മുംബൈ ഇന്ത്യൻസ്
ഏതൊരു മുംബൈ ഇന്ത്യൻസ് ആരാധകനും ഓർക്കാൻ ഇഷ്ടപ്പെടാത്ത മറക്കാനാഗ്രഹിക്കുന്ന ഒരു IPL സീസണായിരിക്കും ഇത്. ടൂർണമെന്റിൽ 14 കളികളിൽ വെറും നാല് വിജയങ്ങൾ മാത്രമായി പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരായി IPL ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീം പടിയിറങ്ങുമ്പോൾ അത് മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സഹിക്കാൻ പറ്റാത്ത കാര്യമായിരിക്കും.
രോഹിത് ശർമ്മയുടേയും, കീറോൺ പൊള്ളാർഡിന്റേയും, ഇഷാൻ കിഷന്റേയുമൊക്കെ ഫോം ഔട്ടും ഈ സീസണിൽ ടീമിലേക്ക് എത്തിയ പുതിയ താരങ്ങളിൽ പലരും മികവ് പുലർത്താത്തതുമൊക്കെ മുംബൈക്ക് ഒരു തിരിച്ചടിയായിരുന്നു. ആദ്യ മത്സരങ്ങളിൽ പൊരുതി നോക്കാനുള്ള മനസ്സ് പോലും കാണിക്കാതെ അടിയറവ് പറഞ്ഞിരുന്ന ടീം ആയിരുന്നു ഇത്തവണ മുംബൈ. അവസാന മത്സരങ്ങളിലേക്ക് എത്തിയപ്പോൾ അതിൽ നിന്നും ഒരു മാറ്റമുണ്ടായി എന്നതാണ് ആശ്വാസം. ജയിച്ച നാല് മത്സരങ്ങൾ മാത്രമല്ല തോറ്റ മത്സരങ്ങളിലും പോരാട്ട വീര്യം അവർ വീണ്ടെടുത്തിരുന്നു.
ഫോമിലുള്ള സൂര്യ കുമാർ യാദവിനും ജസ്പ്രിറ്റ് ബുമ്രക്കുമൊപ്പം ഇത്തവണ ടീമിൽ എത്തിയ തിലക് വർമ്മ ടൂർണമെന്റിലുടനീളം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത്തവണ ടീമിലേക്ക് കടന്നു വന്ന ഡിവാൾഡ് ബ്രേവിസും പൊള്ളാർഡിന് പകരമെത്തിയ പുതിയ കൂറ്റനടിക്കാരൻ ടിം ഡേവിഡും സീസണിലെ ആശ്വാസങ്ങളായിരുന്നു.
മറക്കാനാഗ്രഹിക്കുന്ന സീസണിലും അടുത്ത സീസണിലേക്ക് പ്രതീക്ഷ തരുന്ന കുറച്ച് കാര്യങ്ങൾ സംഭവിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. തിലക് വർമ്മ, ഡിവാൾഡ് ബ്രേവിസ്, ടിം ഡേവിഡ് തുടങ്ങിയവർ ടീമിന്റെ നെടുംതൂണുകളായി മാറാൻ കഴിവുള്ളവരാണെന്ന് പ്രകടനങ്ങൾ കൊണ്ട് അവർ തെളിയിച്ചു. ഒപ്പം ഹൃതിക് ഷോക്കീനും, കുമാർ കാർത്തികേയ സിങ്ങും, രമൺ ദീപ് സിങ്ങും മികവ് പുലർത്തിയവരാണ്. ആദ്യ മത്സരങ്ങളിൽ മോശം പ്രകടനം കാഴ്ച വെച്ച ഡാനിയൽ സാംസും അവസാന മത്സരങ്ങളിലേക്ക് എത്തിയപ്പോൾ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. അടുത്ത സീസണിൽ ഇവരൊക്കെ തമ്മിലുള്ള ബോണ്ട് കുറച്ചൂടെ ദൃഢമാവുകയും കൂടുതൽ വീറോടും വാശിയോടും കൂടെ കളിക്കുകയും ചെയ്യും എന്ന് തന്നെയാണ് വിശ്വാസം. രോഹിത്തും, കിഷനും, പൊള്ളാർഡുമൊക്കെ ഫോമിലേക്ക് ഉയരുകയും സൂര്യ കുമാറും, ബുമ്രയും ഇതേ ഫോമിൽ തുടരുകയും ഒപ്പം ജോഫ്ര ആർച്ചർ കൂടെ എത്തുകയും ചെയ്‌താൽ ഈ പറഞ്ഞ പുതിയ പിള്ളേരുടെ മികവും കൂടെയാകുമ്പോൾ ശക്തമായ ടീം തന്നെയാകും മുംബൈ ഇന്ത്യൻസ്.
മോശം സീസണിലും ആശ്വാസവും സന്തോഷവും തരുന്നത് ഈ കാര്യങ്ങളാണ്. അടുത്ത സീസണിലേക്ക് പ്രതീക്ഷയർപ്പിക്കാൻ അവരൊരു സിഗ്നൽ തന്നിട്ടുണ്ട്. പ്രത്യേകിച്ച് തിലക്, ബ്രേവിസ്, ഡേവിഡ് ത്രയങ്ങൾ.
അടുത്ത സീസണിൽ എല്ലാ മേഖലയിലും ഏറ്റവും മികവ് പുലർത്തുന്ന ശക്തമായ ടീമായി മുംബൈ ഇന്ത്യൻസ് മാറുമെന്ന പ്രതീക്ഷയോടെ വിശ്വാസത്തോടെ ഒരു മുംബൈ ഇന്ത്യൻസ് ആരാധകൻ.
Mumbai Indians 💙💙
-വൈശാഖ്.കെ.എം
മുംബൈ ഇന്ത്യൻസ്
Reviewed by
on
00:28
Rating:

No comments: