പ്രണയത്തിന്റെ പത്ത് വർഷങ്ങൾ
പ്രണയത്തിന്റെ FDFS ഒരു മനോഹര ഓർമ്മയാണ്. രാവിലെ തുടങ്ങിയ ശക്തമായ മഴ കോഴിക്കോട് ടൗണിലേക്കുള്ള യാത്ര മുടക്കിയപ്പോൾ മുന്നിൽ ഉണ്ടായിരുന്നത് മുക്കം എന്ന ഓപ്ഷനാണ് പിന്നെ മറ്റൊന്നും ആലോചിക്കാതെ കൂട്ടുകാരനൊപ്പം അങ്ങോട്ടേയ്ക്ക് വെച്ചുപിടിച്ചു.
കോരിച്ചൊരിയുന്ന മഴയത്ത് മുക്കം പീസീ തിയ്യേറ്ററിലേക്ക് കയറി ചെല്ലുമ്പോൾ മനസ്സിൽ തന്മാത്രയും, ഭ്രമരവുമൊക്കെയാണ് ഓടി കളിച്ചിരുന്നത്. കോരിച്ചൊരിയുന്ന മഴയത്തും ചൂട് പിടിച്ച മനസ്സുമായി തിയ്യേറ്ററിനകത്ത് കയറി ഇരിക്കുമ്പോൾ മനസ്സിൽ ഒരു വെപ്രാളമായിരുന്നു എന്തായിരിക്കും ഇത്തവണ ബ്ലസി ഒരുക്കി വെച്ചിരിക്കുന്നത് എന്ന ആകാംഷയായിരുന്നു.
ചിത്രം തുടങ്ങി മാത്യൂസും, ഗ്രേസും, അച്യുതനും കണ്മുന്നിൽ പ്രണയസുരഭിലമായി പറന്നു നടക്കുമ്പോൾ കിട്ടിയ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ചിത്രത്തിന്റെ റ്റെയിൽ എൻഡിൽ അച്യുതനെ വട്ടമിട്ട് പറന്ന് ഗ്രേസ് മാത്യൂസിന്റെ നെഞ്ചത്ത് വന്നിരിക്കുമ്പോൾ അറിയാതെ കൈയ്യടിച്ചു പോയിരുന്നു. അത്രത്തോളം പ്രണയം മനസ്സിനെ കീഴടക്കി കഴിഞ്ഞിരുന്നു.
മോഹൻലാൽ എന്ന അഭിനേതാവിൽ നിന്നും അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധകൻ എന്ന നിലയ്ക്ക് ഇടയ്ക്ക് ഒക്കെ സംഭവിക്കണം എന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് പ്രണയം. കുറേക്കാലമായി അതൊരു ആഗ്രഹം മാത്രമായി അവശേഷിക്കുമ്പോൾ മുൻപ് അദ്ദേഹം സഫലമാക്കി തന്ന ഇത്തരം ആഗ്രഹങ്ങൾ അഥവാ ചിത്രങ്ങൾ എടുത്ത് വെച്ച് കണ്ട് ആ ആശ തീർക്കും.
ക്രിസ്ത്യൻ ബ്രദേഴ്സ്, ചൈന ടൗൺ, സ്‌നേഹവീട്, അറബിയും ഒട്ടകവും പി. മാധവൻ നായരും തുടങ്ങിയ ചിത്രങ്ങൾ അഭിനയിച്ച് ഓടി നടക്കുന്ന സമയത്താണ് അദ്ദേഹം യാതൊരു മുന്നൊരുക്കവുമില്ലാതെ അതിനിടയ്ക്ക് വന്ന് വളരെ കുറച്ച് ദിവസം കൊണ്ട് മാത്യൂസ് എന്ന കഥാപാത്രമായി അഭിനയിച്ചു പോകുന്നത്. അല്ലേലും ഏത് വേഷമാണേലും ആ മനുഷ്യൻ അതിന് വേണ്ടി പ്രത്യേക തയ്യാറെടുപ്പുകൾ ഒന്നും എടുക്കാറില്ലല്ലോ.
ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ സ്വപ്നം കണ്ട ആരാധകരുടെ കൂട്ടത്തിലെ ഒരു പ്രതിനിധിയായിരുന്നു ഞാനും പക്ഷേ എന്തൊക്കെയോ പൊട്ട ന്യായങ്ങൾ പറഞ്ഞ് പുരസ്‌കാരങ്ങൾ നിഷേധിക്കപ്പെട്ടു. ആരാധകർ സങ്കടപ്പെട്ടെങ്കിലും ആ മനുഷ്യൻ അത്തരത്തിലുള്ള യാതൊരു പ്രശ്നവുമില്ലാതെ അടുത്ത ചിത്രത്തിലെ കഥാപാത്രത്തിലേക്കുള്ള പരകായ പ്രവേശത്തിലായിരുന്നു. അല്ലേലും ഇത് അദ്ദേഹത്തിന് പുതിയ അനുഭവം അല്ലല്ലോ.
അടുത്ത കാലങ്ങളിൽ മോഹൻലാൽ എന്ന അഭിനേതാവിന് അല്പമെങ്കിലും ചലഞ്ചിങ് ആയ വേഷങ്ങൾ കൊടുത്തിട്ടുള്ള ഒരാള് ബ്ലസിയാണ്. മാത്യൂസും അത്തരത്തിൽ ഒന്നായിരുന്നു. അഭിനയിച്ചത് മോഹൻലാൽ ആയത് കൊണ്ട് മാത്രം പ്രേക്ഷകന് അനായാസം എന്ന് തോന്നുന്ന എന്നാൽ ഒട്ടും അനായാസമല്ലാതെ ഒരു വേഷമായിരുന്നു അത്. അർഹിച്ച അംഗീകാരങ്ങൾ നഷ്ടമായെങ്കിലും ഓരോ പ്രേക്ഷകനും മനം തൊട്ട് നൽകിയ കൈയ്യടികൾ തന്നെയാണ് മാത്യൂസിന് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരം.
ശാന്തമായ ഒരു പുഴപോൽ മാത്യൂസ് ഒഴുകിയപ്പോൾ തഴുകി തലോടി കടന്നു പോകുന്ന ഒരു കാറ്റായി ജയചന്ദ്രന്റെ സംഗീതവും കൂടെ ഇഴച്ചേർന്നപ്പോൾ പ്രണയം ഒരു ദിവ്യാനുഭൂതിയായി. പുറത്ത് പെയ്തിരുന്ന ശക്തമായ മഴയ്ക്ക് പോലും ഉള്ള് തണുപ്പിക്കാൻ കഴിയാതെ പോയപ്പോൾ പ്രണയത്തിന് അതിന് സാധിച്ചു. പ്രണയം മനസ്സിന് സമ്മാനിച്ച ആ കുളിര് ശരീരത്തിലേക്ക് കൂടെ പടർന്നപ്പോൾ ചിത്രം കണ്ടു കഴിഞ്ഞതിന് ശേഷം കൈകൾ കൂട്ടി തിരുമ്മിക്കൊണ്ട് അവ രണ്ട് കവിളത്തും വെച്ചുകൊണ്ട് എഴുന്നേറ്റ് അല്പ നേരം മാത്യൂസ് ജീവിച്ചു കാണിച്ച ആ വലിയ സ്ക്രീനിലേക്ക് നോക്കി കൊണ്ട് പുറത്തേക്ക് ഇറങ്ങി.
അപ്പോഴും ആ മഴ തോർന്നിട്ടില്ലായിരുന്നു അല്ലേൽ പുതിയൊരു മഴ വീണ്ടും എത്തിയതാവാം. മഴയെ കഥാപാത്രമാക്കി ചിത്രങ്ങളെടുത്ത ഇതിഹാസത്തിന്റെ ശിഷ്യൻ ഒരുക്കിയ ചിത്രത്തിന് അനുഗ്രഹാശ്ശിസുകളുമായി ആ ഇതിഹാസം എത്തിയതാവാം. പ്രണയത്തിന്റെ ക്ലൈമാക്സ് പോലെ തന്നെ ആ കാഴ്ചയും അതിമനോഹരമായിരുന്നു.
ഇന്ന് പ്രണയത്തിന് പത്ത് വയസ്സ് തികഞ്ഞിരിക്കുകയാണ്
#10YearsOfPranayam
-വൈശാഖ്.കെ.എം
പ്രണയത്തിന്റെ പത്ത് വർഷങ്ങൾ
Reviewed by
on
01:54
Rating:

No comments: