പടികടന്നെത്തിയ ഓർമ്മകളുടെ പദനിസ്വനം
ചില ഓർമ്മകളിൽ ജീവിക്കാൻ പലർക്കും ഇഷ്ടം കാണില്ല മറ്റു ചില ഓർമ്മകളിലൂടെ ജീവിക്കാൻ വലിയ ഇഷ്ടമായിരിക്കും താനും. അങ്ങനെയുള്ള ഏറെ മാധുര്യമുള്ള ഓർമ്മകളിലേക്കാണ് ഇത്തവണത്തെ യാത്ര. എവിടെ ചെന്ന് നിൽക്കുമെന്ന് ഒരു ഉറപ്പും ഇല്ലാത്തൊരു എഴുത്താണ് നീളം കൂടിപ്പോയാൽ ക്ഷമിക്കുക.
എല്ലാ കെട്ടു കഥകളിലും ജീവിതകഥകളിലും കാണുമല്ലോ ഒരു നായകൻ.... അങ്ങനൊരു നായകൻ ഈ കഥയിലുമുണ്ട് ആരാണെന്ന് വഴിയേ മനസ്സിലാകും. 2006 കാലഘട്ടത്തിലാണ് സിറ്റി ലൈഫ് ഒക്കെ ഉപേക്ഷിച്ച് വീട്ടുകാർ എല്ലാം കൂടെ കുറച്ച് ഉള്ളോട്ട് ഗ്രാമ പ്രദേശത്തേക്ക് മാറുന്നത്.... കുഞ്ഞുന്നാൾ മുതൽ കൂടെയുണ്ടായിരുന്ന ഒരുപാട് മുഖങ്ങളെ പിരിഞ്ഞു പോരുക എന്നത് വലിയൊരു വിഷമമുള്ള കാര്യമായിരുന്നു. ബാല്യത്തിന്റെ ഫൈനൽ സ്റ്റേജിൽ ഒരുപാട് നല്ല ഓർമ്മകളെ മാത്രം കൈപ്പിടിയിൽ ഒതുക്കി കൊണ്ട് മനസ്സില്ലാ മനസ്സോടെ അങ്ങനെ അവിടെ നിന്നും പുതിയൊരു യാത്ര ആരംഭിച്ചു. തുടർന്നങ്ങോട്ടുള്ള സ്കൂൾ ജീവിതമായിരുന്നു മനസ്സിനെ ഏറ്റവും കൂടുതൽ പേടിപ്പെടുത്തിയിരുന്നത്. അങ്ങനെ 2006 ലെ ജൂൺ ആദ്യവാരം അനിയന്റെ കൈയ്യും പിടിച്ച് അച്ഛനൊപ്പം പുതിയ സ്കൂളിന്റെ പടി ചവിട്ടി. സ്കൂളിന്റെ പേര് പറഞ്ഞില്ലല്ലോ അല്ലേ.... കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ....അഥവാ K.H.S.S. നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന വലിയൊരു സ്ഥാപനം. കോഴിക്കോട് പന്തീരാങ്കാവ് UP സ്കൂളിൽ നിന്നും ആറാം ക്ലാസ്സ് ജയിച്ച് ഇരുന്ന എന്നെ വരവേറ്റ ഏഴാം ക്ലാസ്സ് K.H.S.S ൽ ആയിരുന്നു. എത്രയൊക്കെ ദിവസങ്ങൾ കഴിഞ്ഞിട്ടും എനിക്ക് അവിടത്തെ ഒന്നുമായും പൊരുത്തപ്പെട്ട് പോകാൻ സാധിച്ചിരുന്നില്ല. എങ്ങനേലും ഇവിടന്ന് ഒന്ന് മാറിക്കിട്ടിയാൽ മതി എന്നൊരു ചിന്ത മാത്രമായിരുന്നു മനസ്സിൽ. എല്ലാവരേയും ഒരു പേടിയോടെ മാത്രം നോക്കി കണ്ടിരുന്ന ദിവസങ്ങൾ. ചുരുക്കി പറഞ്ഞാൽ ഒരു കൂട്ടുകെട്ട് പോലും ഉണ്ടായിരുന്നില്ല എന്ന് സാരം. അങ്ങനെ നീണ്ട ഒരു വർഷം ഒരു യന്ത്രത്തെപ്പോലെ മനസ്സില്ലാ മനസ്സോടെ അവിടെ എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. എക്സാം ഒക്കെ കഴിഞ്ഞ് റിസൾട്ട് ഒക്കെ വന്നപ്പോൾ വീട്ടിൽ കാര്യം അവതരിപ്പിച്ചു എനിക്ക് ഇവിടെ പറ്റില്ല സ്കൂൾ മാറണം. കുറേ കരഞ്ഞു നോക്കി,മൗനവൃതം എടുത്ത് നോക്കി,നിരാഹാരം കിടന്നു പക്ഷേ ഒന്ന് പോലും വിജയം കണ്ടില്ല എന്ന് മാത്രമല്ല അച്ഛന്റെ കൈയ്യിന്റെ പവർ പലപ്പോഴും അനുഭവിച്ചറിയേണ്ടിയും വന്നു.
അങ്ങനെ അടുത്ത അധ്യയന വർഷം..... എട്ടാം ക്ലാസ്സ്.... ഈശ്വരാ വീണ്ടും ഒരു വർഷം ഈ പേടിപ്പെടുത്തുന്ന കൂട്ടരുടെ കൂടെ തന്നെ ചിലവഴിക്കേണ്ടി വരുമല്ലോ എന്ന സങ്കടത്തിൽ അവർക്കൊപ്പം ക്ലാസ്സിൽ കയറി ഇരുന്നു. അറ്റൻഡൻസ് എടുക്കാൻ തുടങ്ങി പക്ഷേ മൊത്തം കഴിഞ്ഞിട്ടും ഞാനടക്കം ഒരു മൂന്നാല് പേരുടെ പേര് ലിസ്റ്റിൽ ഇല്ല.... ആ അധ്യാപിക പറഞ്ഞു നിങ്ങള് ഈ ക്ലാസ്സിൽ അല്ല 8- G യിലാണ് അങ്ങോട്ടേക്ക് പൊക്കോളൂ..... 2003 വേൾഡ് കപ്പ് ഇന്ത്യ തോറ്റപ്പോൾ ഉണ്ടായ വിഷമത്തിന്റെ ഇരട്ടി സന്തോഷം ആയിരുന്നു ആ ഒരു മൊമന്റ്.... ലൈഫ് ചേഞ്ചിങ് മൊമന്റ് എന്നൊക്കെ പറയില്ലേ അതായിരുന്നു അത്. അങ്ങനെ 8- G യിലേക്ക്..... ഒരുപാട് പുതുമുഖങ്ങൾ.... ഭൂരിഭാഗം കുട്ടികളും മറ്റുള്ള സ്കൂളുകളിൽ നിന്നും വന്നവർ. പക്ഷേ എന്തോ വല്ലാത്തൊരു ചൈതന്യമായിരുന്നു അവർക്ക് എല്ലാർക്കും.... ഇരുട്ടറയിൽ നിന്നും വെളിച്ചം കണ്ടൊരു ഫീൽ ആയിരുന്നു എനിക്ക്. വളരെ പെട്ടന്ന് തന്നെ എല്ലാവരുമായും അടുത്തു.... എവിടെയോ നഷ്ടപ്പെട്ടു എന്ന് കരുതിയ ആ നല്ല നാളുകൾ തിരിച്ചു വന്നത് പോലെ തോന്നി. പിന്നീടുള്ള ഓരോ ദിവസങ്ങളിലും വല്ലാത്തൊരു തരം ഉണർവ്വോടെയാണ് സ്‌കൂളിലേക്ക് പൊക്കോണ്ടിരുന്നത്. അവർക്കൊപ്പം കൂടിയതിൽ പിന്നെയാണ് ആ സ്‌കൂളിന്റെ അതിമനോഹരമായ സൗന്ദര്യം ഞാൻ തിരിച്ചറിയുന്നത്. ഒരുപാട് നിഷ്കളങ്കമായ സൗഹൃദങ്ങളുടെ ഉദയം.
മാറാല പിടിച്ചു കിടന്ന നല്ല നാളുകളെ പൊടി തട്ടിയെടുത്തപ്പോൾ പിന്നീട് അതൊരു ഉത്സവകാലമായിരുന്നു.... 49 ചുണക്കുട്ടികൾക്കൊപ്പമുള്ള ഉത്സവ നാളുകൾ. ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്ന് വർഷങ്ങൾ ആയിരുന്നു ഹൈസ്‌കൂൾ കാലം. പരീക്ഷകളുടെ ടെൻഷൻ അല്ലാതെ മറ്റൊന്നും മനസ്സിനെ അലട്ടാതിരുന്ന കൗമാര കാലം. ഒരർത്ഥത്തിൽ അത് കേടാൻ പോകുന്നൊരു വിളക്കിന്റെ ആളിക്കത്തൽ ആയിരുന്നു എന്ന് വേണം പറയാൻ. കാരണം അതിന് ശേഷമുള്ള വിദ്യാഭ്യാസ ജീവിതം ഒട്ടും ആസ്വദിക്കാൻ പറ്റിയിരുന്നില്ല.... ജീവിതത്തിന്റെ കയ്പ്പുകൾ അറിഞ്ഞു തുടങ്ങിയ നാളുകൾ ആയിരുന്നു പിന്നീട്. പരീക്ഷകളുടെ ടെൻഷൻ മാത്രം അനുഭവിച്ചിരുന്ന എനിക്ക്.... ജീവിതത്തിൽ പൂന്തോട്ടത്തിലൂടെ മാത്രം നടന്ന് ശീലമുള്ള എനിക്ക്.... പിന്നീട് ജീവിതത്തിൽ കല്ലും മുള്ളും നിറഞ്ഞ വഴികൾ മാത്രമായിരുന്നു മുൻപിൽ.
അപ്പൊ തിരിച്ച് നമ്മുടെ ഉത്സവാന്തരീക്ഷത്തിലേക്ക്..... ലാലേട്ടന്റെ ഛോട്ടാ മുംബൈ, ഹലോ, മമ്മൂക്കയുടെ മായാവി, ദിലീപേട്ടന്റെ വിനോദയാത്ര തുടങ്ങിയ ചിത്രങ്ങൾ തകർത്തോടിയ കാലം.... ക്ലാസ്സ്‌മേറ്റ്സ്സിന്റെ ഹാങ്ങോവർ മാറി വരുന്ന സമയം.... എന്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ എന്ന തരംഗത്തിന് ശേഷം ചെല്ലത്താമരയും,കടുകിട്ട് വറക്കലുമെല്ലാം ജ്വലിച്ച് നിന്ന കാലം..... ഇത്രയൊക്കെ തരംഗങ്ങൾക്കിടയിലും എന്നെ കീഴടക്കിയത് പ്രണയകാലം എന്ന ചിത്രത്തിലെ ഒരു വേനൽ പുഴയിൽ തെളിനീരിൽ എന്ന ഗാനമായിരുന്നു എന്ന് വേണം പറയാൻ.... അങ്ങനെ ആ പാട്ടും മൂളി നടക്കുന്ന കാലം.... അതെ പ്രണയകാലം..... ജീവിതത്തിലെ ആദ്യത്തെ ആത്മാർത്ഥ പ്രണയം ഉടലെടുത്ത സമയം കൂടെയായിരുന്നു അത്. പ്രണയം, സിനിമ, ക്രിക്കറ്റ്, സൗഹൃദം ആഹാ ഇതിൽപ്പരം എന്ത് വേണമല്ലേ.... അങ്ങനെ വൺ വേ പ്രണയവുമായി ആ കുട്ടിക്ക് മുൻപിൽ നിന്ന് പെടാപ്പാട് പെടുന്ന സമയത്താണ് സ്വാതന്ത്ര്യ ദിനം വന്നെത്തുന്നത്.... ജീവിതത്തിൽ എനിക്ക് ധൈര്യം ഉണ്ടെന്ന് മനസ്സിലായൊരു ദിവസം..... ആ സ്കൂളിൽ കാല് കുത്തിയത് മുതൽ എന്നെ ദ്രോഹിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നു നമ്മുടെ ഏഴാം ക്ലാസ്സിലെ വില്ലന്മാരുടെ കൂട്ടത്തിലെ ഒരുത്തൻ. കക്ഷി ഇടയ്ക്ക് ഇടയ്ക്ക് എന്നെ വന്ന് ഒന്ന് കൊട്ടും.... ഒപ്പം ഗുണ്ടാ പിരിവ് പോലെ കൈയ്യിൽ ഉള്ള ചില്ലറകൾ എല്ലാം കൊണ്ട് പോകും.... ഇത് ഇങ്ങനെ സ്ഥിരമായി നടന്ന് കൊണ്ടിരിക്കുന്ന സമയത്താണ് ഈ പറഞ്ഞ സ്വാതന്ത്ര്യ ദിനം വന്നെത്തിയത്..... അന്നും ആശാൻ എന്റെ മെക്കിട്ട് കയറാൻ വന്നു കൊടി ഉയർത്തലും മിഠായി വിതരണവും ഒക്കെ കഴിഞ്ഞപ്പോൾ ക്ലാസ്സിലെ പെൺപടകൾ എല്ലാം വീട്ടിലേക്ക് മാർച്ച് ചെയ്തിരുന്നു. കുറച്ച് ആൺപടകളും നേരത്തെ വീട് പിടിച്ചു പക്ഷേ നമുക്ക് ഒഴിവ് കിട്ടിയാൽ അപ്പൊ തന്നെ ഈ ബാറ്റും എടുത്ത് ഇറങ്ങുന്ന ഒരു ഏർപ്പാട് ഉള്ളത് കൊണ്ട് അവിടെ തന്നെ നിന്നു. അപ്പൊ ആണ് മേൽപ്പറഞ്ഞ വില്ലൻ വരുന്നത് ആശാൻ വെള്ള മുണ്ട് ഒക്കെ ഉടുത്ത് അതൊക്കെ മടക്കി കുത്തി എന്റെ നേർക്ക് ഇങ്ങനെ വരുവാണ് ദ്രോഹിച്ച് ദ്രോഹിച്ച് മൂപ്പര് ആനന്ദം കണ്ടെത്തുമ്പോൾ എന്റെ മറ്റേ പലക ഇളകി.... നമ്മുടെ കിണറ്റിന്റെ അടിയിൽ ഒക്കെ വെക്കില്ലേ നെല്ലിപ്പലക്ക അത് തന്നെ..... എന്തായാലും കക്ഷിയെ തല്ലി തോൽപ്പിക്കൽ നടക്കാത്ത കാര്യമാണ്. മൂപ്പരുടെ മുണ്ടിന്റെ ഒരറ്റം എന്റെ കൈയ്യിൽ കിട്ടി പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ വലിയാണ്.... അത് വലിച്ചെടുത്ത് ചുരുട്ടി ഒരു മൂലയ്ക്ക് ഇട്ടപ്പോൾ ആശാൻ നാണം കുണുങ്ങി രണ്ട് കൈ കൊണ്ടും പൊത്തിപിടിച്ച് നിൽക്കുന്ന സമയത്ത് എന്റെ കലി തീരുവോളം ഞാൻ മൂപ്പരുടെ ദേഹത്ത് ചെണ്ട കൊട്ടി. ആ സ്വാതന്ത്ര്യ ദിനത്തിൽ എനിക്ക് അങ്ങനെ ആ ഇടങ്ങേറിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. പിന്നെ ഞാൻ കൈ വീശുമ്പോൾ തന്നെ ആശാൻ ഒരു പേടി ഉണ്ടായിരുന്നു അത് അവിടന്ന് പോരുവോളം നില നിർത്താനും എനിക്ക് സാധിച്ചു. അപ്പൊ ആദ്യത്തെ സംഘട്ടനം ഒക്കെ കഴിഞ്ഞല്ലോ ഇനി അല്പം റൊമാൻസ് ആവാം അല്ലേ..... അങ്ങനെ കുറേ കാത്തിരിപ്പിന് ശേഷം വൺവേ പ്രണയത്തിന് ആ കുട്ടി പച്ചക്കൊടി കാണിച്ചപ്പോൾ പിന്നീടുള്ള നാളുകൾ അല്പം പൈങ്കിളി കലർത്തി പറഞ്ഞാൽ പ്രണയാർദ്രമായിരുന്നു. അങ്ങനെ പുസ്തകത്തിലും ബെഞ്ചിലും ഡെസ്ക്കിലുമൊക്കെ ലാലേട്ടന്റെ പേരിന്റെ കൂടെ എഴുതി പിടിപ്പിക്കാൻ പുതിയ പേരും കൂടെ ആയി. ബെഞ്ചും ഡെസ്ക്കും ഒക്കെ പോട്ടെ കൈയ്യിലും നെഞ്ചിലും വരെ ആയി എഴുത്ത് കുത്ത് കലാപരിപാടികൾ. പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നൊക്കെ പറയുന്നത് പോലെ എനിക്കും ഈ പറയുന്നത് ഒന്നും അന്ന് ഇല്ലായിരുന്നു. അങ്ങനെ അതൊരു ഭാഗത്തൂടെ പടർന്നു പന്തലിച്ചു കൊണ്ടിരുന്നു.... പ്രണയലേഖനങ്ങൾ വീട്ടിൽ കൈയ്യോടെ പിടിക്കുന്നതും വീട്ടുകാരുടെ കൗൺസിലിംഗ് ക്ലാസുകളും ഒക്കെ തകൃതിയായി എല്ലായിടത്തും നടക്കുന്നത് പോലെ ഇവിടേം നടന്നു. പിന്നെ അച്ഛൻമാർ ആയിരുന്നു ഈ കാര്യത്തിൽ അത്ഭുതം.... രണ്ട് ഭാഗത്ത് നിന്നും ഇതൊക്കെ പഠിത്തം ഒക്കെ കഴിഞ്ഞും നില നിൽക്കുകയാണേൽ ഞങ്ങള് നടത്തി തരും എന്ന വലിയൊരു പ്രഖ്യാപനം ഒക്കെ പാസ്സ് ആക്കി കളഞ്ഞു. അപ്പൊ അത് തൽക്കാലം അവിടെ നിർത്തി വെച്ച് മറ്റുള്ള കാര്യങ്ങളിലേക്ക് പോകാം.
അങ്ങനെ ഓരോ ദിവസം കഴിയുന്തോറും സൗഹൃദങ്ങൾക്കും അപ്പുറം ഞങ്ങൾ ആ സ്‌കൂളിനെ സ്നേഹിച്ചു തുടങ്ങി.... K.H.S.S എന്നാൽ അതൊരു വികാരമായി മാറി.... നിർത്താതെ പോകുന്ന ബസ്സുകൾക്ക് മുന്നിൽ ചോരത്തിളപ്പിന് പോയി നിൽക്കലും അവരോട് അടിപിടി ഉണ്ടാക്കലും ഒരു ഭാഗത്ത്.... (ഒരു വയറിന്റെ മുകളിൽ ആണ് ഈ സെറ്റപ്പ് മൊത്തം.... ബ്രേക്ക് ചവിട്ടണം എന്ന് ഞങ്ങൾ വിചാരിച്ചാലും ചിലപ്പോൾ കിട്ടിക്കോളണം എന്നില്ല അതുകൊണ്ട് ബസ്സിന്റെ മുന്നിൽ ചാടി വീണുള്ള ഹീറോയിസം നിർത്തുന്നതാണ് നല്ലത് എന്ന് ഒരിക്കൽ ഒരു ഡ്രൈവർ ചേട്ടൻ ക്ലാസ്സ് എടുത്തപ്പോൾ അതിൽ നിന്ന് വലിഞ്ഞത് വേറെ കാര്യം ) യൂത്ത്ഫെസ്റ്റിവൽ അലങ്കോലമാക്കാൻ വരുന്ന മറ്റുള്ള സ്കൂളിലെ പിള്ളേരുമായുള്ള യുദ്ധങ്ങൾ സ്കൂൾ കോമ്പൗണ്ട് ഒക്കെ കഴിഞ്ഞ് നടു റോഡിൽ എത്തി തുടങ്ങി..... ജില്ലാതലത്തിൽ പിള്ളേര് പലതിലും കപ്പും കൊണ്ട് വരുമ്പോൾ ആഘോഷങ്ങളും ആവേശങ്ങളും അണപൊട്ടി ഒഴുകി തുടങ്ങി..... K. H. S. S വല്ലാത്തൊരു ഇമോഷൻ ആയിരുന്നു ഞങ്ങൾക്ക്. ഇതൊക്കെ മാറ്റി നിർത്തി മറ്റൊന്നിലേക്ക് തിരിഞ്ഞാൽ അനാവശ്യമായുള്ള രാഷ്ട്രീയ സമരങ്ങൾക്ക് മുന്നിൽ സ്കൂൾ അടപ്പിക്കുന്ന ഏർപ്പാട് ഇല്ലാതാക്കാനും ഞങ്ങളുടെ ബാച്ചിന് കഴിഞ്ഞു. സ്കൂളിലെ ക്രിക്കറ്റ് നിരോധനം വല്ലാതെ തളർത്തിയെങ്കിലും ഞങ്ങളുടെ റിസ്ക്കിൽ എന്ത് വന്നാലും ഉത്തരവാദിത്തം ഏറ്റെടുത്ത് കൊള്ളാം എന്നും പറഞ്ഞ് HMന്റെ കൈയ്യും കാലും പിടിച്ച് ഇടയ്ക്കും തലയ്ക്കും വീണ്ടും ക്രിക്കറ്റ് തുടങ്ങി..... സ്പെഷ്യൽ ക്ലാസ്സ് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ചാടിപ്പോന്ന് സ്കൂൾ ഇല്ലാത്ത ദിവസവും സ്പെഷ്യൽ ക്ലാസ്സ് ഉള്ള ദിവസം അത് കഴിഞ്ഞും വൈകുന്നേരം സ്കൂൾ വിട്ടുമെല്ലാം ക്രിക്കറ്റ് മാമാങ്കം തുടർന്ന് കൊണ്ടേയിരുന്നു. അത് പിന്നീട് അടുത്ത ക്ലാസുകളുമായുള്ള ബെറ്റ് മാച്ചുകളിൽ ഒക്കെ എത്തി തുടങ്ങി. ഞാൻ,നിയാസ്,അതുൽ ഞങ്ങള് മൂന്ന് പേരായിരുന്നു ഇതിന്റെ സംഘാടകർ.
ക്ലാസ്സിൽ ആൺകുട്ടികളിൽ പഠിക്കാൻ മിടുക്കൻ നിയാസ് ആയിരുന്നു പക്ഷേ ഡെയിലി ഏറ്റവും വൈകി ക്ലാസ്സിൽ എത്തുന്നതും ആശാൻ ആയിരുന്നു. ഒരു ദിവസം ആശാൻ ബാഗ് ഇല്ലാതെ വരെ ക്ലാസ്സിൽ വന്നിട്ടുണ്ട്. കാരണം ചോദിച്ചപ്പോൾ ബസ്സിൽ നിന്ന് പുറത്തേക്ക് വീണു എന്നായിരുന്നു പറഞ്ഞത്. പഠിക്കാൻ ഒക്കെ മിടുക്കൻ ആണേലും അധ്യാപകന് അത് അത്ര വിശ്വാസം ആയിരുന്നില്ല. പിന്നീട് കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭയങ്കരമായ തിരച്ചിലിനൊടുവിൽ ബാഗ് കിട്ടി. ക്ലാസ്സിൽ നേരത്തെ എത്തി ചെയ്ത ഹോം വർക്ക് മറ്റൊരു കുട്ടിക്ക് എഴുതാൻ കൊടുത്ത് ചുമ്മാ ഡെസ്റ്റർ എടുത്ത് ക്യാച്ച് ചെയ്ത് കളിച്ചപ്പോൾ മുകളിലത്തെ ട്യൂബിന് തട്ടി അത് പൊട്ടിയതും അതേ സ്പോട്ടിൽ അവിടന്ന് ഞങ്ങൾ ഇറങ്ങി ഓടി ഏറ്റവും വൈകി ഒന്നും അറിയാത്തത് പോലെ ക്ലാസ്സിൽ വന്നതും, HIV ബോധവൽക്കരണ ക്ലാസ്സിൽ ക്ലാസിലെ പ്രമുഖന്റെ ചോദ്യം കേട്ട് ആർത്ത് ചിരിച്ചതും, ഉച്ചയ്ക്ക് ലഞ്ച് ടൈമിൽ നായരുടെ കടയിൽ പോയി പുളിയച്ചാർ, പുളിപ്പൊടി, കടിച്ചാൽ പൊട്ടി, ഇമിലി ജെല്ലി തുടങ്ങി പലതും വാങ്ങി കഴിക്കലും, ഡെയിലി വരുന്ന ഹിന്ദിക്കാരൻ ചേട്ടനോട് കുൽഫി വാങ്ങി തട്ടലും. ഇന്റർവല്ലിന് മിൽമ കാന്റീനിൽ പോയി പഴം പൊരി, ബോണ്ട, കായപ്പം, ലൈം തുടങ്ങിയവ ഷെയർ ഇട്ട് കഴിക്കലും.... ഉച്ചയ്ക്ക് വീട്ടിൽ നിന്ന് കൊണ്ട് വരുന്ന ഫുഡ് തുറക്കുന്നതിനേക്കാൾ വേഗത്തിൽ ടിഫിൻ ബോക്ക്സ്സിലേക്ക് നാനാ ഭാഗത്ത് നിന്നും കൈകൾ എത്തി കാലിയാക്കുന്നതും. ഒഴിവ് സമയങ്ങളിൽ സംസാരിച്ചാൽ പേരെഴുതുന്ന ലീഡറെ പേടിച്ച് ഇരിക്കുന്നതും ബോർഡിൽ അഥവാ പേര് വന്നാൽ മറ്റുള്ളവന്റെ പേര് കൂടെ വരുത്താൻ ശ്രമിക്കുന്നതും, ദേശീയഗാനത്തിന്റെ സമയത്ത് ബാഗ് ഒക്കെ സെറ്റ് ആക്കി വെക്കുന്നതും മുതൽ ഒരുപാട് ആചാരങ്ങൾ ഉണ്ടായിരുന്നു.... ആഘോഷമാക്കിയ ആചാരങ്ങൾ. ഒപ്പം ഉച്ചയ്ക്ക് ക്ലാസ്സ് കട്ട് ചെയ്ത് സിന്ധു തിയ്യേറ്ററിൽ മാറി വരുന്ന സിനിമകൾക്ക് കയറലും..... ദൂരെ ഒരുപാട് സ്ഥലങ്ങളിൽ ക്രിക്കറ്റ് കളിക്കാൻ പോയി വിശക്കുമ്പോൾ പറമ്പിൽ വീണ് കിടക്കുന്ന തേങ്ങ കല്ലിൽ വെച്ച് ചതച്ച് പൊട്ടിച്ച് ഷെയർ ഇട്ടുള്ള കഴിക്കലും ഗ്രാൻഡ് ആയിട്ടുള്ള ഓണാഘോഷങ്ങളും കുരുത്തക്കേടുകൾക്കുള്ള അധ്യാപകരുടെ ചൂരൽ കഷായവുമൊക്കെ വേറെ ചില ആചാരങ്ങൾ. പിന്നെ ഒഴിവ് സമയങ്ങളിലെ പാട്ടു കച്ചേരിയാണ് ക്ലാസ്സിലെ ആസ്ഥാന ഗായകരായ സ്നേഹ, അഞ്ജന തുടങ്ങിയവരൊക്കെ ഒരു യാത്രാ മൊഴിയോടെ, ഒരു വേനൽ പുഴയിൽ തെളിനീരിൽ തുടങ്ങി യ ഗാനങ്ങൾ ഒക്കെ ആലപിച്ച് കൈയ്യടി നേരുമ്പോൾ വർക്ക് എക്സ്പീരിയൻസിന്റെ സജിനി ടീച്ചറുടെ നിർബന്ധ പ്രകാരം ഞാനും ഒരു കാച്ച് കാച്ചി..... ധർഭാ രാഗത്തിൽ ആണോ വേറെ ഏതോ രാഗത്തിൽ ആണോ ആരെയൊക്കയോ മനസ്സിൽ വിചാരിച്ചു പച്ച പനം തത്തേ പുന്നാര പൂമുത്തേ പാടിയതും എന്റെ തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്നത് ഒരു സ്ത്രീ ശബ്ദം ആയിരുന്നു.... വോയിസ് സോഫ്റ്റ് ആക്കാൻ വേണ്ടി എട്ടിൽ പിടിച്ചപ്പോൾ കാസറ്റ് തൊണ്ടയിൽ കുരുങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ.... പിന്നെ കുറച്ച് കാലം അതിന്റെ പുറത്തായിരുന്നു കളിയാക്കൽ. പിന്നീട് മറ്റൊരു ക്ലാസ്സിൽ വാസുദേവൻ മാഷിന്റെ നിർബന്ധ പ്രകാരം മറ്റൊരു ഗാനം ആലപിച്ചാണ് ഞാൻ ആ ആക്രമണത്തിൽ നിന്നും മോചിതനായത്. ഗാനം ഏതാ എന്നല്ലേ..? ഫോട്ടോഗ്രാഫറിലെ എന്തേ കണ്ണന് കറുപ്പ് നിറം. അങ്ങനെ പല പല കലാപരിപാടികൾ.
അധ്യാപകരിലേക്ക് വന്നാൽ ഓരോരുത്തർക്കും ഓരോ ഇരട്ടെപ്പേരുകൾ ഒക്കെ ഉണ്ടായിരുന്നു.... അതൊക്കെയാണ് നമ്മള് തമ്മിൽ അവരെ വിളിച്ചിരുന്നത്. അവിടേം പല വിധം കാറ്റഗറികളൊക്കെ ഉണ്ടായിരുന്നു.... പേടിയുള്ളത്, ഇഷ്ടമില്ലാത്തത്, ഇഷ്ടമുള്ളത്. ഈ പറഞ്ഞ ഇരട്ടപ്പേര് നമുക്ക് ഒക്കെ ഉണ്ടായിരുന്നു കേട്ടോ അത് വേറെ കാര്യം.
അപ്പൊ നമ്മള് ഈ എട്ടാം ക്ലാസ്സ് ഒക്കെ വിട്ടിട്ട് കുറേ ആയി കേട്ടോ.... പകുതിയിലേറെയും 9-10 വീരസാഹസിക കഥകളാണ് ഉണ്ടായിരിക്കുക.... 8 വെറും ട്രൈലെർ.
രണ്ട് വർഷം അടുപ്പിച്ച് ഞങ്ങളുടെ ക്ലാസ്സ് മാഷ് ആയിരുന്ന ആളാണ് വിദ്യാധരൻ മാസ്റ്റർ.... ഏറ്റവും മികച്ച രീതിയിലാണ് അദ്ദേഹം ഞങ്ങളെ മുന്നോട്ട് കൊണ്ട് പോയിരുന്നത് ബയോളജി ആയിരുന്നു അദ്ദേഹത്തിന്റെ വിഷയം. ക്ലാസ്സ് ലീഡർ എന്ന് പറയുന്നത് അനശ്വര.കെ എന്ന കുട്ടിയാണ് ആള് ലീഡർ ആയാൽ ആണ് നമുക്കും ഗുണം. കാരണം പുള്ളിക്കാരി അനാവശ്യമായി ലീഡറുടെ ജാടയൊന്നും ഇട്ട് നടന്ന് ബുദ്ധിമുട്ടിക്കില്ല പുള്ളിക്കാരി ഒരു കവിയത്രി ആയോണ്ട് എപ്പോഴും ആ രചനകളിൽ ആയിരിക്കും, എന്നാൽ വലിയ അലമ്പിന് ഒന്നും സമ്മതിക്കുകയുമില്ല.... നേരത്തെ പറഞ്ഞ നെല്ലിപ്പലകയൊക്കെ ഇളകിയാലേ കക്ഷി തനിസ്വരൂപം പുറത്തെടുക്കൂ....
എന്നിലേക്ക് ചുരുങ്ങിയാൽ എന്റെ ഹാപ്പിനസ്സ് എന്ന് പറയുന്നത് അന്നും സിനിമ തന്നെയാണ്.... പലപ്പോഴും ക്ലാസ്സ് കട്ട് ചെയ്ത് രാവിലേം ഉച്ചയ്ക്കും ഒക്കെ തിയ്യേറ്ററിൽ താമസം തുടങ്ങി.... അതിന് വേണ്ടി യുണിഫോം അല്ലാതെ ഒരു ഷർട്ട് ഒക്കെ കൈയ്യിൽ കരുതും.... പിന്നെ മതില് ചാടൽ മാത്രമായിരുന്നു ഒരു ടാസ്ക്ക്. ഒരിക്കൽ ക്രിക്കറ്റ് കളിക്കാൻ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് എന്ന് പറഞ്ഞു വീട്ടിൽ നിന്ന് ഇറങ്ങിയ ഞാൻ നമ്മുടെ വാനരപ്പടയോടൊപ്പം ഏതോ സ്ഥലത്ത് ഏതോ ടീമിനോട് മാച്ചും കളിച്ചിരിക്കുന്ന സമയത്ത് നമ്മുടെ പിതാശ്രീ സ്കൂളിന്റെ ഭാഗത്ത് വരികയും മകൻ ഇവിടെ ഉണ്ടല്ലോ അവനേം കൂട്ടി വീട്ടിൽ പോകാം എന്ന് കരുതി സ്കൂളിലേക്ക് വരികയും സ്പെഷ്യൽ ക്ലാസ്സ് ഇല്ലെന്ന് അറിയുകയും നമ്മുടെ പ്രണയിനിയെ വിളിക്കുകയും കക്ഷി "സ്പെഷ്യൽ ക്ലാസ്സ് ഒന്നും ഇല്ലല്ലോ അച്ഛ ഇനി മാഷ് അവന് വേണ്ടി മാത്രം സ്പെഷ്യൽ വെച്ചിട്ടുണ്ടോ എന്ന് അറിയില്ല" എന്ന മറുപടി ഒക്കെ കൊടുക്കുകയും ചെയ്തത് നമ്മൾ അറിയുന്നില്ല.... ഏതോ ഗ്രൗണ്ടിൽ ഊണും വെള്ളവും ഒന്നും ഇല്ലാതെ നമ്മൾ അന്താരാഷ്ട്ര മാച്ച് കളിക്കുകയാണല്ലോ.... അന്ന് വീട്ടിൽ പോകാതെ മേമയുടെ വീട്ടിൽ തങ്ങി അടുത്ത ദിവസം ഞായറാഴ്ച അവർക്ക് ഒപ്പം വീട്ടിലേക്ക് പോകുകയും സാക്ഷാൽ പിതാശ്രീയുടെ വക ബെൽറ്റ് കൊണ്ടുള്ള ഗാനമേള അരങ്ങേറുകയും ചെയ്തത് ഒക്കെ ഇപ്പോഴും മനസ്സിൽ ഇങ്ങനെ തെളിഞ്ഞു നിൽക്കുന്നുണ്ട്. അച്ഛന്റെ പേരിൽ ലീവ് ലെറ്റർ എഴുതി മാഷിന് കൊടുത്ത സ്പോട്ടിൽ തന്നെ അച്ഛൻ അവിചാരിതമായി സ്കൂളിൽ എത്തിയതും ആ കള്ളം കൈയ്യോടെ പിടിച്ചതും. മകനെ കൂട്ടിക്കൊണ്ട് പോകാൻ വന്നതാണ് വീട്ടിൽ നിന്ന് ഒരു യാത്ര പോകാനുണ്ട് അവന് ഇന്ന് ലീവ് കൊടുക്കണം എന്ന് പറഞ്ഞ് എന്നെ കൊണ്ട് പോയതും വീട്ടിൽ നിന്ന് അദ്ദേഹം തബല പ്രാക്ടീസ് ചെയ്തതുമൊക്കെ മറ്റൊരു തെളിഞ്ഞു നിൽക്കലാണ്.
ഇനി പത്തിലേക്ക് കടക്കാം.... പത്താം ക്ലാസ്സിൽ എത്തിയപ്പോൾ പിന്നെ നമുക്ക് പവർ കൂടിയല്ലോ. അവിടത്തെ "തല"കൾ ഇനി ഞങ്ങൾ ആണല്ലോ അതിന്റെ ഒരു അഭിമാനവും ശകലം അഹങ്കാരവുമൊക്കെയായി നടന്ന സമയം.... അപ്പോഴേക്കും മനസ്സിൽ വില്ലന്മാർ ആയി കണ്ട അധ്യാപകരോടുള്ള പേടിയൊക്കെ പമ്പയും എരുമേലിയും ഒക്കെ കടന്നിരുന്നു.... പത്തിൽ എത്തിയാൽ TC തന്ന് പറഞ്ഞു വിടില്ല എന്ന് നമ്മുടെ സീനിയേഴ്സ് പറഞ്ഞ അറിവ് വെച്ചുള്ള ധൈര്യം ആയിരുന്നു അത്. അങ്ങനെ കുറച്ച് കുരുത്തക്കേടുകളും അതിലേറെ ആഘോഷങ്ങളുമായി പത്താം ക്ലാസ്സ് ഒരു ആഘോഷമാക്കി നടക്കുന്ന സമയം..... യൂത്ത് ഫെസ്റ്റിവലിൽ വളണ്ടിയർമാർ ആയി സ്ഥാന കയറ്റം കിട്ടിയതും വെച്ച് എല്ലാരേം അടക്കി ഭരിച്ചു നടന്നതും നൈറ്റ് ക്ലാസ്സിലെ ആഘോഷങ്ങൾ കേട്ടറിഞ്ഞ് നൈറ്റ് ക്ലാസ്സിന് എനിക്കും ചാൻസ് തരണം എന്നും പറഞ്ഞ് വിദ്യാധരൻ മാസ്റ്ററുടെ കൈയ്യും കാലും പിടിച്ചു നടന്നതും നിന്റെ ഉദ്ദേശം നടക്കില്ല എന്നും പറഞ്ഞ് അദ്ദേഹം കൈയ്യൊഴിഞ്ഞതും ഒക്കെ ഇന്നലെ നടന്നത് പോലെയാണ് തോന്നുന്നത്. നൈറ്റ് ക്ലാസ്സ് സമയത്ത് അവിടെ നിന്നും ചാടി എല്ലാവരും രാത്രി ഉത്സവത്തിന് പോയതും അടുത്ത ദിവസം രാവിലെ പൊരി, പീപ്പി ഒക്കെയായി അർമ്മാദിച്ചതും.... അടുത്ത പറമ്പിലെ തേങ്ങയും കരിക്കുമൊന്നും കാണാനില്ല എന്ന് പറഞ്ഞ് ആളുകൾ കംപ്ലയിന്റ് ആയി വന്നതും ഒക്കെ നൈറ്റ് ക്ലാസ്സിൽ ഉള്ളവർ കഥ പറഞ്ഞു തരുമ്പോൾ അസൂയയോടെയാണ് അവരെ നോക്കിയിരുന്നത്.
ഫുട്ബോൾ ലോകപ്പിൽ ബ്രസീലിന്റെ കളി മാത്രം കാണുന്ന ഞാൻ എപ്പോഴോ ഫുട്ബോൾ കളിച്ചപ്പോൾ ഗോളി നിന്ന് രണ്ട് ഗോൾ തടുത്തതിന്റെ പേരിൽ സ്കൂളിൽ നടക്കുന്ന മാച്ചിൽ എന്നെ പിടിച്ചു ഗോളിയാക്കിയ പ്രിയ സുഹൃത്ത് നിയാസ് അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന ദുരന്തം എന്താണെന്ന്.... പ്ലസ് ടു ചേട്ടന്മാർ ആയിട്ടുള്ള ആദ്യ കളിയിൽ എണ്ണം പറഞ്ഞ നാല് ഗോൾ ആണ് ഞാൻ കൈയ്യും കെട്ടി നിന്ന് വിട്ടത്.... അങ്ങനെ ആ ടൂർണമെന്റ് തധൈവാ.
10th ഐ ആയിട്ടുള്ള പ്രെസ്റ്റീജ് ഇഷ്യു ആയ ക്രിക്കറ്റ് മാച്ചിൽ കൈയ്യും കാലുമൊക്കെ നഖവും മറ്റും പോയി ചോര വന്ന് മരിച്ച് കളിച്ച് കളി കൈയ്യിലാക്കി ലാസ്റ്റ് ബോളിൽ അവർക്ക് ജയിക്കാൻ നാല് റൺസ് വേണ്ടപ്പോൾ ബൗണ്ടറി ആകുമായിരുന്ന ഒരു ഷോട്ട് അതുൽ മാരക ഫീൽഡിങ്ങിലൂടെ തടുത്ത് നോൺ സ്ട്രൈക്കിലേക്ക് ത്രോ ചെയ്തപ്പോൾ അവിടെ വന്ന് നിന്ന ഫീൽഡർ രഞ്ജിത്ത് അത് പിടിച്ച് ജസ്റ്റ് ഒന്ന് സ്റ്റമ്പിന് തട്ടിയാൽ മതിയെന്നിരിക്കെ തേങ്ങ എറിഞ്ഞു പൊട്ടിക്കുന്നത് പോലെ ബോൾ എറിഞ്ഞതും സ്റ്റമ്പിന്റെ ഏഴയലത്ത് കൂടെ പോലും പോവാതെ ബോൾ പോയതും അവര് നാല് റൺസ് ഓടി എടുത്ത് ജയിച്ചതും ഛോട്ടാ മുംബൈയിൽ സിദ്ദിഖ് മദ്യം കളഞ്ഞപ്പോൾ ബാക്കിയുള്ളവർ പുള്ളിയെ തല്ലുന്നത് പോലെ അവനെ ഗ്രൗണ്ടിന് ചുറ്റും ഓടിച്ചിട്ട് തല്ലിയത്തും തോറ്റ സങ്കടത്തിലും ദേഷ്യത്തിലും വൈകുന്നേരം വരെ ഗ്രൗണ്ടിൽ ഇരുന്നതുമെല്ലാം മറക്കാൻ പറ്റാത്ത ഓർമ്മകളാണ്.
Maneesh Lal സർ.... ആ കാലത്തെ കാര്യം പറയുമ്പോൾ ഒരിക്കലും അദ്ദേഹത്തെ കുറിച്ച് പറയാതെ പോകാൻ കഴിയില്ല ഇംഗ്ലീഷ് ആയിരുന്നു അദ്ദേഹം എടുത്തിരുന്ന വിഷയം. കുന്നമംഗലം സ്‌കൂളിലെ ഏറ്റവും പ്രിയപ്പെട്ട ആദ്യാപകൻ ആരെന്ന് ചോദിച്ചാൽ യാതൊരു സംശയവും ഇല്ലാതെ അന്നും ഇന്നും ഞാൻ പറയുന്ന പേരാണ് അദ്ദേഹത്തിന്റേത്. അദ്ദേഹം ക്ലാസ്സിൽ വരുമ്പോൾ ഏത് തല തെറിച്ചവനും ഒന്ന് പേടിക്കും കൈയ്യിലും കാലിലും കഴുത്തിലും എല്ലാം കെട്ടിക്കൂട്ടിയ സകല സാധനങ്ങളും അഴിച്ചെടുത്ത് ബാഗിൽ ഇടുന്ന തിരക്കിൽ ആയിരിക്കും പലരും. അദ്ദേഹത്തിന്റെ ക്ലാസ്സിൽ ബാക്ക് ബെഞ്ചേഴ്‌സ് മുഴുവൻ ഫ്രന്റ് ബഞ്ചിൽ ഇരിക്കണം എന്നാണ് നിയമം.... പിന്നെ പാടം വായിപ്പിക്കുന്ന ഒരു രീതിയുണ്ട് ആൾക്ക്.... മനപാഠം പഠിച്ചു വന്ന് പറഞ്ഞെന്ന് തോന്നിയാൽ അപ്പൊ മറ്റൊന്ന് വായിപ്പിക്കും.... ബാക്ക് ബെഞ്ചിൽ ഉള്ള ബിബിനെ പിടിച്ച് മുന്നിലെ ബെഞ്ചിൽ പിടിച്ചിരുത്തി അവനെക്കൊണ്ട് ഇംഗ്ലീഷ് വായിപ്പിക്കുന്നതും അവൻ പരുങ്ങുന്നതും അപ്പൊ എന്നാ മലയാളം വായിക്ക് എന്ന് പറഞ്ഞു മലയാളം ടെസ്റ്റ് എടുപ്പിച്ച് വായിപ്പിക്കുന്നതുമൊക്കെ ക്ലാസ്സിൽ ചിരി പടർത്തിയിരുന്ന കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ ക്ലാസ്സിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഏറ്റവും നല്ല രീതിയിൽ അദ്ദേഹം കാര്യങ്ങൾ മനസ്സിലാക്കി തരും ഏതൊരാൾക്കും A to Z കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും. വല്ലാത്തൊരു കഴിവാണ് ആ മനുഷ്യന്. അദ്ദേഹത്തിന്റെ ക്ലാസ്സിൽ ഇരിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു. പേടിയൊന്നും ഒരിക്കലും തോന്നിയിരുന്നില്ല ഭയങ്കര ബഹുമാനവും ആരാധനയും ആയിരുന്നു അദ്ദേഹത്തോട്.
ഇംഗ്ലീഷിന്റെ കാര്യം പറഞ്ഞപ്പോൾ കുറച്ചൂടെ പിന്നോട്ട് പോയാൽ പ്രവീൺ സാറിന്റെ ഇംഗ്ലീഷ് ക്ലാസ്സ് ആയിരിക്കും ഞങ്ങൾ ഏറ്റവും കൂടുതൽ വെറുതേ ഇരുന്നത്.... അദ്ദേഹം വന്ന് ബുക്ക് തുറന്ന് എങ്ങോട്ടേലും നോക്കി ഇരിക്കും ഞങ്ങള് ഞങ്ങളുടെ ജോലികളിലേക്ക് തിരിക്കും. രാജീവ്,നിതിൻ എന്നീ ആദ്യാപകർ ആയിരുന്നു ഹിന്ദിയ്ക്ക്.... ഒട്ടും ഇഷ്ട്മില്ലാത്ത വിഷയം ആയോണ്ട് കണ്ണ് തുറന്ന് കൊണ്ട് ഉറങ്ങുന്ന രീതി ആയിരുന്നു അവിടെ.
ട്വന്റി ട്വന്റി റിലീസ് ആയപ്പോൾ അതും കണ്ടുകൊണ്ട് ക്ലാസ്സിലേക്ക് വന്ന് മമ്മൂക്ക ഫാൻസിനെ പൊരിച്ച നാളുകൾ ആയിരുന്നു മറ്റൊരു സന്തോഷം..... ഫാൻ ഫൈറ്റ് കൊടുമ്പിരി കൊള്ളുന്നു കാലമായിരുന്നു അത്. ലാലേട്ടൻ മമ്മൂക്ക ഫാൻസ് കൗണ്ട് ഡൗൺ ഒക്കെ വെച്ച് അവരുടെ സിനിമകളുടെ പേരുകൾ എഴുതിയ സമയം ഒക്കെ ആയിരുന്നു അത്. മോഹൻലാൽ ഫാൻസ് കൂടുതൽ ഉണ്ടായിരുന്ന ക്ലാസ്സിൽ ജയവും പലപ്പോഴും നമുക്ക് ഒപ്പം ആയിരുന്നു. ഇംഗ്ലീഷ് ക്ലാസ്സിൽ എന്തോ ഉദാഹരണം പറഞ്ഞപ്പോൾ മനീഷ് സർ ലാലേട്ടനേയും നരനേയും ഒക്കെ മെൻഷൻ ചെയ്തപ്പോൾ രോമാഞ്ചം ആയിരുന്നു. അപ്പൊ എഴുന്നേറ്റ് നിയാസിന്റെ വക ഒരു കമന്റ് ഉണ്ടായിരുന്നു "അല്ല സാറേ മമ്മൂക്കയുടെ രാജമാണിക്യം എന്ന് പറഞ്ഞൂടെ" അപ്പൊ മാഷ് "മോനെ ഞാനൊരു മോഹൻലാൽ ഫാൻ ആണ് എന്റെ പേരിൽ തന്നെ ഒരു ലാൽ ഉണ്ട് മനീഷ് ലാൽ" പരിസരം മറന്ന് വിസിൽ അടിച്ച ഒരു ദിവസമായിരുന്നു അത്.
ട്വന്റി ട്വന്റിയിലെ കഥ ഞാനും പെൺകുട്ടികളിലെ പഠിപ്പിസ്റ്റ് വലിയ സ്നേഹയും മ്മടെ ബഡാ ദോസ്ത് ഛോട്ടാ സ്‌നേഹയും പിന്നെ സുബിഷ,മിഥുഷ,അനശ്വര.കെ. സി തുടങ്ങിയ മറ്റുള്ള ഗേൾസ് മോഹൻലാൽ ഫാൻസും കൂടെ ചർച്ച ചെയ്യുമ്പോൾ ഇടയ്ക്ക് വന്ന് കുടുങ്ങിയ നിയാസിനെ വറുത്ത് പൊരിച്ചതുമെല്ലാം മറ്റൊരു കഥ.
ക്ലാസ്സ് കട്ട് ചെയ്തും അല്ലാതെയുമെല്ലാം ഇന്റർനെറ്റ് കഫേകളിൽ കയറി കൂട്ടം കൂടി ഇരുന്ന് വൈസ് സിറ്റി ഗെയിം കളിച്ചതും പിന്നീട് സെർച്ച് എഞ്ചിൻ ഗതി മാറി സഞ്ചരിച്ചതും കഫേ കാരന്റെ ചാരപണി കാരണം ഞങ്ങളൂടെ കണ്ടോട്ടെ എന്ന് പറഞ്ഞ് അധ്യാപകർ വന്ന് കൂട്ടത്തോടെ പൊക്കിയതുമൊക്കെ മറ്റു ചില അനുഭവങ്ങൾ.
ലാലേട്ടനോടുള്ള അന്ധമായ ആരാധന കാരണം ബാഗിന്റെ മുകളിൽ അദ്ദേഹത്തിന്റെ ഫോട്ടോ പതിച്ചും അദ്ദേഹത്തെ പറ്റി എസ്സേ എഴുതിയും സകല പുസ്തകങ്ങളിലും ആദ്ദേഹവുമായി ബന്ധമുള്ള കാര്യങ്ങൾ എഴുതി വെച്ചും അദ്ദേഹത്തിന് വേണ്ടി വാഗ്വാധങ്ങൾ നടത്തിയുമെല്ലാം നടന്ന സമയം. പ്രണയിച്ചിരുന്നവളോട് പോലും ആദ്യം ചോദിച്ച ചോദ്യം നിനക്ക് ഇഷ്ടമുള്ള നടൻ ആരാ സിനിമ ഏതാ എന്നാണ്. സിനിമയോടുള്ള അടങ്ങാത്ത പ്രണയം കാരണം മോഡൽ എക്സാം വരെ കട്ട് ചെയ്ത് സിനിമയ്ക്ക് പോയിട്ടുണ്ട്..... അന്നും ഇന്നും മാറത്തൊരു.... വിട്ട് പോകാത്തൊരു പ്രണയമുണ്ടേൽ അത് സിനിമയോട് മാത്രമാണ്.
ആ സ്കൂളിന്റെ പടി ചവിട്ടാൻ മടിച്ചിരുന്ന ഞാൻ പിന്നീട് ഒരു ദിവസം പോലും ലീവ് ഉണ്ടാവരുത് എന്ന് ആഗ്രഹിച്ചിരുന്നു.... ശനിയും ഞായറും വീട്ടിൽ ഇരിക്കപ്പൊറുതി ഇല്ലായിരുന്നു എന്ന് വേണം പറയാൻ ആദ്യത്തെ കാര്യം പ്രണയം തലയ്ക്ക് പിടിച്ചത് തന്നെ ആയിരുന്നു.... കാരണം അവളെ കാണാതെ ഇരിക്കാൻ പറ്റാറില്ല.... വീട്ടിൽ നിന്നും പുറത്തിറങ്ങി കോയിൻ ബോക്ക്സ്സുകളിൽ നിന്ന് വിളിച്ചും.... എന്നിട്ടും മതിയാകാതെ നോട്ട്ബുക്ക് ഫുൾ ആക്കാൻ വേണ്ടിയെന്ന പേരിൽ വാങ്ങി വെച്ച അവളുടെ നോട്ട്ബുക്കിൽ പ്രണയലേഖനങ്ങൾ വെച്ച് കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി അത് അവളുടെ വീട്ടിൽ കൊണ്ട് കൊടുത്തുമൊക്കെ നടന്ന സമയം.... അവൾക്കൊപ്പം ബസ്സിൽ കയറി അവളുടെ വീട് വരെ കൊണ്ട് ചെന്ന് ആക്കി തിരിച്ചു എത്രയോ ദൂരം നടന്ന് പോയിരുന്ന കാലം. ഇന്ന് ആലോചിക്കുമ്പോൾ അതൊക്കെ ഒരു തമാശ മാത്രമായി ഒതുങ്ങുന്നു. പക്ഷേ അവൾ അല്ലായിരുന്നു എന്നെ ആ സ്‌കൂളിലേക്ക് എന്നും അടുപ്പിച്ചു കൊണ്ടിരുന്ന ഘടകം എന്ന് അവിടന്ന് വിടപറഞ്ഞു പോരുന്ന ദിവസമാണ് ഞാൻ മനസ്സിലാക്കിയത്. മറ്റുള്ളതിനേക്കാൾ ഒക്കെ എത്രയോ ആഴത്തിൽ ആ സ്കൂൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു എന്ന കാര്യം തിരിച്ചറിയാൻ അവിടന്ന് ഇറങ്ങേണ്ടി വന്നു. ഇപ്പോഴും ആ സ്കൂളിന്റെ മുന്നിൽ നിൽക്കുമ്പോൾ അല്ലേൽ അങ്ങോട്ട് കയറുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്..... പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഫീലാണ് അത്. രോമാഞ്ചം ഒക്കെ അതിന്റെ എക്സ്ട്രീം ലെവലിൽ നിൽക്കും അപ്പൊ.
3 വർഷത്തിലെ കുറച്ച് കാര്യങ്ങൾ മാത്രമാണ് ഇത്. പലർക്കും കോളേജ് ജീവിതവും മറ്റുമൊക്കെയാണ് ഏറ്റവും വലിയ ഓർമ്മകൾ എങ്കിൽ എനിക്ക് അത് ഹൈസ്ക്കൂൾ ജീവിതമാണ്. ജീവിതത്തെ പറ്റി കൂടുതൽ ഒന്നും ചിന്തിക്കാതെ ഒരു ടെൻഷനും ഇല്ലാതെ പാറി പറന്നു നടന്നിരുന്ന കാലം. ലൈഫ് ചേഞ്ചിങ് മൊമന്റ് എന്നൊക്കെ നേരത്തെ പറഞ്ഞില്ലേ അത് തന്നെ ശരിക്കും പറഞ്ഞാൽ മുൻപ് പറഞ്ഞത് പോലെ അണയാൻ പോകുന്നൊരു തീയുടെ ആളി കത്തൽ ആയിരുന്നു എന്റെ ആ മതിമറന്നുള്ള ആഘോഷങ്ങൾ. ആ സമയത്തെ പ്രണയം ആണേലും അത് അസ്ഥിയ്ക്ക് പിടിച്ചിരുന്നു. എന്തിലേലും ഇടപെട്ടാൽ വല്ലാതങ് ഡീപ്പ് ആവുന്ന ഒരു സ്വഭാവം ഉണ്ട് എനിക്ക് എത്രയൊക്കെ മാറ്റാൻ ശ്രമിച്ചിട്ടും മാറ്റാൻ പറ്റാത്ത സ്വഭാവം. കാരണമറിയാതെ / പറയാതെ ദൃശ്യത്തിലെ ലാലേട്ടനെപ്പോലെ ആ കുട്ടി പോയപ്പോൾ അത് ആ സമയത്ത് മാനസികമായി വല്ലാതെ എന്നെ തളർത്തിയിരുന്നു.... (ഏകദേശം ഒരു രണ്ട് മൂന്ന് വർഷക്കാലം.) പിന്നീട് അങ്ങോട്ടുള്ള ക്ലാസ്സുകളിൽ പുതിയ കൂട്ടുകാരും മറ്റുമൊക്കെ പലപ്പോഴായി കടന്നു വന്നെങ്കിലും ഞാൻ ഒതുങ്ങി കൂടിയ ഒരു പ്രകൃതമായി മാറി. അറിയുന്ന ആളുകളിൽ നിന്നുമെല്ലാം ഒഴിഞ്ഞു മാറി നടക്കാൻ തുടങ്ങി.... ആ ഒരു സമയത്ത് അത് മാത്രമല്ല മറ്റു ചില വലിയ ആഘാതങ്ങളും ജീവിതത്തിൽ സംഭവിച്ചു. പിന്നീട് ജീവിതം ആഘോഷമാക്കാൻ പറ്റിയിട്ടില്ല. അങ്ങനെയുള്ള എന്നെ സംബന്ധിച്ച് ഞാൻ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ആ നിമിഷങ്ങൾ തന്നെയാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ. കുറച്ചൊക്കെ കയ്പ്പ് ഉണ്ടേലും അതിലേറെ മാധുര്യം നിറഞ്ഞ ഓർമ്മകൾ ആണ് K.H.S.S എനിക്ക് സമ്മാനിച്ചത്. ജീവിതത്തിലെ ഏറ്റവും നല്ല ഓർമ്മകൾ സമ്മാനിച്ച ആ 49 പേരേയും ഒരുമിച്ച് വീണ്ടും കാണാൻ മുന്നിട്ടിറങ്ങി ഒരു ഗെറ്റ്ടുഗെതർ ഒക്കെ ഒരിക്കൽ സംഘടിപ്പിച്ചു എങ്കിലും എല്ലാർക്കും എത്തിപ്പെടാൻ ഒന്നും പറ്റിയിരുന്നില്ല. ഇനി ഒരിക്കൽ എല്ലാരും കൂടെ ഗ്രാൻഡ് ആയി കൂടണം എന്ന് പറഞ്ഞാണ് അന്ന് പിരിഞ്ഞത് പക്ഷേ പിന്നെ അതിന് കഴിഞ്ഞിട്ടില്ല. ഒരു പ്രിയ സുഹൃത്ത് എല്ലാവരേയും വിട്ട് പോയി എന്നതാണ് ഏറ്റവും വലിയ സങ്കടം. അവന്റെ ഓർമ്മയിൽ ഇടയ്ക്ക് ഇടയ്ക്ക് ഇതുപോലെ ഒത്തുകൂടണം എന്നുള്ളത് വലിയ ആഗ്രഹമാണ്. പക്ഷേ എല്ലാവരും ഇന്ന് ഓരോ തിരക്കുകളിലാണ് മിക്കവരും കല്ല്യാണം ഒക്കെ കഴിഞ്ഞ് കുടുംബവും കുട്ടികളുമൊക്കെയായി തിരക്കിൽ ആണ്. സോഷ്യൽ മീഡിയയുടെയൊക്കെ വരവ് കൊണ്ട് ഏറ്റവും വലിയ ഗുണം ഉണ്ടായത് അവരിൽ ചിലരുമായെങ്കിലും കോൺടാക്ട് ഇപ്പോഴും തുടരാൻ സാധിക്കുന്നു എന്നതാണ്. ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് ഒക്കെയുണ്ട് ഓണവും വിഷുവും പോലുള്ള വിശേഷ ദിവസങ്ങൾ ആശംസിക്കാൻ മാത്രമെത്തുന്ന ആളുകൾ മാത്രമാണ് അതിലുള്ളത്.
വെള്ള ഷർട്ടും കറുത്ത പാന്റ്സും ധരിച്ച് ഒരിക്കൽ കൂടെ ആ മുറ്റത്ത് ആർത്ത് ഉല്ലസിച്ച് നടക്കാൻ സാധിച്ചിരുന്നേൽ..... ക്ലാസ്സ്‌മേറ്റ്സ്സിൽ മുരളി എന്ന കഥാപാത്രം പറയുന്നത് പോലെ "കാലമിനിയുമുരുളും വിഷു വരും വർഷം വരും തിരുവോണം വരും, പിന്നെ ഓരോ തളിരിലും പൂ വരും കായ് വരും അപ്പോൾ ആരെന്നുമെന്തന്നുമാർക്കറിയാം. എടാ ഇവിടന്ന് പോയി കുറേ കൊല്ലങ്ങൾ കഴിഞ്ഞു നമുക്ക് ഇവിടെ തിരിച്ചു വരണം.അന്ന് പലരും വല്ല്യ നിലയിൽ ഒക്കെ എത്തിയിട്ടുണ്ടാകും ചിലര് സ്ട്രഗിൾ ചെയ്യുന്നുണ്ടായിരിക്കും. രക്ഷപ്പെട്ടവർക്ക് മനസ്സ് ഉണ്ടെങ്കിൽ സ്ട്രഗിൾ ചെയ്യുന്നവർക്ക് ഒരു ഹെൽപ്പിംഗ് ഹാൻഡ്ഓവർ. ഒന്നുല്ലെങ്കിലും അന്ന് നമ്മൾ ഏത് കോലത്തിലാണെന്നെങ്കിലും കാണാല്ലോ. പിന്നെ ഇന്ന് സീരിയസ് ആയി ചെയ്യുന്ന ഓരോ കാര്യങ്ങളും അന്ന് തമാശയോടെ ഓർത്ത് ചിരിക്കാൻ പറ്റും."
ജീവിതം ഒരു ഉത്സവമാക്കി തീർത്ത ആ മനോഹര കാലത്തേക്കുള്ള ഒരുപാട് ഓർമ്മകളിലേക്കുള്ള ഈ മടങ്ങിപ്പോക്കിന് കാരണം അന്ന് ഒപ്പം പഠിച്ച പ്രിയ സുഹൃത്ത്,സഹപാഠി സ്‌നേഹയുടെ കുറച്ച് ദിവസം മുൻപുള്ള ചില കുശാലാന്വേഷണങ്ങളും ചോദ്യങ്ങളുമായിരുന്നു.
പഠിക്കുന്നത് എവിടെയാ..? അഭിമാനത്തോടെ അല്പം അഹങ്കാരത്തോടെ പറഞ്ഞിരുന്ന പേര് ആണ് കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ. ഇപ്പോഴും അതെ ഹൈസ്‌കൂൾ വിദ്യാഭ്യാസം എവിടെ ആയിരുന്നു എന്ന് ചോദിച്ചാൽ പഠിച്ച ബാക്കിയുള്ള വിദ്യാലയങ്ങളോട് ഒന്നും ഇല്ലാത്ത ആ ഒരു ഫീൽ കയറി വരും.... കുന്നമംഗലം ഹയർ സെക്കന്ററി സ്കൂളിലെ ഒരു പൂർവ്വ വിദ്യാർത്ഥി ആയിരുന്നു എന്ന് പറയുമ്പോൾ ഉള്ള ഒരു അഭിമാനം വല്ലാത്ത ഒന്നാണ്. അന്ന് കൂടെ പഠിച്ചവരിൽ മുഴുവൻ ആളുകളുടേയും പേരുകൾ ഒന്നും ഓർമ്മയില്ല ഓർമ്മയിൽ ഉള്ളത് പറയുന്നു.
അതുൽ കൃഷ്ണ, നിയാസ്, അജയ് കുമാർ, അക്ഷയ് കുമാർ, സ്‌നേഹ.എം, സ്നേഹ.പി. എം, അനശ്വര. കെ, അനശ്വര. കെ. സി, മിഥുഷ, അഞ്ജന.എസ്. മേനോൻ, റിൻഷിദ, ശ്രുതി. കെ. പ്രദീപ്, സൈനുൽ ആബിദ്, മിന്റു, വിജില, പ്രവിഷ, രഞ്ജിത്ത്. കെ, രഞ്ജിത്ത്. പി, അജൂബ്, അർജുൻ, നൗഫൽ, ബിബിൻ. യൂ. സി, ബിബിൻ, നസ്‌ല, റംസീന,വിവേക്,ഷാർജിൻ,സൂര്യ,സുബിഷ, അനിൽ കുമാർ,ആദർശ്,സജിൽ,ജ്യോതിഷ്,ലിബിൻ,വിഷ്ണു,അജയ് കരുൺ,നീതു,ബബീഷ്, നിഖിൽ,ഐശ്വര്യ, നീനു,അതുല്യ,അഞ്ജു, etc കുറേ പേരുകൾ ഒക്കെ മറന്നു പോയിട്ടുണ്ട് ക്ഷമിക്കൂ.... മറവി ലേശം കൂടുതലാണ്.
ഈ 49 പേരെയും അല്ലാതെ കുറേ സൗഹൃദങ്ങളേയും തന്നതും മറ്റു പല പാഠങ്ങളും പഠിപ്പിച്ചു തന്നതും ചെറുതും വലുതുമായ ഒരുപാട് അനുഭവങ്ങൾ പകർന്നു തന്നതുമെല്ലാം കുന്നമംഗലം ഹയർ സെക്കന്ററി സ്കൂൾ എന്ന സ്ഥാപനമാണ്. മറ്റുപലർക്കും അത് വെറുമൊരു വിദ്യാഭ്യാസ സ്ഥാപനം അല്ലേൽ പഠിച്ചു പോയതിൽ ഒരു സ്കൂൾ മാത്രമാണേൽ എനിക്കത് എന്റെ ജീവിതം തന്നെയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച സ്ഥലമാണ്. ജീവിതത്തിൽ മനസ്സറിഞ്ഞ് ആർത്തുല്ലസിച്ച നാളുകൾ ആ നാല് ചുവരുകൾക്കുള്ളിൽ നിന്നാണ്. ഇവിടെ നായകൻ ഞങ്ങളെയെല്ലാം ഒരു കുടക്കീഴിൽ ചേർത്ത വികാരമായ, ഇമോഷനായ K.H.S.S തന്നെയാണ്. ഇന്ന് ഓട് മേഞ്ഞ ക്ലാസ്സ് റൂമുകൾ എല്ലാം ഒന്നും രണ്ടും നിലയുള്ള കോൺക്രീറ്റ് കെട്ടിടങ്ങൾ ആയി മാറിയിട്ടുണ്ട് നാടോടുമ്പോൾ നടുവേ ഓടണമല്ലോ.... പക്ഷേ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നത് ആ പഴയ ഓട് മേഞ്ഞ ക്ലാസ്സ് റൂമുകൾ തന്നെയാണ് അതിന്റെ ചന്തമൊന്നും മറ്റൊന്നിനും അവകാശപ്പെടാനാകില്ല. ഒരു സിനിമാ പാട്ട് കടമെടുത്താൽ ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം..... കോട്ടം തട്ടാത്ത ആ പഴയ സൗഹൃദങ്ങൾക്കും അധ്യാപകർക്കും ഒപ്പം കുറച്ച് സമയം അവിടെ ചിലവഴിക്കണം വേരുറക്കാത്ത പ്രായത്തിൽ ഞങ്ങളുടെ ജീവിതത്തെ വേരുറപ്പിച്ച ആ സരസ്വതീ ക്ഷേത്രാങ്കണത്തിൽ ഓർമ്മകളെ തിരികെ കൊണ്ട് വന്ന് പോയ കാലത്തെ തിരിച്ചു പിടിക്കണം. മൊബൈൽ ഫോണും മറ്റുമൊക്കെ മാറ്റി വെച്ച് ഒരുപാട് സമയം ആ ഹൈസ്ക്കൂൾ പിള്ളേരായി മാറണം. ആഗ്രഹങ്ങൾ ആത്മാർത്ഥമാണേൽ അത് നടത്തി തരാൻ ആരൊക്കെയോ കൂടെ നിൽക്കും എന്നാണല്ലോ ആ വലിയ മനുഷ്യൻ പറഞ്ഞിരിക്കുന്നത്.
ജീവിതത്തിലെ ഏറ്റവും മനോഹര സമയങ്ങളിലെ ചെറിയ കുറച്ച് കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത് ഓരോരുത്തരർക്കും ഇതുപോലെ വിവിധ ഓർമ്മകൾ ഉണ്ടായിരിക്കും. ഈ പറഞ്ഞ 49 പേരിൽ ആരൊക്കെ നമ്മളെ ഓർക്കാറുണ്ട് അല്ലേൽ ഓർമ്മയുണ്ട് എന്നൊന്നും അറിയില്ല പക്ഷേ എനിക്ക് അവര് ഇപ്പോഴും ഏറെ പ്രിയപ്പെട്ടവരാണ് ഏറെ.
-വൈശാഖ്.കെ.എം
പടികടന്നെത്തിയ ഓർമ്മകളുടെ പദനിസ്വനം
Reviewed by
on
10:40
Rating:
പോയ കാലങ്ങളെ നന്നായി എഴുതി സഹോ...ഈ കാലങ്ങൾ ആര് പറഞ്ഞാലും....ആ അൽക്കൂട്ടത്തിനുള്ളിൽ എവിടെയോ ഒരാളായി നമ്മളും നിൽക്കുന്നതായി തോന്നും.... പറഞ്ഞത് സ്വന്തം കാര്യം ആണെങ്കിലും അൽപ്പ സമയത്തേക്ക് ഞാനും ആ വായനക്കൊപ്പം കാലങ്ങൾക്കപ്പുറത്തേക്ക് പോയി...👌👌👌
ReplyDeleteThank You ❤️❤️
Delete