ഫുട്ബോളിനെ അറിഞ്ഞത് മുതൽ
കോപ്പ അമേരിക്കയും യൂറോ കപ്പുമൊക്കെയായി ഫുട്ബോൾ ആവേശം വാനോളം ഉയരുന്ന നാളുകൾ ആണല്ലോ അപ്പൊ കാല്പന്ത് കളിയെ പറ്റി തന്നെയാവാം ഇത്തവണത്തെ കഥ.
ക്രിക്കറ്റിനോടുള്ള ഭ്രാന്തമായ ആവേശവും ഇഷ്ടവും ഒരിക്കലും ഫുട്ബോളിനോട് തോന്നിയിട്ടില്ല അത് ചെറുപ്പത്തിലായാലും ഇപ്പൊ ആയാലും അത് അങ്ങനെ തന്നെയാണ്. ആദ്യമായ് ഫുട്ബോൾ മാച്ച് കാണുന്നത് ഒരുപക്ഷേ 2002 വേൾഡ് കപ്പ് ആയിരിക്കണം ഫ്രാൻസും സെനഗലും ആയിരുന്നു എന്ന് തോന്നുന്നു ആദ്യ മാച്ച്. ആ ടൂർണമെന്റിലെ മിക്ക കളികളും കണ്ടിട്ടുണ്ട് എന്നാണ് ഓർമ്മ. ഫുട്ബോളിനോട് താല്പര്യമില്ലാത്ത എന്നേയും അനിയനേയും കൂട്ടി നാട്ടിലെ വായനശാലയിൽ എല്ലാവരോടുമൊപ്പമിരുന്ന് കളി കാണാൻ അച്ഛൻ കൂട്ടിക്കൊണ്ട് പോയത് മുതലാണ് കഥയുടെ തുടക്കം. ആദ്യമൊന്നും വലിയ രസമൊന്നും തോന്നിയില്ല എന്നാലും അച്ഛനെ പേടിച്ച് ദിവസവും കൂടെ പോകുമായിരുന്നു. പിന്നീട് പതിയെ പതിയെ ഒരു രസമൊക്കെ തോന്നി തുടങ്ങി എന്ന് വേണം പറയാൻ. കുറേ മാച്ചുകൾ കടന്നു പോയി.... ഒരു ദിവസം എന്നുമില്ലാത്ത ധൃതിയും വെപ്രാളവുമായിരുന്നു അച്ഛന്.... പെട്ടന്ന് വാ നേരം വൈകും കളിയെങ്ങാനും തുടങ്ങിയാൽ രണ്ടാൾക്കും എന്റെ കൈയ്യീന്ന് കിട്ടും എന്നൊക്കെ പറഞ്ഞ് അച്ഛൻ ഭയങ്കര ദേഷ്യത്തിലായിരുന്നു ഓടുന്നത് പോലെ ഭയങ്കര സ്പീഡിൽ ആയിരുന്നു നടത്തം അച്ഛനൊപ്പം നടന്നെത്താൻ നന്നേ പാട് പെട്ടു എന്ന് തന്നെ പറയാം. എന്നാലും എന്താ ഇപ്പൊ ഇന്ന് ഇത്ര ധൃതി എന്നൊക്കെ ആലോചിച്ച് അച്ഛനെ അനുഗമിച്ചു.
വായനശാലയിൽ എത്തിയതും മാച്ച് തുടങ്ങിയില്ല എന്ന് ഉറപ്പായപ്പോൾ ആണ് അച്ഛന് ആശ്വാസമായത്. എന്നും അച്ഛനടക്കമുള്ള വലിയ ആളുകളും ചേട്ടന്മാരും പലരുടേം പേര് പറഞ്ഞ് അവിടെ തമാശയ്ക്ക് തർക്കിക്കുന്നത് കാണാം അതിൽ എപ്പോഴും അച്ഛന്റെ വായിൽ നിന്ന് കേൾക്കുന്നൊരു പേരായിരുന്നു ബ്രസീൽ. ഈ ധൃതി പിടിച്ചു വരാനുള്ള പ്രധാന കാരണമായിരുന്നു ആ പേര്. കാരണം അന്ന് ബ്രസീലിന്റെ ടൂർണമെന്റിലെ ആദ്യ മാച്ച് ആയിരുന്നു എന്നും ഇല്ലാത്ത ആവേശമാണ് അവിടെ എല്ലാർക്കും അന്ന്. കൂവാനുള്ള ഒരു നിര വേറെയും ഉണ്ടായിരുന്നു. അങ്ങനെ മാച്ച് തുടങ്ങി ബ്രസീലും തുർക്കിയും ആയുള്ള മാച്ച്.... ബ്രസീൽ ജയിച്ചു. ആദ്യം ഗോൾ അടിച്ചത് തുർക്കി ആയിരുന്നു വലിയൊരു വിഭാഗം തലയും താഴ്ത്തി ഇരുന്നപ്പോൾ മറ്റൊരു വിഭാഗം ആഘോഷമായിരുന്നു. അച്ഛന്റെ വിഷമം കണ്ടപ്പോൾ ആ ആഘോഷ കമ്മറ്റിക്കാരോട് ഭയങ്കര ദേഷ്യമൊക്കെ തോന്നി. പിന്നീട് കളിയുടെ അൻപതാം മിനുട്ടിൽ ബ്രസീലിന് വേണ്ടി ഒരാൾ ഗോൾ അടിച്ചപ്പോൾ പലരുടേയും ആവേശം അണപൊട്ടി പിന്നീട് പെനാൽറ്റിയിലൂടെ മറ്റൊരാളും ഗോൾ നേടി ലീഡ് ഉയർത്തി. അങ്ങനെ മാച്ച് കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് അച്ഛനോട് എന്താണ് ഈ ബ്രസീൽ എന്നും ആരാണ് ആ ഗോൾ അടിച്ച മൊട്ടയെന്നുമൊക്കെ ചോദിക്കുന്നത്. കടുത്ത ബ്രസീൽ ആരാധകനായ അച്ഛന് അത് വലിയൊരു സന്തോഷം ആയിരുന്നു എന്ന് തോന്നുന്നു കാരണം പിന്നീട് അങ്ങനെയായിരുന്നു വിവരണമൊക്കെ. അങ്ങനെ ബ്രസീൽ ടീമിനെ പറ്റിയും ആ ഗോൾ അടിച്ച മൊട്ട റൊണാൾഡോ എന്ന മനുഷ്യനെപ്പറ്റിയുമൊക്കെ ഒരുപാട് അറിയാൻ പറ്റി. ആ കഥയൊക്കെ മനസ്സിൽ നന്നായി അടുക്കിപ്പെറുക്കി ഒരു ഭാഗത്ത് വെച്ചു പിന്നീട് അച്ഛനോട് എന്നും ഞാനും അനിയനും ചോദിക്കും ഇന്ന് ബ്രസീലിന്റെ കളിയുണ്ടോ ഇന്ന് ബ്രസീലിന്റെ കളിയുണ്ടോ എന്ന്. അച്ഛനേക്കാൾ ആവേശം ഞങ്ങൾക്ക് ആയിരുന്നു പിന്നീട് അങ്ങോട്ട്. അങ്ങനെ ആ സീസൺ ഫൈനൽ എത്തി.... ഭയങ്കര ടെൻഷനും മറ്റുമായിരുന്നു അന്ന് നഖമൊക്കെ കടിച്ച് കടിച്ച് ഒരു വിധം ആയിരുന്നു. കാരണം അപ്പോഴേക്കും ഫുട്ബോൾ എന്ന ലഹരി നന്നായി തലയ്ക്ക് പിടിച്ചിരുന്നു. (ക്രിക്കറ്റിനോളം ഇല്ലെങ്കിലും ) ഏറ്റവും വലിയ പേടി എതിർ ടീമിന്റെ ഗോളിയെ ആയിരുന്നു കാരണം അദ്ദേഹത്തിന്റെ രൂപമാണോ കളിയുടെ മികവാണോ എന്നൊന്നും അറിയില്ല ഭയങ്കര പേടിയായിരുന്നു ടൂർണമെന്റിൽ ഉടനീളം അദ്ദേഹം ഗംഭീര പ്രകടനമായിരുന്നു. അയാളെ വെട്ടിച്ച് ഗോൾ അടിക്കുന്നത് ഒക്കെ ഭയങ്കര റിസ്ക്കുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ഒലിവർ ഖാൻ. പക്ഷെ ആ മഹാമേരുവിനെ നിഷ്പ്രഭനാക്കിക്കൊണ്ടാണ് നമ്മുടെ പയ്യൻ രണ്ട് തവണ ആ വലയിലേക്ക് ബോൾ എത്തിച്ചത് അങ്ങനെ കപ്പും ഉയർത്തി. പക്ഷേ ആ കളി കഴിഞ്ഞപ്പോൾ ആണ് ആ പേടിപ്പിച്ച മനുഷ്യന്റെ സങ്കടകരമായ മുഖം കണ്ടത് അദ്ദേഹത്തെ റൊണാൾഡോ ആശ്വസിപ്പിക്കുന്നതും ഒക്കെ ആയപ്പോൾ ഒരു സഹതാപവും ഇഷ്ടവുമൊക്കെ ആ മനുഷ്യനോട് തോന്നി തുടങ്ങി. അങ്ങനെ അടുത്ത ദിവസം പത്രം വന്നപ്പോൾ ക്യാപ്റ്റൻ കഫു കപ്പ് ഉയർത്തി നിൽക്കുന്നത് അടക്കമുള്ള സ്പോർട്സ് പേജ് മുഴുവൻ വെട്ടി പുസ്തകത്തിൽ ഒട്ടിച്ചു. അവിടെയാണ് ഫുട്ബോൾ എന്ന മാമാങ്കത്തെ പരിചയപ്പെടുന്നത്.
പിന്നീട് അങ്ങോട്ട് അതിനെ പറ്റി കൂടുതൽ അറിയാൻ പറ്റിയെങ്കിലും അധികം മാച്ചുകൾ ഒന്നും കാണാറില്ല. 2002,2006,2010,2014 വേൾഡ് കപ്പുകൾ, 2004,2007,2011,2015,2016,2019 കോപ്പ അമേരിക്ക, 2003,2005,2009,2013,2017 കോൺഫെഡറേഷൻസ് കപ്പുകൾ,2004,2008,2012,2016 യൂറോ കപ്പുകൾ ഇങ്ങനെ വലിയ ടൂർണമെന്റുകൾ മാത്രമാണ് കണ്ടിട്ടുള്ളത്, അതും മുഴുവൻ മാച്ചുകൾ ഒന്നുമില്ല ഇഷ്ടപ്പെട്ട ടീമുകളുടെ മാച്ചുകൾ മാത്രമാണ് കണ്ടിട്ടുള്ളത്. ക്ലബ് മാച്ചുകളിൽ റയൽ മാഡ്രിഡ് മാച്ചുകൾ ആണ് പലപ്പോഴും കണ്ടിട്ടുള്ളത് അതും ഇഷ്ട താരങ്ങൾ കളിച്ചിരുന്നപ്പോൾ മാത്രം.
2002- ൽ ബ്രസീലിനോട് തുടങ്ങിയ ആ ഇഷ്ടം വലിയൊരു ക്രേസ് ആയി മാറിയിരുന്നു പിന്നീട് ഒരു വികാരമായി മാറി ആ ടീം. റൊണാൾഡോ എന്ന കളിക്കാരനോട് വല്ലാത്തൊരു തരം ആരാധനയായിരുന്നു പിന്നീട്. അദ്ദേഹത്തിന് ശേഷം അത്തരത്തിലൊരു ഇഷ്ടം തോന്നിയത് പിന്നെ കക്കയോട് ആയിരുന്നു, അതുകൊണ്ട് തന്നെ 2010 വേൾഡ് കപ്പ് ഒക്കെ ഭയങ്കര പ്രതീക്ഷയായിരുന്നു. പിന്നീട് വന്ന നെയ്മറിനോട് ഈ പറഞ്ഞ തരത്തിൽ ഇഷ്ടമൊന്നും തോന്നിയിട്ടില്ല അതിലും ഇഷ്ടമാണ് ഓസ്കർ, കുട്ടീഞ്ഞോ തുടങ്ങിയവരെ.
എന്തിനും ഒരു സെക്കന്റ് ഓപ്ഷൻ കാണുമല്ലോ അല്ലേ.... ക്രിക്കറ്റിൽ ആണേൽ ഇന്ത്യ കഴിഞ്ഞാൽ ഇഷ്ടം ഓസ്ട്രേലിയയെ ആയിരുന്നു സച്ചിൻ കഴിഞ്ഞാൽ പിന്നീട് ഇഷ്ടം ഗാംഗുലിയെ ആയിരുന്നു ഇപ്പൊ ആണേൽ രോഹിത് ശർമ്മ കഴിഞ്ഞാൽ വിരാട് കോഹ്ലി. അതുപോലെ ഫുട്ബോളിലും ഉണ്ട് അങ്ങനൊരു ഇഷ്ടം. 2002 വേൾഡ് കപ്പിൽ മനസ്സിൽ കയറിക്കൂടിയ ഒരു ടീമും കളിക്കാരനും. ടീമിന്റെ പേര് പോർച്ചുഗൽ. കളിക്കാരന്റെ പേര് ഫിഗോ. വേൾഡ് കപ്പിൽ ബ്രസീൽ കപ്പ് അടിച്ചില്ലേൽ കപ്പ് അടിക്കണമെന്ന് അന്നും ഇന്നും ആഗ്രഹിക്കുന്ന ടീം. മൂന്നാംമത് ഒരു ടീം കപ്പ് അടിക്കണം എന്ന് തോന്നിയിട്ടുള്ളത് 2010ൽ സ്പെയിൻ ആയിരുന്നു കാരണം അത്രയ്ക്ക് മനോഹരവും ഗംഭീരവുമായിരുന്നു ആ സീസണിൽ അവരുടെ കളി. അതിന്റെ റിസൾട്ട് ആയി ആ സീസണിൽ കപ്പ് അവര് എടുത്തു. സ്പെയിനിന്റെ കാര്യം പറഞ്ഞത് കൊണ്ട് മറ്റൊന്നൂടെ ചേർക്കുന്നു, അവരുടെ ഫാബ്രിഗസ് എന്ന കളിക്കാരനെ ഭയങ്കര ഇഷ്ടമായിരുന്നു അദ്ദേഹത്തിന്റെ കളി കാണാൻ ആഴ്സണൽ മാച്ച് ഒക്കെ ഇരുന്ന് കണ്ടിട്ടുണ്ട്.
അപ്പൊ പറഞ്ഞു വന്നത് പോർച്ചുഗൽ.... ഫിഗോയ്ക്ക് ശേഷം ആ ടീമിൽ വന്ന ക്രിസ്റ്റിയാനോ റോണോൾഡോ ആയിരുന്നു കക്ക കഴിഞ്ഞാൽ ഏറ്റവും പ്രിയങ്കരൻ. കക്ക കളം വിട്ടത് മുതൽ അല്ലേൽ പിന്നീട് അദ്ദേഹത്തേക്കാൾ ഏറെ ക്രിസ്റ്റിയാനോ മനസ്സിൽ കയറിക്കൂടി എന്ന് വേണം പറയാൻ അത്രയ്ക്ക് ആ മനുഷ്യൻ പ്രകടനം കൊണ്ട് ഞെട്ടിച്ചിട്ടുണ്ട്.
അന്നും ഇന്നും ഏറ്റവും കൂടുതൽ പേടിയുള്ള ടീം ജർമ്മനിയാണ്. ഒലിവർ ഖാൻ എന്ന മനുഷ്യനോട് തോന്നിയ ആ പേടി ആ ടീമിനോടും കൂടെ ആയി മാറി. ഇത്രയ്ക്ക് കൺസിസ്റ്റന്റ് ആയി കളിക്കുന്ന മറ്റൊരു ടീം ഉണ്ടോ എന്ന് സംശയമാണ്. പ്രധാന എതിരാളികൾ ഏതൊരു ബ്രസീൽ ആരാധകനേയും പോലെ അർജന്റീന തന്നെ.... ഏതൊരു റയൽ ആരാധകനേയും പോലെ ബാഴ്സയും.
എക്കാലത്തേയും പ്രിയപ്പെട്ട കളിക്കാരെ എടുത്താൽ ബ്രസീലിന്റെ വിസ്മയം റൊണാൾഡോ, പോർച്ചുഗൽ ലെജൻഡ് ഫിഗോ, ജർമ്മനിയുടെ വല കാത്ത മഹാമേരു ഒലിവർ ഖാൻ, ഫ്രാൻസിന്റെ ഇതിഹാസം സിനദിൻ സിദാൻ, ഇംഗ്ലണ്ടിന്റെ വിസ്മയം ഹേറ്റേഴ്സ് ഉണ്ടാകാൻ സാധ്യതയില്ലാത്ത ഡേവിഡ് ബെക്കാം, റൊണാൾഡീഞ്ഞോ, റിവാൾഡോ, കഫു, കാർലോസ്, കക്ക Etc ഒക്കെ ഉണ്ടാവും. അതുപോലെ ഇഷ്ടം തോന്നിയവരുടെ ലിസ്റ്റിൽ ദിദ, ബല്ലാക്ക്, ക്ലോസെ, പൊഡോൾസ്ക്കി, ബാറ്റിസ്റ്റൂട്ട, മുള്ളർ, തിയറി ഹെൻറി,കസിയസ്,ഇനിയേസ്റ്റ, അഡ്രിയാനോ, വാൻപേഴ്സി, റോബൻ,ജെറാഡ്,ലമ്പാർഡ്,ഓവൻ,ആൽവസ്,റോബീഞ്ഞോ, Etc ഇവരൊക്കെ കാണും.
ഇപ്പൊ ഉള്ളവരിൽ ക്രിസ്റ്റിയാനോ, മെസ്സി, ഹസാർഡ്,ബെയിൽ,റാമോസ്,എംബാപ്പെ,ന്യൂയർ,ഡേവിഡ് ഡീ ഗിയ,ക്രൂസ്,കുട്ടീഞ്ഞോ, Etc. ഇങ്ങനെ പോകും ലിസ്റ്റ്.
ഇപ്പൊ ഉള്ള ഈ പറഞ്ഞവരുടെയൊന്നും എല്ലാ കളികൾ ഒന്നും കണ്ടിട്ടില്ല കണ്ടത് വെച്ച് ഇവരൊക്കെയാണ് പ്രിയപ്പെട്ടവർ. ഒരുപാട് പേരെ വിട്ടു പോയൊട്ടുണ്ടാകും വലിയ പരിചയം ഇല്ലാത്ത മേഖലയായത് കൊണ്ട് ഓർമ്മയിൽ നിൽക്കില്ല.
ഇങ്ങനെയൊക്കെയാണ് എന്റെ ഫുട്ബോൾ ഭ്രമം. ക്രിക്കറ്റ് പോലെ എടുത്ത് പറയത്തക്ക ഒരുപാട് ഓർമ്മകൾ ഒന്നുമില്ല ഏറ്റവും അതിമനോഹരമായത് 2002 വേൾഡ് കപ്പ് തന്നെയാണ്. ഫുട്ബോൾ എന്താണ് എന്നറിഞ്ഞതും ബ്രസീൽ എന്താണെന്നറിഞ്ഞതും അവിടന്നാണ്. അന്നത്തെ ബ്രസീൽ ടീമും കൊച്ച് സ്കോളാരിയുമെല്ലാം ഇന്നും വല്ലാത്തൊരു വികാരമാണ്. ആധികാരികമായി ഫുട്ബോളിനെ പറ്റി സംസാരിക്കാൻ അറിയാത്തത് കൊണ്ട് ഫുട്ബോളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഒക്കെ വരുമ്പോൾ കേൾവിക്കാരനായി ഇരിക്കാറാണ് പതിവ്.... ഫുട്ബോൾ കളിച്ച കാലമൊക്കെ മറന്നു സ്കൂൾ സമയത്ത് എങ്ങാണ്ട് ആവും അവസാനമായി ഫുട്ബോൾ കളിച്ചത് അപ്പോഴും ഗോളി നിൽക്കും എന്നല്ലാതെ ഇറങ്ങി കളിക്കാറില്ലായിരുന്നു. ഇത്രയൊക്കെയേ ഉള്ളൂ ഫുട്ബോൾ ആയിട്ടുള്ള ബന്ധം. എന്തായാലും ഇത്തവണയും കോപ്പ അമേരിക്ക ബ്രസീലും യൂറോ കപ്പ് പോർച്ചുഗലും നേടിയാൽ ഇരട്ടി സന്തോഷം.
-വൈശാഖ്.കെ.എം
ഫുട്ബോളിനെ അറിഞ്ഞത് മുതൽ
Reviewed by
on
01:39
Rating:
No comments: