മിന്നൽ മുരളി
പ്രതീക്ഷകൾക്ക് മേൽ പറന്നുയർന്ന സൂപ്പർഹീറോ
പല വലിയ സിനിമകൾക്കും പ്രേക്ഷകരിൽ ഉണ്ടാകുന്ന അമിത പ്രതീക്ഷകൾ ഒരു വിനയായി മാറാറുണ്ട്.അത്തരത്തിൽ ഒരുപാട് ഉദാഹരണങ്ങൾ ഉണ്ട് നമുക്ക് മുൻപിൽ. പലപ്പോഴും അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നുമുള്ള ഉറുമ്പിനെ ആനയാക്കുന്ന തരത്തിലുള്ള പ്രൊമോഷൻ തന്ത്രങ്ങൾ തന്നെയാണ് അത്തരം സിനിമകൾക്ക് വില്ലനാകുന്നത്. ഒന്നൂടെ വ്യക്തമാക്കിയാൽ സദ്യയുണ്ടാക്കി വെച്ച് ബിരിയാണിയാണെന്ന് പറഞ്ഞ് പ്രേക്ഷകനെ തെറ്റിദ്ധരിപ്പിക്കൽ തന്നെ. പക്ഷേ മിന്നൽ മുരളിയുടെ അണിയറപ്രവർത്തകർ അത്തരം ആളുകളിൽ നിന്നും നേരെ വിപരീതമായിരുന്നു. എന്താണോ അവര് ഒരുക്കി വെച്ചിട്ടുള്ള വിഭവം അതിനെ അതുപോലെ തന്നെ മായം ചേർക്കാതെ എന്നാൽ മാറ്റു കൂട്ടി പ്രേക്ഷകരിൽ മതിപ്പുളവാക്കും വിധം അവര് പ്രമോട്ട് ചെയ്തു കൊണ്ടിരുന്നു. എന്താണ് മിന്നൽ മുരളിയെന്ന സിനിമ എന്ന ഒരു ബോധം പ്രേക്ഷകരിൽ ഉളവാക്കിയപ്പോൾ തന്നെ അവര് പാതി വിജയിച്ചിരുന്നു. പ്രേക്ഷകർക്ക് മോഹനവാഗ്ധാനങ്ങൾ ഒന്നും നൽകാതെ കോടികളുടെ കിലുക്കം കാണിച്ച് പെരുപ്പിക്കാതെ എന്താണോ കണ്ടന്റ് അതിനെ പ്രേക്ഷകരിലേക്ക് എത്തിച്ചു. അപ്പോഴും മേല്പറഞ്ഞ പ്രതീക്ഷകൾക്ക് മാറ്റം ഒന്നും വന്നിരുന്നില്ല മലയാളികൾ അവരുടെ സൂപ്പർ ഹീറോയ്ക്ക് വേണ്ടി അണിയറപ്രവർത്തകർ പുറത്ത് വിട്ട പ്രമോകൾ ഒക്കെ കൂട്ടി ചേർത്ത് വായിച്ച് ഏറെ മനക്കോട്ടെകൾ കെട്ടി കാത്തിരുന്നു. ആ കാത്തിരിപ്പിന് വിരാമമിട്ട് മിന്നൽ മുരളി അവതരിച്ചപ്പോൾ ഒട്ടും നിരാശരാകേണ്ടി വന്നില്ല എന്ന് മാത്രമല്ല പ്രതീക്ഷിച്ചതിലും മുകളിൽ കിട്ടുകയും ചെയ്തു.
കുറുക്കൻമൂലയെന്ന ഗ്രാമത്തിലെ രണ്ട് പേർക്ക് മിന്നൽ ഏൽക്കുന്നതും അതുമൂലം അവർക്ക് ലഭിക്കുന്ന സൂപ്പർ പവർ വഴി നാട്ടിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളുമാണ് മിന്നൽ മുരളിയുടെ ഇതിവൃത്തം. കാണുന്ന പ്രേക്ഷകനിൽ സംശയങ്ങൾ ഉടലെടുക്കാത്ത തരത്തിലുള്ള കഥ പറച്ചിലായിരുന്നു ചിത്രത്തിന്റേത്. ഏറെ വൈകാരികമായി പ്രധാന കഥാപാത്രങ്ങളെ പ്രേക്ഷകന്റെ മനസ്സിൽ പതിപ്പിച്ചതിന് ശേഷമാണ് ബേസിൽ സൂപ്പർ പവറിലേക്ക് കടക്കുന്നത്. അതിനാൽ തന്നെ അതിൽ ഒട്ടും അമാനുഷികമോ ലോജിക്ക് ഇല്ലായ്മയോ ഒന്നും പ്രേക്ഷകനിൽ ഉടലെടുക്കില്ല. കാരണം അത്രയ്ക്ക് വ്യക്തമായി ആ കാര്യങ്ങളെ കാണിച്ചു തരുന്നുണ്ട്. മണ്ണിൽ ചവിട്ടി നിന്ന് കഥപറഞ്ഞു എന്നത് തന്നെയാണ് മിന്നൽ മുരളിയുടെ ഏറ്റവും വലിയ പ്രത്യേകത.
അണിയറയിലേക്ക് വന്നാൽ അരുൺ അനിരുദ്ധനും, ജസ്റ്റിൻ മാത്യുവും അത്രയ്ക്ക് വ്യക്തമായി തന്നെ രചന നിർവ്വഹിച്ചിട്ടുണ്ട് ഓരോ കഥാപാത്രങ്ങളേയും ശക്തമായി തന്നെ അവര് എഴുതി വെച്ചിട്ടുണ്ട്. ജയ്സൺ അഥവാ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയേയും ഷിബുവെന്ന സൂപ്പർ വില്ലനേയും അവര് സൃഷ്ടിച്ചിരിക്കുന്നത് അതിമനോഹരമായാണ്. അത്തരം മികച്ചൊരു രചനയെ ബേസിൽ ജോസഫ് എന്ന സംവിധായകൻ അതിനേക്കാൾ മികവോടെ അണിയിച്ചൊരുക്കിയത് കൂടെയാകുമ്പോൾ മിന്നൽ മുരളി ഒരു സൂപ്പർ സിനിമയായി മാറുന്നു. എന്ത് ഗംഭീരമാണ് ബേസിലിന്റെ മേക്കിങ്. പ്രേക്ഷകരിലേക്ക് തന്റെ കഥാപാത്രങ്ങളെയെല്ലാം ആഴത്തിൽ തന്നെ പതിപ്പിക്കാൻ ബേസിലിന് സാധിച്ചു എന്നതാണ് അയാളുടെ വിജയം. ഇത്തരം ഒരു ജോണറിൽ പുറത്തിറങ്ങുന്ന സിനിമയാകുമ്പോൾ ലോജിക്കിന്റെ പേരിലാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ വരാൻ സാധ്യതയുള്ളത് പക്ഷേ അത്തരത്തിൽ ഒരു സംശയവും പ്രേക്ഷകരിൽ ഉടലെടുക്കാൻ ബേസിൽ അനുവദിച്ചിട്ടില്ല. ഒരുപാട് എക്സ്പീരിയൻസ് ഉള്ളവർ പോലും കോടികളുടെ വീരവാദം മുഴക്കി ഒരുക്കുന്ന സിനിമകൾ പലതും നിലവാരം പുലർത്താതെ പോകുമ്പോൾ ആണ് ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ വെറും രണ്ട് സിനിമകളുടെ മാത്രം എക്സ്പീരിയൻസ് ഉള്ള ഈ ചെറുപ്പക്കാരൻ അത്ഭുതമാകുന്നത്. മിന്നൽ മുരളിയും അത്തരത്തിൽ ചെറിയ മുടക്ക് മുതലിൽ ഒരുങ്ങിയ ഒരു സിനിമയാണ്. ഇത്തരം ഒരു ജോണർ സിനിമയെടുക്കാൻ എത്രത്തോളം മുതൽമുടക്ക് വേണ്ടി വരും എന്നതൊക്കെ ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ് അവിടെയാണ് ബേസിൽ അത്ഭുതമാകുന്നത്. മറ്റുള്ള സൂപ്പർ ഹീറോ സിനിമകളുടെ മുടക്ക് മുതൽ അപേക്ഷിച്ച് നോക്കുമ്പോൾ അവയ്ക്ക് മുൻപിൽ മിന്നൽ മുരളി ചെറുതാണ്. ഒരു സാധാരണ മലയാള സിനിമയുടെ മുതൽ മുടക്ക് മാത്രമുള്ള സിനിമ. ആ ഇട്ടാവട്ടത്ത് നിന്ന് കൊണ്ടാണ് ബേസിൽ ഇത്തരമൊരു അത്ഭുതം കാണിക്കുന്നത്. അപ്പൊ ഒന്ന് ആലോചിച്ചു നോക്കൂ വലിയ ബഡ്ജറ്റ് ഒക്കെ അയാൾക്ക് ലഭിച്ചാൽ അയാൾ എന്തൊക്കെ അത്ഭുതങ്ങൾ കാണിക്കുമെന്ന്. ബേസിലിന്റെ ആദ്യ ചിത്രം കുഞ്ഞിരാമായണം തിയ്യേറ്ററിൽ നിന്നും കണ്ടപ്പോൾ ഒട്ടും ഇഷ്ടമില്ലാത്ത ഒരു സിനിമയായിരുന്നു. പിന്നീട് കണ്ടു കണ്ട് ഇഷ്ടപ്പെട്ട ഒരു സിനിമയായിരുന്നു അത്. ഗോദ പക്ഷേ നേരെ വിപരീതമായിരുന്നു ആദ്യ ദിനം ആദ്യ ഷോ തന്നെ കണ്ട ആ സിനിമ അന്ന് മുതൽ ഏറ്റവും പ്രിയപ്പെട്ടവയുടെ ലിസ്റ്റിൽ ആണ്. എത്ര തവണ ആ ചിത്രം കണ്ടിട്ടുണ്ട് എന്ന് പോലും അറിയില്ല. അന്ന് മുതൽ കാത്തിരിക്കുന്നതാണ് ബേസിലിന്റെ അടുത്ത സിനിമയ്ക്ക്. ആ കാത്തിരിപ്പിന് എന്തായാലും നഷ്ടം ഉണ്ടായില്ല. പ്രതീക്ഷകളെ തകിടം മറിക്കാതെ പ്രതീക്ഷകൾക്ക് മേൽ ഏറ്റവും മികച്ചത് തന്നെ അദ്ദേഹം ഒരുക്കി തന്നു. ഇന്നിപ്പോൾ ഒരു സംവിധായകൻ എന്ന നിലയ്ക്കും ഒരു അഭിനേതാവ് എന്ന നിലയ്ക്കും അയാൾ ഏറെ പ്രിയപ്പെട്ടവനാണ്. അക്ഷമനായി കാത്തിരിക്കുകയാണ് മിന്നൽ മുരളിയുടെ രണ്ടാം ഭാഗത്തിനും ബേസിൽ ഒരുക്കുന്നതും അഭിനയിക്കുന്നതുമായ മറ്റു ചിത്രങ്ങൾക്കും. ബേസിൽ ഇപ്പൊ പ്രതീക്ഷകൾക്കുമപ്പുറം ഒരു വിശ്വാസമാണ് ഒരു ബ്രാൻഡ് ആണ്.
രചനയും,സംവിധാനവും മാറ്റി നിർത്തിയാൽ പിന്നെ അത്ഭുതപ്പെടുത്തിയത് ഛായാഗ്രാഹകൻ സമീർ താഹിറാണ് എന്ത് ഗംഭീരമായിരുന്നു ഓരോ ഫ്രയ്മുകളും. അദ്ദേഹത്തിന്റെ മികച്ച വർക്കുകളിൽ ഒന്നാണ് മിന്നൽ മുരളി. ലിവിങ്സ്റ്റൺ മാത്യുവിന്റെ എഡിറ്റിങ്ങും, ഷാൻ റഹ്മാന്റെ ഗാനങ്ങളും, മനു മൻജിത്തിന്റെ വരികളും മികച്ചു നിന്നവയാണ്. സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും മേന്മ പുലർത്തിയെങ്കിലും ഒരു പഞ്ച് കുറവായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. മികച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ മാറ്റ് കൂട്ടാൻ സഹായിച്ചിട്ടുണ്ട്. ഒപ്പം ചിത്രത്തിന്റെ VFX ഉം മികച്ചു നിന്നിട്ടുണ്ട്.
അണിയറയിലേക്ക് വന്നാൽ ഇവിടത്തെ സ്റ്റാർ സൂപ്പർ വില്ലനാണ് പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയ സൂപ്പർ വില്ലൻ. ഷിബു എന്ന കഥാപാത്രത്തെ അതിഗംഭീരമാക്കിയ ഗുരു സോമസുന്ദരം. എന്തൊരു അഭിനേതാവ് ആണ് അദ്ദേഹം.... ഷിബു എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഒരു പ്രധാന ഫില്ലർ. വില്ലൻ എന്നൊക്കെ പറയാമെങ്കിലും അയാളോട് ഒരിക്കൽ പോലും പ്രേക്ഷകർക്ക് ദേഷ്യം തോന്നില്ല മറിച്ച് സഹതാപം മാത്രമേ തോന്നൂ. അയാളുടെ പ്രശ്നം പ്രേക്ഷകരെ വേട്ടയാടിക്കൊണ്ടിരിക്കും. ആ കഥാപാത്രത്തിന്റെ ഡീറ്റെയിലിങ് വല്ലാത്ത ഒരു തരത്തിലായിരുന്നു. ഗുരു സോമസുന്ദരത്തിലേക്ക് തിരിച്ചു വന്നാൽ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഓരോ ചലനങ്ങളും അത്ഭുതത്തോട് വാ പൊളിച്ച് കണ്ടിരുന്നവയാണ്. ഓരോ രംഗങ്ങളും എടുത്ത് പറയണമെന്നുണ്ട് പക്ഷേ അത് സ്പോയ്ലർ ആവും എന്നതിനാൽ അതിന് മുതിരുന്നില്ല. നായകൻ വില്ലന് മുകളിൽ പോകരുത് എന്ന് പ്രേക്ഷകർ ആഗ്രഹിച്ചാൽ പോലും കുറ്റം പറയാനൊക്കില്ല. ഷിബു എന്ന കഥാപാത്രവും ഗുരു സോമസുന്ദരം എന്ന അഭിനേതാവും മിന്നൽ മുരളിയിലെ വജ്രങ്ങൾ ആണ്. ഏറെ ശോഭയോടെ ജ്വലിച്ചു നിൽക്കുന്ന വജ്രങ്ങൾ.
മിന്നൽ മുരളിയെന്ന നായക കഥാപാത്രമായെത്തിയ ടോവിനോ തോമസ് ഗംഭീര പെർഫോമൻസ് തന്നെയാണ് കാഴ്ചവെച്ചിട്ടുള്ളത്. ഗുരു സോമസുന്ദരത്തിന്റെ വിസ്മയ പ്രകടനത്തിന് മുൻപിൽ അണ്ടർ റേറ്റഡ് ആയിപ്പോകുന്ന ഒരു പ്രകടനം എന്ന് തന്നെ പറയാം. മിന്നൽ മുരളിയാകാൻ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിന്റെയൊക്കെ ഫലം സ്‌ക്രീനിൽ കാണാനുമുണ്ട്. ഇന്ത്യൻ സൂപ്പർ ഹീറോ എന്ന് കേൾക്കുമ്പോൾ ബോളിവുഡിൽ നിന്നുള്ള ഹൃതിക്റോഷനാണ് പലരുടേം മനസ്സിൽ എത്തുക ഇനിയിപ്പോ സൗത്ത് ഇന്ത്യൻ സൂപ്പർ ഹീറോ എന്ന് കേൾക്കുമ്പോൾ ടോവിനോ ആയിരിക്കും മനസ്സിലേക്ക് ആദ്യം എത്തുന്നത്. തനിക്ക് കിട്ടിയ കഥാപാത്രം അയാൾ അത്രയ്ക്ക് മികവോടെ അവതരിപ്പിച്ചിട്ടുണ്ട്.
ബ്രൂസ്ലീ ബിജിയെന്ന നായികാ വേഷത്തിൽ എത്തിയ ഫെമിനാ ജോർജ്ജും മികവോടെ തന്നെ തന്റെ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു തുടക്കക്കാരിയുടെ പതർച്ചയൊന്നും അവരിൽ ഉണ്ടായിരുന്നില്ല. അജു വർഗ്ഗീസ്, ബൈജു, മാസ്റ്റർ വസിഷ്ട് ഉമേഷ്,ഷെല്ലി കിഷോർ, ആര്യ. കെ. എസ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്.
ഹരിശ്രീ അശോകൻ, പി. ബാലചന്ദ്രൻ,മാമുക്കോയ,ബിജുക്കുട്ടൻ,സ്നേഹ ബാബു, Etc തുടങ്ങി ചെറിയ വേഷങ്ങളിൽ എത്തിയവർ പോലും നിലവാരമുള്ള പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
മിന്നൽ മുരളി അഭിമാനം തന്നെയാണ് മലയാള സിനിമയുടെ അഭിമാനവും അഹങ്കാരവുമായൊരു സിനിമ. കാത്തിരിക്കുന്നു രണ്ടാം ഭാഗത്തിനായി.
ഇത്തരമൊരു അതിഗംഭീര സിനിമയ്ക്ക് ഒപ്പം നിന്ന നിർമ്മാതാക്കൾ വീക്കന്റ് ബ്ലോക്ക്‌ബസ്റ്റേഴ്സിനും ഇങ്ങനൊരു ദൃശ്യാനുഭവം ഒരുക്കി തന്ന പ്രിയപ്പെട്ട ബേസിൽ ജോസഫിനും കൂട്ടർക്കും ഹൃദയം നിറഞ്ഞ നന്ദി.
പ്രതീക്ഷകളോട് നീതി പുലർത്തിയ.... അതിന് മുകളിൽ പറന്നുയർന്ന ഒരു അതിഗംഭീര ദൃശ്യാനുഭവമാണ് മിന്നൽ മുരളി. ഒരുപാട് ബേസിൽ ബ്രില്ല്യൻസുകൾ നിറഞ്ഞു കിടക്കുന്ന ഒരു സിനിമ. ഏറ്റവും വലിയ സങ്കടം ഈ സിനിമയുടെ തിയ്യേറ്റർ എക്സ്പീരിയൻസ് നഷ്ടമായതിലാണ്. അതൊരു വലിയ നഷ്ടം തന്നെയാണ്. മികച്ചൊരു രണ്ടാം ഭാഗമൊരുക്കി ബേസിൽ ആ നഷ്ടം തീർത്ത് തരുമെന്ന് വിശ്വസിക്കുന്നു.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
മിന്നൽ മുരളി
Reviewed by
on
07:02
Rating:

No comments: