ദൃശ്യവിസ്മയം
ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ട സിനിമയേതാ..? ഏറ്റവും കൂടുതൽ തവണ കണ്ട സിനിമയേതാ..? ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം ഏത് സിനിമയിലാണ്..?
ചില കാര്യങ്ങളിൽ ഒരുപാട് ചോദ്യങ്ങൾക്ക് ഒരൊറ്റ ഉത്തരം ആയിരിക്കും നമുക്ക് ഒക്കെ കൊടുക്കാനുണ്ടാകുക അത്തരത്തിൽ ഒരു ഉത്തരമാണ് മുകളിൽ ഉള്ള ആ ചോദ്യങ്ങൾക്ക് എന്റെ പക്കൽ ഉള്ളത്.
"നരൻ"
നരൻ എന്നെ സംബന്ധിച്ച് വെറുമൊരു സിനിമയല്ല വല്ലാത്തൊരു വികാരമാണ്. ജീവന്റെ അല്ലേൽ ജീവിതത്തിന്റെ ഒരു ഭാഗമായി അലിഞ്ഞു ചേർന്നൊരു ദൃശ്യവിസ്മയം എന്ന് തന്നെ പറയാം. ആദ്യമായി വലിയ സ്‌ക്രീനിൽ നരൻ കണ്ടപ്പോൾ ഉണ്ടായ സന്തോഷവും ആവേശവും സംതൃപ്തിയും മറ്റൊരു സിനിമയ്ക്കും തരാൻ സാധിച്ചിട്ടില്ല. മോഹൻലാൽ ആരാധകർക്ക് സൂപ്പർഹീറോ പരിവേഷമണിഞ്ഞ കഥാപാത്രങ്ങളിൽ പ്രിയം പൂവള്ളി ഇന്ദുചൂഡനോടും, മംഗലശ്ശേരി നീലകണ്ഠനോടും, ആടുതോമയോടും, കണിമംഗലം ജഗന്നാഥനോടുമൊക്കെയായിരിക്കും പക്ഷേ എന്റെ സൂപ്പർ ഹീറോ മുള്ളൻകൊല്ലി വേലായുധനാണ്.
വേലായുധൻ ഒരു സൂപ്പർഹീറോയാണോ എന്ന് പലരും ചോദിക്കാറുണ്ട് നിസ്സംശയം ഞാൻ പറയും അതെ വേലായുധൻ ഒരു സൂപ്പർ ഹീറോ തന്നെയാണ്. അമാനുഷിക പരിവേഷമില്ലാത്ത ജീവിതത്തിലെ സൂപ്പർഹീറോ. അതിനുള്ള കാരണം ആ സിനിമയിലുടനീളം ഉണ്ടല്ലോ. തന്റെ നാടിനെ കാക്കാൻ അയാൾ ഏതറ്റം വരേയും പോകും. അയാളുടെ നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും ശരിയേത് തെറ്റ് ഏത് എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന വ്യക്തമായ ബോധം അയാൾക്കുണ്ട്. ചീഞ്ഞളിഞ്ഞ മീനുമായി കച്ചവടത്തിന് വരുന്ന ആളോട് എതിർത്തു കൊണ്ട് വേലായുധൻ പറയുന്നുണ്ട് "അല്ലെങ്കിൽ തന്നെ ഇവിടത്തെ പിള്ളാർക്ക് തൂറലും ഛർദിയും ഒഴിഞ്ഞ നേരമില്ല ഇനി അമോണിയമിട്ട മീൻ കൂടെ തിന്നാൽ റെഡിയായി" ഈ വാക്കുകളിൽ ഉണ്ട് വേലായുധന് മുള്ളൻകൊല്ലിയിലെ ജനങ്ങളുടെ കാര്യത്തിലുള്ള ശ്രദ്ധ.
സാഹചര്യം കൊണ്ട് ശരീരം വിൽക്കേണ്ടി വന്ന ഒരു സ്ത്രീയുടെ അവസ്ഥ മുതലെടുക്കാൻ വരുന്നവരിൽ നിന്ന് അവളെ രക്ഷിക്കാൻ അവളുടെ ഉമ്മറത്ത് കാവൽ കിടക്കുമ്പോഴും, ഗുണ്ടായിസം കാണിക്കാൻ വരുന്നവരെ തല്ലി തോൽപ്പിക്കുമ്പോഴും, തനിക്ക് പ്രിയപ്പെട്ടവർക്ക് ഏതൊരവസ്ഥയിലും തണലാകുമ്പോഴും അയാളുടെ മനസ്സിൽ ഒരേ ചിന്തയും നിഷ്കളങ്കതയുമാണ്. അയാൾക്ക് അയാളെ വളർത്തി വലുതാക്കിയ നാടാണ് എല്ലാം. കൊടുക്കുന്ന വാക്കാണ് അയാൾക്ക് ദൈവം.
"വഴിപിഴച്ചു പോയ ഒരു പെണ്ണിനെ സംരക്ഷിക്കുക അവളെ നേർവഴിക്ക് നടത്തുക അതൊക്കെ നാട്ടുകാരുടെ കണ്ണിൽ വല്ല്യ തെറ്റാ ശാന്തേ.... വേലായുധൻ വെറും പൊട്ടൻ അന്നേരം അതൊന്നും അറിയില്ലായിരുന്നു."
വേലായുധൻ എന്താണ് എന്നത് ഈ സംഭാഷണത്തിൽ വ്യക്തമാണ്. ശുദ്ധനും നിഷ്കളങ്കനുമായ ഒരു പാവം. ഇവിടെയൊക്കെയാണ് മേല്പറഞ്ഞ സൂപ്പർഹീറോകളിൽ നിന്നും അയാൾ വ്യത്യസ്ഥനാകുന്നതും. പ്രതിനായകരെ നാല് തല്ലും തല്ലി കടിച്ചാൽ പൊട്ടാത്ത മാസ്സ് ഡയലോഗും പറഞ്ഞ് കൈയ്യടി വാങ്ങുന്ന ഒരു ക്ലീഷേ സൂപ്പർഹീറോയല്ല വേലായുധൻ. അയാളുടെ പോരാട്ടങ്ങൾ അയാളുടെ നാടിനും നാട്ടുകാർക്കും വേണ്ടിയായിരുന്നു അതിലാണ് അയാൾ അഭിമാനം കണ്ടെത്തുന്നതും സന്തോഷിക്കുന്നതും. അവസരങ്ങൾ പലതുണ്ടായിട്ടും സ്വയം പൊങ്ങാനോ പൊങ്ങച്ചം പറയാനോ അയാൾ എവിടേം മെനക്കെടുന്നില്ല.
കൂടെയുള്ളവരോട് അയാൾക്കുള്ള കരുതൽ എത്രത്തോളമാണ് എന്ന് വരച്ചു കാണിക്കുന്ന ഒരു രംഗമെടുക്കാം.
മരം വിറ്റ കാശ് ഹാജ്യാരോട് ചോദിക്കാൻ പോകുന്ന രംഗം.
"വേലായുധൻ : അതേ പത്ത് മുപ്പത്തയ്യായിരം ഉറുപ്പികയുടെ മരമുണ്ട് തത്കാലം ഒരു അഞ്ഞൂറ് ഇങ് താ
കേളപ്പേട്ടൻ : എന്നാ പിന്നെ ഒരു ആയിരം ആയിക്കോട്ടെ
വേലായുധൻ : കൈയ്യിൽ വെച്ചാൽ ചിലവായിപ്പോകും
കേളപ്പേട്ടൻ : അത് നിന്റെ കൈയ്യിൽ വെച്ചാൽ അല്ലേ എന്റെ കൈയ്യിൽ ഇരുന്നോട്ടെ
വേലായുധൻ : ഹാജ്യാരേ ബാക്കിയുള്ള പൈസ ഇക്കുറി മൊത്തമായിട്ട് വേണം, ഇനി വല്ല്യ താമസം ഇല്ലാതെ ലീലയുടെ കല്ല്യാണം നടത്തണം കേളപ്പേട്ടന്റെ മോൾടെ. തിടുക്കത്തിന് പത്തോ ഇരുന്നൂറോ ചോദിച്ചാൽ കണാകുണാ പറയുന്ന നിങ്ങളെ ഒരാവശ്യത്തിന് നമ്പിക്കൂടാ അതുകൊണ്ടാ"
ഇതാണ് വേലായുധൻ.... അയാൾക്ക് അയാളുടെ ചുറ്റുമുള്ള കാര്യങ്ങളെപ്പറ്റിയുള്ള ബോധവും അറിവും ആളുകളെ സ്വഭാവങ്ങളെ വേർതിരിച്ചറിയാനുള്ള കഴിവുമെല്ലാം ഉടനീളം കാണിച്ചു തരുന്നുണ്ട്.
തന്റെ നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവിതം മറന്ന് നില കൊള്ളുന്ന ആ മനുഷ്യനെ സൂപ്പർഹീറോ എന്നല്ലാതെ മറ്റൊരു പേര് വിളിക്കാനുണ്ടേൽ അത് ലീല വിളിക്കുന്ന ആ ഇരട്ടപ്പേര് മാത്രമാണ്. "മുള്ളൻകൊല്ലി മഹാരാജാവ്" അതെ അയാൾ അതിന് എന്തുകൊണ്ടും യോഗ്യനാണ്.
വേലായുധനെ വർണ്ണിച്ചാൽ തീരില്ല അതുകൊണ്ട് നരൻ എന്ന ദൃശ്യവിസ്മയത്തിലേക്ക് തിരിച്ചു വരാം.
ഒരു സിനിമയുടെ എല്ലാ വിഭാഗങ്ങളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നത് അല്ലേൽ അത്രേം പെർഫെക്ട് ആയി വരുന്നത് ഒക്കെ വളരെ വിരളമാണ് അവിടെയൊക്കെയാണ് നരൻ ഒരു വിസ്മയമായി മാറുന്നത്.
ജോഷിയുടെ സംവിധാനവും,രഞ്ജൻ പ്രമോദിന്റെ രചനയും, ഷാജിയുടെ ഛായാഗ്രഹണവും, രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിങ്ങും, ദീപക് ദേവിന്റെ സംഗീതവും, ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതവും തുടങ്ങി എല്ലാ വിഭാഗങ്ങളും ഒരു അത്ഭുതമാണ്. എന്തിനേറെ പറയുന്നു. ജൂനിയർ ആർട്ടിസ്റ്റുകൾ വരെ ഇത്രയേറെ സ്വാഭാവികമായി അഭിനയിച്ച വേറേത് സിനിമയുണ്ട്. ആക്ഷൻ സീനുകൾക്ക് ഒക്കെ ഒരു പ്രത്യേക ഭംഗിയും പുതുമയുമാണ്. ഒരു സിനിമയുടെ A to Z കാര്യങ്ങൾ ഒരേ മികവിൽ വരുന്നത് ഒക്കെ ശരിക്കും അത്ഭുതമാണ്. ശരിക്കും ഒരു ടെക്സ്റ്റ് ബുക്ക് ആയ സിനിമ.
ഇത്രയേറെ മറ്റൊരു സിനിമയേയും അന്ധമായി ആരാധിക്കുന്നില്ല. ദിവസേനയെന്നോണം ഒരു മടുപ്പും ഇല്ലാതെ കാണുന്നൊരു ചിത്രം, ആദ്യം കണ്ടപ്പോൾ ഉണ്ടായിരുന്ന അതേ ആവേശത്തോടെ ഇപ്പോഴും കാണുന്ന ചിത്രം, മൊബൈലിൽ സ്ഥിരമായി കൊണ്ട് നടക്കുന്ന ഒരേയൊരു സിനിമ.
നരൻ എന്ന സിനിമ ജീവിതത്തിൽ ചെലുത്തിയിട്ടുള്ള സ്വാധീനം പറഞ്ഞറിയിക്കാൻ പറ്റില്ല. അങ്ങനെ പറയാൻ വാക്കുകൾ ഇല്ല താനും.
വലിയ നമ്പ്യാർ ചിത്രത്തിന്റെ തുടക്കത്തിൽ പറയുന്ന ഒരു ഡയലോഗ് ഉണ്ട് "മുള്ളൻകൊല്ലിക്ക് തെക്ക് കാടാണ്,ഈ കരയ്ക്ക് വെള്ളിയരഞ്ഞാണം ചുറ്റിയോഴുകുന്ന കാട്ടരുവി കർക്കിടകത്തിലെ ആദ്യമഴയ്ക്ക് നിറഞ്ഞു കലങ്ങി ഒഴുകുന്നത് ഇവിടെ എന്നും ഒരു വിസ്മയക്കാഴ്ച്ചയാണ്. എന്റെ വേലായുധനും അതുപോലൊരു വിസ്മയമാണ്."
അതെ വേലായുധൻ ഒരു വിസ്മയമാണ് നരൻ ഒരു ദൃശ്യവിസ്മയവും.
സ്ത്രീ വിരുദ്ധതയോ അശ്ലീല സംഭാഷണങ്ങളോ ഇല്ലാത്ത എല്ലാ അർത്ഥത്തിലും പെർഫെക്ട് ആയൊരു സിനിമ.... അമാനുഷികൻ അല്ലാത്ത ഒരു സൂപ്പർഹീറോയുടെ കഥ പറഞ്ഞ സിനിമ..... എല്ലാത്തിലും അങ്ങറ്റം സ്വാഭാവികത നിറഞ്ഞൊരു സിനിമ.
നരന്റെ കാര്യത്തിലുള്ള ഏക സങ്കടം മുൻപും പറഞ്ഞിട്ടുള്ളതാണ്.... മറ്റുള്ള മിക്ക കഥാപാത്രങ്ങളേയും ആഘോഷമാക്കുമ്പോൾ ആരാധകർ പോലും പലപ്പോഴും വേലായുധന് വേണ്ട പ്രാധാന്യം കൊടുക്കാതെ പോകുന്നത് ഒരു സങ്കടമുള്ള കാര്യമാണ്. മറ്റുള്ള പല സിനിമകൾക്കും റീ റിലീസുകൾക്ക് വേണ്ടി മുറവിളി കൂട്ടുന്ന ആരും നരന്റെ കാര്യം പറയുന്നത് കണ്ടിട്ടില്ല. വലിയ സ്‌ക്രീനിൽ ഒരിക്കൽ കൂടെ വേലായുധനെ കാണാൻ അതിയായ ആഗ്രഹമാണ്.
മുകളിൽ പറഞ്ഞ മിക്ക കാര്യങ്ങളും പലപ്പോഴായി ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്നാലും ഈയൊരു സിനിമയെ പറ്റി എത്ര പറഞ്ഞാലും മതിയാകില്ല.
(മൂന്നും നാലും വർഷങ്ങൾക്ക് മുൻപ് നരനെ പറ്റി എഴുതിയ പോസ്റ്റുകളുടെ ലിങ്കുകൾ ഇതിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്. വായിക്കാത്തവർ അവിടെ പോയി വായിക്കുമല്ലോ അല്ലേ )
വേലായുധനെ കേരളക്കര കാണാൻ തുടങ്ങിയിട്ട്..... നെഞ്ചേറ്റിയിട്ട് ഇന്നേയ്ക്ക് പതിനാറ് വർഷങ്ങൾ തികഞ്ഞിരിക്കുന്നു. വേൽമുരുകാ എന്ന ഗാനത്തിന് പുതുമ നഷ്ടപ്പെടാതെ ഇന്നും പല ആഘോഷങ്ങളും ആ ഗാനം ഭരിക്കുമ്പോൾ അതേ പുതുമയോടെ തന്നെ നരനും വജ്ര ശോഭയിൽ തിളങ്ങി നിൽക്കുന്നു.
ഇങ്ങനൊരു വിസ്മയം ഒരുക്കി തന്ന ലാലേട്ടനും,ജോഷി സാറിനും, രഞ്ജൻ പ്രമോദിനും,ആന്റണി പെരുമ്പാവൂരിനും തുടങ്ങി നരന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദി ❤️🙏🏻
#16YearsOfNaran
-വൈശാഖ്.കെ.എം
ദൃശ്യവിസ്മയം
Reviewed by
on
14:57
Rating:

No comments: