ഓർമ്മകൾ പരത്തുന്ന സുഗന്ധം
പലപ്പോഴും ഊണും ഉറക്കവും നഷ്ടപ്പെടുന്നത് വർത്തമാനത്തിലെ അഴുക്ക് നിറഞ്ഞ ദുർഗന്ധം വമിക്കുന്ന യഥാർഥ്യങ്ങൾ മനസ്സിൽ മിന്നി മാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്. മനസ്സിനെ കഷ്ടപ്പെടുത്തി നിർബന്ധപൂർവ്വം ജീവിതം റീവൈൻഡ് അടിപ്പിക്കുമ്പോൾ പതിയെ ആ സമയത്ത് എങ്ങു നിന്നോ കടന്നു വരുന്ന ഓർമ്മകളുടെ സുഗന്ധവുമായി കടന്നു വരുന്ന മാരുതൻ ദുർഗന്ധത്തെ കോരിയെടുത്ത് കൊണ്ട് പോകും.
ഏറെ മാനസിക പിരിമുറുക്കങ്ങളും മറ്റുള്ള വിഷമതകളും വേട്ടയാടുന്ന മനസ്സുമായി നിൽക്കുമ്പോൾ എതിരെ നിന്നും വരുന്നവന്റെ മുൻപിൽ വാടിയ മുഖത്ത് ഒരു കൃത്രിമ ചിരിയുടെ മുഖമൂടിയും വെച്ചു പിടിപ്പിച്ച് നിൽക്കുമ്പോൾ അനുഭവിക്കുന്ന ആ ഒരു ഇടങ്ങേറ് ഉണ്ടല്ലോ അസഹനീയമാണ്. പക്വത ഇല്ലാതാക്കുന്ന ഒന്നാണ് നിഷ്കളങ്കത എന്നൊക്കെ പലരും പറയാറില്ലേ സത്യമാണത്. ഭാവിയെ പറ്റിയുള്ള ചിന്തകളും മറ്റുള്ള വിഷമങ്ങളും ഒരു മറ കെട്ടി സന്തോഷത്തിനെ കാണാമറയത്തേക്ക് അയക്കുമ്പോൾ ഉള്ള് തുറന്ന് ഒന്ന് ചിരിക്കാൻ പോലും പറ്റിയെന്ന് വരില്ല. ഇത്തരം വേട്ടയാടാലുകൾ ഉറക്കം നഷ്ടപ്പെടുത്തുന്ന രാത്രികളിൽ നേരത്തെ പറഞ്ഞ നിർബന്ധ പൂർവ്വം വിളിച്ചു വരുത്തുന്ന ഭൂതകാലത്തിലെ സുഗന്ധവും കൊണ്ട് വരുന്ന മാരുതൻ ഇല്ലേ അതാണ് ഏക ആശ്വാസം.
എന്തൊരു മനോഹരമായിരുന്നു ആ ബാല്യം.... മറ്റൊന്നും അറിയേണ്ട മനസ്സിൽ യാതൊരുവിധ പിരിമുറുക്കങ്ങളോ ഒന്നും തന്നെയില്ല.... ശാന്തമായി ഒഴുകുന്ന ഒരു പുഴപോലെയുള്ള ജീവിതം. അന്ന് എന്തായിരുന്നു ജീവിതത്തിൽ ആകെ ഭയപ്പെടുത്തുന്ന ഒരു വസ്തുത..? അങ്ങനെയൊന്നുണ്ടോ..? ആലോചനയ്ക്ക് ഒടുവിൽ ഒരു ഉത്തരം കിട്ടി ആ ഉണ്ട് അത് അച്ഛൻ തന്നെയാണ്. അച്ഛൻ ഒരു നാണയമാണ് രണ്ട് വശമുണ്ട് ഹെഡ്‌സും റ്റെയിൽസും. സ്നേഹ നിധിയായ ആ മനുഷ്യന്റെ ഒരു വശം ഏറെ സന്തോഷം തരുന്ന ഒന്നാണ് പക്ഷേ മറുവശം അമ്പേ പേടിപ്പിടുത്തുന്ന ഒന്നാണ്. ഏയ് മറ്റൊന്നുമല്ലാട്ടോ പരീക്ഷയിൽ മാർക്ക് കുറഞ്ഞാലും കുരുത്തക്കേട് കാണിച്ചാലും കക്ഷി നന്നായി ഒന്ന് പെരുമാറും. വർഷത്തിൽ ഒന്നോ രണ്ടോ തവണയുള്ള ആ തലോടലുകളുടെ ഭയപ്പാട് ആ വർഷം മുഴുവൻ നീണ്ടു നിൽക്കും. അപ്പൊ അതാണ് ആ പറഞ്ഞ ഒരേയൊരു ഭയപ്പെടുത്തുന്ന വസ്തുത. അത് മാറ്റി നിർത്തി കഴിഞ്ഞാൽ സ്വസ്ഥം സുന്ദരം.
സ്കൂളിൽ പോകുന്നത് വലിയ ഇഷ്ടമുള്ള കാര്യമായിരുന്നു കാക്കയോടും പൂച്ചയോടുമൊക്കെ സംസാരിച്ച് അനിയന്റെ കൈയ്യും പിടിച്ച് കൂട്ടുകാരിയോട് ബഡായി പറഞ്ഞ് നടക്കുന്നത് അന്നത്തെ വലിയ സന്തോഷങ്ങളിൽ ഒന്നാണ്. സ്കൂളിന്റെ മതിൽ കെട്ടിനകത്ത് ഏറെ പ്രിയപ്പെട്ട അധ്യാപികയുടെ ശിക്ഷണം സ്വീകരിച്ച് ശ്രദ്ധയോടെ ഇരിക്കുന്നതും അതിന് ശേഷമുള്ള ഒഴിവ് സമയങ്ങൾ ഉത്സവമാക്കുന്നതുമൊക്കെ എങ്ങനെ മറക്കാൻ പറ്റും. ആ മറ്റൊരു കാര്യം കൂടെയുണ്ട് കേട്ടോ ആരോടും അധികം സംസാരിക്കാത്ത പേടിച്ച് പേടിച്ച് നടക്കുന്ന ഒരു കൂട്ടുകാരിയുണ്ടായിരുന്നു എന്റെ നോട്ടം അവളിലേക്ക് നീണ്ടാൽ നിഷ്കളങ്കമായ ഒരു ചിരി സമ്മാനിക്കുമായിരുന്നു ആ കുട്ടി. എനിക്ക് മാത്രം കിട്ടാറുള്ള ആ സമ്മാനത്തിൽ ഞാനല്പം അഹങ്കാരി തന്നെയായിരുന്നു എന്ന് തന്നെ പറയാം. ഓട്ടവും ചാട്ടവുമായി ഒഴിവ് സമയങ്ങളിൽ പറന്നു നടക്കുമ്പോൾ ഇടയ്ക്ക് ഉണ്ടാവുന്ന ചെറിയ ചെറിയ ഭൂമീ വന്ദനവും അതിൽ നിന്ന് ശരീരത്തിൽ പ്രത്യേകിച്ച് കാൽ - കൈ മുട്ടുകളിൽ പതിഞ്ഞു കിട്ടുന്ന വരകളും കുറികളും തരുന്ന നീറ്റലുകൾക്ക് പോലും ഒരു മധുരമുണ്ടായിരുന്നു. അന്നത്തെ വാശിയേറിയ കളികളിൽ ഒന്നിൽ എപ്പോഴോ സ്‌കൂളിനെ നയിക്കുന്ന ഞങ്ങളുടെ പ്രതിനിധിയുടെ പല്ല് മുഖത്ത് തറച്ചു കയറിയപ്പോൾ ധാരയായി ചീറ്റി വന്ന ശരീരത്തിലെ ആ ചുവപ്പൻ പടയാളി സമ്മാനിച്ച പ്രഹരമായിരിക്കും ഒരുപക്ഷേ അന്ന് ഏറ്റവും കൂടുതൽ ശരീരത്തെ വേദനിപ്പിച്ചിട്ടുണ്ടാകുക..... അല്ല അത് മാത്രമല്ല ഒന്നൂടെയുണ്ട്, ചിത്രങ്ങൾ വെട്ടിയെടുക്കാൻ സഹായിച്ച ബ്ലേഡിന് ആവശ്യം കഴിഞ്ഞതിന് ശേഷം അനാഥമാക്കാതെ ബാഗിനുള്ളിൽ അഭയം കൊടുത്തു ചിത്രങ്ങൾ ചോദിച്ച കൂട്ടുകാരിയെ കാണിക്കാൻ വേണ്ടി ബാഗിനുള്ളിൽ കൈയ്യിട്ടപ്പോൾ സ്നേഹം കൊണ്ട് ബ്ലേഡ് കൈയ്യിൽ കയറി പിടിച്ചപ്പോഴും മേല്പറഞ്ഞ ചുവപ്പൻ പോരാളി നല്ലത് പോലെ പുറത്ത് വന്നിരുന്നു. അന്നത്തെ ആ പല്ലിന്റെ അടയാളം മുഖത്തിന് ഒരു അലങ്കാരമായി ഇന്നും തെളിഞ്ഞു നിൽക്കുന്നുണ്ട്. ബ്ലേഡിന്റെ ഓർമ്മ വലതു കൈയ്യിലെ നടുവിരലിലും തിളങ്ങി നിൽപ്പുണ്ട്. അവിടങ്ങളിൽ ഒന്ന് തൊട്ട് നോക്കുമ്പോൾ പെട്ടന്ന് തന്നെ നേരത്തെ പറഞ്ഞ ആ മാരുതൻ ഓടിയെത്താറുണ്ട് അതൊരു ഭാഗ്യമാണ്. അങ്ങനെ എത്രയെത്ര കളിചിരി തമാശകൾ.
ആ മതിൽ കെട്ടിനകത്ത് നിന്നും സായാഹ്നങ്ങളിൽ പുറത്തിറങ്ങിയാൽ പിന്നെ പാടത്തും പറമ്പിലും പണിയെടുക്കുന്ന ചേട്ടന്മാരെ അനുകരിച്ച് തുടങ്ങും. മഴയോട് ഉള്ള പ്രണയം കുറയ്ക്കാൻ വീട്ടിൽ നിന്നും കൂടെ പറഞ്ഞു വിടുന്ന പുള്ളികുടക്കാരൻ സെക്യൂരിറ്റിയോട് തോന്നിയ ഈർഷ്യയായിരിക്കും രൗദ്ര ഭാവം പുറത്ത് വരുന്ന ഏക സമയം. ആ സെക്യൂരിറ്റിയെ പാടത്ത് കെട്ടി കിടക്കുന്ന വെള്ളത്തിലേക്ക് തല കീഴായി തൂക്കിയിട്ട് വെള്ളത്തിൽ മുക്കി വേദനിപ്പിക്കുന്നതാണ് അന്നത്തെ ക്രൂരമായ വിനോദം. പക്ഷേ അയാളെ വേദനിപ്പിക്കുക എന്നൊരു ലക്ഷ്യം അവിടെ മനസ്സിൽപ്പോലും ഉണ്ടായിരുന്നില്ല വെള്ളത്തിലൂടെ ഓടി കളിക്കുന്ന ആ മീൻ കുട്ടന്മാരെ സ്വന്തമാക്കുക എന്നതാണ് ലക്ഷ്യം. ആ മൽപ്പിടുത്തത്തിനിടയിൽ പലപ്പോഴും ചന്ദനക്കളറുള്ള യൂണിഫോം ചോക്ലേറ്റ് കളറായി മാറും. അതിന് ശേഷം തുമ്പികളുമായാണ് മൽപ്പിടുത്തം അങ്ങനെ തട്ടി തടഞ്ഞ് വീട്ടിലെത്തി "കന്ന് പൂട്ടാൻ പോയി വരുന്ന വഴിയാണോ" എന്ന ദിവസേനയുള്ള കുശലാന്വേഷണവും കുളിയും ചായ കുടിയുമൊക്കെ കഴിഞ്ഞ് ഇരിക്കുമ്പോൾ ആവും നാമം ജപിക്കാനുള്ള ഓർഡർ വരുന്നത്. ഭസ്മവും വാരി പൂശി പെട്ടന്ന് തന്നെ ആ ചടങ്ങ് കഴിച്ച് എഴുന്നേറ്റ് ക്രിക്കറ്റ് കളിക്കാരുടെ ചിത്രങ്ങൾ നിരത്തി ഇരിക്കുമ്പോൾ ആയിരിക്കും ഹോം വർക്ക് എന്ന വില്ലനെ ബാഗിനുള്ളിൽ നിന്നും എടുത്ത് കൊണ്ട് വന്ന് മുന്നിൽ ഇട്ട് തരുന്നത്. പിന്നീട് കക്ഷിയുമായുള്ള സംഘട്ടനവും വായനാ മഹാമഹവുമൊക്കെ കഴിയുമ്പോൾ അത്താഴം ഒരുങ്ങും പിന്നെ നടയടയ്ക്കും.
ലീവ് ദിവസങ്ങൾ ആണ് ശരിക്കും സ്വാതന്ത്ര്യ ദിനങ്ങൾ. ചായയും വേണ്ട, ഊണും വേണ്ട, കുളിയും ഇല്ല, ജപവും ഇല്ല രാവിലെ കെട്ടഴിഞ്ഞാൽ മേച്ചിൽപ്പുറങ്ങളിൽ നിന്നും കൂടണയുന്നത് സന്ധ്യ മയങ്ങുമ്പോൾ ആവും. പൂക്കൂടയുമായി തുമ്പപ്പൂ തേടി നടക്കുന്ന ഓണക്കാലവും പടക്കം പൊട്ടുമ്പോൾ കട്ടിലിനടിയിൽ ഓടിയൊളിക്കുന്ന വിഷുക്കാലവും ഹൃതിക് റോഷന്റെ കഹോന പ്യാർ ഹേയുടേയും ജാസി ഗിഫ്റ്റിന്റെ ലജ്ജവതിയോടുമൊപ്പമുള്ള അയൽപ്പക്കത്തെ വിവാഹഘോഷങ്ങളും ലീവ് ദിവസങ്ങളിൽ പ്രിയപ്പെട്ട ഗിരിജ ടീച്ചറുടെ വീട്ടിലേക്കുള്ള ടീച്ചറുടെ തൊടുപുഴ സ്റ്റൈലിലുള്ള ഭക്ഷണങ്ങളുടെ ടേസ്റ്റ് നോക്കാനുള്ള വെച്ചു പിടിക്കലുമെല്ലാം ഒരു തരം ദിവ്യാനുഭൂതി തന്നെയായിരുന്നു.
സ്കൂൾ കലോത്സവ നാളുകളിലേക്കുള്ള ലളിതഗാന, പ്രസംഗ മത്സരങ്ങളിലേക്കുള്ള പ്രാക്ടീസും. അറിയാത്ത വിഭാഗമായ മിമിക്രി, മോണോ ആക്ട്, സിനിമാറ്റിക്ക് ഡാൻസ് മുതലായവ സായത്വമാക്കാനുള്ള പാഴായിപ്പോയിട്ടുള്ള കഠിന പ്രയത്നങ്ങളും സ്റ്റേജിൽ കയറി അലസാ കൊലുസാ പെണ്ണിനൊപ്പം കയറ് പിരിക്കുന്ന സ്റ്റെപ്പുമായി ഇളിഭ്യനായതുമൊക്കെ ഇന്നും ചിരിപടർത്തുന്ന ഓർമ്മകളാണ്. അന്നത്തെ ഏറ്റവും വലിയ സന്തോഷം വാരാന്ത്യത്തിലെ സിനിമാക്കാഴ്ച്ചകളാണ്. ആ വലിയ സ്ക്രീനിൽ തെളിയുന്ന മുഖങ്ങൾ അന്നും ഇന്നും അത്ഭുതവും സന്തോഷവുമാണ്.
സ്കൂൾ അവധിക്ക് ഒരേയൊരു അമ്മാവന്റെ വീട്ടിലേക്കുള്ള അമ്മൂമ്മയോടൊപ്പമുള്ള യാത്രയാണ് അന്നത്തെ ദീർഘദൂര യാത്ര. കോഴിക്കോട് നിന്നും കുറ്റിപ്പുറത്തെ ഒതളൂരിലേക്കുള്ള ആ യാത്ര ഏറെ പുതുമകൾ സമ്മാനിക്കുന്നത് ആയിരുന്നു. അമ്മാവന്റെ വീട്ടിൽ കാത്തിരിക്കുന്ന ഏട്ടനും ചേച്ചിയും ഒപ്പം പത്ര ഏജന്റ് ആയ അമ്മാവന്റെ വലിയ ബാലരമ, ബാലഭൂമി ശേഖരങ്ങളും മറ്റും ഏറെ സന്തോഷം നൽകുമെങ്കിലും കണിശക്കാരിയായ അമ്മായിയുടെ മുഖം പേടിപ്പെടുത്തുന്ന ഒന്നായിരുന്നു. നമ്മുടെ മുഖത്ത് നോക്കി കക്ഷി അഞ്ഞൂറ് വാട്ട്സിന്റെ ചിരിയൊക്കെ പാസ്സ് ആക്കി നടക്കുമെങ്കിലും ദിലീപേ (അമ്മായിയുടെ മൂത്ത സന്താനം അതായത് നമ്മുടെ സഹോദരൻ) എന്നുള്ള ഒരു ഗർജ്ജനത്തിൽ ആ വീട് മുഴുവൻ കുലുക്കി ഏട്ടനെ വീട് മുഴുവൻ ഓടിച്ചിട്ട് മടലിന്റെ തലപ്പ് കൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്ന കാഴ്ചകൾ അന്നത്തെ എനിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
അവനൊപ്പം ക്രിക്കറ്റ് കളിച്ചും പറമ്പിലും അവരുടെ പട്ടാമ്പി ടൗണിലുമൊക്കെ കറങ്ങി നടന്നും സമയം പോകുന്നത് അറിയില്ല അന്ന് അവൻ ജീവനായിരുന്നു. ഏട്ടൻ മാത്രല്ല അവന് ഒരു അനിയത്തിയും ഉണ്ട്. ദീപ്തി എന്നാണ് പേര് എന്റെ ഭാഷയിൽ പീപ്പി ചേച്ചി. ഒരു കയറുള്ള കണ്ണടയും വെച്ച് പുള്ളിക്കാരി എന്റെ കവിളും നുള്ളി മൂക്കും പിടിച്ച് ഇങ്ങനെ നടക്കും. അവിടെ ചെന്നാൽ മറ്റൊരു സന്തോഷം ഇഡ്ഡലിയാണ്. ജീവിതത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണ പദാർത്ഥമാണ് ഇഡ്ഡലി അമ്മായി ആണേൽ കൈയ്യും കണക്കും ഇല്ലാതെ അത് തീറ്റിക്കും. ഞാൻ ഇരുന്ന് തിന്നുകയും ചെയ്യും. ഒരുമിച്ചുള്ള ആ ഭക്ഷണം കഴിപ്പ് ഒക്കെ വല്ലാത്ത ഒരു അനുഭവമായിരുന്നു.
അവിടെ ചെന്നാൽ മറ്റൊരു ആഘോഷം സിനിമകളാണ് അമ്മാവൻ എടുത്ത് കൊണ്ട് വരുന്ന കാസറ്റുകളാണ് സെക്കന്റ് ഷോകൾ ആയി അവിടെ ഓടാറുള്ളത്. ദൂൾ, കിളിച്ചുണ്ടൻ മാമ്പഴം, മാർക്ക് ആന്റണി തുടങ്ങി നിരവധി സിനിമകൾ ഒരുമിച്ച് ഇരുന്ന് ആസ്വദിച്ച കാലം. അവിടെ നിന്ന് എനിക്ക് കൊടുക്കരുത് എന്ന അച്ഛനമ്മമാരുടെ ഓർഡർ ഉള്ള ഒരു സംഭവം ഐസ് വാട്ടർ ആണ്. മിനുട്ട് വെച്ച് ഏട്ടൻ ആ വെള്ളം കുടിക്കുമ്പോൾ അവനൊപ്പം ആ ഉദ്യമത്തിൽ ഞാനും പങ്കു ചേരും. അങ്ങനെ എന്റെ കഴുത്തിൽ പൊടുന്നനെ മൂന്നാല് ഉണ്ടകൾ പ്രത്യക്ഷപ്പെട്ടു. മുണ്ടി വീക്കം എന്നൊക്കെ പറയുന്ന ആ വില്ലനെ ഒന്ന് മെരുക്കിയെടുക്കാൻ ഞങ്ങള് നന്നേ പണിപ്പെട്ടിരുന്നു. അമ്മായിയുടെ സഹോദരന്മാരുടെ ഭാര്യമാരും മക്കളുമൊക്കെയായി അത്തരത്തിൽ ആഘോഷമാക്കിയ എത്രയെത്ര അവധികൾ. സംസാരിക്കുന്നതിൽ പിശുക്കുള്ള അമ്മാവൻ യാത്ര പറഞ്ഞു ഇറങ്ങാൻ നേരത്ത് കൈ പിടിച്ചു ഒരു തല കുലുക്കൽ ഉണ്ട് അതിൽ ഉണ്ടാവും അത്ര നേരം പിടിച്ചു വെച്ചത് എല്ലാം.
പിന്നീട് സ്കൂളിൽ നിന്നുള്ള മാറ്റവും വീട് മാറ്റവുമെല്ലാം പ്രിയപ്പെട്ട ഒരുപാട് കൂട്ടുകാരിൽ നിന്നും അകലേണ്ടി വന്നു ഒരുപക്ഷേ ജീവിതത്തിൽ അന്ന് ഏറ്റവും കൂടുതൽ കണ്ണീരൊഴുക്കിയത് അതിനാവും. പുതിയ കൂട്ടുകാരാമായി ഇണങ്ങി വന്നപ്പോൾ വീണ്ടും മാറ്റം അവിടെ രണ്ട് വർഷം ആയപ്പോൾ അടുത്ത സ്കൂളിലേക്ക് പറിച്ചു നട്ടു. അപ്പോഴേക്കും മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഒക്കെ താനേ പഠിച്ചു. അതിന് ശേഷം കൗമാരവും പ്രണയവും മറ്റുമായി വീണ്ടും ആഘോഷത്തിന്റെ നാളുകൾ. അതായിരിക്കും ഒരു പക്ഷേ മറ്റൊരു സമ്മർദ്ദങ്ങളുമില്ലാതെ ആഘോഷമാക്കിയ ഉത്സവനാളുകളുടെ ഫൈനൽ.
പിന്നീട് ജീവിതത്തിൽ ഓരോരൊ പ്രശ്നങ്ങൾ മൊട്ടിട്ടു തുടങ്ങി അത് പൂത്തു കായ്ച്ചു പഴുത്തു അങ്ങനെ അങ്ങനെ പതിയെ സന്തോഷങ്ങൾ പാടേ അകന്നു. ഇടക്കാല ആശ്വാസ കേന്ദ്രമായിരുന്നു സിനിമാ തിയ്യേറ്ററുകൾ. പതിയെ പതിയെ ഏറെ ഇഷ്ടമുള്ള സിനിമയോട് ആരാധനയും അതിനു പിന്നാലെ പ്രണയവും തോന്നിത്തുടങ്ങി. പിന്നീട് ഏത് വിഷമഘട്ടവും അകറ്റി നിർത്താനുള്ള ഒരു മരുന്ന് ആയും ഒരേയൊരു സുഹൃത്ത് ആയും സിനിമ മാറി. ഒപ്പം ക്രിക്കറ്റും വലിയൊരു ആശ്വാസമായിരുന്നു.
അങ്ങനെ ആദ്യം പറഞ്ഞ ആ മുഖംമൂടി ധാരിയിൽ നിന്നും ചൂട് പിടിച്ച മനസ്സിനെ തണുപ്പിക്കുന്നത് ആ പറഞ്ഞ സുഗന്ധം കൊണ്ട് വരുന്ന മാരുതനാണ്. മേല്പറഞ്ഞ തരത്തിലുള്ള പറഞ്ഞാൽ തീരാത്ത അത്രയുള്ള ബാല്യ - കൗമാര കാല ഓർമ്മകൾ തന്നെയാണ് പലപ്പോഴും ഉറങ്ങാനുള്ള മരുന്നുകൾ ആവാറ്.
അങ്ങനെ ആലോചനയിലാണ്ട് കിടക്കുമ്പോൾ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ആ കളങ്കമില്ലാത്ത നാളുകളിലേക്ക് തിരികെ പോകാൻ പറ്റിയിരുന്നെങ്കിലെന്ന്. കുട്ടികൾ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാർ എന്ന് പറയുന്നത് എത്ര ശരിയാണ്. മറ്റൊന്നും അറിയാതെ അവർക്ക് അവരുടെ ലോകത്തിൽ ആറാടാം. ബാല്യം ഒരു വിസ്മയം തന്നെയാണ്.
ബാല്യം അകന്നപ്പോൾ മേല്പറഞ്ഞ സന്തോഷങ്ങൾ ഓരോന്ന് ഓരോന്ന് ആയി അകന്നു. കളിക്കൂട്ടുകാർ അകന്നു, പ്രിയപ്പെട്ട അധ്യാപികയും അകന്നു, അമ്മാവനും കുടുംബവും അകന്നു, ഓണത്തിനും വിഷുവിനും നിറങ്ങൾ കുറഞ്ഞു. അങ്ങനെ എല്ലാം കൃത്രിമമായി തുടങ്ങി. പിന്നീട് ഈ പറഞ്ഞവയൊക്കെ തിരിച്ചു കൊണ്ട് വരുന്നത് പലപ്പോഴും ഇന്ന് താങ്ങായി കൂടെയുള്ള സൗഹൃദ - സാഹോദര്യ വലയങ്ങളുടെ കലർപ്പില്ലാത്ത സ്നേഹമാണ്.
ആരോ പറഞ്ഞത് പോലെ ഓർമ്മകൾക്ക് എന്ത് സുഗന്ധമാണ്. പണ്ടനുഭവിച്ച മാധുര്യത്തെ ഒരു ഫോട്ടോഗ്രാഫ് എന്നോണം കാണിച്ചു തരാനെങ്കിലും അവയ്ക്ക് സാധിക്കുന്നുണ്ടല്ലോ. ഇന്ന് സംഭവിച്ച പലതിനേം മറവി കൂടെ കൂട്ടി കൊണ്ട് പോകുമ്പോൾ പോകാതെ കെട്ടിപ്പിടിച്ചു കൂടെ നിൽക്കുന്നത് ഈ പറഞ്ഞ പഴയ ഓർമ്മകൾ മാത്രമാണ്. അതിന് തെളിച്ചവും ശോഭയും കൂടുന്നതല്ലാതെ ഒരിക്കലും കുറയാറില്ല.
പ്രിയമുള്ള മധുരമൂറുന്ന ഓർമ്മകൾക്ക് വല്ലാത്തൊരുതരം സൗന്ദര്യവും സൗരഭ്യവുമാണ്.
-വൈശാഖ്.കെ.എം
ഓർമ്മകൾ പരത്തുന്ന സുഗന്ധം
Reviewed by
on
04:22
Rating:

No comments: