ചിലപ്പോഴൊക്കെ സിനിമയിലേക്ക് മാത്രമാകുന്ന ജീവിതം

  സിനിമയെപ്പോൽ ജീവിതത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയ മറ്റൊന്നും ഇല്ല..... പലപ്പോഴും ജീവിതത്തിൽ മറ്റെല്ലാത്തിനേക്കാളും സിനിമയ്ക്ക് പ്രാധാന്യം നൽകിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് വിദ്യാഭ്യാസ കാലത്ത് ഹൈസ്‌കൂൾ സമയം മുതൽ ഇങ്ങോട്ട് പല പരീക്ഷകളും മറ്റും എഴുതാതെ സിനിമയ്ക്ക് പോയത് മുതൽ ഒരുപാട് വീരകഥകൾ ഉണ്ട് ആ കൂട്ടത്തിൽ. ബാല്യത്തിൽ സിനിമയെന്നാൽ ഒരു അത്ഭുതം ആയിരുന്നു കൗമാരത്തിൽ അതൊരു ആവേശമായി മാറി യുവത്വം അതിനെ അഗാധമായി പ്രണയിച്ചു കൊണ്ടിരിക്കുന്നു. പരീക്ഷകൾ എഴുതാതെ സിനിമ കണ്ട് നടന്നത് മുതൽ കേരളത്തിൽ റിലീസ് ചെയ്യാത്ത സിനിമകൾ അന്യ സംസ്ഥാനങ്ങളിൽ പോയി കാണുന്നത് വരെ എത്തി നിൽക്കുന്നു ഈ പറഞ്ഞ സിനിമാ പ്രണയം. ഒരു ദിവസം റിലീസ് ആകുന്ന സിനിമകൾ അഞ്ചെണ്ണം ആയാൽ പോലും തലേ ദിവസം ഓരോ ഷോയുടേയും സമയങ്ങൾ കണക്ക് കൂട്ടി ഉറപ്പിച്ച് ഒരു ടൈം ടേബിൾ ഉണ്ടാക്കി രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി ആ ടൈം ടേബിൾ പ്രകാരം ഓരോ സിനിമകൾക്കും കയറി പാതിരാത്രി വീട്ടിൽ തിരിച്ചെത്തുമ്പോൾ അമ്മയുടെ വഴക്ക് കേൾക്കുന്ന സന്ദർഭങ്ങൾ ജീവിതത്തിൽ സ്ഥിരമാണ്. ഇതിനിടയ്ക്ക് വിശപ്പും ഇല്ല ദാഹവും ഇല്ല ഊണും ഇല്ല ഉറക്കവും ഇല്ല. സിനിമയെന്ന വികാരം അത്രമേൽ ജീവിതത്തിൽ അലിഞ്ഞു ചേർന്നതാണ്. ഒരു ദിവസം കൊണ്ട് തിയ്യേറ്ററുകൾ മാറി മാറി ഓടി നടന്ന് കയറി ഈ നാലും അഞ്ചും സിനിമകൾ ഒരുമിച്ച് കണ്ട് തീർക്കുന്ന ദിവസങ്ങളിൽ പലപ്പോഴും ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടുണ്ടാവില്ല. എല്ലാം കഴിഞ്ഞു തിരിച്ചു പോകുമ്പോൾ നട്ടപ്പാതിരായ്ക്ക് ഏതേലും ഹോട്ടൽ തുറന്ന് വെച്ചത് കണ്ടാൽ മാത്രം വല്ലതും കഴിക്കും. 

ഏതേലും ദിവസം പുലർച്ചെ ഫാൻസ്‌ ഷോ വല്ലോം ഉണ്ടേൽ പ്രതീക്ഷയുള്ള സിനിമകൾ ആണേൽ വല്ലാത്തൊരു ടെൻഷൻ കാരണം ഉറക്കം നഷ്ടപ്പെടും,ഇനി പ്രതീക്ഷ ഇല്ലാത്ത സിനിമയാണേലും ഉറക്കം നഷ്ടപ്പെടും ഉറങ്ങിയാൽ എഴുന്നേൽക്കാൻ വൈകി സമയത്തിന് എത്താൻ പറ്റിയില്ലെങ്കിലോ എന്നോർത്ത് ഏതേലും സിനിമ കണ്ട് രാവിലെയാക്കും. നേരത്തെ ആരും വിളിക്കാതെ ഓട്ടോമാറ്റിക് ആയി എഴുന്നേൽക്കുന്നത് സിനിമയുടെ റിലീസ് ഉള്ള ദിവസങ്ങളിൽ മാത്രമായിരിക്കും അത് യാന്ത്രികമായി സംഭവിക്കുന്ന ഒരു കാര്യമാണ്. കുടുംബത്തിലെ കല്ല്യാണം കൂട്ടുകാരുടെ കല്ല്യാണം തുടങ്ങി അതുപോലുള്ള എന്ത് പരിപാടികൾ ഉണ്ടേലും അന്ന് ഏതേലും സിനിമ റിലീസ് ഉണ്ടേൽ ഈ പറഞ്ഞ സ്ഥലത്ത് ഒന്നും എന്നെ കാണാൻ പറ്റില്ല. സിനിമ റിലീസ് ഉള്ള ദിവസങ്ങളിൽ ജോലിക്കും അവധി പ്രഖ്യാപിക്കും. സിനിമ കാണാൻ എടുത്തിട്ടുള്ള റിസ്‌ക്കുകൾ പോലെ ജീവിതത്തിൽ മറ്റൊന്നിനും എടുത്തിട്ടില്ല എന്നതാണ് സത്യം. വലിയ റിലീസുകൾ ആണേൽ തലേ ദിവസം റൂം ഒക്കെ എടുത്ത് ഞങ്ങടെ CLC യിലെ കൂട്ടുകാർ എല്ലാം ഒത്തുകൂടി ഉറക്കമില്ലാതെ സിനിമാ ചർച്ചക്കളുമായി ഇരുന്ന് പുലർച്ചെ തിയ്യേറ്ററുകളുടെ പടിക്കൽ എത്തുന്നത് മറ്റൊരു ആഘോഷം.

അപ്പൊ പറഞ്ഞു വന്നത് ജീവിതത്തിൽ ഇത്രയേറെ അലിഞ്ഞു ചേർന്ന വികാരമായ സിനിമ പലപ്പോഴും ജീവിതത്തിനും അപ്പുറത്തേക്ക് സഞ്ചരിച്ചിട്ടുണ്ട് അതിൽ പെട്ടന്ന് ഓർമ്മയിൽ വരുന്ന ഒരു കാര്യം പറയാം.

2013 ജനുവരി മാസത്തിൽ ഒരു മോഹൻലാൽ സിനിമ റിലീസ് ഉണ്ടായിരുന്നു ചിത്രത്തിന്റെ പേര് ലോക്പാൽ. റൺ ബേബി റൺ എന്ന സൂപ്പർഹിറ്റ്‌ ചിത്രത്തിന് ശേഷം ജോഷി - മോഹൻലാൽ കൂട്ടുകെട്ടിൽ വരുന്ന സിനിമയായത് കൊണ്ട് തന്നെ പ്രതീക്ഷികൾ വാനോളമായിരുന്നു. മോഹൻലാൽ ഫാൻസിൽ പ്രവർത്തിക്കുന്ന സമയം ആയിരുന്നു അന്ന്. മാക്സ്ലാബിന്റെ ഓഫീസിൽ നിന്നും ലഭിച്ച ഫാൻസിന്റെ പോസ്റ്ററുകൾ ഓരോ ഭാഗത്തും പതിക്കുക എന്ന ഉത്തരവാദിത്തം ഓരോരുത്തർക്കായി ഏൽപ്പിച്ചു തന്നിരുന്നു. അങ്ങനെ എനിക്ക് കിട്ടിയ സ്ഥലങ്ങളിൽ ആ പോസ്റ്ററുകൾ പതിക്കാൻ ഒരു ദിവസം രാത്രി 12 മണിയ്ക്ക് അനിയനെ കുറേ വാഗ്ദാനങ്ങൾ ഒക്കെ നൽകി പിടിച്ച് എഴുന്നേൽപ്പിച്ച് കൂടെ കൂട്ടി ഞാൻ ഇറങ്ങി.... അങ്ങനെ ഏകദേശം പത്ത് പന്ത്രണ്ട് കിലോമീറ്റർ ഈ പറഞ്ഞ പോസ്റ്ററുകൾ പതിച്ചു. ഇടയ്ക്ക് വന്ന് കാര്യം അന്വേഷിച്ച പോലീസുകാർക്ക് വരെ എന്റെ സിനിമാ പ്രണയം വല്ലാത്തൊരു അത്ഭുതം ആയിരുന്നു. ഇതെല്ലാം കഴിഞ്ഞ് തിരിച്ചു വീട്ടിൽ എത്തുമ്പോൾ രാവിലെ ആയിരുന്നു. ഇതൊക്കെ കഴിഞ്ഞ് സിനിമയുടെ റിലീസിന്റെ തലേ ദിവസം പുലർച്ചെ അച്ഛനെ റെയിൽവേ സ്റ്റേഷനിൽ കൊണ്ട് വിടാൻ വേണ്ടി ഇറങ്ങി.... സമയം ഏതാണ്ട് മൂന്ന് മണിയൊക്കെ ആയിക്കാണും. അടുത്ത വീട്ടിലെ ചേച്ചി സ്‌കൂട്ടർ ഓടിക്കാൻ പഠിക്കാൻ വേണ്ടി എന്റെ അടുത്ത് ആയിരുന്നു വരാറ് പുള്ളിക്കാരിയുടെ രജിസ്റ്റർ പോലും ചെയ്യാത്ത പുതിയ ആക്റ്റീവ അന്ന് എന്റെ കൈയ്യിൽ ആയിരുന്നു അതും എടുത്ത് അച്ഛനേയും കൊണ്ട് പോകുമ്പോൾ വീടിനടുത്തുള്ള ഒരു വളവിൽ വെച്ച് ഒരു അപകടം സംഭവിച്ചു. ആരോ മണലിൽ ഉണ്ടാവുന്ന വേസ്റ്റ് കല്ല് റോഡിൽ കൊണ്ട് ഇട്ടിരുന്നു അത്യാവശ്യം സ്പീഡിൽ ആയിരുന്നു ഞാൻ സ്‌കൂട്ടർ ഓടിച്ചിരുന്നത് പെട്ടന്ന് സ്‌കിഡ് ആയി വണ്ടി തെറിച്ചു പോയി അച്ഛൻ ഒരു ഭാഗത്തേക്ക്‌ വീണു ഞാൻ വണ്ടിക്ക് ഒപ്പവും പോയി. എഴുന്നേറ്റ് വണ്ടിയൊക്കെ എടുത്ത് വെച്ച് അച്ഛനെ നോക്കുമ്പോൾ കാണുന്നില്ല പേടിച്ച് നാല് ഭാഗവും നോക്കുമ്പോൾ അടുത്തുള്ള ഒരു ഒരു കാട്ടിൽ പുള്ളി കിടക്കുന്നത് കണ്ടു പെട്ടന്ന് ഓടിപ്പോയി എഴുന്നേൽപ്പിച്ച് തോളിൽ താങ്ങി നിർത്തി പോകുന്ന വണ്ടികൾക്ക് ഒക്കെ കൈ കാണിച്ചു... ആ സമയം ആയിരുന്നത് കൊണ്ടാവണം ആരും നിർത്തിയില്ല. പിന്നെ എങ്ങനെയോ അച്ഛനെ വണ്ടിയിൽ കയറ്റി ഇരുത്തി എന്റെ പുറത്ത് കിടത്തി വീട്ടിൽ എത്തിച്ചു അനിയന്റെ കൂടെ ഹോസ്പിറ്റലിൽ പറഞ്ഞയച്ചു. എനിക്ക് ആകെ കൈയ്യും കാലും വിറയ്ക്കുന്ന ഒരു അവസ്ഥയായിരുന്നു എങ്ങനേലും ആ വണ്ടി നന്നാക്കി കൊടുക്കണമല്ലോ രജിസ്ട്രേഷൻ പോലും കഴിഞ്ഞട്ടില്ല. അങ്ങനെ വീണ്ടും വണ്ടിയുമായി ഇറങ്ങി കുറേ ദൂരം പിന്നിട്ടപ്പോൾ കൈയ്യിലൂടെ എന്തോ ഒലിച്ച് ഇറങ്ങുന്നത് പോലെ തോന്നി ആദ്യം വിയർപ്പ് ആവുമെന്ന് കരുതി മൈൻഡ് ചെയ്തില്ല പിന്നെ അധികമായപ്പോൾ ഒരു സ്ട്രീറ്റ് ലൈറ്റിന്റെ താഴെ നിർത്തി വെളിച്ചത്തിൽ നോക്കിയപ്പോൾ ഇടത് കൈ മുട്ടിന് അടുത്തായി ആഴത്തിൽ രണ്ട് മുറികൾ. റോഡിൽ തട്ടി ചെത്തിപ്പോയിട്ടുണ്ടായിരുന്നു ഞാൻ ഇതൊട്ട് അറിഞ്ഞതുമില്ല. പിന്നേം അത് വക വെക്കാതെ ഒരു കൂട്ടുകാരനേയും കൂടെ കൂട്ടി ആക്റ്റീവയുടെ സർവ്വീസ് സെന്റർ തുറക്കുന്നത് വരെ അതിന് മുന്നിൽ വെയിറ്റ് ചെയ്തു. അവര് വന്ന് നോക്കിയിട്ട് ക്ലെയിം ചെയ്യണേൽ ഓണറുടെ ഒപ്പ് വേണം എന്ന് പറഞ്ഞു. അത് പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഏകദേശം പതിനായിരം രൂപയോളം വരും മൊത്തത്തിൽ ചിലവ് എന്ന് പറഞ്ഞു. Ok പറഞ്ഞു വെയിറ്റ് ചെയ്തു. അതിനിടയ്ക്ക് വീട്ടിലേക്ക് വിളിച്ചു അച്ഛന് കുഴപ്പമൊന്നുമില്ല മൊത്തം ചെക്ക് ചെയ്താണ് വന്നത് എന്ന് പറഞ്ഞു അത് കേട്ടപ്പോൾ സമാധാനമായി. കാര്യം പറഞ്ഞപ്പോൾ പേടിക്കണ്ട അച്ഛൻ കാശ് തരാം എന്ന് പറഞ്ഞു അപ്പൊ തന്നെ ബസ്സിൽ ഒക്കെ കയറി വീട്ടിൽ എത്തി കാശും മേടിച്ച് വീണ്ടും അവരുടെ ഓഫീസിൽ എത്തി. വൈകുന്നേരം ആവുമ്പോഴേക്കും പുതിയ സാമഗ്രികൾ ഒക്കെ വെച്ച് പിടിപ്പിച്ച് കുട്ടപ്പനാക്കി സ്‌കൂട്ടർ കൈയ്യിൽ തന്നു. അങ്ങനെ വണ്ടി ആ ചേച്ചിയുടെ വീട്ടിൽ ഏൽപ്പിച്ച് വലിയൊരു സംഭവം ഉണ്ടായി പിന്നെ പറയാം എന്ന് പറഞ്ഞു പോന്നു.

അങ്ങനെ അടുത്ത ദിവസം ലോക്പാൽ റിലീസ്.... ഉറങ്ങി എഴുന്നേറ്റപ്പോൾ നടക്കാൻ വയ്യ കാലിന് കാര്യമായി എന്തോ പറ്റിയിരുന്നു.... അങ്ങനെ അനിയനേയും ഒരു കൂട്ടുകാരനേയും വിളിച്ച് നിർബന്ധിച്ച് വീട്ടുകാർ അറിയാതെ അവരുടെ തോളിൽ പിടിച്ചു കൊണ്ട് ഒറ്റക്കാല് കുത്തി നടന്ന് ഓട്ടോയും ബസ്സും ഒക്കെ പിടിച്ച് തിയ്യേറ്ററിൽ എത്തി കൈയ്യിലെ പരിക്കിൽ നിന്നും വരുന്ന ചോര പുറത്ത് കാണാതിരിക്കാൻ ഒരു തുണി കൊണ്ട് വെച്ച് കെട്ടി ഫുൾ സ്ലീവ് ഷർട്ടും ഇട്ടായിരുന്നു പോയിരുന്നത്. പാന്റ് കാലിലെ പരിക്കിൽ ഒക്കെ തട്ടി വേദനയെടുത്ത് അതെല്ലാം കടിച്ചു പിടിച്ച് സിനിമയ്ക്ക് കയറി. അതിനകത്ത് എത്തിയപ്പോൾ ഈ പറഞ്ഞ വേദനയൊന്നും ഓർമ്മയില്ലാതായി. ആവേശം അണപൊട്ടി ആർപ്പ് വിളികളും മറ്റുമായി സിനിമ തുടങ്ങി.... പിന്നെ എല്ലാം ചരിത്രം.... ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മോശം ചിത്രങ്ങളിലൊന്നായിരുന്നു ലോക്പാൽ. സിനിമ കഴിഞ്ഞ് തിയ്യേറ്ററിന് പുറത്ത് എത്തിയപ്പോൾ കരച്ചിൽ ആണോ ദേഷ്യം ആണോ എന്താണ് എന്നറിയാത്ത ഒരു തരം വികാരം ആയിരുന്നു മൊത്തം. ഇത്രേം കഷ്ടപ്പെട്ട് വന്ന് കണ്ട സിനിമയുടെ ദാരുണമായ അവസ്ഥ വല്ലാത്ത വേദനയായിരുന്നു തന്നത്.

അങ്ങനെ തിരിച്ചു വരുന്ന വഴിക്ക് ഒരു ഗവണ്മെന്റ് ക്ലിനിക്കിൽ കയറി കൈയ്യും കാലും ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞപ്പോൾ പറ്റില്ല ഇതിൽ പലതും സ്റ്റിച്ച് ഒക്കെ ഇടണം എന്നൊക്കെ പറഞ്ഞ് നേഴ്സ് ഭയങ്കര ദേഷ്യത്തോടെ സംസാരിച്ചു പിന്നെ അവരുമായി വഴക്ക് ഒക്കെ ഉണ്ടാക്കി എങ്ങനെയൊക്കെയോ മരുന്ന് വെച്ച് ഡ്രസ്സ്‌ ചെയ്യിപ്പിച്ചു. അവര് പറഞ്ഞു ഇനി ഇതും കൊണ്ട് ഇങ്ങോട്ട് വരരുത് ഞാൻ ചെയ്ത് തരില്ല നിങ്ങള് പറഞ്ഞത് കേട്ടിട്ട് എക്സ്റേ,സ്കാൻ ഒക്കെ ചെയ്ത് നോക്കുകയാണ് വേണ്ടത് ഡോക്ടറെ എന്തായാലും കാണിക്കണം അല്ലേൽ പ്രശ്നമാകും എന്ന് പറഞ്ഞു. അതൊക്കെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ് അന്നത്തെ ചോരത്തിളപ്പിൽ പുറത്തിറങ്ങി. പിന്നീട് ഒരുപാട് സമയം എടുത്തു പരിക്ക് ബേധമാവാൻ. അതൊന്നും ആരോടും പറഞ്ഞതുമില്ല പിന്നെ അതേ പറ്റി ചിന്തിച്ചതുമില്ല. അത് കഴിഞ്ഞ് ഒരു നാലഞ്ച് വർഷം കഴിഞ്ഞ് കൈകളുടെ ശക്തിയെല്ലാം പോകുന്നത് പോലെ ആയി തളർന്ന അവസ്ഥ..... പിന്നീട് ആയുർവേദവും അലോപ്പതിയുമൊക്കെയായി ഒരുപാട് നാളത്തെ ചികിത്സ വേണ്ടി വന്നു അതൊക്കെ ശരിയാക്കി എടുക്കാൻ. അന്നത്തെ അപകടത്തിന്റെ ആഫ്റ്റർ എഫക്ട്സ് ആയിരുന്നു അതെല്ലാം.

ഇതാണ് സിനിമ ജീവിതത്തിനും മുകളിൽ കണ്ടപ്പോൾ ഉണ്ടായ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന്. (മോശം മാത്രമല്ല കേട്ടോ ഒരുപാട് നല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് )

പലതും ചോരത്തിളപ്പിൽ ചെയ്ത പൊട്ടത്തരങ്ങൾ ആയിരുന്നു എന്നൊക്കെ പറയാമെങ്കിലും സിനിമയുടെ കാര്യത്തിൽ ഇപ്പോഴും ഞാൻ ഇങ്ങനെയാണ് അതിന് വേണ്ടി എന്ത് റിസ്‌ക്കും എടുക്കും, (ഈ പറഞ്ഞത് പോലുള്ളത് അല്ലാതെയുള്ളത് ) കാരണം എന്നെ സംബന്ധിച്ച് സിനിമ അത്രയ്ക്ക് വലിയ വികാരമാണ് എനിക്ക്. പലരുടേം ഉപദേശങ്ങളും മറ്റും പലപ്പോഴും കിട്ടാറുണ്ട് സിനിമയ്ക്ക് പിന്നാലെ നടന്നാൽ ജീവിതം നശിക്കും ജീവിതം കഴിഞ്ഞേ സിനിമ പാടുള്ളൂ എന്നൊക്കെ. ചിലർക്ക് രാഷ്ട്രീയം ആയിരിക്കാം ചിലർക്ക് ഫുട്ബോൾ ആയിരിക്കാം മറ്റു ചിലർക്ക് ക്രിക്കറ്റ്‌ ആയിരിക്കാം ജീവിതത്തിൽ ലഹരി എന്ന് പറയുന്നത്. എന്നെ സംബന്ധിച്ച് അത് സിനിമയാണ്.... അതിന്റെ പേരിൽ ഇന്നേവരെ എന്തായാലും മറ്റുള്ളവർക്ക് ഞാൻ ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല ആരേയും ദ്രോഹിക്കാനും പോയിട്ടില്ല. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് സിനിമയാണ് അതുകൊണ്ട് തന്നെ ആ സന്തോഷം എപ്പോഴും ഉണ്ടായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ കാര്യത്തിൽ എന്നെ മനസ്സിലാക്കിയിട്ടുള്ള എന്റെ വീട്ടുകാരും കുറച്ച് കൂട്ടുകാരും തന്നെയാണ് എന്റെ ശക്തി എന്ന് പറയുന്നത്. എന്ന് വെച്ച് ജീവിതവും കുടുംബവും നോക്കാതെ നടക്കുന്നവൻ എന്ന് അർത്ഥമില്ല അവരുടെയൊക്കെ കാര്യങ്ങൾ നന്നായി തന്നെ നോക്കിയിട്ട് തന്നെയാണ് ഞാൻ എന്റെ സന്തോഷത്തിലേക്ക് കടക്കാറുള്ളത്.

എന്റെ കാര്യത്തിൽ ജീവിതവും സിനിമയും ഏകദേശം ഒരേ തരത്തിലാണ് സഞ്ചരിക്കുന്നത് പലപ്പോഴും വ്യക്തിജീവിതം സിനിമയിലേക്ക് മാത്രമാകുകയും ചെയ്യുന്നു. ജീവിതത്തിൽ പല സങ്കടകരമായ അവസ്ഥയിലും താങ്ങായിട്ടുള്ളതും അതിൽ നിന്നെല്ലാം മുക്തി നേടി തന്നതും പലപ്പോഴും സിനിമ തന്നെയാണ്. അത്രമേൽ പ്രണയമാണ് സിനിമയോട്..... അടങ്ങാത്ത പ്രണയം.

സിനിമ നിനക്ക് എന്ത് തന്നു എന്ന് ചോദിക്കുന്നവരോട്.... മറ്റുപലർക്കും തരാൻ കഴിയാത്ത ഒരുപാട് സന്തോഷം തരുന്നു, അതിലെല്ലാം ഉപരി ജീവിതത്തിലെ ആകെ സമ്പാദ്യങ്ങൾ ആയ കുറച്ച് ആത്മാർത്ഥ സുഹൃത്തുക്കളെ തന്നു.... സഹോദരന്മാരെ തന്നു.... എന്തിനും ഏതിനും താങ്ങും തണലുമായി നിൽക്കുന്ന കുറച്ച് പേര്. എന്റെ ഭാഷയിൽ പറഞ്ഞാൽ ഉയിർ നൻപന്മാർ.... ഇന്നിന്റെ ഭാഷയിൽ പറഞ്ഞാൽ ചങ്ക് ബ്രോസ്. അത് തന്നെയാണ് ജീവിതത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും മികച്ച സമ്മാനങ്ങളും. അതെല്ലാം കൊണ്ട് തന്നത് ഞാൻ പ്രണയിക്കുന്ന സിനിമയാണ് എന്നത് അഭിമാനവും സന്തോഷവുമാണ്.

-വൈശാഖ്.കെ.എം
ചിലപ്പോഴൊക്കെ സിനിമയിലേക്ക് മാത്രമാകുന്ന ജീവിതം ചിലപ്പോഴൊക്കെ സിനിമയിലേക്ക് മാത്രമാകുന്ന ജീവിതം Reviewed by on 07:02 Rating: 5

No comments:

Powered by Blogger.