RRR
രാജമൗലിയെന്ന അത്ഭുതത്തിൽ നിന്നും പിറന്ന മറ്റൊരു ദൃശ്യവിസ്മയം
RRR എന്നെ സംബന്ധിച്ച് കാഴ്ചയുടെ നിറവസന്തമായ ഒരു വിസ്മയ ദൃശ്യാനുഭവമാണ്. സിനിമയുടേതായി പുറത്ത് വന്നിട്ടുള്ള പ്രമോകളിൽ നിന്നും ഞാൻ എന്താണോ പ്രതീക്ഷിച്ചത് ആ പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം തട്ടിക്കാതെ തൃപ്തിപ്പെടുത്തിയ ചിത്രം.
സിനിമയിലേക്ക് വന്നാൽ രാജമൗലി തന്നെയാണ് ഇവിടെ താരം. ഇത്തരമൊരു എന്റർടൈനർ ഇത്രയും ഗംഭീരമായി ഒരുക്കാൻ അദ്ദേഹത്തിന് അല്ലാതെ ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. RRR ന്റെ ഏറ്റവും വലിയ മേന്മ രാജമൗലിയുടെ സംവിധാന മികവ് തന്നെയാണ്. കെ. വി. വിജയേന്ദ്ര പ്രസാദിന്റെ മനോഹരമായ കഥയ്ക്ക് രാജമൗലി മികച്ച രീതിയിൽ ഒരുക്കിയ തിരക്കഥയെ അദ്ദേഹം അതിലും എത്രയോ ഗംഭീരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. കെ. കെ. സെന്തിൽ കുമാറിന്റെ അതിമനോഹരമായ ഛായാഗ്രഹണവും,ശ്രീകർ പ്രസാദിന്റെ മികവുറ്റ എഡിറ്റിങ്ങും കീരവാണിയുടെ അതിഗംഭീര സംഗീതവും കൂടെ ചേരുമ്പോൾ മൂന്ന് മണിക്കൂറുള്ള ചിത്രം ഒരു തരത്തിലും മുഷിപ്പുളവാക്കുന്നില്ല എന്ന് മാത്രമല്ല ആദ്യാവസാനം ആസ്വാധനത്തെ അതിന്റെ ഏറ്റവും മനോഹരമായ അവസ്ഥയിൽ എത്തിക്കുന്നു. ഒപ്പം മറ്റുള്ള ടെക്നിക്കൽ വിഭാഗങ്ങൾ കൂടെ മികച്ചു നിന്നപ്പോൾ RRR ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആയി മാറി.
അഭിനേതാക്കളിലേക്ക് വന്നാൽ ജൂനിയർ എൻ. ടി ആറിനും, റാം ചരണിനും ഒരുപോലെ തന്നെ സ്കോർ ചെയ്യാൻ രാജമൗലി അവസരങ്ങൾ സൃഷ്ടിച്ചു വെച്ചിട്ടുണ്ട്. അത് അവര് രണ്ടുപേരും ഗംഭീരമായി വിനിയോഗിച്ചിട്ടുമുണ്ട്. എന്നിരുന്നാലും കൂടുതൽ ഇഷ്ടം തോന്നിയത് ജൂനിയർ എൻ. ടി. ആറിന്റെ കൊമുരം ഭീമിനോടാണ്. അജയ് ദേവ്ഗണും തന്റെ കഥാപാത്രത്തോടാണ് നീതി പുലർത്തി. ആലിയ ഭട്ട്, ശ്രേയ ശരൺ തുടങ്ങിയവർക്ക് ചിത്രത്തിൽ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലായിരുന്നു.
RRR ന്റെ കഥ പറച്ചിൽ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ്. ജലവും അഗ്നിയുമായും വരച്ചു കാണിക്കുന്ന നായക കഥാപാത്രങ്ങളുടെ വൈകാരിക തലങ്ങളിലൂടെയും മറ്റും പറഞ്ഞു പോകുന്ന കഥയെ പുരാണവും സ്വാതന്ത്ര്യ സമരവുമായൊക്കെ ബന്ധിപ്പിച്ച് അവയെല്ലാം സമന്വയിപ്പിച്ച് പ്രേക്ഷകന് സംശയമൊന്നും ബാക്കി വെക്കാത്ത തരത്തിൽ ചിത്രം അവസാനിപ്പിക്കുന്നുണ്ട്. രണ്ട് വലിയ താരങ്ങളെ വെച്ച് രണ്ടുപേർക്കും ഒരുപോലെ സ്‌പേസ് നൽകി തെല്ലിടപോലും കഥയിൽ നിന്നും മാറി സഞ്ചരിക്കാതെ എന്നാൽ അവരിലെ താരങ്ങൾക്ക് വേണ്ട ബൂസ്റ്റിങ് വേണ്ടുവോളം നൽകി തന്നെയാണ് രാജമൗലി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ആദ്യപകുതിയുടെ വേഗതയും മറ്റും രണ്ടാം പകുതിക്ക് അവകാശപ്പെടാനില്ലെങ്കിലും രണ്ടാം പകുതിയും മികച്ചു നിന്നിട്ടുണ്ട്. ആദ്യപകുതിയെ ഗംഭീരമാക്കിയതിൽ നാട്ടു എന്ന ഗാനവും ഇന്റർവൽ ആക്ഷൻ രംഗങ്ങളും വഹിച്ച പങ്ക് അത്രമേൽ വലുതാണ്. പ്രേക്ഷകന് മതി മറന്ന് ആസ്വദിക്കാനുള്ള തരത്തിലാണ് നാട്ടു എന്ന ഗാനത്തിന്റെ കൊറിയോഗ്രാഫി ഒരുക്കിയിട്ടുള്ളത്. തരകും ചരണും ഗംഭീരമായി ചുവടുവെച്ച ഗാനം ഏതൊരാളെയും താളം ചവിട്ടിപ്പിക്കും വിധമാണ് ഒരുക്കിയിട്ടുള്ളത്. ഇന്റർവൽ ആക്ഷൻ സീൻസ് അത്ഭുതത്തോടേയും രോമാഞ്ചത്തോടേയും മാത്രമേ കണ്ടിരിക്കാൻ പറ്റൂ. രണ്ടാം പകുതി അല്പം കൂടെ വൈകാരികമായാണ് കഥ പറയുന്നത്. മേല്പറഞ്ഞത് പോലെ ആദ്യ പകുതിയുടെ വേഗത അവകാശപ്പെടാമില്ലെങ്കിലും ക്ലൈമാക്സ് അടുക്കുമ്പോൾ അതിനൊരു മാറ്റം വരുന്നുണ്ട്. ട്രൈലെർ വന്നപ്പോൾ ലോജിക്കിന്റെ പേരിൽ പലരും കൂവിയിരുന്ന പല രംഗങ്ങളും സിനിമയിൽ എത്തുമ്പോൾ കൂവലിൽ നിന്നും കൈയ്യടികളായി മാറുന്നുണ്ട്. അമാനുഷികമെന്ന് തോന്നുന്ന പല രംഗങ്ങളും നെറ്റി ചുളിക്കാതെ കൈയ്യടിച്ചു പോകുന്നത് കഥാപാത്രങ്ങളുടെ നിർമ്മിതി കൊണ്ടും അവ എടുത്ത് വെച്ച രീതി കൊണ്ടുമാണ്. അത്തരം രംഗങ്ങൾ കത്തി എന്ന വാചകം ഉപയോഗിക്കാതെ പ്രേക്ഷകൻ വാഴ്ത്തുന്നുവെങ്കിൽ അതിന്റെ മുഴുവൻ ക്രെഡിറ്റും സംവിധായകനാണ്. പ്രേക്ഷകർ എവിടെ എങ്ങനെ കൈയ്യടിക്കും എന്നുള്ളത് രാജമൗലിക്ക് വ്യക്തമായി അറിയാം. വൈകാരിക രംഗങ്ങളെ പ്രേക്ഷകനിലേയ്ക്ക് ഇൻജെക്ട് ചെയ്ത് നായകന്റെ വികാരങ്ങൾ അവരുടേത് കൂടെയാക്കി മാറ്റിക്കൊണ്ട് കഥ പറഞ്ഞ് മാസ്സ് രംഗങ്ങൾക്ക് എല്ലാം പ്രേക്ഷകരിൽ വല്ലാത്തൊരു തരം രോമാഞ്ചം ജനിപ്പിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവാണ് അത് RRR ലും വേണ്ടുവോളം ഉണ്ട്.
ബാഹുബലി പോലൊരു വണ്ടർ ഒന്നും പ്രതീക്ഷക്കരുത് (ബാഹുബലി എന്നെ സംബന്ധിച്ച് ഒരു വണ്ടർ തന്നെയാണ് ചിലർക്ക് അങ്ങനെ അല്ലായിരിക്കും) ടെക്ക്നിക്കലി ബ്രില്ല്യന്റ് ആയ ഒരു ഗംഭീര കൊമേഴ്സ്യൽ എന്റർടൈനർ അല്ലേൽ എല്ലാം ചേരുവകളും സമം ചേർന്നൊരു മസാല സിനിമ അതിന്റെ ഏറ്റവും ഭംഗിയിൽ ആസ്വദിക്കാൻ റെഡിയാണേൽ RRR ന് ധൈര്യമായി ടിക്കറ്റ് എടുക്കാം. കാണുന്നുവെങ്കിൽ തിയ്യേറ്ററുകളിൽ നിന്ന് തന്നെ കാണുക, അതും നൂതന സാങ്കേതിക വിദ്യകളാൽ സമ്പന്നമായ തിയ്യേറ്ററുകളിൽ നിന്ന് തന്നെ കാണാൻ ശ്രമിക്കുക. കാരണം RRR ടെക്ക്നിക്കലി ഒരുപാട് മികച്ചു നിൽക്കുന്ന ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്.
പ്രതീക്ഷകൾ തന്ന് പ്രേക്ഷകരെ മണ്ടന്മാരാക്കുന്ന വലുതും ചെറുതുമായ എല്ലാ സംവിധയകർക്കും രാജമൗലി ഒരു ടെക്സ്റ്റ് ബുക്ക് ആണ്. ഒരു സിനിമ എങ്ങനെ ഒരുക്കണം എന്നതിന്റെ ടെക്സ്റ്റ് ബുക്ക്.
എന്നെ സംബന്ധിച്ച് RRR ഒരു ദൃശ്യവിസ്മയം തന്നെയാണ് എല്ലാ അർത്ഥത്തിലും തൃപ്തിപ്പെടുത്തിയ ദൃശ്യവിസ്മയം.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
RRR
Reviewed by
on
05:43
Rating:

No comments: