ഭീഷ്മ പർവ്വം
ഒരു അമൽ നീരദ് സിനിമയിൽ നിന്ന് എന്താണോ പ്രതീക്ഷിച്ചത് ആ പ്രതീക്ഷകൾക്ക് ഒട്ടും മങ്ങലേൽപ്പിക്കാതെ അമൽ ഒരുക്കി വെച്ച മികച്ച ദൃശ്യാനുഭവമാണ് ഭീഷ്മ പർവം.
മുൻപ് കണ്ടു കൈയ്യടിച്ചിട്ടുള്ള ഗ്യാങ്സ്റ്റർ ഫാമിലി കഥകളിലേക്ക് മെമ്പൊടിയ്ക്ക് അല്പം മഹാഭാരതമൊക്കെ ചേർത്ത് അമൽ തന്റെ സ്വസിദ്ധമായ ശൈലിയിൽ അണിയിച്ചൊരുക്കിയ ചിത്രമാണ് ഭീഷ്മ പർവം. അമലും ദേവദത്ത് ഷാജിയും ചേർന്ന് രചിച്ച ഭീഷ്മയുടെ രചനയിൽ വലിയ പുതുമയൊന്നും ഇല്ലെങ്കിലും അമൽ നീരദ് എന്ന സംവിധായകന്റെ മികവ് ആ ശരാശരി രചനയെ മികച്ചൊരു സിനിമയാക്കി മാറ്റി എന്ന് പറയാം. ഒന്നൂടെ ചുരുക്കി അല്ലേൽ വ്യക്തമാക്കി പറഞ്ഞാൽ സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ സിനിമ എന്ന് വിശേഷിപ്പിക്കാം. അമൽ നീരദ് എന്ന സംവിധായകന്റെ സംവിധാനത്തിന്റെ സൗന്ദര്യമാണ് ഭീഷ്മയുടെ ക്വാളിറ്റി.
അമലിന്റെ സംവിധാന മികവിനൊപ്പം എടുത്ത് പറയേണ്ടുന്ന മറ്റു രണ്ട് പേരുകൾ കൂടെയുണ്ട് സുഷിൻ ശ്യാം & ആനന്ദ്. സി. ചന്ദ്രൻ. ഭീഷ്മയുടെ നെടും തൂണുകളിൽ ഇവരും പെടും. അതിമനോഹരവും സമ്പന്നവുമായ ഫ്രേമുകൾ കൊണ്ട് ആനന്ദ് കാഴ്ചയുടെ വിരുന്ന് ഒരുക്കിയപ്പോൾ ചെറിയ രംഗങ്ങളെപ്പോലും തന്റെ പശ്ചാത്തല സംഗീതം കൊണ്ട് രോമാഞ്ചപ്പെടുത്തിയാണ് സുഷിൻ തിളങ്ങി നിന്നത്. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ വന്നു പോകുന്ന ആ ബിജിഎം ഭീഷ്മയെ പ്രിയപ്പെട്ട അനുഭവമാക്കി മാറ്റിയതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിവേക് ഹർഷന്റെ ചിത്രസംയോജനവും പ്രശംസ അർഹിക്കുന്നതാണ്. അല്പം സ്ലോയായി കഥ പറയുന്ന ചിത്രത്തെ ചടുലമാക്കി നിർത്തുന്നതിൽ അദ്ദേഹത്തിന്റെ എഡിറ്റിങ് വഹിച്ച പങ്ക് വലുതാണ്.
അണിയറയിൽ നിന്നും അരങ്ങിലേയ്ക്ക് എത്തിയാൽ ഭീഷ്മയുടെ ഏറ്റവും വലിയ പോസിറ്റീവ് സൈഡുകളിൽ ഒന്ന് ചിത്രത്തിലെ കാസ്റ്റിങ് തന്നെയാണ്. ഓരോ കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ അവര് തിരഞ്ഞെടുത്തവർ അത്രയും പെർഫെക്ട് ആയിരുന്നു.
എടുത്ത് പറയേണ്ടുന്ന പ്രകടനങ്ങൾ മമ്മൂട്ടി, സൗബിൻ ഷാഹിർ ,ഷൈൻ ടോം ചാക്കോ തുടങ്ങിയവരുടേതാണ്.
മൈക്കിൾ അഞ്ഞൂറ്റിക്കാരനെന്ന മൈക്കിളപ്പയായി ചിത്രത്തിലുടനീളം ഊർജ്ജസ്വലനായി നിറഞ്ഞു നിൽക്കുന്ന മമ്മൂക്ക തന്നെയാണ് അഭിനേതാക്കളിലേക്ക് വന്നാൽ ചിത്രത്തിലെ പ്രധാന ആകർഷണം. മമ്മൂട്ടി ആരാധകർക്ക് പരിസരം മറന്ന് ആസ്വദിക്കാനുള്ള എല്ലാ ചേരുവകളും അമൽ നീരദ് ചിത്രത്തിൽ ഒരുക്കി വെച്ചിട്ടുണ്ട്. മികവുറ്റ ആക്ഷൻ രംഗങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളുമായി മമ്മൂട്ടി ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ സീനുകളിലും ഭയങ്കര സ്റ്റൈലിഷായാണ് അദ്ദേഹത്തെ അമൽ കൊണ്ട് വന്നിട്ടുള്ളത്. പ്രധാനമല്ലാത്ത രംഗങ്ങളെപ്പോലും തന്റെ സ്ക്രീൻ പ്രെസൻസ് കൊണ്ട് മനോഹരമാക്കി മാറ്റിയിട്ടുണ്ട് മമ്മൂക്ക. ഒപ്പം തന്റെ ശബ്ദ ഗാംഭീര്യം കൊണ്ടും വോയിസ് മോഡുലേഷൻ കൊണ്ടും മൈക്കിളിനെ ഗംഭീരമാക്കിയിട്ടുണ്ട് അദ്ദേഹം. തന്റെ ആരാധ്യ പുരുഷന്റെ പ്രായത്തിനൊത്ത രീതിയിലുള്ള കഥാപാത്രമാണ് അമൽ അദ്ദേഹത്തിന് വേണ്ടി ഒരുക്കി വെച്ചിട്ടുള്ളത്. തന്റെ പ്രിയ താരത്തെ ഈ എങ്ങനെ ഉപയോഗിക്കണമെന്ന് അമലിന് നന്നായിട്ട് അറിയാം. ഒരു ഫാൻ ബോയ് സിനിമ കൂടെയാണ് ഭീഷ്മ. ഏറെ നാളുകൾക്ക് ശേഷം ഒരു മമ്മൂട്ടി സിനിമയിൽ മികച്ച ആക്ഷൻ സീൻസ് കണ്ടു എന്നതും ഭീഷ്മയുടെ ഒരു പ്രത്യേകതയാണ്. പ്രത്യേകിച്ച് അദ്ദേഹം ഈ പ്രായത്തിൽ അതൊക്കെ ചെയ്തു എന്നത് ശരിക്കും അത്ഭുതം തന്നെയാണ്.
സൗബിനിലേക്ക് വന്നാൽ ആവർത്തന വിരസമായ അഭിനയ ശൈലി കൊണ്ട് ഈയിടെ അത്യാവശ്യം നന്നായി വെറുപ്പിച്ചിരുന്ന ഒരു അഭിനേതാവ് ആയിരുന്നു എന്നെ സംബന്ധിച്ച് സൗബിൻ. പക്ഷേ ഭീഷ്മയിലേക്ക് വന്നാൽ തനിക്ക് ലഭിച്ച അജാസ് അലിയെന്ന കഥാപാത്രത്തെ അദ്ദേഹം വളരെ പക്വതയോടെ കൈകാര്യം ചെയ്തിട്ടുണ്ട്. മേല്പറഞ്ഞ അദ്ദേഹത്തിലെ അഭിനയത്തിലെ ആവർത്തന വിരസത കണ്ട് നെറ്റി ചുളിച്ച് ഇരിക്കേണ്ടി വന്നിട്ടുള്ള ഞാൻ ഭീഷ്മയിലെ അദ്ദേഹത്തിന്റെ മിക്ക രംഗങ്ങളിലും മനസ്സറിഞ്ഞു കൈയ്യടിച്ചു പോയിട്ടുണ്ട്. അഭിനയിച്ച് ഫലിപ്പിക്കാൻ മാത്രമുള്ള കഥാപാത്രമൊന്നുമല്ലെങ്കിൽക്കൂടെ മികച്ച അഭിനേതാക്കളുടെ നീണ്ട നിര തന്നെയുള്ള ചിത്രത്തിൽ തന്റെ കഥാപാത്രത്തെ പ്രേക്ഷകൻ ഓർമ്മിക്കും വിധം ചെയ്തു ഫലിപ്പിക്കാൻ സൗബിന് കഴിഞ്ഞിട്ടുണ്ട്.
ഇഷ്ഖ്, കുറുപ്പ് തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് ശേഷം ഷൈൻ ടോം ചാക്കോയുടെ ഇഷ്ടപ്പെട്ട മറ്റൊരു പ്രകടനമാണ് ഭീഷ്മയിലേത്. പ്രേക്ഷകന്റെ മനസ്സിൽ മുഖത്ത് ഒരെണ്ണം പൊട്ടിക്കാൻ തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിക്കാൻ അദ്ദേഹത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് തോന്നുന്നു. ഭീഷ്മയിലെ പീറ്ററും അത്തരത്തിലുള്ള തോന്നലുളവാക്കിയ ഒരു കഥാപാത്രമാണ്.
ശ്രീനാഥ് ഭാസിയുടെ അമി അലി, അനഘയുടെ റേച്ചൽ,ദിലീഷ് പോത്തന്റെ ജെയിംസ്, ഫർഹാൻ ഫാസിലിന്റെ പോൾ,നദിയ മൊയ്ദുവിന്റെ ഫാത്തിമ,ജിനു ജോസഫിന്റെ സൈമൺ, ലെനയുടെ സൂസൻ, ഹാരിഷ് ഉത്തമന്റെ മാർട്ടിൻ,നിസ്ഥാർ സൈട്ടിന്റെ മത്തായി,കോട്ടയം രമേശിന്റെ മണി തുടങ്ങിയ കഥാപാത്രങ്ങളും മികച്ചു നിന്നവയാണ്.
അനസൂയ ഭരദ്വാജ് തന്റെ ആദ്യ മലയാള ചിത്ര മോശമാക്കിയില്ല എന്ന് തന്നെ പറയാം ആലീസ് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോട് തന്നെ അവര് അവതരിപ്പിച്ചിട്ടുണ്ട്. പുറത്ത് നിന്നുമുള്ള അഭിനേതാക്കൾ വരുമ്പോഴുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ് ലിപ്പ് സിങ്കിന്റെ പ്രശ്നം.... അത്തരത്തിലുള്ള പിഴവുകൾ പോലും അനസൂയയുടെ ഭാഗത്ത് നിന്നും വലുതായി ഉണ്ടായിരുന്നില്ല എന്നത് അഭിനന്ദനങ്ങൾ അർഹിക്കുന്ന കാര്യമാണ്.
വീണ നന്ദകുമാർ, മനോഹരി ജോയ്,കെ. പി. എ. സി. ലളിത, നെടുമുടി വേണു,അബു സലിം, സുദേവ് നായർ, മാല പാർവതി,ഷെബിൻ ബെൻസൺ, ശ്രിന്ദ,പോളി വത്സൻ,ധന്യ അനന്യ, Etc തുടങ്ങിയ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയ പ്രകടനങ്ങൾ കാഴ്ച വെച്ചവരാണ്.
ഒരുപാട് നാളുകൾക്ക് ശേഷം പൂർണ്ണ സംതൃപ്തി നൽകിയ ഒരു മമ്മൂട്ടി സിനിമയാണ് ഭീഷ്മ. അതിലൊക്കെയേറെ സന്തോഷം നാളുകൾക്ക് ശേഷം നിറഞ്ഞ സദസ്സിൽ ഹർഷാരവങ്ങളോടെ ആഘോഷമായി ഒരു സിനിമ കാണാൻ പറ്റി എന്നുള്ളതാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു തരം ഫീലിംഗ് ആണത്.
എന്നെ സംബന്ധിച്ച് പൂർണ്ണ സംതൃപ്തി നൽകിയ മികച്ചൊരു ദൃശ്യാനുഭവമാണ് ഭീഷ്മ പർവം. അമൽ നീരദ് എന്ന സംവിധായകനിൽ നിന്ന് ഞാൻ എന്ത് പ്രതീക്ഷിച്ചുവോ അത് കിട്ടി എന്ന് തന്നെ പറയാം. മമ്മൂട്ടി ആരാധകർക്കും അമൽ നീരദ് ആരാധകർക്കും ആഘോഷമാക്കാൻ പറ്റിയൊരു സിനിമയാണ് ഭീഷ്മ പർവം.
ഒരു അഭിനേതാവിനെ എങ്ങനെ ഉപയോഗിക്കാമെന്നും പ്രേക്ഷകർ എവിടെയൊക്കെ കൈയ്യടിക്കുമെന്നും തിരിച്ചറിവുള്ള ഒരു സംവിധായകനായാൽ തന്നെ പാതി വിജയിച്ചു എന്നാണ് എന്റെ പക്ഷം. അത്തരത്തിൽ കഴിവുള്ള അപ്ഡേറ്റഡ് ആയിട്ടുള്ള സംവിധായകർക്കൊപ്പം താരങ്ങൾ ചേരുമ്പോൾ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാതെ ആഘോഷമാക്കാനുള്ള വകുപ്പ് ഒക്കെ അതിൽ കാണും. താരത്തോടൊപ്പം അഭിനേതാവിനേയും ഉപയോഗിക്കാൻ അവർക്ക് സാധിക്കും. അമൽ നീരദ് അത്തരത്തിൽ കഴിവുള്ള ഒരു സംവിധായകനാണ്. താൻ സംസാരിക്കാതെ തന്റെ സിനിമകൾ കൊണ്ട് മറുപടി പറയുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാൾ.
ഒരിക്കൽ കൂടെ പറയുന്നു ഭീഷ്മ പർവം എന്നിലെ പ്രേക്ഷകനെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയ ഒരു ദൃശ്യാനുഭവമാണ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ഭീഷ്മ പർവ്വം
Reviewed by
on
17:31
Rating:

No comments: