എന്റെ യാത്രകൾ - ധനുഷ്കൊടി
യാത്രകളോട് വല്ലാത്തൊരു പ്രണയമാണ് ഒരുപാട് ഇഷ്ടമാണ് യാത്ര ചെയ്യാൻ. അത് ഒറ്റയ്ക്കുള്ളതാണേൽ അതിലേറെ പ്രിയമാണ്. എല്ലാവരും ജീവിതത്തിൽ അനേകം യാത്രകൾ നടത്തിയിട്ടുള്ളവരാകും ഞാനും നടത്തിയിട്ടുണ്ട് ഒരുപാട് യാത്രകൾ. യാത്രകൾ സമ്മാനിക്കുന്നൊരു ഫീൽ അത് പറഞ്ഞറിയിക്കാൻ പറ്റാത്തൊന്നാണ്. മനസ്സിലെ ഭാരങ്ങളും വിഷമങ്ങളുമെല്ലാം ഞൊടിയിടയിൽ അകറ്റാൻ പ്രത്യേക ഒരു കഴിവുണ്ട് യാത്രകൾക്ക്. ടെൻഷനുകൾക്കെല്ലാം വിശ്രമമനുവദിച്ച് മനസ്സിനെ തണുപ്പിക്കാൻ പോകുന്ന പല യാത്രകളുടേയും അവസാനം അത്രയേറെ മനോഹരമായിരിക്കും. അത്തരം യാത്രകളിൽ മനസ്സിനെ ഏറെ സ്പർശിച്ച ചില സ്ഥലങ്ങൾ എല്ലാവർക്കുമെന്ന പോലെ എനിക്കും ഉണ്ട്. ധനുഷ്കൊടി എന്നാണ് ആ സ്ഥലത്തിന്റെ പേര്. ധനുഷ്കൊടിയെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. വർഷത്തിൽ പൊക്കൊണ്ടിരുന്ന ശബരിമല യാത്ര പോലും എന്നെ സംബന്ധിച്ച് എന്റെ മനസ്സിനെ അത്രമേൽ ശാന്തമാക്കുന്ന ഒന്നാണ്. ഇനി പറയാൻ പോകുന്ന കാര്യത്തിനും മേല്പറഞ്ഞ ശബരിമല യാത്രയുമായി ബന്ധമുണ്ട് കാരണം ഞാൻ ആദ്യമായി അവിടത്തേക്ക് എത്തിപ്പെടുന്നത് ഒരു ശബരിമല തീർത്ഥ യാത്രയിലെ മടക്കത്തിലാണ്.
വർഷവും സമയവുമൊന്നും കൃത്യമായി ഓർക്കുന്നില്ല ഒരു ധനു മാസ പുലരിയിൽ രമേശശ്വര ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് ഞാൻ ആദ്യമായ് ധനുഷ്കൊടിയിലേക്ക് യാത്ര തിരിക്കുന്നത്. ഏറെ പോകാൻ കൊതിച്ചൊരു സ്ഥലമായിരുന്നു ധനുഷ്കൊടി. എങ്ങനെയോ ആ പേര് എന്റെ മനസ്സിൽ കയറിക്കൂടിയതാണ് അന്ന് മുതൽ വല്ലാത്തൊരു ആഗ്രഹമായിരുന്നു അവിടേക്കൊരു യാത്ര. ധനുഷ്കൊടി പോകാൻ ആർക്കൊക്കെ ആഗ്രഹമുണ്ട് എന്നുള്ള ഗൈഡിന്റെ ചോദ്യം തീരുന്നതിന് മുൻപേ ഞാൻ കൈ പൊക്കിയിരുന്നു അൻപതോളം പേരിൽ എനിക്കൊപ്പം പൊങ്ങി വന്ന കൈകൾ വിരലിൽ എണ്ണാവുന്നവ മാത്രമായിരുന്നു അങ്ങനെ രാമേശ്വരത്ത് നിന്നും ഒരു ഷെയർ ഓട്ടോയിൽ കയറി മറ്റുള്ള സ്ഥലങ്ങളിലെല്ലാം സന്ദർശനം നടത്തി അവസാനം ഒരു മിനി വാനിനടുത്ത് ആ ഷെയർ ഓട്ടോ ചെന്ന് നിന്നു പിന്നീടുള്ള യാത്ര ആ വാനിലാണ്. അന്ന് ധനുഷ്കൊടിയിലേക്ക് റോഡ് മാർഗം യാത്രയില്ല അതുകൊണ്ടു കടലിന് നടുക്കുള്ള ഒഴിഞ്ഞ മണലാരണ്യത്തിലൂടെ വേണം യാത്ര ചെയ്യാൻ, അതിലൂടെ വലിഞ്ഞു വലിഞ്ഞു നീങ്ങിയ വാനിൽ ഒരുപാട് പ്രതീക്ഷകളോടെ ഞാൻ പുറത്തേക്ക് കണ്ണും നട്ടിരുന്നു. അതെ ഏറെ ആഗ്രഹിച്ച സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു.... ആകാംഷയും സന്തോഷവും അടക്കി നിർത്താൻ ഞാൻ നന്നേ പാട് പെട്ടിരുന്നു. അങ്ങനെ ആ വാൻ ഒരു സ്ഥലത്ത് നിർത്തി ഇറങ്ങിക്കോളാൻ പറഞ്ഞു. ഇതാണ് ധനുഷ്കൊടി കണ്ട് കഴിഞ്ഞിട്ട് പെട്ടന്ന് മടങ്ങി വരാൻ പറഞ്ഞു.
കൂടെ വന്നവരുടെ പലരുടേയും മുഖം ചുളിയുന്നത് ഞാൻ കണ്ടു അയ്യേ ഇത്ര കഷ്ടപ്പെട്ട് വന്നത് ഈ മരുഭൂമി കാണാനാണോ എന്നൊക്കെ ഓരോരുത്തർ ചോദിച്ചു തുടങ്ങിയിരുന്നു. മുട്ടറ്റം പോലും വെള്ളം എത്താത്ത ഒരു ഭാഗത്തെ കടലും നീല നിറത്തിൽ തിരയടിച്ചു വരുന്ന മറു ഭാഗവും ഞങ്ങളെ സ്വാഗതം ചെയ്തു. കൂടെ വന്നവർ അവിടെ കച്ചവടം നടത്തുന്നവരുടെ അടുത്തേയ്ക്ക് ഇതെങ്കിലും നടക്കട്ടെ എന്നും പറഞ്ഞ് കുറേ വളയും മാലയുമൊക്കെ വാങ്ങാൻ നടന്നു. എന്നേയും ഒരു തമിഴൻ ചേട്ടൻ കൈ കാട്ടി വിളിച്ചു വളയും മാലയുമൊക്കെ കാണിച്ചു കൊണ്ട് അത് വാങ്ങിക്കാൻ വേണ്ടി അദ്ദേഹം വിളിക്കുകയാണ്. ഞാൻ വീണ്ടും നടന്നു.... കുറച്ച് ഓലമേഞ്ഞ വീടുകളും മേല്പറഞ്ഞ കച്ചവടക്കാരും നാലുഭാഗമുള്ള കടലും അല്ലാതെ പിന്നീട് അവിടെ കണ്ടത് ഒരുപാട് കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ്. ഇതൊക്കെ എന്തായിരിക്കും എന്നുള്ള ചിന്തയിൽ അവയൊക്കെ നോക്കി കുറേ നടന്നു. മനസ്സിലെ സംശയം വെച്ചോണ്ടിരിക്കാൻ താല്പര്യമില്ലാത്ത ഒരാളായത് കൊണ്ട് നേരത്തെ വിളിച്ച ആ ചേട്ടനടുത്തേക്ക് നടന്നു. അദ്ദേഹം ഒരുപാട് സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. ഞാൻ ആദ്യമേ പറഞ്ഞു "അണ്ണാ എനിക്ക് ഇതൊന്നും വേണ്ട ഞാൻ ഒരു കാര്യം അറിയാൻ വേണ്ടി വന്നതാണ്" അദ്ദേഹത്തിന്റെ മുഖത്തെ സന്തോഷം ഒന്ന് വാടിയെങ്കിലും എന്താണ് അറിയേണ്ടത് എന്ന് ചെറിയ ചിരിയോടെ അദ്ദേഹം ചോദിച്ചു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു ഈ കാണുന്ന അവശിഷ്ടങ്ങൾ ഒക്കെ എന്താണ്..? നിങ്ങള് വളരെ കുറച്ച് പേര് മാത്രമാണോ ഇവിടെ താമസം..? " അദ്ദേഹം ഒന്ന് നെടുവീർപ്പെട്ട് കൂടെയുള്ള പയ്യനെ കടയേൽപ്പിച്ച് പുറത്തേക്ക് വന്നു. "വാങ്ക തമ്പീ" എന്നും പറഞ്ഞു കൊണ്ട് ഒരു ഭാഗത്ത് ഇരുന്ന് അദ്ദേഹം കഥ പറയാൻ തുടങ്ങി.
"ഒരു കാലത്ത് മദ്രാസ് അതായത് ഇന്നത്തെ ചെന്നൈയേക്കാൾ വലിയ നഗരമായിരുന്നു ഞങ്ങളുടെ ധനുഷ്കൊടി. പോസ്റ്റ് ഓഫീസ്,ആശുപത്രി, പള്ളി,റെയിൽവേ സ്റ്റേഷൻ, സ്കൂൾ തുടങ്ങി ഇവിടെ ഇല്ലാത്ത യാതൊന്നും ഇല്ലായിരുന്നു തമിഴ്നാട്ടിലെ ഏറ്റവും വലുതും മനോഹരവുമായിരുന്ന നഗരമായിരുന്നു ഞങ്ങളുടേത്. ഏറെ സന്തോഷത്തോട് ജീവിച്ചിരുന്ന ഞങ്ങൾക്കിടയിലേക്ക് ഒരു ദിവസം ആ സന്തോഷം മുഴുവൻ തല്ലിക്കെടുത്തി കൊണ്ട് ഒരാൾ കടന്നു വന്നു. ആ ദിവസം ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് പൂർവികർ പറഞ്ഞിട്ടുള്ളത്. അന്ന് ഇവിടെ പതിവിലും കൂടുതലായി ഒരുപാട് ആളുകൾ ഉണ്ടായിരുന്നു കുറേ കോളേജ് വിദ്യാർത്ഥികളുമായി ഒരു ട്രെയിൻ വന്നു നിന്ന സമയമായിരുന്നത്.... ഒരുപാട് ആരവങ്ങൾ നിറഞ്ഞ ദിവസമായിരുന്നു. വർഷം 1964 ദിവസം ഡിസംബർ 22.... പെട്ടന്ന് ആണ് അത് സംഭവിച്ചത് ഒന്ന് കണ്ണ് ചിമ്മി തുറക്കുമ്പോഴേക്കും ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു. ഒരു ചുഴലിക്കൊടുങ്കാറ്റിന്റെ രൂപത്തിൽ ആയിരുന്നു ആ വില്ലൻ അവതരിച്ചത്. ശാന്തമായ ഞങ്ങളുടെ കടൽ ഒരു നിമിഷം കൊണ്ട് രൗദ്ര ഭാവത്തിൽ പൊങ്ങിയുയർന്ന് കൊണ്ട് എല്ലാം തച്ചുടച്ച് തുടച്ച് നീക്കി കൊണ്ട് എങ്ങോട്ടോ പോയി. ആ പോകുന്ന കൂട്ടത്തിൽ ഞങ്ങളുടെ ജീവിതവും സ്വപ്നങ്ങളും അടക്കം എല്ലാം കൊണ്ട് പോയിരുന്നു. പിന്നീട് ഇവിടെ ബാക്കിയായത് വിരലിൽ എണ്ണാവുന്ന ആളുകളും ദേ ആ കാണുന്ന ചെറിയ ക്ഷേത്രവും മാത്രമാണ്. എല്ലാമുണ്ടായിരുന്ന ഞങ്ങൾ ആ ഒരു ദിവസം കൊണ്ട് ഒന്നുമില്ലാത്തവരായി തീർന്നു. അന്ന് ഞങ്ങളെ എല്ലാവർക്കും വേണമായിരുന്നു ഇന്ന് ഞങ്ങളെ ആർക്കും വേണ്ട.... പ്രേത നഗരം എന്ന് മുദ്രകുത്തി ഞങ്ങളുടെ ധനുഷ്കൊടിയെ എല്ലാവരും മാറ്റി നിർത്തി. ഇവിടന്ന് വാരി കിട്ടുന്ന കക്കയും മറ്റും രാമേശ്വരത്ത് കൊണ്ട് പോയി വിറ്റാണ് ഞങ്ങൾ ജീവിക്കുന്നത്. പിന്നീട് അദ്ദേഹം ഓരോ അവശിഷ്ടങ്ങളുടെ അടുത്ത് കൊണ്ട് പോയി കാണിച്ചു തന്നു ഇതായിരുന്നു ഞങ്ങളുടെ സ്കൂൾ ഇതായിരുന്നു റെയിൽവേ സ്റ്റേഷൻ ഇതായിരുന്നു പള്ളി ഇതായിരുന്നു ഹോസ്പിറ്റൽ ഇതായിരുന്നു പോസ്റ്റ് ഓഫീസ് അദ്ദേഹം വളരെ അഭിമാനത്തോട് തിളങ്ങിയ കണ്ണുകളോടെ അതേ പറ്റി വർണ്ണിക്കുമ്പോൾ നിറഞ്ഞു കലങ്ങിയ കണ്ണുകളെ തുടച്ച് കൊണ്ട് ഞാൻ എല്ലാം നോക്കി കൊണ്ട് തരിച്ച് നിന്നു. തിരിച്ചു കയറുമ്പോഴേക്കും ധനുഷ്കൊടിയ്ക്ക് എന്റെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം രൂപപ്പെട്ടിരുന്നു. മരുഭൂമി കാണാൻ വന്ന് കാശ് പോയി എന്നും പറഞ്ഞ് മറ്റുള്ളവർ പരസ്പരം പഴിക്കുമ്പോൾ ഞാൻ മനസ്സിൽ ആ നഗരത്തിന് ഒരു രൂപം ഉണ്ടാക്കിയെടുക്കുകയായിരുന്നു.... പഴയ ധനുഷ്കൊടിയെ മനസ്സിലൂടെ വാർത്തെടുക്കുകയായിരുന്നു. ആ ചെറിയ വാനിന്റെ പിന്നാമ്പുറത്തെ ചില്ലിലൂടെ കൊച്ചു കുട്ടികൾ നോക്കുന്നത് പോലെ ആ നഗരത്തെ വിട്ടകലുന്നത് ഏറെ വിഷമത്തോടെ നോക്കി ഇരിക്കുകയായിരുന്നു.
പിന്നീട് പലപ്പോഴും ഞാൻ എന്റെ പ്രിയ നഗരത്തിലേക്ക് യാത്ര നടത്തിക്കൊണ്ടിരുന്നു.... പലപ്പോഴും അവയൊക്കെ തനിച്ചായിരുന്നു.... ഇപ്പോഴും മലയ്ക്ക് പോകുമ്പോൾ ലിസ്റ്റിൽ ധനുഷ്കൊടിയുണ്ടോയെന്നാണ് ആദ്യം നോക്കുന്നത്. അവിടേയ്ക്ക് പോകാൻ കിട്ടുന്ന ഒരു അവസരവും ഞാൻ പാഴാക്കറില്ല.
തനിച്ചുള്ള യാത്രകൾ പലപ്പോഴും മനസ്സ് അത്രമാത്രം വേദനിക്കുമ്പോൾ ആണ് നടത്തിയിട്ടുള്ളത് പ്രണയ നൈരാശ്യം മുതൽ ജീവിതത്തിലെ അനേകം കയ്പ്പേറിയ അനുഭവങ്ങൾ അലട്ടിക്കൊണ്ടിരിക്കുമ്പോഴാണ് പലപ്പോഴും യാത്രകളെ ഒരു മറു മരുന്നായി തിരഞ്ഞെടുക്കാറുള്ളത്. അങ്ങനെ പലപ്പോഴായി പല യാത്രകൾക്കിടയിലും ഒറ്റയ്ക്ക് ധനുഷ്കൊടിയെന്ന മായിക നഗരത്തിലേക്ക് എത്തിപ്പെട്ടുകൊണ്ടിരുന്നു. ആ മണലിൽ തിരക്കുകളിൽ നിന്നും അല്പം മാറി ശാന്തതയുടെ മുഖത്തോടെ തീരം പുൽകുന്ന ആ നീലക്കടലിനെ നോക്കിയിരിക്കുമ്പോൾ ആ മണൽ തരികൾ വരെ നമ്മോട് സംസാരിക്കും. നമ്മുടെ വിഷമങ്ങളെ അല്പനേരത്തേക്കെങ്കിലും മറച്ചു പിടിക്കാൻ കുറഞ്ഞ പക്ഷം അവിടെ നിന്നും തിരിക്കുന്നത് വരെയെങ്കിലും മറച്ചു പിടിക്കാൻ അവര് ശ്രമിക്കും. കണ്ണടച്ച് ഒന്ന് ഇരുന്നാൽ പഴയ ആ ശോഭയാർന്ന മായിക നഗരം അതിന്റെ എല്ലാ ഭംഗിയോടും കൂടെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വരും. അവരുടെ ആ സന്തോഷത്തിനിടയിലൂടെ അതെല്ലാം ആസ്വദിച്ച് ഇങ്ങനെ നടക്കാം. ഒരു തണൽ പോലും ബാക്കി വെക്കാതെ പ്രകൃതി കൊണ്ട് പോയ ധനുഷ്ക്കൊടിയെ നോക്കി ചിരിക്കുന്ന സൂര്യന്റെ ചൂടിന് പോലും നമ്മെ ഒന്ന് തൊടാൻ സാധിക്കില്ല അതിനെ വരെ മാറ്റി നിർത്താൻ കെൽപ്പുണ്ട് ആ കേട്ടു കേൾവി മാത്രമുള്ള ധനുഷ്ക്കൊടിയുടെ മരണമില്ലാത്ത ഓർമ്മകൾക്ക്. സന്ധ്യ മയങ്ങുമ്പോൾ പുരാണത്തിലെ രാവണന്റെ ലങ്കയിൽ നിന്നും തെളിയിക്കുന്ന വൈദ്യുത വിളക്കുകൾ നമ്മെ നോക്കി കൈ കാണിക്കും വല്ലാത്തൊരു കാഴ്ചയാണത്. കൈയ്യെത്തും ദൂരത്ത് മറ്റൊരു രാജ്യം. അവിടേയ്ക്ക് പണ്ട് ഹനുമാൻ ഒരുക്കിയ വഴിയെന്ന് പറയപ്പെടുന്ന കടലിന് കുറുകെ പോകുന്ന കല്ലുകൊണ്ടുള്ള പാലം. ഇന്ന് കാണുന്ന മരുഭൂമി പോലുള്ള ആ നഗരത്തെ മനസ്സിലേക്ക് ആവാഹിച്ചാൽ അതേപറ്റി മനസ്സിലാക്കിയാൽ അവിടത്തോളം മനോഹാരിത മറ്റൊന്നിനും അവകാശപ്പെടാനാകില്ല. പ്രേത നഗരമെന്ന് മുദ്ര പതിച്ച് അധികാരികൾ പോലും എഴുതി തള്ളിയിരുന്ന ആ മായിക നഗരത്തിലേയ്ക്ക് എത്തിപ്പെടുന്ന ടൂറിസ്റ്റുകളെ കണ്ട് പലരും ഇപ്പൊ അവിടേയ്ക്ക് കണ്ണ് പായിക്കുന്നുണ്ട്. അപ്പോഴും അവിടത്തെ വിരലിൽ എണ്ണാവുന്ന കുടുംബങ്ങൾക്ക് ഒന്നേ പറയാനുള്ളൂ വികസനത്തിന്റെ പേരിൽ അവരെ ദ്രോഹിക്കരുത് എന്ന്. മറ്റുള്ളവർക്ക് ആണ് അത് പ്രേത നഗരം അവർക്ക് അതവരുടെ സ്വർഗ്ഗമാണ്.
ഓരോ ധനുഷ്കൊടി യാത്രകളും അലതല്ലി മറിഞ്ഞിരുന്ന മനസ്സിനെ അത്രമേൽ ശാന്തമാക്കിയവയാണ്. കണ്ണുകളടച്ച് ആ മണൽ തരികളെ ചേർത്ത് പിടിച്ചു കൊണ്ട് ഇരിക്കുമ്പോൾ മനസ്സിലേക്ക് ഓടി വരുന്ന ആ പഴയ നഗരം പതിയെ കണ്ണ് തുറന്നാൽ കാണാം..... ആ അവശിഷ്ടങ്ങൾ മനസ്സിൽ നൽകിയ രൂപമായി മാറി കണ്മുന്നിൽ അങ്ങനെ നിറഞ്ഞു നിൽക്കും. പിന്നീട് അവരുടെ സന്തോഷം നിറഞ്ഞിരുന്ന ആ നാളുകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകും.
ആ മായിക നഗരത്തിന്റെ സൗന്ദര്യത്തിൽ അരിശം പൂണ്ട പ്രകൃതി ആ സൗന്ദര്യത്തെ മുഴുവനായി കവർന്നെടുത്തു എന്ന വിശ്വാസത്തിൽ ആയിരുന്നിരിക്കണം തന്റെ താണ്ഡവം അവസാനിപ്പിച്ചത് പക്ഷേ ധനുഷ്കൊടിയുടെ സൗന്ദര്യത്തിന് കോട്ടം തട്ടിക്കാൻ ആ ചുഴലിക്കൊടുങ്കാറ്റിന് എന്നല്ല ഒന്നിനും സാധിച്ചിരുന്നില്ല എന്നതാണ് സത്യം. ആ സൗന്ദര്യം ഇല്ലാതാക്കാൻ കഴിയില്ലെന്ന ബോധ്യം കൊണ്ടാവണം 2004ൽ പൊട്ടി പുറപ്പെട്ട സുനാമിക്ക് അങ്ങോട്ട് കടക്കാൻ ധൈര്യം വരാതിരുന്നത്. ഉയർന്നു പൊങ്ങിയ വെള്ളം ആ ചിരിച്ചു നിൽക്കുന്ന നഗരത്തിന്റെ നിഷ്കളങ്കതയോ ധൈര്യമോ കണ്ടിട്ടാവണം പെട്ടന്ന് പിൻവലിഞ്ഞത്.
രാമേശ്വരം ദ്വീപിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ധനുഷ്ക്കൊടിക്ക് കൂട്ടായി കിഴക്കു ഭാഗത്തെ ബംഗാൾ ഉൾക്കടലും പടിഞ്ഞാറു ഭാഗത്തെ ഇന്ത്യൻ മഹാസമുദ്രവും, അത്ഭുതമായ പാമ്പൻ പാലവുമൊക്കെയുണ്ട്. തമിഴ്നാടിന്റെ കിഴക്കൻ തീരത്ത് തെക്കോട്ട് മാറി നീണ്ടു കിടക്കുന്ന രാമേശ്വരമെന്ന ദ്വീപിന്റെ തെക്കേ അറ്റത്തെ ഈ പഴയ തുറമുഖ നഗരം അന്നും ഇന്നും ഒരു അത്ഭുതം തന്നെയാണ്. മനസ്സിനെ കീഴടക്കുന്ന ഒരു മായിക നഗരം. എത്രയൊക്കെ തവണ പോയാലും മടുപ്പില്ലാതെ വീണ്ടും വീണ്ടും പോകാൻ ആഗ്രഹം ജനിപ്പിക്കുന്ന അത്ഭുത നഗരം. ധനുസ്സിന്റെ അറ്റം എന്നാണ് ധനുഷ്കൊടിയെന്ന വാക്കിനർത്ഥം എന്നാണ് അവിടെയുള്ളവർ പറയുന്നത് രാമൻ സേതുബന്ധനം തീർത്തത് ഇവിടെ നിന്നാണ് എന്ന സൂചന രാമായണം നൽകുന്നു എന്നൊക്കെ പണ്ട് ഗൂഗിൾ ചെയ്ത സമയത്ത് വായിച്ചതായി ഓർക്കുന്നു. ഐതിഹ്യങ്ങളും മറ്റും ഇങ്ങനെയാണെന്നത് കൊണ്ടാവും തീർത്ഥാടകർ ഒരുപാട് എത്തുന്ന സ്ഥലമാണ് അവിടെ. എന്തായാലും പറഞ്ഞ കൂട്ടത്തിൽ അതൂടെ പറഞ്ഞു എന്നേയുള്ളൂ അതുകൊണ്ട് പുരാണവും മേല്പറഞ്ഞ പറയപ്പെടുന്ന ഐതിഹ്യങ്ങളുമൊക്കെ മാറ്റി നിർത്താം എന്നിട്ട് ധനുഷ്കൊടിയെന്ന മായിക നഗരത്തിലേക്ക് തന്നെ തിരിച്ചു വരാം..... പോകാത്തവർ ഒരിക്കലെങ്കിലും സന്ദർശനം നടത്തേണ്ടൊരു സ്ഥലമാണ് ധനുഷ്കൊടി ആ നഗരത്തെ മനസ്സ് കൊണ്ട് കാണാൻ ശ്രമിച്ചാൽ.... അറിയാൻ ശ്രമിച്ചാൽ അവിടം നിങ്ങൾക്കൊപ്പം ചേക്കേറും. ഓരോ ധനുഷ്കൊടി യാത്രകളും ഓരോ അനുഭവങ്ങളാണ്.
ജീവിതത്തിലെ പ്രയാസങ്ങളും ദുഃഖങ്ങളും ഇത്ര വേഗം അലിയിച്ചു കളയുന്നൊരു ദിവ്യ ഔഷധം വേറെയില്ല എന്ന് തന്നെ പറയാം. ആ സ്ഥലം ഇന്നൊരു അടുത്ത സുഹൃത്തെന്നപോലെ ജീവിതത്തോട് ചേർന്നു നിൽക്കുന്നുണ്ട്. ദുഃഖങ്ങളും വേദനകളും സന്തോഷങ്ങളുമെല്ലാം തമ്മിൽ പങ്കുവെക്കാവുന്ന ഏറ്റവും അടുത്ത സുഹൃത്ത്. ഓരോ തവണയും യാത്ര പറഞ്ഞു പിരിയുമ്പോൾ വല്ലാത്തൊരു സങ്കടമാണ്.
ധനുഷ്കൊടി യാത്ര കഴിഞ്ഞ് പലപ്പോഴും ഉച്ചയ്ക്ക് ആണ് തിരിച്ച് രമേശ്വരം ടൗണിൽ എത്താറുള്ളത്. അങ്ങനെ വരുമ്പോൾ അവിടെ ഒരു ചേട്ടന്റെ ഉന്തുവണ്ടിയിൽ നിന്ന് നാരങ്ങയും ഇഞ്ചിയുമൊക്കെ ചതച്ചു പിഴിഞ്ഞൊരു കരിമ്പ് ജ്യൂസ് കുടിച്ച് അല്പ നേരം എവിടേലും ഒന്ന് ഇരുന്ന് അവിടത്തെ ഒരു ഹോട്ടലിൽ കയറി വയറു നിറച്ച് ഊണും മീൻ കറിയും മീൻ വറുത്തതുമെല്ലാം കഴിച്ച് ഒരു ഏമ്പക്കവും വിട്ട് റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോൾ കിട്ടുന്നൊരു സംതൃപ്തിയുണ്ട് അത് പറഞ്ഞെറിയിക്കാൻ പറ്റില്ല. ചുമന്നു കൊണ്ട് പോയ വലിയ ഒരു ഭാരം ഇറക്കി വെച്ച ആശ്വാസമായിരിക്കും അപ്പൊ.
ഇത്തരത്തിൽ ഏറെ പോകാൻ ആഗ്രഹിക്കുന്ന എന്നാൽ ഇതുവരെ പോയിട്ടില്ലാത്തൊരു സ്ഥലമാണ് തേനി. ഏറെ സൗന്ദര്യം തുളുമ്പുന്ന അവിടത്തേക്ക് ഒരു യാത്ര നടത്തണമെന്നത് വലിയൊരു ആഗ്രഹമാണ്. തെങ്കാശിയും കുട്രാലവും എന്തിന് അടുത്തുള്ള കൊടൈക്കനാൽ വരെ എത്തിപ്പെട്ടിട്ടും പലപ്പോഴും പല കാരണങ്ങളാൽ മുടങ്ങിപ്പോയ യാത്രകളാണ് തേനി യാത്രകൾ. ധനുഷ്കൊടിയെപ്പോൽ മനസ്സിനെ ആകർഷിക്കുന്ന എന്തോ ഒന്ന് അവിടെയുണ്ട്.
എത്രയൊക്കെ പോയാലും മടുക്കാത്ത സ്ഥലങ്ങളാണ് തമിഴ്നാട്ടിൽ പലതും. തത്കാലം ഇപ്പൊ ധനുഷ്കൊടിയിൽ നിൽക്കട്ടെ ബാക്കി വഴിയേ ആവാം.
(ചുവടെയുള്ള ചിത്രങ്ങൾക്ക് ഗൂഗിളിനോട് ആണ് കടപ്പാട്. ഫോട്ടോ എടുത്ത് നടക്കുന്ന സ്വഭാവം ഈയിടെയാണ് തുടങ്ങിയത് അതിനാൽ തന്നെ യാത്രകളുടെ ചിത്രങ്ങൾ ഒന്നും കൈയ്യിൽ കാണാൻ ചാൻസ് ഇല്ല)
-വൈശാഖ്.കെ.എം
എന്റെ യാത്രകൾ - ധനുഷ്കൊടി
Reviewed by
on
09:34
Rating:
Reviewed by
on
09:34
Rating:
No comments: