മാറ്റം - Change
ജീവിതത്തിൽ എല്ലാവർക്കും ഒരുപാട് മാറ്റങ്ങൾ ഉണ്ടാവും ഓരോ കാല ഘട്ടങ്ങളിലും മനുഷ്യനെ മുൻപോട്ട് നയിക്കുന്നത് അവരിലെ മാറ്റങ്ങൾ തന്നെയാണ്. അത്തരത്തിൽ ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ ഒന്ന് രണ്ടെണ്ണം പറയാം.
ലൈഫിൽ പ്രണയമില്ലാത്തവർ വിരളമായിരിക്കും ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവരാവും മിക്കവരും. എനിക്കുമുണ്ടായിരുന്നു അത്തരത്തിൽ ഉള്ള പ്രണയം അല്ലേൽ പ്രണയങ്ങൾ. കൗമാര പ്രായത്തിൽ കൂടെ പഠിച്ചിരുന്ന ഒരു സഹപാഠിയോട് തോന്നിയ ഒരു അട്രാക്ഷൻ പിന്നീട് പ്രണയമായി വളർന്നത് പെട്ടന്ന് ആയിരുന്നു. പിന്നീട് അയാളുടെ ഇഷ്ടം നേടിയെടുക്കാനുള്ള തത്രപ്പാട് ആയിരുന്നു. സ്കൂളിൽ പോകുന്നത് തന്നെ അയാളെ കാണാൻ വേണ്ടി മാത്രമായിരുന്നു എന്ന് തന്നെ പറയാം. ഏറെ നാളത്തെ പുറകെ നടപ്പിന് ശേഷം ഒരു ദിവസം ലഞ്ച് ബ്രേക്കിനിടയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ മധ്യഭാഗത്തായി നിൽക്കുന്ന ഒരു മരച്ചുവട്ടിൽ നിന്ന് അയാൾ ഇഷ്ടം തുറന്ന് പറഞ്ഞു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ച നിമിഷമായിരുന്നു അത്. പിന്നീട് ജീവിതത്തിൽ ശോഭയേറിയ ദിവസങ്ങൾ ആയിരുന്നു. പ്രണയലേഖനങ്ങൾ കൈമാറിയും സമയം പോലും വകവെക്കാതെ സംസാരിച്ച് നിന്നും, കോയിൻ ബോക്ക്സ് മുതൽ പല രീതിയിലുമുള്ള ഫോൺ സംഭാഷണങ്ങളും, അവധി ദിവസങ്ങളിൽ ഒളിച്ചും പാത്തുമുള്ള ദർശനങ്ങളും, വൈകുന്നേരങ്ങളിൽ വീടിന്റെ പടിക്കൽ വരെ സംസാരിച്ചു നടന്ന് പിന്നീട് കിലോമീറ്ററുകൾ തിരികെ സ്വന്തം വീട്ടിലേക്ക് നടന്നുമൊക്കെ എന്തോ കീഴടക്കിയ സന്തോഷത്തിൽ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാനെപ്പോലെയുള്ള നടപ്പും ഭാവവുമായി ആഘോഷമാക്കിയ ദിനങ്ങൾ. കുറച്ച് വർഷങ്ങൾ അത്തരത്തിൽ സന്തോഷത്തോടെ മാത്രം നടന്നിരുന്ന ഞാൻ വലിയൊരു കുഴിയിലേക്ക് വീണൊരു അവസ്ഥയായിരുന്നു പിന്നീട് ഉണ്ടായിരുന്നത്, കാരണം പോലും പറയാതെ അത്രേം നാൾ പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന കക്ഷി ആ ബന്ധത്തിന് ഭ്രഷ്ട് കല്പിച്ച് നടന്നു നീങ്ങി. അന്നത്തെ പ്രായത്തിൽ എന്നെ സംബന്ധിച്ച് അതൊരു താങ്ങാൻ ആവാത്ത വിധത്തിലുള്ള ഒരു പ്രഹരമായിരുന്നു. മാനസികമായി വല്ലാതെ തളർന്നു പോയ ഞാൻ പഠനം മുതൽ എല്ലാത്തിലും ഉഴപ്പി നടന്ന ഒരു സമയം ആയിരുന്നത്. ആ ബന്ധം വീണ്ടും ശരിയാകും എന്നുള്ള പ്രതീക്ഷയിൽ ഒരുപാട് കാലം നടന്നു പക്ഷേ അങ്ങനൊന്ന് ഉണ്ടായില്ല. അത് എന്നെ വല്ലാതെ തളർത്തിയിരുന്നു എല്ലാ അർത്ഥത്തിലും സമനില തെറ്റിയ രീതിയിൽ നടന്ന ഒരു സമയമായിരുന്നത്. ഒരിക്കലും ആ കുഴിയിൽ നിന്നും തിരിച്ചു കയറാൻ പറ്റില്ല എന്ന് കരുതിയിരുന്ന എന്നെ പിടിച്ചു കയറ്റിയതും അറിയാതെയാണെങ്കിലും അയാൾ തന്നെയായിരുന്നു. എനിക്ക് ശേഷം അയാളുടെ മനസ്സിൽ സ്ഥാനം നേടിയെടുത്ത കക്ഷി എല്ലാത്തിൽ നിന്നും വിട്ടു നിന്ന എന്നെ ഒരു ദിവസം വിളിച്ച് ഒരു കാര്യവും ഇല്ലാതെ ഭീഷണിപ്പെടുത്തുകയുണ്ടായി, സ്വാഭാവികമായും ഏതൊരാളേം പോലെ ഞാനും വല്ലാതെ കലിപൂണ്ട ഒരു അവസ്ഥയായിരുന്നത്. എല്ലാത്തിൽ നിന്നും മാറി നടക്കുന്ന ഒരാളുടെ വായിൽ കൊണ്ട് വന്ന് കോലിട്ട് കുത്തുന്ന ഒരു അവസ്ഥയാണല്ലോ മേല്പറഞ്ഞത് അങ്ങനെ മേല്പറഞ്ഞ കക്ഷിയെ കുറച്ച് കൂട്ടുകാരാടൊപ്പം കാണാൻ പോകുകയും അയാളുടെ ഭീഷണിയിൽ പറഞ്ഞത് പോലെ കൈയ്യും കാലും തല്ലിയൊടിക്കാൻ പറയുകയുമൊക്കെ ചെയ്ത് അയാളുടെ കോളറിന് കുത്തിപ്പിടിച്ച് സ്വതവെ പേടി കൂടുതലുള്ള ഞാൻ ജീവിതത്തിൽ ഏറ്റവും ധൈര്യമുള്ളവനായി മാറിയ ഒരു നിമിഷം അവിടെ പിറന്നു. അയാളിൽ നിന്നും അറിഞ്ഞ കുറച്ച് കാര്യങ്ങളാണ് പിന്നീട് ലൈഫിൽ ഒരു ഊർജ്ജമായി മാറിയത്. എന്നെ വേണ്ടാത്ത ഒരാൾക്ക് വേണ്ടി ഞാൻ എന്റെ ജീവിതം എന്തിന് ത്യജിക്കണം എന്നുള്ള ചിന്ത ഉടലെടുത്തത് അതിന് ശേഷമാണ് എന്ന് തന്നെ പറയാം. പിന്നീട് അയാൾക്ക് മുൻപിൽ അയാളേക്കാൾ നന്നായി ജീവിച്ചു കാണിക്കാനുള്ള ഒരു തരം വാശിയായിരുന്നു. രാപ്പകൽ ഇല്ലാതെയുള്ള അധ്വാനത്തിന്റെ നാളുകൾ. അതിനിടയ്ക്ക് എപ്പോഴോ മറ്റൊരാളുമായി അയാളുടെ വിവാഹമൊക്കെ കഴിഞ്ഞിരുന്നു. പതിയെ ആ മൂകതയിൽ നിന്നും പുറത്ത് വന്ന് പുതിയൊരു ജീവിതം ആരംഭിച്ച എന്നിൽ ഏതൊരു സാധാരണക്കാരനായ മലയാളിയേയും പോലെ അയാൾ ഒരു "തേപ്പിസ്റ്റ്" തന്നെ ആയിരുന്നു.
അതിന് ശേഷം ഒരു മൂന്ന് വർഷത്തോളം ജോലി എന്നല്ലാതെ മറ്റുള്ള ചിന്തകളൊന്നും തന്നെ മനസ്സിനെ കീഴടക്കിയിരുന്നില്ല. അത്തരത്തിൽ ജീവിതം മുൻപോട്ട് പോകുമ്പോഴാണ് യാദൃശ്ചികമായി ഒരാളെ കണ്ടു മുട്ടുന്നത്. ആദ്യ കാഴ്ചയിൽ തന്നെ തോന്നിയ പ്രണയമോ മറ്റോ ഒന്നും ആയിരുന്നില്ല അത്. ഒരിക്കൽ ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കുമെന്ന് പണ്ടാരോ പറഞ്ഞത് പോലെ ഒരു പേടി എന്റെയുള്ളിൽ ഉണ്ടായിരുന്നു എന്നതാണ് സത്യം. മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടേൽ പോലും പ്രണയത്തോട് വിരക്തിയൊന്നും ഒരിക്കലും ഒരു മനുഷ്യനും തോന്നില്ലല്ലോ..... പക്ഷേ ഒരു പേടി ഉള്ളിന്റെയുള്ളിൽ ഉണ്ടായിരുന്നു. മേല്പറഞ്ഞ കക്ഷിയെ അങ്ങനെ അവിചാരിതമായി കണ്ടു മുട്ടി പിന്നീട് ആ കണ്ടുമുട്ടലുകൾ ദിവസേനയെന്നോണം സംഭവിച്ചു കൊണ്ടിരുന്നു അത് പിന്നീട് അയാളെ കാണാൻ വേണ്ടി മാത്രമുള്ള ഒന്നായി മാറി. ആദ്യ പ്രഹരത്തിന്റെ ശക്തികൊണ്ട് എവിടേക്കോ ഓടിയൊളിച്ചിരുന്ന ആ ഒരു വികാരം തല പൊക്കി തുടങ്ങിയ യൗവ്വന നാളുകൾ ആയിരുന്നു പിന്നീട്. വെറുമൊരു അപരിചിതനായ ഞാൻ ഒരു ദിവസം പോയി ഇഷ്ടമാണെന്ന് പറഞ്ഞാൽ ടിപ്പിക്കൽ പൂവാലൻ ആയി മാത്രം കണ്ട് അവഗണിക്കുമെന്നുള്ള ബോധം ഉള്ളത് കൊണ്ട് അയാളുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിൽ കുറച്ച് ദിവസം അങ്ങ് ഇങ്ങ് ആയി നിൽക്കേണ്ടി വന്നു. ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായതിന് ശേഷം ഒരിക്കൽ പോയി കക്ഷിയോട് നേരിൽ കാര്യവും പറഞ്ഞു. എല്ലാം കേട്ട് ഓക്കേ എന്നും പറഞ്ഞുള്ള ആളുടെ പോക്കും നോക്കി ഇങ്ങനെ നിന്നു. ശേഷം ഒരിക്കൽപ്പോലും ആ പേരിൽ ഞാൻ അയാളെ ബുദ്ധിമുട്ടിക്കാൻ പോയിട്ടില്ല സ്റ്റോക്കിങ് എന്നത് വളരെ മോശം പ്രവർത്തിയാണെന്ന ഒരു ബോധം ഉള്ളത് കൊണ്ട് തന്നെയായിരുന്നു അതിന് മുതിരാത്തത്. ആദ്യ പ്രണയത്തിന്റെ നാളുകളിൽ അതേ പറ്റി അറിയാത്ത സമയത്ത് സഹപാഠിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന കാര്യമായിരിക്കണം അത്. കാരണം എല്ലാവരേയും പോലെ തന്നെ പിന്നാലെ നടന്നിട്ടുണ്ട് ഞാനും. അത് അയാൾക്ക് വല്ലാത്തൊരു തരം ബുദ്ധിമുട്ട് ആ സമയത്ത് ഉണ്ടാക്കിയിട്ടുണ്ടാകും. അതേ പറ്റിയൊരു ബോധം വന്നതിന് ശേഷം ആ കാര്യത്തിൽ ഒരുപാട് പശ്ചാത്തപിച്ചിട്ടുണ്ട്. രണ്ടാം പ്രണയത്തിലേക്ക് വന്നാലും ഇഷ്ടം പറഞ്ഞ് ആ കുട്ടിയുടെ പരീക്ഷയൊക്കെ വന്നെത്തിയ നാളുകൾ ആയത് കൊണ്ട് തന്നെ അയാളെ ഒരു തരത്തിലും ഞാൻ ശല്ല്യപ്പെടുത്താൻ പോയിരുന്നില്ല. പിന്നീട് അയാളുടെ പുതിയൊരു അദ്ധ്യയന വർഷത്തിലൊരിക്കൽ മറുപടിക്ക് വേണ്ടി സംസാരിക്കാൻ പോയപ്പോൾ അയാൾ പറഞ്ഞൊരു കാര്യം എനിക്ക് അഭിമാനിക്കാവുന്ന ഒന്നായിരുന്നു. "ഒരുപാട് പേര് എന്റെ പിന്നാലെ നടക്കുന്നുണ്ട് അവരൊക്കെ നല്ല രീതിയിൽ എന്നെ ശല്ല്യം ചെയ്തിട്ടുണ്ട് പക്ഷേ അതിലൊന്നും പെടാത്ത ഒരാൾ നിങ്ങൾ മാത്രമാണ്" വലിയ സന്തോഷം നൽകിയ വാക്കുകൾ ആയിരുന്നു അത്. ഞാൻ കാരണം ആ കുട്ടിക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നത് ഒരു അഭിമാനം തന്നെയായിരുന്നു. പിന്നീട് പോസിറ്റീവ് റെസ്പോൺസിന് ശേഷവും ഞാൻ അയാളെ ഒരു തരത്തിലും ബുദ്ധിമുട്ടിച്ചില്ല. ആദ്യ പ്രണയത്തിൽ നിന്നും രണ്ടാം പ്രണയത്തിലേക്ക് വന്നപ്പോഴുണ്ടായ പ്രധാനപ്പെട്ടൊരു മാറ്റമായിരുന്നു എന്നിലുദിച്ച ആ ബോധം. സ്റ്റോക്കിങ് എന്നത് എത്രത്തോളം വലിയ തെറ്റാണ് എന്നുള്ളത് കൗമാര പ്രായത്തിൽ അറിയാത്തൊരു കാര്യമായിരുന്നു. യൗവ്വനത്തിലേക്ക് എത്തിയപ്പോൾ വന്ന മാറ്റങ്ങളിൽ ഒന്നായിരുന്നു അതേപറ്റിയുള്ള അറിവ്.
രണ്ടാം പ്രണയവും ഒരു ദിവസം വലിയൊരു പ്രഹരം പോലെ എന്നിൽ വന്ന് പതിച്ചു. എന്തിലേക്കും പെട്ടന്ന് തന്നെ ആഴത്തിൽ ഇറങ്ങിച്ചെല്ലുന്ന ഒരു സ്വഭാവക്കാരൻ ആയത് കൊണ്ട് തന്നെ ഈയൊരു കാര്യം ആദ്യത്തേതിലും വലിയ രീതിയിൽ എല്ലാ അർത്ഥത്തിലും എന്നെ ബാധിക്കും എന്നൊരു പേടി എന്റെ സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊക്കെയുണ്ടായിരുന്നു. ചെറിയ പ്രായത്തിൽ ആ ഒരു വികാരം എന്നെ അത്രമേൽ മുറിവേൽപ്പിച്ചിട്ടുണ്ടെൽ ജീവിതത്തെ വളരെ സീരിയസ് ആയി കാണേണ്ട ഈ പ്രായത്തിൽ അത് എത്രത്തോളം എന്നെ തളർത്തും എന്നുള്ള ആശങ്ക അവർക്കൊക്കെ ഉണ്ടായിരുന്നു. കക്ഷിയുടെ മറ്റൊരു അഫയറിന്റെ കാര്യം ഞാൻ അറിയുന്നത് അയാളുടെ ആ കാമുകനിൽ നിന്ന് തന്നെയായിരുന്നു. "അവൾക്ക് അത് പറയാൻ പേടി ആയത് കൊണ്ടാണ്" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞാൻ എനിക്ക് അയാളോട് ഒന്ന് സംസാരിക്കണം എന്ന് മാത്രേ പറഞ്ഞുള്ളൂ. അയാൾ കുറേ ക്ഷമയൊക്കെ പറഞ്ഞ് ഒരു തലക്കൽ നിന്ന് കരഞ്ഞപ്പോൾ എനിക്ക് അയാളെ കുറ്റപ്പെടുത്താൻ ഒന്നും ഉണ്ടായിരുന്നില്ല ആകെ മനസ്സിനെ അലട്ടിയ ഒരു പ്രശ്നം മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളെ കുറേ കാലം സ്നേഹിച്ചു എന്നത് മാത്രമായിരുന്നു. "ഇത് അറിഞ്ഞിരുന്നേൽ നിങ്ങള് എന്നെ വല്ലതും ചെയ്യുമോ എന്ന പേടി ഉള്ളത് കൊണ്ട് ആയിരുന്നു പറയാതിരുന്നത്" എന്ന് അയാൾ പറഞ്ഞപ്പോൾ ചിരിക്കാൻ മാത്രേ എനിക്ക് പറ്റിയുള്ളൂ. എന്നെ ഒട്ടും മനസ്സിലാക്കാത്ത ഒരാളാണ് എന്നൊക്കെ എനിക്ക് പറയാമെങ്കിലും ഇന്നത്തെ കാലത്തെ പല വാർത്തകളും ആയിരിക്കാം അയാളെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അവർക്ക് ഭാവുകങ്ങൾ നേർന്ന് ആ ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞതിന് ശേഷം അടുത്തറിയാവുന്ന പലരും വിളിച്ച് ഒറ്റയ്ക്ക് ഇരിക്കരുത്, ഓരോന്ന് ആലോചിക്കരുത് എന്നൊക്കെ പറഞ്ഞ് ഭയങ്കര ധൈര്യം ഓക്കേ പകർന്നു തന്നിരുന്നു. ആ സമയത്ത് ഉണ്ടായ മറ്റു ചില പേർസണൽ പ്രോബ്ലംസ് കാരണം ഡിപ്രഷന്റെ വക്കിൽ ഓക്കേ ആയിരുന്നെങ്കിൽ കൂടെയും ഈ പറഞ്ഞ പ്രഹരം എന്നെ ബാധിച്ചില്ല. ഞാൻ പോലും അത്തരമൊരു അവസ്ഥയെക്കുറിച്ചോർത്ത് പേടിച്ചിരുന്നു പക്ഷേ അത്തരത്തിൽ ഒരു മോശം അവസ്ഥയിലേക്ക് ആ സംഭവം എന്നെ കൊണ്ട് പോയില്ല എന്നത് ഒരു അത്ഭുതം തന്നെയായിരുന്നു. എന്നെ ഞാൻ മാറ്റിയെടുത്തതിന്റെ ഒരു ഗുണം ആയിട്ടാണ് ഞാൻ അതിനെ കാണുന്നത്.
ആദ്യ പ്രണയത്തിന്റെ തകർച്ചയിൽ സ്വയം പുച്ഛവും ദേഷ്യവും അതിലേറെ സങ്കടവുമൊക്കെ തോന്നി സ്വയം പഴിച്ച് നടന്ന് ജീവിതത്തിൽ ആഘോഷമാക്കേണ്ട വലിയൊരു സമയം ഞാൻ വിഷാദത്തിന് അടിമപ്പെട്ട് കളഞ്ഞു. "അവൾ ഇവനെ തേച്ചു" എന്ന് ഓരോരുത്തരും പറയുമ്പോൾ തല താഴ്ത്തി നിൽക്കാൻ അല്ലാതെ ഒന്നിനും പറ്റിയിരുന്നില്ല. രണ്ടാം പ്രണയത്തെ പറ്റിയും അതേ വാചകം ഇന്ന് പലരും ആവർത്തിക്കുമ്പോൾ ഞാനത് തിരുത്താറുണ്ട്. "ഞാൻ എന്ന വ്യക്തിയിൽ അവർക്ക് എന്തേലും പോരായ്മകൾ തോന്നിയത് കൊണ്ടാവണം അല്ലേൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരായിരിക്കണം ഞാൻ എന്തേലുമൊക്കെ നെഗറ്റീവ് എന്നിൽ കണ്ടത് കൊണ്ടാവണം അല്ലേൽ എന്നേക്കാൾ അവരെ സന്തോഷിപ്പിക്കാനും ചേർത്ത് നിർത്താനും മറ്റുള്ളവർക്ക് സാധിച്ചിരുന്നിരിക്കും അവരുടെ ഭാഗത്ത് നിന്ന് നോക്കിയാൽ അവർക്ക് ന്യായം എന്ന് തോന്നുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാവും. അങ്ങനെ വരുമ്പോൾ പരാജയം എന്റെ ഭാഗത്താണ്." എന്ന് തുടങ്ങിയ തരത്തിൽ സംസാരിക്കാൻ എനിക്കിപ്പോ സാധിക്കുന്നുണ്ട് അത് എന്റെ മാറ്റം തന്നെയാണ്. മേല്പറഞ്ഞവരിൽ നിന്നുമുണ്ടായ തിക്താനുഭവങ്ങൾ ആ കാലത്ത് കൂട്ടുകാരോട് ആണെങ്കിലും പങ്കുവെച്ചിരുന്ന ഞാൻ ഇന്ന് അത് ഉള്ളിലൊതുക്കാൻ പഠിച്ചു. അവർക്ക് ഒരു ജീവിതമുണ്ട് പ്രണയം തകർന്നെന്ന് വെച്ച് അവരുടെ മുൻപോട്ടുള്ള ജീവിതത്തിൽ ഒരിക്കലും ഒരു കരടായി മാറരുത് എന്നുള്ള ചിന്ത തന്നെയാണതിന് കാരണം.
അവരെ കണ്ടാൽ മുഖം തിരിച്ചു നടന്നിരുന്ന ഞാൻ ഇന്ന് അവരെ കണ്ടാൽ നേരെ നിന്ന് ചിരിച്ചു കൊണ്ട് മുഖത്ത് നോക്കി സുഖവിവരങ്ങൾ അന്വേഷിക്കാൻ പാകത്തിൽ എന്റെ മനസ്സിനെ പാകപ്പെടുത്തിയിട്ടുണ്ട് അതൊക്കെ എന്റെ മാറ്റം തന്നെയാണ്. യാതൊരു തരത്തിലുള്ള പകയോ ദേഷ്യമോ ഒന്നും തന്നെ അവരോടൊന്നും ഇല്ല. വിഷമം ഇല്ലെന്ന് പറഞ്ഞാൽ അത് പച്ച കള്ളമാവും കാരണം അത്രയ്ക്ക് ആഴത്തിൽ മനസ്സിൽ പതിഞ്ഞ വികാരമായിരുന്നു അവരോടുള്ള പ്രണയം. പക്ഷേ ഇപ്പൊ ആ പറഞ്ഞ വിഷമം പ്രണയത്തിന്റെ തകർച്ചയുടെ പേരിലല്ല ഏകദേശം പത്തിലധികം വർഷങ്ങൾ ഈയൊരു വികാരത്തിന് അടിമപ്പെട്ട് നടന്നപ്പോൾ അവരുടെ മനസ്സ് എനിക്ക് തിരിച്ചറിയാൻ പറ്റാതെ പോയതിലാണ്. മറ്റൊരാളെ മനസ്സിൽ കൊണ്ട് നടക്കുന്ന ഒരാളെ മനസ്സിൽ പ്രതിഷ്ഠിച്ച് നടന്നുവല്ലോ എന്നുള്ള ഒരു കുറ്റബോധമാണ് ഈ പറഞ്ഞ വിഷമത്തിന് കാരണം. അവരോടുള്ള ആകെയുള്ള നീരസവും അതിന്റെ പേരിലാണ്. ഈ കാര്യം അവർക്ക് തുറന്ന് പറയാമായിരുന്നു. അത് ജീവിതത്തിലെ നല്ലൊരു സമയം അതിന് വേണ്ടി ചിലവാക്കിയതുകൊണ്ടല്ല കാരണം മേല്പറഞ്ഞത് തന്നെയാണ്. അപ്പോഴും അവരുടെ ഭാഗത്ത് നിന്ന് ചിന്തിച്ചാൽ മുകളിൽ പറഞ്ഞത് പോലെ ഇന്നത്തെ കാലത്തെ വാർത്തകൾ തന്നെയാവും കാരണം.
പ്രണയം നിഷേധിച്ചതിന്റെ പേരിൽ ആസിഡ് ഒഴിച്ചും, തീ കൊളുത്തിയും, കുത്തിയും, വെട്ടിയുമെല്ലാം ആളുകളെ ആക്രമിക്കുന്ന വാർത്തകൾ ഓക്കേ കേൾക്കുമ്പോൾ ഉണ്ടാവുന്ന ദേഷ്യവും സങ്കടവും വേദനയും പേടിയുമെല്ലാം അത്രത്തോളമാണ്. അവരുടെ ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കാൻ പഠിച്ചാൽ ഈ പറഞ്ഞ അക്രമത്തിന് മുതിരാൻ ആർക്കും സാധിക്കില്ല. അവരുടെ ജീവിതം എങ്ങനെ വേണമെന്ന് അവരല്ലേ തീരുമാനിക്കേണ്ടത്. പ്രണയം നിഷേധിച്ചു എന്ന പേരിൽ അവരെ അപകടപ്പെടുത്തുന്നത് ഒക്കെ എത്രത്തോളം അധഃപതിച്ച നീചമായ പ്രവർത്തിയാണ്. അത്തരത്തിൽ ഉള്ള വികാരങ്ങളെയൊന്നും പ്രണയമെന്ന പേരിൽ വിളിക്കാനും പറ്റില്ല. തനിക്ക് കിട്ടാത്തത് മറ്റൊരാൾക്ക് ലഭിക്കരുത് എന്നുള്ള സ്വാർത്ഥതയല്ലേ അത്.
അപ്പൊ പറഞ്ഞു വന്നത് മാറ്റങ്ങളെ കുറിച്ചാണല്ലോ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങളിൽ മേല്പറഞ്ഞ കാര്യങ്ങൾക്ക് പ്രധാന പങ്കുള്ളത് കൊണ്ടാണ് അവയെ ഉദാഹരണമായെടുത്തത്. അത്തരത്തിൽ ഒരുപാട് മാറ്റങ്ങൾ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.... അന്ധമായ വിശ്വാസങ്ങളും അന്ധമായ ആരാധനകളുമെല്ലാം മാറി വന്നത് ഒരു മാറ്റമാണ്, ജീവിതത്തിൽ നോ പറയാൻ പഠിച്ചു എന്നുള്ളത് ഒരു മാറ്റമാണ്, മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ പഠിച്ചു എന്നുള്ളത് ഒരു മാറ്റമാണ്, എന്തും വെട്ടി തുറന്ന് പറയുമ്പോൾ അത് മറ്റുള്ളവർക്ക് വേദനയുണ്ടാക്കാത്ത തരത്തിൽ പറയണം എന്ന് പഠിച്ചത് ഒരു മാറ്റമാണ്, അമിതമായി ആരേയും വിശ്വസിക്കരുത് എന്ന് പഠിച്ചത് ഒരു മാറ്റമാണ്, എടുത്ത നിലപാടുകൾ തെറ്റാണ് എന്ന് തോന്നിയാൽ അത് തിരുത്തി മുൻപോട്ട് പോകാൻ പഠിച്ചത് ഒരു മാറ്റമാണ്. എല്ലാം കൊണ്ടും പെർഫെക്ട് ഒന്നും അല്ലെങ്കിലും മേല്പറഞ്ഞ മാറ്റങ്ങൾ ജീവിതത്തിൽ വന്നതിന് ശേഷം നല്ലത് മാത്രമേ സംഭവിച്ചിട്ടുള്ളൂ. മാറ്റങ്ങൾ തന്നെയാണല്ലോ ഒരു മനുഷ്യന്റെ വിജയം എന്ന് പറയുന്നത്. സ്വയം അപ്ഡേറ്റ് ആവാൻ സാധിക്കുന്നത് ഒരു വലിയ കാര്യം തന്നെയല്ലേ..... സ്വഭാവത്തിലെ അല്ലേൽ നാം എന്ന വ്യക്തിയിലെ പോസിറ്റീവും,നെഗറ്റീവും തിരിച്ചറിയാൻ സാധിച്ചാൽ തന്നെ ഒരു പരിധിവരെ നമ്മൾ വിജയിക്കും.
ജീവിതത്തിൽ ഇപ്പോൾ വരുത്താൻ ശ്രമിക്കുന്ന ഒരു മാറ്റം സ്വയം ഇല്ലാത്ത ഒരു ആദരവും അല്ലേൽ ബഹുമാനവും ഇഷ്ടവുമൊക്കെയാണ്. ഒരുപാട് അപകർഷതാ ബോധവും ഞാൻ ചെറുതാണ് എന്നുള്ള തോന്നലും ഒക്കെ മാറ്റി വരികയാണ് സ്വയം ഇഷ്ടപ്പെടാൻ ശ്രമിക്കുകയാണ്. മറ്റുള്ളവർ എന്ത് കരുതും എന്നുള്ളതിൽ നിന്നും ഇത് എന്റെ ജീവിതമാണ് അത് എന്റെ ഇഷ്ടമാണ് മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ഉള്ളതല്ല അത് എന്നുള്ള ബോധോദയമൊക്കെ ഉണ്ടായതിന് ശേഷം മനസ്സ് ഒക്കെ ഒരുപാട് ഫ്രീയായിട്ടുണ്ട് അത്തരത്തിൽ ഇതും മാറി വരും എന്ന് തന്നെയാണ് വിശ്വാസം.
കൂട്ടുകെട്ട് ആണെങ്കിലും എന്ത് ആണെങ്കിലും ഒഴിവാക്കേണ്ടത് ഒഴിവാക്കി മുൻപോട്ട് പോകാൻ സാധിക്കുന്നു എന്നതും എന്നെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. മുൻപ് അവൻ അല്ലേൽ അവൾ എന്ത് വിചാരിക്കും എന്ന ചിന്തയിൽ അകറ്റി നിർത്തേണ്ട ഒരുപാട് ബന്ധങ്ങളെ ചേർത്ത് നിർത്തേണ്ടി വന്നിട്ടുണ്ട് ഇന്ന് പക്ഷേ അവയൊക്കെ തട്ടി മാറ്റി മുൻപോട്ട് പോകാൻ സാധിക്കുന്നുണ്ട്.
മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കും മറ്റും വില കൽപ്പിച്ചു കൊണ്ട് നമ്മുടെ അഭിപ്രായം ആരിലും അടിച്ചേൽപ്പിക്കാതെ പറയാൻ ശ്രമിക്കുക നമുക്ക് എന്നോണം സ്വാതന്ത്ര്യം അവർക്കും ഉണ്ടെന്ന് മനസ്സിലാക്കുക. ഒന്നിനും അടിമപ്പെടാതിരിക്കുക,വ്യക്തിത്വം പണയം വെക്കാതിരിക്കുക എന്നാൽ തന്നെ ഒരുവിധം എല്ലാം ഓക്കേയാണ്.
എന്റെ മാറ്റങ്ങൾ എനിക്ക് അഭിമാനം തന്നെയാണ്. ജീവിതം അപ്ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുക. സങ്കടങ്ങൾക്ക് അടിമപ്പെടാതെ മറ്റുള്ളവന്റെ സന്തോഷങ്ങൾക്ക് മങ്ങൽ ഏൽപ്പിക്കാതെ നമ്മുടെ സന്തോഷങ്ങൾ കണ്ടെത്തുക. നമുക്ക് സന്തോഷം തരുന്നത് എന്താണോ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്ത തരത്തിൽ ചെയ്ത് കൊണ്ട് സന്തോഷമായി ജീവിക്കുക.
-വൈശാഖ്.കെ.എം
മാറ്റം - Change
Reviewed by
on
06:44
Rating:

No comments: