എഴുത്തും വായനയും
ചെറുപ്പം മുതലേ ഏറെയിഷ്ടമുള്ളൊരു കാര്യമാണ് വായന,ഒപ്പം എഴുത്തും. അമ്മയും മേമയുമൊക്കെ എപ്പോഴും പറയും ഒരു പോസ്റ്റർ കണ്ടാൽ അല്ലേൽ ഒരു ബസ്സിന്റെ ബോർഡ് കണ്ടാൽ ഒക്കെ ഇങ്ങനെ നോക്കി നിന്ന് അരിച്ചു പെറുക്കി വായിക്കാൻ ശ്രമിക്കുന്നൊരു സ്വഭാവം കുഞ്ഞിലേ മുതലേ എനിക്കുണ്ടായിരുന്നു എന്ന്. അറിയാത്ത കാര്യങ്ങൾ ആണേൽ അത് ചോദിച്ച് മനസ്സിലാക്കും പിന്നെ ഒരായിരം സംശയങ്ങളുമായിരുന്നു എനിക്ക് എന്ന്. അന്നും അതെ ഇന്നും അതെ കണ്മുന്നിൽ തെളിയുന്ന അക്ഷരങ്ങളെ ഞാൻ അവഗണിക്കാറില്ല അതിപ്പോ ഈ പറഞ്ഞത് പോലെ ചുമ്മാ റോഡിലൂടെ നടന്ന് പോകുമ്പോഴോ ബീച്ചിലോ മറ്റോ ഇരിക്കുമ്പോഴോ ഓരോ സ്ഥാപനങ്ങളുടേയും മറ്റും പരസ്യങ്ങളുടെ നോട്ടീസുകൾ പലരും നമ്മുടെയൊക്കെ കൈയ്യിൽ കൊണ്ട് വന്ന് തരും അത് വായിക്കാതെ ഒരിക്കലും ഞാൻ ഉപേക്ഷിക്കാറില്ല അത് മുഴുവൻ വായിച്ചതിന് ശേഷമേ അത് ഒഴിവാക്കാറുള്ളൂ. ചുവരുകളിൽ കാണുന്ന പോസ്റ്ററുകൾ ആണേൽപ്പോലും ഇപ്പൊ ആണേലും സമയം ഉള്ളപ്പോൾ ആണേൽ അത് മുഴുവൻ നിന്ന് വായിക്കാൻ ശ്രമിക്കാറുണ്ട്. സിനിമ ക്രിക്കറ്റ് ഒക്കെപ്പോലെ തന്നെ അല്ലേൽ അതിനേക്കാൾ ഒക്കെ മുൻപേ മനസ്സിൽ കയറിക്കൂടിയൊരു ലഹരി തന്നെയാണ് വായന. മലയാളം എന്ന മാതൃഭാഷയോട് അത്രമേൽ പ്രണയവുമാണ്. ഇന്നത്തെ കാര്യമെടുത്താൽ ഈ സോഷ്യൽ മീഡിയ യുഗത്തിൽ ആണേലും ഫേസ്ബുക്കിലായാലും ഇൻസ്റ്റഗ്രാമിൽ ആയാലും മറ്റുള്ള സൈറ്റുകളിളിലായാലും അതിപ്പോ വാർത്തകൾ ആണേലും പ്രബന്ധങ്ങൾ ആയാലും എത്ര വലുത് ആണേലും എത്രയൊക്കെ നീളം കൂടുതൽ ആണേലും അത് മുഴുവൻ ഇരുന്ന് വായിക്കാറുണ്ട്. ഒരിക്കലും വായനയോട് വെറുപ്പ് അല്ലേൽ മടുപ്പ് തോന്നിയിട്ടില്ല.
എഴുത്തിന്റെ കാര്യത്തിലായാലും ഇന്നേവരെ അതിനോട് ഒരു വിരക്തി തോന്നിയിട്ടില്ല ഭയങ്കര ഇഷ്ടമുള്ള കാര്യമാണ് എഴുത്ത്. പക്ഷേ അതിൽ ഇപ്പോഴും എനിക്ക് തൃപ്തി തോന്നാത്തതും വെറുപ്പ് ഉള്ളതും എന്റെ കൈയ്യക്ഷരത്തോട് ആണ്.... കോഴി പറമ്പിൽ മണ്ണ് ചിനച്ച് ഇടുന്നത് പോലെയാണ് എന്റെ കൈയ്യക്ഷരം അത് നന്നാക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു നല്ല മാറ്റം ഉണ്ട് എന്നാണ് സ്വയം വിലയിരുത്തിയതിൽ നിന്നുമുള്ള ഒരു തോന്നൽ.
എഴുത്തിനോടും വായനയോടും ഇത്രയേറെ താല്പര്യം അല്ലേൽ ഇഷ്ടം തോന്നാൻ പ്രധാന കാരണക്കാർ അമ്മയും മേമയും അച്ഛനും ഒക്കെ ആണേലും അതിലെല്ലാം അപ്പുറം അതിന് പ്രചോദനമായൊരു ആളുണ്ട് മുൻപൊരിക്കൽ ഞാൻ പറഞ്ഞിട്ടുണ്ട് ജീവിതത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന അധ്യാപികയെ പറ്റി.... ആ ആള് തന്നെയാണ് എന്റെ ഈ എഴുത്തിനോടും വായനയോടുമുള്ള അടങ്ങാത്ത പ്രണയത്തിന്റെ കാരണം. മറ്റാരുമല്ല ഒന്നാം ക്ലാസ്സിൽ എന്നെ പഠിപ്പിച്ച എന്റെ Girija Sanjayan ടീച്ചർ. വെറുമൊരു അധ്യാപിക മാത്രമായിരുന്നില്ല ടീച്ചർ എനിക്ക്... അമ്മയായിരുന്നു സുഹൃത്ത് ആയിരുന്നു വഴികാട്ടിയായിരുന്നു അങ്ങനെ ആരെല്ലാമോക്കെയോ ആയിരുന്നു. ക്ഷമിക്കണം ഒരു തിരുത്തുണ്ട് ആയിരുന്നു എന്നല്ല ഇപ്പോഴും അങ്ങനെയാണ്. കേട്ടെഴുത്ത് എന്നൊരു സമ്പ്രദായം ഉണ്ടായിരുന്നു അന്നൊക്കെ ഇന്ന് ഉണ്ടോ എന്ന് അറിയില്ല.... ടീച്ചർ നൂറ് വാക്കുകൾ ഒക്കെയായിരുന്നു എഴുതിപ്പിച്ചിരുന്നത് കുറേ മാതാപിതാക്കൾ വന്നിട്ട് മീറ്റിങ്ങിൽ ഇത്രയൊന്നും കുട്ടികളെക്കൊണ്ട് എഴുതിപ്പിക്കരുത് എന്നൊക്കെ പറഞ്ഞു ടീച്ചറെ ഉപദേശിക്കുന്നത് കണ്ടിരുന്നു പക്ഷേ അപ്പോഴും എന്റെ അച്ഛനും അമ്മയും പറഞ്ഞത് എത്ര വേണേലും എഴുതിപ്പിച്ചോളാൻ ആണ് ഏറ്റവും വലിയ രസം എന്താണെന്ന് വെച്ചാൽ കുട്ടികൾ ആരും കൈ വേദനിക്കുന്നു എന്നും പറഞ്ഞ് ആരോടും പരാതിയൊന്നും പറഞ്ഞിട്ടില്ല എന്നതാണ്. അപ്പൊ പറഞ്ഞു വന്നത് എഴുത്തിനോടുള്ള പ്രണയം തുടങ്ങുന്നത് അങ്ങനെയാണ്.... വായനയോടുള്ള പ്രണയത്തിനും കാരണം ടീച്ചർ തന്നെയാണ് അക്ഷരസ്ഫുടതയോടെ ചെറുപ്പം മുതൽ ഓരോന്ന് വായിക്കാൻ പറ്റുക എന്നത് ഒരിക്കലും ചെറിയ കാര്യമല്ല അന്ന് എന്റെ കൂടെ പഠിച്ച എല്ലാർക്കും അങ്ങനൊരു കഴിവ് അന്ന് തന്നെ.... ആ പ്രായത്തിൽ തന്നെ കിട്ടിയിട്ടുണ്ടേൽ അതിന്റെ മുഴുവൻ ക്രെഡിറ്റും ടീച്ചർക്ക് മാത്രമാണ്. അതുകൊണ്ട് ഒക്കെ തന്നെ ഒരുപാട് അധ്യാപകരെ ജീവിതത്തിൽ കണ്ടിട്ടുണ്ടേലും അവരുടെയൊക്കെ ശിക്ഷണം സ്വീകരിച്ചിട്ടുണ്ടേലും ടീച്ചറോളും ആരും മനസ്സിനെ സ്പർശിച്ചിട്ടില്ല ടീച്ചറോളം ആരേയും ഇഷ്ടപ്പെട്ടിട്ടും ഇല്ല. ടീച്ചർ ശരിക്കും ഒരു റോൾ മോഡലും പ്രചോദനവുമൊക്കെയാണ്. വർഷങ്ങൾ ഒരുപാട് ആയി നേരിൽ കണ്ടിട്ട് പക്ഷേ ഇപ്പോഴും ആ മുഖം മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഈ കൊറോണയൊക്കെ ഒന്ന് ഒതുങ്ങിയിട്ട് വേണം ടീച്ചറെ നേരിൽ കാണാൻ പോകാൻ... അത് വലിയൊരു ആഗ്രഹമാണ്. ജീവിതത്തിൽ ലഭിച്ച ആദ്യത്തെ സുഹൃത്ത് പൊന്നു ( Darbikadas K ) അങ്ങനൊരു അസുലഭ നിമിഷം സാധ്യമാക്കി തരാം എന്ന് ഏറ്റിട്ടുണ്ട്. കാത്തിരിക്കുകയാണ് ടീച്ചറെ നേരിൽ കാണുന്നതിന് വേണ്ടി.
അപ്പൊ തിരിച്ച് നമ്മുടെ എഴുത്തിലേക്കും വായനയിലേക്കും വന്നാൽ.....
ഈ സോഷ്യൽ മീഡിയ സൗഹൃദങ്ങൾക്കിടയിൽ എനിക്ക് വീണൊരു പേരാണ് എസ്സേയോളി അല്ലേൽ പ്രബന്ധൻ എന്ന്. എഴുത്തിന്റെ നീളം കൂടുതൽ കൊണ്ട് പലരും ചാർത്തി നൽകിയൊരു പേരാണ് അത്. പലരും പറയാറുണ്ട് എഴുത്തിന്റെ നീളം കുറയ്ക്കണം പറയാനുള്ളത് ചുരുക്കി പറയണം എന്ന്. എഴുത്തിന് നീളം കൂടിയാൽ ആരും വായിക്കില്ല ആർക്കും അതിനൊന്നും സമയമില്ല എന്നാണ് എല്ലാവരും പറയുന്നൊരു ന്യായം. എനിക്കൊരു ബോധ്യമുണ്ട് ചുരുക്കി എഴുതേണ്ട കാര്യമാണേൽ ഞാൻ ചുരുക്കി തന്നെയാണ് എഴുതാറുള്ളതെന്നും അങ്ങനെ പറയാൻ പറ്റാത്ത കാര്യങ്ങളിലാണ് നീളം കൂട്ടാറുള്ളത് എന്നും. അതുകൊണ്ട് തന്നെ അത്തരം പറച്ചിലുകൾക്ക് വലുതായി ചെവിയും കൊടുക്കാറില്ല.
ശരിയാണ് ഇന്ന് വലിയൊരു വിഭാഗം ആളുകൾക്ക് വായിക്കാൻ ഭയങ്കര മടിയാണ് ബാക്കി എന്തിനൊക്കെ സമയം കണ്ടെത്തിയാലും അല്ലേൽ സമയം ഉണ്ടേലും വായിക്കാൻ എല്ലാവർക്കും മടിയാണ് നാലോ അഞ്ചോ വരികളിൽ കൂടുതൽ ഉള്ളത് എല്ലാം പാടേ അവഗണിക്കുന്നൊരു സ്വഭാവം ഉണ്ട് പലർക്കും. മറ്റൊരു കാര്യം കൂടെ ശ്രദ്ധിക്കണം നമ്മുടെയൊക്കെ വാർത്താ ചാനലുകളുടെ ഓൺലൈൻ പേജുകളിൽ പല വാർത്തകളും വരും മിക്കതും വലിയ റീച്ച് ഒന്നും ഇല്ലാതെ കടന്ന് പോകും പക്ഷേ അവിഹിതം കലർന്ന അല്ലേൽ ഇക്കിളിപ്പെടുത്തുന്ന വാർത്തകളുടെ കമന്റ് ബോക്ക്സ്സുകൾ ഒക്കെ ആയിരക്കണക്കിന് കമന്റ്സുകളാൽ നിറഞ്ഞു കിടക്കും എന്തിനാണ് ഇത്തരം വാർത്തകൾ ഒക്കെ കൊടുക്കുന്നത് എന്നും പറഞ്ഞ് കമന്റ് ഇടുന്നവർ പോലും അത് മുഴുവൻ വായിക്കുന്നു എന്നതാണ് രസം അതിപ്പോ എത്ര വലിയ കോളങ്ങൾ ആണേലും ഒറ്റയിരുപ്പിൽ ഈ പറയുന്നവർ വായിച്ചിരിക്കും. അപ്പൊ സമയമില്ലായ്മയല്ല അവിടെ പ്രശ്നം. ആരുടെയെങ്കിലും കുറ്റം അല്ലേൽ കുറവ് പിന്നെ ഇതുപോലെ മറ്റുള്ളവരുടെ കിടപ്പറ വാർത്തകൾ ഒക്കെ ഇരുന്ന് വായിക്കാനും ചർച്ച ചെയ്യാനും പലർക്കും സമയമുണ്ട് അല്ലാതെയുള്ളവ കാണുമ്പോൾ മാത്രമാണ് ഈ സമയം എങ്ങോട്ടോ ഓടിപ്പോകുന്നത്.
ഇനി എന്റെ ഈ പ്രബന്ധം എന്ന് മറ്റുള്ളവർ തമാശയ്ക്കും അല്ലാതേയും വിളിക്കുന്ന എഴുത്തുകളിലേക്ക് വന്നാൽ.... പലരും പറഞ്ഞിട്ടുണ്ട് നീളം കൂടിയാൽ റീച്ച് കിട്ടില്ല എഴുത്തിന് റീച്ച് കിട്ടില്ല വീഡിയോ ചെയ്യൂ അതാണ് നല്ലത് എന്നൊക്കെ. എന്നെ സംബന്ധിച്ച് ഇത്ര പേര് കണ്ടാലേ അത് പൂർണ്ണമാകൂ എന്നൊന്നും ഇല്ല എഴുതുന്നത് എന്റെ സന്തോഷമാണ് സംതൃപ്തിയാണ് അത് ഞാൻ തുടർന്നു കൊണ്ടേയിരിക്കും അതിപ്പോ ഒരാൾ ആണ് വായിക്കുന്നത് എങ്കിൽ ആ ഒരാൾ വായിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം അതിപ്പോൾ നല്ലത് ആണേലും മോശം ആണേലും പറയുന്നത് കേൾക്കുന്നത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ് ആ ഒന്ന് ലക്ഷത്തിന് സമമാണ്.
മറ്റൊരു കാര്യം വായന എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല അതിനായ് കളയുന്ന സമയം ഒരിക്കലും പാഴാവുകയുമില്ല (നേരത്തെ പറഞ്ഞ അവിഹിത വാർത്തകളും ഇക്കിളി കഥകളും പെടില്ലാട്ടോ) വായനയിലൂടെ ജീവിതത്തിൽ താനേ കടന്നു വരുന്നൊരു കാര്യമാണ് നല്ല സംസ്കാരം എന്ന് പറയുന്നത്..... സംസാര രീതികളിൽ ഒരുപാട് മാറ്റങ്ങൾ വരും നല്ല ക്വാളിറ്റിയുണ്ടാവും അതിലൊക്കെ. ഒപ്പം വായനകൾ പകർന്നു തരുന്ന അറിവുകൾ വലിയൊരു മുതൽകൂട്ട് ആയിരിക്കും ജീവിതത്തിൽ. നല്ല വായന നമ്മൾ അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് ഒരുപാട് നല്ല ഗുണങ്ങൾ കൊണ്ട് വരുന്നുണ്ട്. അപ്പൊ ഒഴിവ് സമയങ്ങൾ വായനയ്ക്കും കൂടെ വേണ്ടി മാറ്റി വെക്കൂ അതൊരിക്കലും വെറുതെയാവില്ല.
എഴുത്തിനോടും വായനയോടും അന്നും ഇന്നും എന്നും പ്രണയമാണ് അടങ്ങാത്ത പ്രണയം.
കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ "വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചു വളർന്നാൽ വിളയും വായിക്കാതെ വളർന്നാൽ വളയും"
-വൈശാഖ്.കെ.എം
എഴുത്തും വായനയും
Reviewed by
on
07:28
Rating:
No comments: