അജഗജാന്തരം

  ഒറ്റവാക്കിൽ വിശേഷിപ്പിച്ചാൽ അടിയുടെ പൂരം. അതാണ് അജഗജാന്തരം എന്ന സിനിമ.

നാട്ടിൻപുറങ്ങളിലും മറ്റുമൊക്കെ ഉത്സവപ്പറമ്പുകളിൽ സ്ഥിരം ഉണ്ടാകുന്നൊരു കലാപരിപാടിയാണ് ഈ അടിപിടി. അതിന് വലിയ കാരണമൊന്നും വേണ്ട മദ്യത്തിന്റേയും മറ്റും ലഹരി തലയ്ക്ക് പിടിച്ച് ഓരോരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി നടക്കുന്ന ഒരു വിഭാഗവും, മുന്നും പിന്നും ചിന്തിക്കാതെ എടുത്ത് ചാടി ചോരത്തിളപ്പിൽ ഓരോന്ന് ചെയ്ത് കൂട്ടുന്ന മറ്റൊരു വിഭാഗവും തുടങ്ങി ഒരുപാട് ആളുകളുണ്ടാവും ഇത്തരം ആഘോഷങ്ങളുടെ മാറ്റ് കുറയ്ക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ. നാടൻ ഭാഷയിൽ അലമ്പന്മാർ എന്നൊക്കെ പറയും. അത്തരം ഒരു കൂട്ടം അലമ്പന്മാർ ഒരു ഉത്സവരാത്രിയിൽ ഒരു അമ്പലപ്പറമ്പിൽ വരുത്തി തീർക്കുന്ന പ്രശ്നങ്ങൾ ആണ് അജഗജാന്തരം പറയുന്നത്. ഉത്സവപ്പറമ്പുകളിലും മറ്റുമൊക്കെ സ്ഥിര സാന്നിധ്യങ്ങൾ ആയവർക്ക് അല്ലേൽ അത്തരം ആഘോഷങ്ങൾ ആസ്വദിക്കുന്നവർക്ക് അജഗജാന്തരം നല്ലൊരു വിരുന്ന് തന്നെയാണ്. ഒന്ന് രണ്ട് വർഷങ്ങളായി  നമ്മിൽ നിന്നും വിട്ടു നിൽക്കുന്ന അത്തരം ആഘോഷങ്ങളുടെ ഗൃഹാതുരത്വം ഉണർത്തുകയാണ് ടിനു പാപ്പച്ചനും സംഘവും.

ചിത്രത്തിന്റെ അണിയറയിലേക്ക് കടന്നാൽ കിച്ചു ടെല്ലസ്സും,വിനീത് വിശ്വവും ചേർന്നൊരുക്കിയ തിരക്കഥ ഒട്ടും തന്നെ ബലമില്ലാത്ത ഒന്നായിരുന്നു. പക്ഷേ ശക്തമായ തിരക്കഥയുടെ അഭാവം ടിനു പാപ്പച്ചന്റെ മേക്കിങ്‌ മികവിൽ കുറേയൊക്കെ മറികടന്നിട്ടുണ്ട്. ടിനുവിന്റെ സംവിധാന മികവ് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഒപ്പം തിരക്കഥയുടെ ഉറപ്പില്ലായ്മ നിഴലിക്കുന്ന സ്ഥലങ്ങളിൽ പോലും പ്രേക്ഷകനെ മുഷിപ്പില്ലാതെ പിടിച്ചിരുത്തുന്ന ഒന്നാണ് ജസ്റ്റിൻ വർഗ്ഗീസിന്റെ പശ്ചാത്തല സംഗീതം. ആക്ഷൻ സീനുകളിലൊക്കെ പ്രേക്ഷകനെ അങ്ങറ്റം രോമാഞ്ചത്തിലേക്ക് എത്തിക്കുന്നതിൽ ജസ്റ്റിന്റെ ബി ജി എം വഹിച്ച പങ്ക് അത്രയ്ക്ക് വലുതാണ്. ഒപ്പം പഴയ നാടൻ പാട്ടുകൾക്ക് പുതിയ താളം പകർന്ന് ഒരുക്കിയതും ഏറെ മികച്ചു നിന്നിട്ടുണ്ട്. വല്ലാത്തൊരു ഓളം സൃഷ്ടിക്കാൻ അവയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എടുത്ത് പറയേണ്ട മറ്റൊരു വിഭാഗം ഛായാഗ്രഹണമാണ്. ഗിരീഷ് ഗംഗാധരനെപ്പോൽ അദ്ദേഹത്തിന്റെ ശിഷ്യനും ക്യാമറ കൊണ്ട് അത്ഭുതം കാണിക്കുകയാണ്. ജിന്റോ ജോർജ്ജിന്റെ ഛായാഗ്രഹണം അത്രയ്ക്ക് ഗംഭീരമായിരുന്നു. ഉത്സവം അത്രയേറെ മനോഹരമായാണ് അദ്ദേഹം ഒപ്പിയെടുത്തത്. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും കിരൺ ദാസിന്റെ കലാസംവിധാനവും, രംഗനാഥ് രവിയുടെ ശബ്ദമിശ്രണവും ചിത്രത്തിന്റെ മാറ്റ് കൂട്ടിയപ്പോൾ ഏറെ കൈയ്യടി നേടിയ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സുപ്രീം സുന്ദറും അങ്ങറ്റം അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഒരേ സമയം റിയലസ്റ്റിക്കും സിനിമാറ്റിക്കുമായി ഒരുക്കിയ ആക്ഷൻ രംഗങ്ങൾ തന്നെയാണ് സിനിമയുടെ പ്രത്യേകതയും ഒപ്പം നട്ടെല്ലും.


അരങ്ങിലേക്ക് വന്നാൽ പ്രധാന വേഷങ്ങളിൽ ഒന്നായ ലാലിയെ അവതരിപ്പിച്ച ആന്റണി വർഗ്ഗീസ് ആദ്യാവസാനം മികച്ചു നിന്നിട്ടുണ്ട്. ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ മികവ് പ്രശംസനീയമാണ്. ഏത് തരത്തിലും ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുമെന്ന് മൂന്ന് സിനിമകൾ കൊണ്ട് തന്നെ ആന്റണി തെളിയിച്ചിട്ടുണ്ട്. പുതിയൊരു ആക്ഷൻ ഹീറോയുടെ ഉദയം എന്ന് വേണേൽ പറയാം.

ഒപ്പം കിച്ചു ടെല്ലസ്, വിനീത് വിശ്വം, അർജുൻ അശോകൻ, ലുക്മാൻ, ടിറ്റോ വിൽസൺ, ബിറ്റോ ഡേവിസ്, സുധി കോപ്പ, സിനോജ് വർഗ്ഗീസ്, വിജിലേഷ്, ജാഫർ ഇടുക്കി, ശ്രീരഞ്ജിനി തുടങ്ങിയ കഥാപാത്രങ്ങൾ എല്ലാം തന്നെ തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയപ്പോൾ അല്പം കല്ലുകടിയായി തോന്നിയത് കച്ചമ്പർ ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാബുമോന്റെ പ്രകടനമാണ്. ഒപ്പം ഏത് കഥാപാത്രത്തെയെടുത്താലും കോമൺ ആയിട്ടുള്ളൊരു നെഗറ്റീവ് ലിപ്പ് സിങ്ക് ആയിരുന്നു. പല സീനുകളിലും ഡയലോഗ് ഒരു വശത്ത് കേൾക്കുമ്പോൾ ചുണ്ട് അനങ്ങുന്നത് മറ്റൊരു തരത്തിൽ ആയിരുന്നു.

മേല്പറഞ്ഞ നെഗറ്റീവുകൾ ഒഴിച്ചു നിർത്തിയാൽ അജഗജാന്തരം ഒരു ഗംഭീര തിയ്യേറ്റർ എക്സ്പീരിയൻസ് ആണ്. ഉത്സവങ്ങളും മറ്റും ഇഷ്ടപ്പെടുന്നവർക്കും ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്കുമെല്ലാം അജഗജാന്തരം ഒരു മികച്ച അനുഭവം തന്നെയായിരിക്കും. ദൃശ്യങ്ങൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും ഞെട്ടിക്കുന്ന ഒരു എക്സ്പീരിയൻസ്. അണിയറ പ്രവർത്തകർ ട്രൈലെർ അടക്കമുള്ള പ്രമോകളിലൂടെ എന്താണോ പ്രേക്ഷകരിൽ ഉണ്ടാക്കിയെടുത്ത പ്രതീക്ഷ അത് നിറവേറ്റാൻ അവർക്ക് സാധിച്ചിട്ടുണ്ട്. മെസ്സേജ് ഒന്നും തരാൻ ശ്രമിക്കുന്ന ഒരു സിനിമയല്ലെങ്കിൽപ്പോലും ചെറിയ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് വലുതാക്കുമ്പോൾ അല്ലേൽ ചോരത്തിളപ്പിൽ മുന്നും പിന്നും നോക്കാതെ എടുത്ത് ചാടുമ്പോൾ അത് പലപ്പോഴും ജീവിതത്തെ എത്രമേൽ ബാധിക്കും എന്നത് ഓർത്ത് നോക്കിയാൽ മനസ്സിലാക്കാവുന്ന ഒരു കാര്യമാണ്.

അജഗജാന്തരം ഒരു പൂരമാണ് കണ്ണഞ്ചിപ്പിക്കുന്ന പരുക്കനായ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായൊരു പൂരം. യുവത്വത്തിന് ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ളൊരു സിനിമ. ചിത്രം കാണുന്നെങ്കിൽ എല്ലാവരും തിയ്യേറ്ററുകളിൽ പോയി തന്നെ കാണാൻ ശ്രമിക്കുക. ഏറ്റവും മികച്ച നൂതന സാങ്കേതിക വിദ്യകളുള്ള തിയ്യേറ്ററുകളിൽ.


(അഭിപ്രായം തികച്ചും വ്യക്തിപരം)

-വൈശാഖ്.കെ.എം
അജഗജാന്തരം അജഗജാന്തരം Reviewed by on 07:52 Rating: 5

No comments:

Powered by Blogger.