊക്കെ പറയുന്നത് അല്ലാതെ അങ്ങനെയൊന്നും അല്ല എന്നുള്ളത് പകൽ പോലെ വ്യക്തമായ കാര്യമാണ്. ആണിന് അടിമയല്ല പെണ്ണ് എന്നും പെണ്ണിന് അടിമയല്ല ആണ് എന്നും രണ്ട് പേരും തുല്ല്യരാണ് എന്നുമുള്ള ബോധമൊന്നും അവിടെ ആർക്കും ഇല്ല. അവിടെ ഇപ്പോഴും "ആണത്തം" കാണിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന എഴുപതുകളിലെ വസന്തങ്ങൾ തന്നെയാണ് ഭരിക്കുന്നത്. അതാണല്ലോ സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അവരുടെ സംഘടനയില്ലേ എന്നൊക്കെ നേതൃത്വത്തിൽ ഉള്ളവർ തന്നെ ചോദിച്ചത്.
അപ്പൊ സ്ത്രീകളുടെ സംഘടന എല്ലാം തികഞ്ഞവരാണോ എന്ന് ചോദിക്കുന്നവരോട് ആയി പറയുകയാണ് ഒരിക്കലുമല്ല അവരും നിലപാടുകളുടെ കാര്യത്തിൽ ഭയങ്കര കോമഡിയാണ്. വാർത്താപ്രാധാന്യമുള്ള പ്രമുഖ കേസുകളിൽ മാത്രം വാ തുറക്കുന്നവരാണ്. പിന്നെ കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞതും കൂടെ ചേർത്ത് വായിക്കുമ്പോൾ സിനിമാ മേഖലയിലെ സ്ത്രീകളെ ഒരുപോലെ ചേർത്തു പിടിക്കാൻ ഇവിടെ ഒരു സംഘടനയില്ല എന്ന് തന്നെ പറയേണ്ടി വരും.
തിരിച്ച് താരസംഘടനയിലേക്ക് വന്നാൽ.... ഒന്നുകിൽ ആ സംഘടന പിരിച്ചു വിടുക അല്ലേൽ ശക്തമായ നിലപാടുകളും അഭിപ്രായങ്ങളും പ്രതികരണ ശേഷിയുമുള്ള നന്നായി പെരുമാറാനും സംസാരിക്കാനും വാ തുറക്കാനും കഴിവുള്ള ചെറുപ്പക്കാർക്ക് നേതൃത്വം നൽകുക ഇത് രണ്ടും ചെയ്തില്ലേൽ ഒരുപാട് ബാബുമാർ ഇനിയും സിനിമ മേഖലയിൽ വിഹരിക്കും.
അല്ലേൽ തന്നെ ജനങ്ങൾക്ക് ഇപ്പൊ താരങ്ങളോട് ഉള്ള മതിപ്പ് ഒക്കെ കുറഞ്ഞു വരികയാണ്. ഇത്തരം വാർത്തകളും അതിനെ പറ്റിയുള്ള താരങ്ങളുടെ പ്രതികരണവും എന്തിന് സിനിമയുടെ കാര്യമെടുത്താൽ പ്രേക്ഷകരെ പുച്ഛിച്ചും വില കുറച്ചും കൊണ്ടുള്ള താരങ്ങളുടെ പ്രതികരണങ്ങൾ അടക്കം പലതും ഇപ്പൊ പ്രേക്ഷകനെ മാറി ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയാണ് കഥാപാത്രങ്ങൾക്കപ്പുറത്തേക്ക് താരത്തെ അല്ലേൽ നടനോട് തോന്നിയിരുന്ന ഇഷ്ടക്കൂടുതലൊക്കെ വലിയൊരു വിഭാഗം പ്രേക്ഷകർക്കും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അതോടൊപ്പം ഇത്തരം വാർത്തകളും പ്രതികരണവും പ്രതികരണശേഷിയില്ലായ്മയുമൊക്കെ ജനങ്ങൾ കാണുമ്പോൾ അവരെ താരങ്ങളിൽ നിന്ന് മാത്രമല്ല സിനിമയിൽ നിന്ന് പോലും അകറ്റാൻ പ്രേരിപ്പിക്കും മലയാളത്തിൽ മാത്രമല്ല സിനിമകൾ ഇറങ്ങുന്നത് എന്ന ബോധമുണ്ടായാൽ നന്ന്. പ്രേക്ഷകരുടെ ക്ഷമയും മറ്റും പരീക്ഷിക്കരുത്. തുടരെ വരുന്ന ഇത്തരം വാർത്തകളൊക്കെ അത്രയ്ക്ക് മടുപ്പ് ഉണ്ടാക്കുന്നവയാണ്.
പ്രമുഖ താരങ്ങളോട്.... നിങ്ങളുടെ അഭിപ്രായങ്ങൾക്കും മറ്റും ഇവിടെ വലിയ വിലയുണ്ട് അത് ഏത് കാര്യത്തിൽ ആയാലും. നിങ്ങളുടെ താരപ്രഭയ്ക്ക് അടിമപ്പെട്ട് നിങ്ങളെ റോൾ മോഡലുകളാക്കിയും പ്രചോദനമാക്കിയും കഴിയുന്ന വലിയൊരു വിഭാഗം ആളുകൾ ഉണ്ട് ഇവിടെ. നിങ്ങൾ എന്ത് ചെയ്താലും അതിനെ താങ്ങി നടക്കുന്നവർ. നിങ്ങളിൽ നിന്നും വരുന്ന ഇത്തരം നിലപാടില്ലായ്മകളും വിവരക്കേടുകളും അവരിലേക്കും കൂടെയാണ് കയറി കൂടുന്നത് നിങ്ങളെ ന്യായീകരിക്കാൻ വേണ്ടി ആ വലിയൊരു വിഭാഗം ആളുകളും ഇത്തരം കാര്യങ്ങളുടെ ശരി തെറ്റുകൾ പോലും നോക്കാതെ വാദിക്കുകയാണ് ഇവിടെ അതിന്റെ ഭവിഷ്യത്ത് സ്വന്തം അഭിപ്രായം പോലും ഇല്ലാത്ത ഒരു വിഭാഗം വളർന്നു വരുന്നു എന്നാണ്. (രാഷ്ട്രീയക്കാരെ ഉദാഹരണമായി കൊണ്ട് വരുന്നവർക്കും ഞങ്ങൾ ആരേയും കൊല്ലാനോ മറ്റോ പോകുന്നില്ലല്ലോ എന്ന് പറയുന്നവരോട് ആയി പറയുകയാണ് എന്തിനും അടിമപ്പെട്ട് ഇഷ്ടപ്പെടുന്ന ആള് അല്ലേൽ പ്രസ്ഥാനം എന്ത് ചെയ്താലും സ്വന്തം അഭിപ്രായം ഇല്ലാതെ അതിനെ താങ്ങുന്നവർ എല്ലാം ഒരു കോയിന്റെ രണ്ട് വശങ്ങൾ തന്നെയാണ് ) ദയവ് ചെയ്ത് വിഡ്ഢിത്തരങ്ങൾ പറയുന്നതിന് മുൻപ് നിങ്ങളുടെ ആളുകൾക്കിടയിലെ സ്വാധീനം കണക്കിലെടുക്കുക. നാട്ടിലെ പ്രശ്നങ്ങൾക്ക് മുഴുവൻ അഭിപ്രായം പറയണം എന്നൊന്നും പറയുന്നില്ല സ്വന്തം കൂട്ടത്തിൽ ഒരാൾക്ക് എന്തേലും പ്രശ്നം വന്നാലെങ്കിലും ഒന്ന് വാ തുറക്കണം എന്നൊരു അപേക്ഷയുണ്ട് സ്റ്റാർഡം ഒക്കെ ഉണ്ടാക്കി തരുന്നത് ജനങ്ങൾ ആണ് അവർക്ക് പുല്ല് വില കല്പിച്ചാൽ എത്ര ഉയരത്തിൽ അവര് കൊണ്ട് ഇരുത്തിയോ അവിടെ നിന്ന് തള്ളി താഴെയിടും എന്നൊരു ബോധം ഉണ്ടായാൽ നല്ലതാണ്.
വിട്ടു പോയ ഒരു കാര്യം കൂടെയുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരുമായി ചർച്ച ചെയ്യാൻ സംഘടന ഏൽപ്പിച്ചത് ഇടവേള ബാബുവിനേയും, സിദ്ദിഖിനേയും, മണിയൻപിള്ള രാജുവിനേയും ആണത്രേ. എന്താല്ലേ.....
അപ്പൊ പറഞ്ഞു വന്നത് താരസംഘടനയുടെ തലപ്പത്ത് നിന്ന് സ്ത്രീവിരുദ്ധതയും മണ്ടത്തരങ്ങളും മാത്രം വിളമ്പുന്ന ഇത്തരം വേസ്റ്റുകളെയൊക്കെ മാറ്റി നിലപാടും പ്രതികരണശേഷിയുമുള്ള യുവത്വത്തെ കൊണ്ട് വരൂ 🙏🏻🙏🏻
-വൈശാഖ്.കെ.എം
A. M. M. A എന്ന താരസംഘടനയുടെ വിരോധാഭാസങ്ങൾ
Reviewed by
on
00:18
Rating:

No comments: