ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം രണ്ട് )കോഴിക്കോട്ട് നിന്നും പുള്ളിലെ വാര്യത്തേയ്ക്ക്

  ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം രണ്ട് )

കോഴിക്കോട്ട് നിന്നും പുള്ളിലെ വാര്യത്തേയ്ക്ക്

ആരാധന അതിരുകടക്കുമ്പോൾ ഉണ്ടായിട്ടുള്ള സാഹസിക യാത്രകളുടെ ഓർമ്മകൾ പങ്കുവെക്കുന്ന വിവരണം ആണേലും ഇത്തവണത്തെ കാര്യത്തിൽ ചെറിയൊരു തിരുത്തുണ്ട് കാരണം ഇന്നത്തെ അനുഭവത്തെ ആരാധന എന്ന് പറഞ്ഞാൽ അത് ഒട്ടും ആപ്റ്റ് ആവില്ല കാരണം അത് അതിനൊക്കെ അപ്പുറമുള്ളൊരു വികാരമാണ്. എന്താണെന്നല്ലേ..... പറയാൻ പോകുന്ന കാര്യം മലയാളികളുടെ സ്വന്തം മഞ്ജു വാര്യരുടെ കാര്യമാണ്.... എന്റെ മഞ്ജു ചേച്ചിയുടെ..... ചേച്ചിയുടെ കാര്യം. ഇപ്പൊ ഏകദേശം പിടികിട്ടിക്കാണുമല്ലോ അല്ലേ..? മഞ്ജു ചേച്ചി എനിക്ക് ആരാണ് എന്ന് പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ.... എന്നെ പരിചയം ഇല്ലാത്തവർ ഉണ്ടേൽ ആ സംശയം തീർക്കാൻ കമന്റ്‌ ബോക്ക്സ്സിൽ അതേപറ്റി എഴുതിയതിന്റെയൊക്കെ ലിങ്ക് ഇട്ട് തരാം വീണ്ടും ആ കാര്യം വിവരിക്കാൻ നിന്നാൽ ഒരുപക്ഷേ എഴുത്ത് ഇവിടെയൊന്നും നിന്നെന്ന് വരില്ല. അപ്പൊ കൂടുതൽ ദീർഘിപ്പിക്കാതെ കാര്യത്തിലേക്ക് കടക്കാം അല്ലേ.....

കുഞ്ഞുന്നാൾ മുതൽ മനസ്സിൽ കയറിക്കൂടിയ ആ സഹോദരീരൂപത്തെ ദൂരെ നിന്ന് പോലും നേരിൽ കാണാൻ ഒരു അവസരവും ലഭിച്ചിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായി ആ കാര്യം മനസ്സിൽ ഒരു നീറ്റലായി ഇങ്ങനെ കിടക്കുമ്പോൾ എന്തേലും നേരിയ അവസരങ്ങൾ ആണേൽപ്പോലും ഞാൻ മിസ്സ്‌ ചെയ്യാറില്ല. അങ്ങനെയുള്ള കുറച്ച് യാത്രകളെപ്പറ്റി യാണ് പറയാൻ പോകുന്നത്.

ആദ്യമായി പറയുന്നത് ഏകദേശം ഒരു മൂന്നാല് വർഷം മുൻപ് നടന്ന കാര്യമാണ് ആണ്. എന്റെ മുഖപുസ്തകത്തിലെ മഞ്ജു ചേച്ചിയെപ്പറ്റിയുള്ള എഴുത്തുകൾ കണ്ടാവണം ഒരാൾ മഞ്ജു ചേച്ചി ഫാൻ എന്ന പേരിൽ മെസ്സേജ് അയക്കുന്നതും കമ്പനി ആവുന്നതും. അങ്ങനെ പരിചയപ്പെട്ട് കുറച്ച് കാലങ്ങൾക്ക് ശേഷം കക്ഷി ഒരു ദിവസം വിളിച്ചിട്ട് പറഞ്ഞു മഞ്ജു ചേച്ചി തിരുവനന്തപുരത്ത് ഉണ്ടെന്നും താജ് ഹോട്ടലിൽ ആണ് സ്റ്റേ എന്നും നിങ്ങൾക്ക് നാളെ തന്നെ ഇവിടെ എത്താൻ പറ്റിയാൽ കാണാം എന്നും പറഞ്ഞു. കേട്ട പാതി കേൾക്കാത്ത പാതി ആ സന്തോഷത്തിൽ ഞാൻ ചാടിപ്പുറപ്പെട്ടു ആരോടും കാര്യം പറയാതെ വീട്ടിൽ നിന്നും രണ്ട് ദിവസം കഴിഞ്ഞേ വരൂ എന്നും പറഞ്ഞ് ഇറങ്ങി. ട്രെയിനിൽ ആയിരുന്നു യാത്ര.... രാത്രി ഏറെ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത് അവിടെ ഒരു ലോഡ്ജിൽ റൂം എടുത്ത് കൂടി രാവിലെ ഫ്രഷ് ആയി ഈ പറഞ്ഞ കക്ഷിയെ വിളിച്ചു അദ്ദേഹം പറഞ്ഞത് വെച്ച് ടാക്സിയൊക്കെ പിടിച്ച് താജ് ഹോട്ടലിനടുത്ത് എത്തി. കക്ഷിയെ വീണ്ടും വിളിച്ചു അദ്ദേഹം അവിടെ അടുത്ത് തന്നെയുണ്ട് പത്ത് മിനുട്ട് കൊണ്ട് എത്താം എന്ന് പറഞ്ഞു. അങ്ങനെ അവിടെ അദ്ദേഹത്തെ കാത്തിരുന്നു.... കുറച്ച് കഴിഞ്ഞപ്പോൾ കക്ഷി എത്തി കുറച്ച് നേരം സംസാരിച്ചു പെട്ടന്ന് അയ്യോ സംസാരിച്ചിരുന്ന് ഒരു കാര്യം മറന്നു വന്ന ഓട്ടോക്കാരനെ വിടാൻ മറന്നു എന്റെ കൈയ്യിൽ ചേഞ്ച് ഇല്ല താൻ ഒരു അഞ്ഞൂറ് രൂപ തന്നേ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങണം എ.ടി.എം ൽ നിന്ന് എടുത്ത് തരാം ചേച്ചിയെ കണ്ട് തിരിച്ചു പോകുമ്പോൾ തിരിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ കാശ് എടുത്ത് കൊടുത്തു, ചേച്ചി ഇറങ്ങാൻ അരമണിക്കൂർ കൂടെ കഴിയും താൻ ഇവിടെ തന്നെ നിൽക്ക് എന്നും പറഞ്ഞ് പുള്ളി പോയി. അരമണിക്കൂർ കഴിഞ്ഞിട്ടും ജ്യോതിയും വന്നില്ല ആരും വന്നില്ല എന്ന കിലുക്കത്തിലെ രേവതി ചേച്ചിയുടെ അവസ്ഥയായിരുന്നു എനിക്ക്. ഇപ്പൊ വരാം എന്ന് പറഞ്ഞു പോയ ആ മനുഷ്യനും ഇല്ല ചേച്ചിയും ഇല്ല. പിന്നെ അദ്ദേഹത്തെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു ഫേസ്ബുക്ക്‌ ഐഡിയും അപ്രത്യക്ഷം. ഉടായിപ്പ് ആദ്യമേ സ്മെൽ ചെയ്തത് കൊണ്ട് വലിയ ആഘാതം ഒന്നും തോന്നിയില്ല എന്നതാണ് സത്യം. എന്നാലും ആ മഹാപാപി അഞ്ഞൂറ് രൂപ അല്ലാതെ ചോദിച്ചിരുന്നേൽ അയച്ചു കൊടുത്തേനെ. ഇത് കോഴിക്കോട് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്രാ ചിലവ്, റൂമിന്റെ വാടക, ടാക്സി കാശ്, ഭക്ഷണം, തിരിച്ചുള്ള യാത്ര തുടങ്ങി രണ്ട് ദിവസവും കുറേ കാശും പോയി കിട്ടി. നല്ല രീതിയിൽ ഇസ്തിരിയിട്ട് കിട്ടിയ യാത്രയായത് കൊണ്ട് ആരോടും പറയാനും പോയില്ല. ( ആദ്യമേ സംശയം ഉണ്ടായിരുന്നേൽ പിന്നെ എന്തിന് ഇറങ്ങിപ്പുറപ്പെട്ടു എന്ന് ചോദിക്കുന്നവർക്ക് ഉള്ള ഉത്തരം കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞിരുന്നു എന്നാലും ഒന്നൂടെ പറയാം വൺമാൻ ഷോയിൽ സലിം കുമാർ ചേട്ടൻ പറയുന്നത് പോലെ അഥവാ ബിരിയാണി കിട്ടിയാലോ..... അത് തന്നെ കാരണം. പിന്നെ മുകളിൽ പറഞ്ഞത് പോലെ ഒരു ചെറിയ ചാൻസ് പോലും ഒഴിവാക്കാറില്ല എന്നതും.)

ഇതേ കാര്യത്തിന് വേണ്ടിയുള്ള മറ്റൊരു യാത്രയും തലസ്ഥാന നഗരിയിലേക്ക് തന്നെയായിരുന്നു. ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുന്ന സമയം ഒരു കൂട്ടുകാരൻ വിളിച്ചിട്ട് പറഞ്ഞു ലാലേട്ടനെ കാണാൻ ഒരു അവസരം ഉണ്ട് അളിയാ ഉറപ്പ് ഒന്നും പറയാൻ പറ്റില്ല നീ ഇത്രേം ദൂരം വന്നിട്ട് അഥവാ നടന്നില്ലേൽ എന്നെ കുറ്റം പറയരുത് പറ്റുമെങ്കിൽ വാ എന്ന് പറഞ്ഞു. അവിചാരിതമായി മഞ്ജു ചേച്ചിയുടെ വലിയൊരു ആരാധകൻ എന്ന് കരുതിയ ആളും അന്നേ ദിവസം വിളിച്ചിട്ട് പറഞ്ഞു തിരുവനന്തപുരത്ത് വരാമെങ്കിൽ മഞ്ജു ചേച്ചിയെ കാണാം ലൂസിഫർ ഷൂട്ട് നടക്കുന്നുണ്ട് എന്ന്. അപ്പൊ ഞാൻ പറഞ്ഞു ചേട്ടാ ചേച്ചിയെ അങ്ങനെ ഷൂട്ടിങ് സെറ്റിൽ ഒന്നും പോയി കാണണം എന്നല്ല എന്റെ ആഗ്രഹം. എനിക്ക് ചേച്ചി ആരാണ് എന്നുള്ളത് ചേച്ചി അറിയണം അതിന് ശേഷം കാണാൻ പോകണം അല്ലാതെ വെറുമൊരു ആരാധകൻ ആയിട്ട് പോകാൻ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു. അപ്പൊ അദ്ദേഹം പറഞ്ഞു ഷൂട്ടിങ് സെറ്റിൽ അല്ലാതെ കാണാൻ അവസരം ഒരുക്കി തരാം എന്ന്. കേട്ടപ്പോൾ ഇരട്ടി സന്തോഷം തോന്നി. പിന്നെ ആദ്യം വിളിച്ച കൂട്ടുകാരൻ പറ്റുമെങ്കിൽ ഒരു വെള്ള ഷർട്ടും എടുക്കാൻ പറഞ്ഞിരുന്നു.

അങ്ങനെ വീണ്ടും തിരുവനന്തപുരത്തേക്ക്.... വീട്ടിൽ നിന്നും കുറച്ച് നേരത്തെ ഇറങ്ങി കോഴിക്കോട് ടൗണിൽ എത്തി. ഈ കാര്യം നേരത്തെ ഒരു കൂട്ടുകാരനെ വിളിച്ചു പറഞ്ഞപ്പോൾ എന്നെ റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ട് പോകാൻ അവൻ അവിടെ കാത്ത് നിന്നിരുന്നു. എന്റെ മുഖത്തെ തെളിച്ചം കണ്ടിട്ടാവണം എന്നേക്കാൾ സന്തോഷവും ആകാംഷയും ആയിരുന്നു അവന്. വെള്ള ഷർട്ടിന്റെ കാര്യം അപ്പൊ ആണ് ഓർമ്മ വന്നത് നേരം ഒരുപാട് വൈകിയിരുന്നു കടകൾ ഒക്കെ അടച്ചിരുന്നു എന്ത് ചെയ്യും എന്ന് അറിയാതെ നിന്നപ്പോൾ കൂട്ടുകാരൻ വേഗം ബൈക്കിൽ കയറാൻ പറഞ്ഞു പിന്നെ മിക്ക സ്ഥലങ്ങളിലേക്കും ഓടി നടന്നു ലാസ്റ്റ് ഒരു കടയിൽ നിന്ന് ഷർട്ട്‌ കിട്ടി. കാശ് അവൻ ആയിരുന്നു കൊടുത്തത് എന്തായാലും നിന്റെ വലിയൊരു ആഗ്രഹം സാധിക്കാൻ പോവല്ലേ ഇത് എന്റെ വക ആയിക്കോട്ടെ എന്ന് പറഞ്ഞു. അങ്ങനെ വീണ്ടും തലസ്ഥാന നഗരിയിലേക്ക്.....

ട്രെയിനിൽ ഇരിക്കുമ്പോൾ വല്ലാത്ത ഒരു ആകാംഷയായിരുന്നു നടന്നാൽ ഡബിൾ ലോട്ടറി അല്ലേ.... വലിയൊരു ആഗ്രഹത്തിന്റെ അല്ലേൽ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള യാത്ര.... ഉറക്കം പോലും വന്നില്ല എന്നതാണ് സത്യം. അങ്ങനെ തിരുവനന്തപുരത്ത് എത്തി.... എന്നെ കൂട്ടിക്കൊണ്ട് പോകാൻ കൂട്ടുകാരൻ അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു പുറത്ത് നിന്ന് ഭക്ഷണം ഒക്കെ കഴിച്ച് അന്ന് രാത്രി അവന്റെ വീട്ടിൽ ആയിരുന്നു സ്റ്റേ. പിറ്റേ ദിവസം ഷൂട്ടിങ് സെറ്റിൽ ഉണ്ടായ എന്തോ പ്രശ്നം കാരണം ലാലേട്ടനെ കാണാൻ പറ്റിയില്ല. വലിയ സങ്കടം തോന്നിയില്ല കാരണം അവൻ ആദ്യമേ പറഞ്ഞിരുന്നല്ലോ ഉറപ്പ് ഇല്ല എന്ന കാര്യം. അപ്പൊ തന്നെ മഞ്ജു ചേച്ചിയുടെ അടുത്തേക്ക് പോകാൻ മറ്റേ പുള്ളിയെ വിളിച്ചു.... ഒരു തവണ,രണ്ട് തവണ, മൂന്ന്തവണ, നാല് തവണ..... അങ്ങനെ വിളിയോട് വിളി അദ്ദേഹം ഫോൺ എടുക്കുന്നില്ല.... ഞാൻ അവിടെ നിന്ന് കയറി എന്ന് വിളിച്ചു പറഞ്ഞതാണ്.... പിന്നീട് രാത്രി തിരുവനന്തപുരത്ത് എത്തിയപ്പോൾ വിളിച്ചു അപ്പൊ കക്ഷി കാൾ എടുത്തില്ല.... രാത്രി അല്ലേ എന്ന് ഉറങ്ങിക്കാണും എന്ന് വിചാരിച്ചു. പക്ഷെ പകൽ എത്ര വിളിച്ചിട്ടും എടുക്കാതെ വന്നപ്പോൾ കാര്യം കൂട്ടുകാരനോട് പറഞ്ഞു. അവൻ പറഞ്ഞു എന്റെ അളിയാ നീ എന്ത് പണിയാടെ കാണിച്ചത് ഒരു വാക്ക് എന്നോട് ചോദിക്കണ്ടേ മഞ്ജു വാര്യരും ടോവിനോയും ഒന്നും ഇവിടെ ഇല്ല അവരൊക്കെ രണ്ട് ദിവസം മുൻപ് പോയല്ലോ..... നിന്നെ പറ്റിച്ചതാണ് അളിയാ.... ശ്ശെടാ നീ ഒരു വാക്ക് ഇതേ പറ്റി എന്നോട് പറഞ്ഞില്ലല്ലോ അളിയാ. ഞാൻ പറഞ്ഞു സാരമില്ല എന്തായാലും കുറേ നാളുകൾക്ക് ശേഷം നിന്നെ കാണാൻ പറ്റിയല്ലോ.... അങ്ങനെ പിന്നെ ഞങ്ങള് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഒക്കെ പോയി തൊഴുത് കുറേ നേരം ക്ഷേത്രത്തിനകത്ത് ഇരുന്ന് അവിടന്ന് ഭക്ഷണം ഒക്കെ കഴിച്ച് പുറത്തിറങ്ങി തിരുവനന്തപുരത്ത് ഒക്കെ കറങ്ങി രാത്രിയുള്ള ട്രെയ്നിൽ ഞാൻ തിരിച്ചു പോന്നു. (ഈ കാര്യത്തിൽ എന്നേക്കാൾ വിഷമം അവനായിരുന്നു.... അതുകൊണ്ട് തന്നെ അധികം വൈകാതെ ലാലേട്ടന്റെ അടുത്ത് പോകാനുള്ള ആഗ്രഹം അവന്മൂലം തന്നെ നടന്നു.)

ഇതിനൊക്കെ എത്രയോ മുൻപ് മറ്റൊരു അഭിനേതാവും ഈ കാര്യം പറഞ്ഞു പറ്റിച്ചിരുന്നു അത് വിശദീകരിക്കുന്നില്ല.

അങ്ങനെ മഞ്ജു ചേച്ചിയുടെ കാര്യത്തിൽ പറ്റിക്കപ്പെടുമെന്ന് അറിഞ്ഞും അറിയാതേയുമൊക്കെ ഇതുപോലെ വലുതും ചെറുതുമായ ഒരുപാട് യാത്രകൾ ഒക്കെ നടത്തിയിട്ടുണ്ട്. സാമ്പത്തിക നഷ്ടവും സമയ നഷ്ടവും ഉണ്ടായി എന്നല്ലാതെ ചേച്ചിയുടെ നിഴല് പോലും കാണാൻ പറ്റിയിരുന്നില്ല.

ഒന്ന് രണ്ട് വർഷം മുൻപ് ഓണം ആഘോഷിക്കാൻ തൃശൂർക്ക് അനിയത്തിയുടെ അടുത്തേക്ക് പോയപ്പോൾ ഉണ്ടായ ഒരു അനുഭവമാണ് അടുത്തത്.

ഒരു ദിവസം രാവിലെ വടക്കുംനാഥക്ഷേത്ര ദർശനം ഒക്കെ കഴിഞ്ഞ് തൃശൂർ ഉള്ള രണ്ട് കൂട്ടുകാരുമായി സംസാരിച്ച് ഇരിക്കുന്ന സമയത്ത്. എല്ലാരും ഫ്രീയല്ലേ എവിടേക്ക് എങ്കിലും പോയാലോ എന്ന് ചോദിച്ചു.... സിനിമയും മറ്റുമൊക്കെ മാറ്റി വെച്ചൊരു യാത്രയായിരുന്നു മനസ്സിൽ. അഥിതി ഞാൻ ആയത് കൊണ്ട് അഭിപ്രായം പറയാൻ ഉള്ള ചാൻസ് എനിക്കായിരുന്നു. എവിടെ പോകണമെന്ന് നീ പറ എന്ന് അവര് പറഞ്ഞപ്പോൾ സംശയമേതുമില്ലാതെ എന്റെ മനസ്സിൽ വന്ന പേര് "പുള്ള്" എന്നായിരുന്നു. ഞാൻ ചോദിച്ചു എന്നെ മഞ്ജു ചേച്ചിയുടെ വീട്ടിൽ കൊണ്ട് പോകാവോ..?

കൂട്ടുകാരൻ : നീ എന്തൂട്ടാ പറയണേ അങ്ങടേയ്ക്ക് ഒക്കെ ഒരുപാട് ദൂരം ഉണ്ടെടാ.....

ഞാൻ : പറ്റില്ല അല്ലേ എന്നാൽ വേണ്ട.....

പിന്നെ അവര് തമ്മിൽ എന്തൊക്കെയോ സംസാരിച്ച് അതൊക്കെ ഒരുപാട് ദൂരം ഒക്കെ ഉണ്ടെന്ന് പറഞ്ഞു. വേറെ എവിടേലും പോകാം എന്ന് പറഞ്ഞു. അങ്ങനെ അനിയത്തിയെ വീട്ടിൽ കൊണ്ട് ചെന്നാക്കി ഏട്ടന്റെ സമ്മതവും മേടിച്ച് അവരുടെ കൂടെ ഞാൻ ഇറങ്ങി..... രണ്ട് ബൈക്കിൽ നാല് പേര് ആയിട്ടായിരുന്നു യാത്ര. പകുതി എത്തിയപ്പോൾ ആണ് ഇവന്മാർ പറയുന്നത് പോകുന്നത് പുള്ളിലേക്ക് ആണ് എന്ന്. ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു അപ്പൊ..... അങ്ങനെ ഒരുപാട് സന്തോഷത്തോടേയും പ്രതീക്ഷയോടേയും ഒരുപാട് സ്വപ്ങ്ങൾ ഒക്കെ കണ്ട് ഞാൻ ആ ബൈക്കിന് പിന്നിൽ ഇരുന്നു. കണ്ണൊക്കെ നിറഞ്ഞിരുന്നു സന്തോഷം കൊണ്ട് ആണോ ബൈക്കിൽ പോകുമ്പോൾ ഉള്ള കാറ്റ് കൊണ്ടാണോ എന്ന് എനിക്ക് അറിയില്ല. ജീവിതത്തിൽ കണ്ടിട്ടുള്ള അതിമനോഹരമായ സ്ഥലങ്ങളിൽ ഒന്നിലേക്കായിരുന്നു യാത്ര എന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ പുള്ള് എന്ന ആ വർണ്ണനയ്ക്ക് അതീതമായ ഗ്രാമത്തിലേക്ക് ഞങ്ങൾ കടന്നു..... ഗ്രാമത്തിന് ചുറ്റും വെള്ളിയരഞ്ഞാണം പോൽ മനോഹരമായ പാടങ്ങളാൽ ചുറ്റപ്പെട്ട ഹരിതാഭയും പച്ചപ്പുമൊക്കെ നിറഞ്ഞ ഒരു ഗംഭീര സ്ഥലം. പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ച് യാത്ര ചെന്നെത്തിയത് ഒരു ക്ഷേത്രവും ഒരു ആൽത്തറയുമൊക്കെ ചേർന്ന ഒരു കവലയിൽ ആയിരുന്നു. ശരിക്കും സിനിമയിൽ ഒക്കെ കാണുന്നത് പോലെ ഒരു സ്ഥലം. പലപ്പോഴും സ്വപ്നത്തിൽ ഒക്കെ കണ്ടിട്ടുള്ള ഒരു സ്ഥലം.... ബൈക്ക് ഒരു സൈഡിൽ ഒതുക്കി ഇറങ്ങാൻ പറഞ്ഞപ്പോൾ ഒന്നും അറിയാതെ അതൊക്കെ ആസ്വദിച്ചു നോക്കിയിരുന്ന എന്നോട് ഒരു കൂട്ടുകാരൻ ചോദിച്ചു ആ കാണുന്ന വീട് ആരുടേതാണ് എന്ന് അറിയോ എന്ന് ഞാൻ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗേറ്റിന് അടുത്ത മതിലിന്മേൽ പതിച്ച ആ ബോർഡിലെ പേര് നോക്കാൻ പറഞ്ഞു.... ആ കറുത്ത ബോർഡിലെ ഗോൾഡൻ കളറിലെ അക്ഷരങ്ങൾ "VARIYAM" എന്നായിരുന്നു. വായിക്കുമ്പോഴേക്കും ഒരു സുഹൃത്തിന്റെ വക കമന്റ് എടാ പൊട്ടാ ഇതാണ് നിന്റെ ചേച്ചിയുടെ വീട്. കേട്ടപ്പോൾ തന്നെ നിന്ന നിൽപ്പിൽ ശക്തി ഒക്കെ ക്ഷയിച്ച് പോയി തലയിലൂടെ എന്തോ ഒരു ചൂടുള്ള നീരാവിയൊക്കെ കടന്ന് പോയ ഒരു അവസ്ഥയായിരുന്നു.

കൂട്ടുകാരൻ : ചെല്ല് ചെന്ന് ചോദിക്ക് ചേച്ചി അവിടെ ഉണ്ടോ എന്നൊക്കെ എന്നിട്ട് കാര്യം പറ..... കോഴിക്കോട് നിന്നൊക്കെ വന്നതാണ് എന്ന് പറഞ്ഞാൽ മടക്കി അയക്കാൻ ചാൻസ് ഇല്ല

ഞാൻ : എടാ എനിക്ക് കൈയ്യും കാലും വിറച്ചിട്ട് അനങ്ങാൻ പോലും വയ്യ നീയൊന്ന് പോയി ചോദിക്കാവോ പ്ലീസ്....

കൂട്ടുകാരാൻ 2 : ഒരു പൊട്ടിച്ചിരിയോടെ ഈ മനുഷ്യനെ നോക്കിക്കേ ഇയാള് ഇപ്പൊ തല കറങ്ങി വീഴും നിങ്ങള് ആ ആൽത്തറയിൽ പോയി ഇരുന്നേ ഞങ്ങള് പോയി ചോദിച്ചിട്ട് വരാം....

അവര് ആ ഗേറ്റിന് അടുത്തേക്ക് നടന്നു അവരുടെ വിളി കേട്ടിട്ട് പുറത്ത് വന്ന സെക്യൂരിറ്റി ചേട്ടനുമായി എന്തൊക്കെയോ സംസാരം നടക്കുന്നുണ്ട്..... ആ കുറഞ്ഞ സമയം കൊണ്ട് മനസ്സിൽ ഒരുപാട് കാര്യങ്ങൾ മിന്നി മാഞ്ഞുകൊണ്ടിരുന്നു.... രണ്ട് പതിറ്റാണ്ടിന് മുകളിലായി മനസ്സിൽ കിടക്കുന്ന ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്.... ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്ന്..... അതാണ് ഇപ്പൊ നടക്കാൻ പോകുന്നത് സന്തോഷം കൊണ്ട് മൊത്തം ബ്ലാങ്ക് ആയൊരു അവസ്ഥ. ചെറുതായ് വിറയ്ക്കുന്നുണ്ടായിരുന്നു..... കുഞ്ഞുന്നാൾ മുതൽ മനസ്സിൽ കുടിയേറിയ..... സഹോദരിയായി മാറിയ ചേച്ചിയെ ആദ്യമായ് അങ്ങനെ കാണാൻ പോകുന്നു.... ഞാൻ ചേച്ചിയ്ക്ക് ആരാണ് എന്നൊക്കെ അവര് ഇപ്പൊ പറഞ്ഞു കാണും.... ചേച്ചി അറിഞ്ഞു കാണും. അങ്ങനെ ഓരോ ചിന്തകളിൽ മുഴുങ്ങിയിരിക്കുന്ന എന്റെയടുത്തേക്ക് വന്നിട്ട് അവര് പറഞ്ഞു "ഡാ നിനക്ക് ഒട്ടും ഭാഗ്യമില്ല കുറച്ച് സമയം മുൻപ് നിന്റെ ചേച്ചി ഷൂട്ടിന് പോയി കുറേ ദിവസം ഇവിടെ ഉണ്ടായിരുന്നത്രെ മാനേജർ എന്നൊക്കെ പറഞ്ഞിട്ട് ഒരാളുടെ നമ്പർ തന്നിട്ടുണ്ട് എന്നിട്ട് വിളിച്ചിട്ട് വരാൻ പറഞ്ഞു." പ്രതീക്ഷികൾ മുഴുവനും തകർന്ന് മുഖത്തെ സന്തോഷത്തിന്റെ തെളിച്ചമെല്ലാം സങ്കടമെന്ന കാർമേഘം വന്ന് മൂടി. എന്നെ സമാധാനിപ്പിക്കാൻ എന്നോണം സാരമില്ല അടുത്ത തവണ നമുക്ക് വിളിച്ചിട്ട് വരാം എന്നൊക്കെ പറഞ്ഞു..... അങ്ങനെ കുറേ നേരം ആ ആൽത്തറയിൽ ഇരുന്നു.... പിന്നെ പതിയെ സിനിമയിലേക്ക് കടന്നു ഒരുപാട് സമയം പിന്നെ സിനിമാ ചർച്ചകൾ ആയിരുന്നു.... മണിക്കൂറുകളോളം അവിടെ ചിലവഴിച്ചു. അവിടത്തെ കാലാവസ്ഥയും ആ സ്ഥലത്തിന്റെ ഭംഗിയും അവിടെ നിന്ന് തിരികെ പോരാൻ സമ്മതിച്ചിരുന്നില്ല.... അത്രയ്ക്ക് ആ സ്ഥലം മനസ്സിനെ കീഴ്പ്പെടുത്തി കളഞ്ഞു. എന്നെങ്കിലും ചേച്ചിയെ ഇവിടെ വന്ന് കാണാൻ പറ്റുമായിരിക്കും എന്ന പ്രതീക്ഷയിൽ ചേച്ചി പ്രാർത്ഥിക്കുന്ന ആ ക്ഷേത്രത്തിലോട്ട് അതിന് വേണ്ടി മനമുരുകി പ്രാർത്ഥിച്ച് ഇതിലും നല്ലൊരു അവസരത്തിന് വേണ്ടി ആയിരിക്കും ഈ പരീക്ഷണം എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച് ഗേറ്റിന് പുറത്ത് നിന്ന് വാര്യത്തിന് ഉള്ളിലേക്ക് നോക്കി ഒരു ചെറുപുഞ്ചിരിയോടെ അവിടെ നിന്ന് യാത്ര തിരിച്ചു.

ചേച്ചിയെ കാണാൻ പറ്റാത്ത വിഷമം ഒരു ഭാഗത്ത് കിടന്ന് വിങ്ങുമ്പോഴും പുള്ള് എന്ന ആ അതിമനോഹരഗ്രാമം എന്നെ സന്തോഷിപ്പിച്ചു കൊണ്ടിരുന്നു. മനുഷ്യന്റെ കൃത്രിമ നിർമ്മിതികളായ വർണ്ണക്കാഴ്ച്ചകളെയൊക്കെ നിലം പരിശാക്കുന്ന ഭംഗിയാണ് പുള്ള് എന്ന ഗ്രാമത്തിന്. പ്രകൃതിഭംഗി.... പ്രകൃതി നൽകിയ ആ നിറവും വെളിച്ചവും പുള്ളിനെ ഭൂമിയിലെ ഒരു സ്വർഗ്ഗമാക്കി മാറ്റുന്നു. ഒപ്പം മഞ്ജു ചേച്ചിയുടെ ജന്മ സ്ഥലം എന്നത് എന്നെ സംബന്ധിച്ച് പുള്ളിന്റെ മനോഹാരിത ഇരട്ടിയാക്കുന്നു.
പിന്നീട് അവിടെ പോകാൻ അവസരം കിട്ടിയിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ പോകണമെന്ന് ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണത്.

മഞ്ജു ചേച്ചിയെ കാണാൻ വേണ്ടി കഷ്ടപ്പെട്ടതിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് ഈ പറഞ്ഞവയൊക്കെ. ഇതിലും എത്രയോ തവണ അറിഞ്ഞും അറിയാതെയും പറ്റിക്കപ്പെട്ടും. കുഴികളിൽ വീണും, അമിത പ്രതീക്ഷികളോടേയും അല്ലാതേയും പല യാത്രകൾ ചെയ്തും മറ്റുമൊക്കെ ലക്ഷ്യത്തിൽ എത്താൻ പറ്റാതെ പോയിട്ടുണ്ട്.

ഇപ്പോഴും ആ പേരിൽ ഇത്രയായിട്ടും നിനക്ക് അവരെ കാണാൻ പറ്റിയില്ലല്ലോ എന്ന് പറയുന്നവരോടും എന്നോടുള്ള സ്നേഹം കൊണ്ട് ഏതേലും ഷൂട്ടിങ് സെറ്റിൽ വെച്ചോ അല്ലേൽ പല സ്ഥലങ്ങളിൽ വെച്ചോ മഞ്ജു ചേച്ചിയെ കണ്ടാൽ വിളിച്ചും അല്ലേൽ ഇന്ന സ്ഥലത്ത് അവര് വരാൻ സാധ്യതയുണ്ട് എന്ന് പറഞ്ഞു തരുന്നവരോടുമെല്ലാം ഞാൻ പറയും വെറുമൊരു ആരാധകനായി അവരുടെ മുന്നിൽ ചെല്ലാൻ ആയിരുന്നേൽ ഏതേലും ഷൂട്ടിങ് സെറ്റിൽ പോയാൽ പോരായിരുന്നോ.... എനിക്ക് അവര് ഏറ്റവും പ്രിയപ്പെട്ട അഭിനേത്രിയല്ല അവരിലെ നടി രണ്ടാമതേ വരൂ അവര് എനിക്ക് ചേച്ചിയാണ് അത് കഴിഞ്ഞാണ് മഞ്ജു വാര്യർ എന്ന അഭിനേത്രി. എനിക്ക് അവര് ആരാണ് എന്ന് അവർ തിരിച്ചറിഞ്ഞതിന് ശേഷം വേണം എനിക്ക് ചേച്ചിയുടെ മുൻപിലേക്ക് ചെല്ലാൻ അല്ലാതെ ലക്ഷക്കണക്കിന് ആരാധകരെപ്പോലെ ഒരു ദിവസം കണ്ട് വിശേഷം ചോദിച്ച് ഫോട്ടോ എടുത്ത് മറക്കാൻ വേണ്ടിയല്ല ഞാൻ കാത്തിരിക്കുന്നത്.

പൗലോ കോയ്ലോ പറഞ്ഞത് പോലെ ഒരു കാര്യത്തിന് വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് സാധ്യമാക്കി തരാൻ ലോകം മൊത്തം നമ്മുടെ കൂടെ നിൽക്കും.... ഈ കാര്യത്തിൽ ഈയൊരു വിശ്വാസത്തിലും പ്രതീക്ഷയിലുമാണ് മുൻപോട്ട് പോകുന്നത്. രണ്ട് പതിറ്റാണ്ടിന് മേലെയായിട്ടുള്ള സ്വപ്നവും ആഗ്രഹവുമൊക്കെയാണല്ലോ ഒരുപക്ഷേ ജീവിതത്തിലെ ഏറ്റവും നീണ്ട് നിൽക്കുന്ന സ്വപ്നം അല്ലേൽ ആഗ്രഹം ഇത് തന്നെ ആയിരിക്കും. കുഞ്ഞുന്നാൾ മുതൽ മനസ്സിൽ കയറിക്കൂടിയതല്ലേ.....

ഈ കാര്യത്തിൽ അടുത്തുണ്ടായ ഏറ്റവും വലിയ സന്തോഷം മഞ്ജു ചേച്ചിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഞാൻ മുഖപുസ്തകത്തിൽ പങ്ക് വെച്ചൊരു കുറിപ്പ് ഒരു കൂട്ടുകാരൻ വഴി ചേച്ചി കാണുകയും. ആ എഴുത്ത് വായിച്ചെന്നും ഒരുപാട് സന്തോഷം ആയെന്നും വൈകാതെ തന്നെ കാണാം എന്ന് പറഞ്ഞ് ഒരു ശബ്ദസന്ദേശം അയച്ചതുമാണ്. ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ സന്തോഷം അനുഭവിച്ച സമയം ആയിരുന്നു അതെന്ന് നിസ്സംശയം പറയാൻ പറ്റും. ചേച്ചി പറഞ്ഞത് പോലെ അങ്ങനൊരു ദിവസത്തിന് വേണ്ടിയാണ് കാത്തിരിക്കുന്നതും.

സിനിമയെ പ്രണയിക്കുന്ന.... സിനിമാ പ്രവർത്തകരെ വല്ലാതെ ആരാധിക്കുന്ന ഞാൻ അവരെ കാണാൻ വേണ്ടി കഴിഞ്ഞ ഭാഗത്തിൽ പറഞ്ഞത് പോലെ അത്രയൊക്കെ റിസ്‌ക്കുകൾ എടുക്കുമെങ്കിൽ സ്വന്തം ചേച്ചിയായി കാണുന്ന ആളെ ഒരിക്കൽ എങ്കിലും നേരിൽ കാണാൻ എന്തൊക്കെ റിസ്ക്ക് എടുക്കും എന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ.... അവിടെ ആരാധനയാണേൽ ഇവിടെ അതൊരു സഹോദര സ്നേഹം ആവുന്നു. ആദ്യത്തേതിലും ഒരുപാട് ഒരുപാട് സ്ട്രോങ്ങ്‌ ആയിരിക്കുമല്ലോ ഇത്.... ശരിക്കും രണ്ടും തമ്മിൽ താരതമ്യം ചെയ്യാൻ പോലും പാടില്ല.

അപ്പൊ മറ്റൊരു ആരാധന അതിരുകൾ താണ്ടിയ യാത്രയുടെ അനുഭവവുമായി അടുത്ത ഭാഗത്തിൽ വരാം

Manju Warrier ❤️❤️

-വൈശാഖ്.കെ.എം
ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം രണ്ട് )കോഴിക്കോട്ട് നിന്നും പുള്ളിലെ വാര്യത്തേയ്ക്ക് ആരാധന അതിരുകൾ താണ്ടുമ്പോൾ - (ഭാഗം രണ്ട് )കോഴിക്കോട്ട് നിന്നും പുള്ളിലെ വാര്യത്തേയ്ക്ക് Reviewed by on 10:48 Rating: 5

No comments:

Powered by Blogger.