അഭിനയമെന്ന മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ ഈ മനുഷ്യന്റെ കഥ ഒരു മുത്തശ്ശികഥപോൽ വിചിത്രം, മനോഹരം, പ്രചോദനം, ഗംഭീരം.

  മലയാള സിനിമ വേണ്ടവിധത്തിൽ ഉപയോഗിക്കാത്ത ഒരേയൊരു സൂപ്പർസ്റ്റാർ.

സുരേഷ് ഗോപി എന്ന അഭിനേതാവിലേക്ക്.... 1965ൽ അച്ഛന്റെ നിർബന്ധ പ്രകാരം സത്യൻ മാഷും നസീർ സാറുമെല്ലാം പ്രധാന വേഷങ്ങളിൽ എത്തിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ മുഖം കാണിച്ചു കൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ വെള്ളത്തിരയിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീട് വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് മോഹൻലാൽ, ശോഭന തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ടീ.പി.ബാലഗോപാലൻ എം.എ. എന്ന ചിത്രത്തിൽ ചെറിയൊരു വേഷത്തിലൂടെ സിനിമയിലേക്ക് തിരിച്ചു വന്നു പിന്നീട് കുറേ കാലം ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം പല സിനിമകളുടേയും ഭാഗമായി അതിൽ പ്രതിനായകനും സഹനടനും അഥിതിവേഷങ്ങളും എല്ലാം പെട്ടിരുന്നു.1989-ൽ റിലീസ് ആയ പത്മരാജൻ ചിത്രമായ ഇന്നലെയിലെ ഡോക്ടർ നരേന്ദ്രൻ എന്ന വേഷമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ്. സിനിമയിലുടനീളം ശ്രീവിദ്യയും, ജയറാമും,ശോഭനയും പ്രകടനം കൊണ്ട് മത്സരിച്ചപ്പോൾ ജനം കൈയ്യടിച്ചത് കുറഞ്ഞ രംഗങ്ങളിൽ മാത്രം വന്ന് മനം കവർന്ന നരേന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചെറുപ്പക്കാരന് വേണ്ടിയായിരുന്നു. ആ ആറടി ഒരിഞ്ചുകാരൻ അന്ന് മുതൽ മലയാളികളുടെ മനസ്സിൽ സ്ഥാനമുള്ളൊരു അഭിനേതാവായി മാറി തുടങ്ങി. വീണ്ടും വലുതും ചെറുതുമായ വേഷങ്ങളിൽ അദ്ദേഹം നിരവധി സിനിമകളുടെ ഭാഗമായി പക്ഷേ തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നൊരു ചിത്രത്തിന് വേണ്ടി അദ്ദേഹത്തിന് ഒരുപാട് കാത്തിരിക്കേണ്ടി വന്നു. 1992-ൽ റിലീസ് ചെയ്ത ഷാജി കൈലാസ് സംവിധാനം ചെയ്ത തലസ്ഥാനം എന്ന സിനിമ ആ കാത്തിരിപ്പിന് അറുതി വരുത്തി. വലിയ വിജയമായ ചിത്രം സുരേഷ് ഗോപി എന്ന താരത്തിന്റെ ഉദയത്തിന്റെ അടിത്തറയാണെന്ന് പറയാം.പിന്നീട് അങ്ങോട്ട്‌ അയാളുടെ കാലമായിരുന്നു രാവണപ്രഭുവിൽ കാർത്തികേയൻ മുതലാളിയുടെ കാലം എന്ന് പറയുന്നത് പോലെ സുരേഷ് ഗോപിയുടെ കാലം. ഏകലവ്യൻ,മാഫിയ,യാദവം, കാശ്മീരം, കമ്മീഷണർ,ലേലം തുടങ്ങി അനേകം ഗംഭീര വാണിജ്യ സിനിമകൾ. അയാളുടെ സിനിമകൾക്ക് വേണ്ടി ആളുകൾ അക്ഷമരായി കാത്തിരിക്കാൻ തുടങ്ങി.... ഓരോ ചിത്രങ്ങളും ഉത്സവം പോലെ ആഘോഷിച്ചു.... യുവാക്കൾക്കിടയിൽ അയാളൊരു വികാരമായി മാറി.... മോഹൻ തോമസ്സിന്റെ ഉച്ചിഷ്ടവും, അപ്കമിങ് ടെറർ കടയാടി ബേബിയും, പുല്ലും, ***ടി മോനും തുടങ്ങി അയാളുടെ നെടുനീളൻ സംഭാഷണങ്ങൾക്കും ആക്ഷൻ രംഗങ്ങൾക്കും എന്തിന് ഓരോ നോട്ടങ്ങൾക്ക് പോലും തിയ്യേറ്ററുകൾ ഇളകി മറിഞ്ഞു. അതിനിടയ്ക്ക് ഒരു പേരും ചാർത്തി കിട്ടി ആക്ഷൻ ഹീറോ. അയാളുടെ ഖ്യാതി കേരളത്തിൽ മാത്രം ഒതുങ്ങുന്നത് ആയിരുന്നില്ല അങ്ങ് ആന്ധ്രാപ്രദേശിൽ പോലും അയാൾ വല്ലാത്തൊരു വികാരമായി വളർന്നു. അയാളുടെ സിനിമകളുടെ വിജയവും അയാളുടെ ആരാധകവൃന്ദവും കണ്ട് പേടിച്ച് അയാളുടെ സിനിമകൾക്ക് അവിടത്തെ പ്രമുഖർ നിരോധനമെർപ്പെടുത്തി. അതായിരുന്നു സുരേഷ് ഗോപി എന്ന താരത്തിന്റെ റേഞ്ച് എന്ന് പറയുന്നത്.

ഭരത് ചന്ദ്രനും, ചാക്കോച്ചിയുമെല്ലാം മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പർ ഹീറോകളായി മാറി. സുരേഷ് ഗോപി എന്ന താരം വളർന്നപ്പോൾ ഇല്ലാതായ ഒന്നൂടെ ഉണ്ടായിരുന്നു അത് സുരേഷ് ഗോപി എന്ന അഭിനേതാവ് ആണ്. പോലീസ് വേഷങ്ങളിലേക്കും ആക്ഷൻ വേഷങ്ങളിലേക്കും മാത്രം അയാളെ പറിച്ചു നട്ടപ്പോൾ നഷ്ടം സംഭവിച്ചത് മലയാള സിനിമയ്ക്ക് ആയിരുന്നു.

ഭരത് ചന്ദ്രനും, ചാക്കോച്ചിയും മുഹമ്മദ്‌ സർക്കാരും എന്തിന് അശോക് നരിമാനെ വരെ ആഘോഷമാക്കുന്ന മലയാളികളും സംവിധായകരും എഴുത്ത് കാരും മറന്നൊരു കാര്യമുണ്ട് സുരേഷ് ഗോപി എന്ന താരത്തേക്കാൾ വിലപിടിപ്പുള്ള ഒരാളാണ് സുരേഷ് ഗോപി എന്ന അഭിനേതാവ് എന്ന്. ഇത്രേം നേരം ആക്ഷനും കടിച്ചാൽ പൊട്ടാത്ത ഡയലോഗുകളും ആയിരുന്നല്ലോ അല്ലേ.... അപ്പൊ ഒന്ന് മാറ്റി പിടിക്കാം. അദ്ദേഹത്തിന്റെ തന്നെ ഡയലോഗ് കടമെടുത്താൽ " ഇത്തരം നാസ്റ്റി കമന്റ്സിന് പ്രാസമൊപ്പിച്ചുള്ള മറു ഡയലോഗ് മലയാളത്തിലും ഇംഗ്ലീഷിലും വെച്ചു കീറി കൈയ്യടി വാങ്ങിയാ ഞാൻ ഇവിടം വരെ എത്തിയത്. ആ സ്കോപ്പ് ഈ ജങ്ച്ചറിലും ഉണ്ടെന്നറിയാം പ്രയോഗിക്കുന്നില്ല കൈയ്യടി വേണ്ടാഞ്ഞിട്ടോ ഭയന്നിട്ടോ ഒന്നുമല്ല സൗകര്യമില്ല"

ആക്ഷൻ റോളുകൾ മാത്രമേ സുരേഷ് ഗോപിക്ക് പറ്റൂ അല്ലേൽ അയാളെക്കൊണ്ട് മറ്റൊന്നിനും പറ്റില്ല എന്ന് പറയുന്ന വലിയൊരു വിഭാഗം ഉണ്ടിവിടെ അവർക്ക് വേണ്ടി കുറച്ച് കാലം പുറകിലോട്ട് സഞ്ചരിക്കാം നമുക്ക്. ആദ്യം ഹാസ്യം തന്നെ ആയിക്കോട്ടെ അല്ലേ...

1987-ൽ പി ചന്ദ്രകുമാർ സംവിധാനം ചെയ്തൊരു ചിത്രമുണ്ട് ചിത്രത്തിന്റെ പേര് പി.സി 369. മുകേഷ്, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ടീ.ജി രവി തുടങ്ങിയ വലിയ താരനിര അണിനിരന്ന ഒരു ഔട്ട്‌ ആൻഡ് ഔട്ട്‌ കോമഡി സിനിമ. ആ ചിത്രത്തിൽ നമ്മുടെ ഹീറോയും ഒരു വേഷം ചെയ്തിരുന്നു ഗോപിക്കുട്ടൻ എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.... ചിത്രത്തിൽ ഒരു കള്ളനായിട്ടായിരുന്നു കക്ഷി അഭിനയിച്ചത് ആദ്യ രംഗം മുതൽ അവസാന രംഗം വരെ ചിരിപ്പിച്ചൊരു കഥാപാത്രം എന്ത് മനോഹരമായിട്ടാണ് അദ്ദേഹം ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇനി കുറച്ച് മുൻപോട്ട് പോകാം, കുറച്ച് എന്ന് പറഞ്ഞാൽ വെറും ഒരു വർഷം മാത്രം. 1988-ൽ ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മനു അങ്കിൾ എന്നൊരു സിനിമ റിലീസ് ആയി ചിത്രത്തെ പറ്റി കൂടുതൽ പറയേണ്ടല്ലോ അല്ലേ.... ആ സിനിമയുടെ കഥ മറന്നാലും പലരും മറക്കാത്തൊരു കഥാപാത്രമുണ്ട് ആ ചിത്രത്തിൽ.... ക്ലൈമാക്ക്സ്സിൽ വന്ന് പ്രേക്ഷകനെ ഒരുപാട് ചിരിപ്പിച്ച എസ്.ഐ മിന്നൽ പ്രതാപൻ. സുരേഷ് ഗോപി എന്ന നടൻ ഹാസ്യം എത്ര നന്നായി കൈകാര്യം ചെയ്യും എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ആ കഥാപാത്രം. 1991-ൽ റിലീസ് ആയ വിജി തമ്പി സംവിധാനം നിർവ്വഹിച്ച ജയറാം, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന ചിത്രത്തിലെ സുരേഷ് ഗോപിയുടെ അഥിതി കഥാപാത്രം ക്രിസ്റ്റഫർ ലൂക്കിനേയും ആരും മറക്കാനിടയില്ല കാരണം അത്രയ്ക്ക് ചിരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ ലൂക്ക്.

ഇനി ഹാസ്യം മാറ്റി വെച്ച് മറ്റു ചില കഥാപാത്രങ്ങളിലേക്ക് കടക്കാം.

ഇന്നലെകളിലെ നരേന്ദ്രനിൽ നിന്ന് തന്നെ സ്റ്റാർട്ട് ചെയ്യാം അല്ലേ അതാണല്ലോ അതിന്റെയൊരു ശരി....

പത്മരാജൻ എന്ന ഇതിഹാസത്തിന്റെ ഒരു മാജിക്ക് ആയിരുന്നു ഇന്നലെ എന്ന ചിത്രം തന്റെ ജീവനായിരുന്ന ഗൗരിയെ ശരത്തിന് വിട്ടു കൊടുത്ത് നരേന്ദ്രൻ പോകുമ്പോൾ പ്രേക്ഷകന് ഉണ്ടാകുന്ന വേദനയാണ് സുരേഷ് ഗോപി എന്ന അഭിനേതാവിന്റെ വിജയവും കഴിവും. അത്രയ്ക്ക് ഗംഭീരമായാണ് നരേന്ദ്രനെ അയാൾ അവതരിപ്പിച്ചത്.

വചനത്തിലെ രവിയും, ആനവാൽ മോതിരത്തിലെ നന്ദകുമാറും,എന്റെ സൂര്യപുത്രിക്ക് എന്ന ചിത്രത്തിലെ ശ്രീനിവാസും, ഡാഡിയിലെ ആന്റണിയും, പൊന്നുച്ചാമിയിലെ പൊന്നുച്ചാമിയും, പൈതൃകത്തിലെ സോമദത്തനും, സിന്ദൂരരേഖയിലെ ബാലചന്ദ്രനും, താലോലത്തിലെ ഹരിദാസും, അനുഭൂതിയിലെ ശിവൻകുട്ടിയും,സുന്ദരപുരുഷനിലെ സൂര്യനാരായണനുമെല്ലാം സുരേഷ്ഗോപി എന്ന അഭിനേതാവിന്റെ കഴിവുകൾ നമുക്ക് മുന്നിൽ കൊണ്ട് വന്ന് കാണിച്ചു തന്ന ചിത്രങ്ങളാണ്.

കുറച്ചൂടെ ജനപ്രിയമായതിലേക്ക് കടന്നാൽ മണിച്ചിത്രത്താഴിലെ ഗംഗയേയും, സണ്ണിയേയും ഓർത്തിരിക്കുന്നത് പോലെ അവരോളം പെർഫോം ചെയ്യാനുള്ള സ്കോപ്പ് ഇല്ലാഞ്ഞിട്ട് പോലും നകുലനേയും നമ്മൾ ഓർക്കുന്നുണ്ടേൽ അത് സുരേഷ് ഗോപി എന്ന അഭിനേതാവിന്റെ ക്വാളിറ്റി കൊണ്ടാണ്. മഞ്ജു വാര്യരുടെ വൺ മാൻ ഷോ ആയിട്ട് പോലും പ്രണയവർണ്ണങ്ങളിലെ ബിജു മേനോന്റെ പീറ്ററെപ്പോലെ തന്നെ അത്ര പോലും ഒന്നും ചെയ്യാനില്ലാത്ര കഥാപാത്രമായിട്ട് പോലും വിനയചന്ദ്രൻ എന്ന കഥാപാത്രത്തേയും ആളുകൾ ഓർത്തിരിക്കാൻ കാരണം സുരേഷ് ഗോപിയുടെ അഭിനയ മികവ് ഒന്ന് കൊണ്ട് മാത്രമാണ്.

സിബി മലയിൽ,രഞ്ജിത്ത്, വിദ്യാസാഗർ മാജിക്ക് ആയ സമ്മർ ഇൻ ബത്‌ലഹേമിൽ ആമിക്കും രവിക്കും ഉള്ളതിനേക്കാൾ ആരാധകരുണ്ട് ക്ലൈമാക്സ്സിൽ വരുന്ന ലാലേട്ടന്റെ നിരഞ്ജന്.... പക്ഷേ അതിന്റെ ഇരട്ടി ആരാധകരുണ്ട് സുരേഷ്ഗോപിയുടെ ഡെന്നിസിന്. ആ ചിത്രത്തിലെ രഞ്ജിത്ത് എഴുതി വെച്ച ഡെന്നിസ് എന്ന കഥാപാത്രത്തോളം അല്ലേൽ അതിലേറെ മനോഹരമാണ് സുരേഷ് ഗോപി എന്ന നടന്റെ പ്രകടനം. എന്ത് മനോഹരമായാണ് അയാൾ മറ്റുള്ളവരേക്കാൾ ആ ചിത്രത്തിൽ സ്കോർ ചെയ്യുന്നത്. മഞ്ജു വാര്യരും ജയറാമും, കലാഭവൻ മണിയും മത്സരിച്ച ചിത്രത്തിൽ ആണ് എന്തിനേറെ പറയുന്നു ഒരു സീൻ കൊണ്ട് ലാലേട്ടൻ വിസ്മയിച്ച ചിത്രത്തിലാണ് അവരേക്കാൾ ഫാൻ ബേസ് ഉള്ള കഥാപാത്രമായി ഡെന്നിസ് മാറുന്നത്. അതിന്റെ ഏറ്റവും വലിയ കാരണം സുരേഷ് ഗോപിയുടെ പ്രകടനം തന്നെയാണ്.

തെങ്കാശിപ്പട്ടണം.... കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ ചിത്രം ദിലീപ്, ലാൽ, ഗീതു മോഹൻദാസ്, സംയുക്ത വർമ്മ, കാവ്യാ മാധവൻ, സലിം കുമാർ തുടങ്ങി വലിയ താരനിര.... ചിത്രത്തിൽ ശത്രുവും കൂട്ടരും അങ്ങറ്റം നമ്മളെ ആനന്ദിപ്പിക്കുന്നുണ്ടേലും ഒരിഷ്ട കൂടുതൽ ആ നാരങ്ങ മിഠായി പ്രണയത്തോടായിരിക്കും. KD കമ്പനിയിലെ കണ്ണൻ മുതലാളിയോട് ആയിരിക്കും. സുരേഷ് ഗോപിയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു ചിത്രത്തിലുടനീളം.

രണ്ടാം ഭാവം.... ലാൽജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ചിത്രം.... തിയ്യേറ്ററിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയെങ്കിലും ഇന്ന് പലരുടേയും പ്രിയപ്പെട്ട സിനിമയാണ് രണ്ടാം ഭാവം. നവനീത് കൃഷ്ണനായും അനന്ത കൃഷ്ണനായും സുരേഷ് ഗോപി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം. അദ്ദേഹത്തിന്റെ മികവുറ്റ പ്രകടനം കൊണ്ട് സമ്പന്നമായ സിനിമ.

കളിയാട്ടം..... സുരേഷ് ഗോപി എന്ന അഭിനേതാവിന്റെ റേഞ്ച് രാജ്യം മൊത്തം അറിഞ്ഞ ചിത്രം..... വില്ല്യം ഷേക്സ്പിയറിന്റെ ഒദെല്ലോയെ ആസ്‌പദമാക്കി ജയരാജ്‌ അണിയിച്ചൊരുക്കി 1997-ൽ റിലീസ് ചെയ്ത ചിത്രം. കണ്ണൻ പെരുമലയൻ എന്ന കഥാപാത്രമായി സുരേഷ്ഗോപി അതിഗംഭീര പകർന്നാട്ടം നടത്തിയപ്പോൾ അദ്ദേഹത്തിന് മുൻപിൽ മുട്ട് മടക്കിയത് ദേശീയ- സംസ്ഥാന അവാർഡുകൾ ആയിരുന്നു. ഏറ്റവും മികച്ച അഭിനേതാവായി രാജ്യം അദ്ദേഹത്തെ തിരഞ്ഞെടുത്തു.

"ശക്തമായ ഡയലോഗ് പറഞ്ഞ് കൈയ്യടി മേടിക്കാൻ തനിക്കുള്ള പ്രാഗത്ഭ്യം മറ്റാർക്കുണ്ടെടോ" അദ്ദേഹത്തിന്റെ സിനിമയിലെ തന്നെ ഡയലോഗ് ആണ് അതെ അപ്പൊ തിരിച്ച് വീണ്ടും തീപ്പൊരി സുരേഷ് ഗോപിയിലേക്ക് മടങ്ങാം.

തലസ്ഥാനവും,ഏകലവ്യനും, കമ്മീഷണറും, ലേലവുമെല്ലാം പറഞ്ഞപ്പോൾ പറയാതെ മാറ്റി വെച്ച കുറച്ച് തീപ്പൊരി കഥാപാത്രങ്ങൾ.

ജനാധിപത്യത്തിലെ ആർ.ഡി. നായനാർ.... അഥവാ രാമദേവൻ നായനാർ. ഐ.പി.എസ്സുകാരനായും പിന്നീട് മുഖ്യമന്ത്രിയായും സുരേഷ് ഗോപി നിറഞ്ഞാടിയൊരു ചിത്രമാണ് കെ.മധു സംവിധാനം ചെയ്ത ജനാധിപത്യം. സുരേഷ് ഗോപിയുടെ ശക്തമായ വേഷങ്ങളിലൊന്ന്.

സത്യമേവ ജയതേ..... വിജി തമ്പിയുടെ ഏറ്റവും മികച്ച സിനിമകളിലൊന്ന്.... ഏത് അർത്ഥത്തിൽ നോക്കിയാലും കമ്മീഷണറിലെ ഭരത് ചന്ദ്രൻ പോലും മാറി നിൽക്കേണ്ടി വരും സി.ഐ ചന്ദ്രചൂഡന് മുൻപിൽ. രോമാഞ്ചമുളവാക്കുന്ന സംഭാഷണങ്ങൾ കൊണ്ടും അഭിനയം കൊണ്ടും അദ്ദേഹത്തിന്റെ മറ്റു പല പോലീസ് വേഷങ്ങളേക്കാളും എത്രയോ മികച്ചു നിൽക്കുന്നതാണ് ചന്ദ്രചൂഡൻ. ഒന്നൂടെ വ്യക്തമാക്കിയാൽ സുരേഷ് ഗോപിയെന്ന താരത്തേയും അഭിനേതാവിനേയും ഒരുപോലെ ഉപയോഗിച്ച ചുരുക്കം ചില സിനിമകളിലൊന്ന്.

പത്രം..... ജോഷിയുടെ മികച്ച ചിത്രങ്ങളിലൊന്ന് മഞ്ജു വാര്യരും മുരളിയും എൻ.എഫ് വർഗ്ഗീസുമെല്ലാം പൂന്തുവിളയാടിയ ചിത്രം. അവർക്കൊപ്പം തന്നെ മികച്ചു നിന്നു സുരേഷ് ഗോപിയുടെ നന്ദഗോപാലും.

അപ്പൊ കഥാപാത്ര വിവരണം നമുക്ക് ഇവിടെ നിർത്താം കാരണം പത്തിരുന്നൂറ്റി അമ്പതിൽപ്പരം സിനിമകൾ എടുത്ത് പറയുക എന്നത് നടക്കാത്ത കാര്യമാണ്. അപ്പൊ ഇത്രയും വിശദമാക്കേണ്ടി വന്നത് മുകളിൽ പറഞ്ഞൊരു കാര്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ്. എന്താണെന്നല്ലേ..? പറയാം....

സുരേഷ് ഗോപി എന്ന താരത്തിന് മുൻപ് നമുക്ക് ലഭിച്ചതാണ് സുരേഷ് ഗോപി എന്ന അഭിനേതാവിനെ. അദ്ദേഹത്തിലെ താരത്തെ കൊണ്ടാടുമ്പോൾ പ്രേക്ഷകരും സിനിമാ പ്രവർത്തകരും ഒരുപോലെ മറന്നു പോയ ഒന്നാണ് സുരേഷ് ഗോപിയെന്ന അഭിനേതാവിനെ. ഒരു കാലത്ത് മോഹൻലാലിന്റെ മുണ്ട് മടക്കി കുത്തലും മീശ പിരിക്കലും മാത്രം സിനിമാക്കാർ ഉപയോഗിച്ചത് പോലെയാണ് ആക്ഷൻ സിനിമകളിലേക്ക് മാത്രം സുരേഷ് ഗോപിയെ ചുരുക്കിയത്. അപ്പൊ നഷ്ടപ്പെട്ടത് അനേകം ഡെന്നീസുമാരേയും, പെരുമലയൻമാരേയും, മിന്നൽ പ്രതാപൻമാരേയും ഒക്കെയാണ്. ഭരത് ചന്ദ്രൻമാരേക്കാളും എത്രയോ മനോഹരവും ഗംഭീരവുമാണ് ഡെന്നീസുമാർ. പറഞ്ഞു വന്നത് ആക്ഷൻ സിനിമകൾ വേണ്ടെന്നല്ല അതിനൊപ്പം ഇത്തരം സിനിമകളും കൂടെ വേണം. താരത്തെ മാത്രം കണ്ടു കൊണ്ട് കഥകൾ രചിക്കാതെ അദ്ദേഹത്തിലെ അഭിനേതാവിനെക്കൂടെ പരിഗണിക്കണം.

മലയാള സിനിമ ഒരംശം പോലും സുരേഷ് ഗോപി എന്ന അഭിനേതാവിനെ ഉപയോഗിച്ചിട്ടില്ല എന്ന് നിസ്സംശയം പറയാനാകും. അദ്ദേഹത്തിലെ അഭിനേതാവിന് ചലഞ്ചിങ് ആയ വേഷങ്ങൾ ലഭിച്ചാൽ ഒരുപാട് അത്ഭുതങ്ങൾ കാണാനാകും എന്നത് തീർച്ചയാണ്. തോക്കെടുക്കുന്ന സുരേഷ് ഗോപിയേക്കാൾ ചന്തമുണ്ട് ഈ പറഞ്ഞ സുരേഷ് ഗോപിക്ക്.

ഇടയ്ക്ക് വ്യക്തിജീവിതത്തിൽ സംഭവിച്ച സങ്കടകരമായ ചില കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിനും കുറച്ച് താളപ്പിഴകൾ സംഭവിച്ചു സിനിമകളുടെ തിരഞ്ഞെടുപ്പും അതിന് വിനയായി.... തുടർച്ചയായുള്ള പരാജയങ്ങൾ..... പക്ഷേ തിരിച്ചു വരവിൽ ഇടയ്ക്ക് വന്ന ഭരത് ചന്ദ്രൻ ഐ.പി.എസ്സും, ടൈഗറും, ചിന്താമണി കൊലക്കേസുമെല്ലാം ആ മനുഷ്യന്റെ ജനപ്രീതി കാണിച്ചു തന്നവയാണ്. അതിലൊക്കെ സുരേഷ് ഗോപിയിലെ താരം വിശ്വരൂപം പൂണ്ടപ്പോൾ തിയ്യേറ്ററുകൾ ജനസാഗരമായി. കുറേ കാലങ്ങൾക്ക് ശേഷം അദ്ദേഹത്തിലെ അഭിനേതാവ് പുറത്ത് വന്നത് ഈയടുത്ത് റിലീസ് ആയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലായിരുന്നു. ഇന്നിന്റെ യുവത്വത്തിന്റെ ക്രേസ് ആയ ദുൽക്കർ സൽമാനും മലയാളത്തിന്റെ എവർഗ്രീൻ നായിക ശോഭനയും ഒക്കെ നിറഞ്ഞു നിന്ന ചിത്രത്തിൽ പക്ഷേ കൈയ്യടി വാങ്ങിയത് സുരേഷ് ഗോപിയുടെ മേജർ ഉണ്ണികൃഷ്ണൻ ആയിരുന്നു. അത്രയ്ക്ക് മനോഹരമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. തീപ്പൊരി സിനിമകൾക്ക് ഒപ്പം അത്തരം മികച്ച വേഷങ്ങൾ കൂടെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ.

സുരേഷ് ഗോപി എന്ന വ്യക്തിയിലേക്ക് വന്നാൽ..... അദ്ദേഹത്തിലെ നന്മയെ ഞാൻ പറഞ്ഞൊന്നും അറിയേണ്ട കാര്യം എന്തായാലും ആർക്കും ഇല്ല എന്നാലും പറയുന്നു. ആ മനുഷ്യനേക്കാൾ പരോപകാരിയായ മറ്റൊരു സിനിമാക്കാരൻ ഇല്ല. തിരശീലയിൽ ഗർജ്ജിക്കുന്ന ആ ആറടി ഒരിഞ്ചു കാരൻ ജീവിതത്തിൽ പലർക്കും ഒരു കാവൽ മാലാഖയാണ്. തനിക്ക് മുൻപിൽ യാചനയുമായി വരുന്നവരെ മാത്രമല്ല താൻ കണ്ടും കേട്ടും അറിയുന്നതുമായ കാര്യങ്ങളിലും അദ്ദേഹം ഒട്ടും താമസിക്കാതെ ഇടപെട്ട് പരിഹാരം കാണും. അദ്ദേഹത്തിന്റെ കാരുണ്യം കൊണ്ട് ജീവിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് സമൂഹത്തിൽ. അയാളുടെ രാഷ്ട്രീയം എന്തുമായ്ക്കൊള്ളട്ടെ അതിനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. ഏത് രാഷ്ട്രീയ പാർട്ടിയിൽ ആണേലും ജനങ്ങൾക്ക് ദോഷം വരുന്ന ഒന്നും ആ മനുഷ്യൻ ചെയ്തിട്ടില്ല മറിച്ച് നന്മകൾ മാത്രമേ ചെയ്തിട്ടുള്ളൂ അദ്ദേഹത്തോളം സഹായമനസ്കതയുള്ള ആളുകൾ വിരളമാണ്. വല്ലാത്തൊരു വ്യക്തിത്വത്തിനുടമയാണ് സുരേഷ് ഗോപി. ഒന്നൂടെ വ്യക്തമാക്കിയാൽ ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത നടൻ.

ദുൽക്കർ സൽമാൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ "സുരേഷേട്ടന്റെ സ്റ്റാർഡം ഒന്നും എവിടേം പോയിട്ടില്ല" അതെ അദ്ദേഹത്തിന്റെ സ്റ്റാർഡം ഒന്നും എവിടേം പോയിട്ടില്ല.... സുരേഷ് ഗോപി ഫീൽഡ് ഔട്ട്‌ ആയി ഇന്ന പാർട്ടി ആയത് കൊണ്ട് അയാളുടെ സിനിമ കാണാൻ ഇനി ആരും പോകില്ല എന്നൊക്കെ പറയുന്നവർ ആരാണ് സുരേഷ് ഗോപി എന്താണ് സുരേഷ് ഗോപി എന്ന് അറിയാത്തവരാണ് ബിഗ്ബിയിൽ മമ്മൂക്ക പറയുന്നത് പോലെ നിന്റെയൊക്കെ ബാപ്പാനോട്‌ ചോദിച്ചാൽ മതി ബിലാൽ ആരാണെന്ന്.... അതുപോലെ ഈ പറയുന്നവരുടെയൊക്കെ മൂത്തവരോട് ചോദിച്ചാൽ മതി ആരായിരുന്നു സുരേഷ് ഗോപി എന്ന്.... അപ്പൊ അവര് പറഞ്ഞു തരും മലയാള സിനിമയിലെ ത്രിമൂർത്തികളിലെ ഈ മൂർത്തിയെ പറ്റി.... വ്യക്തമായി തന്നെ പറഞ്ഞു തരും അതുകേട്ട് വാ പൊളിച്ച് ഇരിക്കുമ്പോൾ അയാളുടെ പുതിയ സിനിമ കേരളത്തിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം നടത്തുന്നുണ്ടാവും.

സുരേഷ് ഗോപിയെ ആളുകൾ മറന്നു, ഇത്ര പരാജയങ്ങളും ഗ്യാപ്പും വന്നത് കൊണ്ട് ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് പറയുന്നവർ അയാളുടെ ഒരു മാസ്സ് സിനിമയ്ക്ക് നല്ല അഭിപ്രായം വന്നാൽ ടിക്കറ്റ് കിട്ടാതെ ഓടുന്നത് കാണാം എന്നുള്ളത് ഉറപ്പിച്ച് പറയാനാകും. കാരണം അയാൾ മലയാളികൾക്ക് അത്ര പെട്ടന്ന് മറക്കാവുന്ന ഒരു അഭിമേനേതാവല്ല താരമല്ല. അവര് ഇപ്പോഴും നെഞ്ചിൽ കൊണ്ട് നടക്കുന്ന വികാരങ്ങളിൽ ഒന്നാണ്. സുരേഷ്ഗോപി-ഷാജി കൈലാസ് -രഞ്ജി പണിക്കർ എന്ന പേര് ഒരിക്കൽ കൂടെ സ്‌ക്രീനിൽ തെളിഞ്ഞാൽ ചിത്രത്തിന്റെ അഭിപ്രായം പോലും നോക്കാതെ ജനങ്ങൾ ഇടിച്ച് കുത്തി തിയ്യേറ്ററുകളിലേക്ക് പെയ്തിറങ്ങും. അപ്പൊ ഇത്തരം പ്രവചനങ്ങൾ ഒക്കെ നടത്തുന്നതിന് മുൻപ് അയാൾ ആരാണ് എന്താണ് എന്നൊക്കെ ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

സമ്മർ ഇൻ ബത്‌ലഹേമിൽ ആമി പറയുന്നത് പോലെ "നിരഞ്ജനെ ഞാൻ കണ്ടിട്ടില്ലായിരുന്നുവെങ്കിൽ ഡെന്നിസ് ഞാൻ നിങ്ങളെ മാത്രേ സ്നേഹിക്കുവായിരുന്നുള്ളൂ അത്രയ്ക്ക് നല്ലവനാണ് നിങ്ങൾ "ഈ ഡയലോഗ് കടമെടുത്താൽ പ്രിയപ്പെട്ട സുരേഷേട്ടാ.... മോഹൻലാൽ എന്ന വിസ്മയം കേരളത്തിലല്ലായിരുന്നു ഉദിച്ചത് എങ്കിൽ ഞാൻ നിങ്ങളെ മാത്രേ ആരാധിക്കുമായിരുന്നുള്ളൂ അത്രയ്ക്ക് നല്ല താരമാണ്, നടനാണ്, മനുഷ്യനാണ് നിങ്ങൾ.

നിങ്ങളോളം അക്ഷരസ്ഫുടതയോടെ എത്ര കഠിനമായ വാക്കുകൾ ഉള്ള ഡയലോഗുകൾ ആണേലും ഉച്ഛരിക്കുന്ന അഭിനേതാവിനെ ഞാൻ കണ്ടിട്ടില്ല..... എത്രത്തോളം മനോഹരമാണ് നിങ്ങളുടെ ബാഹ്യസൗന്ദര്യവും അതിലേറെ മനോഹരമായ അഭിനയവും വ്യക്തിത്വവും.... നിങ്ങളെ വെറുക്കാൻ എന്ത് കാരണമാണുള്ളത്..... അന്നും ഇന്നും നിങ്ങളുടെ സിനിമകൾ സിരകളിൽ വാനോളം ആവേശം ജനിപ്പിച്ചും രോമാഞ്ചത്തിനെ അതിന്റെ മൂർധന്യത്തിൽ എത്തിച്ചും മനസ്സ് കീഴടക്കി കൊണ്ടിരിക്കുന്നു.... ഓരോ വട്ടം കാണുന്തോറും അവയോട് ഒക്കെ വല്ലാത്ത പ്രണയം തോന്നുന്നു. നിങ്ങൾ തെറി പറയുമ്പോൾ മാത്രം അത് ആവേശമാകുന്നു..... ഭരത് ചന്ദ്രനേയും, ചാക്കോച്ചിയേയും, ഡെന്നിസിനേയും, കണ്ണൻ മുതലാളിയേയുമൊക്കെ അനുകരിക്കാത്ത ഏത് മലയാളിയാണുള്ളത്......

"മാന്ത്രിക വിദ്യാകൊണ്ട് രാജകുമാരനായി മാറിയ ഒരു തെണ്ടി ചെറുക്കന്റെ കഥ.... ഒരു മുത്തശ്ശി കഥപോലെ വിചിത്രം.വേദനനിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്ത കാലം പണ്ടേ പോയി. ഇന്ന് ഞാൻ ശ്രമിക്കുന്നത് മുഴുവൻ ആരേയും വേദനിപ്പിക്കാതിരിക്കാനാ, കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മ ചെയ്യാൻ... ആരെയെങ്കിലും സ്നേഹിക്കാൻ.... എനിക്കത് കഴിയുന്നുമുണ്ട്."

സമ്മർ ഇൻ ബത്‌ലഹേമിൽ അദ്ദേഹം പറയുന്ന ഈ ഡയലോഗ് ഒരർത്ഥത്തിൽ ശരിക്കും അദ്ദേഹത്തിന്റെ ജീവിതം തന്നെയല്ലേ..... സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും ആ മനുഷ്യന് ഒരുപാട് വേദനകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് കരഞ്ഞിട്ടുണ്ട്. സിനിമയിൽ തുടക്കക്കാരന്റെ പതർച്ചകളും വീഴ്ച്ചകളും എല്ലാം ഉണ്ടായി.... പക്ഷേ തോറ്റു പിന്മാറാൻ അയാൾ തയ്യാറല്ലായിരുന്നു..... തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി ഒരുപാട് ഒരുപാട് കഷ്ടപ്പെട്ട് ഒരു നിലയിൽ എത്തിയപ്പോൾ വളർച്ച കണ്ട അസൂയ തോന്നിയ പലരും പിന്നിൽ നിന്ന് കുത്തി വീഴ്ത്താനും മറ്റും ശ്രമിച്ചു കൊണ്ടിരുന്നു. അതിനൊക്കെ തന്റെ ആയുധമായ സിനിമ കൊണ്ട് തന്നെ അയാൾ മറുപടി കൊടുത്തു കൊണ്ടിരുന്നു. അതിനിടയ്ക്ക് ജീവിതത്തിൽ സംഭവിച്ച അപ്രതീക്ഷിതമായൊരു സംഭവം ആ മനുഷ്യനെ വല്ലാതെ ഉലച്ചു. കഷ്ടപ്പെട്ട് കൈയ്യടക്കിയ സാമ്രാജ്യം താൽക്കാലികമായി ഉപേക്ഷിച്ച് അയാൾ മാറി നിന്നു. ആ വേദനകളിൽ നിന്നും കര കയറിയ അയാൾ തിരിച്ചു വന്നു പൂർവ്വാധികം ശക്തിയോടെ വന്നെങ്കിലും പിന്നീട് അയാൾക്ക് അയാളുടെ സിംഹാസനത്തിൽ ഇരിക്കുവാൻ കഴിഞ്ഞില്ല.... അവിടെ നിന്നും ഇറങ്ങി.... ജനങ്ങളിലേക്ക്...... അവരിൽ ഒരാളായി അവരുടെ വിഷമങ്ങൾ തന്റെ വിഷമങ്ങൾ ആയി കണ്ട് അയാൾ പരിഹരിച്ചുകൊണ്ടിരുന്നു. ഇപ്പൊ അയാൾ തിരിച്ചു വരികയാണ് തന്റെ താരസിംഹാസനത്തിലേക്കുള്ള തിരിച്ചു വരവ്. അതിനുള്ള സൂചനകൾ ഒക്കെ ആ "ഒറ്റക്കൊമ്പൻ" അയാൾക്ക് "കാവൽ" ആയി നിന്നവർക്ക് കൊടുത്തിട്ടുണ്ട്.

അതുകൊണ്ട് അയാളിലെ അഭിനേതാവും താരവും ചാരമാണെന്ന് കരുതി ആരും ചികയാൻ നിൽക്കണ്ട കനൽ കെട്ടിട്ടില്ല നന്നായി പൊള്ളും.

അഭിനയമെന്ന മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ ഈ മനുഷ്യന്റെ കഥ ഒരു മുത്തശ്ശികഥപോൽ വിചിത്രം, മനോഹരം, പ്രചോദനം, ഗംഭീരം.

കാത്തിരിക്കുന്നു നിങ്ങളുടെ സിനിമകൾ വീണ്ടും ആവേശമായി മാറാനും അത് പരിസരം മറന്ന് ആഘോഷമാക്കാനും.

മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയ്ക്ക്..... സൂപ്പർ സ്റ്റാറിന്..... മികച്ച വ്യക്തിത്വത്തിന്..... പ്രിയപ്പെട്ട സുരേഷേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️

Happy Birthday Suresh Gopi ❤️❤️

-വൈശാഖ്.കെ.എം 

അഭിനയമെന്ന മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ ഈ മനുഷ്യന്റെ കഥ ഒരു മുത്തശ്ശികഥപോൽ വിചിത്രം, മനോഹരം, പ്രചോദനം, ഗംഭീരം. അഭിനയമെന്ന മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ ഈ മനുഷ്യന്റെ കഥ ഒരു മുത്തശ്ശികഥപോൽ വിചിത്രം, മനോഹരം, പ്രചോദനം, ഗംഭീരം. Reviewed by on 23:57 Rating: 5

No comments:

Powered by Blogger.