ഹൃദയം
"ഹൃദയം" കൊണ്ട് ഒരുക്കിയ സിനിമ
പണ്ട് ശ്രീകുമാരൻ തമ്പി സർ രചിച്ച ഒരു ഗാനത്തിലെ ആദ്യ വരികൾ കടം കൊണ്ടാൽ "ഹൃദയം കൊണ്ടെഴുതുന്ന കവിത.... പ്രണയാമൃതം അതിൻ ഭാഷ" എന്ന വരികളോട് ആണ് ഹൃദയം എന്ന ചിത്രത്തെ ചേർത്ത് നിർത്താൻ തോന്നുന്നത്. വിനീത് ശ്രീനിവാസൻ ഹൃദയം കൊണ്ട് രചിച്ച ഒരു സിനിമ. കൂടെ കൂടിയവർ എല്ലാം ഹൃദയം കൊണ്ട് ചെയ്തൊരു ചിത്രം. അത്രമേൽ ഹൃദം ഈ ഹൃദയം.
ഹൃദയം വല്ലാത്തൊരു തരം തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്.... അരുൺ നീലകണ്ഠന്റെ ജീവിതം വലിയ സ്‌ക്രീനിൽ തെളിയുന്നത് മുതൽ അവസാനിക്കുന്നത് വരെ മാത്രമല്ല അതിന് ശേഷവും പ്രേക്ഷക ഹൃദയങ്ങളിൽ ആ ജീവിതം ഒരു കൂട് കൂട്ടി കൂടെ കൂടുകയാണ്.
ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിന് ഒരു തുടക്കവും ഒരു അവസാനവും ഇല്ല എന്നതാണ്. ഇന്ന സ്ഥലത്ത് നിന്ന് കാണിച്ച് മറ്റൊരു സ്ഥലത്ത് പര്യവസാനിക്കുന്നൊരു രീതിയല്ല ഹൃദയത്തിന്റേത്, ഒരു കലാലയ ജീവിതത്തിലോട്ട് അരുൺ ചെന്ന് കയറുന്നത് മുതൽ ആണ് ചിത്രത്തിന്റെ തുടക്കം എന്നാൽ അവിടന്ന് മുതലുള്ള അയാളുടെ ജീവിതമല്ല ചിത്രം പറഞ്ഞു പോരുന്നത് അയാളിലെ ബാല്യം മുതൽ പറയാതെ നമ്മളിലേക്ക് എത്തിക്കുന്നൊരു തരം മാജിക്ക് അവിടെ വിനീത് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. ഒന്നൂടെ വ്യക്തമാക്കി പറഞ്ഞാൽ ഒരാളുടെ ലൈവ് ആയിട്ടുള്ള ലൈഫ് തന്നെയാണ് സിനിമ പറയുന്നത് അതിന് ഒരു കർട്ടൻ വീഴുന്നില്ല അത് ഇങ്ങനെ ഒരു യാത്രയായി തുടർന്നു പോകുകയാണ്. കലാലയ ജീവിതത്തെ മിസ്സ് ചെയ്യുന്നവർക്ക് വലിയൊരു ട്രീറ്റ് ആണ് അല്ലേൽ അവരിൽ ഗൃഹാതുരത്വം ഉണർത്തുന്ന വല്ലാത്തൊരു അനുഭവമാണ് ചിത്രം. യുവത്വത്തിന് ഏറെ റിലേറ്റ് ചെയ്യാൻ പറ്റുന്ന ആഘോഷമാക്കാൻ പറ്റുന്ന ഒരുപാട് മുഹൂർത്തങ്ങളാൽ സമ്പന്നമാണ് ഹൃദയം. യുവത്വത്തിന് മാത്രമല്ല ഏതൊരു പ്രായത്തിലുള്ളവർക്കും ഏറെ ആസ്വദിച്ച് കണ്ടിരിക്കാൻ പറ്റുന്നൊരു അനുഭവം. പലർക്കും പലരുടേം ജീവിതം കാണാം.
വിനീത് ശ്രീനിവാസൻ സിനിമ എന്ന് പറയുമ്പോൾ നന്മ മാത്രം വിതറുന്ന സിനിമകൾ എന്ന് പറഞ്ഞു മാറ്റി നിർത്തുന്ന ഒരു ഏർപ്പാട് ഉണ്ട് ഇവിടെ പക്ഷേ കഥാപാത്രങ്ങളിലെ പോസിറ്റീവ്, നെഗറ്റീവ് ഷേഡുകൾ വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട് മേല്പറഞ്ഞത് പോലെ സിനിമാറ്റിക്ക് അല്ലാത്ത തരത്തിൽ കുറേ വ്യക്തികളുടെ ജീവിതം വരച്ചു കാണിക്കുന്നുണ്ട് അരുൺ, നിത്യ, ദർശന തുടങ്ങിയ പ്രധാന കഥാപാത്രങ്ങളുടെ രണ്ട് വശങ്ങളും സിനിമയിൽ തുറന്ന് വെച്ചിട്ടുണ്ട്. ഏതൊരു വ്യക്തിയിലും എന്തേലുമൊക്കെ നെഗറ്റീവ് ആയിട്ടുള്ള സ്വഭാവങ്ങൾ ഉണ്ടായിരിക്കും എല്ലാരും അത്രയ്ക്ക് പെർഫെക്ട് ഒന്നും ആവില്ലല്ലോ.... അത് വിനീത് നന്നായി വരച്ചു കാണിച്ചിട്ടുണ്ട്.
ഏറെ ഫീലോടെ കണ്ടിരിക്കാവുന്ന ആദ്യ പകുതിയും അല്പം നർമ്മവും മറ്റും ചാലിച്ച് കുറേക്കൂടെ ലളിതമായ രീതിയിൽ കഥ പറഞ്ഞ രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത്.
Vineeth Sreenivasan എന്ന എഴുത്തുകാരനിലേക്ക് വന്നാൽ മലർവാടിയും, തട്ടവും എല്ലാം വിട്ട് അദ്ദേഹം ഒരുപാട് ഒരുപാട് ദൂരം മുൻപോട്ട് സഞ്ചരിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ എന്ന വ്യക്തിയിൽ കൂടി വന്ന പക്വതയുടെ വലിയൊരു ഉദാഹരണമാണ് ഹൃദയത്തിന്റെ രചന. തന്റെ രാഷ്ട്രീയമുൾപ്പടെ ഒരുപാട് കാര്യങ്ങൾ വളരെ മനോഹരമായി അദ്ദേഹം ഹൃദയത്തിലൂടെ പറഞ്ഞു പോകുന്നുണ്ട്. കൈവരിച്ച പക്വത എഴുത്തിലേയ്ക്ക് കൂടെ സമന്വയിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് വലിയൊരു കാര്യമാണ്. മറ്റുള്ള വിനീത് ശ്രീനിവാസൻ സിനിമകളെ വെച്ച് നോക്കുമ്പോൾ ഹൃദയം ഒരു ബോൾഡ് ആയ ചിത്രമാണ്. അതിമനോഹരമായി തന്നെ അദ്ദേഹം തന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥ പേപ്പറിലേക്ക് പകർത്തിയിട്ടുണ്ട്. ഏറെ സൂക്ഷ്മമായി നിരീക്ഷിച്ച് സമയമെടുത്ത് പഠിച്ച് എഴുതിയതിന്റെ ഒരു വലിയ ക്വാളിറ്റിയുണ്ട് ഹൃദയത്തിന്റെ രചനയ്ക്ക്.
Vineeth Sreenivasan എന്ന സംവിധായകനിലേക്ക് വന്നാലും ഒരുപാട് മാറ്റങ്ങൾ അദ്ദേഹത്തിന് സംഭവിച്ചിട്ടുണ്ട്. ജേക്കബിന്റെ സ്വർഗ്ഗരാജ്യം ഒരുക്കിയ വിനീതിൽ നിന്നും ഒരുപാട് മാറിയിട്ടുണ്ട് ഹൃദയം ഒരുക്കിയ വിനീത്. ഇവിടെ കുറേക്കൂടെ ധീരനായ സംവിധായകനെ നമുക്ക് കാണാം. വലിയൊരു ക്യാൻവാസിൽ ഒരുക്കിയ ഹൃദയത്തിന്റെ ഓരോ മേഖലയിലും സംവിധായകന്റെ കൈയ്യൊപ്പ് വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇത്തരമൊരു ജോണറിലുള്ള സിനിമ മൂന്ന് മണിക്കൂറിനടുത്ത് ഒരിടത്ത് പോലും മുഷിപ്പ് തോന്നാത്ത തരത്തിൽ എടുത്ത് വെച്ചത്. മറ്റൊന്ന് പതിനഞ്ച് പാട്ടുകളുള്ള സിനിമയാണ് ഹൃദയം..... നാല് ഗാനങ്ങൾ സിനിമയിൽ വന്നാൽ തന്നെ പലപ്പോഴും അരോചകമായി തോന്നാറുണ്ട് അല്ലേൽ വേണ്ടാത്ത സ്ഥലങ്ങളിൽ ഒക്കെ പ്ലേസ് ചെയ്ത് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കാറുണ്ട് പലരും, അവിടെയാണ് വിനീത് ഒരു അത്ഭുതമായി മാറുന്നത്. പതിനഞ്ച് പാട്ടുകൾ ഓരോ സ്ഥലങ്ങളിലും അദ്ദേഹം വ്യക്തമായി പ്ലേസ് ചെയ്തിട്ടുണ്ട്. പ്രേക്ഷകന് മുഷിപ്പ് ആവുന്നില്ല എന്ന് മാത്രമല്ല ഏറെ ഹൃദ്യവുമാക്കി ആ ഭാഗ്ങ്ങളെ മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും ഒരു കൈയ്യടക്കമുള്ള സംവിധാനം കാണാനാകും. വിനീത് ശ്രീനിവാസൻ എല്ലാ അർത്ഥത്തിലും ഒരുപാട് ഒരുപാട് വളർന്നു എന്ന് നിസ്സംശയം പറയാം. എന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് സിനിമയാണ് ഹൃദയം.
ഇനി ഹൃദയത്തിന്റെ ആത്മാവിനെക്കുറിച്ച് സംസാരിക്കാം..... Hesham Abdul Wahab അല്ലാതെ മാറ്റാരാണ് ആ വിശേഷണത്തിന് അർഹൻ. പതിനഞ്ച് പാട്ടുകൾ..... എല്ലാം ഒന്നിനൊന്ന് മെച്ചമുള്ളവ. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു പ്രത്യേകത അദ്ദേഹം ഒരുക്കിയ ഗാനങ്ങൾക്കുണ്ട്. ഹൃദയത്തിലെ വിനീതിന്റെ ഏറ്റവും മികച്ച തീരുമാനമാണ് ഹിഷാം. എത്ര കേട്ടാലും മടുപ്പ് തോന്നാത്ത ഒരു ഡസനോളം ഗാനങ്ങൾക്ക് ഒപ്പം സിനിമയിലേക്ക് പ്രേക്ഷകനെ അലിയിച്ച് ചേർക്കുന്ന പശ്ചാത്തല സംഗീതവും ഹിഷാം ഒരുക്കി വെച്ചിട്ടുണ്ട്. ഈയടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ആൽബം തന്നെയാണ് ഹൃദയത്തിലേത്. അതിമനോഹരമായാണ് അദ്ദേഹം ഹൃദയത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഓരോ ഗാനങ്ങളും ഇപ്പോഴും കാതുകളിൽ ഇങ്ങനെ മുഴങ്ങിക്കൊണ്ടിരിക്കുന്നു.
Viswajith Odukkathil എന്ന ഒരു പുതിയ ഛായാഗ്രാഹകനെക്കൂടെ വിനീത് ഹൃദയത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയിട്ടുണ്ട്. ആദ്യ സിനിമ തന്നെ അദ്ദേഹം അതിഗംഭീരമാക്കിയിട്ടുമുണ്ട്. അല്ലേലും ഈ കാര്യങ്ങളിൽ ഒന്നും വിനീതിന് പിഴക്കാറില്ലല്ലോ. വിശ്വജിത്തിന്റെ അതിമനോഹര ഫ്രേമുകളും ചിത്രത്തിന്റെ മനോഹാരിത ഒരുപാട് വർധിപ്പിച്ചു.
Ranjan Abraham എന്ന പരിചയ സമ്പന്നനായ എഡിറ്ററുടെ എക്സ്പീരിയൻസ് ചിത്രത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂറിനടുത്ത് ദൈർഘ്യമുള്ള ചിത്രത്തെ അദ്ദേഹം അത്രമേൽ മികവോടെ ചേർത്ത് വെച്ചിട്ടുണ്ട്.
അഭിനേതാക്കളിലേക്ക് കടന്നാൽ Pranav Mohanlal ൽ നിന്ന് തന്നെ തുടങ്ങാം. മോഹൻലാലിന്റെ മകൻ ആയത് കൊണ്ട് മാത്രം അമിതപ്രതീക്ഷകൾ വെച്ച് പുലർത്തി അച്ഛനെ മകനിൽ പ്രതീക്ഷിച്ച് നിരാശരായവരും മുൻ സിനിമകളിലെ പ്രകടനത്തിന്റെ പേരിൽ ഒരുപാട് വിമർശിച്ചവരും എന്തിന് എഴുതി തള്ളിയവർ വരെ ഒരുപാട് ഉണ്ടായിരുന്നു അവർക്കുള്ള ഒരു മധുരമുള്ള മറുപടിയാണ് ഹൃദയത്തിലെ പ്രണവിന്റെ പെർഫോമൻസ്. മഴയത്ത് അരുൺ എന്ന കഥാപാത്രം ഓടി കയറുന്നത് ട്രെയിനിലേക്ക് മാത്രമല്ല പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കൂടെയാണ്. ഉപയോഗിക്കാൻ അറിയുന്നവരുടെ കൈയ്യിൽ കിട്ടിയാൽ അദ്ദേഹത്തിൽ നിന്നും അത്ഭുതങ്ങൾ കാണാനാകും എന്നതിന്റെ ചെറിയൊരു സൂചന അദ്ദേഹം ഈയിടെ തന്നിരുന്നു. അതിനെ ഊട്ടിയുറപ്പിക്കുകയാണ് ഹൃദയം. ചിത്രത്തിൽ ആദ്യാവസാനം പ്രണവിന്റെ ഷോ തന്നെയാണ്. അരുൺ നീലകണ്ഠൻ എന്ന നായക കഥാപാത്രത്തെ അദ്ദേഹം അത്രമേൽ ഗംഭീരമായി അതിലേറെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിനയമികവ് മകനിൽ വേണമെന്ന് വാശി പിടിക്കുന്നത് വലിയ മണ്ടത്തരമാണ് ഓരോരുത്തർക്കും ഓരോ ശൈലിയാണല്ലോ.... മോഹൻലാൽ എന്ന പേര് പ്രണവിന് ഒരു ഭാരമായിരുന്നു അത് ഹൃദയത്തോടെ അദ്ദേഹം മാറ്റി വെച്ചിട്ടുണ്ട്. മോഹൻലാലിന്റെ മകൻ എന്നതിൽ നിന്നും ആക്ടർ പ്രണവ് എന്നതിലേക്ക് അയാൾ ഉയർന്നിട്ടുണ്ട്. മോഹൻലാലിൽ നിന്നും അതേപടി കിട്ടിയ ഒരു ഗുണം പക്ഷേ പ്രണവിന് ഉണ്ട് ഗുണം എന്നല്ല അതിനെ എന്ത് പേരിട്ട് വിളിക്കണം എന്ന് അറിയില്ല അത് അയാളുടെ പുഞ്ചിരിയാണ്. മോഹൻലാലിന്റെ പുഞ്ചിരിയാണ് കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായി തോന്നിയിട്ടുള്ളത് അത് അതേപടി പ്രണവിന് ലഭിച്ചിട്ടുണ്ട്. ഹൃദയം മുഴുവൻ ആ പുഞ്ചിരി നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിലും ക്ലൈമാക്സ് സീനിനോട് അടുക്കുമ്പോൾ നടക്കുന്ന ഒരു ഫങ്ക്ഷനിലാണ് അത് ഏറ്റവും മനോഹരമായി കാണപ്പെട്ടത്. എന്തായാലും പ്രണവ് എന്നൊരു അഭിനേതാവിന്റെ ഉദയം കൂടെയാണ് ഹൃദയം.
Kalyani Priyadarshan അവതരിപ്പിച്ച നിത്യ ഏറെ മനോഹരമായിരുന്നു. തമാശ രംഗങ്ങളിലെ അവരുടെ പ്രകടനവും പ്രത്യേകിച്ച് ഏറെ കുട്ടിത്തം നിറഞ്ഞ പ്രകടനംവും ഒപ്പം പ്രണവുമായിട്ടുള്ള അസാധ്യ കെമിസ്ട്രിയും എടുത്ത് പറയേണ്ടതാണ്. വല്ലാത്തൊരു തരം പോസിറ്റീവ് എനർജി പകർന്നു നൽകുന്ന ഒരു പെർഫോമൻസ് ആയിരുന്നു കല്ല്യാണിയുടേത്.
Darshana Rajendran ലേക്ക് വന്നാൽ ഇതുവരെ അവര് ചെയ്തിട്ടുള്ളതിൽ നിന്നും അല്പം വ്യത്യസ്ഥമായ വേഷമായിരുന്നു ഹൃദയത്തിലെ ദർശന. അരുണിന്റെ കഥാപാത്രം പോലെ തന്നെ ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് ദർശനയുടേത്. ചിത്രത്തിലെ ആദ്യ പകുതി ഏറെ ഫീലോടെ കണ്ടിരിക്കാൻ പറ്റിയതിൽ ദർശനയുടെ പ്രകടനമികവും ഒരു കാരണമാണ്. ഒരുപാട് പെർഫോം ചെയ്യാൻ സ്കോപ്പ് ഉള്ള റോൾ ആണ് ദർശനയുടേത് അത് അതിമനോഹരമായി തന്നെ അവര് ചെയ്തിട്ടുമുണ്ട്. പ്രണവ് ആയിട്ടുള്ള കെമിസ്ട്രിയും നന്നായിട്ട് വർക്ക്ഔട്ട് ആയിട്ടുണ്ട്.
Aswath Lal അവതരിപ്പിച്ച ആന്റണി താടിക്കാരൻ എന്ന കഥാപാത്രവും മികച്ചു നിന്ന ഒന്നാണ്. അരുൺ,ദർശന എന്നിവരെപ്പോലെ തന്നെ ഏകദേശം ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമാണ് അശ്വിത് അവതരിപ്പിച്ച ആന്റണി. തമാശ രംഗങ്ങൾ മാത്രമല്ല ഇമോഷണൽ രംഗങ്ങൾ അടക്കം അദ്ദേഹം അതിമനോഹരമായി ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്.
ഏറെ കാലത്തിന് ശേഷം തമാശ റോളിൽ Aju Varghese ന്റെ നല്ലൊരു പ്രകടനവും ഹൃദയത്തിലൂടെ കാണാനായി. ജിമ്മി എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. തിയ്യേറ്ററിൽ അത്യാവശ്യം ഇമ്പാക്ട് ഉണ്ടാക്കിയ ഒരു കഥാപാത്രമായിരുന്നു അജുവിന്റെ ജിമ്മി.
മനസ്സിനെ ഏറെ സ്പർശിച്ച ഒരു കഥാപാത്രമാണ് ശെൽവ. കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേതാവിനെ അറിയില്ല. അദ്ദേഹം അതിമനോഹരമായി തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒപ്പം കാളി എന്ന കഥാപാത്രമായെത്തിയ കക്ഷിയും മികച്ചു നിന്നിട്ടുണ്ട്. അന്നു ആന്റണിയുടെ മായ എന്ന കഥാപാത്രവും അവരുടെ പ്രകടനവും ഒരുപാട് ഇഷ്ടപ്പെട്ടു.
ആൻ സലീം, മേഘ തോമസ്,അരുൺ കുര്യൻ, ആദിത്യൻ ചന്ദ്രശേഖർ, മരിയ വിൻസെന്റ് തുടങ്ങിയ അനേകം താരങ്ങളുണ്ട് ചിത്രത്തിൽ. എല്ലാവരും ഓരോ രംഗങ്ങളിൽ ആണേൽപോലും ഏറെ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. ഒപ്പം വിജയരാഘവനും ജോണി ആന്റണിയും കൂടെ ചേർന്നപ്പോൾ ഹൃദയത്തിലെ അരങ് അണിയറയ്ക്ക് ഒപ്പം തന്നെ ഏറെ ഹൃദ്യമായി.
വളരെ കുറച്ച് സിനിമകൾ മാത്രമാണ് തിയ്യേറ്റർ വിട്ടാലും നമുക്ക് ഒപ്പം പോരാറുള്ളത്.... വീണ്ടും വീണ്ടും ആ ദൃശ്യാനുഭവത്തിന് സാക്ഷിയാവാൻ വളരെ വിരളമായി മാത്രം തോന്നുന്ന കാര്യമാണ്. എല്ലാ അർത്ഥത്തിലും മനസ്സിനെ കീഴ്പ്പെടുത്താനും സ്വാധീനിക്കാനും കുറച്ച് സിനിമകൾക്ക് മാത്രമേ പറ്റൂ അത്തരത്തിൽ ഒരു മാജിക്ക് ആണ് എന്നെ സംബന്ധിച്ച് ഹൃദയം. വിനീത് ഹൃദയം കൊണ്ടൊരുക്കിയ ഹൃദയം ഞാനെന്ന പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് അത്രത്തോളം ആഴത്തിൽ പതിഞ്ഞിട്ടുണ്ട്. അരുൺ നീലകണ്ഠനും, നിത്യയും, ദർശനയുമെല്ലാം അവിടെ ഒരു കൂട് കൂട്ടി താമസമാക്കിയിട്ടുണ്ട്.
ഹൃദയം ഒരു മാജിക്ക് ആണ് ഒരു വിനീത് ശ്രീനിവാസൻ മാജിക്ക്. അത് കണ്ട് തന്നെ അറിയണം ആസ്വാധനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്ന വല്ലാത്തൊരു തരം അനുഭൂതി പകർന്നു തരുന്ന ഒരുപാട് പോസിറ്റീവ് എനർജി പകർന്നു തരുന്ന.... ഗൃഹാതുരത്വം ഉണർത്തുന്ന.... പ്രണയ ജനിപ്പിക്കുന്ന ഒരു അതിമനോഹര ചലച്ചിത്ര കാവ്യമാണ് ഹൃദയം.
ഹൃദയം ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ് പ്രായഭേദമന്യേ ആസ്വദിക്കാവുന്ന ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ്.
ഒരുപാട് പേരുടെ ഉദയമായ സിനിമ.... ഇത്തരമൊരു അനുഭവമൊരുക്കാനും അത് ഏറെ മികവോടെ പ്രേക്ഷകരിൽ എത്തിക്കാനും ഒപ്പം നിന്ന Visakh Subramaniam ത്തിനും ഹൃദയമെന്ന മാജിക്ക് സമ്മാനിച്ച വിനീത് ശ്രീനിവാസനും ഹൃദയത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️🙏🏻
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
ഹൃദയം
Reviewed by
on
10:52
Rating:
No comments: