ലാലേട്ടന്റെ ബാലേട്ടൻ

  ബാലേട്ടൻ മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷം പിന്നിട്ടിരിക്കുന്നു. ബാലേട്ടന് പ്രായപൂർത്തിയായി എന്നർത്ഥം. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് പിറവിയെടുത്ത ബാലേട്ടന്റെ ജനനത്തിലേക്ക് ഒരു യാത്ര നടത്തിയാൽ വ്യക്തിപരമായി ഏറെ ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകൾ മനസ്സിലേക്ക് കടന്നു വരും.

2003-ലെ ഒരു ഓണക്കാലം.... അന്ന് ഈ പാടത്തും പറമ്പിലുമൊക്കെയുള്ള ക്രിക്കറ്റ്‌ കളിയാണ് പ്രധാന വിനോദം. വീട്ടുകാരോടൊത്ത് പുറത്ത് പോകുന്നത് ഞായറാഴ്ച്ചകളിലാണ് അത് അല്പം സങ്കടവും ഒപ്പം ദേഷ്യവുമുള്ള കാര്യമാണ് മറ്റൊന്നുമല്ല അന്നേ ദിവസം ക്രിക്കറ്റ്‌ കളി നടക്കില്ലല്ലോ. പക്ഷേ അന്നത്തെ പ്ലാനിങ്ങിൽ സിനിമ ഉൾപ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാൽ പിന്നെ സന്തോഷമാണ് കാരണം അന്നായാലും ഇന്നായാലും ക്രിക്കറ്റിന് മുകളിൽ എന്തേലും ഉണ്ടേൽ അത് സിനിമയാണ്. അങ്ങനെ 2003-ലെ ഒരു ഓണക്കാലത്ത് ഓണം കഴിഞ്ഞിട്ടുള്ള ഒരു ഞായറാഴ്ച്ചയാണെന്നാണ് ഓർമ്മ എല്ലാ ഞായറാഴ്ച്ചകളേയും പോലെ അമ്മയ്ക്കും അച്ഛനും അനിയനുമൊപ്പം ടൗണിലേക്ക് ഇറങ്ങി. സിനിമയില്ലേൽ സാധാരണ ഈ ബീച്ച്, പാർക്ക്‌ തുടങ്ങി കുറേ കറക്കമാണ് പതിവ് അന്നും പതിവ് തെറ്റിയില്ല ബീച്ചും, പാർക്കും, മിഠായി തെരുവും ഒക്കെയായി ഇങ്ങനെ കറക്കമാണ് ഭക്ഷണം ആണേലും ഷോപ്പിംഗ് ആണേലും എല്ലാം തകൃതിയായി നടക്കുന്നുണ്ട് പക്ഷേ മനസ്സിന് ഒരു സുഖമില്ല കാരണം നമ്മുടെ പ്രധാന അജണ്ട സിനിമയാണല്ലോ. അച്ഛനോട് പറയാനുള്ള പേടികൊണ്ട് അമ്മയെ തോണ്ടിക്കൊണ്ട് ഇടയ്ക്ക് ഇടയ്ക്ക് വേഗം സിനിമയ്ക്ക് പോകാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഈ പറഞ്ഞ കറക്കമൊക്കെ കഴിഞ്ഞ് അച്ഛൻ കുറച്ച് ഓപ്ഷനുകൾ വെച്ചു. ബാലേട്ടൻ, പട്ടാളം, സ്വപ്നക്കൂട്, മിഴിരണ്ടിലും ഇതിൽ ഏത് വേണമെന്ന് ആയിരുന്നു ചോദ്യം. എനിക്കും അനിയനും അമ്മയ്ക്കും ഒരേ മറുപടി ബാലേട്ടൻ. കോഴിക്കോട് കൈരളിയിലാണ് അന്ന് ബാലേട്ടൻ കളിക്കുന്നത് നേരെ അങ്ങോട്ട്‌ വെച്ച് പിടിച്ചു.

അവിടത്തെ കാഴ്ച്ച കണ്ട് ഞാൻ ഭയങ്കര സന്തോഷത്തിൽ ഇങ്ങനെ നിൽക്കുവാണ് കാരണം ആൾക്കാരുടെ തലയ്ക്ക് മുകളിൽ കൂടെയൊക്കെ ഷോൾഡറിൽ ഒക്കെ ചവിട്ടി മറ്റുള്ളവർ കയറി പോകുന്നത് ഒക്കെ എനിക്ക് പുതുമയുള്ള കാഴ്ച്ചകൾ ആയിരുന്നു. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമായി സിനിമയ്ക്ക് ഉള്ള ക്യു റോഡിൽ ആയിരുന്നു. അപ്പൊ തന്നെ അച്ഛൻ പറഞ്ഞു ഇവിടെ നിന്നിട്ട് കാര്യമില്ല അടുത്ത ആഴ്ച നമുക്ക് ഇങ്ങോട്ട് വരാം ഇന്ന് പട്ടാളത്തിന് കയറാം എന്ന്. അത് എന്നെ സംബന്ധിച്ച് വലിയൊരു പ്രഹരമായിരുന്നു. കണ്ണ് ഒക്കെ നിറച്ചു കൊണ്ട് അവർക്കൊപ്പം നടന്നു. പട്ടാളം അപ്സരയിൽ ആയിരുന്നു എന്നാണ് ഓർമ്മ അവിടെ പോയപ്പോൾ അതും ഫുൾ ആണ് അപ്പൊ പിന്നെ നേരെ കോർണേഷനിലേക്ക് അവിടെ ആയിരുന്നു സ്വപ്നക്കൂട് എന്ന് തോന്നുന്നു പട പേടിച്ചു പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞത് പോലെ അതും ഫുൾ. പിന്നെ നേരെ ബ്ലൂഡയമണ്ടിലേക്ക് വെച്ചു പിടിച്ചു അവിടെയായിരുന്നു മിഴി രണ്ടിലും. നോക്കിയപ്പോൾ അതിന് വലിയ തിരക്ക് ഇല്ലായിരുന്നു അങ്ങനെ മടിച്ച് മടിച്ച് മിഴിരണ്ടിലിനും കയറി. മനസ്സിൽ ബാലേട്ടനിലെ പാട്ടുകൾ മാത്രമായിരുന്നു അപ്പൊ.

മിഴിരണ്ടിലും അച്ഛനും അമ്മയും നല്ലത് പോലെ ഇരുന്ന് ആസ്വദിക്കുന്നു ഞാനാണേൽ തിരിഞ്ഞും മറിഞ്ഞും നോക്കുന്നു അനിയൻ അപ്പൊ എന്തോ കഴിക്കുന്ന തിരക്കിലായിരുന്നു. സിനിമ കണ്ട് ഇറങ്ങി അച്ഛന്റെ ഒരു ചോദ്യം "അപ്പൂ സിനിമ ഇഷ്ടായില്ലേ നല്ല പടം അല്ലേ...." ഞാൻ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് ദേഷ്യത്തിൽ അച്ഛനെ നോക്കിയപ്പോൾ അടുത്ത കമന്റ് "ഇത്രയ്ക്ക് ഒക്കെ സങ്കടം വന്നോ സിനിമ കണ്ടിട്ട്..?" അപ്പൊ അമ്മ പറഞ്ഞു അതല്ല അവന് ബാലേട്ടൻ കാണാൻ പറ്റാത്തതിന്റെ സങ്കടമാണ്.
അച്ഛന്റെ വക അടുത്ത ഡയലോഗ്.... ഈ വാശിയാണ് എനിക്ക് പിടിക്കാത്തത് അടുത്ത ആഴ്ച കൊണ്ട് പോകാം എന്ന് പറഞ്ഞതല്ലേ....

അതിന് ശേഷം വാങ്ങി തന്ന ഭക്ഷണം പോലും ഞാൻ കഴിച്ചില്ല പിന്നയൊരു സമരം ആയിരുന്നു വീട്ടിൽ എത്തി ഭക്ഷണം കഴിക്കാത്തതിന് നാല് തല്ല് ഒക്കെ കിട്ടിയെങ്കിലും സമരം വിജയിച്ചു. അച്ഛൻ തിങ്കളാഴ്ച്ച ലീവ് എടുത്തു. രാവിലെ വിളിച്ചുണർത്തി പെട്ടന്ന് കുളിച്ച് ഒരുങ്ങാൻ പറഞ്ഞു. ബാലേട്ടന് പോകാനാണ് എന്നറിഞ്ഞപ്പോൾ തന്നെ ഒരു കാക്കക്കുളിയും പാസ്സ് ആക്കി ഏറ്റവും ആദ്യം തന്നെ ഒരുങ്ങി ഉമ്മറത്ത് വന്നിരുന്നു. കുറേ നേരമായിട്ടും മറ്റുള്ളവരെ കാണാഞ്ഞിട്ട് ദേഷ്യം പിടിച്ച് ഇങ്ങനെ ഇരിക്കുമ്പോൾ ദേ എല്ലാരും കൂടെ വരുന്നു. അങ്ങനെ നേരെ കൈരളിയിലേക്ക്..... പക്ഷേ അപ്പോഴും നിരാശ തന്നെ ഫലം. ടിക്കറ്റ് ഇല്ല. ഞാൻ നിന്ന് ചിണുങ്ങാൻ തുടങ്ങിയപ്പോൾ അച്ഛന്റെ വക ശാസന ഇനി കരഞ്ഞാൽ ഇവിടന്ന് അടി കൊള്ളും. ഇന്ന് രാത്രി ആയാലും ബാലേട്ടൻ നിന്നെ കാണിച്ചിട്ടേ ഇവിടന്ന് പോകൂ. അത് കേട്ടപ്പോൾ തന്നെ എല്ലാ സങ്കടവും പമ്പ കടന്നു എന്ന് പറയുന്നതാവും ശരി.

അങ്ങനെ അച്ഛനും അമ്മയും മണിക്കൂറുകൾ ക്യു നിന്ന് അടുത്ത ഷോയ്ക്ക് ഉള്ള ടിക്കറ്റ് എടുത്തു. പിന്നെ അങ്ങോട്ട്‌ അർമ്മാദം ആയിരുന്നു. സ്‌ക്രീനിൽ നമ്മുടെ പ്രിയപ്പെട്ട താരത്തെ കാണുമ്പോൾ മനസ്സിൽ ഉണ്ടാവുന്ന ഒരു സന്തോഷം ഉണ്ടല്ലോ.... ചെവിയും മൂക്കുമൊക്കെ ഒന്ന് വിരിഞ്ഞ് ഒരു രോമാഞ്ചം ഉണ്ടാവില്ലേ അത് തന്നെ അവസ്ഥ. ഏറെ ആസ്വദിച്ചു കണ്ട ചിത്രമാണ് ബാലേട്ടൻ. ആ സമയത്ത് ഓഡിയോ കാസറ്റുകൾ സുലഭമായിരുന്നല്ലോ എല്ലാം അച്ഛൻ മേടിച്ചു കൊണ്ട് വരുമായിരുന്നു അതുകൊണ്ട് തന്നെ പാട്ടുകൾ എല്ലാം മുൻപേ ഇഷ്ടപ്പെട്ടതാണ് വിഷ്വൽസ് കൂടെ ആയപ്പോൾ ഏറെ സന്തോഷമായിരുന്നു. റിയാസ് ഖാനോട് അന്ന് തോന്നിയ ദേഷ്യത്തിന് കണക്കില്ല പിന്നീട് ക്ലൈമാക്ക്സ്സിൽ അടി വാങ്ങി പോകുമ്പോൾ വല്ലാത്ത ഒരു തരം ആവേശമായിരുന്നു.

ബാലേട്ടൻ എല്ലാ അർത്ഥത്തിലും ഏറെ സന്തോഷം തരുന്ന ചിത്രമാണ്. ഒരു മോഹൻലാൽ ആരാധകൻ എന്ന തരത്തിലും ഒരു കോഴിക്കോട്ടുകാരൻ എന്ന തരത്തിലും ഇരട്ടി മധുരം സമ്മാനിച്ച ചിത്രമാണ്. രാവണപ്രഭുവിന്റെ വിജയത്തിന് ശേഷം തുടർ പരാജയങ്ങളുമായി നിൽക്കുന്ന ലാലേട്ടന്റെ ഒരു ഗംഭീര തിരിച്ചു വരവ് ആയിരുന്നു ബാലേട്ടൻ. ഓണം മലയാളി അതുകൊണ്ട് തന്നെ വലിയ രീതിയിൽ ബാലേട്ടനൊപ്പം ആഘോഷമാക്കി.

കോഴിക്കോട്ടുകാരനെന്ന രീതിയിൽ എന്താണ് സന്തോഷവും അഭിമാനവും എന്നല്ലേ..... ചിത്രത്തിന്റെ സംവിധായകൻ വി.എം.വിനു,രചയിതാവ് ടി.എ.ഷാഹിദ് ഇവര് രണ്ട് പേരും കോഴിക്കോട്ടുകാരാണ്. ഒപ്പം ലാലേട്ടന്റെ മക്കൾ ആയി അഭിനയിച്ച ഇപ്പൊ ടെലിവിഷൻ ആർട്ടിസ്റ്റുകളായി ഏറെ ജനപ്രീതി നേടി തിളങ്ങി നിൽക്കുന്ന ഗോപിക അനിലും,കീർത്തന അനിലും കോഴിക്കോട്ടുകാരാണ്, ലാലേട്ടന്റെ സഹോദരീ സഹോദരന്മാർ ആയി വേഷമിട്ട നിത്യാ ദാസ്,സുധീഷ് തുടങ്ങിയവരും കോഴിക്കോട്ടുകാരാണ്. ഒപ്പം ചിത്രത്തിൽ കോഴിക്കോട്ടെ പല സ്ഥലങ്ങളേയും പറ്റി എടുത്ത് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ കോഴിക്കോടുമായി ബാലേട്ടന് വലിയ ബന്ധമുണ്ട്.

ബാലേട്ടൻ ചെറുപ്രായത്തിൽ ഒരുപാട് വലിയ സന്തോഷങ്ങൾ പകർന്നു തന്ന ചിത്രമാണ്. ഇന്ന് ആലോചിക്കുമ്പോൾ മധുരമൂറുന്ന കുഞ്ഞു കുഞ്ഞു ഓർമ്മകളിൽ ഒന്നായി മാറിയെങ്കിലും അന്ന് ഇത്തരം കാര്യങ്ങളൊക്കെ വലിയ സന്തോഷം പകർന്നു തന്ന കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴും ടീവി ചാനലുകളിൽ ബാലേട്ടൻ വരുമ്പോൾ ചാനൽ മാറ്റാതെ മുഴുവൻ കണ്ടു തീർക്കാറുണ്ട്. ഓർമ്മകളുടെ സുഗന്ധം പലപ്പോഴും ആസ്വദിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഇത്തരം ഒരുപാട് ഓർമ്മകൾ മനസ്സിൽ ഉള്ളത് കൊണ്ട് ചെറുപ്പത്തിൽ കണ്ട പല സിനിമകളും ഏറെ പ്രിയപ്പെട്ടവയാണ്. ഒരുപാട് അതിമനോഹരമായ ഓർമ്മകൾ ആണ് അവയൊക്കെ.

ബാലേട്ടന് പ്രായപൂർത്തിയായ ഈ വേളയിൽ തന്നെയാണ് ഇത്തരം ഒരു അനുഭവം പങ്കുവെക്കാൻ ഏറ്റവും ഉചിതമായ സമയം എന്ന് തോന്നി. (ഇന്നലെയായിരുന്നു പതിനെട്ട് വർഷം തികഞ്ഞത് എന്നറിയാം അല്പം വൈകിപ്പോയി)

ലാലേട്ടന്റെ ബാലേട്ടന് പ്രായപൂർത്തി

#18YearsOfBalettan

-വൈശാഖ്.കെ.എം
ലാലേട്ടന്റെ ബാലേട്ടൻ ലാലേട്ടന്റെ ബാലേട്ടൻ Reviewed by on 01:53 Rating: 5

No comments:

Powered by Blogger.