ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്കുള്ള ഉയർച്ച താഴ്ച്ചകളുടെ യാത്രയുടെ നീണ്ട പതിനാല് വർഷങ്ങൾ
1987 ഏപ്രിൽ 30ന് ഗുരുനാഥ് ശർമ്മയുടേയും പൂർണിമ ശർമ്മയുടേയും മകനായി ഒരു ദരിദ്ര കുടുംബത്തിൽ ജനനം. മുംബൈയിലെ നാഗ്പൂരിലെ ബാൻസോദിൽ ജനിച്ച് ബോറിവാളിയിൽ വളർന്ന പയ്യൻ. തനിക്ക് ഒരു മകൻ കൂടെ ജനിച്ചപ്പോൾ പ്രാരാബ്ധക്കാരനായ അച്ഛന് രോഹിത്തിനെക്കൂടെ നോക്കുക എന്നത് നടക്കാത്ത ഒരു കാര്യമായിരുന്നു അങ്ങനെ ആ കുട്ടിയെ അദ്ദേഹം തന്റെ ഭാര്യയുടെ മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചു മുത്തച്ഛന്റെ തുച്ഛമായ പെൻഷൻ പണം കൊണ്ട് ശർമ്മയുടെ മൂന്ന് നേരത്തെ ഭക്ഷണം കഴിഞ്ഞു പോകും എന്നല്ലാതെ വേറെ ഗുണമൊന്നും ഉണ്ടായിരുന്നില്ല. വെക്കേഷൻ സമയങ്ങളിൽ മാത്രം തന്റെ മാതാപിതാക്കളേയും സഹോദരനേയും കാണാൻ രോഹിത് ഡോമ്പിവ്ളിയിലെ ആ ഒറ്റമുറി വീട്ടിലേക്ക് കടന്നു ചെല്ലുമായിരുന്നു. മാതാപിതാക്കളുടെ സാമീപ്യം ഇല്ലാതെ ആ ഒരു പ്രായത്തിൽ വളരുക എന്നത് അത്രയേറെ സങ്കടകരമായ കാര്യമാണ്. ദാരിദ്ര്യത്തിലൂടെ ഒപ്പം മാതാപിതാക്കളുടെ സാമീപ്യം ഇല്ലാതെ ബാല്യം ചിലവഴിച്ചിരുന്ന ആ കുട്ടിയ്ക്ക് അമ്മാവന്റെ ക്രിക്കറ്റ് ഭ്രാന്ത് തലയ്ക്ക് പിടിച്ചു അമ്മാവനൊപ്പം ഇരുന്ന് ടീവിയിൽ ക്രിക്കറ്റ് മാച്ച് കണ്ടു കൊണ്ടിരുന്ന പയ്യൻ പിന്നീട് തെരുവുകളിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളി തുടങ്ങി ശർമ്മയുടെ കളി കണ്ട് അവന്റെ കഴിവിൽ പ്രതീക്ഷ തോന്നിയ അമ്മാവൻ തന്റെ പല ആവശ്യങ്ങളും മാറ്റി വെച്ച് തുച്ഛമായ വരുമാനത്തിലെ ഒരു ഭാഗം എടുത്ത് അവനെ നാട്ടിലെ ഒരു കുഞ്ഞു ക്ലബ്ബിൽ ചേർത്തു ശർമ്മയുടെ അസാധ്യമായ കഴിവ് കണ്ട കോച്ച് തന്റെ റെക്കമെന്റേഷനിൽ ഒരു സ്കോളർഷിപ്പ് ഒക്കെ ശരിയാക്കി അദ്ദേഹം പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് മാറ്റി പിന്നീട് ആ സ്കൂളിന്റെ അഭിമാനമായി രോഹിത് വളർന്നു. ബൗളർ ആയി ഒരു ഓഫ് സ്പിന്നർ ആയി ക്രിക്കറ്റ് ജീവിതം ആരംഭിച്ച ശർമ്മയുടെ ഇടയ്ക്ക് നെറ്റ്സിലുള്ള ബാറ്റിംഗ് പരിശീലനം കണ്ട കോച്ച് അവനോട് ബാറ്റിംഗിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറഞ്ഞു. അതിന് ശേഷം നിരന്തരമായ പരിശീലനത്തിലൂടെ തന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ബാറ്റ്സ്മാനെ ശർമ്മ പുറത്തെടുത്തു. ഒരു വലിയ മത്സരത്തിൽ ശർമ്മയെ ഓപ്പണർ ആക്കി ഇറക്കിയ കോച്ചിന്റെ തീരുമാനത്തിൽ എല്ലാവർക്കും അതൃപ്തിയായിരുന്നു പക്ഷേ അദ്ദേഹത്തിന് തന്റെ ശിഷ്യനിൽ അത്രയ്ക്ക് വിശ്വാസമായിരുന്നു ആ വിശ്വാസം ശർമ്മ തെറ്റിച്ചില്ല ഓപ്പണർ ആയ ആദ്യ മത്സരത്തിൽ തന്നെ സെഞ്ച്വറിയടിച്ചാണ് ശർമ്മ തന്റെ കഴിവ് മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തത്. മുഖം ചുളിച്ചവർ എല്ലാം അന്ന് അവന് വേണ്ടി ആർപ്പ് വിളിച്ചു കൈയ്യടിച്ചു. അന്ന് കോച്ച് ദിനേശ് ലഡ് ശർമ്മയോട് പറഞ്ഞ കാര്യമാണ് നീ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എനിക്ക് ഉറപ്പാണ്. ആ വാക്കുകൾ ശർമ്മയുടെ ഹൃദയത്തിലാണ് കയറിക്കൂടിയത് പിന്നീട് അതിന് വേണ്ടിയുള്ള കഠിനമായ ശ്രമങ്ങൾ ആയിരുന്നു.
പിന്നീട് തന്റെ കഠിന പരിശ്രമം കൊണ്ട് വെസ്റ്റ് സോണിന് വേണ്ടിയും രഞ്ജി ട്രോഫിയിൽ മുംബൈക്ക് വേണ്ടിയുമെല്ലാം അരങ്ങേറി. അവിടെയെല്ലാം ശർമ്മയുടെ ഗംഭീര ഇന്നിങ്സുകൾ കണ്ട സെലക്ടർമാർ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്ന് കൊടുത്തു. അങ്ങനെ 2007 ജൂൺ 23ന് ശർമ്മ തന്റെ സ്വപ്ന സാക്ഷാത്കാരം നടത്തി. ഇന്ത്യൻ ജേഴ്സിയിൽ തന്റെ അരങ്ങേറ്റ മത്സരം. അയർലാൻഡ് ആയിരുന്നു എതിരാളികൾ ഏഴാമനായായിരുന്നു ശർമ്മയ്ക്ക് സ്ഥാനം പക്ഷേ കളിയിൽ 9 വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോൾ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുക എന്ന സ്വപ്നം വീണ്ടും ബാക്കിയായി. അധികം വൈകാതെ തന്നെ ആ ആഗ്രഹവും സാധ്യമായി. പക്ഷേ സ്ഥിരതയില്ലായ്മയുടെ പേരിൽ അയാൾക്ക് ടീമിൽ സ്ഥിര സാന്നിധ്യമാകാൻ സാധിച്ചില്ല. അലസൻ എന്നും മറ്റുമുള്ള വിളിപ്പേരുകളുമായി ഏവരും അയാളെ പുച്ഛിച്ചു കൊണ്ടിരുന്നു. അയാളുടെ സ്വപ്നമായിരുന്നു 2011 വേൾഡ് കപ്പ് പക്ഷേ ശർമ്മയ്ക്ക് ടീമിൽ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യ കപ്പ് അടിച്ചപ്പോൾ ഏറെ സന്തോഷിച്ചപ്പോഴും തന്റെ ഐഡൽ സച്ചിൻ ടെണ്ടുൽക്കർ എന്ന ഇതിഹാസത്തെ വാങ്കടെയിൽ തോളിലേറ്റി നടക്കാൻ പറ്റാതെ വന്ന വിഷമം ബാക്കിയായി.
പിന്നീട് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമിൽ ചാൻസ് ലഭിച്ചു അതിൽ ശോഭിച്ചെങ്കിലും പിന്നീട് ശർമ്മയ്ക്ക് വലുതായി ഒന്നും ചെയ്യാൻ പറ്റിയില്ല അയാൾ ടീമിനൊരു ഭാരമാണ് എന്ന് പലരും പറഞ്ഞു തുടങ്ങി പക്ഷേ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി അതൊന്നും ചെവിക്കൊണ്ടില്ല ശർമ്മയുടെ കഴിവിൽ അയാൾ വിശ്വാസമർപ്പിച്ചു 2013 ചാമ്പ്യൻസ് ട്രോഫിയിൽ അയാളെ ടീമിൽ എടുത്തപ്പോൾ നാനാഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു. ആ ടൂർണമെന്റിലാണ് എവരേയും ഞെട്ടിച്ചു കൊണ്ട് ധോണി രോഹിത് ശർമ്മയെ ശിഖർ ധവാന് ഒപ്പം ഓപ്പൺ ചെയ്യാൻ അയക്കുന്നത്. ഏവരും നെറ്റി ചുളിച്ച തീരുമാനം. പക്ഷേ ക്യാപ്റ്റൻ തന്റെ മേൽ അർപ്പിച്ച വിശ്വാസം രോഹിത് തെറ്റിച്ചില്ല ആ ടൂർണമെന്റിൽ ആ ഓപ്പണിംഗ് കൂട്ടുകെട്ട് വലിയ വിജയമായിരുന്നു ഒപ്പം ഇന്ത്യ കപ്പും സ്വന്തമാക്കി. ഒരിക്കൽ ഓപ്പണർ ആയി തന്റെ കോച്ച് ദിനേശ് ലഡ് തന്റെ മേൽ അർപ്പിച്ച വിശ്വാസം കാത്ത രോഹിത് ഇത്തവണ തന്റെ ക്യാപ്റ്റന്റെ വിശ്വാസവും തെറ്റിച്ചില്ല. പിന്നീട് ചരിത്രമായി മാറി ധോണിയുടെ ആ തീരുമാനം. അതിന് ശേഷം ഓസ്ട്രേലിയയയോട് ജയ്പൂരിൽ 141 റൺസ് എടുത്ത് പുറത്താകാതെ നിന്നതും അതേ ഓസ്ട്രേലിയയെ ബാംഗ്ലൂരിൽ തല്ലിച്ചതച്ച് ലോക റെക്കോർഡോടെ കരിയറിലെ ആദ്യത്തെ ഇരട്ട ശതകം നേടിയതും ശർമ്മയുടെ വെറുമൊരു ഓർമ്മപ്പെടുത്തൽ ആയിരുന്നു. തന്റെ രണ്ടാം വരവ് ചുമ്മാ പോകാൻ ഉള്ളതല്ല എന്നുള്ള ഓർമ്മപ്പെടുത്തൽ. ഹിറ്റ്‌മാന്റെ ജനനം. പക്ഷേ ഈ പറഞ്ഞ വിരോധികൾ അപ്പോഴും തുടർന്നു കൊണ്ടിരുന്നു ചെറിയ സ്റ്റേഡിയത്തിൽ ഇങ്ങനെ ആർക്കും റൺസ് അടിക്കാം....
അതിനുള്ള മറുപടിയായിരുന്നു ഈഡൻ ഗാർഡൻസിലെ ശ്രീലങ്കയെ ചിന്നഭിന്നമാക്കിയ 264 റൺസ്. ഒരു ടീം എടുക്കുന്ന റൺസ് അയാൾ ഒറ്റയ്ക്ക് അടിച്ചെടുത്ത മാച്ച്. അനേകം ലോകറെക്കോർഡുകൾ അയാളുടെ കാൽക്കൽ ആയ നിമിഷം. വീണ്ടും അയാളുടെ ബാറ്റിൽ നിന്നും ഒരിക്കൽ കൂടെ ഇരട്ട ശതകം പിറന്നു. അനേകം ശതകങ്ങളും അർദ്ധ ശതകങ്ങളും പിറന്നു. 2019 വേൾഡ് കപ്പിൽ അഞ്ച് സെഞ്ച്വറികളാണ് ആ മനുഷ്യൻ അടിച്ചു കൂട്ടിയത്. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസും അദ്ദേഹത്തിന്റെ പേരിൽ തന്നെ ആയിരുന്നു. കുട്ടി ക്രിക്കറ്റും അയാളുടെ കാൽചുവട്ടിൽ ആയിരുന്നു അന്താരാഷ്ട്ര ട്വന്റി ട്വന്റിയിൽ നാല് സെഞ്ച്വറികൾ ഉള്ള ഏക താരാമാണ് രോഹിത്.
അപ്പോഴും വിരോധികൾ തുടർന്നു.... അയാൾക്ക് ടെസ്റ്റ് കളിക്കാൻ അറിയില്ലല്ലോ പിന്നെ എന്ത് കാര്യം.....
ഓപ്പണർ ആയുള്ള ടെസ്റ്റ് മത്സരത്തിൽ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി അടുത്ത ടെസ്റ്റിൽ ഒരു ഡബിൾ സെഞ്ച്വറി. വേൾഡ് ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്ത ഓപ്പണർ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് എടുത്തവരിൽ രഹാനേക്ക് പിറകിൽ രണ്ടാമൻ അതും മറ്റുള്ളവർ കളിച്ച മത്സരങ്ങളേക്കാൾ പകുതി മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം.
അയാൾ എന്നും അങ്ങനാണ് വിമർശനങ്ങൾക്ക് മറുപടി ആ ബാറ്റുകൊണ്ട് ആണ് അയാൾ പറയാറ്. ഇന്ന് അയാൾ കൈയ്യടക്കാത്ത മേഖലയില്ല. സച്ചിൻ ടെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന്റെ ടീം ആയിട്ട് പോലും ഒരു IPL ട്രോഫി നേടാൻ കഴിയാതിരുന്ന മുംബൈ ഇന്ത്യൻസ്.... സാക്ഷാൽ റിക്കി പോണ്ടിങ് പോലും വിചാരിച്ചിട്ട് നടക്കാത്ത കാര്യമാണ് രോഹിത് ചെയ്ത് കാണിച്ചു കൊടുത്തത്. ആറ് മത്സരങ്ങൾ പരാജയപ്പെട്ട മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനം രോഹിത്തിന് കൈമാറി പോണ്ടിങ് മാറി നിന്ന 2013 സീസണിൽ മുംബൈ ഷെൽഫിൽ ആ ചെറുപ്പക്കാരൻ ആദ്യമായ് IPL സ്വർണ്ണ കപ്പ് എത്തിച്ചു കൊടുത്തു പിന്നീട് നാല് തവണ കൂടെ ആ കപ്പ് മുംബൈയുടെ ഷെൽഫിൽ ഇരുന്നു. IPL ചരിത്രത്തിലെ ഏറ്റവും മികച്ച ടീം ആയി മുംബൈ മാറി. ഏത് ലോ സ്കോറിങ് മാച്ചും അവര് ഡിഫന്റ് ചെയ്ത് പിടിച്ചടക്കാൻ മാത്രം വളർന്നു. തോറ്റ് കൊണ്ട് തുടങ്ങിയിരുന്ന മുംബൈയെ കളിയാക്കിയിരുന്നവരും എതിരാളികളും പിന്നീട് മുംബൈയുടെ തോൽവികളെ വരെ ഭയപ്പെട്ടു തുടങ്ങി. അതെ ഗവാസ്ക്കർ പറഞ്ഞത് പോലെ തോറ്റ് കൊണ്ട് തുടങ്ങുന്ന മുംബൈയെ പേടിക്കണം. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ തിരിച്ചു വരുന്ന ടീം ആയി മുംബൈ മാറി. അതിന്റെ കാരണക്കാരൻ അവരുടെ ക്യാപ്റ്റൻ രോഹിത് ശർമ്മയും. അയാളെ മുംബൈ ഹൈദരാബാദിൽ നിന്നും സ്വന്തമാക്കിയപ്പോൾ കളിയാക്കിയ മറ്റുള്ള IPL ടീമുകൾ എല്ലാം ഇന്ന് രോഹിത് എന്ന ക്യാപ്റ്റനെ ഭയപ്പെടുന്നു. അയാൾ നോട്ടം കൊണ്ടും ശബ്ദം കൊണ്ടും ഗ്രൗണ്ടിൽ എതിരാളികളെ ഭയപ്പെപടുത്തുന്ന.... മിസ്റ്റേക്കുകൾ സംഭവിച്ചാൽ സഹ കളിക്കാരോട് ദേഷ്യം പിടിക്കുന്ന ഒരു ക്യാപ്റ്റൻ ആയിരുന്നില്ല അയാൾ സൗമ്യനായ സൈലന്റ് ആയ ഒരു ക്യാപ്റ്റൻ ആണ് ഗ്രൗണ്ടിൽ. പക്ഷേ അയാളുടെ ആ നിശബ്ദതയെ ആണ് പലർക്കും ഭയം. സാക്ഷാൽ ധോണിയുടെ ടീമിനെ ഒന്നിലേറെ തവണ പരാജയപ്പെടുത്തിയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുംബൈ പലപ്പോഴും ജേതാക്കൾ ആയിട്ടുള്ളത്. തോറ്റു എന്നുറപ്പിച്ച പല മാച്ചുകളും രോഹിത് എന്ന ക്യാപ്റ്റന്റെ തന്ത്രങ്ങളിൽ മുംബൈ തിരിച്ചു പിടിച്ചു കൊണ്ടിരുന്നു. അതെ അയാളൊരു സൈലന്റ് കില്ലർ ആണ്. രോഹിത് എന്ന ക്യാപ്റ്റൻ ഗ്രൗണ്ടിൽ ഉണ്ടാകുമ്പോൾ ആ ടീമിനെ പേടിക്കണം എന്ന് പല വിദഗ്ധരും പറഞ്ഞു തുടങ്ങി.... ആ ടീമിന് വല്ലാത്തൊരു സ്‌ട്രെങ്ത് ആണ് അയാളുടെ സാമീപ്യം.... അത്രയ്ക്ക് മികച്ചതാണ് അയാളുടെ നായകത്വം.
ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും മുൻനിര താരങ്ങളും റസ്റ്റ് എടുക്കുന്ന ടൂർണമെന്റുകളിൽ പലപ്പോഴും ബിസിസിഐ രോഹിത്തിനൊപ്പം അയച്ചിരുന്നത് രണ്ടാം നിര ടീമിനെ ആയിരുന്നു. ആ ടീമിനെ വെച്ചാണ് രോഹിത് എന്ന നായകൻ പല ടൂർണമെന്റുകളും വിജയിച്ച് കപ്പും കൊണ്ട് വന്നിട്ടുള്ളതും.
സാക്ഷാൽ വിരാട് കോഹ്ലി തന്നെ പറഞ്ഞിട്ടുണ്ട് അയാളുടെ ബാറ്റിംഗ് കാണുമ്പോൾ എല്ലാം മറന്ന് ഞാൻ ആസ്വദിച്ചു നിന്ന് പോകുന്നു എന്ന്.... കെ. ൽ രാഹുലിന്റെ ഒരു ഗംഭീര ഇന്നിങ്സ് രോഹിതിന്റെ ഒരു ട്വന്റി ട്വന്റി സെഞ്ച്വറിയിൽ മുങ്ങിപ്പോയ മാച്ച് ഓർക്കുന്നില്ലേ.... അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ. 200 എന്ന വ്യക്തിഗത സ്കോർ അപ്രാഭ്യം ആയിരുന്ന ഏകദിന ക്രിക്കറ്റിൽ ഇപ്പൊ എല്ലാവരും 300 എന്ന വ്യക്തിഗത സ്കോറിനെപ്പറ്റിയാണ് പറയുന്നത്..... ടെസ്റ്റ് ക്രിക്കറ്റിൽ ലാറയുടെ 400 എന്ന ഉയർന്ന വ്യക്തിഗത സ്കോർ മറികടക്കുന്നതും കുട്ടി ക്രിക്കറ്റിൽ ആദ്യമായി ഡബിൾ സെഞ്ച്വറി നേടുന്നതും രോഹിത് ആയിരിക്കുമെന്ന് ഇതിഹാസ താരങ്ങൾ മുതൽ പലരും പറയുന്നു.
അയാൾ ഒരു ഭാഗത്ത് നിലയുറപ്പിച്ചാൽ അയാളേക്കാൾ വിനാശകാരിയായ ബാറ്റ്സ്മാൻ വേറെയില്ല. ക്രീസിൽ നിൽക്കുന്ന സമയം കൂടുന്തോറും അയാളിലെ എനർജിയും കൂടിക്കൊണ്ടിരിക്കും റൺസ് കണ്ടെത്താൻ ഉള്ള അയാളുടെ ദാഹം ഇരട്ടിയാകും. ലോകകപ്പിൽ പാക്കിസ്ഥാനെതിരെ വെടിക്കെട്ട് സെഞ്ച്വറി നേടി പുറത്താകുമ്പോൾ അയാൾ അസ്വസ്ഥൻ ആയിരുന്നു കാരണം അയാളുടെ ലക്ഷ്യം അതിലും വലുത് എന്തോ ആയിരുന്നു. ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ എതിരെ വരുന്ന ഏത് പന്തും അയാൾ പൂ പറിക്കുന്ന ലാഘവത്തോടെ അതിർത്തി കടത്തും. അതാണ് രോഹിത് ശർമ്മ.
പിച്ചിന് നടുക്ക് കുത്തി പൊങ്ങിയുയർന്ന് വരുന്ന പന്തുകളെ ഇന്ത്യ ഭയപ്പെട്ടിരുന്ന നാളുകൾ ഉണ്ടായിരുന്നു വിദേശ പിച്ചുകളിൽ അത്തരം ബോളുകൾക്ക് മുൻപിൽ ബാറ്റ്സ്മാന്മാർക്ക് അടി പതറുന്ന കാഴ്ചകൾ സ്ഥിരമായിരുന്നു. പക്ഷേ ഇന്ന് ഇന്ത്യയ്ക്ക് എതിരെ അത്തരം ബോളുകൾ എറിയാൻ പലർക്കും പേടിയാണ് കാരണം ഒറ്റപ്പേര് രോഹിത് ശർമ്മ. അത്തരം പന്തുകളോട് അയാൾക്ക് വല്ലാത്ത പ്രണയമാണ് ഫ്രണ്ട് ഫൂട്ടിൽ നിന്നുകൊണ്ട് നിഷ്പ്രയാസം അത്തരം ബോളുകൾ അയാൾ ഏവരുടെയും തലയ്ക്ക് മുകളിലൂടെ അതിർത്തി കടത്തും. അയാളുടെ പ്രിയപ്പെട്ട ഷോട്ടുകളിൽ ഒന്നാണത്.
അയാൾ ക്രീസിൽ ഉണ്ടെങ്കിൽ ഒരു വിശ്വാസമാണ് അസാധ്യമായത് പലതും സാധ്യമാകും എന്ന വിശ്വാസം. സ്വപ്നം കാണുന്നതിന്റെ ഇരട്ടി റൺസ് സ്കോർ ബോർഡിൽ തെളിയും എന്ന വിശ്വാസം.
അയാൾക്ക് ഇനി തെളിയിക്കാനും കീഴടക്കാനും ഒന്നും തന്നെയില്ല ഏകദിന ക്രിക്കറ്റിൽ ആയാലും കുട്ടി ക്രിക്കറ്റിൽ ആയാലും ടെസ്റ്റ് ക്രിക്കറ്റിൽ ആയാലും ആ മനുഷ്യൻ തന്റെ പേര് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. വിരോധികളുടെ പുതിയ കരച്ചിൽ ആയിരുന്നു ടെസ്റ്റിൽ അയാൾ ഒന്നുമല്ല എന്നുള്ളത് ചുരുങ്ങിയ സമയം കൊണ്ട് ഐസിസിയുടെ ടെസ്റ്റിലെ ഇപ്പോഴത്തെ മികച്ച 10 ബാറ്റ്സ്മാന്മാരുടെ ലിസ്റ്റിൽ അയാൾ കയറിപ്പറ്റിയിട്ടുണ്ട് അതും ഏറ്റവും കുറവ് മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം. സ്ഥിരതയില്ല നീലക്കുറിഞ്ഞി എന്ന് പറഞ്ഞു കരയുന്നവർ അയാളുടെ സ്റ്റാറ്റസ് എടുത്ത് നോക്കുന്നത് നല്ലതാണ് അയാളോളം സ്ഥിരത പുലർത്തുന്ന മറ്റൊരാൾ എന്തായാലും ഇപ്പൊ ഇന്ത്യൻ ടീമിൽ ഇല്ല. എല്ലാ കളിയും സെഞ്ച്വറി അടിച്ചാലെ സ്ഥിരത വരൂ അല്ലേൽ എല്ലാ കളിയും ഡബിൾ അടിച്ചാലെ സ്ഥിരത വരൂ എന്നാണേൽ അല്ലേൽ സെഞ്ച്വറി അടിച്ചാൽ ഇതല്ലേ എടുത്തുള്ളൂ എന്ന് നിങ്ങൾ പറയുന്നേൽ അതാണ് അയാൾ ഉണ്ടാക്കിയ ഇമ്പാക്ട് എന്ന് പറയുന്നത് അത് തന്നെയാണ് അയാളുടെ റേഞ്ചും.
അഷ്ടിക്ക് വകയില്ലാത്ത ഒരു കുടുംബത്തിൽ നിന്നും വന്ന ആ പയ്യൻ ഇന്ന് ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന ക്രിക്കറ്റ് കളിക്കാരിൽ മുൻപന്തിയിലാണ്. ജീവിതത്തിൽ ഒരു സെക്കന്റ് ചാൻസ് കിട്ടിയാൽ എങ്ങനെ ഉപയോഗിക്കണം എന്ന് അയാളെ കണ്ട് പഠിക്കണം.
അയാൾക്ക് അപ്രാഭ്യമായത് ഇപ്പൊ എന്തായാലും ക്രിക്കറ്റിൽ ഇല്ല ജീവിതത്തിൽ ഏറ്റവും താഴെ നിന്ന് യാത്ര തുടങ്ങിയ ആ മനുഷ്യൻ ഇന്ന് എത്തി നിൽക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ച ഓപ്പണർമാരുടെ ലിസ്റ്റിൽ ആണ്.... ഇന്നത്തെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാൻ ആയിട്ടാണ്.... ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റർമാരിൽ ഒരാളായിട്ടാണ്.... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അമരത്താണ്. സ്ഥിരതയില്ലാത്തവൻ, അലസൻ, നീലക്കുറിഞ്ഞി എന്നൊക്കെ വിളിച്ചു കളിയാക്കിയ പലരും ഇന്ന് അയാളുടെ കടുത്ത ആരാധകരാണ്.... ക്രിക്കറ്റിൽ സ്വപ്നം കാണാത്ത സ്കോറുകൾ സ്വപ്നം കാണാൻ പഠിപ്പിച്ചത് അയാളാണ്. ഇന്ന് എന്തായാലും അയാളോളം സ്ഥിരതയും ആക്രമണോത്സുകതയും, പവറും, കഴിവും ഒന്നും അവകാശപ്പെടാൻ ആരുമില്ല. കഠിനമായി പ്രയത്നിച്ചു കൊണ്ട് തന്നെയാണ് നിങ്ങൾ ഈ പറയുന്ന അലസൻ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്. ക്രിക്കറ്റിൽ അയാൾ കഴിവ് തെളിയിക്കാത്ത ഒരു മേഖലയും ഇല്ല. ഏറ്റവും മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനും എല്ലാമായി അയാൾ ഇന്ന് ഇന്ത്യൻ ടീമിന്റെ അവിഭാജ്യ ഘടകമാണ്.
വിരോധികൾ കുരച്ചു കൊണ്ടേയിരിക്കുക നിങ്ങൾക്കുള്ള മറുപടി എപ്പോഴത്തേയും പോലെ അയാൾ ബാറ്റുകൊണ്ട് തന്നെ തന്നുകൊണ്ടിരിക്കും അപ്പൊ പുതിയ കാരണങ്ങൾ കണ്ടെത്തി നിങ്ങൾ വീണ്ടും കുരയ്ക്കുക. നിങ്ങൾക്കുള്ള മറുപടികൾ അയാൾ തന്നുകൊണ്ടേയിരിക്കും..... മുംബൈയിലെ ഒരു തെരുവിൽ ക്രിക്കറ്റ് കളിച്ചു നടന്ന പയ്യൻ ഇതിലും വലിയ തടസ്സങ്ങളും കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും നേരിട്ടിട്ടാണ് ഇന്നീക്കാണുന്ന നിലയിൽ എത്തിയത്. വിമർശനങ്ങൾക്ക് അയാൾ അയാളുടെ ആയുധമായ ബാറ്റുകൊണ്ട് കളിക്കളത്തിൽ നിന്ന് തന്നെ ശക്തമായ മറുപടികൾ തന്നിരിക്കും. വിമർശകരെക്കൊണ്ട് കൈയ്യടിപ്പിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്..... അയാൾ ഞങ്ങൾക്ക് തകരാത്ത ഒരു വിശ്വാസവും പ്രതീക്ഷയുമാണ്.... വിമർശനങ്ങളെ ചവിട്ടുപടിയാക്കി മുന്നേറുന്ന ആ മനുഷ്യന്റെ പേര് രോഹിത് ശർമ്മ എന്നാണ് രോഹിത് ഗുരുനാഥ് ശർമ്മ.
അയാൾ ഇന്ന് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ് വിശ്വാസങ്ങളിൽ ഒന്നാണ്. തോൽവിയിൽ നിന്നും ജീവിതം ആരംഭിച്ച അയാൾക്ക്..... തോറ്റുകൊണ്ട് തുടങ്ങിയ അയാൾക്ക് തോൽവികളിൽ ഭയവും ഇല്ല ജയങ്ങളിൽ അമിതാഹ്ലാദവും ഇല്ല. ഉയർച്ചകളുടെ.... പ്രസ്തിയുടെ..... കൊടുമുടി കീഴടക്കി നിൽക്കുമ്പോഴും അതിന്റെ യാതൊരു അഹങ്കാരവും ഇല്ലാതെ മികച്ചൊരു വ്യക്തിത്വത്തിനുടമകൂടെയായി ആ മനുഷ്യൻ എല്ലാ അർത്ഥത്തിലും ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നു.
ഇന്ന് അയാൾ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഉയർച്ച താഴ്ച്ചകൾ നിറഞ്ഞ തന്റെ കരിയർ ആരംഭിച്ചിട്ട് 14 വർഷങ്ങൾ തികയുന്നു. ഇനിയും ഒരുപാട് കാലം വിസ്മയിപ്പിക്കുന്ന പ്രകടനങ്ങളുമായി മികച്ച ഫോമിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ.....
പ്രിയപ്പെട്ട രോഹിത് നിങ്ങൾ എന്നെ സംബന്ധിച്ച് പ്രിയപ്പെട്ട ക്രിക്കറ്റർ മാത്രമല്ല വല്ലാത്തൊരു വികാരമാണ്.... പ്രചോദനമാണ്..... റോൾ മോഡൽ ആണ് അങ്ങനെ എന്തെല്ലാമൊക്കെയോ ആണ്. ഞാൻ പോലും അറിയാതെ നിങ്ങളുടെ വീഴ്ചകളിൽ സങ്കടപ്പെടുകയും നിങ്ങളെ ആരെങ്കിലും കുറ്റം പറഞ്ഞാൽ അയാളോട് വല്ലാത്തൊരു തരം ദേഷ്യത്തിൽ തർക്കിക്കുകയും നിങ്ങളുടെ നേട്ടങ്ങളിൽ അമിതമായി സന്തോഷിക്കുകയും ചെയ്യുന്നു. പലതും യാന്ത്രികമായാണ് സംഭവിക്കുന്നത്. കാരണം നിങ്ങൾ എന്ന ക്രിക്കറ്റർ.... വ്യക്തി എന്നെ അത്രമേൽ സ്വാദീനിച്ചിരിക്കുന്നു എല്ലാ അർത്ഥത്തിലും.
Rohit Sharma ❤️❤️
-വൈശാഖ്.കെ.എം
ഇന്ത്യൻ ക്രിക്കറ്റിന്റെ അമരത്തേക്കുള്ള ഉയർച്ച താഴ്ച്ചകളുടെ യാത്രയുടെ നീണ്ട പതിനാല് വർഷങ്ങൾ
Reviewed by
on
05:47
Rating:

No comments: