താങ്ക് യൂ ക്യാപ്റ്റൻ കോഹ്ലി
ഇപ്പൊ ഇന്ത്യയുടെ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് ഭരിക്കുന്നവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. സൗരവ് ഗാംഗുലി ബോർഡിന്റെ തലപ്പത്ത് വന്നപ്പോൾ ഒരുപാട് മാറ്റങ്ങൾ ഒക്കെ ഉണ്ടാവും എന്ന് വിചാരിച്ചിരുന്നു. ഗാംഗുലിയുടെ നേതൃപാടവത്തിന്റെ ആരാധകൻ എന്ന നിലയ്ക്ക് വലിയ പ്രതീക്ഷകൾ ആയിരുന്നു ആ കാര്യത്തിൽ. പക്ഷേ കാര്യങ്ങൾ എല്ലാം നേരെ വിപരീതമായാണ് സംഭവിക്കുന്നത്. ടീമിൽ പലരും തമ്മിൽ അസ്വാരസ്യമാണെന്ന വാർത്തകൾ പുറത്ത് വരുന്നതും പല തവണ കളിക്കാർ തന്നെ അതെല്ലാം ശക്തമായി നിഷേധിച്ച് വരുന്ന കാഴ്ച്ചകളുമെല്ലാം ബോർഡിൽ പുതിയ നേതൃത്വം വന്നതിന് ശേഷമാണ് സംഭവിക്കുന്നത്. ബോർഡിലെ ഒഫീഷ്യൽസ് തന്നെ അത്തരം കാര്യങ്ങൾ സ്ഥിരീകരിച്ചു എന്ന തരത്തിൽ പ്രധാന മാധ്യമങ്ങൾ അടക്കം വാർത്തകൾ കൊടുത്തു. പക്ഷേ കളിക്കാർ അത്തരം കാര്യങ്ങൾക്ക് എതിരെ ഒറ്റക്കെട്ടായി നിന്ന് ശക്തമായി നിരന്തരം പ്രതികരിച്ചു.
അവിടെ തീർന്നില്ല വിരാട് കോഹ്ലി ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സ്വയം പടിയിറങ്ങുന്നു എന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവന വന്നു. അത് കഴിഞ്ഞ് ഏറെ വൈകാതെ കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റി കൊണ്ടുള്ള ബോർഡിന്റെ പ്രസ്താവനയും വന്നു. ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനം ഒഴിയരുത് എന്ന് ബോർഡ് കോഹ്ലിയോട് നിർബന്ധിച്ചു പറഞ്ഞതാണ്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് രണ്ട് ക്യാപ്റ്റന്മാർ വേണ്ട ഒരാൾ മതി എന്നുള്ളത് കൊണ്ടാണ് ബോർഡ് ഇത്തരമൊരു തീരുമാനം എടുത്തത് കോഹ്ലിയോട് ഇത് നേരത്തെ പറഞ്ഞതാണ് അദ്ദേഹത്തിന് സമ്മതമായിരുന്നു. ട്വന്റി ട്വന്റി ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ പറഞ്ഞിട്ടും അദ്ദേഹം അനുസരിച്ചില്ല എന്ന രീതിയിൽ ബോർഡ് പ്രതികരിച്ചു. അവിടെ തുടങ്ങുന്നു ബോർഡും കോഹ്ലിയുമായിട്ടുള്ള പരസ്പര വിരുദ്ധ പ്രസ്താവനകൾ. ഈ കാര്യത്തിൽ കോഹ്ലിയുടെ പ്രതികരണം നേരെ വിപരീതമായിരുന്നു. തന്നെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കുന്നതിന് വെറും അരമണിക്കൂർ മുൻപാണ് താൻ ആ കാര്യം അറിഞ്ഞത് എന്നും ട്വന്റി ട്വന്റി ക്യാപ്റ്റൻ ആയി തുടരാൻ ആരും പറഞ്ഞില്ല തന്റെ തീരുമാനം അറിയിച്ചപ്പോൾ അവർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു എന്നുമൊക്കെ കോഹ്ലി പ്രതികരിച്ചു.
വൈറ്റ് ബോൾ ക്രിക്കറ്റിൽ കോഹ്ലി എന്ന ക്യാപ്റ്റനിൽ വ്യക്തിപരമായി വലിയ താല്പര്യം തോന്നിയിട്ടില്ല. രോഹിത് ശർമ്മയുടെ കടുത്ത ആരാധകൻ എന്ന നിലയ്ക്ക് അദ്ദേഹം ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് വന്നതിൽ അതിയായ സന്തോഷവും ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചത് ശരിക്കും ഷോക്ക് ആയിരുന്നു. ഏത് കണക്കുകൾ എടുത്താലും ഇന്ത്യയുടെ മികച്ച ടെസ്റ്റ് ക്യാപ്റ്റൻ തന്നെയാണ് കോഹ്ലി അത് അദ്ദേഹത്തിന്റെ വിരോധികൾ പോലും സമ്മതിക്കുന്ന കാര്യമാണ്. ഒരിക്കൽ പോലും അങ്ങനൊരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന് വിചാരിച്ചിരുന്നില്ല. ബോർഡ് ആയിട്ടുള്ള പ്രശ്നങ്ങൾ തന്നെയായിരിക്കും കാരണം എന്ന് ഏത് കൊച്ചു കുട്ടിക്കും ഊഹിക്കാവുന്നതാണ്.
ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ തന്നെ തകർക്കും വിധമാണ് ബോർഡിന്റെ ഇപ്പോഴത്തെ നിലപാടുകൾ. കാലങ്ങളായി ഫോം ഔട്ട് ആയി നിൽക്കുന്ന താരങ്ങൾക്ക് തുടരെ തുടരെ അവസരങ്ങൾ നൽകി കഴിവുള്ളവരെ ബെഞ്ചിൽ ഇരുത്തിക്കൊണ്ടുള്ള സമ്പ്രദായം മുതൽ ഐക്കൺ ആയിട്ടുള്ള കളിക്കാരനോട് കാണിക്കുന്ന അവഗണനയടക്കം അതിൽ പലതും പെടുന്നുണ്ട്.
ഇന്ത്യയുടെ ചരിത്രമെടുത്താൽ എല്ലാ കാലത്തും ഒരു സൂപ്പർ സ്റ്റാർ മെറ്റീരിയൽ ആയിരുന്നു ഇന്ത്യയുടെ നട്ടെല്ലും നാഥനും. അത് ഇല്ലാഞ്ഞപ്പോൾ എല്ലാം ഇന്ത്യ നാഥനില്ലാ കളരി പോലെ തകർന്നടിഞ്ഞിട്ടുമുണ്ട്. കപിൽ, അസർ, സച്ചിൻ, ധോണി, വിരാട് തുടങ്ങി രോഹിത് വരെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുൻപിലുണ്ട്. 2007 വേൾഡ് കപ്പിൽ ഒക്കെ ടീമിന്റെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞപ്പോൾ സംഭവിച്ചത് വലിയ അനുഭവമായി കണ്മുന്നിൽ ഉണ്ടല്ലോ.... പിന്നെ ക്രിക്കറ്റ് ഇന്ത്യാക്കാർക്ക് ഒരു ലഹരിക്കും അപ്പുറത്ത് ആയിരുന്ന കാലത്ത് പൊട്ടി പുറപ്പെട്ട കോഴ വിവാദവും അതിന് ശേഷം ആരാധകർ അകന്നു നിന്നതുമെല്ലാം കണ്മുന്നിൽ ഇപ്പോഴും തെളിഞ്ഞു നിൽക്കുന്ന കാര്യങ്ങൾ ആണല്ലോ അവിടെ നിന്ന് സച്ചിൻ എന്നൊരാളുടെ ചുമലിൽ ആയിരുന്നു ഇന്ത്യൻ ടീം. ക്രിക്കറ്റിനുമപ്പുറം ഒരു കളിക്കാരനെ സ്നേഹിച്ചു തുടങ്ങിയ ജനത അയാളിലൂടെയാണ് വീണ്ടും ക്രിക്കറ്റിനെ പ്രണയിച്ചു തുടങ്ങിയത് എന്ന് പറഞ്ഞാൽ പോലും അതിൽ തെറ്റുണ്ടാവില്ല. പിന്നീട് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത സൗരവ് ഗാംഗുലിയ്ക്ക് കീഴിൽ സച്ചിൻ എന്ന ഐക്കണ് ഒപ്പം രാഹുൽ ദ്രാവിഡ്, വി.വി. എസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ് തുടങ്ങിയ വന്മരങ്ങൾ അണി നിരന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വീണ്ടും ഉയർത്തി കൊണ്ട് വന്നതും ആളുകൾ വീണ്ടും ക്രിക്കറ്റിനോട് വല്ലാതെ അടുത്ത് തുടങ്ങിയതുമൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. 2007 കാലഘട്ടത്തിൽ ചാപ്പൽ കോച്ച് ആയി വന്ന് ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥ തകിടം മറിച്ച് 2007 വേൾഡ് കപ്പിൽ അടക്കം ആദ്യ റൗണ്ടിൽ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചപ്പോൾ സീനിയർ താരങ്ങൾ എല്ലാം അകന്ന് നിന്നിടത്ത് നിന്ന് ഒരു പരിശീലകൻ പോലും ഇല്ലാതെ കുറച്ച് യുവതാരങ്ങളേയും കൊണ്ട് കുട്ടി ക്രിക്കറ്റ് എന്ന പരിചിതമല്ലാത്ത ഫോർമാറ്റ് കളിക്കാൻ പുതിയ ക്യാപ്റ്റൻ റാഞ്ചിക്കാരൻ ചെറുപ്പക്കാരൻ പോയത് മുതൽ വീണ്ടും ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറുകയായിരുന്നു. മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്റ്റന് കീഴിൽ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം മുതൽ 2011 വേൾഡ് കപ്പും ചാമ്പ്യൻസ് ട്രോഫിയുമടക്കം പല നേട്ടങ്ങളും ഇന്ത്യ സ്വന്തമാക്കി, ലോകത്തിലെ ഒന്നാം നമ്പർ ടീമിലേക്ക് ഉയർന്നു. സച്ചിനും,ഗാംഗുലിയും,ദ്രാവിഡും,സെവാഗുമെല്ലാം പടിയിറങ്ങുമ്പോൾ ഇന്ത്യ നാഥനില്ലാ കളരി ആയിരുന്നില്ല. സുരക്ഷിതമായ കൈകളിൽ ആയിരുന്നു ആ ടീം. പിന്നീട് ധോണി പടിയിറങ്ങുന്നതിന് മുൻപ് വിരാട് കോഹ്ലിയെന്ന പുത്തൻ സൂപ്പർ സ്റ്റാർ അവിടെ ഉദയം കൊണ്ടിരുന്നു. അയാളുടെ കണ്ടു പിടുത്തം തന്നെയായിരുന്നു മറ്റൊരു സൂപ്പർ സ്റ്റാർ മെറ്റീരിയൽ ആയ ഇപ്പോഴത്തെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്യാപ്റ്റൻ രോഹിത് ശർമ്മയും. ധോണി പിൻവാങ്ങുമ്പോഴും രണ്ട് കളിക്കാർ ഇന്ത്യയുടെ നട്ടെല്ല് ആയി മാറിയിരുന്നു. ഇന്ത്യയുടെ ഐക്കൺസ് ആയി മാറിയിരുന്നു. ധോണിയുടെ പിന്മാറ്റവും ഒരു നാഥനില്ലാ കളരി ആക്കിയിട്ടായിരുന്നില്ല മറ്റു രണ്ട് സുരക്ഷിത കരങ്ങളിൽ ടീമിനെ എത്തിച്ചതിന് ശേഷമായിരുന്നു അയാളുടെ പടിയിറക്കം.
ഇപ്പോഴത്തെ അവസ്ഥയിലേക്ക് വന്നാൽ ടീമിന്റെ നെടുംതൂൺ അല്ലേൽ നട്ടെല്ല് ആയ ഒരു കളിക്കാരനെയാണ് അയാളുടെ പീക്ക് ടൈമിൽ മാനസികമായി തളർത്തുന്നത് അത് ടീമിനെ നന്നായി ബാധിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ബോർഡിന്റെ ഇത്തരം സമീപനങ്ങൾ കാരണം അത് ടീമിന്റെ ഒത്തൊരുമയെപ്പോലും നന്നായി ബാധിക്കും എന്നതിൽ ഒട്ടും സംശയമില്ല. കളിക്കാരെ നയിക്കുന്നതിൽ.... അവർക്ക് ഊർജ്ജം കൊടുക്കുന്നതിൽ ഐക്കൺ ആയിട്ടുള്ളവർക്ക് വലിയ പങ്ക് ഉണ്ട്. സച്ചിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഇത്രയും കൊണ്ടാടിയ മറ്റൊരു താരം ഉണ്ടാവില്ല ഇന്ത്യ കണ്ട അല്ലേൽ ലോകം കണ്ട എക്കാലത്തേയും മികച്ച ബാറ്റർമാരിൽ ഒരാളാണ് വിരാട് കോഹ്ലി. അങ്ങനെയുള്ള കളിക്കാരനോട് ആണ് ബോർഡിന്റെ ഇത്തരം സമീപനം. വിശ്രമമില്ലാത്ത.... ഇടവേളകൾ ഇല്ലാത്ത ഷെഡ്യൂളുകൾ കളിക്കാർക്ക് മാനസികമായും,ശാരീരികമായും ദോഷം ചെയ്യുമെന്ന് കോഹ്ലി തുറന്ന് പറഞ്ഞത് മുതലായിരിക്കണം ബോർഡും കോഹ്ലിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം എന്ന് എവിടെയോ വായിച്ചിരുന്നു. ഗാംഗുലി ക്യാപ്റ്റൻ ആയിരുന്ന സമയത്ത് ബോർഡ് ആയിട്ട് നിരന്തരം പോരാട്ടങ്ങൾ നടത്തിയാണ്.... അവരുടെ മോശം പ്രവർത്തികൾക്ക് എതിരെ ശക്തമായി പ്രതികരിച്ചാണ് അദ്ദേഹം ഇന്ത്യക്കാർക്ക് ഇമോഷൻ ആയ ഒരു ടീമിനെ പടുത്തുയർത്തി കൊണ്ട് വന്നത് എന്ന കാര്യം അദ്ദേഹം അതേ ബോർഡിന്റെ തലപ്പത്ത് എത്തിയപ്പോൾ വിസ്മരിക്കുന്നതായി തോന്നുന്നുണ്ട്. ഇനി അതല്ല പലരും പറയുന്നത് പോലെ ഗാംഗുലി വെറും ഡമ്മിയാണ് എല്ലാം ചെയ്യുന്നത് രാഷ്ട്രീയക്കാരനായ ഷാ ആണ് എന്നത് ഒക്കെയാണ് സത്യമെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ഉടൻ തന്നെ തരിപ്പണമാകുന്നത് കാണേണ്ടി വരും. ബോർഡിന് കാശ് ഉണ്ടാക്കാനുള്ള യന്ത്രങ്ങൾ മാത്രമാണ് കളിക്കാർ എന്നൊരു ചിന്ത അവർക്ക് ഉണ്ടെന്ന് തോന്നുന്നു.
ഇനി മേല്പറഞ്ഞ കോഹ്ലിയുടെ പീക്ക് ടൈം എന്ന ലൈൻ മാത്രമെടുത്ത് ന്യായീകരിക്കാൻ വരുന്നവരോട് നിങ്ങൾ പറയാൻ പോകുന്നത് ഇപ്പൊ അയാളുടെ പീക്ക് ടൈം അല്ല അയാൾ ഫോം ഔട്ട് ആണ് എല്ലാ അർത്ഥത്തിലും എന്നാണേൽ കണക്കുകൾ ഒന്ന് എടുത്ത് നോക്കുക നിങ്ങൾ ഈ പറയുന്ന ഫോം ഔട്ട് സമയത്ത് പോലും അയാളുടെ ബാറ്റിൽ നിന്നും പിറന്ന റൺസുകൾ എത്രയാണ് എന്നും അയാളുടെ ആവറേജ് എത്രയാണ് എന്നും. അയാളോട് ഇപ്പോഴും എല്ലാവരും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ്. സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസത്തിന്റെ ഏറ്റവും വിനാശകരമായ ബാറ്റിംഗ് ഈ തലമുറ കണ്ടിട്ടില്ല എന്ന് പറയുന്നത് കേട്ടിട്ടില്ലേ..... ടെന്നീസ് എൽബോയ്ക്ക് ശേഷം അദ്ദേഹം ശൈലിയിൽ കൊണ്ട് വന്ന ഒരു മാറ്റമുണ്ട് അതുകൊണ്ട് തന്നെ അത്രയേറെ വിനാശകാരിയായ സച്ചിനെ പിന്നീട് കാണാൻ പറ്റിയിട്ടില്ല. എന്ന് വെച്ച് അതിന് ശേഷം അദ്ദേഹം കരിയറിന്റെ പീക്കിൽ ആയിരുന്നില്ല എന്നാണോ അതിനർത്ഥം..? അല്ലല്ലോ അല്ലേ.... അതിന് ശേഷമാണ് അദ്ദേഹം ഇന്ന് ഈ കാണുന്ന സകല റെക്കോർഡുകളും തന്റെ പേരിലാക്കിയത്. കോഹ്ലിയുടെ കാര്യമെടുത്താലും ഏതാണ്ട് അതുപോലെ തന്നെയല്ലേ.... തുടരെ സെഞ്ച്വറികൾ എന്നത് അല്ലല്ലോ കൺസിസ്റ്റന്റ് ആയി മികച്ച പെർഫോമൻസുകൾ കാഴ്ച വെക്കുക എന്നതല്ലേ പ്രധാനം. ഫോം ഔട്ട് എന്ന് പറയുന്ന ഈ സമയത്ത് പോലും അയാളുടെ കൺസ്റ്റിസ്റ്റൻസി മറ്റാർക്കും അവകാശപ്പെടാനില്ലല്ലോ അല്ലേ.
ബോർഡിന്റെ ഇത്തരം പ്രവർത്തികൾ കാരണം ഇനി സംഭവിക്കാൻ പോകുന്നത് ആരാധകർ ഇരു ചേരിയായി തിരിയും. ഇന്ത്യയ്ക്ക് വേണ്ടി അല്ലാതെ കോഹ്ലിക്കും രോഹിത്തിനും വേണ്ടിയാവും ഇനി പലരുടേയും കളി കാണൽ. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത്തിന്റെ കീഴിൽ ഒരു കളി ഇന്ത്യ പരാജയപ്പെട്ടാൽ അപ്പൊ തുടങ്ങും അദ്ദേഹത്തെ കീറി മുറിക്കാൻ. ഒരു സീരീസിൽ ഒരു മാച്ചിൽ അദ്ദേഹത്തിന്റെ ബാറ്റിംഗ് പരാജയമായാൽ പോലും സെയിം അവസ്ഥയായിരിക്കും. കോഹ്ലിയുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരിക്കും. അദ്ദേഹം ബാറ്റിംഗിൽ പരാജയമായാൽ വിരമിച്ചു പൊക്കൂടെ എന്ന് തരത്തിലുള്ള സൈബർ മാധ്യമ അറ്റാക്കുകൾ ആയിരിക്കും ഉണ്ടാവുക.
മനം മടുത്ത് കോഹ്ലി എങ്ങാനും വിരമിച്ചാൽ അത് ഇന്ത്യയ്ക്ക് ഒരു തീരാ നഷ്ടം ആയിരിക്കും അങ്ങനെ സംഭവിക്കാതിരിക്കട്ടെ. അയാളിലെ തോറ്റു കൊടുക്കാത്ത പോരാളി ഏറ്റവും മികച്ച രീതിയിൽ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റേന്തട്ടെ. ഇനി മേല്പറഞ്ഞത് പോലെ സംഭവിച്ചാൽ പ്രഷർ മുഴുവൻ രോഹിത് ശർമ്മയുടെ തലയിൽ ആയിരിക്കും. ടീമിൽ അതുമൂലം ഉണ്ടാവുന്ന വിടവും പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാതെ അദ്ദേഹവും പടിയിറങ്ങിയാൽ ഇതൊക്കെ കാരണം കോച്ചിന്റെ സ്ഥാനത്ത് നിന്ന് ദ്രാവിഡും പിന്മാറിയാൽ ഇന്ത്യൻ ടീം നാഥനില്ലാ കളരി ആയി മാറും. പിന്നീട് എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടി വരും.
വിരാട് കോഹ്ലിയുടേയും രോഹിത് ശർമ്മയുടേയും പ്രായം ഒക്കെ ഏകദേശം ഒരുപോലെയാണ് എന്തിന് ഇപ്പൊ ഇന്ത്യൻ ടീമിന്റെ സീനിയർ അവിഭാജ്യ ഘടകങ്ങൾ എല്ലാം തന്നെ സമപ്രായക്കാരാണ്. എല്ലാവരും ഒരുമിച്ച് പടിയിറങ്ങിയാൽ ഈ പറയുന്ന അവസ്ഥയൊന്നും ആവില്ല ഉണ്ടാവുന്നത്. സച്ചിനും കൂട്ടരും പോകുമ്പോൾ ധോണിയും, ധോണി ഇറങ്ങിയപ്പോൾ കോഹ്ലിയും, രോഹിത്തും ഒക്കെ ഉണ്ടായിരുന്നു ഇന്ത്യയുടെ നട്ടെല്ല് ആയിട്ട്. അവര് ഇറങ്ങിയാൽ ആര് എന്നൊരു ചോദ്യ ചിഹ്നം മാത്രേ ഇപ്പൊ മുന്നിൽ ഉള്ളൂ വ്യക്തമായ ഒരു രൂപം പോലും ഇല്ല.
വിരാട് കോഹ്ലി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറിയതിലും ബോർഡിന് അദ്ദേഹവുമായിട്ടുള്ള പ്രശ്നങ്ങളിലുമൊക്കെ ഒരു ഇന്ത്യൻ ആരാധകൻ എന്ന തരത്തിലും ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയ്ക്കും നല്ല വിഷമമുണ്ട്. ഒരു കടുത്ത രോഹിത് ശർമ്മ ആരാധകൻ എന്ന നിലയ്ക്കും വിഷമം തന്നെയാണ് അല്ലേൽ പേടിയാണ്. രോഹിത്തിന്റെ കാര്യം ആലോചിച്ചു മാത്രമല്ല അവര് രണ്ടു പേരും ഒരുമിച്ച് ഇന്ത്യയ്ക്ക് വേണ്ടി ഇറങ്ങുമ്പോൾ പ്രത്യേകിച്ച് ബാറ്റ് ചെയ്യാൻ ഇറങ്ങുമ്പോൾ... ക്രീസിൽ നിൽക്കുമ്പോൾ ഉള്ളൊരു സന്തോഷമുണ്ട്.... ഒരു വിശ്വാസമുണ്ട്... ധൈര്യമുണ്ട്.... അതിലുപരി ഒരു ചന്തമുണ്ട് അതൊക്കെ കുറേ കാലം കൂടെ കാണണം എന്ന് അതിയായ ആഗ്രഹവുമുണ്ട്. അതൊന്നും പാതി വഴിയിലാക്കി ആരും പടിയിറങ്ങാതിരിക്കട്ടെ. ബോർഡ് ഭരിക്കുന്ന രാഷ്ട്രീയ മേലാളന്മാർക്കും ആരാധകരേയും കളിക്കാരെയുമെല്ലാം മുട്ടനാടുകളാക്കി തമ്മിൽ അടിപ്പിച്ച് ചോര കുടിക്കാൻ പെടാപ്പാട് പെടുന്ന എല്ലാ ഒഫീഷ്യൽസിനും നടുവിരൽ പ്രണാമം അല്ലാതെ എന്ത് കൊടുക്കാൻ. രാഷ്ട്രീയം സ്പോർട്സിനെ ഭരിക്കുമ്പോൾ നഷ്ടപ്പെടുന്നത് അതിന്റെ വശ്യമായ സൗന്ദര്യമാണ്.
ഒരിക്കൽ കൂടെ ഇത് ഇന്ത്യൻ ടീമാണ് ഇവിടെ ഒരാളെ ആശ്രയിച്ചല്ല നിൽക്കുന്നത് എന്ന് വാദിക്കാൻ വരുന്നവരോട് ഇന്ത്യൻ ടീമിന്റെ ഊർജ്ജം എല്ലാ കാലത്തും അവരുടെ പ്രധാന താരങ്ങൾ തന്നെ ആയിരുന്നു.
പ്രിയപ്പെട്ട വിരാട് കോഹ്ലി നായകനായുള്ള കളിക്കളത്തിലെ നിങ്ങളുടെ ചങ്കൂറ്റവും ഊർജ്ജവും എല്ലാം ഒരുപാട് മിസ്സ് ചെയ്യും. ഇത്തരം കാര്യങ്ങൾ ഒന്നും മനസ്സിനെ അലട്ടാതെ ഒരു പോരാളിയായ നിങ്ങൾ ഒരു ബാറ്റർ എന്ന രീതിയിൽ നിങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ തന്നെ പുറത്തെടുക്കുമെന്നും നിങ്ങളുടെ ആയുധമായ ബാറ്റുകൊണ്ട് തന്നെ എല്ലാത്തിനും മറുപടി നൽകും എന്ന പ്രതീക്ഷയോടേയും വിശ്വാസത്തോടേയും ഒരു രോഹിത് ശർമ്മ ആരാധകൻ.
താങ്ക് യൂ ക്യാപ്റ്റൻ കോഹ്ലി 🙏🏻❤️
-വൈശാഖ്.കെ.എം
താങ്ക് യൂ ക്യാപ്റ്റൻ കോഹ്ലി
Reviewed by
on
01:38
Rating:
No comments: