താരാധിപത്യത്തിന്റെ മൂർധന്യത്തിൽ

  വിജയ്.... ഇന്നുവരെ അദ്ദേഹത്തെക്കുറിച്ച് ഒന്നും എഴുതിയിട്ടില്ല ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണല്ലോ അതിന് പറ്റിയ ഏറ്റവും നല്ല ദിവസം ഇതാണെന്ന് തോന്നുന്നു. ഒരിക്കലും ഒരു വിജയ് ആരാധകന്റെ കുറിപ്പ് ആയി ഇതിനെ കാണരുത് ഞാൻ ഒരു വിജയ് ഫാൻ അല്ല എന്ന് ആദ്യമേ പറയുന്നു.

വിജയ് അത് വെറുമൊരു പേരല്ല ഇന്ന് ഒരു സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയൊരു ബ്രാൻഡ് ആണ്. ഒറ്റ രാത്രി കൊണ്ട് അങ്ങനായി തീർന്നൊരാളല്ല അദ്ദേഹം, വർഷങ്ങളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ് ഇന്ന് അദ്ദേഹമിരിക്കുന്ന താരസിംഹസനത്തിന് അദ്ദേഹം നൽകിയ വില.

അഭിനയിക്കാനറിയാത്തവൻ മുഖത്ത് ഭാവം വരാത്തവൻ, ഭംഗിയില്ലാത്തവൻ, നിറമില്ലാത്തവൻ, ആരോഗ്യമില്ലാത്തവൻ എന്ന് തുടങ്ങി അദ്ദേഹം നേരിടേണ്ടി വന്ന വിമർശനങ്ങൾക്കും, ബോഡി ഷേമിങ്ങുകൾക്കും കൈയ്യും കണക്കുമില്ല.... വ്യക്തിഹത്യയുടെ ഏറ്റവും ഭയാനകമായ വേർഷൻ ഇപ്പോഴും നേരിടുന്നൊരു വ്യക്തിയാണ് വിജയ്. ഒന്നുമല്ലാതിരുന്ന കാലത്ത് പോലും അദ്ദേഹം ഈ പറഞ്ഞവയ്ക്ക് മുൻപിലൊന്നും തല കുനിച്ചു നിന്നിരുന്നില്ല അപ്പൊ താരാധിപത്യത്തിന്റെ മൂർധന്യാവസ്ഥയിൽ നിൽക്കുമ്പോൾ ഇതൊന്നും അദ്ദേഹത്തിന്റെ ഏഴയലത്ത് പോലും എത്തില്ല എന്നത് മറ്റൊരു കാര്യം.

ഒരു സിനിമ കൊണ്ട് അല്ലേൽ വിരലിൽ എണ്ണാവുന്ന സിനിമകൾ കൊണ്ട് ഭയങ്കരമായി വാഴ്ത്തിപ്പെട്ട് പെട്ടന്ന് കെട്ടടങ്ങിയ ഒരുപാട് പേരുണ്ട് സിനിമാ മേഖലയിൽ കെടാൻ പോകുന്നതിന് മുൻപുള്ള ആളിക്കത്തൽ എന്ന ഉദാഹരണമാണ് അവിടെ ഏറ്റവും ഉചിതം. വിജയ് പക്ഷേ അങ്ങനൊരാളല്ല മുകളിൽ പറഞ്ഞത് പോലെ അദ്ദേഹം ഒരു തീക്കനൽ ആയിരുന്നു അത് ഊതിയൂതി കത്തിച്ചാണ് ഇന്ന് ഈ കാണുന്ന നിലയിൽ ഉഗ്ഗ്ര ശോഭയിൽ ജ്വലിച്ചു നിൽക്കുന്നത്. അതായത് കെടാൻ പോകുന്നതിന് മുൻപുള്ള ആളിക്കത്തൽ അല്ല കെടാവിളക്കാണ് എന്ന് സാരം.

വിരോധികളും കപട ബുദ്ധിജീവികളും ഇപ്പോഴും അയാളെ കളിയാക്കുന്നത് അഭിനയിക്കാൻ അറിയാത്തവൻ എന്നാണ് പിന്നീട് അദ്ദേഹത്തെ കളിയാക്കാൻ വലിയൊരു കൂട്ടർ ഉപയോഗിക്കുന്ന വാക്കാണ് രക്ഷകൻ എന്ന്. അയാളിലെ താരം വളർന്നതിനൊപ്പം കൂടെ വളർന്ന ഒന്നൂടെയുണ്ട് അത് അയാളിലെ അഭിനേതാവ് തന്നെയാണ്.... അഭിനയിക്കാൻ അറിയാത്ത വിജയ് ആണ് തുപ്പാക്കിയിലെ ജഗദീഷിനേയും,കത്തിയിലെ ജീവാനന്ദത്തേയും,മെർസലിലെ വെട്രിമാരനേയും,ബിഗിലിലെ രാജപ്പനേയുമെല്ലാം മികച്ച രീതിയിൽ പക്വതയോടെ കൈകാര്യം ചെയ്തത് എന്നത് പലരും മനഃപൂർവം മറക്കുന്നൊരു കാര്യമാണ്. അയാളിലെ താരത്തെ മാത്രം ഉപയോഗിക്കാതെ അയാളിലെ അഭിനേതാവിനെക്കൂടെ ഉപയോഗിക്കാനറിയുന്നവരുടെ കൈയ്യിൽ കിട്ടിയാൽ നല്ല റിസൾട്ടും ലഭിക്കാറുണ്ട്. വളർന്നു പന്തലിച്ച വിജയ് എന്ന താരത്തിനെപ്പോലെ തന്നെ ഏറെ മെച്ചപ്പെട്ടു വരുന്ന ഒന്നാണ് അയാളിലെ അഭിനേതാവും.

തുപ്പാക്കി.... തുപ്പാക്കി എന്ന ചിത്രമാണ് ഇന്നീ കാണുന്ന വിജയ് എന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ താരത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണത്തിലെ അടിത്തറ. പോക്കിരിയുടെ വലിയ വിജയത്തിന് ശേഷം അഞ്ചോളം ചിത്രങ്ങൾ പ്രേക്ഷകനെ തൃപ്തിപ്പെടുത്താതെ കടന്ന് പോയപ്പോൾ ആ സമയത്ത് മറ്റുള്ള താരങ്ങളുടെ വളർച്ച കൂടെ വേഗത്തിൽ ആയപ്പോൾ പലരും എഴുതി തള്ളിയിരുന്നു വിജയ് എന്ന താരത്തെ. അവിടെയാണ് 2012 നവംബർ 13ന് പുറത്തിറങ്ങിയ തുപ്പാക്കി എന്ന ചിത്രം പലരുടേയും കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നത്..... വിജയിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രവും വലിയ വിജയവുമായി തുപ്പാക്കി മാറി പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല കാരണം സിനിമ എന്നത് ഒരു ഓട്ട പന്തയമായി എടുത്താൽ അയാളുടെ അടുത്ത് പോലും എത്താൻ ആരും ഉണ്ടായിരുന്നില്ല ആ സമയത്ത്. ഇന്നത്തെ അയാളുടെ സ്റ്റാർഡത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അയാളുടെ പരാജയ ചിത്രങ്ങൾക്ക് പോലും ലഭിക്കുന്ന ബോക്സ്ഓഫീസ് കളക്ഷനുകൾ.

ഇളയദളപതിയിൽ നിന്നും ദളപതിയിലേക്ക്..... തുപ്പാക്കിയും, കത്തിയും, തെരിയും മെർസലുമെല്ലാം കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി ബേധിച്ച് അശ്വമേധം നടത്തിയപ്പോൾ ഇളയദളപതിയിൽ നിന്നും ദളപതിയിലേക്കുള്ള യാത്ര എളുപ്പമായി കാരണം അയാളുടെ സ്റ്റാർഡത്തിന് മുകളിൽ ഇപ്പൊ ആരുമില്ല എന്നത് തന്നെ.

കേരളത്തിലേക്ക് വന്നാൽ.... വിജയ് സിനിമകളുടെ റിലീസ് ഇവിടെ ഒരു ഉത്സവമാണ് തമിഴ് നാട്ടിൽ അവിടെയുള്ളവർ കൊണ്ടാടുന്നത് പോലെ തന്നെയാണ് കേരളത്തിലെ വിജയ് ആരാധകരും അദ്ദേഹത്തിന്റെ സിനിമകൾ ആഘോഷമാക്കുന്നത്.... പുലർച്ചെ മുതൽ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയും തിയ്യേറ്ററുകളെ ഉത്സവാന്തരീക്ഷത്തിലേക്ക് മാറ്റിയും അവര് അവരുടെ ഇഷ്ട താരത്തിന്റെ സിനിമ ആഘോഷമാക്കും. ആ ഒരു ഓളത്തിൽ വേണം ശരിക്കും അദ്ദേഹത്തിന്റെ സിനിമകൾ കാണാൻ.... ആർത്തിരമ്പി വരുന്ന തിരമാലകൾ പോലെയാണ് അദ്ദേഹത്തിന്റെ മുഖം സ്‌ക്രീനിൽ തെളിഞ്ഞാൽ സന്തോഷം അതിരുകടന്ന ആരാധകർ അത് ആഘോഷമാക്കുന്നത്. മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരിക്കും ഓരോ ഫാൻസ്‌ ഷോകളും.

മലയാളി ഇത്രയും ആഘോഷമാക്കിയ അല്ലേൽ ആഘോഷമാക്കി കൊണ്ടിരിക്കുന്ന ഒരു അന്യഭാഷാ താരം വേറെയില്ല എന്ന് നിസ്സംശയം പറയാം. മറ്റു പല താരങ്ങളോടും ഇടയ്ക്ക് ഉണ്ടായിരുന്ന വലിയ ക്രേസ് അവർക്ക് പിന്നീട് നിലനിർത്താൻ സാധിച്ചിട്ടില്ല പക്ഷേ വിജയിയുടെ കാര്യത്തിൽ അങ്ങനൊന്നില്ല അന്നും ഇന്നും അദ്ദേഹം ഇവിടെ വലിയൊരു കൂട്ടർക്ക് വികാരം തന്നെയാണ്. ഇന്നിന്റെ യുവത്വത്തിൽ വലിയൊരു വിഭാഗം ഏറ്റവും കൂടുതൽ അടിമപ്പെടുന്നത് സ്റ്റൈൽ, ബാഹ്യസൗന്ദര്യം, മസിൽ ഇതിനൊക്കെ മുൻപിലാണ് അവിടെയാണ് വിജയ് വേറിട്ട് നിൽക്കുന്നത് സിക്സ്പാക്ക് ശരീരമോ മറ്റു പലർക്കുമുള്ള ബാഹ്യസൗന്ദര്യമോ ഒന്നും അയാൾക്ക് ഇല്ല പക്ഷേ ഇന്നിന്റെ ബാല്യങ്ങൾക്ക് മുതൽ അയാൾ വികാരമാണ് അവരെയെല്ലാം ആകർഷിക്കുന്ന ഒരു പ്രത്യേക തേജസ്സ് അയാൾക്കുണ്ട് എന്നതാണ് സത്യം. അണ്ണാ എന്നുള്ള വിളികൾ മനസ്സിൽ തട്ടിയുള്ളതാണ് എന്ന് പലപ്പോഴും മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പ്രായ ലിംഗ ബേധമന്യേ ഇത്രയും വലിയൊരു ആരാധക വൃന്ദം അയാൾക്ക് ചുറ്റും ഒരു വലയമായുള്ളത്. അവർക്ക് ചുറ്റും ഒരു തേജോവലയമായി അയാളും.

ഒരു ബനിയനും അതിന് മുകളിൽ ഒരു ഷർട്ടും കൈയ്യിൽ ഒരു കർച്ചീഫുമായി അമാനുഷികനായി നടന്നിരുന്ന താരത്തിൽ നിന്നുമുള്ള അദ്ദേഹത്തിന്റെ മാറ്റമാണ് ഇന്ന് കാണുന്ന വിജയ് സിനിമകൾ. രക്ഷകൻ എന്നും ഒരേ കഥകൾ എന്നും പറഞ്ഞ് കളിയാക്കുന്നവർ ഒരു ഭാഗത്ത് നിന്ന് അത് തുടർന്നു കൊണ്ടേയിരിക്കും..... ആ രക്ഷകനെ കാണാൻ വേണ്ടിയാണ് ഊണും ഉറക്കവും കളഞ്ഞ് വലിയൊരു സമൂഹം തിയ്യേറ്ററിന് മുൻപിൽ പലപ്പോഴും കാവലിരിക്കുന്നത്. അവർക്ക് അത് തന്നെയാണ് വേണ്ടത് അവരുടെ ഇഷ്ടങ്ങൾക്കാണ് അയാൾ മുൻഗണന കൊടുക്കുന്നതും.

തന്റെ സ്റ്റാർഡത്തെ പറ്റി ബോധവും ബോധ്യവുമുള്ള ഏക സൗത്ത് ഇന്ത്യൻ സൂപ്പർ സ്റ്റാർ വിജയിയാണ് കാരണം അദ്ദേഹത്തിന്റെ സിനിമകൾ തന്നെയാണ് അതിനുത്തരം. തമിഴ്നാട്ടിൽ സിനിമ എന്നത് അവർക്ക് വല്ലാത്തൊരു വികാരമാണ് താരങ്ങൾ അതിനപ്പുറവും. സിനിമ അവരുടെ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് പറയേണ്ട കാര്യങ്ങൾ ഒരു ഉപദേശമായി ആര് പറഞ്ഞാലും അവര് ഉൾക്കൊള്ളണമെന്നില്ല അപ്പൊ അത്തരം കാര്യങ്ങൾ അവരിലേക്ക് എത്തിക്കാൻ ഏറ്റവും നല്ല മാർഗ്ഗമാണ് സിനിമ. പറയുന്നത് തങ്ങളുടെ ഇഷ്ട താരം കൂടെയാണേൽ അത് അവരുടെ മനസ്സിലേക്ക് പെട്ടന്ന് കയറും പ്രത്യേകിച്ച് സാധാരണക്കാർക്കിടയിലേക്ക് അത്തരം കാര്യങ്ങൾ എത്തണേൽ ആ സിനിമ ഒരു എന്റർടൈനർ ആവണം അവരുടെ ടേസ്റ്റിന് അനുസരിച്ചാവാണം അത് തന്നെയാണ് വിജയ് ചെയ്തുകൊണ്ടിരിക്കുന്നതും. അയാളുടെ സ്റ്റാർഡത്തെ പറ്റി അയാൾക്ക് വ്യക്തമായ ധാരണയുണ്ട്.... അയാൾ സിനിമയിലൂടെ ഒരു കാര്യം പറഞ്ഞാൽ അത് എത്രത്തോളം ഫലം കാണുമെന്നും അയാൾക്ക് നന്നായിട്ട് അറിയാം. വെറും തട്ടിക്കൂട്ട് മാസ്സ് മസാല സിനിമകളിൽ നിന്നും വിദ്യാഭ്യാസത്തെ പറ്റിയും, ആരോഗ്യ മേഖലയെ പറ്റിയും, കൃഷിയെ പറ്റിയും ഇന്നത്തെ തലമുറയുടെ ഇടയിലേക്ക് ഒരു അവബോധം സൃഷ്ടിക്കാൻ അയാള് ശ്രമിക്കുന്നത് തികച്ചും അഭിനന്ദനീയാർഹമാണ്. മാസ്റ്റർ എന്ന സിനിമ തന്നെയെടുത്താൽ കോളേജ് രാഷ്ട്രീയത്തെ പറ്റിയും ജാതി മത വേർതിരിവുകൾക്കെതിരേയും സംസാരിക്കുന്ന ഒരു രംഗമുണ്ട് അത് തന്നെയാണ് വിജയ് എന്ന നടന്റെ മാറ്റം എന്ന് പറയുന്നത്. അയാളുടെ രാഷ്ട്രീയമാണ് അയാളുടെ സിനിമകൾ. ഇത്തരം വിഷയങ്ങൾ ഒരു ആർട്ട് സിനിമയിലൂടെ പറഞ്ഞാൽ ആളുകളിൽ എത്തില്ല എന്ന ബോധം അദ്ദേഹത്തിനുണ്ട് അവിടെ അദ്ദേഹം വിജയ് എന്ന താരത്തെ മാക്സിമം ഉപയോഗിക്കുന്നു കാരണം വിജയ് എന്ന താരത്തിനും അയാളുടെ സിനിമകൾക്കും ജനങ്ങളിൽ ഉണ്ടാക്കാൻ കഴിയുന്ന ഇമ്പാക്ട് അയാൾക്ക് നന്നായിട്ട് അറിയാം. അതാണ് പറഞ്ഞത് തന്റെ സ്റ്റാർഡത്തെ പറ്റി അദ്ദേഹത്തിന് നല്ല ബോധവും ബോധ്യവും വ്യക്തമായ ധാരണയും ഉണ്ടെന്ന്.

വിജയ് എന്ന വ്യക്തിയിലേക്ക് വന്നാൽ....
വ്യക്തി ജീവിതത്തിൽ ആരേയും പേടിക്കാതെയുള്ള തുറന്ന് പറച്ചിലുകളും പ്രവർത്തികളുമാണ് പല പ്രമുഖർക്കും ഇന്ന് ഉറക്കം നഷ്ടപ്പെടാനുള്ള കാരണം. വിജയിയെപ്പോലെ ഇത്രയും ജനപ്രീതിയുള്ളൊരു വ്യക്തി ഇത്തരം പ്രവർത്തികൾകളുമായി ഇറങ്ങുമ്പോൾ കിട്ടുന്ന റീച്ച് മറ്റാർക്കും തരാൻ സാധിക്കില്ല  അതിന്റെ വാശി തീർക്കലും മറ്റുമാണ് അദ്ദേഹത്തിന്റെ വീട്ടിലേക്കും മറ്റും പലപ്പോഴായി എത്തുന്ന റെയ്ഡുകളും അദ്ദേഹത്തിന്റെ സിനിമകളുടെ റിലീസ് മുടക്കാൻ ശ്രമിക്കുന്ന കാഴ്ചകളും. പക്ഷേ ഈ പറഞ്ഞ ഭീമന്മാരേക്കാൾ വളർന്നു കഴിഞ്ഞിട്ടുണ്ട് വിജയ് എന്ന വ്യക്തിയും താരവും എന്നതാണ് സത്യം. അദ്ദേഹത്തിന്റെ സിനിമകളിലൂടേയും അല്ലാതേയുമുള്ള ഈ സാമൂഹിക പ്രതിബദ്ധതയ്ക്ക് ഫാനിസം മറന്ന് കൈയ്യടിക്കണം. പലർക്കും ഒരു റോൾ മോഡൽ ആക്കാം ഈ കാര്യത്തിൽ അദ്ദേഹത്തെ. അല്ലേൽ പലരും അദ്ദേഹത്തെ കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. അത് മാത്രമല്ല അദ്ദേഹം ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മറ്റും എടുത്ത് പറയേണ്ടുന്ന ഒന്നാണ്. മറ്റു പലരും അതിലും അതിൽ കൂടുതലും ഒക്കെ ചെയ്യുന്നുണ്ടാകാം എല്ലാം അഭിനന്ദനങ്ങൾ അർഹിക്കുന്നത് തന്നെയാണ്.

മറ്റൊരു കാര്യം തന്റെ സിനിമകളുടെ ഓഡിയോലോഞ്ചുകളിലും മറ്റും അദ്ദേഹം നടത്തുന്ന സ്പീച്ചുകൾ ആണ്.... എന്ത് മനോഹരവും ഗംഭീരവുമായാണ് ഓരോ കാര്യങ്ങളെപ്പറ്റിയും ആ മനുഷ്യൻ സംസാരിക്കുന്നത്..... അതൊക്കെ എത്ര പെട്ടന്നാണ് ആളുകൾക്കിടയിൽ തരംഗമാകുന്നത്.... ഒരിക്കൽ കൂടെ പറയുന്നു താൻ എന്താണ് താൻ പറയുന്നത് ജനങ്ങളിൽ എത്രത്തോളം സ്വാധീനം ചെലുത്തും തന്റെ ഓരോ പ്രവർത്തികളും എത്രത്തോളം സമൂഹത്തിൽ ഫലപ്രദമാകും എന്നതിനെ പറ്റി ഇത്രത്തോളം ബോധമുള്ളൊരു താരം അല്ലേൽ സൂപ്പർ സ്റ്റാർ വേറെയില്ല.

വിജയ് എന്ന നടന്റെ വളർച്ചയിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നവർക്കും നല്ല പങ്ക് ഉണ്ട് സിനിമകളുടെ ബൂസ്റ്റിങ്ങും മറ്റും അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. അങ്ങനെയുള്ള ആത്മാർത്ഥയുള്ളവർ മറ്റു പലരുടേയും കൂടെയില്ല എന്നതാണ് സത്യം. സത്യം പറഞ്ഞാൽ ശരിക്കും അസൂയയാണ് അദ്ദേഹത്തിന്റെ വളർച്ചയിൽ. പലരും തുറന്ന് സമ്മതിച്ചില്ലേലും മനസ്സിൽ ഉള്ളൊരു കാര്യം തന്നെയാണ് വിജയ് ഇന്ന് പലർക്കും എത്തിപ്പിടക്കാൻ പറ്റാത്ത ദൂരത്തിൽ എത്തിയിട്ടുണ്ട് എന്ന കാര്യം.

രക്ഷകൻ എന്നും അഭിനയിക്കാൻ അറിയാത്തവൻ എന്നും ഒരു ഭാഗത്ത്‌ നിന്നും ഒരു വിഭാഗം കൂവി വിളിക്കുമ്പോൾ ആ കൂവലിനെ മറ്റൊരു ഭാഗത്തുള്ള അതിലേറെ ഉച്ചത്തിലുള്ള കൈയ്യടികളിൽ മുക്കി കൊണ്ട് അവരുടെ രക്ഷകൻ കുത്തിക്കുകയാണ് എതിരാളികൾ ഇല്ലാത്ത യാഗാശ്വമായി. സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പർ സ്റ്റാറുകളിൽ ഒന്നായി..... തമിഴകത്തിന്റെ ദളപതിയായി.

അയാളുടെ സിനിമകൾ ബ്രഹ്മാണ്ഡമാകാൻ അതിൽ ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകരോ വലിയ അഭിനേതാക്കളോ വലിയ ടെക്ക്നീഷ്യൻസോ ആവശ്യമില്ല അയാൾ അഭിനയിക്കുന്ന ചെറിയ സിനിമകൾ പോലും താനേ ബ്രഹ്മാണ്ഡമാകാറാണ് ഇപ്പൊ പതിവ് അതാണ് അയാളുടെ ഇന്നത്തെ റേഞ്ച്. ഒന്നൂടെ വ്യക്തമാക്കിയാൽ അയാൾ ബ്രഹ്മാണ്ഡ സിനിമകളിൽ അഭിനയിക്കുകയല്ല മറിച്ച് അയാൾ അഭിനയിക്കുന്ന സിനിമകൾ ബ്രഹ്മാണ്ഡമാകുകയാണ് ചെയ്യുന്നത്. അത് തന്നെയാണ് ഇളയദളപതിയിൽ നിന്നും ദളപതിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റവും വളർച്ചയും.

തമിഴകത്തിന്റെ ദളപതിയ്ക്ക് തല ആരാധകന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️

Happy Birthday Thalapathy Vijay ❤️❤️

- വൈശാഖ്.കെ.എം
താരാധിപത്യത്തിന്റെ മൂർധന്യത്തിൽ താരാധിപത്യത്തിന്റെ മൂർധന്യത്തിൽ Reviewed by on 02:47 Rating: 5

No comments:

Powered by Blogger.