ജന ഗണ മന
സാധാരണക്കാരന്റെ ശബ്ദം
ജന ഗണ മന ഇന്നിന്റെ സിനിമയാണ്,ഈ നാട്ടിലെ ഓരോ സാധാരണക്കാരന്റേയും ശബ്ദമാണ്. വലിയൊരു വിഭാഗം ജനങ്ങളും ഇവിടത്തെ പാളിച്ചകളുള്ള നിയമ വ്യവസ്ഥകളോടും മാറി മാറി അധികാര ദുർവിനിയോഗം നടത്തി ഭരിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന പല രാഷ്ട്രീയ കോമരങ്ങളോടും ആടിനെ പട്ടിയാക്കുന്ന മാധ്യമ കഴുകന്മാരോടും പറയാനും ചോദിക്കാനും ആഗ്രഹിക്കുന്ന കാര്യങ്ങളും അവരുടെ പ്രതിഷേധവുമാണ് ജന ഗണ മന എന്ന ചിത്രം. ഒപ്പം പ്രതിഷേധവും പ്രതികരണവും രണ്ട് വരി സോഷ്യൽ മീഡിയ ഹാഷ്ടാഗിൽ ഒതുക്കുന്ന ഞാനടക്കമുള്ള സമൂഹത്തോടും ജന ഗണ മന പ്രതികരിക്കുന്നുണ്ട്, പ്രതിഷേധിക്കുന്നുണ്ട്. ഓരോന്ന് ഓരോന്ന് ആയി എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്, മനസ്സിലാക്കി തരുന്നുണ്ട്.
രാഷ്ട്രീയമെന്നാൽ ജനസേവനമാണെന്ന ബോധ്യമില്ലാതെ അതിനെ തൊഴിലായും ബിസിനസ്സ് ആയും മാറ്റി ജനങ്ങളെ മുടിപ്പിച്ചും ചേരി തിരിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും തമ്മിലടിപ്പിച്ചും പാവ കളിപ്പിക്കുന്ന അഭിനവ രാഷ്ട്രീയ കോമരങ്ങൾക്കും, ഇവിടത്തെ പാളിച്ചകളുള്ള പല നിയമ വ്യവസ്ഥകൾക്കുമെതിരെയുള്ള ശക്തമായൊരു പ്രഹരമാണ് ജന ഗണ മന.
ചിത്രത്തിന്റെ അരങ്ങിലേക്കും അണിയറയിലേക്കും കടന്നാൽ അവിടെ ഒരു മത്സരമാണ് കാണാനാവുക. ഷാരിസ് മുഹമ്മദിന്റെ ശക്തമായ രചനയെ അതിന് മുകളിൽ അണിയിച്ചൊരുക്കിയ ഡിജോ ജോസ് ആന്റണിയും, ഡിജോയുടെ മനസ്സിലെ ദൃശ്യങ്ങളെ അതിഗംഭീരമായി ഒപ്പിയെടുത്ത ഛായാഗ്രാഹകൻ സുധീപ് ഇളമണും, പല സമയങ്ങളിൽ പല സന്ദർഭങ്ങളിൽ നടക്കുന്ന കഥയെ പ്രേക്ഷകന് സംശയമേതും കൂടാതെ ത്രില്ലോടെ ഇരുന്ന് കാണാൻ പാകത്തിൽ ചടുലമായ വേഗത്തിൽ കൂട്ടി ചേർത്തു വെച്ച എഡിറ്റർ ശ്രീജിത്ത് സാരംഗും, കാണുന്ന ഏതൊരാളിലും ഒരു ചെറിയ സീനിൽ പോലും അങ്ങറ്റം കോരിത്തരിപ്പുണ്ടാക്കും വിധം ഫീൽ വരുത്താൻ സഹായിച്ച പശ്ചാത്തല സംഗീതവും, ഗംഭീര ഗാനങ്ങളും ഒരുക്കിയ സംഗീത സംവിധായകൻ ജേക്ക്സ് ബിജോയിയും തുടങ്ങി ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച ഓരോരുത്തരും തങ്ങളുടെ മികവുകൾ പുറത്തെടുത്തപ്പോൾ ജന ഗണ മന ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആയി മാറി.
അരങ്ങിലേക്ക് വന്നാലും അവിടെ മേല്പറഞ്ഞതിലും മുകളിലുള്ള മത്സരമാണ് അഭിനേതാക്കൾ തമ്മിൽ.
ആദ്യ പകുതിയിൽ DSP സജ്ജൻ കുമാർ എന്ന കഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് സിനിമയെ ഒന്നടങ്കം വിഴുങ്ങുന്ന കാഴ്ച്ചയാണ് കാണാനായത്. മറ്റുള്ള അഭിനേതാക്കൾ കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടും സുരാജിന്റെ പെർഫോമൻസ് വജ്രശോഭയോടെ തെളിഞ്ഞു നിൽക്കുന്നതായിരുന്നു. ഒന്നൂടെ വ്യക്തമാക്കിയാൽ ഒരു ക്ലാസ്സ് പെർഫോമൻസ്. വല്ലാത്തൊരു അഭിനേതാവ് ആണ് സുരാജ്.
ഒന്നാം പകുതി സുരാജ് വിഴുങ്ങിയപ്പോൾ രണ്ടാം പകുതി പൃഥ്വിരാജിന്റെ ഊഴമായിരുന്നു. അരവിന്ദ് സ്വാമിനാഥൻ എന്ന വക്കീൽ കഥാപാത്രമായി പൃഥ്വിരാജ് സുകുമാരന്റെ ഒരു അഴിഞ്ഞാട്ടമായിരുന്നു രണ്ടാം പകുതി. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ സർവ്വരേയും പിന്നിലാക്കി അദ്ദേഹം ബഹുദൂരം മുൻപിൽ ഓടുകയാണ് രണ്ടാം പകുതിയിൽ. കഴിഞ്ഞ കുറച്ച് കാലങ്ങളായി പൃഥ്വിരാജ് സുകുമാരൻ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ടിട്ടുള്ളത് അദ്ദേഹത്തിന്റെ അഭിനയത്തിന്റെ പേരിലാണ്. അമിത നാടകീയത, ഡയലോഗ് ഡെലിവറിയിലെ അപാകതകൾ തുടങ്ങി അദ്ദേഹം നിരന്തരം വിമർശിക്കപ്പെട്ടുകൊണ്ടിരുന്നു. പക്ഷേ ഇടയ്ക്ക് ഒക്കെ അദ്ദേഹം അത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്നും പുറത്ത് വന്നിട്ടുമുണ്ടായിരുന്നു. സച്ചിയും, അഞ്ജലി മേനോനുമടക്കമുള്ളവർ അദ്ദേഹത്തെ മേല്പറഞ്ഞ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ അവതരിപ്പിച്ചവരാണ്. ആ കൂട്ടത്തിലേക്ക് ചേർക്കാവുന്ന ഒരാളാണ് ഡിജോ ജോസ് ആന്റണിയും. ജന ഗണ മനയിൽ പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി അത്രമേൽ ഗംഭീരമായിരുന്നു തനിക്ക് കിട്ടിയ കഥാപാത്രത്തെ, ചിത്രത്തിന്റെ നെടുംതൂണുകളിൽ ഒന്നായ കഥാപാത്രത്തെ പൃഥ്വിരാജ് അവിസ്മരണീയമാക്കിയിട്ടുണ്ട്. ഓരോ വാക്കുകൾക്കുമുള്ള സ്ഫുടതയും, ഓരോ സംഭാഷണങ്ങൾക്കും കൊടുത്ത ഫീലുമൊക്കെ അത്രയേറെ മികച്ചു നിന്നിട്ടുണ്ട്. എന്തൊരു ഗാംഭീര്യമായിരുന്നു കോടതി രംഗങ്ങൾക്കെല്ലാം. പൃഥ്വിരാജിന്റെ സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ജന ഗണ മനയിലേത്.
ഇംഗ്ലീഷും മലയാളവും സ്ഫുടതയോടെ ഘന ഗാംഭീര്യത്തോടെ മലയാള സിനിമയിൽ മമ്മൂട്ടിയും സുരേഷ് ഗോപിയുമൊക്കെയാണ് ഇത്ര ഗംഭീരമായി പറഞ്ഞു കേട്ടിട്ടുള്ളത്. ഇംഗ്ലീഷ് ഡയലോഗുകളുടെ കാര്യത്തിൽ അവരേക്കാൾ ഒരുപടി മുകളിലാണ് പൃഥ്വിരാജ്. പ്രകടനത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്കുള്ള ഒരു മറുപടി തന്നെയാണ് പൃഥ്വിരാജിന്റെ ചിത്രത്തിലെ പ്രകടനം.
പൃഥ്വിരാജിനും സുരാജിനും ശേഷം ചിത്രത്തിൽ ഏറ്റവും പ്രിയപ്പെട്ട പ്രകടനം വിൻസി അലോഷ്യസിന്റേതാണ്. ആദ്യ ഡയലോഗ് മുതൽ വല്ലാത്തൊരു തരം ഫീലാണ് വിൻസിയുടെ ഗൗരി എന്ന കഥാപാത്രം തന്നുകൊണ്ടിരുന്നത്. പൃഥ്വിരാജും, സുരാജും പല രംഗങ്ങളിലും തന്ന രോമാഞ്ചം വിൻസിയുടെ പ്രകടനത്തിനും തരാൻ സാധിച്ചിട്ടുണ്ട്. ഗംഭീര പെർഫോമൻസ് ആയിരുന്നു വിൻസി.
ഷമ്മി തിലകനും, ധന്യ അനന്യയും,ജി.എം സുന്ദറും,മംമ്തയും,ശാരിയുമെല്ലാം പ്രകടനം കൊണ്ട് മികച്ചു നിന്നവരാണ്. ഒപ്പം ധ്രുവൻ, ഹരികൃഷ്ണൻ, വൈഷ്ണവി, മിഥുൻ, Etc. തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്.
ഡിജോ ജോസ് ആന്റണി പ്രേക്ഷകരുടെ പൾസ് അറിയുന്നൊരു സംവിധായകനാണ്. പ്രേക്ഷകൻ എവിടെ കൈയ്യടിക്കുമെന്നും എവിടെ കൂവുമെന്നും അദ്ദേഹത്തിന് നന്നായിട്ട് അറിയാം. അത് ഒരു സംവിധായകന്റെ വിജയമാണ്. പ്രേക്ഷകന്റെ വാക്കുകൾക്ക് അദ്ദേഹം എത്രത്തോളം വില കൽപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം എത്രത്തോളം അപ്ഡേറ്റഡ് ആണ് എന്നും പൃഥ്വിരാജിന്റെ കാര്യം എടുത്താൽ തന്നെ മനസ്സിലാകും. പ്രേക്ഷകർ പൃഥ്വിരാജിനെ എങ്ങനെയാണ് കാണാൻ ആഗ്രഹിക്കുന്നത് എന്നും എന്തൊക്കെ മാറ്റങ്ങളാണ് പൃഥ്വിരാജിൽ നിന്നും അവർ ആഗ്രഹിക്കുന്നത് എന്നും ഡിജോയ്ക്ക് നന്നായിട്ട് അറിയാം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പൃഥ്വിരാജിന്റെ ഡയലോഗ് ഡെലിവറി. ഡിജോ പ്രേക്ഷകരിലൊരാളായി ചിന്തിച്ച് പ്രവർത്തിക്കുന്ന ഒരാളാണ്. ക്വീനിൽ നിന്നും ജന ഗണ മനയിലേക്ക് എത്തുമ്പോൾ ഡിജോ എന്ന സംവിധായകൻ ഒരുപാട് വളർന്നിട്ടുണ്ട്. ചിത്രത്തിലെ പല രംഗങ്ങൾക്കും ഒരു ബ്രഹ്മാണ്ഡത അവകാശപ്പെടാൻ സാധിക്കുന്നത് അദ്ദേഹത്തിന്റെ സംവിധാന മികവ് കൊണ്ടാണ്.
ഇത്തരമൊരു വിഷയം സിനിമയാക്കാൻ ധൈര്യം കാണിച്ച ഷാരിസിനും ഡിജോയ്ക്കും പൃഥ്വിരാജിനുമൊപ്പം അഭിനന്ദനങ്ങൾ അർഹിക്കുന്നവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ സുപ്രിയ പൃഥ്വിരാജും, ലിസ്റ്റിൻ സ്റ്റീഫനും. ഒരുപാട് പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് മികച്ചൊരു സിനിമയൊരുക്കാൻ എടുത്ത എഫേർട്ടിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
കോടതി രംഗങ്ങളിലെ നാടകീയതയും ലോജിക്ക് പ്രശ്നങ്ങളും ചർച്ച ചെയ്യുന്ന ഒരുപാട് ആളുകളെ കണ്ടു. അവരുടെ അഭിപ്രായങ്ങളെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ..... ഇത്തരം വിഷയങ്ങൾ സിനിമയാക്കുമ്പോൾ അത് ഉദ്ദേശിച്ച തീവ്രതയോടെ പ്രേക്ഷകനിൽ എത്തിക്കണേൽ അല്പം നടകീയതയൊക്കെ വേണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. തികച്ചും റിയലസ്റ്റിക്ക് ആയി അത്തരം രംഗങ്ങൾ എടുത്താൽ കൂടുതൽ ആളുകളിൽ പ്രത്യേകിച്ച് സാധാരണക്കാരനിൽ എത്താതെ വളരെ കുറച്ച് കാഴ്ചക്കാരെ മാത്രം ലഭിക്കുന്ന ഒന്നായി തിയ്യേറ്റർ വിടേണ്ടി വരും അത്തരം സിനിമകൾക്ക്. അങ്ങനെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിൽ ഉണ്ടല്ലോ. സിനിമയെ വലിയൊരു വിഭാഗം പ്രേക്ഷകർ ഒരു വിനോദോപാദിയായി മാത്രമാണ് കാണുന്നത് എന്നാൽ ഇത്തരം വിഷയങ്ങൾ അതിന്റെ ഏറ്റവും ഗൗരവത്തോടെ ഏറ്റവും കൂടുതൽ ആളുകളിൽ എത്തിക്കാൻ സിനിമയ്ക്ക് മാത്രമേ കഴിയുകയുമുള്ളൂ. അപ്പൊ വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് ഇത്തരം ചിത്രങ്ങൾ എന്താണോ ഉദ്ദേശിക്കുന്നത് അത് തീവ്രത ചോരാതെ അതോടൊപ്പം പ്രേക്ഷകന് മുഷിപ്പ് ഇല്ലാത്ത തരത്തിൽ അവതരിപ്പിക്കണേൽ അത് അല്പം എന്റർടൈനിങ് ആയിട്ടായിരിക്കണം അല്ലാതെ ഓഫ്ബീറ്റ് ചിത്രമായോ, പക്കാ റിയലസ്റ്റിക്ക് ചിത്രമായോ എടുത്താൽ ഈ പറഞ്ഞവരിലേക്ക് അത് എത്തണം എന്നില്ല. ഇത്തരം വിഷയങ്ങളൊക്കെ കഴിവതും എല്ലാവരിലും എത്തുകയാണ് വേണ്ടത്. അതിന് മേല്പറഞ്ഞ ചേരുവകൾ അത്യാവശ്യമാണ്. പറഞ്ഞു വന്നത് ജന ഗണ മനയിലെ അത്തരം രംഗങ്ങൾ തന്നെയാണ് അതിന്റെ ശക്തി എന്നതാണ്.
എന്നെ സംബന്ധിച്ച് ജന ഗണ മന ഒരു അതിഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്. മനസ്സറിഞ്ഞു കൈയ്യടിച്ച്, ത്രില്ലടിച്ച് രോമാഞ്ചത്തോടെ കണ്ട ഒരു ദൃശ്യാനുഭവം. ഒപ്പം ഞാനുൾപ്പടെയുള്ളവരുടെ ഒരു ശബ്ദമായാണ് ജന ഗണ മനയെ ഞാൻ നോക്കി കാണുന്നത്. ജന ഗണ മന എന്നെ സംബന്ധിച്ച് പല കാര്യങ്ങളിലും ഒരു പാഠം തന്നെയാണ് എവിടെ എങ്ങനെ എപ്പോ പ്രതികരിക്കണം എന്നുള്ളതിന്റെയൊക്കെ ഒരു പാഠം. ചിത്രം കണ്ട് ഒരാൾക്കെങ്കിൽ ഒരാൾക്ക് മാറ്റം വന്നാൽ അല്ലേൽ അങ്ങനെ ഒരു ചിന്ത ഉടലെടുത്താൽ അത് ജന ഗണ മന ടീമിന്റെ വിജയമാണ്.
ജന ഗണ മന എല്ലാം തികഞ്ഞൊരു സിനിമ എന്ന അവകാശ വാദമൊന്നുമില്ല പക്ഷേ ഏറെ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് തങ്ങളുടെ ബെസ്റ്റ് തന്നെ പുറത്തെടുത്തു കൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാർ രാപ്പകലില്ലാതെ അധ്വാനിച്ചപ്പോൾ ലഭിച്ചത് ഒരു മികച്ച സിനിമയാണ്. ശക്തമായ രചനയും അതിനെ വെല്ലുന്ന മേക്കിങ്ങും അവയോട് കിടപിടിക്കുന്ന ഛായാഗ്രഹണവും, എഡിറ്റിങ്ങും അതിന് മുകളിൽ നിൽക്കുന്ന സംഗീതവും അവയോട് മത്സരിക്കുന്ന അഭിനേതാക്കളുടെ മത്സരവുമാണ് ജന ഗണ മനയുടെ ഭംഗി.
ജന ഗണ മന ഇന്നിന്റെ സിനിമയാണ് , സാധാരണക്കാരന്റെ ശബ്ദം.
അക്ഷമനായി കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിന് വേണ്ടി.
ഹൃദയം നിറഞ്ഞ നന്ദി ടീം ജന ഗണ മന..... ഇത്തരമൊരു അനുഭവം ഒരുക്കി തന്നതിന്. ❤️🙏🏻
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ജന ഗണ മന
Reviewed by
on
04:21
Rating:

No comments: