മികവിന്റെ തുടർച്ച
ഇന്ത്യയുടെ ജേഴ്സിയണിയാൻ യോഗ്യനല്ലായെന്ന് പലരും വിധിയെഴുതിയ നാഗ്പൂര് കാരൻ പയ്യന് മഹേന്ദ്ര സിംഗ് ധോണിയെന്ന ക്യാപ്റ്റൻ ഓപ്പണിംഗ് സ്ഥാനം നൽകി കയറ്റം കൊടുത്ത സമയത്ത് കടുത്ത ധോണി ആരാധകർ പോലും അയാളുടെ ആ തീരുമാനത്തെ പുച്ഛിച്ചിരുന്നു. ആ ചെറുപ്പക്കാരൻ ഇന്ത്യയ്ക്ക് ഒരു ബാധ്യതയാകുമെന്ന് പലരും വിധിയെഴുതിയിടത്ത് നിന്നാണ് ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്ററും ഓപ്പണിംഗ് ബാറ്റ്സ്മാനുമായി അയാൾ മാറുന്നത്.
ഏകദിന ക്രിക്കറ്റിൽ വിനാശകാരിയായ ബൗളർമാരുടെ പേടി സ്വപ്നമായ ബാറ്റ്സ്മാനായി മാറിയപ്പോൾ അയാൾക്ക് ക്രിക്കറ്റ് ലോകം "ഹിറ്റ്മാൻ" എന്ന പേരും ചാർത്തി നൽകി. അതിന് ശേഷവും സ്ഥിരതയില്ലാത്തവനെന്ന് നാഴികയ്ക്ക് നാല്പത് വട്ടം പറഞ്ഞു നടന്ന വിമർശകർ അയാളുടെ റെക്കോർഡുകളുടെ പുസ്തകം കാണാത്തത് പോലെ നടിച്ചു കൊണ്ടിരുന്നു. 2019 വേൾഡ് കപ്പിലെ പ്രകടനം കൂടെയായപ്പോൾ സ്ഥിരതയില്ലായ്മയെ പറ്റി പറഞ്ഞു പിടിച്ചു നിൽക്കാൻ അക്കൂട്ടർക്ക് കഴിഞ്ഞില്ല. ഓപ്പണർ ആയി തുടങ്ങിയ അശ്വമേധം
143 മാച്ചുകളിൽ 141 ഇന്നിങ്സുകളിലായി 27 സെഞ്ച്വറികളുടേയും 30 ഫിഫ്റ്റികളുടേയും പിൻബലത്തിൽ 57.44 ആവറേജോടെ 7238 റൺസുമായി തുടരുന്നു.
പിന്നീട് വിമർശകർ ഏറ്റു പാടിക്കൊണ്ടിരുന്നു അയാൾ ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ ആളല്ല അയാൾക്ക് റെഡ് ബോൾ ക്രിക്കറ്റ് വഴങ്ങില്ല അയാളുടെ കളിയോടുള്ള സമീപനവും അയാളുടെ ശൈലിയും ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ലായെന്ന്.
ഏകദിനവും, കുട്ടി ക്രിക്കറ്റും തന്റെ കാൽചുവട്ടിലാക്കിയ ആ മനുഷ്യനെ തേടി ടെസ്റ്റ് ക്രിക്കറ്റിലെ ഓപ്പണിംഗ് സ്ഥാനം എത്താൻ വർഷങ്ങൾ എടുത്തു. അതും അയാൾ തന്നെ പറയേണ്ടി വന്നു ഓപ്പണർ ആയി കളിക്കാൻ താല്പര്യമുണ്ടെന്ന്. അതിന് ശേഷം 2019-ൽ ആദ്യമായി ഇന്ത്യയുടെ വൈറ്റ് ജേഴ്സിയിൽ അയാൾ ഓപ്പണർ ആയി അരങ്ങേറ്റം കുറിച്ചു. ആദ്യ മത്സരത്തിലെ രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി നേടിക്കൊണ്ടാണ് അയാൾ വിമർശനങ്ങൾക്ക് മറുപടി കൊടുത്തത്. അതേ സീരീസിൽ ഒരു ഡബിൾ സെഞ്ച്വറിയും ആ ബാറ്റിൽ നിന്നും പിറന്നു.
2019-ന് മുൻപ് ടെസ്റ്റ് ക്രിക്കറ്റിൽ പലപ്പോഴായി വീണു കിട്ടിയിരുന്ന അവസരങ്ങളിൽ നിന്നും അയാളുടെ സമ്പാദ്യം 30 മാച്ചുകളിൽ നിന്നും 47 ഇന്നിങ്സുകളിലായി 39.63 ആവറേജിൽ 1585 റൺസ് ആയിരുന്നു. അതിൽ മൂന്ന് സെഞ്ച്വറിയും പത്ത് ഫിഫ്റ്റികളും ഉൾപ്പെടുന്നു.
ഓപ്പണർ ആയതിന് ശേഷം 18 മാച്ചുകളിൽ 27 ഇന്നിങ്‌സുകളിലായി 58.48 ആവറേജിൽ അടിച്ചു കൂട്ടിയത് 1462 റൺസ് ആണ്. അതിൽ അഞ്ച് സെഞ്ച്വറികളും നാല് ഫിഫ്റ്റിയും ഉൾപ്പെടുന്നു.
ഇത്രയൊക്കെയായിട്ടും വിമർശകർ വീണ്ടും അമ്പെയ്ത്ത് തുടർന്നു കൊണ്ടിരുന്നു അയാൾക്ക് ഇന്ത്യയിൽ മാത്രമേ ടെസ്റ്റ് കളിക്കാൻ പറ്റൂ വിദേശത്ത് അയാൾക്ക് ടെസ്റ്റിൽ ഒരു സെഞ്ച്വറി പോലുമില്ല എന്നായിരുന്നു പുതിയ വാദം. ഇത്തരത്തിലുള്ള വാദങ്ങൾക്ക് അയാൾ വലിയ ആയുസ്സ് നൽകാറില്ല എന്നത് ഇവിടേം സംഭവിച്ചു. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് സീരീസിൽ ഇന്നലെ അയാൾ ടെസ്റ്റിൽ വിദേശത്ത് ആദ്യമായ് സെഞ്ച്വറി കരസ്ഥമാക്കി. വൈറ്റ് ബോൾ ഇതിഹാസമെന്ന ലേബൽ നൽകി അവിടെ മാത്രം തളച്ചിടപ്പെട്ടിരുന്ന ആ മനുഷ്യൻ അത്യന്തം ദുഷ്‌കരമായ സാഹചര്യത്തിൽ ഇംഗ്ലീഷ് പേസ് ബോളിങ് ആക്രമണത്തെ നേരിട്ടതിനെ വിശേഷിപ്പിക്കാൻ ഒരൊറ്റ വാക്കേയുള്ളൂ "ക്ലാസ്സ്". അയാളുടെ മനസാന്നിധ്യവും ക്ഷമയും കൊണ്ട് കെട്ടിപ്പടുത്ത ഇന്നിങ്സ് ഇന്ത്യയ്ക്ക് ഒരു പുനർജന്മം തന്നെയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റ്സ്മാന്മാർ പരാജയപ്പെട്ടിടത്ത് നിന്ന് പ്രതീക്ഷകൾ വാനോളമുയർത്തി ബാക്കിയുള്ളവരെ ദൗത്യം ഏൽപ്പിച്ച് 127 റൺസ്സുമായി അയാൾ മടങ്ങുമ്പോൾ ടീമിന്റെ ലീഡ് 137 റൺസ് ആണ്.
ആദ്യ സെഷനിൽ ഇംഗ്ലീഷ് പേസ് നിരയെ മറികടക്കുകയെന്ന അസാധ്യമായ കടമ്പ അയാൾ മറി കടന്നപ്പോൾ തെളിഞ്ഞു നിന്നത് പലരും മനഃപൂർവം മറക്കുന്ന അയാളെന്ന ബാറ്റ്സ്മാന്റെ സാങ്കേതികമായ മികവാണ്. അക്കാര്യത്തിൽ തന്റെ മിടുക്ക് അയാൾ പറയാതെ പറഞ്ഞു തന്നൊരു ഇന്നിങ്സ് ആയിരുന്നു അത്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ സ്പിന്നിന് അനുകൂലമായ അത്യന്തം ദുഷ്ക്കരമായ ഏറെ വിവാദങ്ങൾക്ക് വഴി വെച്ച..... മറ്റുള്ള ബാറ്റ്സ്മാന്മാർ വീണുപോയ പിച്ചുകളിൽ അയാൾ അത്ഭുതപ്പെടുത്തിക്കൊണ്ട് തുടരെ മികച്ച സ്കോറുകൾ കണ്ടെത്തിയതും ഇംഗ്ലണ്ടിലെ പേസിന് അനുകൂലമായ പിച്ചുകളിൽ മറ്റുള്ളവർ വീണു പോയപ്പോഴെല്ലാം അയാൾ സ്ഥിരത നില നിർത്തിയപ്പോഴും വിമർശകർ ഒഴികെ എല്ലാവരും അയാളെ വാഴ്ത്തി. മറ്റുള്ളവർക്ക് കളിക്കാൻ ഏറെ ബുദ്ധിമുട്ട് ഉള്ള പിച്ചുകളിൽപ്പോലും അയാൾ ഈ മികവ് പ്രകടിപ്പിക്കുന്നുണ്ടേൽ ആലോചിച്ചു നോക്കൂ അയാളുടെ കഴിവ് എത്രത്തോളമാണെന്ന്. ക്രീസിൽ നിലയുറപ്പിച്ചാൽ അയാളേക്കാൾ വിനാശകാരിയായ മറ്റൊരാൾ ഇല്ലെന്നും ടെസ്റ്റ് അടക്കമുള്ള ഫോർമാറ്റുകളിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറുകൾ അയാളാണ് മറികടക്കാൻ സാധ്യതയെന്നും വിധിയെഴുതിയത് ഇതിഹാസങ്ങളും അയാളുടെ ജനറേഷനിലെ താരങ്ങളും അടക്കമുള്ളവരാണ്. ശരിയാണ് മറ്റുള്ളവർ ക്രീസിൽ നിൽക്കുന്നതിനനുസരിച്ച് ശാരീരികമായി തളർന്നു പോകുമ്പോൾ ഇദ്ദേഹത്തിന് ശൗര്യം കൂടാറാണ് പതിവ് ശിങ്കാരി മേളത്തെ അല്ലേൽ ഒരു വെടിക്കെട്ടിനെ അനുസ്മരിപ്പിക്കും വിധം അയാൾ കത്തി കയറുമ്പോൾ എതിരെ വരുന്ന ബൗളർ ആരായാലും എറിയുന്ന പന്തുകൾ ഏത് തന്നെ ആയാലും അതിനൊക്കെ സ്ഥാനം മിക്കപ്പോഴും ബൗണ്ടറിയ്ക്ക് പുറത്തായിരിക്കും ഏകദിനത്തിലെ അയാളുടെ ഇരട്ട ശതകങ്ങൾ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ.
ഇന്ത്യയുടെ ജേഴ്സി അണിയാൻ യോഗ്യനല്ലെന്ന് വിധിയെഴുതിയവരെക്കൊണ്ട് ഇന്ത്യയുടെ വിശ്വസ്ഥനെന്ന് മാറ്റി പറയിച്ച ആ മനുഷ്യൻ ഇന്ന് ഏറെ ഉയരത്തിലാണ് മറ്റുള്ളവർക്ക് എത്തിപ്പിടിക്കാൻ സാധ്യമല്ലാത്തത്ര ഉയരത്തിൽ. ഏകദിനവും കുട്ടി ക്രിക്കറ്റും നമുക്ക് മാറ്റി നിർത്താം കാരണം അതിലെ മികവ് വിമർശകർ പോലും ഇപ്പൊ വിളിച്ചു പറയാറുണ്ട്. അവിടെ റെക്കോർഡുകളുടെ തോഴനായ അദ്ദേഹം ഇപ്പൊ ആ ബുക്ക് ടെസ്റ്റ് ക്രിക്കറ്റിലും തുറന്നിരിക്കുകയാണ്.
വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്ത താരം രോഹിത് ആണ്. അലസനെന്ന വിമർശനങ്ങൾക്ക് പ്രസക്തിയില്ലാതെ വന്നപ്പോൾ കൊണ്ട് വന്ന മറ്റൊരു ആയുധമായിരുന്നല്ലോ സ്ഥിരതയില്ലായ്മ എന്നത്. ഇന്ന് അയാളേക്കാൾ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്ന ആരാണ് ഇന്ത്യൻ ടീമിൽ ഉള്ളത്..? ഇവനെയെന്തിനാ ടീമിൽ എടുത്തത് എന്നുള്ള ചോദ്യങ്ങളിൽ നിന്നും രോഹിത്തിന് ഒപ്പം ആരാണ് ഓപ്പൺ ചെയ്യുന്നത് എന്ന തരത്തിലേക്ക് സംസാരം മാറിയിട്ടുണ്ടേൽ അത് തന്നെയാണ് അയാളുടെ റേഞ്ച്.
ഇന്നലത്തെ ഓവർസീസിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറി അയാൾക്ക് ഏറെ പ്രിയപ്പെട്ടതാണ് ഒരുപാട് നാഴികക്കല്ലുകളാണ് അദ്ദേഹം അതിലൂടെ പിന്നിട്ടത്. 15000 ഇന്റർനാഷ്ണൽ റൺസ് എന്ന കടമ്പയും, ഓപ്പണർ ആയി 11000 റൺസ് എന്ന കടമ്പയും അയാൾ കടന്നു. ഒപ്പം സ്വന്തമാക്കിയ നേട്ടങ്ങൾ ടെസ്റ്റിൽ 3000 റൺസ്, ഇംഗ്ലണ്ടിൽ 2000 റൺസ്, ഈ വർഷം 1000 ഇന്റർനാഷ്ണൽ റൺസ്, ഇംഗ്ലണ്ടിൽ ഏഴ് വ്യത്യസ്ഥ വേദികളിൽ നിന്നായി സെഞ്ച്വറി നേടുന്ന ആദ്യ സന്ദർശക ബാറ്റ്സ്മാൻ, ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ സന്ദർശക ബാറ്റ്സ്മാന്മാരിൽ സർ ഡോൺ ബ്രാഡ്മാന് പിന്നിലായി സാക്ഷാൽ വിവ് റിച്ചാർഡ്സിനൊപ്പം രണ്ടാമൻ, ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും രണ്ട് വ്യത്യസ്ഥ രാജ്യങ്ങളിൽ നിന്നായി സെഞ്ച്വറി നേടുന്ന ആദ്യ താരം എന്നിവയാണ്. അതിനൊപ്പം സിക്ക്സ്സർ അടിച്ചു കൊണ്ട് ഏറ്റവും കൂടുതൽ സെഞ്ച്വറികൾ പൂർത്തിയാക്കിയ ഇന്ത്യാക്കാരിൽ അയാൾ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്ക് പിന്നിലായി രണ്ടാം സ്ഥാനമുറപ്പിച്ചിരിക്കുന്നു. ഒപ്പം ഈയിടെ പുറത്ത് വന്ന ICC യുടെ നിലവിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ അയാൾ അഞ്ചാം സ്ഥാനത്താണ് ഇന്ത്യക്കാരിൽ ഏറ്റവും ഉയർന്ന സ്ഥാനത്താണ്, ഒപ്പം ഓപ്പണർമാരിലും അദ്ദേഹം തന്നെയാണ് മുന്നിൽ.
ഇനി അയാൾക്ക് നേരെ വിമർശനങ്ങളുടെ എന്ത് അമ്പാണ് നിങ്ങൾക്ക് എയ്യാനുള്ളത്..? അലസനെന്നും, സ്ഥിരതയില്ലാത്തവനെന്നും, ടെസ്റ്റ് കളിക്കാൻ അറിയാത്തവനെന്നും, വിദേശത്ത് ടെസ്റ്റ് സെഞ്ച്വറി ഇല്ലാത്തവനെന്നും തുടങ്ങിയുള്ള കളിയാക്കലുകൾക്കൊക്കെ അന്ത്യം കുറിച്ച സ്ഥിതിയ്ക്ക് ഇനി എന്താണ് പുതിയ കണ്ടുപിടുത്തം..?
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ചു കൊണ്ട് അയാൾ തന്റെ അശ്വമേധം തുടരുകയാണ്. ടെസ്റ്റ് ക്രിക്കറ്റിൽ പതിഞ്ഞ താളത്തിൽ തുടങ്ങേണ്ടിടത്ത് അതിന്റെ ഏറ്റവും മികച്ച സൗന്ദര്യം പുറത്തെടുത്തും, പതിഞ്ഞ താളത്തിൽ തുടങ്ങി ആളിപ്പടരേണ്ട ഏകദിന സാഹചര്യങ്ങളിലും വിപരീത സാഹചര്യങ്ങളിലും അതിന്റെ അങ്ങേയറ്റം കാണിച്ചും, വെടിക്കെട്ടിന് തിരി കൊളുത്തേണ്ട കുട്ടി ക്രിക്കറ്റിൽ അതിന്റെ ഏറ്റവും മനോഹരമായ ശൈലി പിന്തുടർന്നും ബൗളർമാരുടെ പേടി സ്വപ്നമായി,വിനാശകാരിയായി മാറിക്കൊണ്ട് ക്രിക്കറ്റ് പ്രേമികൾക്ക് ഗംഭീരമായ വിരുന്ന് ഒരുക്കി അയാൾ മുന്നേറുകകയാണ്. വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും തന്റെ ബാറ്റുകൊണ്ട് മറുപടി പറഞ്ഞു കൊണ്ട് തന്റെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണറായി.... ഇന്നിന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായി അനേകം റെക്കോർഡുകളാൽ തന്റെ സിംഹാസനം അലങ്കരിക്കുന്നു.
ഒരേയൊരു ഹിറ്റ്മാൻ.... രോഹിത് ഗുരുനാഥ് ശർമ 😎❤️
-വൈശാഖ്.കെ.എം
മികവിന്റെ തുടർച്ച
Reviewed by
on
02:04
Rating:
No comments: