#Home
ഒറ്റവാക്കിൽ പറഞ്ഞാൽ ജീവിതം
കാണുന്നത് ഒരു സിനിമയാണെന്നുള്ള കാര്യം മറന്നു കൊണ്ട് കഥാപാത്രങ്ങളുടെ വികാരങ്ങളെ നമ്മുടെ വികാരങ്ങളായി കണ്ടു കൊണ്ട് നമ്മളും അവരിലൊരാളായി മാറിക്കൊണ്ട് അവർക്കൊപ്പം സന്തോഷിക്കുന്നതും സങ്കടപ്പെടുന്നതുമെല്ലാം സംഭവിക്കുന്നത് സിനിമ അത്രമേൽ ജീവിതവുമായി ചേർന്ന് നിൽക്കുമ്പോഴാണ്. കഥയും കഥാപരിസരവും കഥാപാത്രങ്ങളും സാങ്കല്പികമല്ലെന്ന ഒരു ബോധം പ്രേക്ഷക മനസ്സിലുടലെടുക്കുന്നിടത്ത് ആ ചിത്രം വിജയിച്ചു കഴിയും. അത്യപൂർവമായി മാത്രം സംഭവിക്കുന്നൊരു കാര്യമാണ് ഈ പറഞ്ഞത്. അത്തരമൊരു മാനസികാവസ്ഥയിലേക്ക് പ്രേക്ഷകനെ എത്തിക്കണേൽ ആ സിനിമയുടെ ഒരു ഭാഗത്ത് പോലും സ്വാഭാവികത നഷ്ടപ്പെടാൻ പാടില്ല. അപൂർവമായി മാത്രം സംഭവിക്കുന്ന അത്തരത്തിലുള്ളൊരു ദൃശ്യാനുഭവമാണ് ഹോം.
സിനിമ എന്നല്ല സ്വന്തം ജീവിതമാണ് ഹോം എന്ന് പറയുന്നതാവും ശരി. ഒരു സിനിമ കണ്ടിട്ട് അത് തന്ന ഫീലിൽ നിന്ന് പുറത്ത് വരാൻ ഇത്രയും സമയമെടുക്കുന്നത് ഇതാദ്യമാണ്. ഏകദേശം ഒരു ദിവസത്തിനുമപ്പുറമാണ് ചിത്രം സമ്മാനിച്ച ഫീലിൽ നിന്നും പുറത്ത് വരാൻ എടുത്തത്.
ഹോം എനിക്കൊരു പാഠപുസ്തകമാണ്, ജീവിതത്തിൽ ഞാൻ തേടുക്കൊണ്ടിരുന്ന പല ചോദ്യങ്ങൾക്കുമുള്ള വ്യക്തമായ ഉത്തരങ്ങളുള്ള പാഠപുസ്തകം. ആന്റണിയിൽ ഞാൻ കണ്ടത് എന്നെ തന്നെയാണ്, ഒലിവർ ട്വിസ്റ്റ് എന്റെ അച്ഛനാണ്, കുട്ടിയമ്മ എന്റെ അമ്മയാണ്, ചാൾസ് എന്റെ അനിയനാണ് അതെ എന്റെ ജീവിതം തന്നെയാണ് ഹോം പകർത്തി വെച്ചിരിക്കുന്നത്. യാതൊരു മറയും ഇല്ലാതെ നമ്മളെ നമ്മളായി കാണുന്നത് നമ്മുടെ വീടിനുള്ളിൽ മാത്രമായിരിക്കും. പുറത്ത് മറ്റുള്ളവർക്ക് മുൻപിൽ എത്രയൊക്കെ പച്ചയായി നിൽക്കുന്നു എന്ന് പറഞ്ഞാലും അതിൽ ഒരു അഭിനയം ഉണ്ടാവും. മറ്റൊരാളായി നമ്മൾ മാറുന്ന ഒരു അഭിനയം. പലർക്കും പല രീതിയിൽ ആയിരിക്കും ഭക്ഷണം കഴിക്കുന്ന രീതിയിൽ തുടങ്ങി സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം ഈ പറഞ്ഞ ഒരു മാറ്റം കൊണ്ട് വരും. ഒരു തരം അഭിനയം തന്നെയാണത്. മറ്റുള്ളവർ നമ്മളെ പറ്റി എന്ത് കരുതും എന്ന ചിന്ത മനസ്സിൽ ഉടലെടുക്കുന്ന സമയം മുതലാണ് ഈ പറഞ്ഞ വേഷം കെട്ടാൻ നമ്മൾ നിർബന്ധിതരാകുന്നത്. മറ്റുള്ളവർക്ക് മുൻപിൽ എത്രയൊക്കെ വിഷമ ഘട്ടങ്ങളിലായാലും ദേഷ്യത്തിലായാലും അത് പുറമെ കാണിക്കാതെ കൃത്രിമമായ ഒരു ചിരി വെച്ചു പിടിപ്പിച്ച് പെരുമാറി ആ സങ്കടവും ദേഷ്യവുമെല്ലാം നമ്മൾ കൊണ്ട് വന്ന് തീർക്കുന്നത് വീടിനുള്ളിൽ ആയിരിക്കും. ഒരിക്കലും ഒരു മണിക്കൂറിൽ കൂടുതൽ അല്ലാതെ ഈ പറഞ്ഞ ദേഷ്യത്തിനും,സങ്കടത്തിനും, മൗനത്തിനും അവിടെ സ്ഥാനമുണ്ടാവില്ല എന്നത് വേറെ കാര്യം. നമ്മളെ പച്ചയായി കാണുന്ന ഏക സ്ഥലമാണ് വീട്.
എഴുതാൻ ഏറെയിഷ്ടമുള്ള ഒരാളാണ് ഞാൻ.... സിനിമ തന്നെയാണ് സ്വപ്നം എന്നതും എന്നെ അറിയുന്നവർക്ക് അറിയാം പക്ഷേ ജീവിതത്തിൽ പലപ്പോഴായി സംഭവിക്കുന്ന പല പ്രശ്നങ്ങളും എഴുത്തിലെ ഏകാഗ്രത നഷ്ടപ്പെടുത്താറുണ്ട്. മറവി എന്ന ഏറ്റവും ഭയമേറിയ അവസ്ഥയും പലപ്പോഴായി കടന്നു വന്നിട്ടുണ്ട്. ജീവിതം ഒന്നിനും അടിമപ്പെടരുത് എന്നാഗ്രഹിച്ച ഞാൻ ഒരു സ്മാർട്ട്‌ഫോണിനും , സോഷ്യൽ മീഡിയക്കും എല്ലാം അടിമപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ കിടന്നുറങ്ങുന്നത് വരെ ജീവിതം ഈ പറഞ്ഞവയ്ക്കുള്ളിൽ ഒതുങ്ങിപ്പോകുകയാണ്. ജീവിതത്തിൽ ഉടലെടുത്ത പല പ്രശ്നങ്ങളിൽ നിന്നും ഞാൻ മുക്തനാകുന്നത് ഈ രണ്ട് കാര്യങ്ങളിലൂടെയാണ് അതാണ് എന്റെ സന്തോഷം എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ അത് വെറുമൊരു പാഴ്ചിന്ത മാത്രമാണെന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. എരിതീയിൽ നിന്നും വറചട്ടിയിലേക്കാണ് ഞാൻ വീണു കൊണ്ടിരിക്കുന്നത്. ഡിപ്രഷനും മറ്റുള്ള വിഷമങ്ങളും മറക്കാൻ ഈ പറഞ്ഞവ സഹായിക്കുമെന്ന് വിചാരിക്കുമ്പോൾ ഞാൻ അറിയുന്നില്ല ഞാൻ മദ്യത്തിനും മയക്കുമരുന്നിനുമപ്പുറത്തുള്ള ഒരു ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്.
ഒഴിവ് സമയങ്ങൾ സ്മാർട്ട്‌ഫോണിനൊപ്പം ചിലവിടുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് ഞാൻ ഏറെ ആസ്വദിച്ചിരുന്ന എന്റെ ജീവിതം തന്നെയാണ്. ഒരു മുറിക്കുള്ളിൽ അഞ്ച് ഇഞ്ച് സ്ക്രീനിലേക്ക് മാത്രം കാഴ്ചയൊതുങ്ങുമ്പോൾ എനിക്ക് നഷ്ടപ്പെട്ടത് പ്രകൃതി ഞാനടക്കമുള്ളവർക്ക് ഒരുക്കി വെച്ച കാഴ്ചയുടെ നിറവസന്തങ്ങളാണ്. ഒരു സൂര്യോദയം കണ്ടിട്ട്.... ഒരു മഴ ആസ്വദിച്ചിട്ട്..... സൂര്യന്റെ ചൂടറിഞ്ഞിട്ട്.... മണ്ണിൽ ചവിട്ടി നടന്നിട്ട് എന്തിന് തല കുനിക്കാതെ നേരെ നോക്കി നടന്നിട്ട് വർഷം പലത് പിന്നിട്ടിരിക്കുന്നു. അഞ്ച് ഇഞ്ചിലേക്ക് മാത്രമായി മുരടിച്ചു പോയ വളർച്ചയാണ് ഈ കാലം കൊണ്ട് ഉണ്ടായിട്ടുള്ളത്. അതിലെല്ലാമുപരി എനിക്ക് നഷ്ടപ്പെട്ടത് ഞാനെന്ന വ്യക്തിയെ തന്നെയാണ്.... എന്റെ വീട്ടുകാർക്ക് നഷ്ടപ്പെട്ടത് ഞാനെന്ന മകനേയും. ഏറെ സന്തോഷത്തോടെ സംസാരിക്കാൻ വരുന്ന മാതാപിതാക്കൾക്ക് മുഖം കൊടുക്കാതെ മൊബൈൽ സ്ക്രീനിൽ കാതങ്ങൾ അപ്പുറത്തിരുന്ന് സമയം കളയുന്നവർക്ക് വേണ്ടി നമ്മൾ നമ്മുടെ സമയവും പാഴാക്കുന്നു. അങ്ങും ഇങ്ങുമെത്താത്ത ചർച്ചകളും ഒരു കാര്യവുമില്ലാത്ത കാര്യങ്ങൾക്ക് വേണ്ടിയുള്ള സംസാരങ്ങളുമായി വാതോരാത്ത വാക്കുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുമ്പോൾ നമ്മളോട് ഏറെ സന്തോഷത്തോടെ സംസാരിക്കാൻ വരുന്ന മാതാപിതാക്കളോട് ഉള്ള സംസാരം ഒരു മൂളലിൽ ഒതുക്കുന്നു. അവരുടെ സന്തോഷവും അവരുടെ സങ്കടവും കാണാതെ മറ്റുള്ളവർക്ക് ഉപദേശവുമായും നാട്ടിൽ നടക്കുന്ന സകല കാര്യങ്ങൾക്കും അഭിപ്രായവുമായും നിറഞ്ഞു നിൽക്കുന്നു. സത്യത്തിൽ ഇതാണോ ജീവിതം..? ഒരിക്കലുമല്ല എന്നാലും എന്തോ ഒന്ന് അവിടെ തളച്ചിടുന്നു.
ജീവിതത്തിൽ സംഭവിക്കുന്ന വിഷാദങ്ങൾ ഒരു രോഗാവസ്ഥയിലേക്ക് മാറുമ്പോൾ പ്രതിവിധിയായി പലരും തിരഞ്ഞെടുക്കുന്നത് ജീവിതം അവസാനിപ്പിക്കുക എന്നതാണ്. അല്ലേൽ കണ്മുന്നിലുള്ള മരുന്ന് കാണാതെ നാട് മൊത്തം അതിന് തേടി നടക്കുന്നു. എന്തൊക്കെ പ്രശ്നം വന്നാലും അമ്മയുടെ മടിയിൽ ഒന്ന് തലവെച്ചു കിടന്നാൽ അല്ലേൽ അച്ഛനോട് കുറച്ച് നേരം എന്തേലും സംസാരിച്ചിരുന്നാൽ ആ വിഷമം മാറിയിരുന്നൊരു കാലം ഉണ്ടായിരുന്നു പക്ഷേ ഇന്ന് അതൊക്കെ മറന്നിരിക്കുന്നു. ഇന്നത് സോഷ്യൽ മീഡിയ സ്റ്റാറ്റസ്സുകളും പോസ്റ്റുകളുമായി മാറിയിരിക്കുന്നു പക്ഷേ അതിനൊന്നും മനസ്സിനെ തണുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അച്ഛനമ്മമാരുടെ സംസാരങ്ങൾക്ക് മുഖം കൊടുക്കാതെ അതൊരു മുഷിച്ചിൽ ആയി കണ്ടു കൊണ്ട്.... അല്ലേൽ പക്വതയെത്തിയെന്ന വൃത്തികെട്ട ചിന്താഗതിയുമായി ചെവി കൊടുക്കാതെ കടന്നു കളയുന്ന പ്രവണത ഞാനടക്കമുള്ള പലർക്കും ഉണ്ട്. അവര് പഴഞ്ചർ ആണെന്ന ഒരു ചിന്ത. പറഞ്ഞു വന്നത് എന്താണെന്ന് വെച്ചാൽ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷാദത്തിനും, മറവിക്കുമൊക്കെയുള്ള മരുന്നും തേടി എന്റെ സങ്കടത്തിനും വാശിക്കും ദേഷ്യത്തിനുമുള്ള ചോദ്യങ്ങൾക്കുള്ള സന്തോഷം എന്ന ഉത്തരവും തേടി ഞാൻ അലഞ്ഞത് അത് എന്റെ കണ്മുന്നിൽ തന്നെ വെച്ചുകൊണ്ടാണ് എന്നത് മനസ്സിലാക്കി തരാൻ സഹായിച്ചു ഒലിവർ ട്വിസ്റ്റും കുടുംബവും.
ഹോം ഒരു സിനിമയാണ് എന്ന യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നാൽ ജീവിതത്തിലെ ഏറ്റവും മികച്ച OTT അനുഭവം എന്നതിലുമപ്പുറം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫീൽഗുഡ് ദൃശ്യാനുഭവവുമാകുന്നു ഹോം.
അണിയറയിലേക്ക് നോക്കുംമ്പോൾ ആദ്യം പതിയുന്ന മുഖം ചിത്രത്തിന്റെ ക്യാപ്റ്റന്റെ തന്നെയാണ് 2013-ൽ ഒരു മാന്ത്രികപ്പേനയുടെ മായാക്കഥയിലൂടെ റയാൻ ഫിലിപ്പ് എന്ന കുട്ടിയെ എക്സ്ട്രാഓർഡിനറിയാക്കിയും പ്രേക്ഷകന് ഏറെ ഹൃദ്യമായ ഒരു ദൃശ്യാനുഭവം സമ്മാനിച്ചും മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച റോജിൻ തോമസ് എന്ന ഇരുപത്തിയൊമ്പതുകാരൻ ഇത്തവണ അതിലേറെ ഹൃദയത്തെ സ്പർശിക്കുന്ന ദൃശ്യാനുഭവുമായിട്ടാണ് എത്തിയിരിക്കുന്നത്. അതിമനോഹരമെന്ന വാക്കിനപ്പുറം എന്തേലും ഉണ്ടേൽ അതാണ് ഹോം എന്ന ചിത്രത്തിന്റെ രചനയെപ്പറ്റി വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത്. ആ രചനയുടെ ഭംഗിക്ക് ഒരംശം പോലും കോട്ടം തട്ടാതെ അതിനെ ഏറ്റവും മികച്ച രീതിയിൽ തന്നെ റോജിൻ അണിയിച്ചൊരുക്കിയിട്ടുമുണ്ട്. ഏറെ അഭിനന്ദനങ്ങൾ അർഹിക്കുന്ന രചനയും സംവിധാനവും എന്ന് തന്നെ പറയാം.
റോജിന്റെ മനസ്സിലെ ഒലിവർ ട്വിസ്റ്റിനേയും കുടുംബത്തേയും നീൽ ഡി കുഞ്ഞ ഏറെ ഭംഗിയോടെ തന്നെ തന്റെ ക്യാമറയിൽ ഒപ്പിയെടുത്തിട്ടുണ്ട്. കാഴ്ചയുടെ ഒരു വസന്തം തന്നെ അദ്ദേഹം ഒരുക്കി വെച്ചിട്ടുണ്ട് എന്ന് പറയുന്നതാണ് ഒന്നൂടെ ശരി. അത്രമേൽ മനോഹരമാണ് ഛായാഗ്രഹണം.
ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ച രീതിയിലുള്ള അതി ഗംഭീരമായ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ രാഹുൽ സുബ്രഹ്മണ്യനും, ഒലിവർ ട്വിസ്റ്റിന്റെ ജീവിതത്തെ മികവുറ്റ രീതിയിൽ സംയോജിപ്പിച്ച എഡിറ്റർ പ്രജീഷ് പ്രകാശും മുകളിൽ പറഞ്ഞവർക്കൊപ്പം തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്നവരാണ്.
അണിയറയിൽ നിന്നും അരങ്ങിലേക്ക് വന്നാലും എവിടേയും അതിഗംഭീരം, അതിമനോഹരം എന്നീ വാക്കുകൾ അല്ലാതെ മറ്റൊന്നും ഉപയോഗിക്കാനില്ല. അഭിനയിക്കുകയാണ് എന്നൊരു തോന്നൽ വന്നാൽ മാത്രമല്ലേ അഭിനയത്തെ പറ്റി പറയാൻ പറ്റൂ അല്ലേ..? അങ്ങനെയൊരു തോന്നൽ എവിടേയും ഉണ്ടാക്കാൻ ഈ ചിത്രത്തിൽ അഭിനയിച്ചവർ ക്ഷമിക്കണം.... ജീവിച്ചവർ അവസരം തന്നിട്ടില്ല.
ഇന്ദ്രൻസ്.... മലയാള സിനിമ വൈകി കണ്ടെത്തിയ രത്നം എന്നാണ് അദ്ദേഹത്തെക്കുറിച്ച് പറയാനുള്ളത്. ഈ ചിത്രത്തിന്റെ ലൈഫ് ആണ് ഇന്ദ്രൻസ് എന്ന നടൻ. ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അത്രമേൽ ആഴത്തിൽ ഉൾക്കൊണ്ട് കൊണ്ട് പരകായ പ്രവേശം നടത്തി ജീവിച്ചു കളഞ്ഞ മനുഷ്യൻ. സായിപ്പിന്റെ ഭാഷ കടമെടുത്താൽ ഏറ്റവും ചുരുക്കിക്കൊണ്ട് ഒലിവർ ട്വിസ്റ്റ് ഈസ് ലവ് എന്ന് പറയാം. എന്തൊരു അനായാസമായാണ് എന്തൊരു സ്വാഭാവികമായാണ് അദ്ദേഹം ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്നത്. മകന്റെ നേട്ടങ്ങളെ വിളിച്ചു പറഞ്ഞു കൊണ്ട് അഭിമാനത്തോടേയും, ഞാനും നിങ്ങൾക്കൊപ്പം എത്തിത്തുടങ്ങി എന്നുള്ള ഗമയോടേയും, മക്കളുടെ അവഗണനയിൽ സങ്കടപ്പെട്ടു നടക്കുമ്പോഴുമെല്ലാം ഓരോന്നിലും കൊണ്ട് വന്ന വ്യത്യാസങ്ങൾ ഉണ്ട് ഓരോ ചലനങ്ങളിൽപ്പോലും കൊണ്ട് വന്ന വ്യത്യാസങ്ങൾ..... അത്ഭുതം എന്നേ പറയാനുള്ളൂ..... ഇന്ദ്രൻസ് എന്ന അഭിനേതാവ് ഒരു വിസ്മയമാണ്. സൂക്ഷ്മാഭിനയത്തിന്റെ അങ്ങറ്റമാണ് ഒലിവർ ട്വിസ്റ്റ്.
മഞ്ജു പിള്ളയുടെ കുട്ടിയമ്മയിലും എവിടേം അല്പം പോലും നാടകീയത കാണാൻ സാധിച്ചിട്ടില്ല അത്രമേൽ സ്വാഭാവികമായാണ് മഞ്ജു അവരുടെ കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ളത്. മഞ്ജുവിന്റെ കാര്യത്തിലും മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത കലാകാരി എന്നേ പറയാനുള്ളൂ. തനിക്ക് കിട്ടിയ വേഷങ്ങൾ എല്ലാം ഏറ്റവും മികവോടെ തന്നെ അവര് അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്. ഒരു അണ്ടർ റേറ്റഡ് അഭിനേത്രി എന്ന് തന്നെ പറയാം. കുട്ടിയമ്മയില്ലാതെ ഒലിവർ ട്വിസ്റ്റ് പൂർണ്ണമാകില്ല.
ആന്റണി എന്ന കഥാപാത്രത്തെ ശ്രീനാഥ് ഭാസി എന്ത് മനോഹരമായാണ് അവതരിപ്പിച്ചിട്ടുള്ളത് വല്ലാത്ത റേഞ്ച് ഉള്ളൊരു അഭിനേതാവ് ആണ് ഭാസി. പല ചെറുപ്പക്കാർക്കും ആന്റണിയിൽ അവരെ തന്നെ കാണാൻ കഴിഞ്ഞു എന്നുള്ളതാണ് അയാളുടെ പ്രകടനത്തിന്റെ മേന്മ.
ചാൾസ് എന്ന യുവത്വത്തിന്റെ തുടക്കത്തിന്റെ പ്രതീകമായെത്തിയ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലിനും ഗംഭീര പ്രകടനം തന്നെയാണ് നടത്തിയിട്ടുള്ളത്. നമ്മുടെയൊക്കെ അനിയന്മാരുടെ പ്രതിനിധിയായെത്തിയെ കഥാപാത്രത്തെ നന്നായി ഉൾക്കൊണ്ട് തന്നെ സ്വഭാവികമായി തന്നെ നസ്ലിൻ അവതരിപ്പിച്ചിട്ടുണ്ട്.
ചിത്രത്തിൽ ഏറെ ചിരിപ്പിച്ച കഥാപാത്രമാണ് ജോണി ആന്റണിയുടെ സൂര്യൻ. ഒപ്പം ദീപ തോമസ്സിന്റെ പ്രിയയും മികച്ചു നിന്നു.
മണിയൻ പിള്ള രാജു, കെ.പി.എ.സി ലളിത,കൈനകരി തങ്കരാജ്,ശ്രീകാന്ത് മുരളി,അജു വർഗ്ഗീസ്,വിജയ് ബാബു, പ്രിയങ്ക നായർ,അനൂപ് മേനോൻ,ആശാ അരവിന്ദ് തുടങ്ങിയ ഓരോ സീനുകളിൽ പോലും വന്ന് പോയ അഭിനേതാക്കൾ അടക്കം അതിമനോഹരമായി തന്നെ അവരവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഒരു സിനിമയുടെ എല്ലാ മേഖലകളും ഒരുപോലെ മികവ് പുലർത്തുന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അത്തരത്തിലുള്ളൊരു മികവുകളുടെ മത്സരമാണ് ഹോം.
ഈ മഹാമാരിയുടെ കാലത്ത് മിക്കവരുടേയും മനസ്സും ശരീരവും കൂട്ടിൽ അകപ്പെട്ട ഒരു പറവയുടെ അവസ്ഥയിലെന്നോണം പരിതാപകരമാണ്. ആഘോഷങ്ങളും സന്തോഷങ്ങളുമൊക്കെ ഇല്ലാതായ ദിവസങ്ങളിലൂടെയാണ് ഏവരും കടന്നു പോകുന്നത്. അങ്ങനൊരു അവസ്ഥയിൽ മരുഭൂമിയിൽ പെയ്ത ഒരു കുളിർമഴപോലെയാണ് ഹോം എന്ന ചിത്രം പലർക്കും. തല പെരുപ്പിക്കുന്ന ത്രില്ലറുകളും,ഉറക്കം തൂങ്ങിപ്പിക്കുന്ന ഓഫ്‌ബീറ്റ് സിനിമകളും, പിന്നെ ഇന്നത്തെ യുവത്വത്തിന്റെ ഭാഷയിൽ പറഞ്ഞാൽ പ്രകൃതി സിനിമകളും കൊണ്ട് തലപെരുത്ത് ഇരുന്ന ഒരു അവസ്ഥയായിരുന്നു ഇത്. ഓണം പോലൊരു ഉത്സവകാലത്ത് മനസ്സിന് ഏറെ സന്തോഷം തരുന്ന സിനിമകളാണ് ഏവരും ആഗ്രഹിക്കുന്നത് അങ്ങനെയൊരു ചിത്രം തന്നെ മലയാളികൾക്ക് ഓണസമ്മാനമായി ലഭിച്ചു. ബ്രില്ല്യൻസും കറക്റ്റ്നസ്സും നോക്കാൻ വേണ്ടി മാത്രം സിനിമ കാണുന്നവരിലേക്ക് മാത്രം ചുരുങ്ങിപ്പോയൊരു അവസ്ഥയുണ്ടായിരുന്നു സിനിമാ മേഖലയ്ക്ക്. സോഷ്യൽ മീഡിയക്ക് പുറത്തുള്ള പ്രേക്ഷകർ സിനിമയുമായി അകന്നു കൊണ്ടിരിക്കുന്ന സമയം എന്ന് തന്നെ പറയാം അത്തരത്തിൽ ഒരു അവസരത്തിൽ വീണ്ടും സിനിമയിലേക്ക് എല്ലാ തരം പ്രേക്ഷകനേയും എത്തിക്കാൻ കെൽപ്പുള്ളൊരു ചിത്രം തന്നെയാണ് ഹോം.
അശ്ലീല ചുവകൾ ഇല്ലാത്ത....ആരേയും വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകൾ ഇല്ലാത്ത.... എല്ലാ അർത്ഥത്തിലും മേന്മ പുലർത്തുന്ന കുടുംബത്തോടൊപ്പം സന്തോഷത്തോടെയിരുന്ന് കാണാൻ പറ്റുന്ന ഒരു അതിമനോഹര ദൃശ്യാനുഭവമാണ് ഹോം.
ഇന്നിന്റെ കാലത്തിന് പ്രത്യേകിച്ച് യുവത്വത്തിന് അനിവാര്യമായ ഒരു വിഷയം സംസാരിക്കുന്ന ചിത്രം ഒരർത്ഥത്തിലും ഒരു ഉപദേശമായി മാറുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. പറയാനുദ്ദേശിച്ച കാര്യങ്ങൾ പ്രേക്ഷകന്റെ മനസ്സിലേക്ക് യാഥാർഥ്യമായി തോന്നുന്ന തരത്തിലാണ് പതിപ്പിച്ചിട്ടുള്ളത്. രണ്ട് മണിക്കൂർ നാല്പത് മിനുട്ടിന് മുകളിലുള്ള ചിത്രം ഒരു സെക്കന്റ് പോലും ബോറടിക്കാതെ ഓമനത്വമുള്ള ഒരു കൊച്ചു കുഞ്ഞിന്റെ മുഖത്ത് നോക്കിയിരിക്കുന്നത് പോലെ കണ്ട് തീർക്കാം. ഒരിക്കൽപ്പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ തോന്നിപ്പിക്കാത്ത തരത്തിലാണ് റോജിൻ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
അത് തന്നെയാണ് പ്രേക്ഷകന് സിനിമ എന്നതിൽ നിന്നും മാറി സ്വന്തം ജീവിതത്തിന്റെ പ്രതിബിംബമായി ഹോമിനെ കാണാൻ പറ്റുന്നതും.
മനസ്സറിഞ്ഞ് ഒരുപാട് ചിരിച്ചു കൊണ്ട്.... ഹൃദയത്തിൽ തട്ടി അല്പം കരഞ്ഞു കൊണ്ട് ഏറെ സന്തോഷത്തോടെ മാത്രം കണ്ട് തീർക്കാൻ പറ്റുന്നൊരു അതിമനോഹര ദൃശ്യാനുഭവം.
എന്റെ വ്യക്തിപരമായ കാര്യത്തിലേക്ക് കടന്നാൽ എന്നെ സംബന്ധിച്ച് ഹോം എന്റെ ജീവിതം തന്നെയാണ്. എനിക്ക് എന്നേയും എന്റെ ചുറ്റുമുള്ളവരേയും തന്നെയാണ് ചിത്രത്തിൽ കാണാനായത്. എന്റെ ഒരുപാട് ചോദ്യങ്ങൾക്കും സംശയങ്ങൾക്കുമുള്ള ഉത്തരങ്ങൾ നിറഞ്ഞ ഒരു വലിയ പാഠപുസ്തകം എന്ന് തന്നെ പറയാം. ഞാൻ ഏറെ നാളായി തേടി നടന്ന സന്തോഷമെന്ന പെട്ടിയുടെ താക്കോൽ എന്റെ കണ്മുന്നിൽ തന്നെയുണ്ടെന്ന് പറഞ്ഞു തന്ന ചിത്രം. ഒരു സിനിമ ജീവിതത്തിൽ മാറ്റമുണ്ടാക്കുമോ എന്ന് ചോദിച്ചാൽ അതെ എന്ന് പറയാം കാരണം ഹോം എനിക്ക് പകർന്നു തന്നത് ഞാൻ മറന്നു പോയ പല കാര്യങ്ങളുമാണ്.... എന്നിൽ നിന്നും കാണാമാറയത്തേക്ക് അകന്ന പലതിനേയും കൈയ്യെത്തും ദൂരത്ത് കൊണ്ടെത്തിച്ചു തന്ന.... ഒരുപാട് തിരിച്ചറിവുകൾ സമ്മാനിച്ച.... പലതും ഓർമ്മപ്പെടുത്തിയ.... ഒരു നല്ല കൂട്ടുകാരൻ അല്ലേൽ ഒരു വഴികാട്ടി എന്ന് തന്നെ പറയാം.
എല്ലാ അർത്ഥത്തിലും മികവിന്റെ പര്യായം എന്ന് വിളിക്കാവുന്ന ഇതരത്തിലൊരു ദൃശ്യാനുഭവം ഒരുക്കി തന്ന.... ഒരുപാട് സന്തോഷം പകർന്നു തന്ന ഹോം എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി. ഒരു സിനിമയെന്ന രീതിയിൽ ആയാലും മേൽപ്പറഞ്ഞ ഒരു പാഠപുസ്തകം എന്ന രീതിയിൽ ആയാലും ഇത്തവണത്തെ ഓണത്തിന് കിട്ടിയ ഏറ്റവും മൂല്യമേറിയ സമ്മാനമായി ഞാൻ ഹോമിനെ കാണുന്നു.
ജീവിതം തന്നെയാണ് ഈ ചിത്രത്തിന്റെ വേർഡിക്റ്റും റേറ്റിങ്ങും. അതുകൊണ്ട് തന്നെയാണ് ഒറ്റവാക്കിൽ ഹോമിനെ ജീവിതം എന്ന് വിശേഷിപ്പിച്ചതും. ഒരേയൊരു സങ്കടം ഒരു അതിമനോഹര തിയ്യേറ്റർ എക്സ്പീരിയൻസ് മിസ്സ് ആയി എന്നുള്ളതിലാണ്.
ഒലിവർ ട്വിസ്റ്റിന്റെ നിറഞ്ഞ പുഞ്ചിരിയുടെ ശോഭയും അത് തരുന്ന എഫക്ടും എന്താണെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല അത് അനുഭവിച്ച് തന്നെ അറിയണം. നിങ്ങൾ ഒരു സിനിമാ സ്നേഹിയാണെങ്കിൽ ഒരിക്കലും മിസ്സ് ആക്കാൻ പാടില്ലാത്ത ഒരു ദൃശ്യാനുഭവമാണ് ഹോം.
Rojin Thomas, Vijay Babu, Indrans, Manju Pillai, Sreenath Bhasi, Naslen, Deepa Thomas, Jhony Antony, Anoop Menon, Aju Varghese, Kainagary Thangaraj,Pauly Wilson, K.P.A.C Lalitha, Srikanth Murali, Maniyapilla Raju,Rahul Subrahmanian, Neil Dcunha,Asha Aravind 🙏🏻🙏🏻❤️❤️
#HomeOnPrime
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
#Home
Reviewed by
on
01:48
Rating:

No comments: