മാലിക് - അവതരണ മികവുകൊണ്ട് പോരായ്മകളെ മറയ്ക്കുന്ന മികച്ച ദൃശ്യാനുഭവം
ഒരർത്ഥത്തിൽ സമൂഹത്തിന് നേരെ തിരിച്ചു വെച്ചൊരു കണ്ണാടിയാണ് മാലിക് എന്ന സിനിമ. അനേകം കഥാപാത്രങ്ങളിലൂടെ റമദാ പള്ളിയുടേയും അവരുടെ തലവൻ അഹമ്മദലി സുലൈമാന്റേയും അതിനൊപ്പം എടവത്തുറ കടപ്പുറത്തിന്റേയും ജീവിതം നമുക്ക് മുൻപിൽ തുറക്കുകയാണ് മാലിക്. അല്പം ചരിത്രവും അതിലേറെ ഭാവനയും ഇഴകലർത്തി പറഞ്ഞു പോകുന്ന കഥയാണ് മാലിക്കിന്റേത്. സൗഹൃദം, പ്രണയം, ചതി, പക, മതം, രാഷ്ട്രീയം തുടങ്ങി ഒരുപാട് കാര്യങ്ങൾ മാലിക്കിലൂടെ പറഞ്ഞു പോകുന്നുണ്ട്. കളങ്കമില്ലാത്ത ഒരുപറ്റം മനുഷ്യർക്കിടയിലേക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ലഹരിയായ മതം സ്പർദ്ധയോടെ കലർത്തി തമ്മിൽ അടിപ്പിച്ച് ദൂരെ നിന്ന് നോക്കി ചിരിച്ച് ചെന്നായ്ക്കളെപ്പോലെ തങ്ങളുടെ കാര്യം നേടിയെടുക്കുന്ന ചില നേതാക്കന്മാരുടേയും അവരുടെ കാലിനിടയിൽ വാലാട്ടി കിടക്കുന്നവരുടേയും കുതന്ത്രത്തേയും അതിന്റെ ഭവിഷ്യത്തായി സമൂഹത്തിൽ ഉടലെടുക്കുന്ന വർഗ്ഗീയതയും അതിന്റെ പിന്നാലെ വരുന്ന ദുരന്തങ്ങളും പ്രേക്ഷകന് മുന്നിൽ വ്യക്തമായി വരച്ചു കാണിക്കുകയാണ് മാലിക്. മനുഷ്യരിൽ ഉടലെടുക്കുന്ന ഒട്ടുമിക്ക വികാരങ്ങളേയും സമന്വയിപ്പിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. സാധാരണക്കാരായ മനുഷ്യരിലൂടെ അധികാരം കൈക്കലാക്കി പിന്നീട് അവർക്ക് യാതൊരു വിലയും കൽപ്പിക്കാതേയും ഒപ്പം അവരിലേക്ക് മതമെന്ന വിഷം കുത്തി നിറച്ചും സ്വന്തം കാര്യം നേടുന്ന വിഷ കരങ്ങളേയും തുറന്നു കാണിച്ചു തരുന്നു എന്നതിനൊപ്പം വലിയൊരു ഓർമ്മപ്പെടുത്തലും കൂടെയാവുകയാണ് ചിത്രം. മനുഷ്യത്വത്തിനും സാഹോദര്യത്തിനും മുകളിലല്ല മറ്റൊന്നും എന്ന ഓർമ്മപ്പെടുത്തൽ ആവുകയാണ് ചിത്രം.
മഹേഷ് നാരായണൻ..... എല്ലാ അർത്ഥത്തിലും ചിത്രത്തിന്റെ നായകൻ എന്ന് നിസ്സംശയം പറയാം. കാരണം മാലിക് പൂർണമായും ഒരു സംവിധായകന്റെ സിനിമയാണ്. മഹേഷിന്റെ രചനയിലേക്ക് വന്നാൽ പലയിടത്തും അയവ് വന്നിട്ടുള്ള, ചിലയിടങ്ങളിൽ ശരാശരി നിലവാരം മാത്രം പുലർത്തുന്ന ഒന്നായിരുന്നു എന്നാണ് അഭിപ്രായം. അതിനെ പലപ്പോഴും മറച്ചു പിടിക്കുന്നത് അദ്ദേഹത്തിന്റെ സംവിധാന മികവ് തന്നെയാണ്. സംവിധാനത്തിനൊപ്പം എത്താൻ പറ്റാതെ പോയൊരു രചനയാണ് മാലിക്കിന്റേത്. ചിത്രസംയോജനത്തിലേക്ക് വന്നാൽ അവിടേയും മഹേഷ് നാരായണൻ തന്റെ മികവ് എടുത്ത് കാണിച്ചിട്ടുണ്ട് രണ്ടേമുക്കാൽ മണിക്കൂറിനടുത്ത് ദൈർഘ്യം വരുന്ന ചിത്രത്തെ പ്രേക്ഷകന് ഒരു നിമിഷം പോലും മടുപ്പ് ഉളവാക്കാത്ത തരത്തിൽ അദ്ദേഹം കൂട്ടിചേർത്ത് വെച്ചിട്ടുണ്ട്. അനേകം കഥാപാത്രങ്ങൾ അണിനിരക്കുന്ന ചിത്രത്തെ പ്രേക്ഷകന് തലപുകയ്ക്കാതെ ഇരുന്ന് കാണാനുള്ള രീതിയിൽ ഒരുക്കി വെച്ചതിൽ മഹേഷ് നാരായണനിലെ എഡിറ്റർക്ക് ഉള്ള പങ്ക് വലുതാണ്.
മഹേഷ് നാരായണൻ എന്ന സംവിധായകനിലേക്ക് തിരിച്ചു വന്നാൽ പ്രേക്ഷകനെ വിസ്മയിപ്പിക്കും വിധം നിരവധി കാര്യങ്ങൾ ചിത്രത്തിൽ അദ്ദേഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ട് അതിൽ ഒന്നാണ് ചിത്രത്തിന്റെ തുടക്കത്തിലുള്ള പന്ത്രണ്ട് മിനുട്ടോളം നീളുന്ന സിംഗിൾ ഷോട്ട്. എന്ത് ലൈവ് ആയിട്ടാണ് അത് ചിത്രീകരിച്ചിരിക്കുന്നത് വൗ എന്ന് കാണുന്നവനെക്കൊണ്ട് യാന്ത്രികമായി പറയിപ്പിക്കും വിധമുള്ള രംഗങ്ങൾ ആയിരുന്നു അത്. മിനുട്ട് വെച്ച് നിരവധി കഥാപാത്രങ്ങൾ വന്ന് പോകുന്ന ചിത്രത്തിൽ പ്രേക്ഷകനിൽ യാതൊരു സംശയവും ജനിപ്പിക്കാതെയാണ് അദ്ദേഹം ചിത്രം ഒരുക്കിയിരിക്കുന്നത്. നന്മയും തിന്മയും വെവ്വേറെ പറഞ്ഞ് കാണിക്കാതെ രണ്ടും ഒരുമിച്ച് ഒരേ ഫ്രേമുകളിൽ പറഞ്ഞു പോയ രീതിയും പ്രശംസ അർഹിക്കുന്നുണ്ട് പ്രേക്ഷകന് രണ്ടാമത് ചിന്തിക്കേണ്ട ഇട കൊടുക്കാതെ ഗംഭീരമായി തന്നെ അദ്ദേഹം അത്തരത്തിലുള്ള രംഗങ്ങളെ അണിയിച്ചൊരുക്കിയിട്ടുണ്ട്. മഹേഷ് നാരായണൻ എന്ന സംവിധായകൻ തന്നെയാണ് ഇവിടെ താരം.
ചിത്രത്തിന്റെ നട്ടെല്ല് ആയ മറ്റൊരു വിഭാഗം ചായാഗ്രഹണമാണ്. അതിമനോഹരമായ ആകാശദൃശ്യങ്ങളാലും ചടുലമായ നിരവധി ഷോട്ടുകളാലും ഗംഭീര ഫ്രേമുകളാലും സമ്പന്നമാണ് ചിത്രം. സാനു ജോൺ വർഗ്ഗീസ് തന്റെ ക്യാമറ കൊണ്ട് വലിയൊരു ദൃശ്യ വിരുന്ന് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
സംഗീത വിഭാഗത്തിലേക്ക് വന്നാൽ ശരാശരിയിൽ ഒതുങ്ങിയ ഗാനങ്ങൾ ആയിരുന്നു സുഷിൻ ശ്യാം ഒരുക്കിയത് പക്ഷേ പശ്ചാത്തല സംഗീതം മികച്ചു നിന്നിട്ടുണ്ട്. ചിത്രത്തിനോട് ഏറെ ചേർന്ന് നിൽക്കുന്ന അമിത കോലാഹലങ്ങൾ ഇല്ലാത്ത ബിജിഎം.
അഭിനേതാക്കളിലേക്ക് വന്നാൽ...
അഹമ്മദലി സുലൈമാൻ അഥവാ അലിയിക്ക എന്ന നായക കഥാപാത്രമായി ഫഹദ് ഫാസിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്. പക്ഷേ ആശ്ചര്യപ്പെടുത്തും വിതമുള്ള പ്രകടനമായി തോന്നിയില്ല. അദ്ദേഹത്തിലെ കഴിവിൽ അത്രമേൽ പ്രതീക്ഷയുള്ളത് കൊണ്ടാവാം അതിഗംഭീര പ്രകടനമായി തോന്നിയില്ല.
നിമിഷ സജയൻ.... റോസ്‌ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിമിഷ നിരാശപ്പെടുത്തി എന്ന് വേണം പറയാൻ അഹമ്മദലി സുലൈമാൻ എന്ന കഥാപാത്രത്തേക്കാളും ഏറെ പെർഫോം ചെയ്യാൻ സ്കോപ്പ് ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു റോസ്‌ലിൻ പക്ഷേ നിമിഷയ്ക്ക് എടുത്താൽ പൊങ്ങുന്നതിനും അപ്പുറമായിരുന്നു അത്. മറ്റാരെങ്കിലും ആയിരുന്നേൽ നന്നായേനെ എന്ന് തോന്നി. കല്ല് കടിയായ തോന്നിയ പ്രകടനങ്ങളിൽ ഒന്നായിരുന്നു നിമിഷയുടേത്.
ചിത്രത്തിൽ ഗംഭീരം എന്ന് തോന്നിയ പ്രകടനങ്ങൾ രണ്ട് പേരുടേതാണ്. ഏറ്റവും ഗംഭീരമായി തോന്നിയത് ഫ്രഡ്ഢി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Sanal Aman ന്റെ പ്രകടനമാണ്. ശരിക്കും ഞെട്ടിച്ച പ്രകടനം. ഫഹദ് ആയിട്ടുള്ള കോമ്പിനേഷൻ സീനിൽ പോലും സനൽ ഏറെ മികച്ചു നിന്നിട്ടുണ്ട്. മികച്ച ഒരുപാട് കഥാപാത്രങ്ങൾ അദ്ദേഹത്തിൽ വന്ന് ചേരട്ടെ.
പ്രകടനം കൊണ്ട് ഗംഭീരമായി തോന്നിയ മറ്റൊരാൾ ദിലീഷ് പോത്തനാണ്. അബൂബക്കർ എന്ന കഥാപാത്രത്തെ അദ്ദേഹം അത്രമേൽ ഉൾക്കൊണ്ട് കൊണ്ട് ചെയ്തിട്ടുണ്ട്.
വിനയ് ഫോർട്ട് അവതരിപ്പിച്ച ഡേവിഡ് എന്ന കഥാപാത്രം നന്നായി പെർഫോം ചെയ്യാൻ ഉള്ള കഥാപാത്രമായിരുന്നു അദ്ദേഹം അത് ഡീസന്റ് ആയി തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ കാണുന്നവനിൽ മറ്റാരെങ്കിലും ചെയ്തിരുന്നേൽ എന്നൊരു ചിന്ത ബാക്കിയാക്കുന്നുണ്ട് എന്നത് ഒരു പോരായ്മയാണ്.
Chandhunadh G അവതരിപ്പിച്ച ഋഷഭ് എന്ന കഥാപാത്രവും Parvathy Krishna അവതരിപ്പിച്ച ഷെർമിൻ എന്ന കഥാപാത്രവും മികച്ചു നിന്നിട്ടുണ്ട്. രണ്ട് പേരും അതിമനോഹരമായി തന്നെ തങ്ങളുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഇന്ദ്രൻസ്, ജോജു ജോർജ്ജ്, ജലജ, ദിനേശ് പ്രഭാകർ, സലിം കുമാർ രാജേഷ് ബാബു, ഇർഷാദ്, അപ്പാനി ശരത്, അമൽ രാജ്ദേവ്, രാജേഷ് ശർമ്മ, മീനാക്ഷി രവീന്ദ്രൻ, നന്ദൻ ഉണ്ണി, നിസ്ഥാർ, സുധി കോപ്പ തുടങ്ങിയവരും തങ്ങളുടെ വേഷങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്
നിമിഷയുടെ പ്രകടനത്തിന് ഒപ്പം കല്ലു കടിയായി തോന്നിയ പ്രകടനങ്ങൾ ദിവ്യപ്രഭ, ദേവകി രാജേന്ദ്രൻ, ജോളി ചിറയത്ത് തുടങ്ങിയവരുടേത് ആയിരുന്നു. മിസ്സ് കാസ്റ്റ് ആയി തോന്നി അവരെയെല്ലാം.
നെഗറ്റീവ് ആയി തോന്നിയ മറ്റു വശങ്ങൾ ആർട്ട്, മേക്കപ്പ് വിഭാഗങ്ങൾ ആയിരുന്നു. പിന്നെ എടുത്ത് പറയാൻ തോന്നുന്ന പോരായ്മ ട്രിവാൻഡ്രം സ്ലാങ് ആണ് ആ സ്ലാങ്ങിനോട് ഒട്ടും നീതിപുലർത്താൻ ഒന്ന് രണ്ട് പേർക്കൊഴികെ ആർക്കും പറ്റിയിട്ടില്ല.
മികവുകളുടെ കുത്തൊഴുക്കിനിടയിൽ ഇത്തരം ചില പോരായ്മകൾ കൂടെയുണ്ട് മാലിക്കിന്. അത് മാറ്റി നിർത്തിയാൽ ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് മാലിക്ക്. തിയ്യേറ്റർ റിലീസ് ആയിരുന്നേൽ കുറേക്കൂടെ ആസ്വദിക്കാൻ കഴിഞ്ഞേനെ. ആ കാര്യത്തിൽ വലിയ സങ്കടമുണ്ട്.
അഹമ്മദലി സുലൈമാന്റെ ജീവിതത്തിലൂടെ മഹേഷ് നാരായണൻ വലിയൊരു കാര്യം കാണിച്ചു തരുന്നുണ്ട് അല്ലേൽ ഓർമ്മപ്പെടുത്തുന്നുണ്ട്..... നന്മയുടെ മേൽ എങ്ങനാണ് തിന്മ പ്രഹരം ഏൽപ്പിക്കുന്നത് എന്നും അതിൽ നിന്നും പുതുതലമുറ കണ്ണ് തുറന്ന് എങ്ങനെ പുറത്ത് വരണമെന്നും കാണിച്ചു തരികയാണ് പറഞ്ഞു തരികയാണ് ഓർമ്മപ്പെടുത്തുകയാണ് മാലിക് എന്ന ചിത്രം.
അവതരണ മികവ് കൊണ്ട് പോരായ്മകളെ മറയ്ക്കുന്ന മികച്ചൊരു ദൃശ്യാനുഭവമാണ് മാലിക്.
(അഭിപ്രായം തികച്ചും വ്യക്തിപരം)
മാലിക് - അവതരണ മികവുകൊണ്ട് പോരായ്മകളെ മറയ്ക്കുന്ന മികച്ച ദൃശ്യാനുഭവം
Reviewed by
on
12:30
Rating:

No comments: