മധുരം

  എന്തേലുമൊക്കെ മനസ്സിനെ വല്ലാണ്ടങ് കീഴടക്കുമ്പോൾ പലപ്പോഴും പറഞ്ഞു പഴകിയ ചില വാക്കുകൾ മാത്രമേ പുറത്തേക്ക് വരൂ അത്തരത്തിൽ ഒരു വാക്ക് തന്നെയാണ് ഇവിടേയും ഉപയോഗിക്കുന്നത്. "അതിമനോഹരം ഈ മധുരം".

ഡോക്ടർമാർ മരുന്ന് കുറിച്ച് തരുന്നത് പോലെ ഒന്ന് വീതം നാല് നേരമെന്നോണം ഫീൽഗുഡ് സിനിമകൾ പുറത്തിറങ്ങുന്നൊരു കാലമാണിത്. എന്തും അമിതമായാൽ വിരസമായി തീരും. ഏറ്റവും ഇഷ്ടപ്പെട്ട ജോണറുകളിൽ ഒന്നാണേൽ പോലും അമിതമായ ഫീൽഗുഡ് സിനിമകളുടെ കടന്നു വരവ് ആ രീതിയിൽ നിന്ന് പിന്നാക്കം വലിച്ചു തുടങ്ങിയിരുന്നു. അങ്ങനെ പറഞ്ഞു പഴകിയ ഒരു സിനിമ തന്നെയാകും മധുരം എന്നൊരു മുൻധാരണ മനസ്സിൽ ഉടലെടുത്തിരുന്നെങ്കിലും ചിത്രത്തിന്റേതായി പുറത്ത് വന്നിരുന്ന ഗാനങ്ങളും മറ്റും ഏറെ ഇഷ്ടമായിരുന്നു. അല്പം വൈകിയാണെങ്കിലും മധുരം നുണയാൻ തീരുമാനിച്ചു. കാണാൻ ഇരിക്കുന്നത് അർദ്ധരാത്രി 12 മണിക്ക് ശേഷമായിരുന്നത് കൊണ്ട് അല്പം കണ്ട് നിർത്തി വെച്ച് ബാക്കി പിന്നെ കാണാം എന്നൊരു തീരുമാനത്തിലായിരുന്നു ഇരുന്നത്. ചിത്രം കണ്ട് തുടങ്ങിയത് മുതൽ ഏകദേശം അവസാനിക്കുന്നതിന് അരമണിക്കൂർ മുൻപ് വരെ ജീവിതത്തിലെ ഒരുപാട് ടെൻഷനുകൾക്കിടയിൽ എവിടെയോ മറഞ്ഞു പോയിരുന്ന ഒരാൾ എനിക്കൊപ്പം തിരിച്ചു വന്നിരുന്നു.... അത് മറ്റൊന്നുമല്ല പലപ്പോഴും പലർക്ക് മുൻപിലും മുഖത്ത് കൃത്രിമമായി വരുത്തി തീർത്തിരുന്ന ഒരു ചിരിയായിരുന്നു. ഒന്നൂടെ വ്യക്തമായി പറഞ്ഞാൽ പുഞ്ചിരി. മധുരം നുകരാനിരുന്നത് മുതൽ മുഖത്ത് ഞാൻ പോലുമറിയാതെ വിരിഞ്ഞൊരു പുഞ്ചിരിയുണ്ടായിരുന്നു മനസ്സിന് ഒരുപാട് സംതൃപ്തി കിട്ടുമ്പോൾ അല്ലേൽ ഒരുപാട് സന്തോഷം തോന്നുമ്പോൾ താനേ വിരിയുന്നൊരു പ്രതിഭാസമാണല്ലോ അത്. ചിത്രത്തിന്റെ അവസാനത്തെ കുറച്ച് സമയം ഈ പറഞ്ഞ കക്ഷി വീണ്ടും മുഖത്ത് നിന്ന് മറഞ്ഞു നിന്നിട്ട് കണ്ണിലേക്ക് അല്പം തളം കെട്ടി കിടക്കാൻ മറ്റൊരാളെ പറഞ്ഞു വിട്ടു. ലാലേട്ടൻ ഒരു സിനിമയിൽ പറഞ്ഞത് പോലെ കോർപ്പറേഷൻ വാട്ടർ ഒന്നുമല്ലല്ലോ ചുമ്മാ പോട്ടെ എന്ന് വിചാരിച്ച് അത് തുടച്ചു കളയാനും പോയില്ല. പക്ഷേ അതിന് വലിയ ആയുസ്സ് ഒന്നും ഇല്ലായിരുന്നു എന്നതാണ് ശരി. മാറി നിന്ന നേരത്തത്തെ ആ അഥിതി വീണ്ടും തിരിച്ചു വന്നു കൊണ്ട് ഒരു അഹമ്മദ് കബീർ ചിത്രം എന്ന് എഴുതി കാണിക്കുമ്പോഴേക്കും മുഖത്ത് ഒരു ഏറെ ശോഭയുള്ളൊരു പ്രകാശം വിരിയിച്ചു.

മധുരം എന്ന പേര് പോലെ തന്നെ ഏറെ മാധുര്യമുള്ളൊരു അനുഭവമാണ് മധുരമെന്ന ചിത്രം. ഒരുപാട് നന്മയുള്ള മനുഷ്യരുടെ കഥ. ഈ നന്മ മാത്രമുള്ള പല സിനിമകളോടും ഇപ്പൊ വലിയൊരു വിഭാഗത്തിനും എതിർപ്പുണ്ട്. പഴയ സത്യൻ അന്തിക്കാട് സിനിമകളെപ്പോലും പുച്ഛിച്ചു തള്ളുന്ന ഒരു വിഭാഗമുണ്ട് ആ.... അത് അവരുടെ ഇഷ്ടം. പറഞ്ഞു വന്നത് നന്മയുള്ളത് ആണേലും അല്ലേലും നന്നായി ഒരുക്കിയാൽ കാണാൻ ഏറെ ഇഷ്ടമാണ്. അപ്പൊ മധുരത്തിലേക്ക്....

അഹമ്മദ് കബീർ എന്ന സംവിധായകന്റെ ആദ്യ ചിത്രമായ ജൂൺ ഒരുപാട് ഇഷ്ടമുള്ളൊരു സിനിമയാണ്. അതുകൊണ്ട് തന്നെയാണ് മേല്പറഞ്ഞ നിലവാരമില്ലാത്ത അനേകം ഫീൽഗുഡ് ചിത്രങ്ങൾ മോശം അനുഭവങ്ങൾ സമ്മാനിച്ചിട്ടും മധുരം കാണാനുള്ള ഒരു കാരണം പിന്നെ ഒപ്പം മേല്പറഞ്ഞ ഗാനങ്ങളും മറ്റുമുണ്ട്. അദ്ദേഹം ഞാൻ അദ്ദേഹത്തിലർപ്പിച്ച പ്രതീക്ഷകൾക്ക് ഒട്ടും കോട്ടം വരുത്തിയില്ല എന്ന് മാത്രമല്ല ജൂണിലും മികച്ചൊരു ഹൃദ്യമായ ദൃശ്യാനുഭവം ഒരുക്കി തരികയും ചെയ്തു. അഹമ്മദ് കബീറിന്റെ മനോഹരമായ കഥയ്ക്ക് ആഷിഖ് അമീറും, ഫാഹിം സഫറും അതിമനോഹരമായ തിരക്കഥയൊരുക്കിയപ്പോൾ അഹമ്മദ് കബീർ അതിനെ അതിലേറെ മനോഹരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. നേരത്തെ പറഞ്ഞ ആ പറഞ്ഞു പഴകിയ വാക്കുകൾ വീണ്ടും ഉപയോഗിച്ചാൽ അത്രയ്ക്ക് ഹൃദയസ്പർശിയായിട്ടാണ് അഹമ്മദ് മധുരം ഒരുക്കിയിട്ടുള്ളത്.

ജിതിൻ സ്റ്റാനിസ്ലസിന്റെ ഛായാഗ്രഹണവും, മഹേഷ്‌ ഭുവനേന്ദിന്റെ എഡിറ്റിങ്ങുമെല്ലാം മികച്ചു നിന്നെങ്കിലും മധുരത്തിൽ ഏറെ മാധുര്യം തോന്നിയ വിഭവം ഹിഷാം അബ്‌ദുൾ വഹാബ് ഒരുക്കിയ ഗാനങ്ങളാണ്. അവയ്ക്ക് ശരിക്കും അഡിക്ട് ആയിപ്പോയി എന്ന് തന്നെ പറയാം. മനസ്സിനെ ഒരുപാട് ഒരുപാട് തണുപ്പിക്കുന്ന ഒരുപാട് ഉന്മേഷം തരുന്ന ഗാനങ്ങൾ ആയിരുന്നു ഹിഷാം ഒരുക്കിയത്. ചിത്രത്തിലേക്ക് പ്രേക്ഷകനെ ചേർത്ത് നിർത്തുന്നതിൽ അദ്ദേഹത്തിന്റെ ഗാനങ്ങൾ വഹിച്ച പങ്ക് വലുതാണ്. ഒപ്പം ചിത്രത്തിനോട് ഒരുപാട് ചേർന്ന് നിൽക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ഗോവിന്ദ് വസന്തയും അഭിനന്ദനങ്ങൾ അർഹിക്കുന്നു.


അഭിനേതാക്കളിലേക്ക് വന്നാൽ വീണ്ടും ക്ലീഷേ വാക്കുകൾ കടമെടുക്കേണ്ടി വരും അല്ലേൽ ആവർത്തിക്കേണ്ടി വരും. ഇവിടെ ആരും അഭിനയിച്ചിട്ടില്ല അവരൊക്കെ ജീവിച്ചു കാണിക്കുകയായിരുന്നു.

ജോജു ജോർജ്ജ്..... എന്തൊരു അഭിനേതാവാണ് അയാൾ, യാതൊരു തടസ്സവുമില്ലാതെ ഓളം തള്ളി ഒഴുകി നടക്കുന്ന തടിക്കഷ്ണം പോലെ ഒഴുകി നടക്കുകയാണ് ചിത്രത്തിലുടനീളം ആ മനുഷ്യൻ. വല്ലാത്തൊരു തരം മാന്ത്രികതയുള്ള പെർഫോമൻസ്. സാബു എന്ന കഥാപാത്രത്തിനോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു. അത്രയ്ക്ക് മികച്ച രീതിയിലാണ് അദ്ദേഹം ആ കഥാപാത്രമായി പകർന്നാട്ടം നടത്തിയിട്ടുള്ളത്. ഇമോഷണൽ സീനുകളൊക്കെ അതിന്റെ ഏറ്റവും മികച്ച രീതിയിൽ തന്നെ അദ്ദേഹം ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. കാണുന്നവരിലേക്ക് അത് അവരുടെ കൂടെ വിഷമമാക്കി മാറ്റാൻ ആ പ്രകടനത്തിന് സാധിച്ചിട്ടുണ്ട്. ഗംഭീരം.

ഇന്ദ്രൻസേട്ടൻ വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. പുതുമയുള്ള ഭാവങ്ങളുടെ, പ്രകടനങ്ങളുടെ ഒരു അക്ഷയപാത്രം തന്നെയാണ് അദ്ദേഹം. രവി എന്ന കഥാപാത്രത്തെ അത്രമേൽ മികവോടെ ആ കലാകാരൻ അവതരിപ്പിച്ചിട്ടുണ്ട്. എന്തൊരു സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ അഭിനയത്തിന്.

ജോജു ജോർജ്ജും ഇന്ദ്രൻസേട്ടനുമെല്ലാം ഈയിടെ പലപ്പോഴായി പ്രകടനം കൊണ്ട് ഇങ്ങനെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായത് കൊണ്ട് തന്നെ അവര് മോശമാക്കില്ല എന്നൊരു ഉറപ്പ് നമുക്ക് ഉണ്ട്. പക്ഷേ ഇനി പറയാൻ പോകുന്ന ആള് പ്രകടനം കൊണ്ട് ഇതുവരെ ഇതേപോലെ ഞെട്ടിച്ചിട്ടൊന്നും ഇല്ല പക്ഷേ മുഷിപ്പിച്ചിട്ടുമില്ല. ഇവിടെ ഈ പറഞ്ഞ ഒരു കാര്യം അവര് തിരുത്തിയെഴുതിയിട്ടുണ്ട്. ആള് മറ്റാരുമല്ല പ്രധാന കഥാപാത്രങ്ങളിലൊന്നായ ചിത്രയെ അവതരിപ്പിച്ച ശ്രുതി രാമചന്ദ്രനാണ്. എന്തൊരു ഭംഗിയായിരുന്നു അവരുടെ പ്രകടനത്തിന്.... സാബുവിനൊപ്പം കാണുന്നവരേയും പ്രണയിക്കാൻ തോന്നിപ്പിക്കുന്ന പ്രകടനം. അവരുടെ അധിക സിനിമകളൊന്നും കണ്ടിട്ടില്ല എന്നാലും കണ്ടതിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയിലേത്. ജോജു ആയിട്ട് വല്ലാത്തൊരു തരം കെമിസ്ട്രി വർക്ക് ഔട്ട് ആയിട്ടുണ്ട്. അല്പം പാളിയാൽ പൈങ്കിളി എന്ന ലേബലും കിട്ടി സിനിമയുടെ ഗതിയും മാറിപ്പോകുമായിരുന്ന ഒന്നായിരുന്നു ചിത്ര എന്ന കഥാപാത്രം പക്ഷേ അതിനെ വളരെ തന്മയത്വത്തോടെ ഒട്ടും നാടകീയതയില്ലാതെ വളരെ സ്വാഭാവികമായി തന്നെ ശ്രുതി അവതരിപ്പിച്ചിട്ടുണ്ട്. ഈയിടെ കണ്ട നായികമാരുടെ മികച്ച പ്രകടനങ്ങളിൽ ഒന്ന്.


അർജുൻ അശോകൻ കെവിൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ചെറി എന്ന കഥാപാത്രത്തെ നിഖില വിമലും മനോഹരമാക്കി. ഒപ്പം ജാഫർ ഇടുക്കി, ലാൽ,നവാസ് വള്ളിക്കുന്ന്, മാളവിക ശ്രീനാഥ് തുടങ്ങിയവർ മുതൽ ചെറിയ വേഷങ്ങളിൽ എത്തിയവരടക്കം ചിത്രത്തിലുടനീളം മികച്ചു നിന്നിട്ടുണ്ട്. ഫാഹിം സഫർ അവതരിപ്പിച്ച താജുദ്ദീൻ എന്ന കഥാപാത്രവും മനോഹരമായിരുന്നു. ജൂണിലെ ശങ്കർ ദാസിന് ശേഷം അദ്ദേഹത്തിന്റെ മികച്ചൊരു പ്രകടനമായിരുന്നു ഇത്.

പിന്നീട് എടുത്ത് പറയാനുള്ളത് വിനായക് ശശികുമാറിന്റെ വരികളാണ്..... ഇത്രയേറെ ആഴത്തിൽ മനസ്സിൽ സ്പർശിക്കുന്ന വരികൾ ഒരുക്കാൻ അദ്ദേഹത്തോളം കഴിവ് ഇന്നത്തെ യുവ ഗാനരചയിതാക്കളിൽ അധികമാർക്കുമില്ല.

ജീവിതത്തിൽ ഒരിക്കലെങ്കിലും എന്തേലുമൊക്കെ രോഗം കാരണം ആശുപത്രികളിൽ അഡ്മിറ്റ് ആയ പ്രിയപ്പെട്ടവർക്ക് വേണ്ടി കൂട്ടിരിക്കാൻ നമ്മൾ ഓരോരുത്തരും പോയിട്ടുണ്ടാകും. പേടിയും ടെൻഷനും മനസ്സിനെ കീഴടക്കി പരിഭ്രാന്തമായ മനസ്സുമായി സമയം തള്ളി നീക്കുമ്പോൾ അവിടെ നിന്നും ആരിൽ നിന്നുമെങ്കിലും കിട്ടുന്ന ഒരു പുഞ്ചിരിയും ആശ്വാസവാക്കുകളും അല്പനേരമെങ്കിലും തരുന്നൊരു സമാധാനമുണ്ട് അത് അനുഭവിച്ചവർക്ക് അറിയാം അതിന്റെ വില. മരവിച്ച മനസ്സുമായി പ്രകാശം മങ്ങിയ മുഖങ്ങളുമായി ഓടുന്ന അനേകം ആളുകളെ കണ്ട് നമ്മുടെ മനസ്സും പതറുമ്പോൾ പ്രകാശം പകർന്നു തരുന്ന ഇത്തരം ആശ്വാസവാക്കുകളും മറ്റുമൊക്കെ ആ ഒരു നിമിഷത്തിൽ എത്രയോ വിലപ്പെട്ടതാണ്. അത്തരം കുറച്ച് സ്നേഹവും നന്മയുമുള്ള ബൈസ്റ്റാന്റേഴ്സിന്റേയും അവരുടെ പ്രിയപ്പെട്ടവരുടേയും കഥയാണ് മധുരം. ഓരോ കഥാപാത്രങ്ങളേയും പ്രേക്ഷകന്റെ മനസ്സിലേക്ക് പതിപ്പിച്ചെടുക്കാൻ അഹമ്മദ് കബീറിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്. ഒരിക്കൽ പോലും സ്‌ക്രീനിൽ വരാത്ത സുലേഖയ്ക്ക് പോലും ഒരു മുഖം സങ്കൽപ്പിച്ച് രവിയേട്ടനുമായിട്ടുള്ള പ്രണയരംഗങ്ങൾ പോലും ഇമാജിൻ ചെയ്യാൻ പ്രേരിപ്പിച്ചു എന്നത് തന്നെയാണ് അവരുടെ വിജയം.

ഈയടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച പ്രണയരംഗങ്ങളിൽ ഒന്ന് മധുരത്തിലേതാണ്. സാബുവും ചിത്രയും തമ്മിലുള്ള പ്രണയം അത്രമേൽ മനോഹരമായാണ് ചിത്രത്തിൽ വരച്ചു കാണിച്ചിട്ടുള്ളത്. ജോജുവും ശ്രുതിയും ആ കഥാപാത്രങ്ങളായി ജീവിച്ചപ്പോൾ വല്ലാത്തൊരു അനുഭവമായി മാറി അത്.

മേല്പറഞ്ഞത് പോലെ പുട്ടിന് പീരയെന്നോണം ഫീൽഗുഡ് സിനിമകൾ ഇറങ്ങുന്ന ഈ സമയത്ത് അത്തരത്തിൽ ഒരു ജോണറിലുള്ള സിനിമയെടുത്ത് പ്രേക്ഷക പ്രിയമാക്കുക എന്നത് വല്ലാത്ത ബുദ്ധിമുട്ടേറിയ കാര്യമാണ്. അവിടെ മധുരത്തിന്റെ അണിയറയിലും അരങ്ങിലും പ്രവർത്തിച്ചവർ എല്ലാം തന്നെ നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്. ആദ്യാവസാനം പ്രേക്ഷകനെ പുറത്ത് പോകാൻ സമ്മതിക്കാതെ തങ്ങളുടെ വലയത്തിൽ അകപ്പെടുത്താൻ കഴിയുന്നത് വലിയ കാര്യമാണ്. മധുരം എന്ന സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ മറ്റൊന്നിനെ പറ്റി ചിന്തിക്കാനും സമയം തരുന്നില്ല. വല്ലാത്തൊരു തരം മരുന്നാണ് അവര് ഇൻജെക്ട് ചെയ്ത് അതിലേക്ക് പ്രേക്ഷകനെ അഡിക്ട് ആക്കുന്നത്. മനസ്സ് നിറച്ച് യാന്ത്രികമായി പ്രേക്ഷകനിൽ വിരിയുന്ന ഒരു പുഞ്ചിരിയാണ് അവര് തരുന്ന ഏറ്റവും വലിയ സമ്മാനം.

വർണ്ണിച്ചാൽ ഇങ്ങനെ നീണ്ട് പോകും എന്നറിയാം. ഇപ്പൊ തന്നെ ഒരുപാട് നീണ്ടു എന്നറിയാം അല്ലേലും എഴുത്തിന് നീളക്കൂടുതൽ ഉള്ളത് ഒരു ചീത്തപ്പേരായി കൂടെയുണ്ട്. അപ്പൊ പിന്നെ ഒരുപാട് ഇഷ്ടപ്പെട്ടൊരു കാര്യത്തെ പറ്റി പറയുമ്പോൾ പിന്നെ നീളം കൂടുന്നതിൽ അത്ഭുതമില്ലല്ലോ അല്ലേ.....


മധുരം എന്നെ സംബന്ധിച്ച് തൃമധുരമുള്ളൊരു പാൽപ്പായസമാണ്. വല്ലാത്തൊരു തരം അനുഭൂതിയോടെ കണ്ടു തീർത്തൊരു സിനിമ. മനസ്സിനെ ഒരുപാട് ശാന്തമാക്കിയ ഒരു അനുഭവം. ഏറെ ഹൃദ്യമായ..... മനസ്സിനെ കീഴടക്കിയ ഒരു അതിമനോഹര ദൃശ്യാനുഭവം. എത്രയൊക്കെ വർണ്ണിച്ചാലും മതിയാകാത്തൊരു സിനിമ. ഏറെ മാധുര്യമുള്ളൊരു ചിത്രം.

ഇത്തരമൊരു മാധുര്യമേറിയ ചിത്രം ഒരുക്കി തന്ന അഹമ്മദ് കബീറിനും കൂട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി.

"അതിമനോഹരം ഈ മധുരം"

(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
മധുരം മധുരം Reviewed by on 23:06 Rating: 5

No comments:

Powered by Blogger.