സോസൈറ്റി ഒരു ഡാഷ് ആണ്

  ഈയടുത്ത് റിലീസ് ആയൊരു മലയാള സിനിമയിലെ ഡയലോഗ് ആണ് സോസൈറ്റി ഒരു ഡാഷ് ആണ് എന്നത്. ആ കാര്യം അക്ഷരംപ്രതി ശരിയാണ്. എന്താണെന്നല്ലേ..? പറയാം....

ഈയടുത്ത് സിനിമാ മേഖലയിൽ ജോലി ചെയ്യുന്ന സീതാ ലക്ഷ്മി അവർക്ക് ജീവിതത്തിൽ നേരിടേണ്ടി വന്നൊരു മോശം കാര്യം തുറന്ന് പറഞ്ഞിരുന്നു. വലിയ ചർച്ചകൾക്ക് വഴി വെച്ച എന്നാൽ രണ്ട് ദിവസം കൊണ്ട് എല്ലാവരും മറന്ന് പോകാവുന്ന ഒരു കാര്യം. (അങ്ങനെ പറയാൻ കാരണം മറ്റുള്ളവർക്ക് എന്തൊക്കെ സംഭവിച്ചാലും അടുത്ത വാർത്ത വരുന്നത് വരെയേയല്ലേ അതിന് ആയുസ്സുള്ളൂ. ) അപ്പൊ പറഞ്ഞു വന്നത് സീതാലക്ഷ്മി പറഞ്ഞ കാര്യം. ഒറ്റയ്ക്ക് താമസിക്കുന്ന അവരെ സമൂഹം നോക്കിക്കാണുന്നതും അവർക്ക് എതിരെയുള്ള കപട സദാചാര വാദികളുടെ ആക്രമണവുമൊക്കെയാണ് സീതാ ലക്ഷ്മി പറഞ്ഞത്. വളരെ ഗൗരവത്തോടെ കാണേണ്ട കാര്യം. ഒരു സീതാലക്ഷ്മിമാരല്ല ആയിരക്കണക്കിന് സീതാലക്ഷ്മിമാരാണ് ദിവസേന ഇത്തരത്തിലുള്ള ആക്രമണങ്ങൾ നേരിടുന്നത്.

ഭർത്താവ് മരിച്ച അല്ലേൽ വിവാഹബന്ധം വേർപ്പെടുത്തി കഴിയുന്ന അതുമല്ലേൽ ഭർത്താവ് അന്യനാടുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും അവരുടെ പെണ്മക്കൾക്കുമാണ് ഇത്തരം അക്രമങ്ങൾ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത്. ഇങ്ങനെ ഓരോ സാഹചര്യം കൊണ്ട് ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെ പലരും നോക്കി കാണുന്നത് മറ്റൊരു കണ്ണു കൊണ്ടാണ്. ഭർത്താവ് മരിച്ചതാണ് അല്ലേൽ ഭർത്താവ് ഒഴിവാക്കിയതാണ് അതുമല്ലേൽ ഭർത്താവ് നാട്ടിലില്ല അതുകൊണ്ട് ഇവളെ മുട്ടിയാൽ കിട്ടും അവള് കടി മൂത്ത് ഇരിക്കുകയായിരിക്കും ഇതൊക്കെയാണ് ഈ പറഞ്ഞവരുടെ ചിന്തകൾ. പ്രത്യേകിച്ച് വിവാഹബന്ധം വേർപെടുത്തി കഴിയുന്നവരെയാണ് ഈ പറഞ്ഞവർ ഏറ്റവും കൂടുതൽ വേറൊരു കണ്ണ് കൊണ്ട് നോക്കി കാണുന്നത്. ഭർത്താവിന്റെ തെറ്റുകൊണ്ട് അങ്ങനൊരു തീരുമാനത്തിൽ എത്തിച്ചേരേണ്ടി വന്നവരാണേലും കുറ്റം സ്ത്രീകൾക്ക് ആയിരിക്കുമല്ലോ നമ്മുടെ നാട്ടിൽ അതാണല്ലോ ഇവിടത്തെ ഒരു ആചാരം. അതുകൊണ്ട് തന്നെ ഭർത്താവുമായി പിരിഞ്ഞു താമസിക്കുന്ന സ്ത്രീകൾ എല്ലാം കാമപ്രാന്ത് തലയ്ക്ക് പിടിച്ചു നടക്കുന്നവർ ആണ് എന്നൊരു ചിന്തയുള്ള വലിയൊരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്. അവരോട് കൂടെ കിടക്കണം എന്നും പറഞ്ഞ് ചെല്ലുമ്പോൾ അവരുടെ കൈയ്യിൽ നിന്നും കണക്കിന് കിട്ടിയ ഒരുത്തൻ ആ ദേഷ്യത്തിൽ പറഞ്ഞു പരത്തുന്നത് അവളെ സുഖമായി കിട്ടും ഞാൻ കണ്ടിട്ടുണ്ട് അവിടേം ഇവിടേം ഒക്കെ മറ്റുള്ളവരുടെ കൂടെ കറങ്ങുന്നത് എന്നൊക്കെയായിരിക്കും. അത് തൊണ്ട തൊടാതെ വിഴുങ്ങി പല രീതിയിൽ പറഞ്ഞു പരത്താൻ വലിയൊരു ഗ്യാങ് വേറെയും കാണും. പിന്നീട് അവരെ കാണുമ്പോൾ ഒരു വൃത്തികെട്ട നോട്ടവും ചൂളം വിളികളും അടക്കം പറച്ചിലുകളുമായി ഈ കൂട്ടർ പിന്നാലെ കാണും. സ്ത്രീകളും മോശമല്ല ഇത്തരം കാര്യങ്ങൾ കേട്ടാൽ സത്യാവസ്ഥ അന്വേഷിക്കാതെ ഇത്തരം ഇക്കിളി വാർത്തകൾ പറഞ്ഞു പരത്താനാണ് പലർക്കും താല്പര്യം.

ഇനി മറ്റൊരു വിഭാഗം എന്ന് പറയുന്നത് എന്തും ഓപ്പൺ ആയി സംസാരിക്കുന്ന പെൺകുട്ടികളെ പറ്റിയുള്ള അവിഹിത കഥകൾ രചിക്കുന്നവരാണ്. "അവള് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് കണ്ടില്ലേ.... അവള് പോക്ക് കേസ് ആണ് അല്ലാതെ എല്ലാരോടും ഇങ്ങനെ ചിരിച്ച് കുഴഞ്ഞ് നടക്കുവോ" മറ്റൊരു വിഭാഗം എന്ന് പറയുന്നത് മോഡേൺ ആയി വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ എല്ലാം അഴിഞ്ഞാടി നടക്കുന്നവരാണ് എന്ന് പറയുന്നവരാണ്. "അവള് ഇടുന്ന ഡ്രസ്സ് ഒക്കെ കണ്ടില്ലേ കടി മൂത്ത് നടക്കുവാണ് അതാണ് ഇതൊക്കെ നാട്ടുകാരെ കാണിക്കുന്നത്." ഇത്തരത്തിലാണ് ഈ കൂട്ടരുടെ സംസാരം.

അച്ഛൻ ഇല്ലാതെ വളരുന്ന പെൺകുട്ടികൾക്ക് ഒക്കെ എത്രയൊക്കെ കാലം മാറി എന്ന് പറഞ്ഞാലും നമ്മുടെ നാട്ടിൽ ജീവിക്കാൻ ഭയങ്കര പാടാണ്. ഒരു കടയിൽ പോയാൽ കൊത്തിവലിക്കുന്ന നോട്ടങ്ങളും കമന്റുകളുമൊക്കെ കണ്ടും കേട്ടും വേണം അവർക്ക് തിരിച്ചു വരാൻ. ലൈംഗിക ചുവയോടെയുള്ള സംസാരങ്ങളുമായി അച്ഛന്റെ പ്രായമുള്ളവർ വരെ അവർക്ക് പിന്നാലെ കാണും. ഇനി അതൊരു ഭർത്താവ് ഇല്ലാത്ത സ്ത്രീ ആണേൽ അമ്മയുടെ പ്രായം ആണേലും അവരെ കൊത്തി വലിക്കാൻ കുറേ എണ്ണം കാണും.

സ്ത്രീകൾക്ക് സമൂഹം പതിച്ചു നൽകിയ കുറേ അതിരുകളുണ്ട് അതിലൊന്നാണ് ഈ അസമയം എന്നൊക്കെ പറയുന്ന ആ പ്രത്യേക സമയം. ഇന്ന സമയം കഴിഞ്ഞാൽ സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ല, സ്ത്രീകൾ ഇന്നത് ചെയ്യാൻ പാടില്ല, ഇന്നതേ പറയാവൂ തുടങ്ങി ഒരുപാട് അതിരുകൾ. ഈ അതിരുകൾ താണ്ടി ആരെങ്കിലും പുറത്ത് വന്നാൽ പിന്നെ അവർക്ക് നേരെ പല തരത്തിലുള്ള ചോദ്യ ശരങ്ങളും കുറ്റപ്പെടുത്തലുകളുമാണ്. ജോലിക്ക് പോകുന്ന സ്ത്രീ സന്ധ്യക്ക് മുൻപ് വീട്ടിൽ എത്തണം, സ്ത്രീകൾ രാത്രി പുറത്ത് ഇറങ്ങാൻ പാടില്ല അങ്ങനെയുള്ളവർ ഒന്നും നല്ല കുടുംബത്തിൽ പിറന്നവരല്ല. തുടങ്ങി പല തരത്തിൽ സംസാരം തുടങ്ങും പലരും. സ്ത്രീകൾക്ക് മാത്രം എങ്ങനെയാ ഒരു സമയം അസമയം ആകുന്നത്..? പുരുഷന് ഏത് സമയത്തും പുറത്തിറങ്ങാമെങ്കിൽ സ്ത്രീകൾക്ക് എന്താ അതിന് പറ്റാത്തത്..? ഇപ്പോഴും പണ്ടത്തെ നൂറ്റാണ്ടിൽ നിന്ന് പുറത്ത് വരാത്ത ഒരുപാട് ആളുകൾ ഉണ്ട് അതിൽ ചെറുപ്പക്കാർ അടക്കം ഉണ്ട് എന്നതാണ് സങ്കടം.

വേറൊരു വിഭാഗം പെൺകുട്ടികൾ എന്തൊക്കെ ചെയ്യുന്നു ആരുടെയൊക്കെ കൂടെ നടക്കുന്നു എന്ന സെൻസസ് എടുക്കാൻ നടക്കുന്നവരാണ്. കൂട്ടുകാരുടെ കൂടെ സിനിമയ്ക്ക് പോയാൽ അല്ലേൽ കൂട്ടുകാരന്റെ ബൈക്കിൽ കയറിയാൽ അവള് പോക്ക് കേസ് ആണ് കണ്ണീ കണ്ടവരുടെ കൂടെ നടക്കൽ ആണ് പണി എന്നും പറഞ്ഞ് നാട് മൊത്തം പോസ്റ്റർ ഒട്ടിക്കും. അവര് ആരുടെ കൂടെ പോയാലും നിങ്ങൾക്ക് എന്താണ്..? കൂട്ടുകാരന്റെ കൂടെ ബൈക്കിൽ കയറിയാൽ അവൾ എങ്ങനെ മോശം പെൺകുട്ടിയാവും..? അവന്റെ കൂടെ സിനിമയ്ക്ക് പോയാൽ എങ്ങനെ മോശം പെൺകുട്ടിയാവും..? ഒരാണും പെണ്ണും ഒരുമിച്ച് നടന്നാൽ അതിന് അവിഹിതം എന്ന അർത്ഥം മാത്രേ ഉള്ളോ..? അവൾക്ക് അവൻ ഒരു സഹോദരൻ ആയിരിക്കും.... നിങ്ങളുടെ കണ്ണിൽ എങ്ങനാ സഹോദരൻ ആവാൻ ഒരേ വയറ്റിൽ തന്നെ ജനിക്കണം എന്നാണോ..? രക്ത ബന്ധത്തിലും അപ്പുറം വിലയുള്ള ഒന്നാണ് സ്നേഹബന്ധം. ഇനിയിപ്പോ ആ പെൺകുട്ടി അവൾക്ക് ഇഷ്ടമുള്ള ആൾക്ക് ഒപ്പമാണ് നടക്കുന്നത് എന്നിരിക്കട്ടെ പ്രായപൂർത്തിയായ ഒരാളാണേൽ അവർക്ക് അതിനുള്ള അവകാശമുണ്ട് അതിന് നിങ്ങൾക്ക് എന്താ കുഴപ്പം..? അവരുടെ വീട്ടുകാർക്ക് ഇല്ലാത്ത ആദിയാണ് നാട്ടുകാർക്ക്. ഇതാരാ നിന്റെ കൂടെ എന്ന് പെൺകുട്ടിയോട് ചോദിച്ചാൽ എന്റെ ഏട്ടൻ ആണെന്ന് പറഞ്ഞാൽ അപ്പൊ ഈ പറഞ്ഞ കപട സദാചാര നാറികളുടെ തിരിച്ച് ചോദ്യം "ഞങ്ങൾ അറിയാത്ത ആങ്ങളയോ..? നിന്റെ അച്ഛനും അമ്മയ്ക്കും അങ്ങനൊരു പുത്രൻ ഉള്ളത് ഞങ്ങൾക്ക് അറിയില്ലല്ലോ....." ഇത്തരത്തിൽ ആയിരിക്കും സഹോദരൻ എന്നാൽ ഒരു ഉദരത്തിൽ പിറക്കണം എന്നില്ല സ്വന്തം ചോരയിൽ പിറന്നവരേക്കാൾ സ്നേഹം ഈ പറയുന്ന സഹോദരന്മാർക്ക് ഉണ്ടാവും എന്ന് ഈ പറയുന്നവർക്ക് അറിയാൻ വഴിയില്ലല്ലോ..... അപ്പൊ പറഞ്ഞു വന്നത് ആ പെണ്ണ് പിഴയാണ് അവള് കണ്ണീ കണ്ടവരുടെ കൂടെ ബൈക്കിൽ കയറി പോകുന്നവളാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നവരുടെ കണ്ണിൽ അമ്മ മകന്റെ കൂടെ ബൈക്കിൽ കയറിയാലും പെങ്ങള് ആങ്ങളയുടെ കൂടെ കയറിയാലും കണ്ണും ചിന്തയും പോകുന്നത് വേറൊരു തരത്തിൽ ആണ്. ആണുങ്ങൾക്ക് മാത്രം എന്നൊന്നും പറഞ്ഞ് ഇവിടെ ആരും ഒന്നും പതിച്ചു നൽകിയിട്ടില്ല എന്ന ഓർമ്മയുണ്ടായാൽ നന്ന്.

മോഡേൺ ഡ്രസ്സ്‌ ഇട്ട പെൺകുട്ടി എങ്ങനെ നിങ്ങളുടെ കണ്ണിൽ മോശമാകുന്നു..? എന്ത് വസ്ത്രം ധരിക്കണം എന്നുള്ളത് അവരവരുടെ ഇഷ്ടവും സ്വാതന്ത്ര്യവുമാണ് അതൊക്കെയുള്ള ഒരു ജനാധിപത്യ രാജ്യമാണ് ഇത്. അങ്ങനെയുള്ള വസ്ത്രം ധരിച്ചാൽ പീഡനം കൂടും എന്ന് പറയുന്ന അമ്മാവന്മാരോട് ചോദിച്ചോട്ടെ.... ഈ നാട്ടിൽ മോഡേൺ ഡ്രസ്സ്‌ ഇട്ട് നടക്കുന്നവർ മാത്രമാണോ പീഡിപ്പിക്കപ്പെടുന്നത്..? പർദ്ദ ഇട്ട് നടക്കുന്നവരും സാരിയും ചുരിദാറും ധരിക്കുന്നവരും എല്ലാം പീഡനത്തിന് ഇരകൾ ആവുന്നില്ലേ..? പ്രായമാണോ പിന്നെ പ്രശ്നം..? നാല് വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർ വരെ പീഡനത്തിന് ഇരയാകുന്നില്ലേ..? സമയമാണോ പ്രശ്നം..? രാത്രിയിൽ മാത്രമാണോ ഇവിടെ പീഡനങ്ങൾ നടക്കുന്നത് പകൽ അല്ലേ ഏറ്റവും കൂടുതൽ നടക്കുന്നത്. അപ്പൊ വസ്ത്രവും, പ്രായവും, സമയവും ഒന്നുമല്ല കാഴ്‌ചപ്പാടുകൾ ആണ് പ്രശ്നം.

ഈ പറഞ്ഞത് പോലെ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീകളെ പറ്റി അവള് വെടി, പടക്കം എന്നൊക്കെ പറയുന്ന ഒരുപാട് പേരുണ്ടല്ലോ അപ്പൊ ഈ പരസ്ത്രീ ബന്ധത്തിന് പോകുന്ന പുരുഷ കേസരികളെ എന്ത് പേരിട്ട് വിളിക്കണം..? മൈസൂരും, ഗുണ്ടിൽപേട്ടും മുതലായ പല സ്ഥലങ്ങളിലും വണ്ടിയും വാടകയ്ക്ക് എടുത്ത് കാമം തീർക്കാൻ പോകുന്ന ഒരുപാട് ആളുകൾ ഉണ്ട് ചോദിച്ചാൽ അഭിമാനത്തോടെ പറയും വെടി വെക്കാൻ പോയതാണ് കള്ളവെടി വെക്കാൻ പോയതാണ് എന്ന്. ആ സ്ത്രീകളെ വെടി എന്ന് മുദ്ര കുത്തുമ്പോൾ അങ്ങനെ പോകുന്ന നിങ്ങളെ എന്ത് പേരിട്ട് വിളിക്കണം ബോംബ് എന്നോ..? 

ഒരു തുണയില്ലാതെ ജീവിതം കൂട്ടിമുട്ടിക്കാനായി രാപ്പകലില്ലാതെ പെടാപ്പാട് പെടുന്ന ഒരുപാട് സ്ത്രീകൾ ഉണ്ട് ഈ നാട്ടിൽ.... വാടക, കുട്ടികളുടെ പഠിപ്പ്, വീട്ടു ചിലവ് തുടങ്ങി ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ഓടിയെത്താൻ നന്നേ പാട് പെടുന്നവർ ആ അവരെയൊക്കെയാണ് പലരും തങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നം കൊണ്ട് മറ്റു പല രീതിയിലും മുദ്ര കുത്തുന്നത്. അതൊക്കെ അവരിൽ ഉണ്ടാക്കുന്ന വിഷമം എത്രത്തോളം ആണെന്ന് അറിയണേൽ അത്തരമൊരു അവസ്ഥ സ്വന്തം വീട്ടിൽ ഉള്ളവർക്ക് വന്ന് നോക്കണം എന്നാലേ ഇത്തരത്തിൽ ഉള്ളവർ ഒക്കെ പഠിക്കൂ.

ഇതിനൊക്കെ സ്പോട്ടിൽ പ്രതികരിക്കുന്നവർ ഉണ്ട് അപ്പോഴും അവർക്ക് നല്ല പേരൊന്നും നമ്മുടെ നാട്ടുകാർ ചാർത്തി കൊടുക്കില്ല കേട്ടോ.... അവള് വലിയ ശീലാബതി ചമയുന്നു, അല്ലേൽ നിഷേധി അതുമല്ലേൽ ആണിനെപ്പോലെ നടക്കുന്നവൾ എന്നൊക്കെയാവും വിശേഷണം അതാണ് അവരോട് ചെയ്യുന്ന ഏറ്റവും വലിയ തെണ്ടിത്തരം. ആണിനെപ്പോലെ എന്ന വാക്ക്... ആണിന് എന്താ കൊമ്പുണ്ടോ..? ആണത്തം ഉള്ള പെണ്ണ് എന്ന് പറയുന്നതിന് പകരം ഇവളാണ് പെണ്ണ് എന്ന് പറയാൻ പഠിക്കണം. ഇനി ഇതിനൊക്കെ അപ്പൊ തന്നെ പ്രതികരിക്കണം പ്രതികരിക്കാത്തത് കൊണ്ടാണ് പലരും തലയിൽ കയറുന്നത് പ്രതികരിക്കാത്തത് അവൾക്ക് താല്പര്യം ഉള്ളത് കൊണ്ടാണ് എന്നൊക്കെ പറയുന്നവരോട്.... എതിർ ഭാഗത്ത് ഉള്ളവൻ അത്യാവശ്യം പിടിപാട് ഉള്ളവൻ ആണേൽ നിയമ പാലകർ പോലും അവർക്ക് അനുകൂലമായിരിക്കും പിന്നെ അതിന്റെ പേരിൽ ആയിരിക്കും പുകിലുകൾ അന്ന് ധൈര്യം കൊടുക്കുന്ന ആരും ഈ പറഞ്ഞവർക്ക് ഒപ്പം കാണില്ല. ഒരു പെൺകുട്ടിയാണ് ഈ പറയുന്ന സ്ത്രീയ്ക്ക് എങ്കിൽ അവര് കൂടുതൽ പ്രശ്നങ്ങൾക്ക് നിൽക്കാതെ ഒതുങ്ങി കൂടാൻ നോക്കും കാരണം മകളുടെ ഭാവി മാത്രമായിരിക്കും മനസ്സിൽ. ആ പേടി ഈ കൂട്ടർക്ക് വളരാനുള്ള വളം ആണേൽപ്പോലും അവരുടെ ഭാഗത്ത് നിന്ന് നോക്കുമ്പോൾ കുറ്റം പറയാൻ പറ്റില്ല. അങ്ങനെയാണ് നമ്മുടെ നാട്. ഉള്ളവന് എന്തും ആവാം ഇല്ലാത്തവന് പറ്റില്ല എന്ന രീതി തന്നെയാണ് ഇപ്പോഴും എത്രയൊക്കെ മാറ്റം വന്നു എന്ന് വാദിച്ചാലും സത്യം അതാണ്.

വേറൊരു കൂട്ടരുണ്ട് ഇതിന്റെയൊക്കെ അപ്പുറം വിഷമുള്ളവർ.... ഇങ്ങനെ ഒറ്റയ്ക്ക് ആയിപ്പോക്കുന്നവരെ ആശ്വസിപ്പിച്ച് ആങ്ങളയാണ് അമ്മാവനാണ് എന്നൊക്കെ കരുതിയാൽ മതി എന്നും പറഞ്ഞ് മനസ്സിൽ മറ്റുള്ള ചിന്തകളുമായി കൂടെ കൂടി ധൈര്യം കൊടുത്ത് അവസരം കിട്ടിയാൽ വിഷം തുപ്പുന്നവർ. അവരെയാണ് ഏറ്റവും കൂടുതൽ ഭയക്കേണ്ടത്.

അപ്പൊ പറഞ്ഞു വന്നത് നമ്മുടെ നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും അത്രത്തോളമാണ് രാപ്പകലോളം കഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാപ്പാട് പെടുന്ന അവരുടെ ഇടയിലേക്ക് ആണ് കാമ പ്രാന്തും, കപട സദാചാരവും മറ്റുമൊക്കെയായി ചെന്ന് കുറേ നികൃഷ്ട ജന്മങ്ങൾ അവരുടെ ജീവിതത്തെ ഇല്ലായ്മ ചെയ്യാൻ നോക്കുന്നത്. മറ്റുള്ളവരുടെ വാക്കും കേട്ട് അവള് വെടിയാണ് പടക്കമാണ് എന്നൊക്കെ പാടി നടക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട് നാളെ പിറ്റേന്ന് നിങ്ങൾക്കും ഈ അവസ്ഥ വരാം നിങ്ങളുടെ അമ്മയ്ക്കും പെങ്ങൾക്കും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ നേരിടേണ്ടി വരാം അന്നേ നിങ്ങൾക്ക് മനസ്സിലാകൂ ഒറ്റയ്ക്ക് താമസിക്കുമ്പോൾ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടതകൾ. അവരെ തോണ്ടാനും പിടിക്കാനും പോകുന്നത് നിങ്ങളുടെ കൂടെ നടന്നവർ തന്നെയായിരിക്കും. അപ്പൊ മറ്റുള്ളവർ പറയുന്നത് കേട്ട് സ്ത്രീകളുടെ ഭാവി നശിപ്പിക്കാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ ആലോചിച്ചാൽ നന്ന്. ആരോട് പറയാൻ.... ആര് കേൾക്കാൻ അല്ലേ...? ഈ ബോധം ഒക്കെ ഉണ്ടായിരുന്നേൽ ഈ പറയുന്നവർ ഈ പണിക്കൊക്കെ നിൽക്കുമോ.

എന്റെ കാര്യത്തിലേക്ക് വന്നാൽ കപട സദാചാരവുമായി എന്റെ കണ്മുന്നിൽ നിന്ന് ഏതേലും സ്ത്രീകളോട് ഇമ്മാതിരി സംസാരങ്ങളും പ്രവർത്തികളുമായി ആരെങ്കിലും വന്നാൽ കൈയ്യിൽ കിട്ടുന്നത് എന്താണോ അത് വെച്ച് നല്ല തല്ല് തല്ലും ഇങ്ങോട്ട് നാലെണ്ണം കിട്ടിയാലും കഴിയുന്നത് പോലെ പൊട്ടിച്ചിരിക്കും കാരണം എനിക്കുമുണ്ട് കുടുംബത്തിലും പരിചയത്തിലുമൊക്കെ ജീവിതത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടു പോയ കുറേ സ്ത്രീ ജന്മങ്ങൾ. അവരുടെ വിഷമങ്ങളും കഷ്ടപ്പാടുകളും എനിക്ക് നന്നായിട്ട് അറിയാം.

അന്ന്യനാട്ടിൽ ജോലി ചെയ്യുന്നവന്റെ ഭാര്യമാരും, ഭർത്താവ് മരണപ്പെട്ടതും, ഉപേക്ഷിച്ചതുമായവരും, എല്ലാവരോടും ഓപ്പൺ ആയി ചിരിച്ചു കളിച്ച് സംസാരിച്ചു നടക്കുന്ന പെൺകുട്ടികളും, അവരവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നവരും ഒക്കെ പോക്ക് കേസുകൾ ആണെന്ന ചിന്ത മനസ്സിലുണ്ടേൽ അതൊക്കെ അങ്ങ് കളഞ്ഞേക്കൂ അവരൊക്കെ ഏതേലും ഒരുത്തന്റെ കൂടെ കിടക്ക പങ്കിടാൻ വെമ്പി നടക്കുന്നവർ ആണെന്ന ചിന്തയൊക്കെ മനസ്സിൽ ഉണ്ടേൽ അതൊക്കെ ഉപേക്ഷിച്ചേക്കൂ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ കാണുമ്പോൾ നിന്റെയൊക്കെ ഇറച്ചി കഷ്ണത്തിന് വരുന്ന തരിപ്പ് മാറ്റാൻ അവരുടെ അടുത്തേക്ക് ചെന്നാൽ അവരുടെ പ്രതികരണം നിന്നെയൊക്കെ ഭസ്മമാക്കാൻ പോന്ന തരത്തിൽ ആയിരിക്കും. അതല്ല മേൽപ്പറഞ്ഞത് പോലെ സമൂഹത്തെ പേടിച്ചു കഴിയുന്നവർ ആണേൽ കുടുംബത്തിൽ ഇല്ലേൽപ്പോലും എവിടേലും അവർക്ക് ഒരു സഹോദരനോ, മകനോ, കൂട്ടുകാരനോ ഉണ്ടാവും ഇരുട്ടത്തോ വെളിച്ചത്തോ അവൻ തരുന്ന പ്രഹരം ഈ പറഞ്ഞ കപട സദാചാര നാറികളും കാമപ്രാന്തന്മാരും താങ്ങില്ല.

സ്ത്രീകൾക്ക് അതിര് കൽപ്പിക്കാൻ ഒന്നും ആരേയും ഇവിടെ ആരും നിയമിച്ചിട്ടില്ല പുരുഷന് ഉള്ള എല്ലാ സ്വാതന്ത്ര്യങ്ങളും സ്ത്രീയ്ക്കുമുണ്ട്. അതിന് കടിഞ്ഞാണിടാനും മറ്റുമൊന്നും ആരും വളർന്നിട്ടില്ല.

അവരെ ജീവിക്കാൻ അനുവദിക്കൂ മറ്റെല്ലാവരേയും പോലെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ആസ്വദിച്ച് അവരും ജീവിക്കട്ടെ..... ഒറ്റയ്ക്ക് ആയിപ്പോയെന്ന് വെച്ച് അവരുടെ ജീവിതത്തിലേക്ക് ഒളിക്കണ്ണുകളും ക്യാമറകളുമായി ചെല്ലാതിരിക്കൂ.... എന്നെപ്പോലുള്ള കുറച്ച് സഹോദരന്മാരും, കൂട്ടുകാരും, മക്കളും ഒക്കെ അവർക്ക് ഈ നാട്ടിൽ ഉണ്ട് നമ്മുടെ അമ്മമാർക്കും, സഹോദരിമാർക്കും, കൂട്ടുകാരികൾക്കുമൊക്കെ ഇത്തരത്തിൽ എന്തേലും മോശം അനുഭവം ഉണ്ടായാൽ സോഷ്യൽ മീഡിയയിൽ അപലപിച്ചു കൊണ്ടുള്ള രണ്ട് വാക്ക് സംസാരിച്ച് ചുമ്മാ കൈയ്യും കെട്ടി നോക്കി ഇരിക്കും എന്ന് ആരും കരുതരുത്. പ്രതികരണം നിങ്ങൾ ഒക്കെ ഉദ്ദേശിക്കുന്നതിലും അപ്പുറമായിരിക്കും എന്നേ പറയാനുള്ളൂ.

വിശന്ന് കരയുമ്പോൾ വിശപ്പകറ്റാൻ വേണ്ടി ഒരു മനുഷ്യന് ആദ്യമായ് കിട്ടുന്നത് മുലപ്പാലാണ്.... അതിന്റെ മാധുര്യം തന്നെയാണ് സ്ത്രീയ്ക്കും. ഒരു കുഞ്ഞ് ആദ്യമായ് അതിന്റെ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ കുഞ്ഞിൽ ഉണ്ടാവുന്ന സന്തോഷവും,ബഹുമാനവും,ആരാധനയും,അത്ഭുതവും,സ്നേഹവും ഒക്കെത്തന്നെയാണ് സ്ത്രീകളോട് എല്ലാവർക്കും ഉണ്ടാവേണ്ടതും. സ്ത്രീകൾ വിസ്മയം തന്നെയാണ്. അമ്മ എന്ന വാക്കിന്റെ വില അറിയുന്നവന് സ്ത്രീ എന്താണ് എന്ന ബോധവും ഉണ്ടാവും.

അപ്പൊ വെറും ഡാഷ് ആയ സോസൈറ്റിക്ക് (ഈ പറഞ്ഞ ഗണത്തിൽ ഉള്ളവരെ മാത്രം ഉദ്ദേശിച്ചു കൊണ്ട്) നടുവിരൽ നമസ്കാരം.

-വൈശാഖ്.കെ.എം
സോസൈറ്റി ഒരു ഡാഷ് ആണ് സോസൈറ്റി ഒരു ഡാഷ് ആണ് Reviewed by on 14:10 Rating: 5

2 comments:

Powered by Blogger.