സമൂഹം തന്നെയാണ് ഒന്നാംപ്രതി

  അതെ സമൂഹം തന്നെയാണ് ഒന്നാംപ്രതി 

സ്ത്രീധനമെന്നത് ഒരു കച്ചവടമാണ് പെണ്മക്കളെ കുരുതി കൊടുക്കാൻ രക്ഷിതാക്കളും കൂടെ അറിഞ്ഞും അറിയാതേയും കാരണമാകുന്ന ഒരു കച്ചവടം.

സ്ത്രീ തന്നെ ധനമെന്ന് പറഞ്ഞു നടക്കുന്നവർ തന്നെയാണ് തങ്ങളുടെ മക്കളെ കല്ല്യാണം കഴിച്ചു കൊടുക്കുമ്പോൾ സ്ഥലം വിറ്റും വീട് പണയപ്പെടുത്തിയും കടം വാങ്ങിച്ചുമെല്ലാം മകൾക്ക് ഒപ്പം തൂക്കം കറക്റ്റ് ആവാൻ എന്നോണം അപ്പുറത്തെ തട്ടിൽ കുറേ സ്വർണ്ണവും പണവും വാഹനവും വെച്ചുമെല്ലാം തൂക്കി കൊടുക്കുന്നത്. യാതൊരു ഉളുപ്പും ഇല്ലാതെ അത് എല്ലാം വാങ്ങിക്കാൻ മറ്റൊരു വിഭാഗം. അതിലേറെ വിഷങ്ങൾ വേറെയുണ്ട് ആരാ എന്നല്ലേ..? ഒരുത്തൻ സ്ത്രീധനം ഒന്നും വാങ്ങാതെ കല്ല്യാണം നടത്തിയാൽ അപ്പൊ തുടങ്ങും അവന് എന്തോ തകരാർ ഉണ്ട് അതാണ് ഒന്നും വാങ്ങാതെ കെട്ടുന്നത് എന്ന്.... ഇതേ വിഭാഗത്തിന്റെ മറ്റൊരു തത്വവും ഉണ്ട് അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയെ സമ്പാദ്യം കുറവുള്ള ഒരാൾക്ക് കെട്ടിച്ചു കൊടുത്താൽ അപ്പൊ തുടങ്ങും അവൾക്ക് എന്തോ തകരാറുണ്ട് അതുകൊണ്ട് ആണ് ഗതിയില്ലാത്തവന് ഒക്കെ കൊടുക്കുന്നത് എന്ന്. ഈ പറയുന്നവരുടെ പേരാണ് സമൂഹം. അതെ ഒരു സിനിമയിൽ പറഞ്ഞത് പോലെ സോസൈറ്റി വെറും ഡാഷ് ആണ്.

ശരിക്കും ഒരു കച്ചവടമല്ലേ സ്വന്തം മക്കളെ വെച്ച് ഈ നടത്തുന്നത്..? എന്തിനാണ് കെട്ടിച്ചു വിടുന്ന മക്കൾക്ക് ഒപ്പം സ്വർണ്ണവും പണവും സ്ഥലവും വാഹനവുമൊക്കെ പറഞ്ഞുറപ്പിച്ച് അവർക്ക് കൊടുക്കുന്നത്..? മക്കൾ സന്തോഷത്തോടെ ജീവിക്കാനോ..? ശകലം എങ്കിലും വക തിരിവ് ഉണ്ടേൽ ഒന്ന് ആലോചിച്ചാൽ പോരെ അങ്ങനെ പറഞ്ഞുറപ്പിക്കുന്നവന് വേണ്ടത് ഒരു ഭാര്യയെ അല്ല അവളുടെ സമ്പത്ത് ആണ് എന്ന്.... നാളെ പിറ്റേന്ന് മറ്റൊരാൾ അതിലും കൂടുതൽ വാഗ്ദാനനങ്ങളുമായി വരുമ്പോൾ ഈ പറഞ്ഞവൻ തങ്ങളുടെ മകളെ ചവറ്റുകൊട്ടയാക്കി മാറ്റും എന്ന്.

പറഞ്ഞുറപ്പിച്ച സ്ത്രീധനം കൊടുക്കാൻ കഴിയാതെ വരുമ്പോൾ ഭാര്യയെ വീട്ടിൽ കൊണ്ട് നിർത്തുന്നതും മറ്റും കലാകാലങ്ങളായി നടന്നു വരുന്നൊരു ചെറ്റത്തരമാണ്. ആദ്യത്തെ കാര്യം സ്ത്രീധനം കൊടുക്കരുത് എന്നത് തന്നെയാണ് രണ്ടാമത് ഈ കാര്യത്തിൽ വരുന്നത് കൊടുക്കാൻ കഴിയാത്ത കാര്യം ഏൽക്കരുത് എന്നതാണ് നിങ്ങൾക്ക് തന്നെ അറിയാം ഇങ്ങനെ ഉളുപ്പ് ലവലേശം തൊട്ട് തീണ്ടാതെ സ്ത്രീധനം ചോദിക്കുന്നവൻ അവൻ ആവശ്യപ്പെടുന്നത് കൊടുത്തില്ലേൽ മകൾക്ക് സ്വസ്ഥത കൊടുക്കില്ല എന്ന് അങ്ങനെ വരുമ്പോൾ ഒരിക്കലും എടുത്താൽ പൊങ്ങാത്ത കാര്യം ഏറ്റ് മക്കളെ അറിഞ്ഞു കൊണ്ട് കുരുതി കൊടുക്കരുത്. കടം വാങ്ങിച്ചും വീട് വിറ്റും തെരുവിലേക്ക് ഇറങ്ങി മക്കളെ സുരക്ഷിതർ ആക്കി എന്ന് കരുതുന്നവർ ഓർക്കേണ്ടത് ഈ പണക്കൊതി ഈ പറഞ്ഞവന്മാർക്ക് ഒരിക്കലും തീരില്ല എന്നതാണ്.

പെണ്ണ് കാണൽ കഴിഞ്ഞ് രണ്ട് കൂട്ടർക്കും ഒരു ഇരിപ്പ് ഉണ്ടല്ലോ ഈ പറഞ്ഞ കച്ചവടം ഉറപ്പിക്കാൻ കുറച്ച് എരണം കെട്ട കാരണവന്മാരും കാരണവത്തിമാരും നട്ടെല്ലും അഭിമാനവും ഇല്ലാത്ത ഈ പറഞ്ഞ നിർഗുണ പരബ്രഹ്മമായ ചെറുക്കനും എല്ലാം ഈ കാര്യത്തിൽ ഒരു ചങ്ങല പോലെയാണ് കാരണം എല്ലാം ഇവര് ആദ്യമേ ഉറപ്പിച്ചുള്ള വരവ് ആയിരിക്കുമല്ലോ..... പിന്നീട് അവിടെ ലേലമാണ് ലേലം. പെൺകുട്ടികളുടെ അച്ഛനമ്മമാരോട് ഒരു ചോദ്യം അല്ല ഇത്ര കഷ്ടപ്പെട്ട് ഇങ്ങനെ കച്ചവടം ഉറപ്പിക്കാൻ മാത്രം ഭാരമാണോ നിങ്ങൾക്ക് നിങ്ങളുടെ മക്കൾ..? അതല്ല ഇനി ഈ പറഞ്ഞ കച്ചവടം ഉറപ്പിച്ചാൽ മാത്രേമേ നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാകൂ എന്നൊരു തോന്നൽ നിങ്ങൾക്ക് ഉണ്ടോ..? ഉണ്ടേൽ അതൊക്കെ വെറും മണ്ടത്തരം ആണ് എന്നുള്ളത് കാലം പലപ്പോഴായി പലരുടെ രൂപത്തിലും വന്ന് കാണിച്ചു തരുന്നില്ലേ... എന്നിട്ടും വെളിച്ചം വെക്കുന്നില്ലേ..?

എനിക്ക് സ്ത്രീധനം ഒന്നും വേണ്ട നിങ്ങളുടെ മകളെ മാത്രം മതി അവളെ പോറ്റാൻ ഉള്ള ത്രാണിയൊക്കെ എനിക്കുണ്ട് എന്ന് ഒരുത്തൻ വന്ന് ചങ്കൂറ്റത്തോടെ പറയുന്നത് വരെ കാക്കണം. കെട്ട് പ്രായം കഴിഞ്ഞു പോകും എന്നൊക്കെ പറയുന്നവർ ഉണ്ടേൽ അവരോട് പറയണം അങ്ങനെ കഴിയുന്നൊരു പ്രായം ഇല്ലെന്ന്. പ്രായപൂർത്തി ആയാൽ അപ്പൊ തന്നെ അവരുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി വിദ്യാഭ്യാസത്തിന് വിലങ്ങിട്ട് ഈ പറഞ്ഞ കച്ചവടത്തിന് ഇരുത്തുന്നവർക്കും ഇതൊക്കെ ബാധകമാണ്. നിങ്ങൾക്ക് മരുമകനെ സഹായിക്കണേൽ അവൻ വീണ് കിടക്കുമ്പോൾ ഒരു കൈത്താങ് ആവുകയാണ് വേണ്ടത് അല്ലാതെ ആദ്യമേ നേരെ നിൽക്കുന്നവന്റെ കാലിൽ കൊണ്ട് പോയി വീണ്ടും കോൺക്രീറ്റ് ഇടരുത്.

മറ്റൊരു വിഭാഗം മക്കളെ പൊന്ന് പോലെ നോക്കും എന്നുറപ്പുള്ളവൻ വന്നാലും അവന് സർക്കാർ ജോലി വേണം ഇരുനില വീട് വേണം കാറ് വേണം എന്ന് നിർബന്ധം പിടിക്കുന്നവർ ആണ്. അല്ല ഈ സർക്കാർ ജോലിയുള്ളവന് മാത്രേ അന്തസായി കുടുംബം നടത്താൻ പറ്റൂ എന്ന ധാരണ വല്ലോം ഉണ്ടോ ഈ പറഞ്ഞവർക്ക്..? വീടിന് ഒരു നിലയാണേൽ മകൾക്ക് കിടന്നാൽ ഉറക്കം വരില്ല എന്നുണ്ടോ..? കാറിൽ മാത്രേ യാത്ര ചെയ്യൂ എന്നുണ്ടോ..? ഇതൊക്കെ ഉണ്ടായിട്ടും സമാധാനം ഇല്ലേൽ പിന്നെ എന്ത് കാര്യം എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ..?

അപ്പുറത്തെ വീട്ടിൽ ഉള്ളവൻ മകളെ കെട്ടിച്ചു കൊടുത്തത് ഇന്നവനാണ് അതുകൊണ്ട് ഞാൻ അതിലും വലിയവനേ കൊടുക്കൂ എന്നൊരു വാശിയുണ്ടേൽ അത് മക്കളുടെ നാശത്തിന് ആണ് എന്ന് ബോധം ഉണ്ടായാൽ നല്ലതാണ്. അവൻ ഇത്ര പവൻ കൊടുത്തു അതുകൊണ്ട് കടം വാങ്ങിയിട്ട് ആണേലും ഞാൻ അതിലും കൂടുതൽ കൊടുക്കും എന്ന ചിന്തയും ഈ പറഞ്ഞ നാശത്തിന് തന്നെയാണ്. ഇരു കൈയ്യും നീട്ടി ഒന്നും മിണ്ടാതെ നിങ്ങൾ കൊടുക്കുന്ന ഈ പറഞ്ഞ ധനം വാങ്ങുന്ന ഒരുത്തൻ പോലും നിങ്ങളുടെ മകളെ അതിലും വലിയ ധനമായി കാണില്ല എന്ന് ചിന്തിക്കാനുള്ള കഴിവ് ആണ് ആദ്യം വേണ്ടത്.

ഈ സ്ത്രീധനത്തിന്റെ പേരിൽ പൊലിയുന്ന ജീവനുകൾക്കും ഇല്ലാതാവുന്ന ജീവിതങ്ങൾക്കും ഏറ്റവും വലിയ ഉത്തരവാദികൾ മാതാപിതാക്കളും സഹോദരങ്ങളും തന്നെയാണ്. ഈ പറയുന്ന മാതാപിതാക്കളുടെ തലയിലേക്ക് ഇത്തരം ചിന്തകൾ കുത്തി വെക്കുന്നത് ഈ പറഞ്ഞ സമൂഹവുമാണ് അത് കുടുംബത്തിലെ അമ്മാവന്മാരുടേയും അമ്മായിമാരുടേയും സഹോദരീ സഹോദരന്മാരുടേയും മറ്റുള്ള പൊങ്ങച്ച കമ്മറ്റിക്കാരുടേയും അയൽവാസികളുടേയും കൂട്ടുകാരുടേയും നാട്ടുകാരുടേയും എല്ലാം രൂപത്തിൽ പ്രത്യക്ഷപ്പെടും. അവരാണ് ഒന്നാം പ്രതികൾ.

സ്ത്രീധനത്തിന്റെ പേരിൽ പൊലിയുന്ന ജീവനുകൾക്കും തകരുന്ന ജീവിതങ്ങൾക്കും സമൂഹവും വലിയൊരു ഉത്തരവാദിയാണ്.

കല്ല്യാണം കൂടാൻ വരുന്ന മുക്കാൽ ഭാഗം ആളുകളും ആശിർവദിക്കാനും ആ ധന്യ മുഹൂർത്തത്തിന് സാക്ഷികൾ ആവാനും വരുന്നത് അല്ല കല്ല്യാണ മണ്ഡപത്തിൽ പെണ്ണിന്റെ കഴുത്തിലും കൈയ്യിലും ഉള്ള ആഭരണങ്ങളുടെ കണക്ക് എടുക്കാനും അതിന്റെ പേരിൽ കുറ്റം കണ്ടെത്താനും ചെക്കന്റേയും പെണ്ണിന്റേയും നിറത്തിന്റെ തോത് അളക്കാനും വരുന്നവരാണ്.

അയൽക്കൂട്ടങ്ങളിൽ അത്തരം കുറ്റങ്ങൾ പറയാൻ സ്ത്രീകൾ ഒരുമിക്കുമ്പോൾ കവലകളിൽ അന്ന്യന്റെ കുറ്റം പറയാൻ പുരുഷ കേസരികളും ഒരുമിക്കുന്നു ഈ കാര്യത്തിൽ ആരും വലിയ മോശമൊന്നും അല്ല എല്ലാരും കണക്കാണ് അതിപ്പോ ഏത് പ്രായത്തിൽ ഉള്ളവർ ആണേലും ശരി.

ജാതിയും മതവും പറഞ്ഞ് മക്കളുടെ ജീവിതം തകർക്കുന്നവരും ഈ പറഞ്ഞ സ്ത്രീധനം വാങ്ങുന്നവരുമെല്ലാം ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെയാണ്.

മകൾക്ക് അല്ലേൽ മകന് പ്രായപൂർത്തിയായാൽ അല്ല ഇവന് അല്ലേൽ ഇവൾക്ക് കല്ല്യാണം ഒന്നും നോക്കുന്നില്ലേ നേരം വൈകിയാൽ പെണ്ണിനെ അല്ലേൽ ചെക്കനെ കിട്ടില്ല എന്ന് പറയുന്നവരോട് മൂത്ത് പഴുത്ത് ചീഞ്ഞു പോകാൻ ഇത് കുലച്ചു നിൽക്കുന്ന വാഴയല്ല ഞങ്ങളുടെ മക്കളാണ് അവരുടെ കാര്യം നോക്കാൻ ഞങ്ങൾക്ക് അറിയാം എന്നും. സ്ത്രീധനം ഒക്കെ ഒരുപാട് കൊടുക്കേണ്ടി വരില്ലേ അല്ലേൽ എന്തേലും ഒക്കെ പൊന്നും പണവും ആയി കൊടുക്കേണ്ടി വരില്ലേ നീയൊക്കെ എങ്ങനെ അത് ഉണ്ടാക്കും എന്ന് ചോദിച്ച് മനസ്സിൽ തീ കോരി ഇടാൻ നോക്കുന്നവരോട് എന്റെ മകളുടെ കല്ല്യാണം ആണ് അല്ലാതെ കച്ചവടം അല്ല സ്ത്രീധനം വാങ്ങാത്ത ഒരുത്തനേ ഞങ്ങൾ അവളെ കൊടുക്കുകയുള്ളൂ അവള് ഞങ്ങൾക്ക് ബാധ്യതയല്ല അഭിമാനമാണ് എന്നും ഈ ചോദിക്കുന്ന സമൂഹത്തിന്റെ മുഖത്ത് നോക്കി പറയാൻ മാതാപിതാക്കൾ എന്ന് തന്റേടം കാണിക്കുന്നോ..... പൊന്നും പണവും കൈനീട്ടി വാങ്ങുന്നവന് മുൻപിൽ കഴുത്ത് നീട്ടി കൊടുക്കാൻ എന്നെ കിട്ടില്ല എന്ന് മക്കൾ എന്ന് പറയുന്നോ അന്ന് ഇല്ലാതാവും ഇത്തരം വാർത്തകളും അനിഷ്ട സംഭവങ്ങളും.

ഇന്ന് വിസ്മയയുടെ കാര്യത്തിൽ കണ്ണീര് പൊഴിക്കുന്നവർ നാളെ മറ്റൊരു വാർത്ത കണ്ടാൽ ഇത് മറക്കും അല്ലേൽ സ്വന്തം വീട്ടിലെ കാര്യം വന്നാൽ ഇതൊക്കെ മറന്ന് മക്കളെ സ്വർണ്ണം കൊണ്ട് മൂടാൻ ബാങ്കുകളിലേക്ക് ലോണിന് വേണ്ടി ഓടും. ഇത്തരം മറവികൾ തന്നെയാണ് ഈ നാടിന്റെ ശാപവും ഇനിയൊരു വിസ്മയ ആവർത്തിക്കാതിരിക്കണേൽ സ്വന്തം വീട്ടിൽ നിന്ന് തന്നെ അല്ലേൽ സ്വന്തം മക്കളുടെ കാര്യങ്ങളിൽ തന്നെ ഈയൊരു നിമിഷം മുതൽ അങ്ങനൊരു ഉറപ്പ് നിങ്ങൾ എടുക്കണം മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം. സർക്കാർ ജോലിയും ഇരുനില വീടും കാറും മരുമകന് മകൾക്ക് ഒപ്പം തൂക്കം കണക്കാക്കാൻ മറ്റൊരു തട്ടിൽ കൊടുക്കുന്ന സ്വർണ്ണവും പണവും ഒന്നുമല്ല ജീവിതം എന്നും അതൊന്നുമല്ല ഏറ്റവും സന്തോഷകരമായ ജീവിതത്തിന് അടിസ്ഥാനം എന്നും നിങ്ങളുടെ മകള് തന്നെയാണ് ഏറ്റവും വലിയ ധനമെന്നും മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.

പിന്നെഇന്നലെ മുതൽ ഈ സോഷ്യൽ മീഡിയയിൽ ആണേലും കവലകളിൽ ആണേലും സ്ത്രീധനത്തെ പറ്റി ഘോര ഘോരം പ്രസംഗിക്കുന്ന പലരും സ്വയം ഒന്ന് കണ്ണാടിയിൽ നോക്കുന്നതും സ്വയമൊന്ന് ചിന്തിക്കുന്നതും നല്ലതാണ് മലർന്ന് കിടന്ന് തുപ്പുന്നത് പോലുള്ള പ്രഹസനമല്ലേ ഈ കാണിച്ചു കൂട്ടുന്നത് എന്ന്. ഈ സീസണൽ നന്മ മരം കളികൾ ആരെ ബോധിപ്പിക്കാനാണ് എന്ന്.

മറ്റൊന്ന് കൂടെ പറയുന്നു മുന്നോട്ട് പോകാൻ പറ്റാത്ത ബന്ധം ആണേൽ മക്കളോട് എങ്ങനേലും അവിടെ പിടിച്ചു നിന്നേ പറ്റൂ ബന്ധം വേർപെടുത്തിയാൽ നാട്ടുകാർ പലതും പറയും ജീവിതം നശിക്കും എന്ന് പറയാതെ ഒരുമിച്ച് പോകാൻ പറ്റുന്നില്ലേൽ ഇങ്ങോട്ട് പോരൂ എന്ന് ധൈര്യത്തോടെ പറയാൻ പഠിക്കണം. നാട്ടുകാർ പറയുന്നത് അല്ല നിങ്ങള് കാണേണ്ടത് അല്ലേൽ കേൾക്കേണ്ടത് മകളുടെ വിഷമമാണ് അവളുടെ സമാധാനമാണ് സന്തോഷമാണ് നിങ്ങൾ കാണേണ്ടത് അതിനാണ് വില കൽപ്പിക്കേണ്ടത്. ഒരുമിച്ച് പോകാൻ പറ്റാത്ത ബന്ധങ്ങളെ ഒരിക്കലും കൂട്ടിയിണക്കാൻ ശ്രമിക്കരുത്. ഭർത്താവിന്റെ കാൽ ചുവട്ടിൽ അവന്റെ ആട്ടും തുപ്പും കേട്ട് ഒതുങ്ങേണ്ടവൾ അല്ല സ്ത്രീ. അതേപോലെ ഈ പറയുന്ന കുട്ടികളും ഇതൊന്നും സഹിച്ചും പൊറുത്തും നിൽക്കരുത് അതൊക്കെയാണ് ഇത്തരം നരാധമന്മാർക്ക് വളം ആവുന്നത് അതുകൊണ്ട് പ്രതികരിക്കേണ്ട സ്ഥലത്ത് ശക്തമായി തന്നെ പ്രതികരിക്കണം. നിങ്ങളുടെ മൗനമാണ് ഈ പറഞ്ഞവരുടെ ആയുധം എന്ന് മനസ്സിലാക്കണം.

ഒരു പെണ്ണ് വിവാഹ ബന്ധം വേർപെടുത്തിയാൽ അവള് പോക്ക് കേസ് എന്നും വെടി എന്നും പടക്കം എന്നും പറഞ്ഞു നടക്കുന്നവന്മാരും ഈ പറയുന്ന നരാധമന്മാരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങൾ തന്നെയാണ്. ഇത്തരക്കാരെ പേടിച്ച് ആരും ഒത്തുപോകാൻ പറ്റാത്തിടത്ത് കടിച്ചു തൂങ്ങരുത് നിങ്ങൾക്ക് ചിലവിന് തരുന്നത് ഈ പറയുന്ന നാറികൾ അല്ല എന്ന ബോധം ഉണ്ടായാൽ മതി. നിങ്ങളെ സ്നേഹിക്കാനും സ്വീകരിക്കാനും മനസ്സുള്ള ഒരുപാട് പേര് പുറത്ത് കാണും.  ഇത് തന്നെയാണ് സ്ത്രീധനം കൈനീട്ടി വാങ്ങുന്നവർക്ക് മുന്നിൽ കഴുത്ത് നീട്ടുന്നവരോടും പറയാനുള്ളത് എടുത്ത് ചാടരുത് നിങ്ങളെ മാത്രം മതി എന്ന് പറയുന്ന നട്ടെല്ല് ഉള്ള ഒരുത്തൻ വരും അത് വരെ കാത്തിരിക്കുക കെട്ട് പ്രായം കഴിഞ്ഞു പോകും എന്ന പേടിയുണ്ടേൽ ഓർക്കുക അങ്ങനെ കഴിഞ്ഞു പോകുന്നൊരു പ്രായമൊന്നുമല്ല ഈ കെട്ടുപ്രായം എന്ന് പറയുന്നത് അതൊക്കെ ഏതോ വിവരദോഷികൾ പടച്ച് ഉണ്ടാക്കിയതാണ്. നിങ്ങളുടെ ശക്തമായ തീരുമാനങ്ങളാണ് നാളെയുടെ തലമുറയുടെ അടിത്തറ എന്ന് ഓർക്കുക.

ഇനിയൊരു വിസ്മയ ആവർത്തിക്കാതിരിക്കട്ടെ. വാർത്തയായത് ഒരു വിസ്മയയാണേൽ വാർത്തയാകാതെ പൊലിഞ്ഞതും പേടിച്ചും സഹിച്ചും ഒതുങ്ങി കൂടുന്നതുമായ ആയിരക്കണക്കിന് വിസ്മയമാർ നമുക്കിടയിൽ ഉണ്ടാകും അവർക്ക് പ്രചോദനവും ധൈര്യവുമാകട്ടെ നിങ്ങളുടെ തീരുമാനങ്ങൾ.

സ്ത്രീയെന്നാൽ ആണിന്റെ അടിമയല്ല ഇരു കൂട്ടർക്കും തുല്യ അവകാശമാണ് ഇവിടെ ജീവിക്കാനുള്ളത് ഒരാൾ വലുത് ഒരാൾ ചെറുത് എന്നൊന്നേയില്ല. അതുകൊണ്ട് സ്ത്രീയെ പുരുഷനോടൊത്ത് തൂക്കാൻ എന്ന പേരിൽ സ്ത്രീധനം എന്ന ഇരുതല മൂർച്ചയുള്ള വാളിൻ തലപ്പിലേക്ക് അവരെ തള്ളിയിടരുത്.

ഇത്തരം കേൾക്കാൻ ആഗ്രഹിക്കാത്ത വാർത്തകൾക്ക് ഏറ്റവും വലിയ കാരണക്കാർ സമൂഹം തന്നെയാണ് അവരെ പറഞ്ഞു മാറ്റുക എന്നത് നടക്കാത്ത കാര്യമാണ് അതുകൊണ്ട് ഈ പറഞ്ഞ സമൂഹത്തിന് ചെവികൊടുക്കാതെ സ്വന്തം ചിന്തിച്ച് വിലയിരുത്തി സ്വയം മാറുക എന്നതാണ് ഇതിന്റെ പ്രതിവിധി എന്ന് പറയുന്നത്. അതുകൊണ്ട് സ്വന്തം മക്കളുടെ കാര്യത്തിൽ മാതാപിതാക്കളും സ്വന്തം ജീവിതത്തിന്റെ കാര്യത്തിൽ ഈ പറഞ്ഞ ആളുകളും സ്വയം ശക്തമായ തീരുമാനങ്ങളും നിലപാടുകളും എടുക്കുക. നിങ്ങളുടെ ജീവിതത്തിന്റെ താക്കോൽ നിങ്ങളുടെ കൈകളിൽ തന്നെയാണ്. ആ ഓർമ്മ വേണം അത് എങ്ങും കൊണ്ട് കളയാതിരിക്കുക. മറ്റൊരാൾക്ക്‌ കൈമാറാതിരിക്കുക.

ജാതിയും മതവും സ്ത്രീധനവും ചോദിച്ചു വരുന്നവന് വേണ്ടത് നിങ്ങളെയല്ല എന്ന് മനസ്സിലാക്കുക അത്തരക്കാർക്ക് ഒട്ടും വൈകിക്കാതെ തക്ക സമയത്ത് ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകുക.

-വൈശാഖ്.കെ.എം
സമൂഹം തന്നെയാണ് ഒന്നാംപ്രതി സമൂഹം തന്നെയാണ് ഒന്നാംപ്രതി Reviewed by on 06:54 Rating: 5

No comments:

Powered by Blogger.