രാജകുമാരനിൽ നിന്നും സൂപ്പർ സ്റ്റാറിലേക്ക്

  1979 - ൽ നീട എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി സിനിമാ ജീവതത്തിന് തുടക്കം കുറിച്ചു. പിന്നീട് തന്റെ പിതാവ് സൂപ്പർ സ്റ്റാർ കൃഷ്ണയ്ക്ക് ഒപ്പം നിരവധി ചിത്രങ്ങളുടെ ഭാഗമായി. ചെറുവേഷങ്ങളിൽ നിന്നും മാറി 1999 - ൽ രാജകുമാരുടു എന്ന ചിത്രത്തിലൂടെ നായകനായി എത്തി തെലുങ്ക് പ്രേക്ഷകരുടെ മനം കവർന്നു. അതിന് ശേഷം മുരാരി, ഒക്കടു, അത്തടു തുടങ്ങിയ ബ്ലോക്ക്‌ ബസ്റ്റർ ചിത്രങ്ങളിലൂടെ അവരുടെ രാജകുമാരനായി മാറി. 2006 ഏപ്രിൽ 28 തെലുങ്ക് സിനിമയെ സംബന്ധിച്ച് ഒരു ഉത്സവ ദിനമാണ്. ഒപ്പം പുതിയൊരു സാമ്രാജ്യത്തിന്റെ ഉദയവും. പുരി ജഗന്നാഥ്‌ സംവിധാനം ചെയ്ത പോക്കിരി എന്ന ചിത്രം പുറത്തിറങ്ങിയ ദിവസം.... തങ്ങളുടെ രാജകുമാരൻ നായകനായ പുതിയ ചിത്രം കാണാനെത്തിയവർ അറിഞ്ഞിരുന്നില്ല അവര് സാക്ഷ്യം വഹിക്കാൻ പോകുന്നത് ഒരു ചരിത്ര മുഹൂർത്തത്തിനാണെന്ന്. പാണ്ടു അഥവാ കൃഷ്ണ മനോഹർ IPS എന്ന കഥാപാത്രമായി തങ്ങൾ അന്നേവരെ കാണാത്ത രീതിയിൽ തങ്ങളുടെ പ്രിയപ്പെട്ട താരം നിറഞ്ഞാടിയപ്പോൾ പ്രേക്ഷകർ ആ ചിത്രത്തെ സ്വീകരിച്ചത് അന്നേവരെ മെഗാഫാമിലികൾ മാത്രം കൈവശം വെച്ചിരുന്ന ഇൻട്രസ്ട്രി ഹിറ്റ്‌ സ്റ്റാറ്റസ് നൽകിയാണ്. അഞ്ഞൂറോളം ദിവസങ്ങളാണ് പോക്കിരിയെ കാണാൻ ജനസാഗരം തിയ്യേറ്ററുകളിലേക്ക് ഒഴുകിയെത്തിയത്. അന്നുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും പിഴുതെറിഞ്ഞു കൊണ്ട് പോക്കിരി അശ്വമേധം നടത്തിയപ്പോൾ തങ്ങളുടെ പ്രിയരാജകുമാരന് പുതിയൊരു പട്ടം ചാർത്തി നൽകി അവർ പട്ടാഭിഷേകം നടത്തി. പ്രിൻസിൽ നിന്നും സൂപ്പർസ്റ്റാർ എന്ന ഏറ്റവും വലിയ പദവിയിലേക്ക് തന്നെ പ്രിയതാരത്തെ പ്രേക്ഷകർ കുടിയിരുത്തി. പോക്കിരി സ്ഥാപിച്ച റെക്കോർഡ് തകർക്കാൻ തെലുങ്ക് സിനിമയ്ക്ക് മൂന്ന് വർഷം കാത്തിരിക്കേണ്ടി വന്നു. അതും വലിയ ബഡ്ജറ്റിൽ വന്ന രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളിൽ ഒന്നായ മഗധീരയ്ക്ക് ആണ് പോക്കിരിയെ മറികടക്കാൻ സാധിച്ചത്. അത്രയ്ക്ക് ഉയരത്തിൽ  ആയിരുന്നു പോക്കിരിയുടെ സ്ഥാനം.

അതിന് ശേഷം ദൂക്കുടു, ബിസിനസ്സ്മാൻ,സീതാമ്മാ വകിട്ലോ സിരിമല്ലേ ചേട്ടു,ശ്രീമന്തുടു,ഭരത് അന നേനു,മഹർഷി, സരിലേരു നീ കെവ്വരു തുടങ്ങി അനേകം ബ്ലോക്ക്ബസ്റ്റർ സിനിമകളുമായി അദ്ദേഹം തന്റെ ആരാധകർക്ക് വിരുന്നൊരുക്കിക്കൊണ്ടിരുന്നു.

ഒരു ബാലതാരമായി സിനിമാ ജീവിതം ആരംഭിച്ച അദ്ദേഹം സൂപ്പർ സ്റ്റാർ കൃഷ്ണയുടെ മകൻ എന്ന ലേബലിൽ നിന്നും പുറത്ത് വന്ന് തന്റേതായ ഒരു സാമ്രാജ്യം ഉണ്ടാക്കിയെടുത്തു, ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ആ കുടുംബം അറിയപ്പെടുന്നു. ഒരു കാലത്ത് തെലുങ്ക് പ്രേക്ഷകർക്ക് പ്രിൻസ് ആയിരുന്ന ആ വ്യക്തി ഇന്ന് അവർക്ക് സൂപ്പർ സ്റ്റാർ ആണ്.... സൂപ്പർ സ്റ്റാർ SSMB. ഒന്നൂടെ വ്യക്തമാക്കിയാൽ സൂപ്പർ സ്റ്റാർ മഹേഷ്‌ ബാബു.

മഹേഷ്‌ ബാബു എങ്ങനെ മനസ്സിൽ കയറിക്കൂടി എന്ന് ചോദിച്ചാൽ.... തെലുങ്ക് മാസ്സ് മസാല സിനിമകൾ ഏറെ ഇഷ്ടമായിരുന്ന ഞാൻ..... (ഇഷ്ടമായിരുന്നു എന്നല്ല അന്നും ഇന്നും എന്നും ഇഷ്ടമാണ്. ) അങ്ങനെ പണ്ട് തെലുങ്ക് സിനിമകൾ തപ്പിപ്പിടിച്ചു കാണുന്നതിനിടയിൽ മനസ്സിലുടക്കിയ രൂപമാണ് അദ്ദേഹത്തിന്റേത്. ആദ്യം കണ്ട ചിത്രം പോക്കിരി തന്നെ ആയിരുന്നു എന്നാണ് ഓർമ്മ..... തെലുങ്ക് സിനിമയിലെ മറ്റുള്ള ആരും മനസ്സിനെ കീഴ്പ്പെടുത്താതിരുന്ന ഒരു സമയത്താണ് ഇദ്ദേഹത്തിന് അത് സാധ്യമാകുന്നത്. പോക്കിരി വല്ലാതങ് ഇഷ്ടമായതോടെ മഹേഷിന്റെ മിക്ക സിനിമകളും തിരഞ്ഞു പിടിച്ചു കാണാൻ തുടങ്ങി. ഭാഷയൊന്നും അറിഞ്ഞിരുന്നില്ലേലും (പിന്നീട് സിനിമകൾ കണ്ടാണ് കുറച്ചെങ്കിലും ഭാഷ മനസ്സിലാക്കി എടുത്തത്) എന്തോ ഈ മനുഷ്യനെ കണ്ടോണ്ട് ഇരിക്കാൻ വല്ലാത്ത ഇഷ്ടമായിരുന്നു. അങ്ങനെ അദ്ദേഹത്തിന്റെ മിക്ക സിനിമകളും കണ്ടു. വിജയമായതും പരാജയമായതുമെല്ലാം.

ചെറിയ ഇഷ്ടം പിന്നീട് വല്ലാത്തൊരു ആരാധനയായി മാറിയത് പെട്ടന്നായിരുന്നു. ആ ആരാധനയുടെ മൂർദ്ധന്യാവസ്ഥ കാരണം സരിലേരു നീ കെവ്വരു എന്ന ചിത്രം കേരളത്തിൽ നിന്ന് കാണാൻ പറ്റാത്തത് കൊണ്ട് പോയി കണ്ടത് തമിഴ്നാട്ടിൽ നിന്നായിരുന്നു. അത്രയ്ക്ക് ആ മനുഷ്യൻ മനസ്സ് കീഴടക്കിയിട്ടുണ്ട്.

ശ്രീമന്തുടുവിന് ശേഷം എല്ലാ അർത്ഥത്തിലും ആഘോഷമാക്കാൻ പറ്റിയൊരു ചിത്രം വന്നിട്ടില്ല എന്നൊരു സങ്കടം മാത്രമാണ് ഇപ്പൊ അദ്ദേഹത്തിന്റെ കാര്യത്തിൽ ബാക്കിയുള്ളത്. പോക്കിരി പോലൊരു മാസ്സ് മസാലയുടെ അങ്ങറ്റമായൊരു ചിത്രത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നത്.

മഹേഷ്‌ ബാബു എന്ന വ്യക്തിയിലേക്ക് വന്നാൽ പക്കാ ജെന്റിൽമാൻ ആയിട്ടുള്ള.... ഫാമിലിമാനായിട്ടുള്ള മികച്ച വ്യക്തിത്വത്തിനുടമയായ ആ മനുഷ്യൻ വിവാദങ്ങൾക്ക് ഒന്നും വഴിവെക്കാറില്ല. അതിലൊക്കെ അപ്പുറം അദ്ദേഹം ഒരു റിയൽ ലൈഫ് സൂപ്പർസ്റ്റാർ കൂടെയാണ്. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഒരുപക്ഷേ അവിടത്തെ സിനിമാ മേഖലയിലെ ആരും തന്നെ ചെയ്യുന്നുണ്ടാവില്ല. ശ്രീമാന്തുടുവിന് ശേഷം ഒരു ഗ്രാമം ദത്തെടുത്തത് ഒക്കെ അദ്ദേഹത്തിന്റെ മഹത്വത്തിൽ ചെറുത് മാത്രമാണ് അത്രയ്ക്ക് സഹായങ്ങളാണ് തന്നെ വളർത്തിയ ആ നാടിനും നാട്ടുകാർക്കും വേണ്ടി ആ മനുഷ്യൻ ചെയ്യുന്നത്. അഹങ്കാരമൊട്ടുമില്ലാത്ത പച്ചയായ ഒരു മനുഷ്യൻ കൂടെയാണ് മഹേഷ്‌. ഒപ്പം ഏവർക്കും ഒരു പ്രചോദനവും ആദർശമാതൃകയുമാണ്.

"എന്ത് കണ്ടിട്ടാണെടാ ഈ ഭാവം വരാത്തവനെയൊക്കെ ഇഷ്ടപ്പെടുന്നത് ഇവന് അഭിനയിക്കാൻ അറിയോ..... നാണമില്ലേ ഇവന്റെ ആരാധകൻ ആണെന്ന് പറയാൻ" തുടങ്ങി നിരവധി ചോദ്യ ശരങ്ങളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും ഒരു മഹേഷ്‌ ബാബു ആരാധകൻ ആയതിന്റെ പേരിൽ കേട്ടിട്ടുണ്ട്. ഇവിടെ നിന്ന് കുറച്ച് ബുദ്ധിജീവികൾ അദ്ദേഹത്തിന്റെ അഭിനയത്തിന് മാർക്ക് ഇടാൻ നിന്നാൽ അയാൾക്ക് ഒന്നും സംഭവിക്കാനില്ല അയാളുടെ ആരാധകർക്കും അവിടത്തെ പ്രേക്ഷകർക്കും എന്താണോ വേണ്ടത് അത് അദ്ദേഹം തരുന്നുണ്ട്. മസാല സിനിമകളെ കുറേ ലോജിക്ക് തലയിൽ കയറ്റി വലിച്ചു കീറാൻ അവിടെയുള്ളവർ നിൽക്കാറില്ല അവർക്ക് കുറച്ച് സമയം പരിസരം മറന്ന് ആഘോഷിക്കണം അത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ അവർക്ക് സാധിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെയാണ് ആ മനുഷ്യൻ അവരുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി മാറിയതും തെലുങ്ക് സിനിമയുടെ തലപ്പത്ത് തന്നെ ഇരിക്കുന്നതും. അയാൾ ഒരു മികച്ച അഭിനേതാവ് ഒന്നും അല്ല ഒരു മികച്ച എന്റർടൈനറാണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസും, ഡയലോഗ് ഡെലിവറിയും, ആറ്റിട്യൂടും, ആക്ഷൻ രംഗങ്ങളും ഒക്കെ കണ്ട് തന്നെയാണ് അദ്ദേഹത്തെ ഇഷ്ടപ്പെട്ടത് അതിനൊന്നും മനസ്സിൽ വട്ടം വെക്കാൻ ഇന്നുവരെ അവിടത്തെ ആർക്കും സാധിച്ചിട്ടില്ല. അതുകൊണ്ട് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശരി ആ മനുഷ്യനോട്‌ അടങ്ങാത്ത ആരാധനയാണ് അതിൽ ഒരുപാട് അഭിമാനവുമുണ്ട്.

ഇനി മഹേഷ്‌ ബാബു മസാല സിനിമകൾ മാത്രമാണ് ചെയ്തത് എന്ന വാദവുമായി വരുന്നവർ ടക്കറി ഡോങ്ക,ഖലേജ, 1: നെനൊക്കടൈൻ തുടങ്ങിയ ചിത്രങ്ങളൊക്കെ ഒന്ന് കണ്ട് നോക്കുന്നത് നന്നായിരിക്കും. അഭിനയിക്കാനറിയില്ല എന്ന് നിങ്ങള് വാദിക്കുന്ന ആ മനുഷ്യൻ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള പ്രകടനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട് എന്നാണ് വിശ്വാസം. മസാല ചിത്രങ്ങളിൽ ആയാലും കഥാപാത്രം ആവശ്യപ്പെടുന്നത് തന്നെ അദ്ദേഹം ചെയ്യാറുണ്ട്. ഒരിക്കൽ കൂടെ പറയുന്നു അയാൾ അഭിനയിച്ച് മല മറിക്കുന്ന ഒരു അഭിനേതാവാണെന്നൊന്നും ആരും അവകാശപ്പെടുന്നില്ല. അദ്ദേഹം ഒരു എന്റർടൈനറാണ് ആ ജോലി വൃത്തിക്ക് തന്നെ ആ മനുഷ്യൻ ചെയ്യുന്നുമുണ്ട്. അദ്ദേഹത്തിന്റെ നാട്ടിലെ പ്രേക്ഷകരും അദ്ദേഹത്തിന്റെ ആരാധകരും അതിൽ പൂർണ്ണ തൃപ്തരും സന്തോഷവാന്മാരുമാണ്. ഇനി അവിടെ ഉള്ളവർ എല്ലാം വിവരം ഇല്ലാത്തവർ ആണെന്ന വാദം ആണേൽ താൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നും പറഞ്ഞു കൊണ്ട് ഇരുന്ന് അങ്ങോട്ട്‌ മോങ്ങൽ തുടരുക എന്നേ പറയാനുള്ളൂ.

ഇന്ന് ഞങ്ങളുടെ അണ്ണന്റെ ജന്മദിനമാണ് SSMBയ്ക്ക് എല്ലാവിധ ആശംസകളും.... ഒപ്പം സർക്കാരു വാരിപ്പട്ടയടക്കമുള്ള വരാനിരിക്കുന്ന എല്ലാ ചിത്രങ്ങളും വലിയ വിജയമാകട്ടെ. ഒപ്പം ഒരു കടുത്ത ആരാധകൻ എന്ന നിലയ്ക്കുള്ള ആഗ്രഹങ്ങളായ പുരി ജഗന്നാഥിനൊപ്പം ഒരു കിടിലൻ മാസ്സ് പടവും സുകുമാർ, ത്രിവിക്രം ശ്രീനിവാസ്, രാജമൗലി പടങ്ങളും പെട്ടന്ന് തന്നെ സംഭവിക്കുമെന്നും പ്രതീക്ഷിക്കുന്നു, വിശ്വസിക്കുന്നു. കാഴ്ച്ചയിൽ മാത്രമല്ലാതെ അകത്തും പുറത്തും എന്നും ഈ ചെറുപ്പവും ചുറുചുറുക്കും നിലനിർത്താനാകട്ടെ.

റീൽ ലൈഫിലും റിയൽ ലൈഫിലും ഒരുപാട് ഇഷ്ടപ്പെടുന്ന, ഏറെ ആരാധിക്കുന്ന താരത്തിന്..... വ്യക്തിക്ക്.... സൂപ്പർസ്റ്റാറിന്.... ഏറ്റവും പ്രിയപ്പെട്ട മഹേഷ്‌ അണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️

Happy Birthday Super Star Mahesh Babu ❤️❤️

-വൈശാഖ്.കെ.എം
രാജകുമാരനിൽ നിന്നും സൂപ്പർ സ്റ്റാറിലേക്ക് രാജകുമാരനിൽ നിന്നും സൂപ്പർ സ്റ്റാറിലേക്ക് Reviewed by on 01:45 Rating: 5

No comments:

Powered by Blogger.