എരിയുന്ന ഒടുങ്ങാത്ത പകയുടെ കുരുതി
(ചെറിയ രീതിയിൽ സ്പോയ്‌ലർ ഒക്കെയുണ്ട് അതുകൊണ്ട് സിനിമ കാണാത്തവർ വായിക്കാതിരിക്കാൻ ശ്രമിക്കുക)
മനുഷ്യന്റെയുള്ളിൽ ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണ് വെറുപ്പ്. അതിന്റെ അനന്തരഫലങ്ങളുടെ നേർകാഴ്ച്ചയാണ് ഒറ്റവാക്കിൽ പറഞ്ഞാൽ കുരുതി.
ആദ്യം തന്നെ ചിത്രത്തിന്റെ അണിയറയിലേക്ക് കടക്കാം
അനീഷ് പല്ല്യാൽ എന്ന കുരുതിയുടെ രചയിതാവ് ചിത്രത്തിന്റെ നട്ടെല്ലുകളിൽ ഒന്നാണ്. ഇന്നിന്റെ കാലത്ത് അനിവാര്യമായൊരു വിഷയത്തെ വലിയ രീതിയിൽ ഒരു ഭാഗത്തേക്കുള്ള ചായ്‌വുകളോ മറ്റോ ഇല്ലാതെ തന്നെ അതി തീവ്രമായി അദ്ദേഹം തൂലികയിൽ നിന്നും കടലാസ്സിലേക്ക് പകർത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മകളിൽ ഒന്നാണ് രചന.
സംവിധായകൻ മനു വാര്യരിലേക്ക് വന്നാൽ ഒരു നവാഗതന്റെ വലിയ പിഴവുകൾ ഒന്നും ഇല്ലാതെ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് സാധിച്ചെങ്കിലും എഴുത്തിന്റെ തീവ്രതയ്ക്കൊപ്പം ഓടിയെത്താൻ സംവിധാനത്തിന് പറ്റിയിട്ടില്ല. എന്നിരുന്നാലും തുടക്കക്കാരൻ എന്ന രീതിയിൽ പ്രതീക്ഷവെക്കാവുന്ന സംവിധായകനാണ്.
അഭിനന്ദൻ രാമാനുജത്തിന്റെ ചായാഗ്രഹണം കാഴ്ചയുടെ നല്ലൊരു വിരുന്നാണ് സമ്മാനിക്കുന്നത് പകയുടെ ഇരുട്ട് മൂടിയ കുറച്ച് മനുഷ്യരുടെ കഥ കൂടുതലും ഇരുട്ടിലൂടെ തന്നെ പറഞ്ഞു പോകുമ്പോൾ മികച്ച് നിൽക്കുന്നത് അഭിനന്ദന്റെ ചടുലമായ ചായാഗ്രഹണം തന്നെയാണ്.
ചിത്രത്തെ അഖിലേഷ് മോഹൻ നിലവാരത്തോടെ തന്നെ ചേർത്ത് വെക്കാൻ ശ്രമിച്ചിട്ടുണ്ട്.
ചിത്രത്തിന്റെ നട്ടെല്ല് എന്ന് നിസ്സംശയം പറയാവുന്നത് പശ്ചാത്തല സംഗീതമാണ്. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിക്കൊണ്ട് പോകാൻ അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല. വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട് ജേക്ക്സ് ബിജോയ്.
അണിയറയിൽ നിന്നും അരങ്ങിലേക്ക്
പ്രകടനങ്ങളിലേക്ക് വന്നാൽ പൃഥ്വിരാജ് സുകുമാരനും, റോഷൻ മാത്യുവും, ശ്രിന്ദയും, മണികണ്ഠനും, ഷൈൻ ടോം ചാക്കോയും, നവാസ് വള്ളിക്കുന്നും,നസ്ലിനും, സാഗർ ഹരിയുമടക്കമുള്ളവർക്ക് പ്രകടനം കൊണ്ട് വലിയ രീതിയിൽ അത്ഭുതപ്പെടുത്താൻ സാധിച്ചില്ലെങ്കിലും രചനയുടെ തീവ്രത വലിയ രീതിയിൽ ചോർന്ന് പോകാതെ പിടിച്ചിരുത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
ചിത്രത്തിൽ പ്രകടനം കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാൾ ഉണ്ടായിരുന്നു
"ഇത്രേം നേരം ഞാൻ വെറുതേ ഇരുന്നിട്ട് നിങ്ങളൊക്കെ ചെയ്ത് കൂട്ടിയല്ലോ ബാക്കി ഞാൻ ചെയ്യാം" അതെ മൂസാ ഖാദർ..... അതെ ചിത്രത്തിലെ നായകൻ. സാക്ഷാൽ മാമുക്കോയ. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നും ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നുമാണ് കുരുതിയിലെ മൂസാ ഖാദർ. അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച പ്രകടനം. കുരുതി ഒരു തിയ്യേറ്റർ റിലീസ് ആയിരുന്നെങ്കിൽ കരഘോഷങ്ങളാൽ നിറയുമായിരുന്നു അദ്ദേഹത്തിന്റെ ഓരോ സംഭാഷണങ്ങളും. അതിഗംഭീരം എന്നല്ലാതെ മറ്റൊരു വാക്കില്ല മാമുക്കോയയുടെ പ്രകടനത്തെ വിശേഷിപ്പിക്കാൻ. മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത മറ്റൊരു കലാകാരൻ. അത്രയ്ക്ക് ഗംഭീരമായാണ് ഈ പ്രായത്തിലും ഇത്തരമൊരു വേഷത്തിൽ അദ്ദേഹം പകർന്നാട്ടം നടത്തിയത്.
ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മറ്റൊരു അഭിനേതാവ് മുരളി ഗോപിയാണ് അദ്ദേഹം എസ്.ഐ. സത്യൻ എന്ന കഥാപാത്രത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു.
ഇനി കൈയ്യടി പൃഥ്വിരാജ് എന്ന നിർമ്മാതാവിനും, താരത്തിനുമാണ്. ഇത്തരം ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഇങ്ങനൊരു വേഷത്തിൽ അഭിനയിക്കാൻ മറ്റൊരു സൂപ്പർ താരവും ധൈര്യപ്പെടില്ല അവിടെയാണ് പൃഥ്വിരാജ് സുകുമാരൻ എന്ന നടൻ വേറിട്ടു നിൽക്കുന്നത്. ഒപ്പം ചിത്രം നിർമ്മിക്കാൻ കൂടെ അദ്ദേഹം കാണിച്ച ചങ്കൂറ്റം ഏറെ പ്രശംസയർഹിക്കുന്നുണ്ട്. താരപദവിയൊക്കെ സിനിമയ്ക്ക് ശേഷമാണ് ഈ മനുഷ്യന് എന്നുള്ളത് വീണ്ടും വീണ്ടും തെളിയിക്കുന്നു.
കുരുതിയുടെ അകത്തളങ്ങളിലേക്ക്
ഈ കാലത്ത് ഏറെ പ്രസക്തമായൊരു വിഷയത്തെയാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. മതത്തിന്റെ പേരിൽ യുദ്ധം നടത്തുന്ന ആളുകൾക്കിടയിൽ പെട്ടുപോകുന്ന മതപ്രാന്ത് തലയ്ക്ക് പിടിക്കാത്ത കുറച്ച് ജന്മങ്ങൾ ഉണ്ട് ഇവിടെ. ഈ യുദ്ധത്തിനിടയിൽ ഏറ്റവും കൂടുതൽ നാശം സംഭവിക്കുന്ന വിഭാഗവും അവരാണ്.
"ചോരയ്ക്ക് ചോര പകയ്ക്ക് പക പ്രതികാരത്തിന് പ്രതികാരം പട്ടിണി കിടന്നാലും കൂര ചോർന്നാലും തുറുങ്കിൽ പോയാലും വേണ്ടില്ല മനുഷ്യന് അവന്റെ ശത്രു തീർന്ന് കണ്ടാൽ മതി.അതാണ് വെറുപ്പിന്റെ ശക്തി.. അക്ഷരങ്ങൾ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിലും മക്കൾക്ക് വെറുക്കേണ്ടത് ആരെയാണെന്ന് പറഞ്ഞു കൊടുക്കും ആ വെറുപ്പിൽ കിടന്ന് തലമുറകൾ ഇനിയും ആളിക്കത്തും. മനുഷ്യൻ മരിച്ചാലും അവന്റെയുള്ളിലെ വെറുപ്പ് ജീവിക്കും."
കുരുതി എന്ന ചിത്രത്തിലെ പ്രസക്തമായ സംഭാഷണങ്ങളിൽ ഒന്നാണ് മുകളിൽ. അതെ മനുഷ്യന്റെയുള്ളിൽ കിടന്ന് ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണ് വെറുപ്പ്..... നമ്മൾ എന്നതിന് പകരം അവർ എന്ന വേർതിരിവ് തുടങ്ങുന്നിടത്ത് മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾക്ക് വിള്ളൽ സംഭവിക്കുകയായി. ഒരുമിച്ച് നടന്നവർ അന്ന് മുതൽ രണ്ടാണ്. പിന്നെ ഒരുത്തന്റെ നാശം കാണാനാണ് മറ്റൊരുത്തൻ ജീവിക്കുന്നത് തന്നെ. മനുഷ്യത്വത്തേക്കാൾ വലുതായി മനുഷ്യനുള്ളിൽ മതം വളർന്നാൽ ഉണ്ടാവുന്ന ഭവിഷ്യത്തുക്കളെ ഏറ്റവും തീവ്രതയോടെ തന്നെ തുറന്ന് കാണിക്കുകയാണ് കുരുതി. ഒപ്പം നിൽക്കുന്നവർ പോലും മതത്തിന്റെ കാര്യം വന്നാൽ മനുഷ്യനിൽ നിന്നും ചുരുങ്ങി ഏറ്റവും വികലമായതിലേക്ക് പോകുന്നതും, ഇന്നിന്റെ യുവതലമുറ പലരുടേം വാക്കുകൾ കേട്ട് ഒപ്പം കളിച്ചു വളർന്ന അയലത്തുള്ളവനെപ്പോലും മതത്തിന്റെ പേരിൽ വെറുക്കുന്നതും, യുവതലമുറയിൽ മതമെന്ന വിഷം കയറ്റി വെക്കുന്നതും, വീട്ടുകാരോട് പോലും ഇടപഴകാതെ യന്ത്രവൽക്കരിക്കപ്പെട്ടുപോയ പലതിനും അടിമപ്പെട്ടുപോയ യുവത്വത്തെപ്പറ്റിയും, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ തീവ്രമായി മനസ്സിൽ അകൽച്ചയുടേയും വിഷത്തിന്റേയും വിത്ത് പാകുന്ന മതമൗലികവാദത്തെയുമെല്ലാം ചിത്രം പച്ചയ്ക്ക് തന്നെ തുറന്ന് കാണിക്കുന്നുണ്ട്.
എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും എത്രയൊക്കെ വിദ്യാസംഭന്നർ ആയെന്ന് പറഞ്ഞാലും ഈ പറഞ്ഞ വളർച്ചകളേക്കാൾ വേഗത്തിൽ മനുഷ്യരിൽ വളരുന്ന ഒന്നാണ് പക. മറ്റൊരു ചിത്രത്തിൽ പറഞ്ഞത് പോലെ ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്നാണ് മതം. വിശ്വാസത്തിന്റെ പേരും പറഞ്ഞ് ഓരോരുത്തരിലേക്കും ചെറുപ്പം മുതൽ തന്നെ അറിഞ്ഞും അറിയാതേയും മാതാപിതാക്കൾ അടക്കമുള്ളവർ കുത്തി വെക്കുന്ന ഒന്നാണ് ഈ പറഞ്ഞ പക. അതിന് മൂർച്ചകൂട്ടാൻ എന്നോണം അതിനെ മുതലെടുത്ത് ജീവിക്കുന്ന വലിയൊരു വിഭാഗം മനുഷ്യരും നമുക്കിടയിലുണ്ട്. അവനും / അവളും നമ്മളെപ്പോലൊരു മനുഷ്യൻ ആണ് എന്ന് പറഞ്ഞു കൊടുക്കുന്നതിന് പകരം അവൻ / അവൾ ഇന്നതാണ് (മതം ) പറഞ്ഞു കൊടുത്ത് പഠിപ്പിക്കുന്ന വലിയൊരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ട്. കുഞ്ഞുമനസ്സുകളിൽ മുളപ്പിക്കുന്ന ആ വിത്തുകളാണ് പിന്നീട് വളർന്ന് പന്തലിച്ച് വിഷം കായ്ക്കുന്ന വടവൃക്ഷങ്ങളായി വളരുന്നതും. ഇത്തരത്തിൽ സമൂഹത്തിൽ നടക്കുന്ന എരിയുന്ന വെറുപ്പിന്റെ നേർക്കാഴ്ച്ചയാണ് കുരുതി.
മതത്തിന്റെ പേരും പറഞ്ഞ് ആളുകളെ തമ്മിൽ ഭിന്നിപ്പിച്ച് ചോരകുടിക്കുന്നവർക്കുള്ള പ്രഹരവും ഒപ്പം മറ്റുള്ളവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലുമാവുകയാണ് ചിത്രം. മനുഷ്യൻ എങ്ങനെയാവരുത് എന്നതിന്റെ ഓർമ്മപ്പെടുത്തൽ. മനുഷ്യൻ മരിച്ചാലും അവന്റെയുള്ളിലെ വെറുപ്പ് ജീവിക്കും എന്ന് പറഞ്ഞു നിർത്തുന്ന ചിത്രത്തിലെ ആ രംഗം തന്നെയാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നതും. ഒരുത്തൻ തുടങ്ങി വെച്ച ഈ വെറുപ്പിന്റെ എരിയുന്ന പക അവന്റെ കാലത്തിന് ശേഷം മറ്റൊരുത്തനിലൂടെ ജീവിക്കും ഇതൊരു ചങ്ങലപോലെ തുടരും ആ ചങ്ങലയുടെ കണ്ണികൾ ദൃഢമാക്കാൻ എരിതീയിൽ എണ്ണയൊഴിക്കാൻ മുട്ടനാടുകളെ തമ്മിൽ ഇടിപ്പിച്ച് ചോരകുടിക്കുന്നത് നോക്കി നിൽക്കുന്ന ചെന്നായ്ക്കളെപ്പോലെ ഒരു കൂട്ടം ആളുകൾ നമുക്കിടയിൽ ജീവിക്കുന്നുണ്ട്. ഇതെല്ലാം ചിത്രം വ്യക്തമായി വരച്ചു കാണിക്കുന്നുണ്ട്.
വെറുപ്പിന്റെ പേരിലുള്ള കുരുതിയെ അങ്ങറ്റം തീവ്രതയോടെ മനു വാര്യരും കൂട്ടരും കാണിച്ചു തന്നിട്ടുണ്ട്.
ഇത്തരമൊരു ശക്തമായൊരു വിഷയത്തെ എടുത്തത് മാറ്റി നിർത്തിയാൽ ഒരു സിനിമയെന്ന നിലയിൽ കുരുതിയിൽ പലപ്പോഴും ആ തീവ്രത ചോർന്നുപോകുന്നുണ്ട്. പതിയെ തുടങ്ങി സിരകളെ ചൂട് പിടിപ്പിച്ചുകൊണ്ട് അത്യന്തം സ്തോഭജനകമായ രീതിയിലേക്ക് മാറി അവസാനിക്കുന്ന ആദ്യപകുതിയുടെ പ്രകമ്പനം കൊള്ളിച്ച അനുഭവം സമ്മാനിക്കാൻ രണ്ടാം പകുതിക്ക് കഴിയാതെ പോകുന്നുണ്ട്. പ്രത്യേകിച്ച് പ്രധാന അഭിനേതാക്കളിൽ വരുന്ന അമിത നാടകീയത പലപ്പോഴും ഒരു കല്ലുകടിയായി മാറുന്നുണ്ട്. ഇഴകീറി പരിശോധിച്ചാൽ കുറേയേറെ പോരായ്മകൾ കണ്ടെത്താൻ സാധിക്കുമെങ്കിലും പറഞ്ഞ വിഷയത്തിന്റെ ശക്തിയും തീവ്രതയോടെ തന്നെ പറയാൻ കാണിച്ച ചങ്കൂറ്റവും കണക്കിലെടുത്ത് പോരായ്മകളെ കണ്ടില്ലെന്ന് നടിക്കാം. ഇത്രയെങ്കിലും ശക്തമായി ഈ നാട്ടിൽ അതും ഈ കാലത്ത് ഇങ്ങനൊരു വിഷയത്തെ സിനിമയാക്കാൻ കാണിച്ച ധൈര്യത്തിന് കൈയ്യടിച്ചേ മതിയാകൂ. ഒന്നൂടെ എടുത്ത് പറയുന്നു ഇത്തരമൊരു വിഷയം എല്ലാം തികഞ്ഞ രീതിയിൽ പറഞ്ഞു എന്നല്ല പറയുന്നത് ഇങ്ങനെയെങ്കിലും പറയാൻ കാണിച്ച ധൈര്യത്തിനാണ് കൈയ്യടിക്കുന്നത്. ഒരു ഭാഗത്തേക്കും വലിയ ചായ്‌വ് കാണിക്കാതെ ചിത്രം പറഞ്ഞു പോയിട്ടുണ്ട് എന്നാണ് വിശ്വാസം. പൊളിറ്റക്കലിയുള്ള മറ്റുള്ള കാര്യങ്ങൾ ഒക്കെ അതേ പറ്റി വലിയ അറിവുള്ളവർ എല്ലാം പറയുമായിരിക്കും. ഒരു സാധാരണക്കാരനായ പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് തോന്നിയത് ഇപ്പറഞ്ഞ പ്രകാരമാണ്.
സിനിമയ്ക്ക് ഉള്ളിലേക്ക് കടക്കാതെ അതിലെ ചില പോരായ്മകൾക്ക് നേരെ കണ്ണടച്ചാൽ തിരഞ്ഞെടുത്ത വിഷയത്തിന്റെ പ്രസക്തിയും പറഞ്ഞകാര്യങ്ങളുടെ ഉദ്ദേശശുദ്ധിയും കണക്കിലെടുത്താൽ കുരുതി ഒരു മികച്ച സിനിമാനുഭവമാണ്. മേല്പറഞ്ഞ നെഗറ്റീവ് വശങ്ങളും പറയാത്ത വശങ്ങളും കൂടെ രചനയ്ക്ക് ഒപ്പം ഓടിയെത്തിയിരുന്നേൽ എല്ലാ അർത്ഥത്തിലും ഏറ്റവും മികച്ചൊരു OTT അനുഭവം ആയി മാറിയേനെ.
(അഭിപ്രായം തികച്ചും വ്യക്തിപരം)
-വൈശാഖ്.കെ.എം
എരിയുന്ന ഒടുങ്ങാത്ത പകയുടെ കുരുതി
Reviewed by
on
01:46
Rating:

No comments: