നെട്രിക്കൺ
പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ശരാശരിയിൽ ഒതുങ്ങിയ മറ്റൊരു ത്രില്ലർ
ദുർഗ്ഗ എന്ന ഒരു സിബിഐ ഓഫീസറുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു അപകടവും അതിന് ശേഷം കാഴ്ച നഷ്ടപ്പെടുന്ന ദുർഗ്ഗ പിന്നീടുള്ള അവരുടെ ജീവിതത്തിൽ നേരിടുന്ന ചില പ്രശ്നങ്ങളും അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിലേക്ക് വന്നാൽ ആദ്യാവസാനം പതിഞ്ഞ താളത്തിൽ സഞ്ചരിക്കുന്ന ചിത്രത്തിന് ഒരവസരത്തിൽ പോലും പ്രേക്ഷകനെ ആശ്ചര്യപ്പെടുത്താൻ സാധിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മ. കെട്ടുറപ്പില്ലാത്ത രചനയും അതിനെ മറച്ചു പിടിക്കാൻ സാധിക്കാത്ത സംവിധാനവും ചിത്രത്തെ ഒരു ശരാശരി ദൃശ്യാനുഭവമാക്കി മാറ്റി. ചിത്രത്തിലെ ഉദ്യോഗജനകമെന്ന് തോന്നിപ്പിക്കുന്ന രംഗങ്ങളിൽ ഗിരീഷ് ഒരുക്കിയ ഉണർവ്വില്ലാത്ത പശ്ചാത്തല സംഗീതവും മുഴച്ചു നിൽക്കുന്ന പോരായ്മകളിൽ ഒന്നാണ്. വൈകാരികമായ രംഗങ്ങൾക്കും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.
അഭിനേതാക്കളുടെ പ്രകടനങ്ങളിലേക്ക് വന്നാൽ നയൻതാര ദുർഗ്ഗ എന്ന കഥാപാത്രത്തെ മോശമാക്കാതെ ചെയ്ത് ഫലിപ്പിച്ചിട്ടുണ്ട്. എക്സ്ട്രാ ഓർഡിനറി എന്നൊന്നും വിളിക്കാനുള്ള പെർഫോമൻസ് കാണാൻ സാധിച്ചില്ലെങ്കിലും ആദ്യാവസാനം അവരുടെ തോളിൽ തന്നെ സഞ്ചരിക്കുന്നൊരു ചിത്രമാണ് നെട്രിക്കൺ. നയൻതാര ആരാധകർക്ക് ആഘോഷമാക്കാനുള്ള ചെറിയ ഒന്ന് രണ്ട് മാസ്സ് രംഗങ്ങൾ സംവിധായകൻ ഒരുക്കി വെച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രേക്ഷകർക്ക് പക്ഷേ ഈ പറഞ്ഞ രോമാഞ്ചം കിട്ടണമെന്നില്ല.
പ്രതിനായകനായുള്ള അജ്മൽ അമീറിന്റെ പ്രകടനം ശരാശരിക്ക് താഴെ മാത്രം നിൽക്കുന്നതാണ്. ആ കഥാപാത്രത്തിന് തന്നെ ഒരു ഡെപ്ത്ത് ഇല്ല എന്നതും കൂടെയാകുമ്പോൾ പ്രേക്ഷകൻ മുഖം ചുളിക്കേണ്ടി വരുന്ന അവസ്ഥയാണ്. മനോരോഗിയായ നെഗറ്റീവ് കഥാപാത്രങ്ങൾക്ക് വേണ്ടിയൊരുക്കുന്ന പശ്ചാത്തലങ്ങൾക്ക് ഒട്ടും കെട്ടുറപ്പില്ലാതെ പോകുന്ന സ്ഥിരം കാഴ്ച തന്നെയാണ് ഇവിടേയും ആവർത്തിക്കപ്പെടുന്നത്.
മണികണ്ഠൻ, ശരൺ തുടങ്ങിയ മറ്റുള്ള അഭിനേതാക്കൾക്കും വലുതായൊന്നും ചെയ്യാനില്ലായിരുന്നു.
നയൻതാരയുടെ ഒറ്റയാൾ പോരാട്ടവും മികച്ചൊരു ഗാനവും മാറ്റി നിർത്തിയാൽ നെട്രിക്കണിൽ പ്രേക്ഷകന് ഓർത്തിരിക്കാൻ പാകത്തിൽ ഒന്നും തന്നെയില്ല.
നയൻതാര ആരാധകർക്ക് ഒറ്റത്തവണ മുഷിപ്പില്ലാതെ കണ്ടിരിക്കാൻ പറ്റുന്നൊരു ചിത്രം മാത്രമാണ് നെട്രിക്കൺ. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത പറഞ്ഞു പഴകിയ ഒരുപാട് കാര്യങ്ങൾ ആവർത്തിച്ച.... യുക്തിയെ ചോദ്യം ചെയ്യുന്ന കുറച്ച് രംഗങ്ങളാൽ സമ്പന്നമായ..... നിരവധി ചോദ്യങ്ങൾ ബാക്കിയാക്കുന്ന ശരാശരിയിൽ ഒതുങ്ങിയ ഒരു ത്രില്ലർ.
ഈ ചിത്രത്തിന്റെ ഒരേയൊരു പ്രത്യേകത ഒരു സ്ത്രീപക്ഷ സിനിമ എന്നത് മാത്രമാണ്. ഏത് ജോണറിൽ ആയാലും അത്തരം സിനിമകൾ കൂടുതൽ വരുന്നു എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. അത്തരത്തിലൊരു മുന്നേറ്റത്തിന്റെ ഭാഗമായ അണിയറപ്രവർത്തകർക്ക് മനസ്സറിഞ്ഞ് ഒരു കൈയ്യടി നൽകാം.
കൊറിയൻ ത്രില്ലർ ബ്ലൈന്റിന്റെ റീമേക്ക് ആണ് നെട്രിക്കൺ എന്ന് പറയുന്നു. ആ ചിത്രം കണ്ടിട്ടില്ലാത്തത് കൊണ്ട് അതേപറ്റി ആധികാരികമായി സംസാരിക്കാൻ അറിയില്ല.
എന്തായാലും നെട്രിക്കൺ എന്നെ സംബന്ധിച്ച് ഒരു ശരാശരിയിൽ ഒതുങ്ങിയ ദൃശ്യാനുഭവമാണ്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
നെട്രിക്കൺ
Reviewed by
on
01:47
Rating:

No comments: