അവഗണന
ജീവിതത്തിൽ അവഗണന അനുഭവിക്കാത്തവർ വിരളമായിരിക്കും.... അല്ല ഉണ്ടാവില്ല എന്ന് തന്നെ പറയാം. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പലരും പല സ്ഥലങ്ങളിലും സന്ദർഭങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ടാകും.
മിക്ക ആളുകളുടെ കാര്യത്തിലും സാമ്പത്തികമായി തകരുന്ന സമയത്താണ് ബന്ധുക്കളുടെ ഭാഗത്ത് നിന്നും അവഗണനകൾ ഉണ്ടാവാറ്. അതുവരെ നമ്മുടെ കൂടെ കളി ചിരി തമാശകളുമായി നിറഞ്ഞു നിന്നിരുന്നവർ പെട്ടന്ന് അപ്രത്യക്ഷമാകും. പിന്നെ ഫോൺ വിളിച്ചാൽ എടുക്കാതെയാകും, കണ്ടാൽ മാറി നടക്കാൻ തുടങ്ങും ഇനി അഥവാ മുന്നിൽപ്പെട്ടാൽ ലോകത്ത് ഇല്ലാത്ത ദാരിദ്ര്യം ഇങ്ങോട്ട് പറഞ്ഞു തുടങ്ങും. എന്നിട്ട് ഇല്ലാത്ത എന്തേലും തിരക്ക് പറഞ്ഞു കൊണ്ട് ഓടി രക്ഷപ്പെടും.
ഇനി മറ്റൊരു കൂട്ടർ കാമുകി /കാമുകന്മാർ ആണ്.... ഇപ്പോഴത്തെ കുട്ടികൾ പറയുന്ന തേപ്പ് എന്ന സമ്പ്രദായത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണ് ഈ അവഗണന. ദിവസവും പ്രഭാത കൃത്യങ്ങൾ മുതൽ രാത്രി താരാട്ട് പാടി ഉറക്കുന്നത് വരെ ചെയ്യുന്ന ഈ കൂട്ടരിൽ ഒരാൾക്ക് മടുപ്പ് തോന്നി കഴിഞ്ഞാൽ പിന്നെ അമ്മ അടുത്തുണ്ട്, അച്ഛൻ ഉണ്ട്, ഉറക്കം വരുന്നു മുതലായ പല്ലവികൾ ആയിരിക്കും വരുന്നത് പാതിരാ വരെ ഒരു കാര്യവും ഇല്ലാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞ് ഉറക്കം കളഞ്ഞ് ഇരുന്ന രാത്രികൾ ഒക്കെ അവർക്ക് പിന്നെ ഓർമ്മ മാത്രം (ഒരാൾക്ക് ).
ഇനി മറ്റൊരു വിഭാഗം എന്ന് പറയുന്നത് ജോലിയൊന്നും ഇല്ലാതെ കുറേ കാലം വീട്ടിൽ ഇരിക്കുന്ന ആളുകൾ ആണ് അവർക്കാണ് കൂട്ടത്തിൽ കൂടുതൽ കൂടുതൽ പ്രശ്നം. കാരണം എന്താ എന്നല്ലേ..? കാരണം ഇവർക്ക് സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും അവഗണനകളും പുച്ഛവും മാത്രമായിരിക്കും. സ്വന്തം വീട്ടിൽ നിന്നടക്കം. ചിത്രം സിനിമയിൽ ലാലേട്ടനെ ഊണ് കഴിക്കാൻ വിളിക്കാൻ രഞ്ജിനി ചേച്ചി നെടുമുടി വേണു ചേട്ടനോട് പറയുന്ന ആ ഒരു രീതിയുണ്ടല്ലോ അതൊന്ന് തിരിച്ച് ഇട്ടാൽ സംഭവം പെർഫെക്ട് ആണ്. അതായത് അതിൽ വായ് നോക്കിയെക്കൂടെ വിളിച്ചോളാൻ പറയുന്നത് അവസാനവും അദ്ദേഹത്തെക്കൂടെ വിളിക്കാൻ പറയുന്നത് ആദ്യവും ആക്കിയാൽ കറക്റ്റ് ആയിരിക്കും. ഈ കാര്യത്തിൽ വീട്ടുകാരും,കൂട്ടുകാരും, ബന്ധുക്കളും, നാട്ടുകാരും എല്ലാം ഒറ്റക്കെട്ടായിരിക്കും എന്നതാണ് ഒരു പ്രത്യേകത. ഒരു വിലയും ഇല്ലാത്തവനായി ഇവരുടെയൊക്കെ മുൻപിലൂടെ ഇങ്ങനെ നടക്കാം.
മറ്റൊന്ന് പെട്ടന്ന് നാല് പുത്തൻ കൈയ്യിൽ വന്നാലോ അല്ലേൽ ജീവിതനില മെച്ചപ്പെട്ടാലോ കൂടെ നിന്നവനെ പാടേ ഒഴിവാക്കുന്ന ഒരു കൂട്ടരാണ്. അതുവരെ എല്ലാത്തിനും കൂടെ നിന്നവനെ മൈൻഡ് ചെയ്യാത്ത ഒരു വിഭാഗം.
ഇത്തരത്തിൽ അവഗണനകളുടേയും ഒഴിവാക്കലുകളുടേയും പല പതിപ്പുകളും നമുക്കിടയിലുണ്ടല്ലോ....
ഇത്തരം കാര്യങ്ങൾ പലരേയും പലവിധത്തിലാണ് ബാധിക്കുന്നത്.... ചിലർക്ക് മനസ്സിൽ അതൊരു വാശിയായി മാറും, മറ്റു ചിലർക്ക് മനോനില പാടേ തകരും, ചിലർക്ക് കേൾക്കുമ്പോൾ അല്ലേൽ അനുഭവിക്കുന്ന ആ ഒരു നിമിഷം തോന്നുന്ന ഒരു വിഷമം മാത്രമായിരിക്കും. ഇതിപ്പോ അവഗണനകളുടെ ഏത് അവസ്ഥയെടുത്താലും കൂടെ നിന്നവർ അകലുന്ന ഒരു രീതിയാണ് മിക്കതിലും ഉണ്ടാവുക അങ്ങനെ വരുന്നൊരു അവസ്ഥയിലാണ് പലരുടേയും മനസ്സ് കൈവിട്ട് വിഷാദത്തിലേക്ക് ഒക്കെ നീങ്ങുന്നത്. പെട്ടന്നുള്ള ആ ഒരു ഒറ്റപ്പെടൽ അത് അനുഭവിച്ചവർക്ക് അറിയാം എത്രത്തോളം വേദനയുള്ള കാര്യമാണെന്ന്.
ഈയൊരു അവസ്ഥയുടെ ഏത് തലങ്ങളിൽ ഉള്ളവൻ ആണേലും അങ്ങനെ അവഗണനകൾ ഏറ്റുവാങ്ങി മനസ്സ് തകർന്ന് ഇരിക്കുമ്പോൾ സമാധാനിപ്പിക്കാൻ എന്ന് പറഞ്ഞു പോകുന്നൊരു കൂട്ടാരുണ്ട്..... അവരുടെ കോമൺ ആയിട്ടുള്ള ചില വാക്കുകളിലേക്ക്ക് കടക്കാം അല്ലേ.... "ഈ കാര്യത്തിനൊക്കെ ഇങ്ങനെ വിഷമിച്ചാലോ... ഞാനൊക്കെ അനുഭവിച്ച് വെച്ച് നോക്കിയാൽ ഇതൊക്കെ ചെറുത്, ലോകത്തുള്ള മറ്റുള്ള കാര്യങ്ങൾ ചിന്തിച്ചാൽ ഇതൊക്കെ ഒരു വിഷമമാണോ, അയ്യേ നീയെന്താ കൊച്ചു കുട്ടികളെപ്പോലെ, പ്രായം ഇത്രയും ആയിട്ട് കരയുന്നോ, അവനെയൊന്നും സഹായിക്കാൻ പോകരുത് എന്ന് അപ്പോഴേ പറഞ്ഞതല്ലേ ആ സമയം നാട്ടുകാർക്ക് വല്ല നന്മയും ചെയ്തൂടായിരുന്നോ, അല്ലേലും അവള് /അവൻ പോക്ക് ആണ് ഞാൻ തന്നെ എത്ര തവണ അങ്ങനെ കണ്ടിരിക്കുന്നു," ഇതൊക്കെയാണ് ഈ പറഞ്ഞവരുടെ സമാധാനിപ്പിക്കൽ. ഈ വിവരദോഷികൾ അറിയുന്നില്ല അവര് ചെയ്യുന്നത് മുറിവിൽ മുളക് തേക്കൽ ആണെന്ന്. പെൺകുട്ടികൾ രാത്രി ഇറങ്ങി നടക്കാൻ പാടില്ല എന്ന് പണ്ട് ഏതോ വിവരദോഷി പറഞ്ഞു പിടിപ്പിച്ചത് പോലെ വേറെ ഒരു വിവരദോഷി ആളുകൾക്കിടയിൽ പരത്തിയൊരു ധാരണയുണ്ട് ആൺകുട്ടികൾ കരയാൻ പാടില്ല എന്ന്..... ഈ പറഞ്ഞവരുടെ മറ്റൊരു ഉപദേശമാണത്. അതെന്താ ആൺകുട്ടികൾ കരഞ്ഞാൽ..? അവർക്ക് ഈ പറഞ്ഞ വികാരം ഒന്നും ഇല്ലേ..? അത് അങ്ങനെ കുറേ എണ്ണം.
ഒരാളെ അങ്ങറ്റം വിശ്വസിച്ച് ഇഷ്ടപ്പെട്ട് അയാൾക്ക് വേണ്ടി നിലകൊണ്ട് പല കാര്യങ്ങളും അയാൾക്ക് വേണ്ടി ചെയ്ത് കൊടുത്ത് അയാൾ നല്ല നിലയിൽ എത്തിയാലും മറ്റും നമ്മളെ തിരിഞ്ഞു നോക്കാതെ ഇരിക്കുമ്പോൾ കിട്ടുന്ന ഒരു ഉപദേശമുണ്ട് "ഇതാണ് പറഞ്ഞത് ആരേയും അമിതമായി വിശ്വസിക്കരുത് സഹായിക്കരുത് എന്ന് കിട്ടിയപ്പോൾ പഠിച്ചല്ലോ അല്ലേ " ശരിയാണ് ഒരാളെ അമിതമായി വിശ്വസിച്ച് അയാൾക്ക് വേണ്ടി രാപ്പകൽ ഇല്ലാതെ ഓടി നടന്ന് സ്വന്തം കാര്യം പോലും മറന്ന് അയാളെ സഹായിക്കുമ്പോൾ ഒരിക്കലും സ്വപ്‌നത്തിൽ പോലും ആരും കരുതില്ല അയാൾ ഇങ്ങനെയൊക്കെ ചെയ്യും എന്ന്. അപ്പൊ ഉണ്ടാവുന്ന ഒരു വിഷമം ഉണ്ടല്ലോ അത് വല്ലാത്തൊരു അവസ്ഥയാണ്. എന്ന് വെച്ച് മറ്റുള്ളവർ പറയുന്നത് കേട്ട് സ്വന്തം വ്യക്തിത്വം മാറ്റി വെച്ച് മറ്റൊരാളായി ജീവിക്കാൻ നമ്മൾ തയ്യാറാവരുത്.... സഹായിക്കണം സഹായം ആവശ്യമുള്ളവർക്ക് നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യണം ഒപ്പം നിൽക്കണം. ഈ കാര്യത്തിൽ വിഷമം എങ്ങനെയാ വരുന്നത്..? നമ്മള് ചെയ്തത് അല്ലേൽ കൊടുത്ത കരുതൽ തിരിച്ചു പ്രതീക്ഷിക്കുമ്പോൾ അല്ലേ..? അപ്പൊ എന്ത് ചെയ്യണം തിരിച്ച് ഒന്നും പ്രതീക്ഷിക്കാതിരിക്കണം അങ്ങനെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കണം.... ഒട്ടും എളുപ്പമുള്ള കാര്യമല്ല അത് മനുഷ്യൻ ആകുമ്പോൾ കൊടുത്ത സ്നേഹവും കരുതലും ഒക്കെ ഒരു അവസരത്തിൽ തിരിച്ചു പ്രതീക്ഷിക്കും അതിനെ ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല. ആ മൈൻഡ് മാറ്റിയെടുക്കാൻ സമയം എടുക്കും. അങ്ങനെ വരുമ്പോൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ ലഭിക്കുന്ന ചെറിയ കൈത്താങ് പോലും നമ്മളിൽ വലിയ സന്തോഷം ആയിരിക്കും ഉണ്ടാക്കുന്നത് പ്രതീക്ഷിക്കാതെ കിട്ടുന്നതിന് അല്ലേ എപ്പോഴും ശോഭയേറുന്നത്.
നേരത്തെ പറഞ്ഞ ഉപദേശികളിലേക്ക് പോയാൽ.... നിങ്ങൾക്ക് ചെറുത് എന്ന് തോന്നുന്ന കാര്യങ്ങൾ അത് എന്ത് തന്നെ ആയിക്കൊള്ളട്ടെ അത് അനുഭവിക്കുന്നവന് അവന്റെ ജീവിതമാണ് എന്ന് ഓർക്കണം. അതിനെ വില കുറച്ച് കണ്ട് കൊണ്ട് ഒരിക്കലും അയാളോട് സംസാരിക്കാൻ പോകരുത്. ഇതൊക്കെയാണോ ഒരു പ്രശ്നം എന്നുള്ള രീതിയിൽ ഒന്നിനേയും വില കുറച്ച് കണ്ട് കൊണ്ട് പെരുമാററരുത് കുഴിയിൽ വീണ ഒരാളെ പിടിച്ചു കയറ്റാൻ നിങ്ങൾ കൈ കൊടുക്കുകയാണ് എന്ന ചിന്തയാണേൽ അത് തെറ്റ് ആണ് നിങ്ങൾ അതിലേക്ക് മണ്ണ് വാരിയിടുകയാണ് ചെയ്യുന്നത്. ഒരിക്കലും അങ്ങനെ ഒറ്റപ്പെട്ട അവസ്ഥയിൽ വിഷമിച്ച് ഇരിക്കുന്ന ഒരാളുടെ മുൻപിലേക്ക് ഉപദേശവുമായിട്ട് പോകരുത് അതിപ്പോ അമ്മയായാലും അച്ഛൻ ആയാലും മക്കൾ ആയാലും ഭാര്യ/ഭർത്താവ് തുടങ്ങി ആര് തന്നെ ആയാലും ഉപദേശമായി പോകരുത്. ആ സമയത്ത് അവർക്ക് ആവശ്യം അവരെ ഒറ്റപ്പെടുത്താതെ ചേർത്ത് നിർത്തുന്ന ഒരാളെയാണ്. അതിന് ആദ്യം വേണ്ടത് നന്നായി ഒരാളെ മനസ്സിലാക്കാനുള്ള മനസ്സാണ്. അയാൾക്ക് ആ സമയം നിങ്ങൾ പകർന്നു നൽകുന്ന ധൈര്യം നീണ്ട പ്രസംഗം ഒന്നും ആവണമെന്നില്ല ഒരു ആലിംഗനമോ ഒന്നോ രണ്ടോ വാക്കുകളോ ആയാൽ മതിയാകും ചോർന്ന് പോയ അയാളുടെ പ്രതീക്ഷകൾക്കും മറ്റും ഒരു ഗ്രീൻ സിഗ്നൽ വീണ്ടും ലഭിക്കാൻ.
ചെറുപ്പത്തിൽ നമ്മൾ ഒരു ആഗ്രഹം പറയുമ്പോൾ വീട്ടുകാർ പറഞ്ഞു തരുന്നൊരു കാര്യമുണ്ട് അപ്പുറത്തെ വീട്ടിൽ ഇന്നത് ഉണ്ടെന്ന് കരുതി നമ്മളും അത് ആഗ്രഹിക്കാൻ പാടില്ല എന്ന് ഇതേ ആളുകൾ ആണ് മറ്റു ചില കാര്യങ്ങളുടെ പേരിൽ മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യുന്നത്. അവന്റെ മാർക്ക് നോക്ക് അവനെ കണ്ടു പഠിക്ക്, അവന്റെ ശമ്പളം എത്രയാന്ന് അറിയോ, അവന്റെ ജോലി എന്താന്ന് അറിയോ കണ്ട് പഠിച്ചോ തുടങ്ങി ഒരു ലോഡ് കുറ്റപ്പെടുത്തലുകളും ഉപദേശവും വാരി വിതറും. മറ്റുള്ളവന്റെ പ്രശസ്തി നോക്കി ഒരിക്കലും മക്കളെ അളക്കരുത് നിന്നെക്കൊണ്ട് അതിലും നല്ല നിലയിൽ എത്താൻ പറ്റും എന്ന് ധൈര്യം കൊടുക്കുന്ന എത്ര ആളുകൾ ഉണ്ട് നമുക്കിടയിൽ..?
പ്രണയത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പ്രണയം തകർന്നിരിക്കുന്ന ഒരാളോട് പലർക്കും ഭയങ്കര പുച്ഛമാണ്. അവിടെ വരുന്ന ഒരു ക്ലീഷേ ഉപദേശമുണ്ട് "ഒരു പെണ്ണിന് / ആണിന് വേണ്ടി കളയാനുള്ളതാണോ നിന്റെ ജീവിതം അവള് പോയാൽ മറ്റൊരുത്തി" ഇതാണ് അങ്ങനെ വിഷമിച്ച് ഇരിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. അത്തരം ഒരു സന്ദർഭത്തിൽ ഒന്നും പറയാൻ പോയില്ലേലും പ്രശ്നമില്ല ഇമ്മാതിരി വാക്കുകളുമായി കടന്നു ചെല്ലരുത്. മുകളിൽ പറഞ്ഞത് പോലെ നിങ്ങൾക്ക് അത് പറഞ്ഞു ചിരിക്കാനുള്ള ഒരു വക മാത്രമായിരിക്കും പക്ഷേ അയാൾക്ക് അത് അയാളുടെ ജീവിതം ആയിരിക്കും. ആത്മാർത്ഥമായി പ്രണയിച്ച ഒരാൾക്ക് ആ പാതി വിട്ട് പോകുമ്പോൾ ഉണ്ടാവുന്ന മനോവിഷമത്തെ ഈ പറഞ്ഞ രീതിയിൽ അളക്കാൻ പോകരുത്. അയാൾക്ക് വേണ്ടത് നിങ്ങളുടെ ഉപദേശം അല്ല ഈ പറഞ്ഞത് പോലെ കൈത്താങ് തന്നെയാണ്.
ഇത്തരത്തിൽ പല തരത്തിലുള്ള അവഗണനകളും ഒഴിവാക്കപ്പെടലുകളും കാരണം ഒറ്റപ്പെട്ട് പോകുന്നവർക്ക് മനസ്സ് തുറന്ന് സംസാരിക്കാനോ എന്തിന് ആ വിഷമം ഒന്ന് കരഞ്ഞു തീർക്കാനോ പോലും നമ്മുടെ സമൂഹം അനുവദിക്കുന്നില്ല എന്നതാണ് സത്യം. മനസ്സിലെ വലിയ ഭാരം ഒന്ന് ഇറക്കി വെക്കാൻ ഉള്ള് തുറന്ന് ഒന്ന് സംസാരിക്കാൻ ഒരാള് ഉണ്ടേൽ ഒരു പരിധി വരെ അവർക്ക് അത് വലിയൊരു ആശ്വാസമായിരിക്കും. പക്ഷേ അവരെ മനസ്സിലാക്കി അവർക്ക് ഒപ്പം നിൽക്കുന്നവർ വിരളമായിരിക്കും. അങ്ങനെ സംസാരിക്കാൻ പറ്റിയ ഒരാളാണ് എന്ന് തോന്നിയാൽ തീർച്ചയായും അവര് സംസാരിച്ചിരിക്കും. അല്ലാത്ത പക്ഷം കരഞ്ഞു തീർക്കുക എന്നതാണ് അവർക്ക് മുന്നിലുള്ള മറ്റൊരു പോം വഴി പക്ഷേ അതിനും ആരും സമ്മതിക്കില്ല കരയാൻ പാടില്ല ആൺകുട്ടികൾ കരയാൻ പാടില്ല പെൺകുട്ടികൾ ഇങ്ങനെ മൂടിപ്പിടിച്ച് ഇരിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ് അവിടേം നിയന്ത്രണം കൊണ്ട് വരും. മനസ്സിൽ കിടന്ന് ആ കാര്യം ഇങ്ങനെ കനല് പോലെ എരിഞ്ഞ് എരിഞ്ഞ് പല അസുഖങ്ങളും വരുത്തിവെക്കാൻ ഇടയാകും. അതിലേറെ സൂക്ഷിക്കേണ്ട കാര്യം അവരുടെ മനസ്സ് കൈവിട്ട് പോകുന്നതാണ് വിഷാദവും മറ്റുമായി അതിന്റെ മറ്റുള്ള അവസ്ഥകളിലേക്ക് പോയി കഴിഞ്ഞാൽ തിരിച്ചു വരാൻ ഭയങ്കര പാടാണ്.
മുകളിൽ പറഞ്ഞതും പറയാത്തതുമായ അവഗണനകളുടെ എല്ലാ അവസ്ഥകളിലൂടേയും കടന്ന് പോയിട്ടുള്ള അല്ലേൽ പോക്കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. എത്രത്തോളം ഭീകരമാണ് ഇത്തരം അവസ്ഥകൾ എന്ന് എനിക്ക് നല്ലത് പോലെ അറിയാം. ആ സമയത്ത് ഭയങ്കരമായി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് മനസ്സ് തുറക്കാൻ ഒരാള്.... പക്ഷേ കിട്ടില്ല.... ഏറ്റവും അടുത്തവരോട് പോലും നമ്മുടെ വിഷമം അല്ലേൽ അവസ്ഥ പറയുമ്പോൾ തിരിച്ചു കിട്ടുന്നത് മേല്പറഞ്ഞ ഉപദേശങ്ങൾ മാത്രമായിരിക്കും പിന്നെ കുറച്ച് നാടക സിനിമാ ഡയലോഗുകൾ ചേർത്ത മോട്ടിവേഷൻ ക്ലാസ്സും. (ഇപ്പോഴത്തെ ട്രെൻഡ് ഡയലോഗ് ഇൻസൾട്ട് ആണ് ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ് എന്നാണ് ) ഒരാളെ മനസ്സിലാക്കുക എന്നതാണ് അവിടെ പ്രധാനം അതിന് പലർക്കും പറ്റാറില്ല എന്നതാണ് സത്യം.
അത്തരമൊരു അവസ്ഥയിൽ ഇരിക്കുമ്പോൾ വീട്ടുകാർ പോലും കുറ്റപ്പെടുത്തുന്ന രീതിയിലാണ് പലയിടങ്ങളിലും സംസാരിക്കുക. "നീ വരുത്തി വെച്ചതാണ്, എന്തിന്റെ കേടായിരുന്നു നിനക്ക് " മുതലായ പല്ലവികൾ ആയിരിക്കും അവിടന്ന് വരുന്നത്. അവര് സ്നേഹം കൊണ്ടും സങ്കടം കൊണ്ടും പറയുന്നതായിരിക്കാം പക്ഷേ അത് അത്തരമൊരു അവസ്ഥയിലിരിക്കുന്ന ആൾക്ക് ഒരിക്കലും മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ പറ്റിയെന്ന് വരില്ല. എല്ലായിടത്തും ഒറ്റപ്പെട്ടു എന്ന ചിന്ത അവരെ മറ്റു പലതിനും പ്രേരിപ്പിക്കും.
ഒരിക്കൽ കൂടെ പറയുന്നു ഈ സമയത്ത് അവർക്ക് വേണ്ടത് ഉപദേശങ്ങളോ, കുറ്റപ്പെടുത്തലുകളോ ഒന്നും അല്ല. അവരെ ചേർത്ത് പിടിച്ച് ധൈര്യം പകരലാണ് വേണ്ടത്. ഒറ്റയ്ക്ക് അല്ല കൂടെ ഞാൻ അല്ലേൽ ഞങ്ങൾ ഉണ്ട് എന്ന ബോധം അവരിൽ ഉണ്ടാക്കിയെടുക്കണം. അവരുടെ പ്രശ്നത്തെ ഒരിക്കലും ചെറുതാക്കി കാണാതെ, സംസാരിക്കാതെ അതിന് വലിയ വില കൽപ്പിച്ചു കൊണ്ട് കേൾവിക്കാരനാകണം. ഓർക്കുക നമുക്ക് ചെറുത് എന്ന് തോന്നുന്ന പ്രശ്നങ്ങൾ ഓരോരുത്തർക്കും അവരുടെ ജീവിതമാണ്. കൂട്ടുകാരൻ /കൂട്ടുകാരി അല്ലേൽ സഹോദരൻ /സഹോദരി അല്ലേ അതുകൊണ്ട് ഒന്ന് കേൾക്കാം അല്ലേൽ ഒരു ചടങ്ങിന് അവരുടെ കൂടെ ഇരുന്ന് കേൾക്കാം എന്ന രീതിയിൽ ആവരുത് മനസ്സറിഞ്ഞു വേണം അവർക്കൊപ്പം നിൽക്കാൻ ആ സമയത്ത് അയാളുടെ മനസ്സ് തന്നെ ആവണം നമുക്കും അയാളുടെ ഭാഗത്ത് നിന്ന് ചിന്തിക്കാൻ സാധിക്കണം. അയാളുടെ പ്രശ്നവും വേദനയും നമ്മുടേതും കൂടെ ആയി കാണാൻ സാധിക്കണം,ഉള്ളിൽ തൊട്ട് ചേർത്ത് നിർത്തണം. അല്ലാതെ ഒറ്റപ്പെട്ടവനെ വീണ്ടും കുഴിയിലേക്ക് തള്ളിയിടരുത്.
അങ്ങനൊരു കുഴിയിൽ വീണ് കയറിപ്പോരാൻ പറ്റാതെ കിടക്കുന്നവരും ആ ഒരു അവസ്ഥയിൽ നിന്ന് കര കയറി അവിടെ തന്നെ വീണ് കിടക്കുന്നവരും കര കയറി മേല്പറഞ്ഞ വാശിയിൽ വിജയം കൈവരിച്ചവരും മുതൽ പല കാറ്റഗറികൾ ഉണ്ട് ആ കാര്യത്തിൽ. വിജയം കൈവരിച്ചവൻ എന്തായാലും ഒരിക്കലും ഒറ്റയ്ക്ക് ആയിരിക്കില്ല അവന് ഒരു കൈത്താങ് ആയി മാറിയൊരു വ്യക്തി കൂടെയുണ്ടാവും മുകളിൽ പറഞ്ഞ രീതിയിൽ അയാൾക്കൊപ്പം നിന്നൊരാൾ. പക്ഷേ അങ്ങനെയുള്ളവ വിരളമായിരിക്കും എന്നതാണ് സങ്കടകരമായ വസ്തുത.
അനുഭവങ്ങളിലൂടെ പറഞ്ഞൊരു കാര്യമാണ് എത്രത്തോളം ആളുകൾക്ക് മനസ്സിലാകുമെന്നും എത്രത്തോളം യുക്തിയുണ്ടെന്നുമൊക്കെ തീരുമാനിക്കേണ്ടത് വായിക്കുന്നവരാണ്. അനുഭവം ഗുരു എന്നാണല്ലോ..... അനുഭവത്തിന്റെ വെളിച്ചത്തിൽ ഇരുന്ന് കൊണ്ട് പറഞ്ഞ കാര്യങ്ങളാണ് ഇവ. അനുഭവിച്ചവനല്ലേ അറിയൂ അതിന്റെ ആഴവും വ്യാപ്തിയുമെല്ലാം. വളരെ വേദനയുള്ളൊരു കാര്യമാണ് ഈ അവഗണന എന്നൊരു സംഭവം. നമ്മുടെ ഒരു പുഞ്ചിരി പോലും മറ്റുള്ളവന് പകർന്നു നൽകുന്നത് വലിയൊരു ഉന്മേഷം ആണ് അതുകൊണ്ട് ഈ പറഞ്ഞ ആർക്ക് നേരേയും മുഖം തിരിക്കാതിരിക്കൂ നമ്മുടെ ഒരു വാക്കോ പ്രവർത്തിയോ മതി മറ്റുള്ളവന്റെ ജീവിതത്തെ താറുമാറാക്കാൻ ആ ഒരു ഓർമ്മയുണ്ടായാൽ നല്ലതാണ്.
അവഗണന
Reviewed by
on
03:54
Rating:
💯❤️
ReplyDelete❤️❤️
Delete❤️
ReplyDelete❤️❤️
Delete💐
ReplyDelete🙏🏻❤️
Delete✔️ ❣️
ReplyDelete❤️❤️
Delete